Current Date

Search
Close this search box.
Search
Close this search box.

യേശുവിനെ നഷ്ടപ്പെടാതെ ഞാന്‍ മുഹമ്മദിനെ നേടി

വെസ്റ്റ്ബാങ്കിലെ ചെറുപട്ടണമായ ഡുറയില്‍ വെച്ച് readingIslam.com മന്വേല മിരേലയുമായി നടത്തിയ ശ്രദ്ദേയമായ കൂടിക്കാഴ്ച്ചയാണിത്.  ഇസ്‌ലാം സ്വീകരിച്ച വനിതയായ മന്വേല മിരേലയുടെ ഭര്‍ത്താവ് വലീദ് സുലൈമാന്‍ എന്ന ഫലസ്തീനിയാണ്. വിവാഹത്തിന് ശേഷമാണ് അവര്‍ ഇസ്‌ലാം സ്വീകരിച്ചതെന്നത് വളരെ ശ്രദ്ധേയമാണ്. ലോകസഞ്ചാരിയും തെക്കന്‍ വെസ്റ്റ് ബാങ്കിലെ പ്രമുഖ ഇസ്‌ലാമിക പ്രബോധകനുമാണ് വലീദ്. സമാധാനം പ്രചരിപ്പിക്കുന്നതിനും യുദ്ധത്തെ നിരുത്സാഹപ്പെടുത്തുന്നതിനുമായി ഏഴു വര്‍ഷം നീണ്ട ലോകപര്യടനത്തിന്റെ ഭാഗമായി നടത്തിയ യാത്രയില്‍ നൂറില്‍പരം രാഷ്ട്രങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. റുമേനിയയിലെ ബുക്കാറെസ്റ്റില്‍ വെച്ച് 1991-ലാണ് അവരിരുവരും വിവാഹിതരാകുന്നത്. തുടര്‍ന്നുള്ള ഇറാന്‍ സന്ദര്‍ശന വേളയിലാണ് മിരേല ഇസ്‌ലാം സ്വീകരിച്ചത്.

? വ്യക്തി പരിചയം
– ‘ഞാന്‍ മന്വേല മിരേല. എന്റെ മാതാപിതാക്കളുടെ ഏകമകള്‍. വളരെ സുന്ദരവും സമാധാന പൂര്‍ണ്ണവുമായിരുന്നു ബുക്കാറെസ്റ്റിലെ എന്റെ കുട്ടിക്കാലം. രക്ഷിതാക്കളോടൊപ്പം റുമേനിയയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ ഞാന്‍ യാത്ര ചെയ്യാറുണ്ടായിരുന്നു. സ്‌കൂളിലും കോളേജിലും ഉയര്‍ന്ന പഠനനിലവാരം ഞാന്‍ കാത്തു സൂക്ഷിച്ചിരുന്നു. അത്രയൊന്നും മതനിഷ്ഠ പുലര്‍ത്താത്ത ഒരു യാഥാസ്ഥിക ക്രിസ്ത്യന്‍ കുടുംബമായിരുന്നു എന്റേത്. അതേസമയം ദൈവം ഉണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നവരായിരുന്നു ഞങ്ങള്‍.’
‘അധിനിവിഷ്ട ഫലസ്തീനിലെ ഒരു മുസ്‌ലിമിനെയാണ് ഞാന്‍ വിവാഹം ചെയ്തത്. എന്റെ ഇസ്‌ലാം സ്വീകരണത്തിന് ഞാനദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ജോര്‍ദ്ദാന്‍, സിറിയ, ഇറാന്‍, പാകിസ്ഥാന്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ മുസ്‌ലിം രാജ്യങ്ങളിലെ പര്യടനത്തെ തുര്‍ന്ന് ഇസ്‌ലാം സ്വീകരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. 1991-ല്‍ ഇറാനില്‍ വെച്ച് ഞാന്‍ ശഹാദത്ത് ചൊല്ലി ഇസ്‌ലാം പ്രഖ്യാപിക്കുകയും ചെയ്തു.’

? നിങ്ങളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ച്  സവിശേഷമായ കാരണങ്ങള്‍
– ഇസ്‌ലാമിന്റെ പ്രാമാണിക വ്യക്തത ഏറ്റവും ആകര്‍ഷണീയമായ ഒന്നാണ്. ക്രിസ്തുമതത്തിലെ ത്രിയേകത്വം അവ്യക്തവും സംശയമുണ്ടാക്കുന്നതും മനസിലാക്കാന്‍ വളരെയധികം പ്രയാസമുള്ളതുമായ ഒന്നാണ്. ഇസ്‌ലാമില്‍ നമുക്കത് കാണാന്‍ സാധിക്കില്ല. പരിപൂര്‍ണ്ണമായ ഏകദൈവത്വമാണ് അത് പഠിപ്പിക്കുന്നത്. അതിലുപരിയായി മുസ്‌ലിംകള്‍ ക്രിസ്ത്യാനികളെക്കാള്‍ ഗൗരവത്തില്‍ മതകാര്യങ്ങളില്‍ നിഷ്ഠ പുലര്‍ത്തുന്നതായിട്ടാണ് ഞാന്‍ കണ്ടത്. അതിനുദാഹരണായി ദിനേനയുള്ള അഞ്ച് നേരത്തെ നമസ്‌കാരം. അതേസമയം ക്രിസ്ത്യാനികള്‍ ഞായറായഴ്ചകളില്‍ മാത്രമാണ് പള്ളിയില്‍ പോകുന്നത്. പോകുന്നവര്‍ അധികവും പ്രായംചെന്നവരുമാണ്. അപ്രകാരം തന്നെ മറ്റു മതങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ വളരെ ശക്തമാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു. മുസ്‌ലിം രാജ്യങ്ങള്‍ സന്ദര്‍ശിച്ച വേളയില്‍ -പ്രത്യേകിച്ചും ഏഷ്യയില്‍- അവിടെയുള്ള മുസ്‌ലിംകള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ മറ്റുള്ളവയേക്കാള്‍ വൃത്തിയായി കിടക്കുന്നതും ഞാന്‍ ശ്രദ്ധിച്ചു.

? ഇസ്‌ലാം സ്വീകരിക്കാനുള്ള നിങ്ങളുടെ തീരുമാനത്തോടുള്ള കുടുംബത്തിന്റെ പ്രതികരണം എന്തായിരുന്നു
– ഞാന്‍ ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പ് എന്റെ പിതാവ് മരണപ്പെട്ടിരുന്നു. എന്റെ അമ്മ ഒരിക്കലും ഈ വിഷയം എന്നോട് ചര്‍ച്ച ചെയ്തിട്ടുമില്ല. ഞാന്‍ സന്തോഷത്തോടെ ജീവിക്കുക എന്നത് മാത്രമായിരുന്നു അവരുടെ താല്‍പര്യം. അത്‌കൊണ്ട് തന്നെ ഇസ്‌ലാമാശ്ലേഷണം എന്റെ മാതാവുമായുള്ള ബന്ധത്തില്‍ യാതൊരു പ്രയാസവും സൃഷ്ടിച്ചില്ല എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. അവര്‍ ഫലസ്തീനില്‍ എന്നെ സന്ദര്‍ശിക്കുകയും കുട്ടികളോടൊപ്പം കളികളിലേര്‍പ്പെടുകയും ചെയ്തിരുന്നു. എന്റെ തീരുമാനത്തില്‍ അവര്‍ക്ക് അതൃപ്തിയുണ്ടെന്ന് നേരിട്ടോ അല്ലാതെയോ സൂചിപ്പിച്ചിട്ടില്ല.
? ഇസ്‌ലാമിനെയും ക്രിസ്തുമതത്തെയും താരതമ്യപ്പെടുത്തുകയും പഠിക്കുകയും ചെയ്തപ്പോള്‍ ക്രിസ്തുമതത്തിലില്ലാത്ത സവിശേഷമായ വല്ലതും ഇസ്‌ലാമില്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടോ.
– ഇസ്‌ലാം എല്ലാ പ്രവാചകന്‍മാരെയും ദൈവദൂതന്‍മാരെയും ആദരിക്കുകയും പരിഗണിക്കുകയും ചെയ്യുന്നു. ആര്‍ക്കും മറ്റാരേക്കാളും മേല്‍ക്കോയ്മ കല്‍പ്പിക്കുന്നുമില്ല. ഒരു മുസ്‌ലിം ആയതിലൂടെ യേശുവിനെ നഷ്ടപ്പെടാതെ തന്നെ മുഹമ്മദിനെ(സ) നേടാന്‍ സാധിച്ചു എന്നെനിക്ക് പറയാന്‍ സാധിക്കും. യേശുവിനെ സ്‌നേഹിക്കുന്ന ഒരാള്‍ക്ക് ആ സ്‌നേഹം നിലനിര്‍ത്തികൊണ്ട് തന്നെ ഇസ്‌ലാം സ്വീകരിക്കാന്‍ സാധിക്കുമെന്നത് ശ്രദ്ധേയമായ കാര്യമാണ്. കാരണം എല്ലാ പ്രവാചകന്‍മാരെയും സ്‌നേഹിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

? ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പ് ഇസ്‌ലാമിനെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്തായിരുന്നു.
-: മുസ്‌ലിം സ്ത്രീകള്‍ പൊതുവെ അടിമകളാക്കപ്പെട്ടിരിക്കുന്നവരാണെന്നും, എല്ലാ മുസ്‌ലിം പുരുഷനും നാല് ഭാര്യമാരുണ്ടായിരിക്കുമെന്നായിരുന്നു മുമ്പ് ഞാന്‍ ധരിച്ചിരുന്നത്. എന്നാല്‍ മുസ്‌ലിം പുരുഷന്‍ തന്റെ കുടുംബത്തെ സാധാരണ പാശ്ചാത്യരേക്കാള്‍ പരിഗണിക്കുന്നവനാണെന്ന് പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു. അതിലുപരിയായി മുസ്‌ലിംകള്‍ ആതിഥ്യമര്യാദയുള്ളവരും ധീരരും മഹാമനസ്‌കരുമായ ആളുകളാണെന്ന് മുസ്‌ലിം രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനങ്ങളില്‍ നിന്നും ഞാന്‍ തിരിച്ചറിഞ്ഞു. നമുക്ക് സഹായം ആവശ്യമായ സന്ദര്‍ഭങ്ങളില്‍ സഹായിക്കുന്നതില്‍ നിന്ന് അവരൊരിക്കലും ഒഴിഞ്ഞ് മാറിയിരുന്നില്ല.
? സാധാരണ മുസ്‌ലിം സ്ത്രീ അടിച്ചമര്‍ത്തപ്പെട്ടവളാണെന്ന വ്യാപകമായ തെറ്റിദ്ധാരണ പാശ്ചാത്യ ലോകത്ത് നിലനില്‍ക്കുന്നുണ്ട്. അതിനെ കുറിച്ച് എന്ത് പറയുന്നു.
– വളരെ വ്യാപകമായിട്ടുള്ള ഒരു തെറ്റിദ്ധാരണ തന്നെയാണത്. അവര്‍ ശരിയായ ഇസ്‌ലാമിനെ മനസിലാക്കാത്തതാണ് അതിന്റെ കാരണം. ഇസ്‌ലാമിനെ കുറിച്ച് അവര്‍ക്ക് അറിവില്ലാത്തതും തെറ്റായതുമായ വിവരങ്ങള്‍ മനസിലാക്കിയതാണ് അവരുടെ പ്രശ്‌നം. നാമമാത്ര മുസ്‌ലിംകളായ ചിലരില്‍ നിന്നുണ്ടാകുന്ന അനിസ്‌ലാമികമായ പെരുമാറ്റങ്ങളാണ് അതിന്റെ കാരണം, പ്രത്യേകിച്ചും അവര്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്ന അവസരങ്ങളിലത് ശ്രദ്ധിക്കപ്പെടുന്നു. പാശ്ചാത്യ ലോകത്തെ ആധുനിക സ്ത്രീ അനിയന്ത്രിതമായ പാശ്ചാത്യ ഭൗതിക നാഗരികതയുടെ ഇരയാണെന്നത് വളരെ വ്യക്തമാണ്. സ്ത്രീ സ്വാതന്ത്യത്തിനായി പാശ്ചാത്യ ലോകം വാദിക്കുന്നുണ്ടെങ്കിലും, കാര്യങ്ങളെ വളരെ അടുത്തും ആഴത്തിലും പരിശോധിച്ചാല്‍ മനുഷ്യത്വ രഹിതമായ സമീപനമാണവര്‍ സ്വീകരിക്കുന്നതെന്ന് വ്യക്തമാണ്. അവളെ കേവലം വില്‍പന ചരക്കും ലൈംഗിക മാധ്യമവും മാത്രമാക്കി അവര്‍ ഒതുക്കിയിരിക്കുന്നു. ഇക്കാലയളവിലെ ഇസ്‌ലാമിലെ എന്റെ ജീവിതത്തില്‍ നിന്ന് ഞാന്‍ തിരിച്ചറിയുന്നത് ഇസ്‌ലാമിനെ പോലെ മറ്റൊരു മതവും സ്ത്രീയെ ആദരിച്ചിട്ടില്ലെന്നു തന്നെയാണ്.

? ഫലസ്തീനിലെയും മറ്റ് സ്ഥലങ്ങളിലെയും സ്ത്രീകള്‍ക്കായി എന്തെങ്കിലും ഉപദേശം നിങ്ങള്‍ക്ക് നല്‍കാനുണ്ടോ.
– മുസ്‌ലിം സഹോദരിമാരോട്, പ്രത്യേകിച്ചും അറബ് ലോകത്തുള്ള സ്ത്രീകളോടാണ് എനിക്ക് പറയാനുള്ളത്. നിങ്ങളൊരിക്കലും പാശ്ചാത്യന്‍ സ്ത്രീകളെ അനുകരിക്കുന്നവരാകരുത്. നിങ്ങളെ സന്തുഷ്ടയാക്കുന്നതിനുള്ള എല്ലാ കാര്യങ്ങളും ഇസ്‌ലാം നല്‍കുന്നുണ്ട്. ശാന്തമായ ജീവിതം നയിക്കുന്നതിന് നിങ്ങളെയത് സഹായിക്കുകയും ചെയ്യുന്നു. അന്ധമായ അനുകരണത്തിന് പുറകെ നിങ്ങളൊരിക്കലും പോകരുത്. നിങ്ങള്‍ ആത്മവിശ്വാസം കൈവെടിയരുത്. പാശ്ചാത്യ ലോകത്തുള്ള എല്ലാം മോശമാണെന്ന് ഞാന്‍ പറയുന്നില്ല. ഒട്ടേറെ നല്ല കാര്യങ്ങള്‍ അവരിലുണ്ട്. അവര്‍ സമയത്തിന് നല്‍കുന്ന വിലയും പ്രാധാന്യവും പോലുള്ള ധാരാളം നല്ല കാര്യങ്ങള്‍ അവരിലുണ്ട്. അതോടൊപ്പം തന്നെ സ്ത്രീയുടെ മൂല്യത്തെ നശിപ്പിക്കുന്ന തെറ്റായ പ്രവണതകളും അവരിലുണ്ട്. അതുകൊണ്ട് പാശ്ചാത്യ ലോകത്തെ അനുകരിക്കുന്നതിന് പുറകെ നിങ്ങളൊരിക്കലും പോകരുത്.

? അതിശക്തമായ സൈനിക അധിനിവേശം നടക്കുന്ന സ്ഥലത്താണ് നിങ്ങള്‍ താമസിക്കുന്നത്. നിങ്ങളതില്‍ എങ്ങനെ ജീവിക്കുന്നു? കൂടുതല്‍ ആശ്വാസകരമായ ജീവിതം നയിക്കുന്നതിന് റുമേനിയയിലേക്കുള്ള തിരിച്ച് പോക്കിനെ കുറിച്ച് നിങ്ങള്‍ ആലോചിക്കുന്നുണ്ടോ.
– ഇവിടെ ധാരാളം പ്രതിസന്ധികളുണ്ടെന്നത് ശരി തന്നെയാണ്. അധിനിവേശം ഉണ്ടാക്കിയ ഒട്ടേറെ നിയന്ത്രണങ്ങള്‍ സ്വാതന്ത്ര്യത്തിന് തടസ്സമായി ഇവിടെ നിലനിര്‍ക്കുന്നുണ്ട്. എന്നാല്‍ ഈ ലോകത്തെ ഞങ്ങളുടെ ക്ഷമക്കും സഹനത്തിനും പരലോകത്ത് പ്രതിഫലം ലഭിക്കുമെന്ന ഉറച്ച ബോധ്യമുണ്ട്. ക്ഷമക്കുള്ള പ്രതിഫലം സ്വര്‍ഗമാണെന്ന് അല്ലാഹു വിവരിച്ചിട്ടുമുണ്ട്.
വിവ. അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles