Current Date

Search
Close this search box.
Search
Close this search box.

രാഷ്ട്രീയ ഇസ്‌ലാം; തുര്‍ക്കി മാതൃക കാണിക്കുന്നു

രാഷ്ട്രീയ ഇസ്‌ലാമിന്റെ കാര്യത്തില്‍ അറബ് രാജ്യങ്ങളില്‍ നിന്നും തുര്‍ക്കിയെ വ്യതിരിക്തമാക്കി നിര്‍ത്തുന്നത് അവിടെ നിലനില്‍ക്കുന്ന മത നിരപേക്ഷ കാഴ്ചപ്പാടാണ്. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഇസ്‌ലാമിക രീതി ഇസ്‌ലാമോഫോബിയക്ക് കാരണമാകുകയും ഈജിപ്തില്‍ ഇപ്പോള്‍ അരങ്ങേറുന്ന സൈനിക അട്ടിമറിയില്‍ പടിഞ്ഞാറിന്റെ പ്രതികരണം വിപരീതമാകാന്‍ കാരണമാകുകയും ചെയ്തു. ഈജിപ്തില്‍ നടക്കുന്ന സൈനിക അട്ടിമറിയുടെ പശ്ചാത്തലത്തില്‍ തുര്‍ക്കിയില്‍ എ കെ പാര്‍ട്ടി എങ്ങനെയാണ് ജനപിന്തുണ നേടുന്നതെന്നും ഈജിപ്തില്‍ എവിടെയാണ് പരാജയം സംഭവിക്കുന്നതെന്നും വിലയിരുത്തുകയാണ് എ കെ പാര്‍ട്ടിയുടെ സ്ഥാപകാംഗങ്ങളിലൊരാളും തുര്‍ക്കി മുന്‍ വിദേശകാര്യ മന്ത്രിയും കെയ്‌റോയിലെ യു എന്‍ അംബാസിഡറുമായിരുന്ന യാസര്‍ യാക്കിസ്. തുര്‍ക്കിയുടെ സാമൂഹികശാസ്ത്രപരമായ തന്ത്രം മാതൃകയാക്കിയിരുന്നെങ്കില്‍ അറബ് വസന്തം നടന്ന രാജ്യങ്ങളില്‍ ഫലം കൂടുതല്‍ വ്യത്യസ്തമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

അഭിമുഖത്തില്‍ നിന്നും..
1. ഈജിപ്തില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു ?

ഭരണമെന്നത് തെരഞ്ഞെടുപ്പ് മാത്രമല്ല എന്ന വിഷയത്തില്‍ തുര്‍ക്കി അവര്‍ക്ക് മാതൃകയായിട്ടുണ്ടെങ്കിലും അവര്‍ അക്കാര്യത്തില്‍ വളരെ ദൂരം മുന്നോട്ട് പോയി. ഈജിപ്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെ തുര്‍ക്കിയും മറ്റു ലോക രാജ്യങ്ങളും  എങ്ങനെ നോക്കിക്കാണുന്നു എന്നതില്‍ വ്യത്യാസമുണ്ട്. സൈന്യം പരിധി ലംഘിച്ചു എന്നതാണ് തുര്‍ക്കിയുടെ പൊതു അഭിപ്രായമെങ്കില്‍ ലോകത്തിനു മൊത്തത്തില്‍ മറ്റൊരു വായനയാണുള്ളത്.

2. നമുക്കൊന്നു പുറകോട്ട് സഞ്ചരിക്കാം. എന്താണ് അറബ് വസന്തത്തെക്കുറിച്ച് താങ്കളുടെ നിരീക്ഷണം ?

