Current Date

Search
Close this search box.
Search
Close this search box.

മനസ്സാക്ഷിയും മാനവികതയും നഷ്ടപ്പെട്ട കൂട്ടരാണ് ഇസ്രായേല്‍

urdugan.jpg

(ഗസ്സ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കി പ്രധാനമന്ത്രി എര്‍ദോഗാനുമായി പശ്ചിമേഷ്യയിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ ഫഹ്മി ഹുവൈദി നടത്തിയ അഭിമുഖം)

ഗസ്സയുടെ മേലുള്ള ഇസ്രായേലിന്റെ ഭീകര ആക്രമണത്തിനെതിരെ മേഖലയിലെ രണ്ട് പ്രമുഖ രാഷ്ട്രങ്ങളായ ഈജിപ്തും തുര്‍ക്കിയും തമ്മില്‍ തന്ത്രപ്രധാനമായ സഹകരണം സ്ഥാപിക്കുകയാണ് രണ്ട് ദിവസത്തെ തന്റെ ഈജിപ്ത് സന്ദര്‍ശനത്തിന്റെ മുഖ്യലക്ഷ്യമെന്ന് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് എര്‍ദോഗാഗാന്‍. പശ്ചിമേഷ്യയിലെ പ്രമുഖ രാഷ്ട്രീയ നിരൂപകനും എഴുത്തുകാരനുമായ ഫഹ്മി ഹുവൈദിയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വിവരിച്ചത്. ഈജിപ്ഷ്യന്‍ വിപ്ലവം വിജയം കണ്ട ഈ ഘട്ടത്തില്‍ ചരിത്രപരമായ നവോഥാന ദൗത്യം ഏറ്റെടുക്കാന്‍ ഈജിപ്ത് പ്രാപ്തി കൈവരിക്കേണ്ടതുണ്ട്. പശ്ചിമേഷ്യയില്‍ സുസ്ഥിരത കൈവരിക്കാനും നവോന്മേഷം പകരാനും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വഴിയൊരുക്കുമെന്ന് അദ്ദേഹം ശുഭാപ്തി പ്രകടിപ്പിച്ചു. ഈജിപ്തിലെ എല്ലാ രാഷ്ട്രീയ ശക്തികളുമായും ദൃഢ ബന്ധം കാത്തുസൂക്ഷിക്കുക എന്നതും തന്റെ ലക്ഷ്യത്തില്‍ പെട്ടതാണെന്ന് ഉറുദുഗാന്‍ അഭിമുഖത്തില്‍ പറഞ്ഞു.

? ഗസ്സയില്‍ സംഭവ വികാസങ്ങളെ  താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു.
ഗസ്സയിലെ സംഭവവികാസങ്ങളെ ഞങ്ങള്‍ സൂക്ഷമമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രാന്തരീയ നിയമങ്ങളും മൂല്യങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് ഫലസ്തീന്റെ മേല്‍ അന്യായമായ ഭീകരനടപടികള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഇസ്രായേല്‍ ചെയ്യുന്നത്. ലോകത്തുള്ള നീതിവ്യവസ്ഥയെയും സമാധാന കരാറുകളെയും അവര്‍ പരിഹസിച്ചുകൊണ്ടേയിരിക്കുന്നു. ഈ ആക്രമണം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളും കൂടിയാലോചനകളുമാണ് ഞങ്ങളിപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വിദേശ രാഷ്ട്രങ്ങളുമായി പ്രസ്തുത വിഷയം ഞങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടേയിരിക്കുന്നു. യു എന്‍ സെക്രട്ടറി ജനറല്‍, നാറ്റോ സെക്രട്ടറി , അറബ് ലീഗ് സെക്രട്ടറി എന്നിവരുമായി ഫലസ്തീന്‍ വിഷയത്തില്‍ ഞാന്‍ ടെലഫോണ്‍ സംഭാഷണം നടത്തിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി ചര്‍ച്ച നടത്താന്‍ ഞാന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടേയിരിക്കുന്നു. അതിന്റെ ഭാഗമായി തന്നെ പശ്ചിമേഷ്യയിലെ  അറബ് രാഷ്ട്രങ്ങളുടെ നേതാക്കന്മാരുമായും ഞാന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അതിന്റെ പ്രാരംഭമാണ് മുഹമ്മദ് മുര്‍സിയുമായുള്ള സംഭാഷണം. ഫലസ്തീനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായി ഗസ്സ സന്ദര്‍ശനം നടത്താനും എനിക്ക് താല്‍പര്യമുണ്ട്.

? നമ്മുടെ പ്രതികരണം കേവലം പ്രതിഷേധത്തിലും അപലപിക്കലിലും പരിമിതമാകുകയാണെങ്കില്‍ ഇസ്രായേല്‍ അത് ഗൗനിക്കുകയേയില്ല.

-അത് ശരിയാണ്, കൂടുതല്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് ഉണ്ടാകേണ്ടത്. ഗസ്സയെ സഹായിക്കാനായി പുറപ്പെട്ട കപ്പല്‍ തകര്‍ക്കുകയും അതിലുള്ള ഒമ്പതോളം പേരെ വധിക്കുകയും ചെയ്തതു പോലുള്ള ഇസ്രായേലിന്റെ ശത്രുതാപരമായ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് അവരുമായുള്ള എല്ലാവിധ ബന്ധങ്ങളും ഞങ്ങള്‍ നേരത്തെ തന്നെ അവസാനിപ്പിച്ചിരിക്കുകയാണ്. രാഷ്ട്രാന്തരീയ ബന്ധം പുനസ്ഥാപിക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങളെ ഞങ്ങള്‍ വീണ്ടും നിരസിച്ചിരിക്കുകയാണ്.

ശത്രുതാപരമായ നിലപാട് കാരണം ഇസ്രായേലിന് ധാരാളം നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുര്‍ക്കിയെ പോലുള്ള സുഹൃദ് രാഷ്ട്രങ്ങളെ അവര്‍ക്ക് നഷ്ടമായിട്ടുണ്ട്. അന്താരാഷ്ട്ര പിന്തുണ അവര്‍ക്ക് കുറഞ്ഞുകൊണ്ടേയിരിക്കുന്നു. എന്നാല്‍ വൈദേശികമായ ഇത്തരം അവസ്ഥകളൊന്നും ജൂതന്മാര്‍ പൊതുവെ പരിഗണിക്കാതെ മൃഗീയമായ ആക്രമണങ്ങള്‍ ഫലസ്തീന് മേല്‍ നടത്തിക്കൊണ്ടിരിക്കുക എന്നതാണ് അവരുടെ പതിവ്. മനുഷ്യത്വവും മനസ്സാക്ഷിയും ഇല്ലാത്ത ഒരുകൂട്ടരാണ് അവര്‍.

? കഴിഞ്ഞ മാസം താങ്കള്‍ ഈജിപ്ത് സന്ദര്‍ശിച്ചിരുന്നു. രണ്ടാമത്തെ ഈ സന്ദര്‍ശനത്തിലൂടെ പരസ്പര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുകയാണോ ലക്ഷ്യം? മേഖലയിലെ ശീഈ കൂട്ട് കെട്ടിനെ പ്രതിരോധിക്കലും ലക്ഷ്യത്തിലുണ്ടോ?

-ഈജിപ്തുമായുള്ള സ്ട്രാറ്റജി പരമായ സഹകരണങ്ങള്‍ ജനുവരി 25-ലെ വിപ്ലവം മുതലേ ഞങ്ങള്‍ ആരംഭിച്ചതാണ്. കഴിഞ്ഞ കാലങ്ങളില്‍ നഷ്ടപ്പെട്ടുപോയ പ്രതാപം വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് ഈജിപ്ത് ഇപ്പോഴുള്ളത്. അതിനെ എല്ലാ അര്‍ഥത്തിലും ശക്തിപ്പെടുത്തുകയാണ് ഞങ്ങളിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് ഈജിപ്തിനു വേണ്ടിയോ അറേബ്യക്ക് വേണ്ടിയോ അല്ല. മറിച്ച് പശ്ചിമേഷ്യയുടെ പ്രശോഭിതമായ ഭാവി മുന്നില്‍ വെച്ചാണ്്. ഈജിപ്തിലെ വിപ്ലവം പൂര്‍ണാര്‍ഥത്തില്‍ വിജയിപ്പിക്കേണ്ടതുണ്ട്. അതിനുള്ള പരിശ്രമത്തിലാണ് കഴിഞ്ഞ മാസം മുതല്‍ ഞങ്ങള്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്.

ശിയാക്കള്‍ക്കെതിരെ സുന്നികളുടെ ചേരി എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. മതത്തിന്റെയും അവാന്തര വിഭാഗങ്ങളുടെയും പേരിലുള്ള എല്ലാ സഖ്യങ്ങള്‍ക്കും തുര്‍ക്കി എതിരാണ്. മാനവികവും നവോഥാനപരവുമായ മൂല്യങ്ങളിലുള്ള സഹകരണമാണ് തുര്‍ക്കിയടെ ലക്ഷ്യം.

ഈജിപ്തിന് മൊത്തമായുള്ള നന്മയാണ് നാം ലക്ഷ്യം വെക്കുന്നത്. അതിനാല്‍ തന്നെ ജനാധിപത്യപരമായ വ്യവസ്ഥ സ്ഥാപിക്കുകയെന്നതായിരിക്കണം പ്രഥമ ലക്ഷ്യം. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തുന്ന എല്ലാവരെയും നാം ശക്തിപ്പെടുത്തും. പ്രഥമ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം പുതിയ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അഭിനന്ദിക്കുക എന്നതായിരുന്നു.  ഭരണതന്ത്രപരമായതും സാമ്പത്തികവുമായ ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നതും ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യത്തില്‍ പെട്ടതാണ്. പ്രതിരോധം, ടൂറിസം, നിര്‍മാണം തുടങ്ങിയ മേഖലയിലെല്ലാം പരസ്പര ധാരണയോടെയുള്ള ചില പ്രവര്‍ത്തന പദ്ധതികള്‍ രൂപപ്പെടേണ്ടതുണ്ട്.

? തുര്‍ക്കിയുടെ മതേതര നിലപാടിനെക്കുറിച്ച വിമര്‍ശനങ്ങളെ എങ്ങനെ നോക്കിക്കാണുന്നു.

– അറബ് ലോകത്തെ ഏക മതേതര രാഷ്ട്രമാണ് തുര്‍ക്കി എന്ന് സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് ആക്ഷേപം ഉന്നയിച്ചിരുന്നു.  തുര്‍ക്കിയുടെ ജനാധിപത്യം ലോകത്തിന് തന്നെ മാതൃകയാക്കാന്‍ പര്യാപ്തമായ രീതിയില്‍ ഞങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ സിറിയയില്‍ ബശ്ശാറുല്‍ അസദ് സ്വന്തം ജനതയെ തന്നെ നിഷ്ഠൂരമായി വധിച്ചുകൊണ്ടിരിക്കുകയാണല്ലോ ചെയ്യുന്നത്. തുര്‍ക്കിയില്‍ മുമ്പുണ്ടായിരുന്നത് മതനിരാസത്തിലധിഷ്ടിതമായ മതേതരത്വമായിരുന്നു. എന്നാല്‍ മതമൂല്യങ്ങളെ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്ന പുരോഗമന ജനാധിപത്യമാണ് തുര്‍ക്കിയില്‍ ഇപ്പോള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിന്റെ പ്രായോഗിക വല്‍ക്കരണത്തില്‍ വ്യത്യസ്തമായ സമീപനമാണ് ലോക രാഷ്ട്രങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും പശ്ചാത്യരാഷ്ട്രങ്ങളും പിന്തുടരുന്നത് ഏത് ജനാധിപത്യത്തെയാണെന്ന് നാം സൂക്ഷമമായി വിലയിരുത്തേണ്ടതുണ്ട്. തുര്‍ക്കിയുടെ മതേതരത്വവും ഇതര മതേതരത്ത വ്യവസ്ഥകളും തികച്ചും ഭിന്നമാണ്. പേരില്‍ രണ്ടും ഒന്നാണെങ്കിലും തത്വത്തിലും പ്രയോഗത്തിലും ഇവ തമ്മില്‍ അജഗജാന്തരമുണ്ട്.

? നാറ്റോ സഖ്യവുമായി ചേര്‍ന്നുള്ള സിറിയന്‍ പ്രതിരോധം…

-സിറിയന്‍ ജനങ്ങളുടെ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള തുര്‍ക്കിയുടെ ഉപദേശങ്ങളെ സിറിയന്‍ ഭരണകൂടം വിലമതിച്ചിട്ടില്ല. ഒടുവില്‍ കാര്യങ്ങള്‍ ഇത്ര വഷളമായ അവസ്ഥയില്‍ എത്തി നില്‍ക്കുകയാണ്. സിറിയ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു, തദ്ദേശീയരായ കുര്‍ദുകളെ കൊല്ലുകയും പരിക്കേല്‍പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു..അങ്ങേയറ്റത്തെ സഹനത്തോടെയാണ് തുര്‍ക്കി ഇപ്പോള്‍ സിറിയന്‍ ആക്രമണത്തെ നേരിടുന്നത്. ക്ഷമക്കും ഒരതിരുണ്ട് എന്ന് അവര്‍ മനസ്സിലാക്കണം. സിറിയയുമായി ഒരു സൈനിക നടപടി ഉണ്ടാകാതിരിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തുര്‍ക്കികളും സിറിയക്കാരുമായി അയല്‍പക്ക ബന്ധം മാത്രമല്ല ഉള്ളത്, കുടുംബ ബന്ധവും വൈവാഹിക ബന്ധവും വരെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം നിഷ്പ്രഭമാക്കാനുള്ള സിറിയന്‍ ഗവണ്‍മെന്റിന്റെ നടപടികള്‍ ഖേദകരമാണ്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌
 

Related Articles