Current Date

Search
Close this search box.
Search
Close this search box.

മനുഷ്യത്വം മരവിച്ച് പോയ റാഖേന്‍ ബുദ്ധന്മാര്‍

rohingya.jpg

മ്യാന്‍മറിലെ അറാകാന്‍ പ്രവിശ്യയില്‍ ജനിച്ച്, മുസ്‌ലിമായതിന്റെ പേരില്‍ പൗരത്വം നഷ്ട്‌പ്പെട്ട്, നിഷേധിക്കപ്പെട്ട ഉന്നതവിദ്യാഭ്യാസം നേടിയെടുക്കാനായി വിദേശത്ത് പോയതിന്റെ പേരില്‍ സ്വന്തം രാഷ്ട്രത്തില്‍ പ്രവേശിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ട, പേര് വെളിപ്പെടുത്താനാവാത്ത അറബ് രാഷ്ട്രത്തിന്റെ അഭയത്തില്‍ ജീവിക്കുകയാണ് ഖുതുബ് ഷാ മുഹമ്മദ് സഈദ് . മൂത്ത സഹോദരനെ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലീസ് പിടിച്ച് കൊണ്ട് പോയതാണ്. ലോകത്തിന് തീര്‍ത്തും അജ്ഞാതമായ, കണ്‍മുന്നില്‍ നിന്ന് മറക്കപ്പെട്ട നഗ്‌നസത്യങ്ങള്‍ പച്ചയായി ഇസ്‌ലാം ഓണ്‍ലൈവ് എഡിറ്ററുമായി പങ്കുവെക്കുകയാണ്  അല്‍ജസീറ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ഇദ്ദേഹം:

റോഹിങ്ക്യ മുസ്‌ലിംകളെക്കുറിച്ച് ചുരുക്കി വിശദീകരിക്കാമോ?
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബംഗ്ലാദേശിന്റെയും ബര്‍മയുടെയും ഇടയില്‍ സ്ഥിതിചെയ്തിരുന്ന സ്വതന്ത്രഭരണ പ്രദേശമായിരുന്നു അറാകാന്‍. ബര്‍മക്കും അറാകാനും ഇടയില്‍ ഹിമാലയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പര്‍വത നിരകളുണ്ട്. മുസ്‌ലിം ഭൂരിപക്ഷം പ്രദേശവും ഇസ്‌ലാമിക രാഷ്ട്രവും നിലനിന്നിരുന്ന പ്രവിശ്യയുയിരുന്നു ഇത്. റോഹിങ്ക്യ എന്നാണ് ഞാനുള്‍പെടുന്ന അവിടത്തെ മുസ്‌ലിം വംശത്തിന്റെ പേര്. 1784-ല്‍ ബര്‍മന്‍ ബുദ്ധഗവണ്‍മെന്റ് അറാകാന്‍ ആക്രമിച്ച് തങ്ങളോട് ചേര്‍ത്തു. അന്ന് മുതല്‍ അവിടത്തെ മുസ്‌ലിംകളുടെ കഷ്ടപ്പാടുകള്‍ ആരംഭിച്ചു. എന്നാല്‍ 1824-ല്‍ ബ്രിട്ടന്റെ അധിനിവേശത്തെ തുടര്‍ന്ന് ബുദ്ധന്മാരുടെ ആധിപത്യം നഷ്ടപ്പെട്ടു. ഇക്കാലത്ത് ബുദ്ധ ആക്രമണത്തിന് താരതമ്യേനെ കുറവ് അനുഭവപ്പെട്ടു. കാരണം അക്കാലത്ത് ബ്രിട്ടീഷുകാരുടെ കയ്യിലായിരുന്നു ശക്തി. മാത്രമല്ല ബ്രിട്ടീഷുകാര്‍ ഞങ്ങളെ കുറച്ചൊക്കെ സംരക്ഷിച്ചിരുന്നു. 1948-ല്‍ സ്വയംഭരണം ലഭിച്ചതോടെ സ്ഥിതി കൂടുതല്‍ വഷളായി. മ്യാന്‍മറിലെ ബുദ്ധിസ്റ്റുകളും വിവിധ വംശങ്ങളിലേക്ക് ചേരുന്നവരാണ്. ബര്‍മാന്‍ എന്ന വംശമാണ് അവരില്‍ ഭൂരിപക്ഷം. റാഖേന്‍ എന്നത് അവരിലെ ന്യൂനപക്ഷ വംശമാണ്. എന്നാല്‍ ഇവരാണ് അറാകാനിലെ ഭൂരിപക്ഷ ബുദ്ധന്‍മാര്‍. അറാകാന്‍ റാഖേന്‍ വംശത്തിനുള്ളതാണെന്നും അവിടെ നുഴഞ്ഞ് കയറിയവരാണ് മുസ്‌ലിംകളെന്നും അവര്‍ ആരോപിക്കുന്നു. അതിനാല്‍ അവിടെയുള്ള മുസ്‌ലിംകളെ കൊന്നൊടുക്കുകയാണ് അവര്‍. ഇവര്‍ക്ക് വേണ്ട സര്‍വപിന്തുണയും ഗവണ്‍മെന്റ് നല്‍കിക്കൊണ്ടിരിക്കുന്നു. സൈന്യവും, സമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരും അവരെ നിര്‍ലോഭം പിന്തുണക്കുന്നുണ്ട്. കാരണം സൈന്യത്തിലും മറ്റ് ഔദ്യോഗിക സ്ഥാനങ്ങളിലും പ്രാദേശിക തലങ്ങളില്‍ റാഖേന്‍ ബുദ്ധന്മാരാണ് ഉള്ളത്. അവരുടെ കയ്യില്‍ ആയുധവും മറ്റ് സജ്ജീകരണങ്ങളുമുണ്ട്.