തീര്‍ച്ചയായും സംഭവിക്കേണ്ടത് തന്നെയാണ് സംഭവിച്ചത്. പക്ഷെ ആ സന്ദര്‍ഭത്തിലാണ് നിങ്ങള്‍ എന്നോട് ഈ ചോദ്യം ചോദിച്ചതെങ്കില്‍ എല്ലാ സാധ്യതകളും ഉണ്ടായിരിക്കെ എനിക്ക് അത് നടക്കും എന്നു പറയാന്‍ കഴിയുമായിരുന്നില്ല. ബ്രദര്‍ഹുഡിന് ഭരണത്തില്‍ ഒരുതരത്തിലുമുള്ള അനുഭവസമ്പത്തുമില്ല. നിലവിലെ പ്രശ്‌നങ്ങള്‍ക്കപ്പുറത്താണ് ഈ കാര്യം. തുടക്കത്തില്‍ തന്നെ തഹ്‌രീര്‍ സ്‌ക്വയറില്‍ ഒരുമിച്ചു ചേര്‍ന്നവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ അശക്തരായിരുന്നു. സാമാന്യവല്‍കരണത്തിലൂടെ ഇതിനെ വിലയിരുത്താനുള്ള ഒരു പ്രവണത തുര്‍ക്കിയിലുണ്ട്. പക്ഷെ നാം നമ്മുടെ പ്രശ്‌നങ്ങള്‍ കാണാതിരുന്നുകൂടാ. ബ്രദര്‍ഹുഡിന് വോട്ട് ചെയ്തവരില്‍ ചിലര്‍ അവരുടെ പിന്തുണ പിന്‍വലിച്ചിട്ടുണ്ട്. പക്ഷെ സൈനിക ഇടപെടലുകള്‍ക്കിടയിലും ജനങ്ങള്‍ക്കിടയില്‍ പക്ഷംപിടിക്കലുകളുണ്ടാകുന്നുണ്ട് എന്ന് ഞാന്‍ ഊഹിക്കുന്നു. മുര്‍സി അനുകൂലികളും മുര്‍സി വിരുദ്ധരും എന്ന രീതിയില്‍ വിഭജിക്കപ്പെട്ട രാജ്യമായാണ് തുര്‍ക്കി ഈജിപ്തിനെ കാണാനാഗ്രഹിക്കുന്നത്. എന്നാല്‍ വ്യക്തമായ നിലപാടുകളോടെയുള്ള വിപ്ലവങ്ങള്‍ നടക്കുന്ന ഒരു സാഹചര്യം ഈജിപ്ഷ്യന്‍ രാഷ്ട്രീയ ഭൂപടത്തിലില്ല. സൈന്യത്തിന്റെ നിലപാട് തീര്‍ച്ചയായും ഭാവി തീരുമാനിക്കുമെന്ന് വിചാരിക്കാം. മുര്‍സിയെങ്ങാനും തിരിച്ചു വന്നാല്‍ താന്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടുമെന്ന് സൈനിക ജനറല്‍ അല്‍ സീസി വിചാരിക്കുന്നുണ്ടാകും. അതുകൊണ്ടു തന്നെ അദ്ദേഹം തിരിച്ചു വരാതിരിക്കാന്‍ അയാള്‍ക്ക് കഴിയുന്നതെല്ലാം അയാള്‍ ചെയ്യും.

3. ഈ വിഷയത്തില്‍ മുര്‍സിയെ തിരികെക്കൊണ്ടു വരാനുള്ള തുര്‍ക്കിയുടെ പ്രാഥമിക നടപടി യാഥാര്‍ഥ്യ ബോധമുള്ളതല്ല എന്ന് താങ്കള്‍ക്കഭിപ്രായമുണ്ടോ ?

നാം മുര്‍സിയുടെയും അല്‍ സീസിയുടെയും പ്രശ്‌നത്തെ താരതമ്യം ചെയ്യുക. അല്‍ സീസിക്ക് അധികാരം നഷ്ടപ്പെട്ടാല്‍ ചിലപ്പോള്‍ വധ ശിക്ഷയോ, ജീവപര്യന്തമോ ലഭിക്കാം. മുര്‍സിയുടെ കാര്യം അങ്ങനെയല്ല. അതുകൊണ്ടു തന്നെ അല്‍ സീസി അയാള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യും. തുര്‍ക്കിഈയൊരു വിഷയം വേണ്ടത്ര ശ്രദ്ധിച്ചില്ല.

4. അട്ടിമറി എന്ന് ഇതിനെ വിളിക്കുന്നതിനോട് താങ്കള്‍ക്ക് എന്തു തോന്നുന്നു?

ഇതൊരു അട്ടിമറിയാണെന്നതില്‍ ഒരു സംശയവുമില്ല. തങ്ങളുടെ ദേശീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് എല്ലാ രാജ്യങ്ങളും അവരുടെ വിലയിരുത്തലുകള്‍ നടത്തുക. യു എസിന്റെ കാര്യത്തിലും യൂറോപ്യന്‍ രാജ്യങ്ങളുടെ കാര്യത്തിലുമെല്ലാം അത് പ്രധാനമാണ്. അവരുടെ വിശകലനങ്ങളെയെല്ലാം ഇസ്‌ലാമോഫോബിയ എന്ന മുഖ്യ വിഷയം സ്വാധീനിച്ചതായി എനിക്കു തോന്നുന്നു.


5. അപ്പോള്‍ ബ്രദര്‍ഹുഡിന്റെ ഇസ്‌ലാമിക സ്വഭാവമാണോ പ്രശ്‌നം?

    
തീര്‍ച്ചയായും അത് അവര്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നുണ്ട്. കാരണം രാഷ്ട്രീയ ഇസ്‌ലാം അധികാരത്തില്‍ വരുന്നതിനോട് പടിഞ്ഞാറ് ഏറ്റവും അസഹിഷ്ണുത പുലര്‍ത്തുന്നു. ഈജിപ്തിന്റെ കാര്യത്തില്‍ ഇസ്‌റായേലിന്റെ സുരക്ഷയും അവിടുത്തെ കോപ്റ്റിക് ക്രിസ്ത്യാനികളുടെ കാര്യവും അവര്‍ മുഖ്യ കാര്യമായെടുത്തു. ഈ രണ്ടു വിഷയത്തിലും ബ്രദര്‍ഹുഡ് അധികാരത്തില്‍ വരുന്നത് പടിഞ്ഞാറിനിഷ്ടമല്ല.

6. രാഷ്ട്രീയ ഇസ്‌ലാം എന്ന കാഴ്ചപ്പാട് എത്രമാത്രം നീതീകരിക്കാവുന്നതാണ് ?
    
രാഷ്ട്രീയത്തില്‍ പരിപ്രേക്ഷ്യങ്ങള്‍ യാഥാര്‍ഥ്യങ്ങളെക്കാള്‍ പ്രധാനമാണ്. അത്തരമൊരു നീതീകരണത്തെക്കുറിച്ച ചര്‍ച്ച തന്നെ അതിനാല്‍ അപ്രസക്തവുമാണ്. ഏതൊരു പരിപ്രേക്ഷ്യമാണോ ഉള്ളത് അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണുണ്ടാകുക.

7. പക്ഷെ എ. കെ പാര്‍ട്ടിയുടെ പ്രകടനത്തില്‍ ചില കാര്യങ്ങളില്‍ ലഘൂകരണമുണ്ടായതായി തോന്നുന്നില്ലേ? എ. കെ. പിയെ രാഷ്ട്രീയ ഇസ്‌ലാമായി തന്നെയാണല്ലോ കാണുന്നത്?

ചിലത് ചെയ്യണം മറ്റു ചിലത് ചെയ്യരുത്. ഓക്‌സ്‌ഫോര്‍ഡില്‍ വച്ച് ഞാന്‍ മിഡിലീസ്റ്റിലെയും തുര്‍ക്കിയിലെയും രാഷ്ട്രീയ ഇസ്‌ലാമിനെ താരതമ്യം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇസ്‌ലാമോഫോബിയ വ്യാപിക്കുന്നതോടൊപ്പം തന്നെ തുര്‍ക്കി രാഷ്ട്രീയ ഇസ്‌ലാമിനോട് കൂടുതല്‍ അടുക്കുന്നതായി ഒരു ധാരണ അടുത്തിടെയായി വര്‍ദ്ധിക്കുന്നുണ്ട്.

