Current Date

Search
Close this search box.
Search
Close this search box.

സിദ്ധാന്തവും പ്രായോഗികതയും തമ്മില്‍ വലിയ അന്തരമുണ്ട്

rachid-ghannouchi.jpg

തുനീഷ്യയിലെ ഇസ്‌ലാമിക പ്രസ്ഥാനം കേവലം പ്രതിപക്ഷം എന്ന അവസ്ഥയില്‍ നിന്ന് മുന്നോട്ട് പോയിരിക്കുന്നു. നാടുകടത്തപ്പെട്ടവരും തടവില്‍ കഴിഞ്ഞിരുന്നവരുമായിരുന്നവര്‍ അധികാരകേന്ദ്രങ്ങളിലാണിന്ന്. രണ്ട് വര്‍ഷം പിന്നിടുന്ന ‘അന്നഹ്ദ’യുടെ തുടക്കം മുതല്‍ നിലവിലെത്തിയിരിക്കുന്ന അവസ്ഥയില്‍ വരെ വേറിട്ട ചരിത്രം തന്നെയാണ്. ‘അല്‍-മുജ്തമഅ്’ വാരികക്ക് നല്‍കിയ പ്രത്യേകാഭിമുഖത്തില്‍ അത്തരം രാഷ്ട്രീയാനുഭവങ്ങള്‍ വിശദീകരിക്കുകയാണ് ‘അന്നഹ്ദ’യുടെ അധ്യക്ഷന്‍ ശൈഖ് റാശിദ് അല്‍-ഗന്നൂശി.

? ജയിലറകളില്‍ നിന്നും പാലായനം ചെയ്ത നാടുകളില്‍ നിന്നും അധികാരത്തിലെത്തിയ ‘അന്നഹ്ദ’യുടെ മുന്നേറ്റം തികച്ചും വേറിട്ടതും അസാധാരണവുമായ ഒന്നാണ്. എങ്ങനെയായിരുന്നു അത്?
– അസാധാരണവും വേറിട്ടതുമായ മുന്നേറ്റം, കാരണം ഒന്നുമില്ലായ്മയില്‍ നിന്ന് വിജയത്തിലേക്കും അധികാരത്തിലേക്കുമുള്ള മാറ്റമായിരുന്നു അത്. അല്ലാഹുവിന്റെ മഹത്തായ ഔദാര്യമാണ് അത്. രക്തസാക്ഷികളുടെ രക്തത്തിന്റെയും തടവില്‍ കഴിയുന്നവരുടെയും നാടുകടത്തപ്പെട്ടവരുടെയും പ്രാര്‍ഥനയുടെയും നിരവധി ഉമ്മമാരുടെയും ഉപ്പമാരുടെയും സദ്‌വൃത്തരുടെയും കണ്ണുനീരിന്റെയും ഫലം കൂടിയാണത്. ശക്തിയുടെ ത്രാസ് എപ്പോഴും തിന്മയുടെ വശത്തേക്കാണ് ചാഞ്ഞിരുന്നത്, അപ്പോഴെല്ലാം സ്ഥൈര്യവും ക്ഷമയും അവലംബിച്ചതിന്റെ നേട്ടമാണത്. എല്ലാ അനുഗ്രഹങ്ങള്‍ക്കും ഔദാര്യത്തിനും അല്ലാഹുവിന് സ്തുതി…  ത്രാസുകളെ മാറ്റി മറിച്ച ഈ മഹത്തായ വിപ്ലവം