മ്യാന്മര്‍ മുസ്‌ലിംകളുടെ ജനസംഖ്യ എത്രയാണ്?
മ്യാന്മറില്‍ അഞ്ച് ശതമാനത്തോളമാണ് മുസ്‌ലിംകളുള്ളത്. എന്നാല്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 3.8% മാത്രമേ അവരുള്ളൂ. മുസ്‌ലിംകളെക്കുറിച്ച യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ച് വെക്കാനാണ് എപ്പോഴും ഗവണ്‍മെന്റ് ശ്രമിക്കാറ്. റോഹിങ്കയില്‍ മാത്രം അഞ്ച് മില്യനിലധികം മുസ്‌ലിംകളുണ്ടായിരുന്നു. ഏഴ് ദശകത്തോളം നീണ്ട പീഢനങ്ങള്‍ക്കിടയില്‍ അവരില്‍ പലരും നാട് വിടുകയും, കൊല്ലപ്പെടുകയും, അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം കാണാതാവുകയും ചെയ്തു. ഇപ്പോഴത്തെ കണക്കനുസരിച്ച് ഒന്നര മില്യന്‍ മുസ്‌ലിംകളാണ് അവിടെയുള്ളത്.

ബുദ്ധ പെണ്‍കുട്ടിയെ ഏതാനും മുസ്‌ലിംകള്‍ കൂട്ടബലാല്‍സംഗം ചെയ്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ഭരണകൂടം നല്‍കുന്ന വിശദീകരണം. എന്താണ് ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം?
യഥാര്‍ത്ഥത്തില്‍ ആ പെണ്‍കുട്ടിയെ പീഢിപ്പിച്ചത് ബുദ്ധിസ്റ്റായ അവളുടെ ബോയ്ഫ്രണ്ട് ആയിരുന്നു. എന്നാല്‍ വ്യാജാരോപണം ഉന്നയിച്ച് വര്‍ഗീയ സംഘട്ടനം സൃഷ്ടിച്ച് മുസ്‌ലിംകളെ കൂട്ടക്കൊല നടത്താനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. വംശീയ കലാപത്തിനനുകൂലമായ അവസരം പാര്‍ത്ത് കൊണ്ടിരിക്കുകയാണ് അവര്‍. എന്തെങ്കിലും ലഭിച്ചാല്‍ അവര്‍ പൊട്ടിത്തെറിക്കും. വര്‍ഷങ്ങള്‍ ഇടവിട്ട് വര്‍ഗീയ കലാപം സൃഷ്ടിച്ച് മുസ്‌ലിംകളെ കൊന്നൊടുക്കുകയെന്നത് അവരുടെ നയമായിരുന്നു. ഇവയില്‍ ഏറ്റവും വലുതായിരുന്നു ഞങ്ങളിന്നും ഞെട്ടലോടെ ഓര്‍ക്കുന്ന ‘കര്‍ബലാ അറാകാന്‍’ എന്നത്. ചരിത്രത്തിലെ കര്‍ബലയുടെ പുനരാവര്‍ത്തനമായിരുന്നു യഥാര്‍ത്ഥത്തില്‍ ഇത്. സ്വാതന്ത്ര്യത്തിന് തൊട്ട് മുമ്പ് 1942-ലാണ് ഇത് സംഭവിച്ചത്. ഒരു ലക്ഷത്തോളം പേരെ കൊല്ലുകയും നാട്കടത്തുകയും ചെയ്തു അന്ന്.
ബ്രിട്ടീഷുകാരുടെ കാലത്തായിരുന്നു ഇത്. സ്വാതന്ത്ര്യവേളയില്‍ മുസ്‌ലിംകള്‍ക്ക് പ്രത്യേക പ്രദേശം അനുവദിച്ച് നല്‍കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സ്വാതന്ത്ര്യം നല്‍കി പിന്‍വാങ്ങിയപ്പോള്‍ അവര്‍ ചതിച്ചു. അതോടെ ഞങ്ങള്‍ ബുദ്ധന്‍മാര്‍ക്ക് കീഴിലായിത്തീര്‍ന്നു. അവിടന്നിങ്ങോട്ട് ആക്രമണത്തിന്റെയും പീഢനത്തിന്റെയും പരമ്പരയായിരുന്നു.

1978, 1990, 1991, 2000, 2012 തുടങ്ങിയ വര്‍ഷങ്ങളില്‍ വംശഹത്യ വിവിധ രൂപങ്ങളിലും ഭാവങ്ങളിലും വെളിപ്പെട്ടു. പീഢനങ്ങള്‍ സഹിച്ച് കഷ്ടപ്പെട്ട് ജീവിക്കാന്‍ ഞങ്ങള്‍ പഠിച്ച് വരികയായിരുന്നു. എന്നാല്‍ 1962-ല്‍ സൈനികഭരണം അധികാരത്തിലേറിയതോടെ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളുടെ ജീവിതം ദുരിതപൂര്‍ണമായി. 1982-ല്‍ സൈന്യം പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തി. മുസ്‌ലിംകളുടെ മ്യാന്‍മര്‍ പൗരത്വം റദ്ദാക്കി. അതുവരെ ബര്‍മയിലെ പൗരന്‍മാരും, അവിടത്തെ വംശത്തില്‍ പിറന്നവരുമായിരുന്നു ഞങ്ങള്‍. അതോടെ ഞങ്ങള്‍ കുടിയേറ്റക്കാരായി മാറി.

റാഖേന്‍ വിഭാഗത്തിന്റെ അക്രമപ്രവര്‍ത്തനങ്ങളില്‍ ഗവണ്‍മെന്റിന്റെ നിലപാട് എന്താണ്?
ഭരണകൂടമാണ് യഥാര്‍ത്ഥ പ്രശ്‌നം. അവരുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ഒന്നും സംഭവിക്കില്ലായിരുന്നു. ഭരണകൂടത്തിന്റെ പിന്തുണയില്ലാതെയാണ് അവര്‍ ഞങ്ങളോട് പോരാടുന്നതെങ്കില്‍ അവര്‍ രക്ഷപ്പെടില്ലായിരുന്നു. ഭരണകൂടത്തിന്റെ പിന്തുണയില്ലെങ്കില്‍ പിന്നെ എങ്ങനെ അവര്‍ യുദ്ധവിമാനങ്ങള്‍ കൊണ്ട് ഞങ്ങളുടെ കടല്‍യാത്രക്കാരെ കരിച്ച് കളയും? റാഖേന്‍ സമൂഹം എന്ത് പറയുന്നുവോ അത് തന്നെയാണ് ഗവണ്‍മെന്റിനും പറയാനുള്ളത്. റോഹിങ്ക്യ മുസ്‌ലിംകളെ ബര്‍മന്‍ ജനതയായി അംഗീകരിക്കാനാവില്ലെന്ന് ബര്‍മന്‍ പ്രസിഡന്റ് അന്താരാഷ്ട്ര സംഘത്തോട് തുറന്നടിച്ചത് ഇതിന്റെ ഏറ്റവും വലിയ തെളിവാണ്. അതിന് രണ്ട് ദിവസം മുമ്പ് റാഖേന്‍ നേതാവ് പ്രഖ്യാപിച്ചതായിരുന്നു ഇക്കാര്യം. നമുക്ക് അമേരിക്കന്‍ ഐക്യനാടുകളില്‍ എവിടെയെങ്കിലും അവര്‍ക്ക് അഭയാര്‍ത്ഥി ക്യാമ്പൊരുക്കാമെന്നും ഐക്യരാഷ്ട്ര സഭ അവരെ സംരക്ഷിച്ചുകൊള്ളുമെന്ന ശുദ്ധപോക്കിരിത്തരമാണ് അദ്ദേഹം വിളിച്ച് പറഞ്ഞത്. സ്വാതന്ത്ര്യത്തിന് ശേഷം അറാകാന്‍ എന്ന സംസ്ഥാനം ഔദ്യോഗികമായി റാഖേന്‍ എന്നാക്കി മാറ്റിയത് പോലും ഈ ശ്രമത്തിന്റെ ഭാഗമായായിരുന്നു.

അറാഖാനില്‍ ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്?
മുന്‍കാലത്ത് ഇവര്‍ ഞങ്ങളുടെ ഗ്രാമങ്ങള്‍ ഉപരോധിക്കുകയും തീവെക്കുകയും തകര്‍ക്കുകയുമായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ നയം മാറ്റിയിരിക്കുകയാണ്. ഇപ്പോഴവര്‍ എല്ലാ പള്ളികളും മദ്രസകളും അടച്ചു. ഗ്രാമങ്ങളില്‍ കടന്ന് കയറി പുരുഷന്‍മാരെ പിടിച്ച് കൊണ്ട് പോയി. അവരെ എങ്ങോട്ടാണ് കൊണ്ട് പോകുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല. ഞങ്ങള്‍ക്കവരെ തിരികെ ലഭിക്കാറുമില്ല. എന്റെ മൂത്തസഹോദരന്‍ 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ടതാണ്. മുസ്‌ലിംകളുടെ ഗ്രാമങ്ങളിള്‍ പുരുഷന്‍മാരില്ല. അവിടെ ദുര്‍ബലരായ സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമാണുള്ളത്. അവിടെ കയറി സ്ത്രീകളെ ബലമായി പിടിച്ച് കൊണ്ട് പോവുന്നു. കൂട്ടബലാല്‍സംഗം നടത്തിയതിന് ശേഷം വൈകീട്ട് തിരിച്ചയക്കുകയോ, ബലാല്‍സംഗത്തിനിടെ ക്രൂരമായി കൊല്ലപ്പെടുകയോ ചെയ്യുന്നു.
അറാകാന്‍ എന്നത് പൂര്‍ണമായും ഗ്രാമങ്ങള്‍ മാത്രമുള്ള പ്രദേശമാണ്. ഗവണ്‍മെന്റ് ഇതുവരെ അവിടെ യാതൊരു വികസനപദ്ധതിയും നടത്തിയിട്ടില്ല. ഞങ്ങള്‍ക്ക് സ്വന്തമായ ഉല്‍പാദന കേന്ദ്രങ്ങളില്ല. ഭക്ഷണവും, വസ്ത്രവും മറ്റ് അവശ്യവസ്തുക്കളും പട്ടണങ്ങളില്‍ നിന്ന് കൊണ്ട് വരികയാണ് ചെയ്യുക. ഞങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാതായതോടെ ഈ മാര്‍ഗം അടഞ്ഞു. ഭക്ഷണവും വെള്ളവുമില്ലാതെ വലയുകയാണ് ഇപ്പോള്‍. പട്ടിണി കാരണം മരിക്കുന്നത് ഞങ്ങള്‍ക്കിടയില്‍ സര്‍വസാധാരണമായിരിക്കുന്നു. ഇപ്പോള്‍ കൃഷിയുടെ കാലവുമല്ല. ശേഖരിച്ച് വെച്ചവയെല്ലാം തീര്‍ന്നു. ഞങ്ങള്‍ റോഹിങ്ക്യ മുസ്‌ലിംകളുടെ ചിത്രം വളരെ വ്യക്തമാണ്. വംശീയയുദ്ധത്തിനിരയായവരാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് വീടുകളില്ല അവ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഗ്രാമങ്ങള്‍ കത്തിയെരിഞ്ഞ് ചാരമായിരിക്കുന്നു.