8. രാഷ്ട്രീയ ഇസ്‌ലാമിനെ ജനാധിപത്യവുമായി കൂട്ടിച്ചേര്‍ക്കുന്ന പുതിയൊരു കാഴ്ചപ്പാടിന് എ. കെ പാര്‍ട്ടി രൂപം നല്‍കിയതായി താങ്കള്‍ കരുതുന്നുണ്ടോ?
    
ഒരര്‍ഥത്തില്‍ അത് ശരിയാണ്. പക്ഷെ വര്‍ഷങ്ങള്‍ കഴിയുന്തോറും ഈ കാഴ്ചപ്പാട് ദുര്‍ബലമായി വരുന്നുണ്ട്.

9. എന്തുകൊണ്ട്?
    
ഇസ്‌ലാമോഫോബിയ തന്നെ കാരണം. അതു പോലെതന്നെ ദൈവ ഭയമുള്ള ജനം അധികാരത്തില്‍ വരുമ്പോള്‍ അവര്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും.

10. എ. കെ പി ഒരു ഏകാധിപത്യ പാര്‍ട്ടിയായെന്ന വാദിക്കുന്നവരെക്കുറിച്ച്?
    
അത്തരം വാദമുള്ളവര്‍ക്ക് അവരുടെ വാദം ശരിയായിരിക്കാം.

11. തുര്‍ക്കിയിലെയും മറ്റു രാജ്യങ്ങളിലെയും രാഷ്ട്രീയ ഇസ്‌ലാമിനെ എങ്ങനെ താരതമ്യം ചെയ്യുന്നു എന്നു ചോദിച്ചാല്‍ താങ്കളുടെ ഉത്തരം?
    
തുര്‍ക്കിയില്‍ ഞങ്ങള്‍ രണ്ടു ധാരകളുണ്ടായിരുന്നു. പുരോഗമന ആശയക്കാരും, സങ്കുചിത ആശയക്കാരും. മതേതര ഭൂമിയില്‍ നമുക്കൊന്നും യുദ്ധം ചെയ്ത് നേടിയെടുക്കാനാകില്ലെന്ന് അബ്ദുല്ല ഗുല്‍ പറഞ്ഞു. പാര്‍ലിമെന്ററി രീതിയില്‍ ഞങ്ങള്‍ പരിശ്രമിച്ചു. ഞങ്ങള്‍ അധികാരത്തില്‍ നല്ല സ്‌ട്രോംഗ് ആയപ്പോള്‍ അതിനനുസരിച്ച് കാര്യങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങി. അത് വലിയ പ്രശ്‌നമായി കാണുന്നവരുമുണ്ട്.

12. അപ്പോള്‍ രാഷ്ട്രീയ ഇസ്‌ലാം വ്യവസ്ഥയുമായി തെറ്റുന്നതില്‍ നിന്നും ഒഴിവാകുന്നു എന്നതാണ് പ്രധാന വ്യത്യാസമായി താങ്കള്‍ കാണുന്നത് ?
    