അരങ്ങേറിയില്ലായിരുന്നെങ്ങില്‍ ഈ മുന്നേറ്റവും ഉണ്ടാകുമായിരുന്നില്ല. ത്രാസുകള്‍ അതിന്റെ അവകാശികളിലേക്ക് എത്തിയിരിക്കുന്നു എന്ന് നമുക്കിപ്പോള്‍ പറയാം. സത്യം അതിജയിച്ചിരിക്കുന്നു എന്ന് പറയുന്നതാണ് ശരി. അരനൂറ്റാണ്ടിലധികം കാലം അസത്യത്തിനായിരുന്നു മേല്‍ക്കൈ. എന്നാല്‍ അതൊരിക്കലും സത്യത്തിലേക്ക് മാറിയില്ല. എല്ലാ സജ്ജീകരണങ്ങളുമുണ്ടായിട്ടും അസത്യം പരാജയപ്പെട്ടു എന്നതാണ് വിപ്ലവമുണ്ടായി എന്നതിന്റെ അര്‍ഥം. ജനഹൃദയങ്ങളിലെത്താന്‍ അതിന് സാധിച്ചില്ല. കാരണം, കാരുണ്യവാനായ അല്ലാഹുവിന്റെ വിരലുകള്‍ക്കിടയിലാണ് ഹൃദയങ്ങളുടെ സ്ഥാനം. അധികാരവും സമ്പത്തും മാധ്യമങ്ങളെയും മറ്റ് ഭീഷണിയുടെ ആയുധങ്ങളെയും ഉടമപ്പെടുത്തിയിരിക്കുന്നവരുടെ കയ്യിലല്ല ഹൃദയങ്ങള്‍. ഞങ്ങളുടെ ജനത സ്ഥൈര്യം കൈവരിച്ചിരിക്കുന്നു. സത്യത്തെയും അസത്യത്തെയും വേര്‍തിരിക്കുന്ന ത്രാസുകള്‍ അവരിലുണ്ട്. നന്മയെയും തിന്മയെയും ഹലാല്‍-ഹറാമുകളെയും അവര്‍ക്ക് തിരിച്ചറിയാം. മാനദണ്ഡങ്ങളും അടിസ്ഥാനങ്ങളുമില്ലാത്ത മറ്റ് ജനവിഭാഗങ്ങളെ കബളിപ്പിക്കുന്നത് പോലെ ഇനിയൊരിക്കലും അവരെ കബളിപ്പിക്കാനാവില്ല. മാധ്യമങ്ങളും വലിയ സ്വാധീനമാണ് ജനതയിലുണ്ടാക്കുന്നത്. അധര്‍മത്തിന് ദാസ്യവേല ചെയ്തിരുന്ന മാധ്യമങ്ങള്‍ അതിന്റെ എതിരാളികള്‍ക്കെതിരെ രാപകല്‍ ഭേദമന്യേ അക്രമണഴിച്ചു വിട്ടിരുന്നു. ഒരു ഘട്ടത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ വരെ ‘പൈശാചിക’ വല്‍കരിക്കുന്നതിലത് വിജയിച്ചു. ഇത്തരം അവസ്ഥകളെല്ലാം നിലനില്‍ക്കെ തന്നെ ജനങ്ങള്‍ക്ക് ആദ്യമായി സ്വയം നിര്‍ണ്ണായാവകാശം ലഭിച്ചപ്പോള്‍ തന്നെ അവര്‍ യാതൊരു സംശയവും കൂടാതെ ഇസ്‌ലാമിക പ്രസ്ഥാനത്തെ തെരെഞ്ഞെടുത്തു.

? ഇസ്‌ലാമിക പ്രസ്ഥാനത്തിന് അധികാരം ലഭിച്ചതിന് ശേഷമുള്ള ഈ കുറഞ്ഞ കാലയളവിനെകുറിച്ച്  ചുരുങ്ങിയ വിവരണം നല്‍കാന്‍ സാധിക്കുമോ?
– സിദ്ധാന്തവും പ്രായോഗികതയും തമ്മില്‍ വലിയ അന്തരമുണ്ട്. നാം എത്ര കഠിന ശ്രമം നടത്തിയാലും നമ്മുടെ കണ്ണും കയ്യുമെത്താത്ത വിടവുകള്‍ അവശേഷിക്കും. യാഥാര്‍ഥ്യങ്ങള്‍ ആവശ്യപ്പെടുന്നത് അതാണ്. യാഥാര്‍ഥ്യം കൂടുതല്‍ പരുക്കനാണ്. നാം പ്രതീക്ഷിച്ച മാറ്റങ്ങള്‍ വലിയ പ്രയാസവുമാണ്. നാം പ്രതീക്ഷിച്ചതിലും വലിയ പ്രതിസന്ധികളാണ് തരണം ചെയ്യാനുള്ളത്.

? തുനീഷ്യയിലെ പ്രതിവിപ്ലവത്തിന്റെ അവസ്ഥ എന്താണ്?
– ചെറുതല്ലാത്ത ശക്തി പ്രതിവിപ്ലവത്തിനുണ്ട്. സമൂഹത്തിലെ വ്യത്യസ്ത സ്ഥാപനങ്ങളിലും ജനമനസ്സുകളില്‍ പോലുമത് വ്യാപകമാണ്്. മാധ്യമങ്ങളും സമ്പത്തും അധികാരവും അതിന്റെ ശക്തികളിലുമെല്ലാം അവരുടെ സ്വാധീനമുണ്ട്. വിപ്ലവത്തിലൂടെയുണ്ടായ മാറ്റത്തിന്റെ പദ്ധതികള്‍ക്ക് തുരങ്കം വെക്കാനും അതിന്റെ വിജയത്തെ ഇല്ലാതാക്കാനുമാണത് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

? പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന തുനീഷ്യന്‍ ജനതയുടെ സ്വപ്‌നമായിരുന്നു ഭരണഘടന നടപ്പാക്കുകയെന്നത്. പുതിയ ഭരണഘടനയെകുറിച്ച് എന്ത് പറയുന്നു?
– പൈതൃകത്തെയും ആധുനികതയെയും വിളക്കി ചേര്‍ത്തുകൊണ്ടുള്ള ഒരു ജനാധിപത്യ ഭരണഘടനക്കായി തുനീഷ്യന്‍ ജനതയുടെ ശ്രമത്തിന് നൂറുവര്‍ഷത്തിലധികം പ്രായമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഞങ്ങളുടെ ജനതയുടെയും സമൂഹത്തിന്റെയും മുഖ്യ പരിഷ്‌കരണ പദ്ധതിയുമായിരുന്നു അത്. എന്നാല്‍ അതിനെ ഇല്ലാതാക്കുന്നതിനായി അധിനിവേശം വന്നു. അതിന് പകരം അവര്‍ കൊണ്ടുവന്നത് സമൂഹം ഇസ്‌ലാമിന്റെ പേരില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാതിരിക്കാനുള്ള പദ്ധതിയായിരുന്നു. ഇസ്‌ലാമിന്റെ മൃതശരീരത്തിന് മുകളിലായിരുന്നു ആ പദ്ധതി. ഇസ്‌ലാമിനെ ഞെരുക്കുകയും അതിന്റെ ക്രിയാത്മകതയെ തളര്‍ത്തുകയും ചെയ്യുന്ന പദ്ധതിക്കെതിരെയാണ് വിപ്ലവം തുടക്കം കുറിച്ചത്. അധിനിവേശ പദ്ധതി രാഷ്ട്രീയവും സാമ്പത്തികവുമായ വളര്‍ച്ചയില്‍ തികഞ്ഞ പരാജയമായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും അതില്ലാതാക്കി.

? തുനീഷ്യ വിപ്ലവത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിച്ചിരിക്കുന്നു. ഇതുവരെ എന്തൊക്കെ നേട്ടങ്ങളാണ് അതുണ്ടാക്കിയിട്ടുള്ളത്?
മനുഷ്യന്റെ അസ്ഥിത്വം തന്നെ നിലനില്‍ക്കുന്ന അടിസ്ഥാനം സ്വാതന്ത്ര്യമാണ്. എല്ലാം അനുസരിക്കുന്ന മലക്കുകളെ പോലെയോ ധിക്കരിക്കുന്ന പിശാചിനെ പോലെയോ അല്ല മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. അവ രണ്ടിനുമിടക്കാണ് മനുഷ്യന്‍. മനുഷ്യന് നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം സാക്ഷാല്‍രിക്കുകയെന്നതാണ് ഏറ്റവും പ്രധാനം. അതിന് മറ്റൊന്നും പകരമാക്കാനാവില്ല. തുനീഷ്യന്‍ വിപ്ലവം ഉണ്ടാക്കിയ ചരിത്ര നേട്ടം സ്വാതന്ത്യം സാക്ഷാല്‍കരിച്ചു എന്നുള്ളതാണ്. അതിലൂടെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് അധികാരത്തിലെത്താനും സാധിച്ചു. ചരിത്രത്തില്‍ മുമ്പെങ്ങും അനുഭവിച്ചിട്ടില്ലാത്ത സ്വാതന്ത്ര്യമാണ് ഇന്ന് തുനീഷ്യന്‍ ജനത അനുഭവിക്കുന്നത്. അഭിപ്രായ പ്രകടനങ്ങള്‍ക്ക് ഇന്നവിടെ തടവറയില്ല. ഒരു രാഷ്ട്രീയ സംഘടനക്കും അവിടെ വിലക്കേര്‍പ്പെടുത്തിയിട്ടുമില്ല. യാതൊരു പത്രത്തിന്റെയും പ്രസിദ്ധീകരണത്തെ അത് തടഞ്ഞിട്ടുമില്ല. എന്നാല്‍ പ്രതിസന്ധികളും പരിചയക്കുറവുണ്ടാക്കുന്ന പ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ടെന്ന് ശരിയാണ്. രാഷ്ട്രീയ ഭൂമികയിലും നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രദേശത്തിന് മുന്‍പരിചയമില്ലാത്ത ഭരണകൂടമാണവിടെ നിലനില്‍ക്കുന്നത്. വികസനത്തിന്റെ തോത് ഉയര്‍ന്നിട്ടുണ്ട്. അധികാരം ഏല്‍ക്കുമ്പോള്‍ 2% ആയിരുന്ന വികസനത്തിന്റെ ഗ്രാഫ് 3.5% ത്തിലേക്ക് ഉയര്‍ന്നു. ലക്ഷകണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. തെരെഞ്ഞുപ്പ് പ്രചരണത്തില്‍ ജനതക്ക് നല്‍കിയ വാഗ്ദാനമായിരുന്നു അത്, അല്ലാഹുവിന്റെ സഹായത്താല്‍ ഞങ്ങള്‍ക്കതിന് സാധിച്ചു. ദിവസ വേതനം 70 തുനീഷ്യന്‍ ദീനാറായി ഉയര്‍ന്നു. തുനീഷ്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത ഒന്നായിരുന്നു അത്. സാമൂഹിക കാര്യങ്ങള്‍ക്കായി കൂടുതല്‍ തുക വിലയിരുത്തി. നാല് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സഹായം നല്‍കി. കൂടുതല്‍ വ്യവസായ മേഖലകള്‍ സൃഷ്ടിച്ചു. തുനീഷ്യയിലെ കോളേജുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. പഠനം പൂര്‍ത്തീയാക്കുന്ന വിദ്യാര്‍ഥികളുടെയും ഡോക്ടറേറ്റ് എടുക്കുന്നവരുടെയും എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടായി. ഞങ്ങളുടെ എല്ലാ പ്രതീക്ഷകളും സാക്ഷാല്‍കരിച്ചു എന്ന് ഞങ്ങള്‍ അര്‍ഥമാക്കുന്നില്ല. ഇപ്പോള്‍ നടപ്പാക്കിയതിനേക്കാള്‍ കൂടുതല്‍ ഇനിയും നടപ്പാക്കാനുണ്ടെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ.

? 80 ശതമാനം പ്രതിസന്ധിക്കും കാരണം ഭരണ നിര്‍വഹണത്തിലെ അപാകതയാണെന്ന്് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ നഷ്ടത്തില്‍ മുന്നോട്ട് പോകാതിരിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?
– അതിക്രമകാരികള്‍ പോലീസുമായി നേരിട്ട് ഏറ്റുമുട്ടുന്നത് ഒഴിവാക്കേണ്ടത് രാഷ്ട്രീയ സാമൂഹിക ശക്തികളുടെ ദൗത്യമാണ്. എല്ലാ കാര്യങ്ങളും സുരക്ഷാ വിഭാഗത്തിന് വിടുന്നതിന് പകരം അതേറ്റെടുക്കുന്ന രാഷ്ട്രീയ സംവിധാനങ്ങളും മാധ്യമങ്ങളും ഉണ്ടാവുകയാണ് വേണ്ടത്.

