Current Date

Search
Close this search box.
Search
Close this search box.

‘മ്യാന്‍മര്‍ ഭരണകൂടം അറാകാന്‍ ഒരു ജയിലാക്കി മാറ്റി’

ആദര്‍ശം ഇസ്‌ലാമായതിന്റെ പേരില്‍ വലിയ വില നല്‍കേണ്ടി വന്നവരാണ് അറാകാനിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍.  കൂട്ടകുരുതികളിലൂടെയും ആട്ടിയോടിച്ചും ബുദ്ധന്‍മാര്‍ അവരോട് പകപോക്കുന്നത് തുടരുകയാണ്. ബുദ്ധ സന്യാസിമാരുടെയും വര്‍ഗീയ സംഘടനകളുടെയും പ്രേരണയാലാണിവയെല്ലാം നടക്കുന്നത്. ഏതെങ്കിലും രൂപത്തില്‍ റോഹിങ്ക്യക്കാര്‍ ഇല്ലാതാകാണമെന്നു തന്നെയാണ്  മ്യാന്‍മര്‍ സര്‍ക്കാറും ആഗ്രഹിക്കുന്നത്. അവര്‍ രാജ്യത്തെ അടിസ്ഥാന പൗരന്‍മാരല്ലെന്ന് മ്യാന്‍മര്‍ പ്രസിഡന്റ് തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് അറാകാന്‍ ഒരു ജയിലായി മാറിയത്. അതിന്റെ പടിഞ്ഞാറ് ഇരുമ്പ് വേലിയാലും മറ്റ് മൂന്ന് വശങ്ങള്‍ പ്രകൃത്യായുള്ള പര്‍വ്വത നിരകളാലും ഭദ്രമാക്കിയ ഒരു ജയില്‍ തന്നെയാണത്. റോഹിങ്ക്യന്‍ ന്യൂസ് ഏജന്‍സി അധ്യക്ഷന്‍ അതാഉല്ലാ നൂര്‍ ‘അല്‍-മുജ്തമഅ്’ വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്…

? മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ ചരിത്രത്തില്‍ നിന്നും തുടങ്ങാം..?
– അറബ്, തുര്‍ക്കി, പേര്‍ഷ്യന്‍, ചൈന പാരമ്പര്യമുള്ളവരാണ് റോഹിങ്ക്യന്‍ മുസ്‌ലിംകള്‍. ഏഷ്യയുടെ തെക്ക് കിഴക്കന്‍ പ്രദേശമായ അറാകാനിലാണ് 1500 വര്‍ഷമായി അവര്‍ ജീവിക്കുന്നത്. ബംഗ്ലാദേശ്, ഇന്ത്യ, ചൈന, മ്യാന്‍മര്‍ എന്നീ രാജ്യങ്ങള്‍ക്കിടയിലാണ് അറാകാന്റെ സ്ഥാനം. ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ ഖലീഫ ഹാറൂന്‍ റശീദിന്റെ കാലത്ത് അറബികളായ കച്ചവടക്കാര്‍ മുഖേനയാണ് അവിടെ ഇസ്‌ലാം എത്തുന്നത്. 55 മില്ല്യന്‍ വരുന്ന മ്യാന്‍മര്‍ ജനസംഖ്യയില്‍ അഞ്ച് മില്ല്യനില്‍ കൂടുതല്‍ രോഹിങ്ക്യന്‍ മുസ്‌ലിംകളാണ്.
റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ മുഖ്യ തൊഴില്‍ കൃഷിയാണ്. മരക്കച്ചവടം, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവയുടെ വില്‍പനക്കാരും അവരിലുണ്ട്. രാഷ്ട്രീയ രംഗത്ത് നിന്നും അവരെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. വിദ്യാഭ്യാസ – ഉദ്യോഗ രംഗങ്ങളിലും അവര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നു. ഹയര്‍ സെക്കന്ററി തലത്തില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകളെ പഠിക്കാന്‍ പോലും അനുവദിക്കുന്നില്ല. ഏതെങ്കിലും തരത്തില്‍ ഹയര്‍സെക്കന്ററി തലത്തില്‍ പ്രവേശനം ലഭിച്ചാല്‍ തന്നെ അവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയുമില്ല. അതിനെ മറികടക്കാനുള്ള ഏകമാര്‍ഗം മ്യാന്‍മറിന്റെ മറ്റേതെങ്കിലും ഭാഗത്തേക്ക് കടക്കുകയെന്നത് മാത്രമാണ്. അത്തരത്തില്‍ പഠിക്കാന്‍ പറ്റിയ സ്ഥലമാണ് മുന്‍ തലസ്ഥാനമായ യാങ്കൂണ്‍. അവിടെ കോളേജുകളില്‍ നിന്നവര്‍ക്ക് ഡിഗ്രി നേടിയെടുക്കാം.പക്ഷെ, പേരടക്കമുള്ള ഇസ്‌ലാമിക ചിഹ്നങ്ങളൊന്നും ഉപയോഗിക്കാന്‍ പാടില്ലെന്ന നിബന്ധനയോട് കൂടി മാത്രമേ അവിടെ പഠിക്കാനാവൂ.