ചിലര്‍ ഞങ്ങള്‍ക്കായി ഭക്ഷണവും മറ്റ് വസ്തുക്കളും അയക്കാറുണ്ട്. പക്ഷെ അവ ഞങ്ങള്‍ക്കെത്തില്ല. സൈന്യം അവരുടെ കൂടെ വരികയും നേരെ ബുദ്ധ ഗ്രാമങ്ങളിലേക്ക് അവ തിരിച്ച് വിടുകയും ചെയ്യും. തലസ്ഥാന നഗരിയില്‍ തന്നെ ഞങ്ങളുടെ ചില സമ്പന്നരുണ്ട്. പക്ഷെ അവരുടെ സഹായങ്ങള്‍ പോലും ഇവിടെ എത്തില്ല. പിന്നെയല്ലേ വിദേശ രാഷ്ട്രങ്ങളില്‍ നിന്നുള്ളവ. ആര്‍ക്കും ഈ പ്രദേശങ്ങളിലേക്ക് നേരിട്ട് കടന്ന് വരാന്‍ കഴിയുകയില്ല. ശേഖരിച്ച സമ്പത്ത് അവരെ ഏല്‍പിക്കുകയാണ് ചെയ്യേണ്ടത്. അവര്‍ തന്നാല്‍ തന്നു, അത്രതന്നെ. അന്താരാഷ്ട്ര പ്രതിനിധികള്‍ നിലവിലുള്ള സാഹചര്യം പരിശോധിക്കാന്‍ വന്നാല്‍ പോലും അവര്‍ക്ക് കാണിച്ച് കൊടുക്കുക ബുദ്ധന്മാര്‍ ജീവിക്കുന്ന ഗ്രാമങ്ങള്‍ മാത്രമാണ്. ഇരുപത് വര്‍ഷമായി ഞങ്ങള്‍ക്ക് ഒരു പ്രദേശത്ത് നിന്ന് മറ്റൊരു പ്രദേശത്തേക്ക് സഞ്ചരിക്കാന്‍ അനുമതിയില്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. ഏതായാലും ഇപ്പോഴത്തെ നിരോധനാജ്ഞ കൂടുതല്‍ ഭീകരമാണ്. ഞങ്ങള്‍ വീട്ടില്‍ വാതിലടച്ച് കഴിഞ്ഞോളണം. റാഖേന്‍ ബുദ്ധന്‍മാര്‍ പൂര്‍ണസ്വതന്ത്രരാണ്. അവര്‍ നിരത്തിലിറങ്ങി അഴിഞ്ഞാടുന്നു. കൊള്ളയും കൊലയും നടത്തുന്നു. ഉദാഹരണമായി ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന പീഢനങ്ങള്‍. പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. പക്ഷെ അത് മുസ്‌ലിംകള്‍ക്ക് മാത്രമാണ് ബാധകം.
ഗവണ്‍മെന്റ് വകുപ്പില്‍ ജോലി ലഭിച്ച ഒരു മനുഷ്യന്‍ പോലും ഞങ്ങളില്‍ നിന്നില്ല. ഒരു ചെറിയ സെക്രട്ടറിയോ, വഴി വൃത്തിയാക്കുന്നവനോ പോലും. ആകെയുള്ളത് പാര്‍ലിമെന്റിലെ മൂന്ന് മെമ്പര്‍മാര്‍ മാത്രമാണ്. അവര്‍ മൂന്ന് പേരും അറാകാനില്‍ നിന്നുള്ളവരാണ്. അറുനൂറ് പേരുള്ള പാര്‍ലിമെന്റില്‍ മൂന്നാളുകള്‍ എന്ത് ചെയ്യാനാണ്? പാര്‍ലിമെന്റിന്റെ നാലിലൊന്ന് പേര്‍ സൈനികരാണ്. തെരഞ്ഞെടുപ്പ് കൂടാതെയാണ് അവരുടെ നിയമനം. ജനാധിപത്യം എന്നാണ് അവര്‍ ഈ ഭരണത്തിന് പേര് വിളിക്കുന്നതും. എന്തൊരു വൈരുദ്ധ്യം! മാത്രമല്ല എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയും ആയുധസംവിധാനങ്ങള്‍ അവര്‍ കൈവശം വെച്ചിരിക്കുന്നു!

മുസ്‌ലിംകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ആസൂത്രിതമാണെന്ന് വിലയിരുത്താമോ?
മുസ്‌ലിംകളെ പാര്‍ശ്വവല്‍ക്കരിക്കുന്നത് പുതിയ കാര്യമല്ല, മറിച്ച് എഴുപത് കൊല്ലത്തോളം നടന്ന ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ഇതും. എല്ലാ നിലക്കും ഞങ്ങളെ അടിച്ചമര്‍ത്താന്‍. കച്ചവട കേന്ദ്രങ്ങള്‍ അവരുടെ കയ്യിലാണ്. അവര്‍ തന്നാല്‍ ഞങ്ങള്‍ക്ക് ഭക്ഷിക്കാമെന്നതാണ് സ്ഥിതി. വിദ്യാഭ്യാസവും തഥൈവ. ഞങ്ങള്‍ക്ക് വിദ്യാഭ്യാസമില്ല. അദ്ധ്യാപകര്‍ മുഴുവന്‍ അവരില്‍ നിന്നും. വിദ്യാഭ്യാസത്തിന് വേണ്ടി പുറത്ത് പോയാല്‍ തിരിച്ച് അവിടേക്ക് കാലുകുത്താന്‍ അനുവാദവുമില്ല. ഞാന്‍ അതിന്റെ ഇരയാണ്. മറ്റൊരു രാഷ്ട്രത്തിന്റെ പാസ്‌പോര്‍ട്ടാണ് എനിക്കുള്ളത്. അതിന്റെ പേര് വെളിപ്പെടുത്താന്‍ എനിക്കാവില്ല. ഇരുപത് വര്‍ഷമായി പള്ളികളോ, മദ്രസയോ നിര്‍മിക്കാന്‍ ഗവണ്‍മെന്റ് അനുമതിയില്ല.

പീഢനങ്ങള്‍ മുസ്‌ലിംകള്‍ക്ക് മാത്രം ബാധകമാണോ അതോ മറ്റ് ന്യൂനപക്ഷങ്ങളും വിഷമങ്ങളനുഭവിക്കുന്നുണ്ടോ?
മ്യാന്മറിലെ ക്രൈസ്തവ ന്യൂനപക്ഷവും പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. പക്ഷെ അവരുടെ പ്രശ്‌നം ഞങ്ങളുടേത് പോലെയല്ല. അവര്‍ ‘കയ്യിംഗ്’ എന്ന പ്രദേശത്താണ് താമസിക്കുന്നത്. അവര്‍ പ്രസ്തുത പ്രദേശത്തിന്റെ സ്വതന്ത്ര അധികാരത്തിന് വേണ്ടിയാണ് വാദിക്കുന്നത്. ഞങ്ങള്‍ അങ്ങനെയല്ലല്ലോ. സമാധാനത്തോടും സന്ധിയോടും കൂടിയുള്ള ജീവിതമാണല്ലോ ഞങ്ങളാശിക്കുന്നത്. എന്നിട്ട് പോലും അവര്‍ ഞങ്ങളുടെ പൗരത്വം ക്യാന്‍സല്‍ ചെയ്തു. ‘കടന്ന് കൂടിയവര്‍’ എന്ന് മുദ്രകുത്തി.

ഇത്തരത്തില്‍ നിഷ്ഠൂരമായി വംശഹത്യ അരങ്ങേറിയിട്ടും എന്ത് കൊണ്ട് ലോകം കണ്ണടക്കുന്നു. ലോകം ഒന്നടങ്കം നിങ്ങള്‍ക്കെതിരാണെന്ന് പറയാമോ?
ഞങ്ങളുടെ അടുത്ത് മീഡീയാസംവിധാനങ്ങളില്ല എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രതിസന്ധി. ഞങ്ങള്‍ വളരെ ദുര്‍ബലരാണ്. ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന വംശഹത്യ തുടങ്ങിയിട്ട് രണ്ട് മാസത്തോളമായി. ഇതുവരെ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കാന്‍ പോലും ഞങ്ങള്‍ക്കായില്ല. ഇപ്പോള്‍ ഇരുപതിനായിരത്തോളം കൊല്ലപ്പെടുകയും, അഭയാര്‍ത്ഥികളാക്കപ്പെടുകയും ചെയ്തതിന് ശേഷമാണ് ലോകം സംഭവം അറിഞ്ഞ് തുടങ്ങുന്നത് തന്നെ. ഒ ഐ സിയും, ഇറാനും, സൗദിയുമെല്ലാം കുറച്ചെങ്കിലും ശബ്ദമുയര്‍ത്തി തുടങ്ങിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ ഇതുവരെ മൗനം പാലിച്ച് കൊണ്ടേയിരിക്കുന്നു. എന്നാല്‍ ബര്‍മയില്‍ നടന്ന് കൊണ്ടിരിക്കുന്ന കിരാതനടപടികള്‍ക്ക് ഉത്തരം നല്‍കാന്‍ ഗവണ്‍മെന്റ് ബാധ്യസ്ഥരാണെന്ന് ആസിയാന്‍ (തെക്കേഷ്യന്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മ) ഇന്നലെ പ്രസ്താവനിയിറക്കുകയുണ്ടായി.

മ്യാന്‍മറിലെ പ്രശ്‌നങ്ങള്‍ പര്‍വതീകരിച്ച് കാണിക്കുകയാണെന്നും, ചിത്രങ്ങള്‍ വ്യാജമാണെന്നും ചിലര്‍ ആരോപിക്കുന്നതിനെക്കുറിച്ച് എന്ത് പറയുന്നു?
അവര്‍ പറയുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെങ്കില്‍ എന്ത് കൊണ്ട് പുറത്ത് നിന്നുള്ള പത്രപ്രവര്‍ത്തകരെയും ചാനലുകാരെയും അങ്ങോട്ട് കടത്തിവിടുന്നില്ല? അങ്ങനെ വരുമ്പോള്‍ വിദേശത്ത് നിന്ന് അല്‍ജസീറക്ക് റിപ്പോര്‍ട്ട് നല്‍കേണ്ട ഗതികേട് അറാകാനില്‍ ജനിച്ച എനിക്കുണ്ടാവില്ലല്ലോ? അല്‍ജസീറ മാത്രമല്ല അമേരിക്കന്‍ ചാനലായ സി എന്‍ എന്നിന് പോലും എന്ത് കൊണ്ടവര്‍ അനുവാദം നല്‍കുന്നില്ല? പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു പത്രപ്രവര്‍ത്തകന്‍ അറാകാന്‍ സന്ദര്‍ശിക്കാന്‍ വേണ്ടി ഇന്നലെ വരികയുണ്ടായി. എന്തുകൊണ്ടവര്‍ അദ്ദേഹത്തെ തടഞ്ഞു? അദ്ദേഹത്തിന് വിസപോലും അവര്‍ നല്‍കിയില്ല.

ഇത്തവണ കലാപം രൂക്ഷമായതിനെ തുടര്‍ന്ന് ഏതാനും റോഹിങ്ക്യന്‍ മുസലിംകള്‍ ബംഗാള്‍ ഉള്‍ക്കടലിലൂടെ തോണിയില്‍ കയറി അഭയമന്വേഷിച്ചു യാത്രയായി. 18-ാളം തോണികളുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളുമടങ്ങിയ ആ സംഘം ബംഗ്ലാദേശിലെ ടെക്‌നാഫ് എന്ന പ്രദേശത്തേക്കാണ് പുറപ്പെട്ടത്. അവരെ ബംഗ്ലാദേശ് ഗവണ്‍മെന്റ് തങ്ങളുടെ അതിര്‍ത്തിയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞു. അതിലുണ്ടായിരുന്ന കുടുംബനാഥന്‍ അവരോട് സഹായത്തിന് വേണ്ടി യാചിക്കുന്ന ഫോട്ടോയാണിത്. ഈ ഫോട്ടോയും വ്യാജമാണെന്നാണ് ജനങ്ങള്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്. രണ്ടാഴ്ചയോളം ഇവര്‍ കടലില്‍ ഗതികിട്ടാതെ അലഞ്ഞു. ബംഗ്ലാദേശിലേക്കുള്ള വഴിമധ്യെ റാഖേന്‍ ബുദ്ധിസ്റ്റുകള്‍ യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് ചില ബോട്ടുകള്‍ കരിച്ചുകളഞ്ഞു. അവയിലുണ്ടായിരുന്നവര്‍ വെന്തുമരിച്ചു.

അയല്‍ രാഷ്ട്രമായ ബംഗ്ലാദേശിന്റെ നിലപാട് അനുകൂലമാണോ?
ബംഗ്ലാദേശ് ഗവണ്‍മെന്റിന് ഞങ്ങളോട് മൂന്ന് ബാധ്യതകളുണ്ട്. അവരും ഞങ്ങളും തമ്മില്‍ മാനുഷിക ബന്ധമുണ്ട്. കൂടാതെ ഞങ്ങള്‍ ഇസ്‌ലാമിലെ സഹോദരന്മാരാണ്. മൂന്നാമതായി അവര്‍ ഞങ്ങളുടെ അയല്‍ക്കാരാണ്. എന്നിട്ട് പോലും അവര്‍ ഞങ്ങളെ തടഞ്ഞു. കടന്ന് കയറിയവരെ അറസ്റ്റ് ചെയ്തു. വളര്‍ന്ന് വന്നവര്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചു. പത്രമാധ്യമങ്ങളില്‍ ഞങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ വിവരിക്കുന്നതിന് പകരം ഞങ്ങള്‍ക്കെതിരെ കോളങ്ങളെഴുതി. ഒന്നും ചെയ്യേണ്ടതില്ല. പക്ഷെ കരുണയോടെയുള്ള ഒരു സമീപനം. അതുപോലും അവരുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല. വളരെ അപൂര്‍വം ചിലര്‍ ഇതില്‍ നിന്ന് ഒഴിവാണ്. അവിടത്തെ ജമാഅത്തെ ഇസ്‌ലാമി ഞങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നുണ്ട്.

മറ്റ് രാഷ്ട്രങ്ങളുടെ നിലപാട് വ്യക്തമാക്കാമോ?
ബംഗ്ലാദേശ്, മലേഷ്യ, തായ്‌ലന്റ്, പാക്കിസ്ഥാന്‍, സൗദി തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഞങ്ങള്‍ റോഹിങ്ക്യ മുസ്‌ലിംകള്‍ അഭയാര്‍ത്ഥികളായുണ്ട്. പക്ഷെ അവിടങ്ങളിലെ നിയമങ്ങള്‍ മൂലം അവര്‍ കഷ്ടപ്പെടുകയാണ്. പൗരത്വം ലഭിക്കുന്നത് വരെ അവര്‍ക്ക് വിദ്യാഭ്യാസം നല്‍കില്ലെന്നാണ് അവിടത്തെ ഭരണകൂടങ്ങളുടെ നിലപാട്. ഈ രാഷ്ട്രങ്ങളിലായി അഞ്ച് മില്യനിലധികം റോഹിങ്ക്യന്‍ മുസ്‌ലിംകളുണ്ട്. അവരില്‍ ഡോക്ടറേറ്റ് നേടിയ 20 പേരെ പോലും നിങ്ങള്‍ക്ക് കാണാനാവില്ല. ബംഗ്ലാദേശ് അവരെ അറസ്റ്റ് ചെയ്യുകയും പ്രയാസപ്പെടുത്തുകയും ചെയ്യുന്നു. ഈയിടെ മലേഷ്യയിലേക്ക് അഭയം തേടിച്ചെന്നവരെ അവര്‍ തിരിച്ചയച്ചു. അവര്‍ നേരെ തായ്‌ലന്റില്‍ പ്രവേശിച്ചു. അവരില്‍ ചിലരെ അവിടത്തെ നേവിസംഘം അറസ്റ്റ് ചെയ്തു. മറ്റുചിലരെ ക്രൂരമായി പീഢിപ്പിച്ച് കൊന്നു. ആ ക്രൂരകൃത്യത്തിന്റെ ഫോട്ടോ ഞാന്‍ നിങ്ങള്‍ക്ക് തരാം. ഇന്നലെ 78  കുടുംബങ്ങള്‍ കാശ്മീര്‍ താഴ്‌വരയില്‍ അഭയം തേടിയതറിഞ്ഞ് ഞാന്‍ അല്‍ഭുതപ്പെട്ടുപോയി. രാഷ്ട്രങ്ങള്‍ക്ക് അവരുടെതായ നിയമങ്ങളുണ്ട്. പര്‍വതങ്ങളില്‍ അത്തരം പ്രശ്‌നങ്ങളൊന്നുമില്ലല്ലോ എന്നതായിരുന്നു അവരുടെ നിലപാട്.

രാഷ്ട്രത്തില്‍ നിന്നുള്ള ഞങ്ങളുടെ ഈ ഓട്ടത്തെ ഞങ്ങള്‍ ഹിജ്‌റ എന്ന് വിളിക്കില്ല. കാരണം ഹിജ്‌റക്ക് പറ്റിയ ഒരു രാഷ്ട്രം ആവശ്യമാണല്ലോ. ലോകത്തെവിടെയും ഞങ്ങള്‍ക്കത് ലഭിച്ചിട്ടില്ല. ഞങ്ങളെ ആരും സഹായിച്ചിട്ടില്ല. ഞങ്ങള്‍ക്ക് വേണ്ടത് ഈ ശബ്ദം ലോകത്ത് എത്തണമെന്നത് മാത്രമാണ്. സഹായിക്കുവാന്‍ മനസ്സാക്ഷിയുള്ളവര്‍ രംഗത്ത് വരിക തന്നെചെയ്യും. ഇന്‍ ശാ അല്ലാഹ്.

Related Articles