Current Date

Search
Close this search box.
Search
Close this search box.

സമുദായത്തിന്റെ കെട്ടുറപ്പിന് വ്യക്തിതാല്‍പര്യങ്ങള്‍ മാറ്റിവെക്കുക

muhammed-mikhtar-mahdi.jpg

ഇസ്‌ലാമിക സമൂഹങ്ങള്‍ അനൈക്യവും ചിദ്രതയും നേരിടുന്ന പശ്ചാത്തലത്തില്‍  അല്‍ അസ്ഹറിലെ ഇസ്‌ലാമിക് സ്റ്റഡീസ് പ്രൊഫസറും ഇസ്‌ലാമിക് റിസര്‍ച്ച് അക്കാദമി മെമ്പറുമായ മുഹമ്മദ് മുഖ്താര്‍ മഹ്ദിയുമായി അല്‍-വഅ്‌യുല്‍ ഇസ്‌ലാമി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗം.

* സ്വരച്ചേര്‍ച്ച നഷ്ടപ്പെട്ട അറബ് ഇസ്‌ലാമിക സമൂഹത്തിലാണല്ലോ നാം ജീവിക്കുന്നത്. നിലവിലെ മുസ്‌ലിംകളുടെ അവസ്ഥയെ താങ്കളെങ്ങനെയാണ് വിലയിരുത്തുന്നത്?
– ഭിന്നിപ്പും ഒട്ടനവധി വിയോജിപ്പുകലും കാരണം പ്രയാസപ്പെടുകയാണ് ഇസ്‌ലാമിക സമൂഹം. തങ്ങളുടെ പദ്ധതികള്‍ നടപ്പാക്കാന്‍ നമ്മുടെ ശത്രുക്കള്‍ ഇത് വളരെയധികം ഉപയോഗപ്പെടുത്തുന്നുമുണ്ട്. അവയെല്ലാം സമുദായത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. സമുദായം അല്ലാഹുവിന്റെ നിര്‍ദേശങ്ങളെ കുറിച്ച് അശ്രദ്ധരായിരിക്കുന്നു എന്നതാണ് ദുഖകരം. ഇസ്‌ലാമിക സമൂഹത്തിന്റെ യഥാര്‍ത്ഥ ശത്രുക്കള്‍ ആരാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. ‘വിശ്വാസികളോട് ഏറ്റവും വിരോധമുള്ളവര്‍ ജൂതന്മാരും ബഹുദൈവ വിശ്വാസികളുമാണെന്നു നിനക്കു കാണാം.’ (അല്‍-മാഇദ : 82) ഈ ശത്രുത നിലനില്‍ക്കുന്നതാണെന്നും ഖുര്‍ആനിന്റെ പ്രയോഗത്തില്‍ നിന്നും മനസ്സിലാക്കാം.

ഒരു ലക്ഷ്യത്തിന് വേണ്ടി മുസ്‌ലിംകള്‍ ഒന്നിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതിനാണ് ജൂതന്‍മാരുടെ ശത്രുത അല്ലാഹു എടുത്തു പറഞ്ഞിരിക്കുന്നത്. എല്ലാവരോടും സഹകരിക്കുക എന്നതിന്റെ അടിസ്ഥാനത്തില്‍ അറബികള്‍ ഇത് നഷ്ടപ്പെടുത്തിയിരിക്കുന്നു. യഥാര്‍ത്ഥ ശത്രുവിനെ കുറിച്ച് അശ്രദ്ധരായ അവരുടെ ഏറ്റവും വലിയ ശത്രു ഇസ്‌ലാമാണ്. യൂറോപ്പില്‍ ഇസ്‌ലാമോഫോബിയ വളരെയധികം ശക്തിയില്‍ വളരുന്നതും നാം കാണേണ്ടി വരുന്നു. യൂറോപിലും വളരെ വ്യാപകമായി അത് പ്രചരിക്കുന്നു.

നമ്മുടെ ശക്തി വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് ഇസ്‌ലാമിക സമൂഹത്തെ സംബന്ധിച്ച് വളരെ അനിവാര്യമാണ്. യൂഫ്രട്ടീസിനും ടൈഗ്രീസിനും ഇടയിലെ നമ്മുടെ മണ്ണില്‍ ഇസ്രയേല്‍ നടത്തുന്ന കുതന്ത്രങ്ങളെ നാം തിരിച്ചറിയേണ്ടതുണ്ട്. തങ്ങളുടെ ശക്തി ശിഥിലമാക്കുന്ന എല്ലാ കാര്യങ്ങളും മുസ്‌ലിംകള്‍ കൈവെടിയണം. നമ്മുടെ നാഗരികതയെ ഉയര്‍ത്തി പിടിച്ച് ഉത്തമ സമൂഹമായി ലോകത്തിന് മുന്നില്‍ എഴുന്നേറ്റ് നില്‍ക്കാനും അതിലൂടെ സാധിക്കേണ്ടതുണ്ട്.

* അന്ധകാരത്തില്‍ കഴിഞ്ഞ കാലത്തിന്റെ നാം ഇപ്പോള്‍ മടങ്ങുകയാണെന്ന്  നിങ്ങള്‍ക്ക് അഭിപ്രായമുണ്ടോ?
– ഇസ്‌ലാമോഫോബിയയുടെ ഭാഗമായിട്ടുള്ള ഒരു പ്രചാരണമാണിത്. നമ്മുടെ ശത്രുക്കള്‍ പറയുന്നത് മധ്യകാല നൂറ്റാണ്ട് അന്ധകാരത്തിലായിരുന്നു എന്നാണ്. എന്നാല്‍ ഇസ്‌ലാമിക ലോകം അതിന്റെ പ്രശോഭിതമായ നാഗരികതയില്‍ കഴിഞ്ഞിരുന്ന കാലമായിരുന്നു അത്. അതുകൊണ്ട് തന്നെ മുസ്‌ലിംകളുടെ പുരോഗതിയുമായി തട്ടിച്ചു നോക്കിയപ്പോള്‍ യൂറോപ്പ് അന്ധകാരത്തിലാണെന്ന് അവര്‍ക്ക് പറയേണ്ടി വന്നു. ആ പഴയ കാലത്തെ നാം വീണ്ടെടുക്കുകയാണെങ്കില്‍ എല്ലാവരെയും അത് പ്രകാശത്തിലാക്കുക തന്നെ ചെയ്യും.

* ഇസ്‌ലാം ഒരു സാമുദായിക മതമാണോ അല്ലെങ്കില്‍ ഒരു രാഷ്ട്രീയ ദര്‍ശനമാണോ എന്നതില്‍ തര്‍ക്കം നടക്കുന്നുണ്ട്. നിങ്ങളുടെ കാഴ്ച്ചപ്പാടില്‍ അവ രണ്ടിനുമിടയിലെ വ്യത്യാസം എന്താണ്?
– പൈശാചികമായ തെറ്റിധാരണയുടെ ഭാഗമാണ് ഇത്തരം തര്‍ക്കം. ദൈവവും മനുഷ്യനും തമ്മിലും കേവല ഇടപാടായിട്ടാണ് പാശ്ചാത്യര്‍ തങ്ങളുടെ മതത്തെ കാണുന്നത്. സമൂഹവും ചുറ്റുപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അവരുടെ മതത്തില്‍ ഒരിടവും ഉണ്ടായിരുന്നില്ല. എന്നാല്‍ അതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇസ്‌ലാം. ജീവിതത്തിന്റെ സമസ്ത മേഖലകളിലും അത് വ്യവസ്ഥകളും പരിധികളും നിശ്ചയിച്ചിട്ടുണ്ട്. പ്രവാചകന്റെയും സഹാബത്തിന്റെയും കാലത്ത് അതിന്റെ പ്രായോഗിക രൂപം ലോകത്തിന് കാണിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്.

തിയോക്രസിയെ കുറിച്ച് പാശ്ചാത്യര്‍ വളരെയധികം സംസാരിക്കുന്നത് നമുക്ക് കാണാം. അതില്‍ മതപണ്ഡിതന്‍മാരും പുരോഹിതന്മാരുമാണ് കൈകാര്യ കര്‍ത്താക്കള്‍. ജനങ്ങളെ ശിക്ഷിക്കുന്നതും അവര്‍ക്ക് സ്വര്‍ഗവും നരകവും വിധിക്കുന്നതും പുരോഹിതന്‍മാരായിരുന്നു. എന്നാല്‍ ഇസ്‌ലാമിന്റെ കാര്യത്തില്‍ ഇത് ശരിയല്ല. ഇസ്‌ലാമിക മൂല്യങ്ങളും അടിസ്ഥാനങ്ങളും വിശുദ്ധ ഖുര്‍ആനുമാണ് ഇസ്‌ലാമില്‍ ആധാരം. പാശ്ചാത്യര്‍ ഇസ്‌ലാമിനെയും ക്രിസ്ത്യാനിസത്തെയും കൂട്ടിക്കുഴച്ചാണ് ഇത്തരം ഒരു ചര്‍ച്ചക്ക് തന്നെ കാരണമായിരിക്കുന്നത്. സീസര്‍ക്കുള്ളത് സീസര്‍ക്ക് ദൈവത്തിനുള്ള ദൈവത്തിന് എന്ന് വേര്‍തിരിച്ച് മതത്തെയും രാഷ്ട്രത്തെയും വേര്‍തിരിക്കുകയാണ് ക്രിസ്ത്യാനിസം ചെയ്യുന്നത്.

* ഇസ്‌ലാമിക സമൂഹം ഇത്രത്തോളം ശിഥിലമായതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണ്?
– മുസ്‌ലിംകള്‍ക്കിടയില്‍ ഛിദ്രത വളര്‍ത്തുകയെന്നത് ജൂതന്‍മാരുടെ ലക്ഷ്യത്തില്‍ പെട്ടതാണ്. മനുഷ്യരില്‍ പെട്ട പിശാചുക്കള്‍ ഭൂമിയില്‍ കുഴപ്പങ്ങളുണ്ടാക്കുമെന്ന് വിശുദ്ധ ഖുര്‍ആന്‍ ഒട്ടേറെ സ്ഥലങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ള കാര്യമാണ്. അവര്‍ അവര്‍ മുസ്‌ലിം സമുദായത്തെ തമ്മില്‍ തല്ലിക്കാന്‍ ഉദ്ദേശിക്കുന്നവരാണ്. ഭിന്നിപ്പുകളും വിഭാഗീയതയും ഇളക്കി വിടാനാണ് ജൂതന്‍മാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ശത്രുക്കളുടെ കുതന്ത്രങ്ങളെ കുറിച്ച് നാം ബോധവാന്‍മാരല്ലാത്തതാണ് നിലവിലെ അവസ്ഥയുടെ പ്രധാന കാരണം. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ആദര്‍ശത്തിന്റെ അടിസ്ഥാനത്തിലുള്ള സാഹോദര്യവും സ്‌നേഹവും ഐക്യവും നാം മറക്കുകയും ചെയ്തു.

* മുസ്‌ലിംകള്‍ക്ക് തങ്ങളുടെ നാഗരിക പ്രതാപം വീണ്ടെടുക്കാനുള്ള മാര്‍ഗമെന്താണ്?
– ഒന്നാമതായി മുസ്‌ലിം ഐക്യത്തിന്റെ ആവശ്യകതയെ കുറിച്ച് നാം ബോധവാന്‍മാരാവുകായാണ് വേണ്ടത്. ശക്തിയുടെയും നാഗരികതയുടെയും പുരോഗതിയുടെയും അടിസ്ഥാനമാണത്. അതോടൊപ്പം ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. വ്യക്തികളുടെയും സംഘങ്ങളുടെയും താല്‍പര്യങ്ങള്‍ മാറ്റി വെച്ച് പൊതുതാല്‍പര്യങ്ങള്‍ക്ക് നാം മുന്‍ഗണന നല്‍കണം. നമ്മുടെ മക്കളില്‍ ചെറുപ്പം മുതല്‍ തന്നെ ഇസ്‌ലാമിക അസ്ഥിത്വം ഉണ്ടാക്കിയെടുക്കുകയും ഇസ്‌ലാമിന്റെ പേരില്‍ അഭിമാനം നടിക്കുന്നവരാക്കി മാറ്റുകയും വേണം.

ഈ സമുദായത്തിന് അല്ലാഹു സവിശേഷമായി നിശ്ചയിച്ച മൂല്യങ്ങളെ മുറുകെ പിടിക്കേണ്ടതുണ്ട്. മുമ്പ്  അവ മുറുകെ പിടിച്ച കാലത്താണ് നവോത്ഥാനങ്ങളുണ്ടായത്. ഇസ്‌ലാമോഫോബിയക്കെതിരെയുള്ള സമരവും അതോടൊപ്പം നാം നടത്തേണ്ട ഒന്നാണ്, പ്രത്യേകിച്ചും മുസ്‌ലിം സമുദായത്തിനകത്ത് തന്നെയുള്ള ഇസ്‌ലാമോഫോബിയക്കെതിരെ. വിദ്യാഭ്യാസമില്ലാതെ ഒരു നാഗരികതയും ഉയര്‍ന്നു വന്നിട്ടില്ല.
അതുകൊണ്ടു തന്നെ വിദ്യാഭ്യാസത്തിന് നാം വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആന്റെ ഒന്നാമത്തെ കല്‍പന തന്നെ വായിക്കുക എന്നാണ്.് ‘നാഥാ, എനിക്കു ജ്ഞാനം വര്‍ധിപ്പിച്ചുതരേണമേ, എന്നു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക.’ (താഹ : 114) എന്ന് നബി(സ)യോട് അല്ലാഹു പറഞ്ഞിരിക്കുന്നതും അറിവിന്റെ പ്രാധാന്യമാണ വിളിച്ചോതുന്നത്. പ്രപഞ്ച രഹസ്യങ്ങള്‍ അറിയുന്നതിന് ഖുര്‍ആനിക സൂക്തങ്ങളെ കുറിച്ച് ചിന്തിക്കണമെന്നാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്.

* ഇസ്‌ലാമോഫോബിയയെ കുറിച്ച് നിങ്ങള്‍ സൂചിപ്പിച്ചുവല്ലോ, എന്തൊക്കെ ഘടകങ്ങളാണ് അതിന്റെ വളര്‍ച്ചക്ക് പിന്നില്‍?
– അടിച്ചമര്‍ത്തലിന്റെയും അധിനിവേശത്തിന്റേതുമായ പാശ്ചാത്യ രാഷ്ട്രീയം ഇസ്‌ലാമിന് വിരുദ്ധമാണ്. ശക്തി സംഭരിക്കുന്നതിനെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് കാണുക : ‘അവര്‍ക്കെതിരില്‍ നിങ്ങള്‍ കഴിവിന്‍പടി അധികമധികം ശക്തി സംഭരിക്കുകയും സുസജ്ജമായ കുതിരപ്പടയെ ഒരുക്കിനിര്‍ത്തുകയും ചെയ്യുവിന്‍. അതുവഴി അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുക്കളെ ഭയപ്പെടുത്താം; അവരെക്കൂടാതെ ഇപ്പോള്‍ നിങ്ങള്‍ക്ക് അറിഞ്ഞു കൂടാത്തതും അല്ലാഹുവിന് അറിയുന്നതുമായ മറ്റു ശത്രുക്കളെയും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നത് എന്താവട്ടെ, അതിന്ന് സമ്പൂര്‍ണ പ്രതിഫലം ലഭിക്കുന്നതാകുന്നു. നിങ്ങളോട് ഒരിക്കലും അനീതി ഉണ്ടാവുന്നതല്ല.’ (അല്‍-അന്‍ഫാല്‍ : 60)
ശാസ്ത്രം, സൈനികം, സാമ്പത്തികം തുടങ്ങി ജീവിതത്തിന്റെ സര്‍വ മേഖലകളിലും ശക്തി നേടുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇത്തരത്തില്‍ ശക്തി സംഭരിച്ചു കഴിഞ്ഞാല്‍ മുസ്‌ലിംകളുടെ ഭൂമിക്കും അഭിമാനത്തിനും സമ്പത്തിനും നേരെ കയ്യേറ്റം നടത്താന്‍ ശത്രുക്കള്‍ ധൈര്യപ്പെടില്ല. അതുകൊണ്ട് തന്നെ യുദ്ധം ഉണ്ടാവുകയുമില്ല. മുസ്‌ലിംകളുടെ കയ്യിലെ ശക്തി മറ്റുള്ളവര്‍ക്ക് ഒരിക്കലും ദോഷകരമാവുകയുമില്ല. അല്ലാഹു പറയുന്നു : ‘നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുവിന്‍. എന്നാല്‍ അതിക്രമം പ്രവര്‍ത്തിച്ചുകൂടാ. എന്തെന്നാല്‍ അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.’ (അല്‍-ബഖറ : 190) അതുകൊണ്ടു തന്നെ ഒരു മുസ്‌ലിം വെറുതെയങ്ങ് യുദ്ധത്തിന് തുടക്കം കുറിക്കുകയില്ല. എന്നാല്‍ ശത്രുക്കള്‍ അതിനെ ഭയക്കുന്നു, അതുകൊണ്ടു തന്നെ അവര്‍ നമ്മെ ഭീകരര്‍ എന്നു വിശേഷിപ്പിക്കുകയും ചെയ്യുന്നു. ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നതിന് അവരിത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

* ഉന്നത ഇസ്‌ലാമിക വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ ഇസ്‌ലാമിക പഠനങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് എന്തു പറയുന്നു?
– ഇസ്‌ലാമിക അധ്യാപനങ്ങളുടെ അടിസ്ഥാനം ദിവ്യബോധനവും ബുദ്ധിയുമാണ്. ദിവ്യബോധനത്തിന്റെ സഹായത്തിലല്ലാതെ മനുഷ്യ ബുദ്ധി കൊണ്ട് മാത്രം ഒരാള്‍ക്ക് ജീവിതം നയിക്കാനാവില്ല.

* പാശ്ചാത്യരില്‍ നിന്ന് വിഭിന്നമായി ദീനിനെ മുറുകെ പിടിച്ചതാണ് വൈജ്ഞാനിക രംഗത്ത് മുസ്‌ലിംകള്‍ പിന്നോക്കമായതിന് കാരണമെന്ന് ചിലര്‍ പറയാറുണ്ട്. അതിനോട് എന്താണ് നിങ്ങളുടെ പ്രതികരണം?
– ആദ്യമായി പാശ്ചാത്യര്‍ പുരോഗതി കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് നാം തിരിച്ചറിയണം. ഭൗതികമായ പുരോഗതി മാത്രമാണത്. ശാസ്ത്ര സാങ്കേതിക രംഗത്ത് വളരെയധികം പുരോഗതി പ്രാപിച്ച അവര്‍ ഒട്ടനവധി മാനസിക പ്രയാസങ്ങളും രോഗങ്ങളും കാരണം കഷ്ടപ്പെടുന്നവരാണ്. വളരെയധികം ആത്മഹത്യകള്‍ അവിടെ നടക്കുന്നു. ഭൗതികതക്ക് വലിയ പ്രാധാന്യം നല്‍കിയപ്പോള്‍ അവര്‍ ആത്മാവിനെ മറന്നു പോയിരിക്കുന്നു. എന്നാല്‍ മനുഷ്യന് ഭൗതിക തലത്തോടൊപ്പം തന്നെ ഒരു ആത്മീയ വശം കൂടിയുണ്ട്. ഒരാളുടെ വ്യക്തിത്വത്തിന്റെ സംന്തുലിതത്വം കാത്തു സൂക്ഷിക്കുന്നതിന് അതനിവാര്യമാണ്.

* അധിനിവേശം ഉണ്ടാക്കിയെടുത്ത സംസ്‌കാരത്തിന്റെ പാശ്ചാത്യ വല്‍കരണത്തില്‍ നിന്ന് അറബ് സമൂഹങ്ങള്‍ മോചനം നേടാന്‍ തുടങ്ങിയിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് അഭിപ്രായമുണ്ടോ? അല്ലെങ്കില്‍ നാമിപ്പോഴും അതിന്റെ പിടുത്തത്തില്‍ തന്നെയാണോ?
– ഇസ്‌ലാമിക ലോകം പാശ്ചാത്യ ചിന്തയെ ഇപ്പോഴും അവലംബിക്കുന്നുണ്ട്. ഇംഗ്ലീഷുകാര്‍ ഒരു നാട്ടില്‍ 70 വര്‍ഷം അധിനിവേശം നടത്തിയാല്‍ അതിനെ ശേഷമുള്ള 70 വര്‍ഷം കൂടി അധിനിവേശത്തിന് കീഴിലായിരിക്കും അവരെന്ന് ബ്രിട്ടീഷ് തത്വചിന്തകര്‍ പറഞ്ഞിട്ടുണ്ട്. അതാണ് നാമിന്ന് കാണുന്നത്. അവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നപ്പോള്‍ ഉറപ്പിച്ച ചിന്തകള്‍ പലതും നിലനില്‍ക്കുന്നുണ്ട്. അതിന് പുറമെ പഠനത്തിനായി പാശ്ചാത്യ നാടുകളിലേക്ക് പോകുന്ന നമ്മുടെ വിദ്യാര്‍ഥികളും മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയരായിട്ടാണ് തിരിച്ചു വരുന്നത്. ഇസ്‌ലാം ഭീകരതയുടെയും ബന്ധനങ്ങളുടെയും മതമാണെന്ന ധാരണയാണ് അവരില്‍ ഉണ്ടാക്കിയെടുക്കുന്നത്. പാശ്ചാത്യരെ അനുഗമിക്കുന്നവരായിട്ടാണ് അവര്‍ തിരിച്ചു വരുന്നത്.

* മതപരമായ അഭിസംബോധനകളിലെ വ്യതിചലനങ്ങളെ എങ്ങനെ വിലയിരുത്തുന്നു? എന്താണതിന് കാരണം?
– രണ്ടു തരത്തിലുള്ള വ്യതിചലനമാണ് പ്രധാനമായും ഉള്ളത്. തങ്ങളുടെ അഭിപ്രായത്തോട് കാണിക്കുന്ന പക്ഷപാതിത്വവും കടുംപിടുത്തവുമാണ് ഒന്ന്. തങ്ങള്‍ പിന്തുടരുന്ന രീതികളും അടിസ്ഥാനങ്ങളും സ്വീകരിക്കാന്‍ മറ്റുള്ളവരെയവര്‍ നിര്‍ബന്ധിക്കുന്നു. ഒരു മദ്ഹബ് തന്നെ മുറുകെ പിടിക്കണമെന്ന വാശി അത്തരത്തിലുള്ളതാണ്. ചില നാടുകളിലെല്ലാം ഇത്തരത്തിലുള്ള പക്ഷപാതിത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

മുസ്‌ലിംകളുടെ അടുത്ത് തന്നെയുള്ള ബിദ്അത്തുകളും അനാചാരങ്ങളുമാണ് മറ്റൊരു വിഷയം. ദീനിന്റെ അടിസ്ഥാനമല്ലാത്ത പല കാര്യങ്ങളും കേന്ദ്രീകരിച്ച് തര്‍ക്കങ്ങളും വിയോജിപ്പുകളും നിലനില്‍ക്കുന്നുണ്ട്. പ്രബോധന പ്രവര്‍ത്തനങ്ങളിലും വിശ്വാസം ശക്തിപ്പെടുത്തുന്നതിലും പ്രവാചകന്‍(സ)യുടെ ചര്യയും ഖുര്‍ആന്‍ സൂക്തങ്ങളുടെ വിശദീകരണവുമാണ് നാം പിന്‍പറ്റേണ്ടത്.

വിവ : അഹ്മദ് നസീഫ്‌

Related Articles