? റോഹിങ്ക്യക്കാര്‍ നേരിട്ട ദുരിതങ്ങളെ കുറിച്ച് വിവരിക്കാമോ?
– റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ ഇരുപതില്‍ പരം കൂട്ടകശാപ്പുകള്‍ക്കും ആട്ടിയോടിക്കലുകള്‍ക്കും വിധേയരായി. അനേകം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ പല നാടുകളിലുമായി കഴിയുന്നു. രണ്ടര ലക്ഷം പേര്‍ ഇപ്പോഴും ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. അവരുടെയെല്ലാം യാഥാര്‍ഥ അവസ്ഥ അല്ലാഹുവിന് മാത്രമേ അറിയൂ. അതുപോലെ പാകിസ്താനിലും മലേഷ്യയിലും സൗദിയിലും യു.ഐ.ഇ യിലും കഴിയുന്നവരുണ്ട്. അവരില്‍ വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളവര്‍ അവരുടെ പ്രയാസങ്ങള്‍ വ്യത്യസ്ത മാധ്യമങ്ങളിലൂടെ ലോകത്തോട് പറയുന്നുണ്ട്. കുറച്ച് മുമ്പ് ഐക്യരാഷ്ട്ര സഭ ഈ ദുരന്തം തിരിച്ചറിഞ്ഞിട്ടുണ്ട്. ലോകത്ത് തന്നെ ഏറ്റവും അധികം പീഡനത്തിനിരയായവരാണവരെന്ന് ഐക്യരാഷ്ട്ര സഭ വിശദീകരിക്കുകയും ചെയ്തു.
പീഡനങ്ങള്‍ക്കും ആട്ടിയോടിക്കലുകള്‍ക്കും പുറമെ രാജ്യത്തെ സൈന്യത്തിന്റെയും ഭരണകൂടത്തിന്റെയും ഭാഗത്ത് നിന്നും പക്ഷപാതപരമായ പെരുമാറ്റമാണ് റോഹിങ്ക്യകള്‍ നേരിടുന്നത്. പൗരത്വം, വോട്ടവകാശം, ഉന്നത വിദ്യാഭ്യാസം, ഗവണ്‍മെന്റ് ഉദ്യോഗം തുടങ്ങിയ കാര്യങ്ങളെല്ലാം റോഹിങ്ക്യകള്‍ക്ക് വിലക്കിയിരിക്കുകയാണ്. ആരാധനകള്‍ അനുഷ്ഠിക്കാനോ മതചിഹ്നങ്ങള്‍ വഹിക്കാനോ അവര്‍ക്ക് അനുവാദമില്ല. പുതിയ പള്ളികള്‍ ഉണ്ടാക്കുന്നത് പോയിട്ട് നിലവിലുള്ള പള്ളികളുടെ അറ്റകുറ്റ പണി പോലും ചെയ്യാന്‍ അനുവാദമില്ല. ഒരു റോഹിങ്ക്യന്‍ യുവാവിന് വിവാഹം കഴിക്കണമെങ്കില്‍ മുപ്പത് വയസ്സ് പൂര്‍ത്തിയാകണം. യുവതിയാണെങ്കില്‍ 25 വയസ്സും. അവളുടെ ഭര്‍ത്താവ് മരണപ്പെട്ടാല്‍ പിന്നീടവള്‍ വിവാഹത്തെ കുറിച്ച് സ്വപ്‌നം കാണാന്‍ പോലു പാടില്ല. അപ്രകാരം തന്നെ മൂന്നോ നാലോ കുട്ടികള്‍ മാത്രമേ റോഹിങ്ക്യന്‍ ദമ്പതികള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ളൂ. ഓരോ മൂന്ന് മാസം കൂടുമ്പോഴും ഉദ്യോഗസ്ഥര്‍ അവരുടെ വീടുകളില്‍ കയറി പരിശോധിച്ച് ഇക്കാര്യങ്ങളെല്ലാം ഉറപ്പ് വരുത്തും.
കത്തി, വാള്‍, കഠാരി തുടങ്ങിയവ വളരെ അത്യാവശ്യമുള്ളവ മാത്രമേ അവര്‍ക്ക് കൈവശം വെക്കാന്‍ അനുവാദമുള്ളൂ. ഒരിക്കല്‍ മ്യാന്‍മറിന് പുറത്തേക്ക് കടക്കാന്‍ അനുവാദം ലഭിച്ചവര്‍ക്ക് തിരിച്ച് വരാനുള്ള അനുവാദമില്ല. അടുത്ത ഗ്രാമത്തില്‍ പോയി താമസിക്കണമെങ്കില്‍ പോലും പ്രത്യേക പെര്‍മിഷന്‍ എടുത്തിരിക്കണം. മ്യാന്‍മറിന്റെ തന്നെ മറ്റു നഗങ്ങളില്‍ സഞ്ചരിക്കാന്‍ പോലും റോഹിങ്ക്യകള്‍ക്ക് അനുവാദമില്ല. റോഡുകളുടെയും സൈനിക ക്യാമ്പുകളുടെയും നിര്‍മ്മാണത്തിനും വലിയ കുന്നുകള്‍ നിരത്താനും അവരെ ഗവണ്‍മെന്റ് ഉപയോഗപ്പെടുത്താറുണ്ട്. എന്നാല്‍ അതിന് യാതൊരു പ്രതിഫലവും നല്‍കില്ലെന്നു മാത്രമല്ല, കൊള്ളകള്‍ക്കും ബലാല്‍സംഗത്തിനും അവരെ ഇരയാക്കുകയും ചെയ്യും. അവര്‍ ഏതെങ്കിലും കേസില്‍ പരാതിനല്‍കിയാലും നീതി അവര്‍ക്ക് കിട്ടാറില്ല. കാര്യം എന്തു തന്നെയായാലും മ്യാന്‍മറിലെ സത്യം ബുദ്ധന്‍മാര്‍ പറയുന്നത് മാത്രമായി മാറും.

? റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് മുസ്‌ലിം സംഘടനകളില്‍ നിന്ന് എന്തെങ്കിലും സഹായം ലഭിക്കുന്നുണ്ടോ? ഏത് തരത്തിലുള്ള സഹായമാണ് ലഭിക്കുന്നത്?
– റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ സഹായത്തിനായി ചില മുസ്‌ലിം സംഘടനകള്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ബംഗ്ലാദേശിന്റെയും മ്യാന്‍മറിന്റെയും അതിര്‍ത്തിയിലുള്ള അഭയാര്‍ഥി ക്യാമ്പുകളില്‍ മാത്രമാണ് അവയുടെ സഹായം. ഭക്ഷ്യവസ്തുക്കളുടെ വിതരണം, പള്ളികള്‍, സ്‌കൂളുകള്‍, ചെറിയ കുടിലുകള്‍ തുടങ്ങിയവയുടെ നിര്‍മാണം അനാഥ സംരക്ഷണം പോലുള്ള കാര്യങ്ങളാണ് അവ നിര്‍വഹിക്കുന്നത്. അറാകാന്റെ ഉള്ളില്‍ ഒരു സഹായവും ചെയ്യാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. കാരണം മ്യാന്‍മര്‍ ഭരണകൂടം അറാകാന്‍ അടച്ചു പൂട്ടപ്പെട്ട ഒരു ജയിലാക്കി മാറ്റിയിരിക്കുന്നു എന്നത് തന്നെയാണ്. മൂന്ന് വശവും പ്രകൃതിദത്തമായ പര്‍വത നിരകളാല്‍ ചുറ്റപ്പെട്ട അതിന്റെ പടിഞ്ഞാറ് വശം ഇരുമ്പു വേലിയും മറച്ചിരിക്കുന്നു. മുസ്‌ലിംകളെ സംബന്ധിച്ചടത്തോളം ഒരു വലിയ ജയിലാണത്. യാതൊരു തരത്തിലുള്ള സഹായവും അവര്‍ക്ക് നല്‍കാന്‍ ഭരണകൂടം അനുവദിക്കുകയില്ല. ഇലക്ട്രോണിക് ഉപകരണങ്ങളോ കാമറകളോ പോലും അവിടേക്ക് പ്രവേശിപ്പിക്കുകയില്ല. മാധ്യമങ്ങളില്‍ നിന്ന് യഥാര്‍ഥ ചിത്രം മറച്ചു വെക്കുന്നതിനാണത്. അതുകൊണ്ട് തന്നെ ഇസ്‌ലാമിക സംഘടനകള്‍ക്ക് അറാകാനിനകത്തുള്ള മുസ്‌ലിംകളെ സഹായിക്കാന്‍ കഴിയുന്നില്ല.

? റോഹിങ്ക്യക്കാരുടെ പ്രശ്‌നത്തോട് മ്യാന്‍മര്‍ കേന്ദ്രഭരണകൂടം എന്ത് നിലപാടാണ് സ്വീകരിക്കുന്നത്? അതില്‍ മുസ്‌ലിംകള്‍ തൃപ്തരാണോ?
– 1962-ലെ പട്ടാള ഭരണകൂടത്തിന്റെ കാലം മുതല്‍ വളരെ ആസൂത്രിതമായി ഒരുക്കിയിരിക്കുന്ന പദ്ധതിയാണ് റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്നത്. അന്നു മുതല്‍ നടന്ന് കൊണ്ടിരിക്കുന്ന കാര്യങ്ങളെല്ലാം പ്രസ്തുത പദ്ധതിയുടെ ഭാഗം തന്നെയാണ്. മ്യാന്‍മറില്‍ നിന്നു തന്നെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പിഴുതെറിയാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. സവിശേഷമായ രീതിയില്‍ അറാകാനില്‍ നടന്നു കൊണ്ടിരിക്കുന്നത് അത് തന്നെയാണ്. കേന്ദ്രഭരണകൂടവും അത് തന്നെയാണിപ്പോള്‍ ചെയ്യുന്നത്. ഏതെങ്കിലും രൂപത്തില്‍ റോഹിങ്ക്യക്കാരെ ഒഴിവാക്കുക മാത്രമാണ് ഭരണകൂടം ഉദ്ദേശിക്കുന്നത്. മ്യാന്‍മര്‍ പ്രസിഡന്റ് തെയ്ന്‍ സീന്‍ കഴിഞ്ഞ ജൂലൈയില്‍ നടത്തിയ പ്രസ്താവന അതാണ് വ്യക്തമാക്കുന്നത്. റോഹിങ്ക്യക്കാര്‍ രാജ്യത്തെ അടിസ്ഥാന വംശമല്ല, അതിനാല്‍ അറാകാനിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ അവര്‍ കഴിയട്ടെ എന്ന് പ്രസിഡന്റ് പറഞ്ഞതിന്റെ അര്‍ഥമതാണ്. അതുമല്ലെങ്കില്‍ അവരെ സ്വീകരിക്കുന്ന മറ്റേതെങ്കിലും രാജ്യത്തേക്ക് പോകട്ടെ എന്നാണ് പ്രസിഡന്റിന്റെ നിര്‍ദേശം. ഇത്രയും അപകടകരമായ രീതിയില്‍ വംശീയ വിവേചനം കാണിക്കുന്ന പ്രസിഡന്റാണ് ഭരണകൂടത്തിന്റെ തലപ്പത്തുള്ളത്. ഇത്തരം അവസ്ഥയില്‍ മറ്റ് ജനതകള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും? മ്യാന്‍മറിലെ കേന്ദ്ര ഭരണകൂടവും അറാകാനിലെ പ്രാദേശിക ഭരണകൂടവും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. അറാകാനില്‍ നടക്കുന്നതെല്ലാം പ്രാദേശിക ഭരണകൂടത്തിന്റെ ഒത്താശയോട് കൂടിയാണ്.

? എന്തൊക്കെ ആവശ്യങ്ങളാണ് നിങ്ങള്‍ക്കിപ്പോഴുള്ളത്?
– പൗരത്വം ആരാധനാ സ്വാതന്ത്ര്യം, വിദ്യാഭ്യാസം, ആരോഗ്യം, ജോലി, ഭൂമിയുടെ ഉടമസ്ഥാവകാശം, രാഷ്ട്രീയ ജീവിതത്തിലെ പങ്കാളിത്തം തുടങ്ങിയ മറ്റ് സിവില്‍ അവകാശങ്ങളും മാത്രമായിരുന്നു റോഹിങ്ക്യക്കാരുടെ നേരത്തെയുള്ള ആവശ്യം. എന്നാല്‍ വന്‍ കൂട്ടകശാപ്പുകള്‍ നടന്നിരിക്കുന്നു. അനേകമാളുകള്‍ അതിന് ഇരകളാക്കപ്പെട്ടിരിക്കുന്നു. ശുദ്ധീകരണത്തിനുള്ള ഭരണകൂടത്തിന്റെ ആസൂത്രണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ ആവശ്യങ്ങളെ കുറിച്ച് ഒരു പുനരാലോചന ആവശ്യമായിരിക്കുകയാണ്. ഞങ്ങളുടെ ആവശ്യങ്ങളുടെ മേല്‍ക്കൂര ഉയര്‍ത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഫെഡറല്‍ സംവിധാനത്തിന് കീഴില്‍ ഒരു സ്വതന്ത്രഭരണമെന്നതില്‍ കുറഞ്ഞ ഒരാവശ്യത്തിന് പ്രസക്തിയില്ല. ദുരിതബാധിതരായ ഞങ്ങളുടെ ജനതയെ സംബന്ധിച്ചിടത്തോളം ഇത് ന്യായമായ ഒരാവശ്യമാണ്.

? റോഹിങ്ക്യന്‍ ന്യൂസ് ഏജന്‍സിയുടെ പ്രസിഡന്റാണല്ലോ താങ്കള്‍, ഏജന്‍സിയുടെ പ്രവര്‍ത്തനം ഏത് രൂപത്തിലാണ്? നിങ്ങളുടെ സാമ്പത്തിക സ്രോതസ്സ് എന്താണ്?
– ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ന്യൂസ് ഏജന്‍സിയാണ് റോഹിങ്ക്യന്‍ ന്യൂസ് ഏജന്‍സി. റോഹിങ്ക്യക്കാരെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ലോകത്തിനെത്തിക്കാനുള്ള ആദ്യത്തെ സംവിധാനമാണത്. വ്യത്യസ്തമായ മാധ്യമങ്ങള്‍ക്കത് വിവരങ്ങള്‍ കൈമാറുന്നു. നിലവില്‍ അതിനുള്ള സാമ്പത്തികം സ്വയം കണ്ടെത്തുകയാണ് ചെയ്യുന്നത്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ പരിപോഷിപ്പിക്കാന്‍ സഹായിക്കുന്ന കരങ്ങളെ ഞങ്ങള്‍ തേടുന്നുണ്ട്.

? മതങ്ങളും സംസ്‌കാരങ്ങളും പരസ്പരം സഹവര്‍ത്തിച്ച് കഴിയുന്നതിനെയാണോ നിങ്ങള്‍ അനുകൂലിക്കുന്നത്, അതല്ല റോഹിങ്ക്യക്കാര്‍  ഇതുവരെ അനുഭവിച്ചതിന്റെ അടിസ്ഥാനത്തില്‍ പരസ്പര സഹവര്‍ത്തിത്വം എന്നൊക്കെ പറയുന്നത് കേവലം വാക്കുകള്‍ മാത്രമായിട്ടാണോ നിങ്ങള്‍ കാണുന്നത്?
– അറാകാന്‍ രാജ്യം ആയിരക്കണക്കിന് വര്‍ഷങ്ങളായി വ്യത്യസ്ത മതങ്ങള്‍ക്ക് അഭയം നല്‍കിയിട്ടുണ്ട്. ഹിന്ദുക്കളും ബുദ്ധന്‍മാരും കുറച്ച് ക്രിസ്ത്യാനികളും അവിടെയുണ്ട്. 1430-ല്‍ അറാകാന്‍ രാജാവ് ഒരു ഇസ്‌ലാമിക രാഷ്ട്രമായി പ്രഖ്യാപിച്ചപ്പോഴും അവരെല്ലാം അവിടെ തന്നെ ഉണ്ടായിരുന്നു. ഇതര മതസ്ഥരോടും വിശ്വാസം വെച്ചുപുലര്‍ത്തുന്നവരോടും യാതൊരു വിവേചനവും കാണിച്ചിരുന്നില്ല. എല്ലാവരും വളരെ സമാധാനത്തോടെ തന്നെയാണ് ജീവിച്ചിരുന്നത്. മുസ്‌ലിംകളെന്ന് നിലയില്‍ മറ്റ് വിശ്വാസം വെച്ചു പുലര്‍ത്തുന്നവരോട് വളരെ നല്ല പെരുമാറ്റമാണ് കാഴ്ച വെച്ചിരുന്നത്. അവരുടെ അവകാശങ്ങളും മാന്യതയും ഞങ്ങളെന്നും സംരക്ഷിച്ചു. അതെല്ലാം ഞങ്ങള്‍ക്ക് കിട്ടിയത് ഇസ്‌ലാമിന്റെ അധ്യാപനങ്ങളില്‍ നിന്നായിരുന്നു.

വിവ. അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles