Current Date

Search
Close this search box.
Search
Close this search box.

വിദ്വേഷ പ്രസംഗങ്ങളും ദേശവിരുദ്ധമാണ്

gulam-nabi.jpg

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പുതിയ സര്‍ക്കാറിനെ കുറിച്ചും സമകാലിക സംഭവവികാസങ്ങളെ കുറിച്ചും സംസാരിക്കുന്നു. ആസാദുമായി നിസ്തുല ഹെബ്ബാറും മെഹ്ബൂബ് ജീലാനിയും നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ:

ജെ.എന്‍.യു വിഷയത്തില്‍ സര്‍ക്കാറും പ്രതിപക്ഷവും തമ്മില്‍ ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി എല്ലാ പാര്‍ട്ടികളുടെയും യോഗം വിളിച്ചുകൂട്ടിയിരുന്നു. യോഗത്തിന്റെ ഉള്ളടക്കം എന്തായിരുന്നു?
ദേശ-വിരുദ്ധ മുദ്രാവാക്യം മുഴക്കിയതിനെ ഒരിന്ത്യക്കാരനെന്ന നിലയില്‍ ഞാന്‍ ശക്തമായി അപലപിക്കുന്നു. അവര്‍ വിദ്യാര്‍ഥികള്‍ ആയിരിക്കാം അല്ലായിരിക്കാം. വിദ്യാര്‍ഥികളില്‍ തന്നെ വലിയൊരു വിഭാഗം അതിനെതിരെ നിലപാടുള്ളവരാണ്. അവരില്‍ ദേശീയവാദികളും ഹിന്ദുക്കളും മുസ്‌ലിംകളുമൊക്കെയുണ്ട്. എന്തുതന്നെയായാലും, ഈ സംഭവവികാസങ്ങള്‍ക്കൊക്കെ സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ടെന്നാണ് ഞാന്‍ യോഗത്തില്‍ പറഞ്ഞത്. വിദേശ്വാത്മക പ്രസംഗങ്ങള്‍ നടത്തുന്ന തങ്ങളുടെ പാര്‍ട്ടി അണികളെയും എം.പിമാരെയും കേന്ദ്രമന്ത്രിമാരെയും നിലക്കുനിര്‍ത്താന്‍ സര്‍ക്കാറിന് സാധിച്ചിരുന്നുവെങ്കില്‍ ഇന്ന് ഹൈദരാബാദിലും പശ്ചിമ ബംഗാളിലും ഡല്‍ഹിയിലും സംഭവിച്ചത് ഒരിക്കലും സംഭവിക്കുമായിരുന്നില്ല.
ഓരോ സന്ദര്‍ഭത്തിലും പാര്‍ലമെന്റിന് അകത്തും പുറത്തുമുള്ള എല്ലാ പാര്‍ട്ടികളും ഈ വിഷയങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അവയൊന്നും മുഖവിലക്കെടുത്തതു പോലുമില്ല. ഇന്ന് അവയൊക്കെ വിദ്യാര്‍ഥികളും ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നു. സമയാസമയത്ത് തങ്ങളുടെ അണികളെ അടക്കിനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് ഇന്ത്യ ഇന്ന് കാണുന്ന സംഭവവികാസങ്ങള്‍ക്ക് കാരണമായത്. എന്നിട്ട് ഇന്ന് സര്‍ക്കാര്‍ പ്രതികരിക്കാന്‍ തീരുമാനിക്കുകയാണോ? ദേശ-വിരുദ്ധ മുദ്രവാക്യം മുഴക്കുന്നതും വിദ്വേശാത്മക പ്രഭാഷണങ്ങള്‍ നടത്തുന്നതും ഒരുപോലെ ഇന്ത്യാ വിരുദ്ധമാണ്. ആരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഡല്‍ഹി പോലീസും കമ്മീഷണറും പ്രവര്‍ത്തിക്കുന്നത്? ആരുടെ നിര്‍ദ്ദേശപ്രകാരമാണ് കനയ്യ കുമാര്‍ അറസ്റ്റു ചെയ്യപ്പെട്ടതും അയാളുടെ മേല്‍ ദേശദ്രോഹക്കുറ്റം ചുമത്തപ്പെട്ടതും? ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ഒ.പി ശര്‍മ അറസ്റ്റ് ചെയ്യപ്പെടാതിരുന്നതും വിക്രം ചൗഹാന്‍ സ്പര്‍ശിക്കപ്പെടാതിരുന്നതും?

പ്രധാനമന്ത്രിയുടെ പ്രതികരണമെന്തായിരുന്നു?
പാര്‍ലമെന്റിന്റെ നടത്തിപ്പില്‍ സര്‍ക്കാറിനെ പിന്തുണക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ സംഭവവികാസങ്ങളുടെയൊക്കെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഞങ്ങള്‍ക്കാവില്ല. പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല. മറ്റു നേതാക്കളുടെ കൂടി അഭിപ്രായമറിയാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

താങ്കളുടെ അഭിപ്രായത്തില്‍ ഈ സര്‍ക്കാറിന്റെ സ്വഭാവം എന്താണ്?
യഥാര്‍ത്ഥത്തില്‍ ഇവര്‍ എന്താണ് നേടാന്‍ ആഗ്രഹിക്കുന്നതെന്ന് എനിക്ക് മനസ്സിലായിട്ടില്ല. മെയ്ക് ഇന്‍ ഇന്ത്യയെ കുറിച്ചോ വികസനത്തെ കുറിച്ചോ സംസാരിക്കുന്നുവെങ്കില്‍ അതിനേക്കാള്‍ മുന്‍ഗണന രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കുമല്ലേ? എന്നാല്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് അതിന് നേരെ വിരുദ്ധമായിട്ടാണ്.

കഴിഞ്ഞ കുറച്ച് പാര്‍ലമെന്റ് യോഗങ്ങളെടുത്ത് പരിശോധിച്ചാല്‍ പ്രതിപക്ഷ ഐക്യം വര്‍ധിച്ചതിന്റെ സൂചനകളാണ്  നല്‍കുന്നത്. എന്നാല്‍ ചരക്കു-സേവന നികുതികളുടെ കാര്യത്തില്‍ പൂര്‍ണമായ പിന്തുണ താങ്കള്‍ക്ക് ലഭിച്ചോ?
പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ചരക്ക്-സേവന നികുതികളെ കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല. പാര്‍ലമെന്റില്‍ ബില്ലുകള്‍ പാസ്സാക്കാനുള്ളവരല്ല ഞങ്ങളെന്നും ഈ രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ളവര്‍ കൂടിയാണെന്നും ഞങ്ങള്‍ സര്‍ക്കാറിനെ ധരിപ്പിച്ചു. ബില്ലുകളേക്കാള്‍ കൂടുതല്‍ രാജ്യത്ത് സംഭവവികാസങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഓരോ ദിവസവും അത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

രാഹുല്‍ ഗാന്ധിയുടെ ജെ.എന്‍.യു സന്ദര്‍ശനം വലതു പക്ഷത്തിന്റെ തന്നെ രൂക്ഷവിമര്‍ശനത്തിന് ഇടയാക്കിയെന്ന് മാത്രമല്ല ജെ.എന്‍.യുവില്‍ തനിക്ക് രാഷ്ട്രീയ വിഹിതമില്ല എന്നു തെളിയിക്കുന്നത് കൂടിയായിരുന്നു എന്നു പറയപ്പെടുന്നു?
ഇത് ഒരു സര്‍വകലാശാലയുടെ വിഷയമല്ല. ഞാന്‍ മുമ്പ് പറഞ്ഞതാണ്, ഓരോ ഇന്ത്യന്‍ സര്‍വകലാശാലയിലും സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് കൃത്യമായ ഒരു പ്രവര്‍ത്തനരീതി കാണാനാകും. ബി.ജെ.പിയും ആര്‍.എസ്.എസും ഇന്ത്യന്‍ കാമ്പസുകളെ വര്‍ഗീയമായി ധ്രുവീകരിക്കാനും എ.ബി.വി.പി അല്ലാത്ത വിദ്യാര്‍ഥി യൂണിയനുകളെ ഇല്ലായ്മ ചെയ്യാനുമുള്ള തീവ്ര ശ്രമത്തിലാണ്. സ്വന്തത്തെ ദേശീയവാദികളും അന്യരെ ദേശവിരുദ്ധരുമായി മുദ്രകുത്താനുള്ള ശ്രമത്തിന്റെ അഭിനവരൂപമാണ് ഇത്. ജെ.എന്‍.യു വിഷയത്തില്‍ പത്തോ പതിനഞ്ചോ വിദ്യാര്‍ഥികളാണ് ഉള്‍പ്പെട്ടിരുന്നത്. അവരാണ് ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയതും. അവര്‍ വിദ്യാര്‍ഥികള്‍ തന്നെയാണോ എന്ന് പോലും സംശയമാണ്. എന്നാല്‍ ആ പരിപാടിയില്‍ പങ്കെടുത്ത ആയിരത്തോളം വരുന്ന മറ്റു വിദ്യാര്‍ഥികളാണ് അതിന്റെ പേരില്‍ ബ്രാന്റ് ചെയ്യപ്പെട്ടത്.
ദേശീയതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ആര്‍.എസ്.എസും ജനസംഘുമൊക്കെ സ്വാതന്ത്ര്യസമര കാലത്ത് എവിടെയായിരുന്നു? ഒട്ടകത്തിന്റെയും കൂടാരത്തിന്റെയും കഥ നിങ്ങള്‍ കേട്ടിട്ടില്ലേ? ഇവിടെ ഞങ്ങളാണ് ദേശസ്‌നേഹമെന്ന കൂടാരത്തിന്റെ ഉടമകള്‍, മതേതരത്വത്തിന്റെ കൂടാരം. വെയിലില്‍ നിന്നും മഴയില്‍ നിന്നും അതിനെ സംരക്ഷിച്ച കൂടാരം. നല്ല നാളുകള്‍ വന്നപ്പോള്‍ നമ്മുടെ കൂടാരം കൈയ്യടക്കിയ ഒട്ടകമാണ് ബി.ജെ.പി.

പ്രതിപക്ഷ നേതാവ് എന്ന നിലക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 20 മാസത്തോളമായി താങ്കള്‍ കാണുന്നു. അദ്ദേഹത്തെ എങ്ങനെ വിലയിരുത്തുന്നു?
പ്രധാനമന്ത്രി മോദി ഇന്ത്യയുടെ വളര്‍ച്ചയും വികസനവും വിദേശബന്ധവുമൊക്കെയാണ് ഊന്നിപ്പറയുക. എന്നാല്‍ അദ്ദേഹത്തിന്റെ സര്‍ക്കാരാവട്ടെ ഒരു വിവാദത്തില്‍ നിന്ന് അടുത്ത വിവാദത്തിലേക്ക് ചാടിക്കൊണ്ടിരിക്കുകയും ചെയ്യും. രാജ്യത്തിന്റെ വികസനം എന്ന് പറയുന്നത് രണ്ടാമത് മാത്രം ഉണ്ടാവേണ്ട ഒരു കാര്യമാണ്. അതിലും പ്രധാനം രാജ്യത്ത് ജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും പ്രീതി നേടിയെടുക്കുക എന്നതാണ്. എന്നാല്‍ പ്രധാനമന്ത്രിക്ക് അതിലൊന്നും താല്‍പര്യമില്ല. രാജ്യത്തിന്റെ യഥാര്‍ത്ഥ അവസ്ഥയെ മനസ്സിലാക്കാന്‍ ഒരിക്കലും അദ്ദേഹം തുനിഞ്ഞിട്ടുമില്ല.

വിവ: അനസ് പടന്ന  

Related Articles