Current Date

Search
Close this search box.
Search
Close this search box.

മുഖ്യധാരാ പ്രസ്ഥാനങ്ങള്‍ക്കിടയിലെ അനുരഞ്ജനം അനിവാര്യം

rachid-ghannouchi.jpg

തുനീഷ്യയിലെ അന്നഹ്ദ പ്രസ്ഥാനത്തിന്റെ അധ്യക്ഷനും, ലോക പ്രശസ്ത മുസ്‌ലിം ചിന്തകനും ലോക മുസ്‌ലിം പണ്ഡിതവേദി അംഗവുമായ ശൈഖ് റാശിദുല്‍ ഗന്നൂശിയുമായി ‘അല്‍-മുജ്തമഅ്’ മാസിക നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍.

♦ വിപ്ലവത്തിന് ശേഷം വളരെ സുപ്രധാനമായ ഒരു ഘട്ടത്തിലൂടെ കടന്നു പോകുന്ന തുനീഷ്യയെ സംബന്ധിച്ചിടത്തോളം ‘ബാര്‍ദോ’ മ്യൂസിയത്തില്‍ ടൂറിസ്റ്റുകള്‍ക്ക് നേരെയുണ്ടായിരിക്കുന്ന അക്രമണം എത്രമാത്രം ഗൗരവപ്പെട്ട വെല്ലുവിളിയാണ്?
– ഭ്രാന്തന്റെ മനസ്സുമായി തനി കാടത്തമാണ് ഭീകരര്‍ കാണിച്ചിരിക്കുന്നത്. എന്നിട്ടത് ദീനിന്റെ പേരില്‍ വരവു വെക്കാനുള്ള ശ്രമവും നടത്തി. ഇത്തരം കാടന്‍ പ്രവര്‍ത്തനങ്ങളില്‍ ദീനിന് യാതൊരു പങ്കുമില്ല. ഇസ്‌ലാം കാരുണ്യമാണ്. ദേശസ്‌നേഹം പരസ്പര ഐക്യവും. ഇക്കൂട്ടര്‍ക്ക് ഇസ്‌ലാമിലും ദേശീയതയിലും ഒരിടവുമില്ല. മൃഗീയതയുടെ ഒരു ഭാഗം മാത്രമാണവര്‍. ഈ ഭീകരര്‍ മുസ്‌ലിം ജനതയോടെ യുദ്ധത്തിലാണ്. തുനീഷ്യന്‍ ജനത വിപ്ലവമുണ്ടാക്കുകയും പുറത്താക്കപ്പെട്ട ഭരണകൂടത്തിന്റെ ഭീകരതക്കെതിരെ വിജയം വരിക്കുകയും ചെയ്തവരാണ്. അതുകൊണ്ട് തന്നെ തിന്മയുടെ സംഘം അവരുടെ താല്‍പര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കും. അഭിപ്രായ സ്വാതന്ത്ര്യവും അന്തസ്സും മുഴുവന്‍ പൗരന്‍മാര്‍ക്കും ഉറപ്പാക്കുന്ന ഒരു ഭരണഘടന തുനീഷ്യന്‍ ജനത തയ്യാറാക്കിയിട്ടുണ്ട്. ഒരോ പൗരനും തന്റെ അഭിപ്രായം, അത് തെറ്റാകട്ടെ ശരിയാവട്ടെ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം അതിലുണ്ട്. നിയമവിധേയമായി സംഘടയും കൂട്ടായ്മയും രൂപീകരിക്കാനും സ്വാതന്ത്ര്യമുണ്ട്. ഇതിനപ്പുറം എന്താണ് അവര്‍ താല്‍പര്യപ്പെടുന്നത്? ഇത്തരം പ്രവര്‍ത്തനം ഒരു സ്വേച്ഛാധിപത്യ രാഷ്ട്രത്തിലാണ് നടന്നിരുന്നതെങ്കില്‍ നാം പറയുമായിരുന്നു ഭരണകൂടത്തിന്റെ അതിക്രമത്തിനെതിരെയുള്ള പ്രതികരണമാണതെന്ന്. എന്നാല്‍ വിപ്ലവത്തെയും അതിലൂടെ രൂപീകരിക്കപ്പെട്ട സര്‍ക്കാറിനും എതിരെയാണ് അക്രമത്തിന്റെ വഴി സ്വീകരിച്ചിരിക്കുന്നത്.