ഒരു താരതമ്യത്തില്‍ മറ്റു മിഡിലീസ്റ്റ് രാജ്യങ്ങള്‍ക്ക് തുര്‍ക്കിയില്‍ സംഭവിച്ച ചില പുരോഗമനങ്ങള്‍ പ്രചോദനമായിട്ടുണ്ട് എന്നു കാണാം. അത്തരം പുരോഗതികള്‍ എ. കെ പാര്‍ട്ടിയുടെ വകയായുള്ളതാണ്. അതിനെ അത്തരത്തില്‍ സ്വീകരിച്ചാല്‍ തുര്‍ക്കിയെപ്പോലെ അവര്‍ക്കും മാറ്റം സൃഷ്ടിക്കാന്‍ കഴിയും.    ഈജിപ്തിലെ തെരുവുകളില്‍ നിങ്ങള്‍ക്ക് മതേതര കക്ഷികളെക്കാണാം. അവര്‍ സ്വതന്ത്രരാണ്. തുര്‍ക്കിയില്‍ നിങ്ങളുടെ നിയമങ്ങള്‍ക്ക് മേല്‍ മതത്തിന്റെ പിടുത്തമില്ല. എന്നാല്‍ ഈജിപ്ഷ്യന്‍ ഭരണഘടനയിലെ ഒരു അനുഛേദം തന്നെ ശരീഅത്തിനു വിരുദ്ധമായി അവിടെ ഒരു നിയമം പ്രാവര്‍ത്തികമാക്കാന്‍ പാടില്ല എന്നാണ്. അടുത്തകാലത്തായി ചില പാര്‍ട്ടികളൊഴിച്ച് എല്ലാവരും ആ അനുഛേദം പരിഷ്‌കരിക്കണമെന്നാവശ്യപ്പെടുന്നു. നിങ്ങള്‍ തുര്‍ക്കിയെയും ഈജിപ്തിനെയും താരതമ്യം ചെയ്യുമ്പോള്‍ അവര്‍ ഒരു മതേതര ഭരണഘടന ഉണ്ടാക്കിയെങ്കില്‍ ഇപ്പോഴുള്ളതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയില്‍ അവര്‍ക്ക് എത്താന്‍ സാധിക്കുമായിരിക്കും. അവര്‍ മതേതരത്വവുമായി ഉടക്കി നില്‍ക്കുകയാണ്. മതേതരത്വം വ്യത്യസ്തമായ ഫലങ്ങള്‍ നമുക്ക് തരുന്ന സാധ്യതയാണ്. അറബ് വസന്തത്തിനു ശേഷവും അറബ് രാജ്യങ്ങള്‍ അത് മനസ്സിലാക്കുന്നില്ല.

13. അപ്പോള്‍ മതേതരത്വമാണ് തുര്‍ക്കിയെ വ്യതിരിക്തമാക്കുന്നതെന്നാണോ?
    
തീര്‍ച്ചയായും. അന്ന് ഞങ്ങള്‍ നടത്തിയ പൊതു സര്‍വേയില്‍ 46% പേരും നിലവിലെ അവസ്ഥയില്‍ അസംതൃപ്തരായിരുന്നു. ഞങ്ങള്‍ ഈ ജനങ്ങളോട് സംസാരിക്കാന്‍ തീരുമാനിച്ചു. ഞാനുള്‍പ്പെടെ 6 പേരാണ് പാര്‍ട്ടി പരിപാടികള്‍ തയ്യാറാക്കിയത്. ഞങ്ങള്‍ എവിടെയും മതം പരാമര്‍ശിച്ചില്ല. അപ്പോള്‍ ജനങ്ങള്‍ തൊഴിലില്ലായ്മയും സുരക്ഷയും മറ്റുമൊക്കെ ബന്ധപ്പെട്ട അവരുടെ അസംതൃപ്തി അറിയിച്ചു. അതേസമയം ഹിജാബ് വിഷയം അന്ന് കത്തി നില്‍ക്കുകയായിരുന്നു. പക്ഷെ ആരും അതൊരു പ്രശ്‌നമായി ഞങ്ങളുടെ സര്‍വേയില്‍ ഉന്നയിച്ചില്ല. ഈ മുന്‍ഗണനകള്‍ മുന്നില്‍ വച്ചുകൊണ്ടാണ് ഞങ്ങള്‍ പരിപാടി കണ്ടത്. 34 ശതമാനത്തോടെ എ. കെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു.

14. എ. കെ പിയും ബ്രദര്‍ഹുഡും തമ്മിലുള്ള ബന്ധം എങ്ങനെ?

രണ്ടു പാര്‍ട്ടികളും ഒരേ ആശയക്കാരാണ്. രണ്ടും രണ്ടു ശൈലിയില്‍ പ്രവര്‍ത്തിക്കുന്നു എന്നത് തികച്ചും സ്വാഭാവികമാണ്.
വിവ : അത്തീഖുറഹ്മാന്‍

Related Articles