Current Date

Search
Close this search box.
Search
Close this search box.

മുത്വലാഖ് വിഷയം രാഷ്ട്രീയവല്‍കരിക്കപ്പെട്ടിരിക്കുകയാണ്

salim-engineer.jpg

മുത്വലാഖും ഏക സിവില്‍കോഡും വീണ്ടും സജീവ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്ന പശ്ചാത്തലത്തില്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ജനറല്‍ സെക്രട്ടറി മുഹമ്മദ് സലീം എഞ്ചിനീയറുമായി Frontline മാസിക നടത്തിയ അഭിമുഖം:

മുത്വലാഖ് എന്ന വിവാഹമോചന രീതിയോടുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട് എന്താണ്?
ജമാഅത്തിന് അതില്‍ വേറിട്ട ഒരു നിലപാടില്ല. മുത്വലാഖിന്റെയും ഏക സിവില്‍കോഡിന്റെയും വിഷയത്തില്‍ വിവിധ മുസ്‌ലിം സംഘടനകള്‍ക്കൊപ്പമാണ് ഞങ്ങളും നിലകൊള്ളുന്നത്. അതില്‍ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ഏറ്റുമുട്ടലില്ല. മുത്വലാഖ് എടുത്തു കളയപ്പെടേണ്ട ഒന്നു തന്നെയാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഓരോ ത്വലാഖിനും ഇടയില്‍ ഇടവേള നിശ്ചയിച്ചു കൊണ്ടുള്ള അതിന്റെ ശരിയായ രീതി ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിന്റെ മുന്നോടിയായി അനുരഞ്ജനത്തിനുള്ള എല്ലാ വഴികളും തേടിയിരിക്കുകയും വേണം. ഇരുകക്ഷികളും ഒരുമിച്ചിരിക്കുകയും ഇരുവരുടെയും പ്രതിനിധികള്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടത്തുകയും വേണം. അങ്ങനെ ഒത്തൊരുമിച്ചുള്ള ഒരു ജീവിതം സാധ്യമല്ലെന്ന് ബോധ്യമാവുമ്പോഴാണ് വിവാഹമോചനത്തിലേക്കുള്ള വഴി തേടേണ്ടത്.

വിഷയത്തില്‍ മുസ്‌ലിം സംഘടനകളെല്ലാം ഒറ്റക്കെട്ടാണെന്ന് താങ്കള്‍ പറഞ്ഞു. എന്നാല്‍ അഹ്‌ലെ ഹദീസ് എന്ന വിഭാഗം മുത്വലാഖ് സമ്പ്രദായത്തെ നിരാകരിക്കുന്നവരാണ്. അതേസമയം ഒരു വിഭാഗം (ഹനഫീ മദ്ഹബ് പിന്തുടരുന്നവരിലധികവും) അത് അംഗീകരിക്കുന്നവരുമാണല്ലോ?
മുത്വലാഖിനെ അഥവാ ഒറ്റയിരുപ്പില്‍ മൂന്ന് ത്വലാഖും ചൊല്ലിയാല്‍ അത് ഒറ്റ ത്വലാഖ് മാത്രമായിട്ടാണ് അഹ്‌ലെ ഹദീസ് വിഭാഗക്കാര്‍ പരിഗണിക്കുന്നതെന്ന് എനിക്കറിയാവുന്ന കാര്യമാണ്. യഥാര്‍ഥത്തില്‍ അഹ്‌ലെ ഹദീസ് കൂടി ഭാഗമായിട്ടുള്ള ആള്‍ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാടാണത്. എന്നാല്‍ മുത്വലാഖ് വിവാഹ ബന്ധത്തെ ഇല്ലാതാക്കുമെന്ന് വിശ്വസിക്കുന്ന ചില മുസ്‌ലിംകളുണ്ട്. അവര്‍ക്കും അവരുടേതായ ന്യായങ്ങളുമുണ്ട്.

നമുക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് എഴുപത് വര്‍ഷം തികയാനിരിക്കുകയാണ്. എന്നിട്ടും മുസ്‌ലിം സംഘടനകള്‍ പരസ്പരം ചര്‍ച്ച ചെയ്ത് വിഷയത്തില്‍ ഒരു യോജിപ്പിലെത്തിയിട്ടില്ലേ?
ജനാധിപത്യത്തില്‍ വ്യത്യസ്ത കാഴ്ച്ചപാടുകള്‍ വെച്ചുപുലര്‍ത്താനുള്ള അനുവാദം നിങ്ങള്‍ക്കുണ്ട്. ഇസ്‌ലാം ആരുടെയും ശബ്ദത്തെ അടിച്ചമര്‍ത്തുന്നില്ല. മറിച്ച് ചര്‍ച്ചകളും സംവാദങ്ങളും പ്രോത്സാഹിപ്പിക്കുകയാണത് ചെയ്യുന്നത്. ഒരു വിഭാഗത്തിന്റെ ന്യായങ്ങള്‍ ദുര്‍ബലമായിരിക്കുകയും, അവക്ക് പ്രമാണങ്ങളുടെ പിന്‍ബലമില്ലാത്തതാണെങ്കില്‍ പോലും ഏതെങ്കിലും വിഭാഗത്തിന് മേല്‍ ഒരഭിപ്രായം അടിച്ചേല്‍പിക്കാന്‍ നമുക്കാവില്ല.

മുത്വലാഖ് വിഷയത്തില്‍ ഖുര്‍ആനിക രീതിയാണ് അതിന്റെ ശരിയായ രീതിയെന്ന് ഞങ്ങളെല്ലാം അംഗീകരിക്കുന്നു. എന്നാല്‍ അതേസമയം ഒറ്റയടിക്കുള്ള മൂന്ന് ത്വലാഖ് വിവാഹ ബന്ധത്തെ ദുര്‍ബലപ്പെടുത്തുമെന്ന് ചിലര്‍ വിശ്വസിക്കുന്നുണ്ട്. ഖലീഫ ഉമറിന്റെ നടപടിയെയാണ് അവരതിന് തെളിവായി ഉദ്ധരിക്കുന്നത്. എന്നാല്‍ സാഹചര്യം പരിഗണിച്ചുള്ള ഒറ്റപ്പെട്ട നിലപാടായിരുന്നു അത്. കടുത്ത പ്രയാസകരമായ ദാമ്പത്യ ബന്ധത്തില്‍ അകപ്പെട്ട സ്ത്രീകള്‍ക്ക് ചിലപ്പോഴെല്ലാം മുത്വലാഖ് ഗുണകരമായി മാറാറുണ്ടെന്ന കാര്യവും പറയേണ്ടതാണ്. ത്വലാഖിലുള്ള ഉദ്ദേശ്യം പരമപ്രധാനമാണെന്നാണ് മിക്ക മുസ്‌ലിം സംഘടനകളെയും പോലെ ഞങ്ങളും വിശ്വസിക്കുന്നത്. വിവാഹ ബന്ധം അവസാനിപ്പിക്കുക എന്ന ഉദ്ദേശ്യമില്ലാതെ ഒരാള്‍ ത്വലാഖ് എന്ന് പലതവണ ആവര്‍ത്തിച്ചാലും അത് ഒറ്റ ത്വലാഖായിട്ട് മാത്രമേ പരിഗണിക്കുകയുള്ളൂ. തിരിച്ചെടുക്കാവുന്ന ത്വലാഖായിരിക്കും അത്. അത്തരം കേസില്‍ അവര്‍ വേറെ ഒരാളെ വിവാഹം ചെയ്യേണ്ട ആവശ്യം വരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വിഷയത്തെ വല്ലാതെ ഊതിവീര്‍പ്പിച്ചിരിക്കുകയാണ്. വിഷയം പൂര്‍ണമായും രാഷ്ട്രീയവല്‍കരിക്കപ്പെട്ടിരിക്കുന്നു. അതേസമയം ആളുകള്‍ക്ക് തങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന വിഷയത്തെ കുറിച്ച് ഒന്നും അറിയുകയുമില്ല.

മുസ്‌ലിംകള്‍ക്കിടയിലെ ഒരു വിഭാഗം മുത്വലാഖിനെ അംഗീകരിക്കുന്നുണ്ടെന്ന് നിങ്ങള്‍ പറഞ്ഞു. എന്നാല്‍ നിരവധി മുസ്‌ലിം രാഷ്ട്രങ്ങള്‍ അത് നിരോധിച്ചിട്ടുണ്ടല്ലോ?
അത് നിരോധിച്ച രാഷ്ട്രങ്ങളെ പോലെ അത് അനുവദിച്ചിട്ടുള്ള രാഷ്ട്രങ്ങളും ഉണ്ട്. ഒരു രാജ്യവും നമുക്ക് മാതൃകയല്ല. ചില നിയമങ്ങള്‍ ആ രാജ്യത്ത് ജീവിക്കുന്ന ആളുകളുടെ നിലപാടിനെ അടിസ്ഥാനപ്പെടുത്തി സവിശേഷമായിട്ടുള്ളതായിരിക്കും.

2003ല്‍ ഷമീം അറ കേസില്‍ സുപ്രീം കോടതി അവരുടെ ഭര്‍ത്താവ് വിവാഹമോചനത്തിന്റെ ശരിയായ ഇസ്‌ലാമിക രീതി തന്നെയാണോ സ്വീകരിച്ചിട്ടുള്ളതെന്ന് തേടിയിട്ടുണ്ട്. നിയമ വിദഗ്ദര്‍ക്ക് വ്യാഖ്യാനത്തിനുള്ള അവസരം ഇല്ലാതാക്കുകയല്ലേ അതിലൂടെ?
ഖുര്‍ആനെയോ ശരീഅത്തിനെയോ വ്യാഖ്യാനിക്കാന്‍ സുപ്രീം കോടതി യോഗ്യമല്ല. ഇസ്‌ലാമില്‍ വിവിധ ചിന്താധാരകളും അവയുടേതായിട്ടുള്ള നിരവധി രചനകളുമുണ്ട്. അവക്കെല്ലാം അവയുടേതായ വ്യാഖ്യാനങ്ങളുമുണ്ട്. ഒരു വിഭാഗത്തിന്റെ സമീപനമാണ് ശരി, മറ്റേ വിഭാഗത്തിന്റേത് പൂര്‍ണമായും തെറ്റാണ് എന്ന് നമുക്ക് പറയാനാവില്ല. എല്ലാവര്‍ക്കും അവരുടേതായ ന്യായങ്ങളുണ്ട്.

വളരെയേറെ ദുരുപയോഗം ചെയ്യപ്പെടുന്ന ഒന്നാണ് ‘ഹലാല’ (ചടങ്ങ് വിവാഹം). ആ ചടങ്ങിന് മാത്രമായി ചില വിവാഹങ്ങള്‍ നടത്തപ്പെടുന്നു. അതില്‍ നിങ്ങളുടെ നിലപാടെന്താണ്?
ഇന്ന് നിലനില്‍ക്കുന്ന ‘ഹലാല’ എന്ന രീതി തെറ്റാണ്. യാഥാര്‍ഥ്യങ്ങളെ വളച്ചൊടിച്ചു കൊണ്ടുള്ള ഒന്നാണത്. വിവാഹമോചനം ചെയ്യണമെന്ന വ്യവസ്ഥയോടെ നടക്കുന്ന നികാഹ് ഹലാല വിവാഹമെന്ന കരാറിനെ തന്നെ പരിഹസിക്കുകയാണ്. തിരിച്ചെടുക്കാന്‍ സാധ്യമല്ലാത്ത ത്വലാഖിലൂടെ വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീയെ മറ്റൊരു പുരുഷന്‍ വിവാഹം ചെയ്യുകയും എന്തെങ്കിലും കാരണവശാല്‍ വിവാഹമോചനത്തിലൂടെയോ ഭര്‍ത്താവിന്റെ മരണത്തിലൂടെയോ ആ വിവാഹബന്ധം അവസാനിക്കുകയും ചെയ്യുമ്പോള്‍ സ്ത്രീക്ക് തന്റെ ആദ്യ ഭര്‍ത്താവിനെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിനുള്ള അവസരം നല്‍കുക എന്നതാണ് ശരിയായ രീതി.

മുത്വലാഖിനെ കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്ന സന്ദര്‍ഭത്തില്‍ ‘ഖുല്‍അ്’നെ കുറിച്ച് മുസ്‌ലിം സ്ത്രീയെ ബോധവല്‍കരിക്കുന്നത് നല്ലതല്ലേ?
പുരുഷന് ത്വലാഖ് പോലെ സ്ത്രീക്കുള്ള സമാനമായ അവകാശമാണ് ഖുല്‍അ് എന്നു പറയുന്നത് ശരിയല്ല. പുരുഷന്‍ മുന്‍കൈയ്യെടുത്ത് വിവാഹമോചനം ചെയ്യുമ്പോള്‍ അത് ത്വലാഖാണ്. സ്ത്രീ അതിന് മുന്‍കൈയ്യെടുക്കുമ്പോള്‍ അത് ഖുല്‍അ് ആയി മാറും. അവക്ക് ഇസ്‌ലാമില്‍ ചില നടപടിക്രമങ്ങളുണ്ട്. ഖുല്‍അ്, നികാഹ്, ത്വലാഖ്, ചെലവിന് നല്‍കല്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം അവബോധം വളര്‍ത്തേണ്ടതുണ്ട്. അവബോധമില്ലാതിരിക്കുമ്പോഴാണ് പല കാര്യങ്ങളും ദുരുപയോഗപ്പെടുത്തപ്പെടുന്നത്. സ്ത്രീകള്‍ ഇരകളാക്കപ്പെടുന്ന പോലെ പുരുഷന്‍മാര്‍ ഇരകളാക്കപ്പെടുന്ന സന്ദര്‍ഭങ്ങളുമുണ്ട്. തീര്‍ച്ചയായും നാം ഈ വിഷയങ്ങളെ കുറിച്ച് നല്ല അവബോധവും ധാരണയും ഉണ്ടാക്കേണ്ടത് ആവശ്യമാണ്.

വിവ: നസീഫ്‌

Related Articles