Current Date

Search
Close this search box.
Search
Close this search box.

വിപ്ലവത്തിന്റെ മുല്ലപ്പൂ ഫലസ്തീനിലും വിരിയും

ഫലസ്തീനിലെ യാഫായുടെ സന്തതിയായ ജമാല്‍ ജമല്‍ ഈജിപ്തിലെ ഫലസ്തീന്‍ അംബാസഡറാണ്. 1978-ലെ ചെറുത്ത് നില്‍പ് പോരാട്ടത്തിലൂടെയാണ് മുന്‍നിരയിലേക്കുള്ള കടന്ന് വരവ്. 1982-ല്‍ നയതന്ത്ര പ്രവര്‍ത്തനങ്ങളുമായി കിഴക്കന്‍ യൂറോപ്പില്‍ കഴിച്ചുകൂട്ടി. ശേഷം 2006-ല്‍ അലക്‌സാണ്ട്രിയയില്‍ അംബസാഡറായി സേവനമനുഷ്ഠിച്ചു. ഫലസ്തീനിലെ നിലവിലുള്ള സാഹചര്യം, ഈജിപ്തിനും ഫലസ്തീനിനുമിടയിലെ ബന്ധം, അറബ് വസന്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രാഷ്ട്രങ്ങളുടെ ഭാവി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് അദ്ദേഹം ഇവിടെ സംസാരിക്കുന്നത്.

-അതിര്‍ത്തികളിലുള്ള പ്രത്യേക തുരങ്കങ്ങള്‍ ഈജിപ്തിന്റെ സുരക്ഷക്ക് പ്രതികൂലമായി ബാധിക്കുമെന്ന് താങ്കള്‍ക്ക് കരുതുന്നുണ്ടോ ? അവ പ്രയോജനപ്രദമാണെന്ന് തോന്നുന്നുവോ?
-ഗസ്സക്ക് നേരെയുള്ള ഉപരോധത്തിന് പരിഹാരമല്ല പ്രസ്തുത തുരങ്കങ്ങള്‍. ഈ അഭിപ്രായം ഞങ്ങള്‍ നേരത്തെ തന്നെ പ്രകടിപ്പിച്ചിട്ടുള്ളതാണ്. ഉപരോധം ഇസ്രായേലിന്റെ ഭാഗത്ത് നിന്നാണ്. അവരാണ് അവിടെ അധിനിവേശം നടത്തുന്നത്. അതിനാല്‍ അവരാണ് അതിന്റെ നിയമപരമായ ഉത്തരവാദിത്തം ഏറ്റടുക്കേണ്ടത്. ഉപരോധം പിന്‍വലിച്ച്, ഗസ്സാനിവാസികള്‍ക്ക് ആവശ്യമായ വൈദ്യുതി, പെട്രോള്‍ തുടങ്ങി എല്ലാം അവിടെ എത്തിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.

ഈജിപ്തുകാര്‍ ഞങ്ങളുടെ സഹോദരന്മാരാണ്. ഗസ്സ ഉപരോധിക്കപ്പെടുന്നത് കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ അവര്‍ക്ക് സാധിക്കുകയില്ല. അവര്‍ ഔദ്യോഗികമായ മാര്‍ഗത്തിലൂടെ തന്നെ തങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുകയും, അവരുടെ അതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുകയും ചെയ്യുന്നുണ്ട്. അതിര്‍ത്തിയിലെ തുരങ്കങ്ങള്‍ ഒരു കാലത്ത് അനിവാര്യമായിരുന്നു. എന്നാല്‍ ഇപ്പോഴത് എല്ലാവര്‍ക്കും ഭാരമായി മാറിയിരിക്കുകയാണ്. വളരെ ഗൗരവതരമായ വിധത്തില്‍ അതിനെ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. ഗസ്സക്ക് മേലുള്ള ഉപരോധം നിര്‍ത്തലാക്കുന്നതിന് വേണ്ടി എല്ലാ വിഭാഗങ്ങളും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് ഉള്ളില്‍ നിന്ന് അനുയോജ്യമായ നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.

-ഈജിപ്ഷ്യന്‍ അതിര്‍ത്തിയില്‍ സ്വതന്ത്ര പ്രദേശം രൂപീകരിക്കാന്‍ ഫലസ്തീന്‍ നിര്‍ദ്ദേശം വല്ലതും ഉണ്ടോ?
-ഈജിപ്തിനും ഫലസ്തീനിനും ഇടയില്‍ സംയുക്ത പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നിലനില്‍ക്കുന്ന ഗസ്സയിലെ അവസ്ഥയനുസരിച്ച് ഈജിപ്തും മറ്റ് അറബ് രാഷ്ട്രങ്ങളും അവരെ സഹായിക്കേണ്ടിയിരിക്കുന്നു. ഗസ്സയില്‍ ഒരു തുറമുഖവുമില്ലാതിരിക്കെ സീനായിലെ അരീഷ് തുറമുഖത്തിന്റെ സഹായം അവര്‍ക്ക് ഉറപ്പ് വരുത്തുന്ന വിധത്തില്‍ ധാരണ രൂപപ്പെടുത്തണം.

എന്നാല്‍ ഹമാസ് ഭരണകൂടം സമര്‍പ്പിച്ച സ്വതന്ത്ര വ്യാപാര മേഖലയെന്ന ആശയം ഗഹനപഠനം ആവശ്യമുള്ള വിഷയമാണ്. കാരണം ഫല്‌സ്തീനും ഇസ്രായേലും തമ്മില്‍ രൂപപ്പെടുത്തിയ പാരീസ് കരാറുമായി ബന്ധപ്പെട്ട കാര്യമാണിത്.

-നിലവിലുള്ള ഈജിപ്ഷ്യന്‍ ഭരണകൂടം ഫത്ഹിനോടും ഹമാസിനോടും രണ്ട് അളവുകോല്‍ വെച്ച് വര്‍ത്തിക്കുമെന്ന് അഭിപ്രായമുണ്ടോ?
-കാര്യങ്ങള്‍ നിങ്ങള്‍ പറഞ്ഞത് പോലെയല്ല എന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഈജിപ്തിനെ സംബന്ധിച്ചിടത്തോളം അതിന്റെതായ വൈദേശിക രാഷ്ട്രീയ നയങ്ങളും താല്‍പര്യങ്ങളുമുണ്ട്. അതിനാല്‍ തന്നെ ഈജിപ്ത് അന്താരാഷ്ട്ര കരാറുകളും, ഉടമ്പടികളും മുറുകെപിടിക്കുകയും ചെയ്യുന്നു. ഏത് രാഷ്ട്രത്തിലെയും ഏത് ഗവണ്‍മെന്റും തങ്ങള്‍ക്ക് യോജിച്ചത് മാത്രമെ ചെയ്യൂവെന്നതില്‍ സംശയമില്ലല്ലോ. ഈജിപ്ഷ്യന്‍ ഗവണ്‍മെന്റിന് ഏതെങ്കിലും പ്രത്യേക വിഭാഗത്തോട് മമതയുണ്ടാവുമെന്നതില്‍ സന്ദേഹമില്ല. ഞാന്‍ ഉദ്ദേശിക്കുന്നത് ഹമാസിനെയാണ്. ഈജിപ്ത് ഭരിക്കുന്ന ഇഖ്‌വാന്റെ ഒരു ഭാഗമാണല്ലോ അവര്‍. അതിനാല്‍ ഹമാസിന്റെ താല്‍പര്യം ഈജിപ്ഷ്യന്‍ ഭരണകൂടം പരിഗണിച്ചാല്‍ അല്‍ഭുതപ്പെടാനില്ല എന്നതാണ് വസ്തുത.

-ഫലസ്തീനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇതുവരെ നടത്താത്തത് എന്തുകൊണ്ടാണ്?
-ഹമാസിനും ഫലസ്തീന്‍ ഭരണകൂടത്തിനും ഇടയിലെ അഭിപ്രായ വ്യത്യാസമാണ് കാരണം. ഞങ്ങളത് പരിഹരിക്കാന്‍ ശ്രമിച്ച്‌കൊണ്ടേയിരിക്കുകയാണ്. ഫയല്‍ പരിശോധനക്ക് വേണ്ടി ഐക്യരാഷ്ട്ര സഭയിലേക്ക് അയച്ചിട്ടുണ്ട്. ഭരണമാറ്റത്തിന്റെ ഘട്ടത്തില്‍ ഈജിപ്ത് എല്ലാ അര്‍ത്ഥത്തിലും കൂടെ നില്‍ക്കുമെന്ന് ഞങ്ങള്‍ക്ക് ശുഭപ്രതീക്ഷയുണ്ട്. ഞങ്ങളെ ഇപ്പോള്‍ ഉപരോധിക്കുകയും, സമര്‍ദ്ദത്തിലകപ്പെടുത്തുകയും ചെയ്യുന്ന ഇസ്രായേലിനെതിരെ ഈജിപ്തും അറബ് രാഷ്ട്രങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും ഞങ്ങള്‍ സ്വപ്‌നം കാണുന്നു.

-ഈജിപ്തിലെ ആഭ്യന്തര അസ്ഥിരത എങ്ങനെയാണ് ഫലസ്തീനിനെ സ്വാധീനിക്കുക?
-ഈജിപ്തിലെ സാമൂഹിക അസ്ഥിരത വളരെ അപകടകരമായ വിധത്തില്‍ ഫലസ്തീനികളെയും, മറ്റ് അറബ് രാഷ്ട്രങ്ങളെയും ബാധിക്കുന്നതാണ്. അതിനാല്‍ തന്നെ പ്രസ്തുത സാഹചര്യം നീങ്ങണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഇസ്രായേലിന്റെ സ്വപ്‌നമാണ് ഈജിപ്തിലെ ആഭ്യന്തര അസ്ഥിരത.

-അറബ് വസന്തത്തിലെ രാഷ്ട്രീയഗതി ഫലസ്തീന്‍ പ്രശ്‌നത്തില്‍ അനുകൂലമായി സ്വാധീനിക്കുമോ?
-അറബ് വസന്തം അവസാനഘട്ടത്തില്‍ ഫലസ്തീന്റെ നേട്ടത്തില്‍ ഭവിക്കുമെന്നതില്‍ നമുക്കാര്‍ക്കും സംശയമേതുമില്ല. കാരണം, സ്വാതന്ത്ര്യം, ജനാധിപത്യം, മഹത്വം തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ഇവ ആഗ്രഹിക്കുന്ന ഒരു സമൂഹവും അധിനിവേശത്തോട് യോജിക്കുകയില്ലല്ലോ. അതിനാല്‍ തന്നെ ഇത് ഫലസ്തീന്‍ പ്രശ്‌നത്തിന് അനുകൂലമായാണ് സ്വാധീനിക്കുക. അറബ് ജനത ഇനി പൂര്‍ണമായും ഫലസ്തീനികളുടെ ഓരത്ത് നില്‍ക്കും. അവര്‍ക്ക് മുന്നില്‍ നിന്നിരുന്ന പഴയ ഭരണ വ്യവസ്ഥകള്‍ ഇപ്പോഴില്ലല്ലോ.

-മുന്‍കാല ഈജിപ്ഷ്യന്‍ ഭരണകൂടം ഫലസ്തീന്‍ പ്രശ്‌നത്തോട് സ്വീകരിച്ചിരുന്നു സമീപനം എന്തായിരുന്നു?
-മുന്‍കാലത്തും ഈജിപ്ഷ്യന്‍ ഭരണകൂടം ഞങ്ങളെ സഹായിച്ചിട്ടുണ്ട്. പക്ഷെ, ഞങ്ങള്‍ ആഗ്രഹിച്ച തലത്തോളം അവര്‍ ഉയര്‍ന്നിരുന്നില്ല. അക്കാലത്ത് എല്ലാ മേഖലകളിലും അറബ് പിന്നാക്കാവസ്ഥ പ്രകടമായിരുന്നു. ഇരട്ടത്താപ്പ് നയം സ്വീകരിക്കുകയായിരുന്നു അവര്‍ ചെയ്തിരുന്നത്. ഞങ്ങളുമായുള്ള ചര്‍ച്ചകളില്‍ ഒരു തീരുമാനമെടുക്കുകയും, പ്രായോഗിക മേഖലയോട് അടുക്കുമ്പോള്‍ അവരതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയുമാണ് ചെയ്യുക.

-ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഏറ്റവും നന്നായി സഹകരിച്ച ഈജിപ്ഷ്യന്‍ പ്രസിഡന്റ് ആരാണ്?
-ഈജിപ്തിന്റെ എല്ലാ പ്രസിഡന്റുമാരും ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി പരിശ്രമിച്ചിട്ടുണ്ട്. ജമാല്‍ അബ്ദുന്നാസ്വിര്‍ പ്രത്യേകിച്ചു. ലോകത്തുടനീളം സ്വാധീനം ചെലുത്തിയ ഈജിപ്ഷ്യന്‍ നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തില്‍ അറബ് ലോകത്തിന് പ്രതീക്ഷയുമുണ്ടായിരുന്നു. പ്രത്യേകിച്ചും 1948-ല്‍ ഫലസ്തീനില്‍ നിന്നും അഭയം തേടി അയല്‍രാഷ്ട്രങ്ങളില്‍ അലഞ്ഞ ലക്ഷക്കണിക്കിനാളുകളുടെ കാര്യത്തില്‍ അദ്ദേഹം പറഞ്ഞത് ‘അവര്‍ നമ്മുടെ സഹോദരന്മാരാണ്, അവരോട് അഭയാര്‍ത്ഥികളോട് വര്‍ത്തിക്കുന്നത് പോലെ പെരുമാറരുത്’ എന്നായിരുന്നു. ഈജിപ്ഷ്യന്‍ പൗരന്മാര്‍ക്കുള്ള സകല അവകാശങ്ങളും അദ്ദേഹം അവര്‍ക്കും നല്‍കി. പിന്നീട് അന്‍വര്‍ സാദത്തിന്റെ കാലത്താണ് ഫല്‌സ്തീനികളെ അപരിചിതരെപ്പോലെ കാണാന്‍ തുടങ്ങിയത്.

-എപ്പോഴാണ് ഇസ്രായേല്‍ -ഫലസ്തീന്‍ പോര് അവസാനിക്കുക?
-പ്രസ്തുത സംഘട്ടനം ഒഴിവാക്കാന്‍ എല്ലാ മാര്‍ഗത്തിലൂടെയും പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ് ഞങ്ങള്‍. പക്ഷെ, ഇസ്രായേല്‍ എപ്പോഴും തങ്ങളുടെ വാഗ്ദാനങ്ങളില്‍ നിന്നും ഒളിച്ചോടുന്നു. ഇസ്രായേല്‍ കൃത്യമായി പൂര്‍ത്തിയാക്കിയ ഒരു കരാര്‍ പോലുമില്ല. അവര്‍ക്കാവട്ടെ അമേരിക്കയുടെ പിന്തുണയുമുണ്ട്. അതിന്റെ ബലത്തിലാണ് ഫലസ്തീന്‍ മണ്ണില്‍ അവര്‍ കുടില്‍കെട്ടുന്നതും, അവരുടെ സ്വത്ത് കൊള്ളയടിക്കുന്നതും.

അറബ് വസന്തത്തിന് ശേഷം കാര്യങ്ങള്‍ മാറിമറിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അറബ് ജനതയുടെ തീരുമാനം ഇസ്രായേലിനെ സമ്മര്‍ദ്ധത്തിലാക്കുമെന്നതില്‍ സംശയമില്ല. അതോടെ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവും.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles