Current Date

Search
Close this search box.
Search
Close this search box.

വിപ്ലവലക്ഷ്യങ്ങള്‍ ഞങ്ങള്‍ പൂര്‍ത്തിയാക്കും

ഇന്ത്യാസന്ദര്‍ശനത്തിനു തൊട്ടുമുമ്പ് ഹിന്ദു ലേഖകനായ അതുല്‍ അനീജ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് മുര്‍സിയുമായി നടത്തിയ അഭിമുഖത്തില്‍നിന്നുള്ള പ്രസക്തഭാഗങ്ങള്‍:

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രഥമ ഈജിപ്ഷ്യന്‍ പ്രസിഡന്റ് എന്ന നിലയില്‍ താങ്കളുടെ ആദ്യസന്ദര്‍ശനമാണിത്. ഉഭയകക്ഷിബന്ധങ്ങളുടെ ഭാവിയെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?

ഉത്തരം: ഈ സന്ദര്‍ശനത്തില്‍ എനിക്ക് ഏറെ പ്രതീക്ഷയുണ്ട്. ഈജിപ്തിലെയും ഇന്ത്യയിലെയും ജനതയ്ക്കു സഹസ്രാബ്ദങ്ങള്‍ നീണ്ട സാംസ്‌കാരിക ചരിത്രമുണ്ട്. ഇതു സഹകരണത്തിന്റെ ധാരാളം മേഖലകള്‍ തുറക്കുന്നതാണ്. ഹുസ്‌നി മുബാറക്കിന്റെ ഏകാധിപത്യത്തിനെതിരേ നടന്ന ജനുവരി 25 വിപ്ലവത്തിന്റെ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെട്ട അതിശക്തമായ രാഷ്ട്രീയ ഇച്ഛാശക്തി ഞങ്ങള്‍ക്കുള്ളതിനാല്‍ പ്രത്യേകിച്ചും. വരുംവര്‍ഷങ്ങളില്‍ ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ബന്ധം സുപ്രധാനമായിരിക്കും. ചരിത്രപരമായ വേരുകളുള്ള ഇന്ത്യയുടെ അനുഭവങ്ങള്‍- പ്രത്യേകിച്ചും രാഷ്ട്രീയമായ പരിചയസമ്പന്നത, 1950 മുതലേ ജനാധിപത്യത്തെ സംബന്ധിച്ച അനുഭവങ്ങള്‍- ഇന്ത്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും പരസ്പരനേട്ടം ഉണ്ടാക്കാനുതകുന്ന പങ്കാളിയായി ഇന്ത്യയെ കാണുന്നതിനും എനിക്കു പ്രേരണയാണ്. ഇതാണ് എന്റെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.

ചോ: ഏതെല്ലാമാണ് താല്‍പ്പര്യമുള്ള പ്രത്യേക മേഖലകള്‍? ഐ.ടി, ബഹിരാകാശം, മൈക്രോ ക്രെഡിറ്റ് പോലെ ഇന്ത്യ കരുത്തു തെളിയിച്ച മേഖലകളുമായി സഹകരണത്തെക്കുറിച്ചു ചിന്തിക്കുന്നുണേ്ടാ; ഇരുരാജ്യങ്ങളിലുമുള്ള പരസ്പര നിക്ഷേപങ്ങള്‍ ആലോചനയിലുണേ്ടാ?

ഉ: തീര്‍ച്ചയായും. താങ്കള്‍ സൂചിപ്പിച്ചതുപോലെ ഐ.ടി, വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യനിര്‍മാര്‍ജനം, ചെറുകിട വ്യവസായങ്ങള്‍, ഇലക്ട്രോണിക്‌സ് വ്യവസായങ്ങള്‍ എന്നിവയിലെല്ലാമുള്ള വിജയകരമായ ഇന്ത്യന്‍ അനുഭവങ്ങളെക്കുറിച്ചു ഞാന്‍ പൂര്‍ണ ബോധവാനാണ്. ഫലപ്രാപ്തിയിലെത്തുംവിധം സാങ്കേതികവിദ്യയുടെ പരസ്പരകൈമാറ്റം ഉദ്ദേശിച്ചുള്ള ഒരു തുടക്കമാണ് എന്റെ മനസ്സിലുള്ളത്. ഈജിപ്ഷ്യന്‍ വിപ്ലവത്തിന് ഇന്ത്യന്‍ ജനതയും ഗവണ്‍മെന്റും നല്‍കിയ ശക്തമായ പിന്തുണയ്ക്ക് അങ്ങേയറ്റം നന്ദി പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണിത്.

ചോ: അന്നഹ്ദ അല്ലെങ്കില്‍ നവോത്ഥാനം, ഈജിപ്ഷ്യന്‍ സമ്പദ്‌വ്യവസ്ഥയുടെ സാമൂഹിക-സാമ്പത്തിക നവീകരണത്തിനു കാരണമാവുന്ന ഒരു പ്രൊജക്ടിനെക്കുറിച്ച് താങ്കള്‍ പറഞ്ഞിരുന്നു. അന്നഹ്ദയുടെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ ഇന്ത്യ, ബ്രസീല്‍, ചൈന പോലുള്ള രാജ്യങ്ങള്‍ക്ക് എന്തു പങ്കുവഹിക്കാന്‍ കഴിയുമെന്നാണ് താങ്കളുടെ കാഴ്ചപ്പാട്?

ഉ: തിരഞ്ഞെടുപ്പുഘട്ടത്തില്‍ ഞാന്‍ അവതരിപ്പിച്ച ഒന്നാണ് അന്നഹ്ദ പ്രൊജക്ട്. അതു പല ആശയങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കല്‍, സാമൂഹികനീതി, പ്രധാനമായും സര്‍ക്കാരേതര സംഘടനകള്‍, ട്രേഡ് യൂനിയനുകള്‍ പോലുള്ള പൗരസമൂഹ സംഘടനകളുടെ ശാക്തീകരണം- അങ്ങനെ പലതും. സാമ്പത്തികമേഖലയില്‍ ഹ്രസ്വ-മധ്യ-ദീര്‍ഘകാല പദ്ധതികളും സജീവ പരിഗണനയിലുണ്ട്  

ചോ: അന്നഹ്ദ പ്രൊജക്ടിന് എന്തു ചെലവാണ് പ്രതീക്ഷിക്കുന്നത്?

ഉ: 200 ബില്യണ്‍ ഡോളറിന്റെ അധികനിക്ഷേപം വേണ്ടിവരുന്ന വമ്പന്‍ പ്രൊജക്ടുകളാണ് ഞങ്ങള്‍ ലക്ഷ്യമാക്കുന്നത്. സൂയസ് കനാലിന്റെ വികസനം ഉള്‍പ്പെടെയുള്ളതാണത്. ലോകവ്യാപാരത്തിന്റെ 20 ശതമാനവും ഇപ്പോള്‍ ഒഴുകിക്കൊണ്ടിരിക്കുന്നത് സൂയസ് വഴിയാണ്. ഇതു ക്രമേണ വര്‍ധിപ്പിക്കണമെന്ന് ഞങ്ങള്‍ ആശിക്കുന്നു. ലോകവ്യാപാരത്തിന്റെ തന്ത്രപ്രധാനമായ ഒരു ഹബ്ബ് ആയി സൂയസ് കനാല്‍ സിറ്റിയെയും പോര്‍ട്ട് സെയ്ദിനെയും ഇസ്മാഈലിയയെയും വികസിപ്പിക്കാനാണ് ഉദ്ദേശ്യം. സിനായിയുടെ കിഴക്കുഭാഗത്തേക്ക് കാലഫോര്‍ണിയയിലുള്ളതുപോലെ ഒരു പുതിയ സിലിക്കണ്‍വാലി നിര്‍മിക്കുകയെന്നതും ഞങ്ങളുടെ മനസ്സിലുണ്ട്.

ഐ.ടി മേഖലയില്‍ തീര്‍ച്ചയായും ഇന്ത്യ ഏറെ മുന്നിലാണ്. അതില്‍നിന്ന് നേട്ടമുണ്ടാക്കാനാവുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ. മറ്റൊരു വന്‍കിട പ്രൊജക്ട് ബ്രോഡ്ബാന്‍ഡ് വികസനമാണ്. ഇതും സൂയസ് കനാല്‍ മേഖലയുടെ വികസനത്തോടൊപ്പം സാക്ഷാല്‍കൃതമാവും. ഗള്‍ഫ്‌നാടുകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളോട് സുപ്രധാന പദ്ധതിമേഖലകളില്‍ ഞങ്ങളുമായി സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കും. കാര്‍ഷികരംഗത്തും മറ്റു ചില വന്‍കിട പ്രൊജക്ടുകള്‍ ഞങ്ങള്‍ക്കുണ്ട്. ദാരിദ്ര്യത്തില്‍നിന്നും സാമ്പത്തികക്ലേശങ്ങളില്‍നിന്നും സ്ഥിരതയിലേക്കും അഭിവൃദ്ധിയിലേക്കും പരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്ന ഇന്ത്യ, ബ്രസീല്‍, സിംഗപ്പൂര്‍ പോലെയുള്ള രാജ്യങ്ങളില്‍നിന്നുള്ള സഹായം ഇക്കാര്യത്തില്‍ സുപ്രധാനമാണ്.

ചോ: താങ്കള്‍ വിഭാവന ചെയ്യുന്നത് ഇന്ത്യയിലെ ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളുമായുള്ള സഹകരണമാണെന്നു കരുതാമോ?

ഉ: അതെ, സൈനികവ്യവസായത്തിലും ഇന്ത്യ വളരെ മുന്നിലാണ്. നമുക്ക് ഈ മേഖലയില്‍ ഒരു അനുപമമായ ബന്ധമാണ് ഉണ്ടാവേണ്ടത്.

ചോ: ഈ സന്ദര്‍ശനത്തില്‍ അതും തുടങ്ങിവയ്ക്കുന്നുണേ്ടാ?

ഉ: തീര്‍ച്ചയായും. ഇന്ത്യക്ക് മേഖലയിലുള്ള മറ്റു പലരുമായും നല്ല ബന്ധമുണ്ട്. സൈനിക സാങ്കേതികമേഖലയിലും ഇന്ത്യയും ഈജിപ്തും തമ്മില്‍ ഒരു അതുല്യബന്ധം ഞങ്ങള്‍ ആഗ്രഹിക്കുന്നു. യഥാര്‍ഥത്തില്‍ (മധ്യപൗരസ്ത്യത്തില്‍) സമാധാനം സ്ഥാപിക്കുന്നതിന് ഈ സഹകരണം ഉതകും. ഗാന്ധിജി പറഞ്ഞതെന്തെന്ന് എനിക്കോര്‍മയുണ്ട്. സമാധാനത്തിലേക്കുള്ള പാത സമാധാനമല്ലാതെ മറ്റൊന്നില്ല.

ചോ: ഇന്ത്യയും ഈജിപ്തും ചേരിചേരാപ്രസ്ഥാനത്തിന്റെ സ്ഥാപകസഹകാരികളാണ്. ‘നാ’മിന്റെ ഭാവിയെക്കുറിച്ച് എന്തുതോന്നുന്നു?

ഉ: ‘നാ’മിന്റെ തെഹ്‌റാന്‍ സമ്മേളനത്തില്‍ ഇറാന് കൈമാറുന്നതിനു മുമ്പുവരെ ഈജിപ്തിന് അധ്യക്ഷപദവി ഉണ്ടായിരുന്ന സെഷനില്‍ ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ഞാന്‍ വ്യക്തമായി പറഞ്ഞിരുന്നു. ‘നാം’ ശക്തിപ്പെടണമെങ്കില്‍ സന്തുലിതത്വവും ഇന്നത്തെ ലോകത്ത് സുസ്ഥിര സമാധാനവുമാണു വേണ്ടത്.

ആഗോളവ്യവസ്ഥയുടെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍കൃതമാവുക എല്ലാവര്‍ക്കും സുരക്ഷിതത്വവും സമാധാനവും ഉണ്ടാവുമ്പോള്‍ മാത്രമാണെന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ലോകകാര്യങ്ങളുടെ നിര്‍വഹണത്തിന് എല്ലാ രാജ്യങ്ങളുടെയും പങ്കാളിത്തം അനിവാര്യമാണ്. ആധിപത്യസ്വഭാവമുള്ള ഏകധ്രുവലോകമല്ല നമുക്കു വേണ്ടത്. ‘നാ’മിന് ഇക്കാര്യത്തില്‍ ഫലപ്രദമായി പലതും ചെയ്യാന്‍ കഴിയും. ഇന്ത്യന്‍ നേതാക്കളുമായി ഞാനീ അഭിപ്രായം പങ്കിടാന്‍ പോവുകയാണ്. ‘ബ്രിക്‌സ്’ സമ്മേളനത്തില്‍ പങ്കെടുക്കാനായി ദക്ഷിണാഫ്രിക്കയിലേക്കു പോവുമ്പോഴും ഞാനീ പ്രശ്‌നം ഉയര്‍ത്തും.

‘ബ്രിക്‌സ്’ എന്നത് ഒരുനാള്‍ ഇ-ബ്രിക്‌സ് എന്നാവുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഇ എന്നാല്‍ ഈജിപ്ത്. ഞങ്ങളുടെ സമ്പദ്‌വ്യവസ്ഥ ചലനാത്മകമാവാന്‍ തുടങ്ങിയാല്‍ ഈജിപ്തും ‘ബ്രിക്‌സു’മായി ചേരുകയും ഇ-ബ്രിക്‌സ് ആവുകയും ചെയ്യുമെന്നും ഞാന്‍ കരുതുന്നു. ബ്രിക്‌സിനു ചില അതിശയകരമായ ആശയങ്ങളുണ്ട്; പ്രത്യേകിച്ച് ആഗോളതലത്തിലുള്ള ഒരു വികസനബാങ്ക് സ്ഥാപിക്കുന്നതില്‍. ഉയര്‍ന്ന വളര്‍ച്ചാനിരക്കു കൈവരിക്കാനും ഐ.എം.എഫും ലോകബാങ്കും സമാനസ്ഥാപനങ്ങളും ചെയ്യുന്ന കാര്യങ്ങളെ പിന്തുണയ്ക്കാനും രാജ്യങ്ങളെ സഹായിക്കാനുമായി വികസന പരിപ്രേക്ഷ്യത്തോടെ ഈ ബാങ്ക് സ്ഥാപിക്കുകയെന്നത് സുപ്രധാനമാണ്.

സാമ്പത്തികബന്ധങ്ങളിലെ സന്തുലിതത്വത്തിനും ഇതു വളരെ പ്രധാനമാണ്. പലപ്പോഴും സമ്പദ്‌വ്യവസ്ഥയുടെ ശക്തിയാണ് രാഷ്ട്രീയകാര്യങ്ങളെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നത്. നിങ്ങളോടൊപ്പം ഒരുകൂട്ടം രാജ്യങ്ങളുണ്ടാവുമ്പോള്‍ അത് സമ്പദ്‌വ്യവസ്ഥയെ സന്തുലിതമാക്കാന്‍ സഹായകമാവുന്നു. മറ്റു രാജ്യങ്ങളുടെ രാഷ്ട്രീയ ഇടപെടലില്ലാതെ വികസനം സാധ്യമാവുകയും ചെയ്യും.

ചോ: ‘നാം’ ഉച്ചകോടിവേളയില്‍ താങ്കള്‍ തെഹ്‌റാന്‍ സന്ദര്‍ശിച്ചു. ഇറാന്‍ പ്രസിഡന്റ് മുഹമ്മദ് അഹ്മദി നജാദ് അടുത്തകാലത്തു നടന്ന ഒ.ഐ.സി ഉച്ചകോടിയില്‍ ഈജിപ്തിന്റെ അതിഥിയായിരുന്നു. ഈ പരസ്പരവിനിമയങ്ങളെ ‘നാം’ വ്യാഖ്യാനിക്കുന്നത് എപ്രകാരമാണ്? ഈ ഇടപെടല്‍ മേഖലയിലെ സുന്നി-ശിയാ സംഘര്‍ഷത്തെ തടയാനുള്ള ഈജിപ്തിന്റെ ശ്രമങ്ങള്‍ക്കു സഹായകമാവുമെന്നാണ് ഒരു വീക്ഷണം. താങ്കള്‍ യോജിക്കുന്നുണേ്ടാ?

ഉ: ഒരു കാര്യം ആദ്യമേ ഞാന്‍ വ്യക്തമാക്കട്ടെ. അങ്ങനെയൊരു സുന്നി-ശിയാ സംഘര്‍ഷമൊന്നുമില്ല. ഇസ്‌ലാം ഒരൊറ്റ മതമാണ്; അതില്‍ വൈവിധ്യങ്ങള്‍ക്കിടമുണ്ട്. ചില തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാവാം; മനസ്സിലാക്കുന്നതില്‍ ഭിന്നവീക്ഷണങ്ങളും രാഷ്ട്രീയനിലപാടുകളിലെ അന്തരങ്ങളും മൂലമാണത്. മറ്റു രാജ്യങ്ങളുടെ കാര്യത്തിലെന്നപോലെ ഇറാനുമായും ഞങ്ങള്‍ ബന്ധം നിലനിര്‍ത്തുന്നു. ചില മേഖലകളില്‍ മുന്നേറുമ്പോഴും ഇറാന്‍ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈജിപ്തും വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ട്. എന്നാല്‍, ഇറാനുമായി സുദൃഢബന്ധം നിലനിര്‍ത്തുന്നതില്‍ ഞങ്ങള്‍ ശ്രദ്ധപുലര്‍ത്തുന്നു. ഇത് മറ്റു രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കോ അവയുമായുള്ള ഞങ്ങളുടെ ബന്ധത്തിനോ പോറലേല്‍പ്പിക്കില്ല. അറബ് രാജ്യങ്ങളുമായും- പ്രത്യേകിച്ച് ഗള്‍ഫ്‌രാജ്യങ്ങളുമായി- ഞങ്ങള്‍ക്കു നല്ല ബന്ധമാണുള്ളത്. അവര്‍ ഞങ്ങളുടെ സഹോദരങ്ങളാണ്. ഇറാനുമായുള്ള ബന്ധം ഞങ്ങളുടെ ഈ ബന്ധത്തെ പ്രതികൂലമായി ബാധിക്കുകയേയില്ല.

ചോ: ഇറാനുമായും ഗള്‍ഫ്‌രാജ്യങ്ങളുമായും ഈജിപ്തിനുള്ള സൗഹൃദപൂര്‍ണമായ ബന്ധം മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതില്‍ ഒരു മധ്യസ്ഥന്റെ പങ്കുവഹിക്കാന്‍ ഈജിപ്തിനെ പ്രാപ്തമാക്കുമെന്നു താങ്കള്‍ കരുതുന്നുണേ്ടാ?

ഉ: അതെ, ഞങ്ങളതിനു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സിറിയയിലെ ഞങ്ങളുടെ ഉദ്യമങ്ങളില്‍ ഇതു സ്പഷ്ടമാണ്. സൗദിഅറേബ്യയും ഇറാനും ഉള്‍പ്പെടെയുള്ള ചതുര്‍കക്ഷി സംരംഭങ്ങളില്‍ ഞങ്ങള്‍ വ്യാപൃതരാണ്. എല്ലാ കക്ഷികള്‍ക്കുമിടയിലും അഭിപ്രായ ഐക്യം ഉണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഈജിപ്തിന് വഹിക്കാനുള്ളത്. ഉദാഹരണത്തിന്, അറബ്‌രാജ്യങ്ങള്‍ക്കും ഇറാനുമിടയില്‍. മേഖലയിലെ സാഹചര്യവുമായി ബന്ധപ്പെട്ട് ഉയരുന്ന വിഭജനങ്ങളെ തടയുന്നതില്‍ ഞങ്ങളുടെ ശ്രമം തുടരും. അല്‍ അസ്ഹര്‍ സര്‍വകലാശാല ഇക്കാര്യത്തില്‍ സുപ്രധാന പങ്കാണു വഹിക്കുന്നത്. 

ചോ: പ്രതിവിപ്ലവ ഭീഷണി ഈജിപ്ത് അതിജീവിക്കുമോ? ഈജിപ്തിലിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളുടെ മൂലകാരണമെന്താണ്? ഇതിനെ മറികടക്കാന്‍ എന്തു പദ്ധതിയാണുള്ളത്?

ഉ: 2011 ജനു. 25ന് തുടങ്ങിയ ഈജിപ്ഷ്യന്‍ വിപ്ലവം ഒരു മഹാവിപ്ലവമാണ്. രണ്ടുവര്‍ഷവും രണ്ടുമാസവും പിന്നിടുന്ന ഈ സന്ദര്‍ഭത്തില്‍പ്പോലും അതൊരു പരിവര്‍ത്തനദശയിലാണ്. ഏറെ അഭിലാഷങ്ങളും ഒപ്പം വെല്ലുവിളികളുമുണ്ട്. അതേസമയം, വിപ്ലവത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ണമായും സാക്ഷാല്‍ക്കരിക്കണമെന്ന് ആശിക്കാത്ത ചിലരുമുണ്ട്. പ്രശ്‌നങ്ങളുണെ്ടന്നര്‍ഥം. പക്ഷേ, അവ ഞങ്ങള്‍ കൈകാര്യം ചെയ്തുവരുകയാണ്. വിപ്ലവത്തിന്റെ അവസാനഘട്ടമാണു പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് സ്ഥിരത നേടാനും ലക്ഷ്യങ്ങള്‍ കൈവരിക്കാനും ഈജിപ്ഷ്യന്‍ ജനതയിലെ വിവിധ വിഭാഗങ്ങള്‍ക്കും വര്‍ഗങ്ങള്‍ക്കുമിടയില്‍ അനുരഞ്ജനമുണ്ടാക്കാനും ഞങ്ങള്‍ പ്രാപ്തി നേടും. ഇതെല്ലാം വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സംഭവിക്കും. സ്വാതന്ത്ര്യവും ജനാധിപത്യവും സാമൂഹികനീതിയും കരഗതമാവുന്നതിനു ജനങ്ങള്‍ നിശ്ചയമായും വിലയൊടുക്കേണ്ടതുണ്ട്. ഇപ്പോള്‍ ഈജിപ്ത് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് ആ പാതയിലാണ്. പ്രയാസങ്ങളുടെ ഈ ഘട്ടം തരണംചെയ്യാനുള്ള പ്രയാണത്തിലാണ് ഈജിപ്ഷ്യന്‍ ജനത.

(കടപ്പാട്: തേജസ് ദിനപത്രം)

Related Articles