? മാധ്യമങ്ങളെകുറിച്ച് പറയുമ്പോള്‍ ചിലര്‍ പറയാറുണ്ട് തങ്ങളുടെ അധീനതയിലുള്ള മാധ്യമങ്ങളാണ് വേണ്ടതെന്ന് ചിലര്‍ പറയാറുണ്ട്. എന്താണ് നിങ്ങളുടെ അഭിപ്രായം?
– എല്ലാ വിഭാഗങ്ങള്‍ക്കും ഇടമുള്ള മാധ്യമാണ് ഞങ്ങളുദ്ദേശിക്കുന്നത്. എല്ലാവരില്‍ നിന്നുമുള്ള സത്യസന്ധവും വിശ്വസ്തവുമായ കാര്യങ്ങള്‍ക്ക് അതില്‍ ഇടമുണ്ടായിരിക്കണം.
? തുനീഷ്യയില്‍ കഴിഞ്ഞ കാലത്തില്‍ നിന്ന് ഭിന്നമായി എന്താണുള്ളത് ? ചില മാധ്യങ്ങള്‍ നടത്തിയ താരതമ്യത്തെകുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം?
– തികച്ചും പക്ഷപാതമായും തെറ്റായിട്ടുമുള്ള താരതമ്യമാണത്. ഒരു വിപ്ലവം നടന്നുവെന്നതിനെ അവര്‍ മറക്കുകയാണ്. അതിന്റെ ഫലങ്ങളെ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. മുമ്പ് ജനത അനുഭവിച്ചിരുന്ന അടിച്ചമര്‍ത്തലിനെയും ഇന്നത്തെ സ്വാതന്ത്ര്യത്തെയും പരസ്പരം താരതമ്യപ്പെടുത്തല്‍ തന്നെ യുക്തമല്ല.
? ഭരണകൂടത്തില്‍ പങ്കാളികളാകുന്നതില്‍ നിന്ന് ചിലരെ തടയുന്നതിന് പിന്നില്‍ വിദേശ കക്ഷികള്‍ക്ക് പങ്കുണ്ടോ?
– ഞങ്ങള്‍ അതിനെ കുറിച്ച് അറിഞ്ഞിട്ടില്ല.
? മുന്‍ ഭരണത്തിന്റെ അനുകൂലികളെ സംഘടിപ്പിക്കുന്നയാള്‍ എന്ന ആരോപണ വിധേയനായ ബാജി ഖായിദ് സിബ്‌സിയുടെ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തുന്നതിന് എന്തെങ്കിലും ഉപാധികള്‍ വെക്കുമോ?
– സിബ്‌സി അയാളുടെ കഴിഞ്ഞ ഭരണത്തിന്റെ പ്രതീകമെന്നതില്‍ നിന്ന്് ഒഴിവായാല്‍ പോലും അദ്ദേഹവുമായി ഒരു ചര്‍ച്ച ഇപ്പോള്‍ പ്രസ്ഥാനത്തിന്റെ അജണ്ടയിലില്ല.
? വിപ്ലവത്തെ സംരക്ഷിക്കുന്നതിനായി എന്തെങ്കിലും നിയമം ഉണ്ടാക്കുന്നുണ്ടോ? രാഷ്ട്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരന്ന് കിടക്കുന്ന മുന്‍ ഭരണത്തിന്റെ അനുകൂലികളുടെ തിരിച്ച് വരവിനുള്ള സാധ്യത ഇല്ലാതാക്കാന്‍ അതിലൂടെയല്ലാതെ സാധിക്കുകയില്ലെന്ന് ധാരാളം ആളുകള്‍ അഭിപ്രായപ്പെടുന്ന സന്ദര്‍ഭത്തില്‍ അതിനെ കുറിച്ച് എന്ത് പറയുന്നു?
– ഭരണഘടന സമിതിയെകുറിച്ച് ചര്‍ച്ച നടത്തുന്നതിനുള്ള ഒരു പദ്ധതിയുണ്ട്. എന്നാല്‍ അതിനുള്ള ഒരുക്കങ്ങള്‍ എന്ന് പൂര്‍ത്തീയാകുമെന്ന് പറയാനായിട്ടില്ല.
? തെരെഞ്ഞെടുപ്പ് കമ്മറ്റിയെ തന്നെ രൂപീകരിക്കാത്ത ഈ സാഹചര്യത്തില്‍ തെരെഞ്ഞെടുപ്പ് എന്ന് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്?
– അടുത്ത ഉഷ്ണ കാലത്ത് തെരെഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
? നിലവിലെ ആഭ്യന്തര സ്ഥിതി മുസ്‌ലിം ലോകത്തിന്റെ വിഷയങ്ങളില്‍ ഇടപെടുന്നതില്‍ തടസ്സമാകുന്നുണ്ടോ? അവയില്‍ ഏറ്റവും പ്രധാനമാണല്ലോ ഫലസ്തീന്‍?
– തുനീഷ്യയിലെ അവസ്ഥകള്‍ ഞങ്ങളെ എത്ര വ്യാപൃതരാക്കിയാലും ഫലസ്തീന്‍ ഞങ്ങളുടെ മുഖ്യവിഷയം തന്നെയാണ്.
?– സറയിവോയില്‍ തുനീഷ്യയുടെ എംബസി തുറക്കുമോ?
-സറയിവോയിലും പ്രിസ്റ്റിനയിലും തുനീഷ്യന്‍ എംബസി തുറക്കുന്നതിന് പ്രത്യേക ഈന്നല്‍ നല്‍കും.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles