Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുല്‍ അഖ്‌സ ഞങ്ങളുടെ പോരാട്ടത്തിന്റെ പ്രതീകമാണ്

ഹമാസിന്റെ സൈനിക വിംഗായ ഇസ്സുദ്ദീന്‍ അല്‍-ഖസ്സാമിന്റെ ഔദ്യോഗിക വക്താവ് അബൂ ഉബൈദയുമായി ‘അല്‍-മുജതമഅ്’ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് ഇവിടെ രേഖപ്പെടുത്തുന്നത്.
– ഗസ്സക്ക് മേലുള്ള ഉപരോധത്തെ നിങ്ങളെങ്ങനെ കാണുന്നു? ഈ അവസ്ഥ തുടര്‍ന്നാല്‍ എന്തായിരിക്കും സ്ഥിതി?
ഉപരോധം ഫലസ്തീന്‍ ജനതയെ പൂര്‍ണമായും ആഴത്തില്‍ ബാധിക്കുന്നുണ്ട്. അത് സമൂഹത്തെ ഒന്നടങ്കം ശിക്ഷിക്കലും യുദ്ധകുറ്റവുമാണ്. എന്നാല്‍ ഉപരോധത്തിലും യുദ്ധത്തിലും വര്‍ഷങ്ങളായുള്ള സമ്മര്‍ദങ്ങളിലും പ്രതിരോധം ഞങ്ങള്‍ ശീലമാക്കിയിരിക്കുന്നു. അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ട് എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ അതിന് സാധിക്കുക തന്നെ ചെയ്യും. ഞങ്ങള്‍ കീഴടങ്ങി പ്രദേശം അധിനിവേശക്കാര്‍ക്ക് വിട്ടുകൊടുക്കുന്ന നിമിഷത്തിന് കാതോര്‍ക്കുന്ന ഉപരോധക്കാരോട് ഖസ്സാം ബ്രിഗേഡിയര്‍മാര്‍ പറഞ്ഞിട്ടുള്ളതും പറഞ്ഞു കൊണ്ടിരിക്കുന്നതും ഫലസ്തീനികളുടെ പ്രതിരോധത്തോടൊപ്പം അവരുടെ ജനതയുണ്ട്, അത് സ്‌ഫോടനത്തിന്റെ ഘട്ടത്തിലെത്തിയിരിക്കുകയാണെന്നാണ്. ഞങ്ങളുടെ ജനതയുടെ കഴുത്ത് ഞെരിക്കുന്നതില്‍ പങ്കുള്ള എല്ലാവര്‍ക്കും അതിന്റെ പൊള്ളലേല്‍ക്കും. അതിന്റെ ഏറ്റവും തലപ്പത്തുണ്ടായിരിക്കുക സയണിസ്റ്റ് ശത്രുക്കളായിരിക്കും.

– വെടിനിര്‍ത്തല്‍ സമയത്ത് ഇസ്രയേലിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന ആക്രമണങ്ങളോടുള്ള നിങ്ങളുടെ പ്രതികരണം എന്താണ്?
വെടിനിര്‍ത്തല്‍ ഞങ്ങളെ സംബന്ധിച്ചടത്തോളം ജാഗരൂഗരാകാനും മുന്നൊരുക്കത്തിനുമുള്ളതാണ്, അല്ലാതെ അവര്‍ പറയും പോലെ പോരാളികള്‍ക്ക് വിശ്രമത്തിനുള്ളതല്ല. സിജ്ജീന്‍ കല്ലുകള്‍ കൊണ്ടുള്ള പോരാട്ടത്തിന് ശേഷം ഫലസ്തീന്‍ ജനത തലയുയര്‍ത്തിപ്പിടിച്ചാണ് തിരിച്ചു പോന്നത്. പ്രതിരോധത്തിലൂന്നിയും അതിനെ സഹായിച്ചുമാണ് അവിടെ വിജയിച്ചത്. ശത്രുക്കളെ കൊണ്ട് ഉപാധികള്‍ അംഗീകരിപ്പിക്കാന്‍ അതിലൂടെ സാധിച്ചു. എന്നാല്‍ ഇസ്രയേലിന്റെ അതിക്രമങ്ങളുണ്ടെങ്കിലും പ്രതിരോധം തികഞ്ഞ കാഴ്ച്ചപാടോടെയും യുദ്ധതന്ത്രങ്ങളോടെയുമാണ് മുന്നോട്ടു പോകുന്നതെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. വളരെ പെട്ടന്നുള്ള തിരിച്ചടികള്‍ അത് നല്‍കുന്നില്ല. അതിന്റെ തിരിച്ചടിയെ കുറിച്ച് ശത്രുവിനോ മിത്രത്തിനോ പ്രവചിക്കാനുമാകില്ല. ഒരു വശത്ത് ജനതയുടെ താല്‍പര്യവും മറുവശത്ത് ചുറ്റുപാടിന്റെ അവസ്ഥയും ഇവ രണ്ടുമാണ് ഞങ്ങളുടെ ചലനങ്ങളെ നിയന്ത്രിക്കുന്നത്.

– അടുത്തെങ്ങാനും സയണിസ്റ്റുകളുടെ അക്രമം നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? എന്തെങ്കിലും ആക്രമണമുണ്ടായാല്‍ അത് നേരിടാനുള്ള വല്ല പദ്ധതിയും നിങ്ങളുടെ പക്കലുണ്ടോ?
ഏതു നിമിഷവും ആക്രമണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ദൈവാനുഗ്രഹത്താല്‍ അത് നേരിടാനുള്ള പദ്ധതികളും ഞങ്ങളുടെ അടുത്തുണ്ട്. ശത്രുക്കള്‍ ഒരു വശത്ത് ഞങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തിന് പദ്ധതിയൊരുക്കുന്നുണ്ട്. മറുവശത്ത് അവര്‍ ഞങ്ങളുടെ ജനതക്കെതിരെ മാനസിക യുദ്ധവും നടത്തുന്നുണ്ട്. ഈ രണ്ടവസ്ഥകളിലും അവയെ എതിരിടാന്‍ പ്രതിരോധ ശക്തികള്‍ ഒരുങ്ങി കൊണ്ടിരിക്കുന്നുണ്ട്. ആദ്യമായും അവസാനമായും അല്ലാഹുവെയാണത് ആശ്രയിക്കുന്നത്. ഗസ്സ അധിനിവേശം ശത്രുവിനെ സംബന്ധിച്ച് ഇന്നും ഒരു ദുസ്വപ്‌നം മാത്രമാണ്. ഇടക്കിടെ അതവരെ അസ്വസ്ഥപ്പെടുത്തുന്നു. ഗസ്സ അധിനിവേശം ശത്രുസൈനികര്‍ക്ക് കൂട്ടകല്ലറ ഒരുക്കുന്നതിന് സമാനമാണെന്ന് അവര്‍ മനസിലാക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

– ഖസ്സാം ബ്രിഗേഡിയര്‍മാര്‍ ഇന്നെവിടെയാണ് നിലകൊള്ളുന്നത്? വ്യവസ്ഥാപിതമായ ഒരു സൈന്യമായിട്ടത് മാറിയിട്ടുണ്ടോ?
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഉറച്ച മണ്ണില്‍ തന്നെയാണ് ഞങ്ങള്‍ നിലകൊള്ളുന്നത്. ഞങ്ങള്‍ക്ക് ഞങ്ങളുടെ മാര്‍ഗത്തില്‍ കൂടുതല്‍ ശക്തിയും നിശ്ചയദാര്‍ഢ്യവും വിശ്വാസവുമുണ്ട്. ഞങ്ങളുടെ ജനതയിലും സമുദായത്തിലും ഞങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നു. ഞങ്ങളുടെ വഴിയില്‍ അടിയുറച്ച് നിലകൊള്ളുകയും ചെയ്യുന്നു. അധിനിവേശം ഉള്ള കാലത്തോളം ഞങ്ങളുടെ സമരങ്ങളും മുന്നൊരുക്കങ്ങളും തുടരുക തന്നെ ചെയ്യും. ഫലസ്തീന്‍ ജനതയെ സംബന്ധിച്ചടത്തോളം അല്‍-ഖസ്സാം ഒരു വ്യവസ്ഥാപിതമായ സൈന്യമായി തന്നെ മാറിയിട്ടുണ്ട്. ഭൗതിക സൗകര്യങ്ങള്‍ കുറവാണെങ്കിലും അത് കര്‍മനിരതവും വലിയ സ്വാധീനമുള്ളതുമാണ്.

– നിങ്ങള്‍ക്കും മറ്റ് പോരാട്ട ഗ്രൂപ്പുകള്‍ക്കുമിടയിലെ സഹകരണം എങ്ങനെയാണ്?
മറ്റ് ഗ്രൂപ്പുകളുമായി വളരെ നല്ലതും പരസ്പര സഹകരണത്തിന്റേതുമായ ബന്ധമാണ് ഞങ്ങള്‍ക്കുള്ളത്. ഇപ്പോള്‍ പരസ്പരം സഹകരിച്ചും യോജിച്ചും കൊണ്ടുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത രീതികളിലാണ് സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്നാല്‍ അക്ഷരാര്‍ത്ഥത്തിലുള്ള ഐക്യം ഇല്ല. എന്നാല്‍ കൂടുതല്‍ ഉയര്‍ന്ന രൂപത്തിലുള്ള യോജിപ്പിനും പരസ്പര ചേര്‍ച്ചക്കുമാണ് ഞങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

– ഖുദ്‌സിന്റെ ജൂതവല്‍കരണത്തിന് അധിനിവേശ ശക്തികള്‍ സമാധാന ചര്‍ച്ചയെ ദുരുപയോഗപ്പെടുത്തുന്നതിനെ നിങ്ങളെങ്ങനെ വിലയിരുത്തുന്നു?
ഞങ്ങളുടെ പ്രതിരോധത്തിന്റെ പ്രതീകമാണ് മസ്ജിദുല്‍ അഖ്‌സ. അതാണ് യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ക്ക് ദിശ നിര്‍ണയിച്ചു തരുന്നത്. അഖ്‌സയെയും ഖുദ്‌സിനെയും ജൂതവല്‍കരിക്കാനുള്ള അധിനിവേശക്കാരുടെ ശ്രമങ്ങള്‍ അവസാനിപ്പിക്കുകയില്ലെന്ന് അധിനിവേശത്തിന്റെ തുടക്കം മുതല്‍ ഞങ്ങള്‍ മനസിലാക്കുന്നുണ്ട്. എന്നാല്‍ ജൂതവല്‍കരണവും കുടിയേറ്റവും അധികരിപ്പിക്കുന്നതിനായി സമാധാന ചര്‍ച്ചകളെ അവര്‍ ദുരുപയോഗപ്പെടുത്തുകയാണ്. എല്ലാ തരത്തിലുള്ള പ്രതിരോധ ചലനങ്ങളെയും അടിച്ചമര്‍ത്തുന്ന ഫതഹ് ഭരണകൂടവുമായുള്ള അവരുടെ അടുപ്പം അവരെയതിന് സഹായിക്കുകയും ചെയ്യുന്നു.

– വിവിധ നാടുകളില്‍ കഴിയുന്ന മുസ്‌ലിം യുവാക്കള്‍ക്ക് നല്‍കാനുള്ള അല്‍-ഖസ്സാമിന്റെ സന്ദേശമെന്താണ്?
മസ്ജിദുല്‍ അഖ്‌സയും ഫലസ്തീനും നിങ്ങളില്‍ നിന്ന് വളരെയധം പ്രതീക്ഷിക്കുന്നുണ്ട്. പ്രവാചകന്‍(സ)യുടെ കാല്‍സ്പര്‍ശമേറ്റ മണ്ണില്‍ സയണിസ്റ്റ് അതിക്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ആര്‍ക്കും ഒരു ഒഴികഴിവും പറയാനാവില്ല. ഫലസ്തീന്‍ ജനതയുടെ അശക്തിയും ദൗര്‍ബല്യവും ന്യായമായ കാരണമാണ്. ചരിത്രത്തില്‍ തന്നെ അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ ഉദാഹരണമായി അവര്‍ മാറിയിരിക്കുന്നു. ഭൗതികമായി ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണവരിന്നുള്ളത്. പ്രതിരോധത്തെ പിന്തുണക്കാന്‍ അതിയായ താല്‍പര്യമുള്ളവര്‍ക്കുപോലും ഇത് വലിയ ഭാരം സൃഷ്ടിക്കുന്നു.

– വിമോചനം വളരെ അടുത്തെത്തിയതായി നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?
അതിനെ കുറിച്ചുള്ള വിവരം അല്ലാഹുവിന് മാത്രമാണുള്ളത്. എന്നാല്‍ സഹനത്തോടും സ്ഥൈര്യത്തോടും സമര്‍പ്പിച്ചു കൊണ്ടു മുന്നോട്ടു പോകലാണ് വിജയത്തിലേക്ക് എത്തിക്കുക. അലസനായി ഇരിക്കുന്നവനോ ഭീരുവിനോ വഞ്ചകനോ അല്ലാഹു വിജയം നല്‍കുകയില്ല.

വിവ : അഹ്മദ് നസീഫ്‌

Related Articles