ഇത്തരം ഭീകരസംഘങ്ങളുമായി ഇസ്‌ലാമിന് യാതൊരു ബന്ധവുമില്ല. ഖുര്‍ആന്‍ വായിക്കുകയോ അതിന്റെ അധ്യാപനങ്ങള്‍ പിന്‍പറ്റുകയോ ചെയ്യാത്തവരാണവര്‍. അവര്‍ വായിക്കുന്നതും പിന്തുടരുന്നതും ക്രൂരതയുടെ പാഠങ്ങളാണ്. ജനതയുടെ ഓര്‍മകള്‍ സൂക്ഷിക്കുന്നതിന് ചരിത്രം രേഖപ്പെടുത്തിയവരാണ് മുസ്‌ലിം പണ്ഡിതന്‍മാര്‍. മ്യൂസിയങ്ങളെ ലക്ഷ്യം വെക്കുന്നത് പരാജയത്തിന്റെയും വന്യതയുടെയും അടയാളമാണ്. ഈ കുറ്റവാളികള്‍ നാഗരികതക്ക് തന്നെ ഭീഷണിയാണ്. നമ്മുടെ ഐക്യത്തെ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഒറ്റക്കെട്ടായി നാം അവരെ നേരിടേണ്ടതുണ്ട്. രാഷ്ട്രത്തെ പുരോഗതിയിലേക്കും വളര്‍ച്ചയിലേക്കും നയിക്കുന്നതിന് ഒത്തൊരുമയോടെ നിലകൊള്ളുക എന്നത് വിപ്ലവം നമ്മെ പഠിപ്പിച്ച ഏറ്റവും വലിയ മൂല്യമാണ്.

♦ മുഴുവന്‍ ഇസ്‌ലാമിക സംഘടനകളെയും അക്രമത്തിന്റെ കണ്ണികളായി ചേര്‍ക്കാന്‍ ശ്രമിക്കുന്നവരുണ്ട്. ഇസ്‌ലാമിക സംഘടനകളും പ്രസ്ഥാനങ്ങളും അക്രമധാരകള്‍ക്ക് മറയിടുകയാണെന്ന ആരോപണവുമുണ്ട്. ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു?
– രക്തത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി അവയെ ദുരുപയോഗപ്പെടുത്താനും ശ്രമിക്കുന്ന കക്ഷികളുണ്ട്. ഭീകരര്‍ക്ക് സൗകര്യമൊരുക്കുകയാണവര്‍ ചെയ്യുന്നത്. കാരണം ഭീകരതയെ നേരിടാന്‍ ദേശീയ ഐക്യം അനിവാര്യമാണ്. ഭീകരത കാരണം ഏറ്റവുമധികം പ്രയാസം സഹിക്കേണ്ടി വന്നത് അന്നഹ്ദയാണ്. ഹമാദി ജിബാലിയുടെയും അലി അരീദിന്റെയും നേതൃത്വത്തിലുള്ള രണ്ട് ഭരണകൂടങ്ങളെ താഴെയിറക്കിയത് ഭീകരതയാണ്. അലി അരീദിന്റെ സര്‍ക്കാറായിരുന്നു ‘അന്‍സാറുശ്ശരീഅഃ’യെ ഭീകരപട്ടികയില്‍ ചേര്‍ത്തത്. ഞങ്ങളുടെ പ്രബോധന പ്രവര്‍ത്തനങ്ങളിലും ചിന്തകളിലുമെല്ലാം ഞങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലെന്നുള്ളത്. ദീനിന്റെ ഏത് അടിസ്ഥാനം വെച്ചും ഈ സംഘങ്ങളെ തൊലിയുരിച്ച് കാണിക്കാന്‍ ഏറ്റവും നന്നായി കഴിയുന്നത് ഞങ്ങള്‍ക്കാണ്. അവര്‍ വാദിക്കുന്ന ദീനീ അടിത്തറ എന്താണെന്ന് തുറന്ന് കാണിക്കലും ഞങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.

ഭീകരതയെയും തുനീഷ്യ അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളികളെയും ചെറുക്കുന്നതിന് ദേശീയ പ്രസ്ഥാനം മുതലുള്ള എല്ലാ അടിസ്ഥാന ധാരകളും അനുരഞ്ജനത്തിലാവേണ്ടത് അനിവാര്യമാണ്. രാഷ്ട്രചിന്തക്ക് ഊന്നല്‍ നല്‍കുന്ന കോണ്‍സ്റ്റിറ്റിയൂഷണല്‍ ധാരയും, അസ്ഥിത്വത്തിനും ജനാധിപത്യത്തിനും ഊന്നല്‍ നല്‍കുന്ന ഇസ്‌ലാമിക ധാരയും സാമൂഹ്യനീതിക്ക് മുഖ്യ ഊന്നല്‍ നല്‍കുന്ന ഇടതുപക്ഷ സോഷ്യലിസ്റ്റ് ധാരയുമെല്ലാം അതിലുണ്ട്. രാഷ്ട്രത്തെയും അതിന്റെ അസ്ഥിത്വത്തെയും ജനാധിപത്യത്തെയും സാമൂഹ്യനീതിയെയുമെല്ലാം സംരക്ഷിക്കുന്ന അനുരഞ്ജനമാണ് തുനീഷ്യക്ക് ആവശ്യം.

♦ തെരെഞ്ഞെടുപ്പുകളും അതിലേറെ സമരങ്ങളും സാമൂഹികാവശ്യങ്ങളും നിറഞ്ഞു നില്‍ക്കുന്ന രാഷ്ട്രീയാന്തരീക്ഷത്തെ എങ്ങനെ വിലയിരുത്തുന്നു? വിപ്ലവത്തിന് ശേഷം യഥാര്‍ത്ഥ മാറ്റം ഉണ്ടായിട്ടുണ്ടോ?
– മഹത്തായൊരു ഭരണഘടനയും തെരഞ്ഞെടുപ്പ് സംവിധാനവും തെരെഞ്ഞെടുപ്പുമെല്ലാം ഞങ്ങളുടെ നേട്ടം തന്നെയാണ്. അല്‍ഹംദുലില്ലാഹ്.. എന്നാല്‍ കുറവുകളുമുണ്ട്. ലക്ഷക്കണക്കിന് തൊഴില്‍ രഹിതരും അവിവാഹിതരായ യുവാക്കളും യുവതികളുമുണ്ട്. ഞങ്ങളിപ്പോഴും പ്രാരംഭഘട്ടത്തില്‍ തന്നെയാണ്. നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സ്റ്റാറ്റിക്‌സിന്റെ കണക്ക് പ്രകാരം ഒരു തുനീഷ്യന്‍ പൗരന്‍ ദിവസത്തില്‍ 20 മിനുറ്റ് മാത്രമാണ് ജോലി ചെയ്യുന്നത്. ഇത് നാടിനെ സുരക്ഷിതമായ അവസ്ഥയിലേക്ക് എത്തിക്കുമോ? ഒരിക്കലുമില്ല. ചിലര്‍ 20 മിനുറ്റ് ജോലിയെടുത്ത് എട്ടു മണിക്കൂറിന്റെ പ്രതിഫലവും കൂടുതല്‍ ആനുകൂല്യങ്ങളും ചോദിക്കുന്നു. അതിനായി അവര്‍ സമരം ചെയ്യുകയും ചെയ്യുന്നു. സമരം ചെയ്യുന്ന ദിവസം പോലും ശമ്പളം ലഭിക്കണമെന്നതാണ് അവരുടെ ആവശ്യം. ശമ്പളം കൂട്ടി ചോദിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. കാരണം സാധനങ്ങള്‍ക്കെല്ലാം ഉയര്‍ന്ന വിലയാണ്. എന്നാല്‍ അതിനോടൊപ്പം പ്രവര്‍ത്തനത്തിലും ഉല്‍പാദനത്തിലും കൂടെ വര്‍ധനവ് വേണം.

ലോകം മുഴുവന്‍ തുനീഷ്യന്‍ വിപ്ലവത്തെ കുറിച്ച് സംസാരിക്കുന്നത് അത് മാതൃകയും വേറിട്ടതുമായ ഒന്നാണെന്നാണ്. സ്വാതന്ത്ര്യത്തിന്റെ സമുദ്രത്തില്‍ നിരവധി ബോട്ടുകള്‍ ഇറക്കപ്പെട്ടിട്ടുണ്ടെങ്കിലും തുനീഷ്യയുടെ ബോട്ട് തിരകളെ പ്രതിരോധിച്ച് സമാധാന തീരത്തെത്തിയിരിക്കുകയാണെന്ന് ഈയടുത്ത കാലത്ത് രാജ്യം സന്ദര്‍ശിച്ച പല പ്രസിഡന്റ്മാരും പ്രധാനമന്ത്രിമാരും അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. തുനീഷ്യന്‍ വിപ്ലവത്തിന്റെ വിജയത്തെ കുറിക്കുന്ന നിരവധി അടയാളങ്ങളുണ്ട്. സ്വതന്ത്രമായി സംസാരിക്കാനും സംഘടിക്കാനും പ്രവര്‍ത്തിക്കാനും സാധിക്കുന്നത് വിപ്ലവത്തിന്റെ വിജയം തന്നെയാണ്. വിജയിക്കില്ലെന്ന് കരുതുന്ന അറബ് വിപ്ലവങ്ങളും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ വിജയിക്കുക തന്നെ ചെയ്യും.

♦ മുസ്‌ലിം ബ്രദര്‍ഹുഡുമായും ലോക മുസ്‌ലിം പണ്ഡിതവേദിയുമായുള്ള അന്നഹ്ദയുടെ ബന്ധത്തെ കുറിച്ചും അത് വേര്‍പെടുത്തേണ്ടതിനെ കുറിച്ചും ചില മാധ്യമങ്ങള്‍ പ്രചരണം നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരു വിശദീകരണം നല്‍കുമോ?
– ലോക മുസ്‌ലിം പണ്ഡിതവേദിയിലെ ഒരു അംഗമാണ് ഞാന്‍. ലോകത്തെ തന്നെ ഏറ്റവും വലിയ പണ്ഡിത കൂട്ടായ്മയാണത്. അത് ഭീകരതക്കെതിരാണ്. അബ്ദുല്‍ ഫത്താഹ് സീസി ജനാധിപത്യ രീതിയിലൂടെയല്ല, അട്ടിമറിയിലൂടെയാണ് അധികാരത്തില്‍ വന്നിരിക്കുന്നത് അതുകൊണ്ട് തന്നെ ഞങ്ങളത് അംഗീകരിക്കുയില്ല. പണ്ഡിതവേദിയുടെ ഭാഗമാണെന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഭീകരതക്കെതിരെയാണത് നിലകൊള്ളുന്നത്. ഭീകരതക്കെതിരെ ഏറ്റവുമധികം എഴുതിയത് അതിലെ അംഗങ്ങളാണ്. ഭീകരതയെ ഇസ്‌ലാമില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തിയവരില്‍ പ്രമുഖനാണ് ശൈഖ് യൂസുഫുല്‍ ഖറദാവി. ചില സംഘങ്ങളെ കുറിച്ച് അവര്‍ എന്റെ ആളുകളാണെന്ന ആരോപണം ഉന്നയിക്കുന്നവര്‍ ഭീകരതയില്‍ നിന്ന് ഫലം നേടാന്‍ ശ്രമിക്കുന്നവരാണ്. അവര്‍ക്കെതിരെ തുനീഷ്യന്‍ ജനതയെ ഞങ്ങള്‍ ഒരുമിച്ച് നിര്‍ത്തുന്നതിനെ നേരിടാനാണത് ചെയ്തത്. എന്നാല്‍ ഞങ്ങള്‍ക്കെതിരെയുള്ള പാഴായ ആരോപണമായിട്ടത് മാറി.

 

ഭീകരസംഘങ്ങള്‍ കൈറുവാനില്‍ അവരുടെ സമ്മേളനം നടത്തുന്നത് തടഞ്ഞത് അന്നഹ്ദ ഭരണകൂടമായിരുന്നു. അവര്‍ അവരുടെ കഴിഞ്ഞ സമ്മേളനം മറ്റൊരു ഭരണകൂടത്തിന് കീഴിലാണ് നടത്തിയത്. പൊതുമാപ്പിന്റെ കാര്യത്തില്‍ ആരോടും യാതൊരു വിവേചനവും കൂടാതെ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചാണത് ചെയ്തിട്ടുള്ളത്. നിയമം നടപ്പാക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. തെറ്റുചെയ്യുന്നവര്‍ അതിന്റെ വിലയൊടുക്കണം. തുനീഷ്യയെ ഒരു പരാജിത രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്ന ഈ വലിയ അപകടത്തെ നേരിടുന്നതിന് സാംസ്‌കാരികവും സുരക്ഷാപരവും നീതിന്യായവും സാമൂഹികവുമായ എല്ലാ നടപടിക്രമങ്ങളും ഞങ്ങള്‍ നടപ്പാക്കുന്നുണ്ട്.

 

മൊഴിമാറ്റം: നസീഫ്‌

Related Articles