Current Date

Search
Close this search box.
Search
Close this search box.

ഭീകരതയാണ് ഞാന്‍ പ്രചരിപ്പിച്ചിരുന്നതെങ്കില്‍…

zakir-naik333.jpg

ഇസ്‌ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന് മേല്‍ ഇന്ത്യന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ നിരോധനത്തെ സംബന്ധിച്ചും, തനിക്കെതിരെയുള്ള ആരോപണങ്ങളെ കുറിച്ചും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യക്ക് (PTI) നല്‍കിയ അഭിമുഖത്തില്‍ ഡോ. സാകിര്‍ നായിക്‌ പ്രതികരിക്കുകയുണ്ടായി. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

വിലക്കിനെതിരെ കോടതിയില്‍ പോകാന്‍ ആലോചിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ എപ്പോഴാണ്?
ഉണ്ട്, ഇന്‍ഷാ അല്ലാഹ്, എത്രയും പെട്ടെന്ന് തന്നെ വിലക്കിനെതിരെ കോടതിയെ സമീപിക്കാന്‍ തന്നെയാണ് തീരുമാനം. ഡല്‍ഹിയിലും മുംബൈയിലുള്ള എന്റെ നിയമ സഹായ സംഘം നിയമപരമായ എല്ലാ സാധ്യതകളും ആരാഞ്ഞുകൊണ്ടിരിക്കുകയാണ്.

രാജീവ് ഗാന്ധി ചാരിറ്റബ്ള്‍ ട്രസ്റ്റിന് സംഭാവനയായി 75 ലക്ഷം രൂപ എന്തിനാണ് നല്‍കിയത്?
വിദ്യാഭ്യാസ-ആരോഗ്യ മേഖലയില്‍ ഐ.ആര്‍.എഫ് വ്യത്യസ്തമായ ഒരുപാട് പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായി മറ്റു എന്‍.ജി.ഓ-കള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവക്ക് പണം സംഭാവനയായി നല്‍കുന്നുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍, ചെലവേറിയ സര്‍ജറികള്‍ ചെയ്യാന്‍ പണമില്ലാതെ വലയുന്ന പാവപ്പെട്ടവരുടെ ചികിത്സക്ക് വേണ്ടി ആശുപത്രികള്‍ക്ക് നല്‍കുന്ന സംഭാവന തുടങ്ങിയവും ഇതില്‍ ഉള്‍പ്പെടും. മുംബൈയിലെ മുംബ്രയില്‍ ഐ.ആര്‍.എഫ് സ്വന്തമായി ഒരു സൗജന്യ മെഡിക്കല്‍ ക്ലിനിക്കും നടത്തുന്നുണ്ട്. മാസത്തില്‍ 5000-ത്തിലധികം രോഗികള്‍ക്ക് അവിടെ സൗജന്യ ചികിത്സ നല്‍കി വരുന്നു. ഇതേ പദ്ധതിക്ക് കീഴിലാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍.ജി.സി.ടിക്ക് ഐ.ആര്‍.എഫ് 50 ലക്ഷം രൂപ സംഭാവന ചെയ്തത്. പിന്നീട് 2016 ജൂലൈയില്‍ അവര്‍ ആ സംഖ്യ മടക്കി നല്‍കുകയും ചെയ്തു. കാരണം അവര്‍ക്ക് തന്നെ നന്നായറിയാം.

താങ്കളുടെ സ്വാധീനം കാരണമാണ് ചില യുവാക്കള്‍ ഐ.എസ്.ഐ.എസ്സില്‍ ചേര്‍ന്നതെന്ന് സമ്മതിക്കുന്നുണ്ടോ?
ഇല്ല. ഞാനത് അംഗീകരിക്കില്ല. സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത്ര ഭീകരമായ ആരോപണമാണത്. ലോകത്തുടനീളമുള്ള 10 കോടിയിലധികം വരുന്ന ആളുകള്‍ ടെലിവിഷന്‍, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിലൂടെ എന്നെ പിന്തുടരുന്നുണ്ട്. ഇസ്‌ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍, ഖുര്‍ആനും ആധുനിക ശാസ്ത്രവും, വിദ്യാഭ്യാസം, സ്ത്രീകളുടെ അവകാശങ്ങള്‍ ഇസ്‌ലാമില്‍, കുടുംബ വിഷയങ്ങള്‍, ഭീകരവാദത്തെ കുറിച്ച് ഇസ്‌ലാമിക കാഴ്ച്ചപ്പാട് തുടങ്ങിയ നിരവധി വിഷയങ്ങളെ അധികരിച്ചുള്ള എന്റെ സംസാരങ്ങളും വീഡിയോകളും കണ്ടും കേട്ടും പതിനായിരക്കണക്കിന് ആളുകളാണ് ഇസ്‌ലാമുമായി അടുത്തത്.

ഇസ്‌ലാമുമായി അടുക്കുന്നതിന് ഒരുപാട് പേര്‍ക്ക് ഞാന്‍ പ്രചോദനമായിട്ടുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. പക്ഷെ എന്നെ കേള്‍ക്കുന്നവരെല്ലാം തന്നെ ഞാന്‍ പറയുന്ന കാര്യങ്ങള്‍ മാത്രമായിരിക്കില്ല ചിലപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടാവുക. ഒരാള്‍ ഇസ്‌ലാമുമായി അടുത്തു കഴിഞ്ഞാല്‍, അയാള്‍ മറ്റു പ്രഭാഷകരെയും കേള്‍ക്കാന്‍ സാധ്യതയുണ്ട്. അവരില്‍ ചിലര്‍ ഇസ്‌ലാമിന്റെ പേരില്‍ അവരെ വഴിതെറ്റിച്ചെന്ന് വരാം. അക്കൂട്ടര്‍ നിരപരാധികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കും. അത് പൂര്‍ണ്ണമായും ഖുര്‍ആനികാധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണ്. നിങ്ങള്‍ എന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണെങ്കില്‍, ഭീകരവാദത്തെയും, നിരപരാധികളെ കൊല്ലുന്നതിനെയും ന്യായീകരിക്കുന്ന ഒരൊറ്റ വീഡിയോ പോലും കാണാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല.

20 വര്‍ഷത്തിലധികമായി ഞാന്‍ പ്രഭാഷണങ്ങള്‍ നടത്തുന്നു. അതില്‍ ഒന്നില്‍ പോലും നിരപരാധികളായ മനുഷ്യരെ കൊല്ലാന്‍ ഞാന്‍ ആരെയും പ്രോത്സാഹിപ്പിച്ചിട്ടില്ല. എന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി മാറ്റി തെറ്റായി ഉദ്ദരിക്കുകയാണ് മാധ്യമങ്ങളും മറ്റും ചെയ്തത്. ഞാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ആളാണ് എന്ന ധാരണ സൃഷ്ടിക്കാനായിരുന്നു അവരുടെ ശ്രമം. ഞാന്‍ പൂര്‍ണ്ണമായും ഭീകരവാദത്തിന് എതിരാണ്. ഇസ്‌ലാമിന്റെ കാഴ്ച്ചപ്പാടില്‍ രണ്ടാമത്തെ വന്‍പാപമായ നിരപരാധികളെ കൊല്ലുന്നതടക്കമുള്ള എല്ലാ തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങളെയും ഞാന്‍ ശക്തമായി അപലപിക്കുന്നു. നിരപരാധികളെ കൊല്ലുന്നതടക്കമുള്ള എല്ലാവിധ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും എതിരാണ് ഇസ്‌ലാമും ഖുര്‍ആനും. ഇതുതന്നെയാണ് ഞാന്‍ എല്ലായ്‌പ്പോഴും ജനങ്ങള്‍ക്കിടയില്‍ പ്രബോധനം നടത്തിയത്.

ഏതാനും ദുര്‍മാര്‍ഗികള്‍ ഭീകരവാദ സംഘങ്ങളില്‍ ചേര്‍ന്നത് എന്റെ സ്വാധീനം മൂലമാണെന്ന് പറയുന്നത് തികച്ചും തെറ്റാണ്. എനിക്ക് അത്യാവശ്യം നല്ല വാക്ചാതുരിയുണ്ടെന്ന കാര്യം നിങ്ങള്‍ തന്നെ സമ്മതിക്കും. ഇത്രയും കാലം ഭീകരവാദമാണ് പ്രചരിപ്പിച്ചിരുന്നതെങ്കില്‍, ഞാനിപ്പോഴേക്ക് ലക്ഷകണക്കിന് ഭീകരവാദികളെ സൃഷ്ടിച്ചിട്ടുണ്ടാകുമായിരുന്നില്ലേ? സമാധാനം, മൈത്രി, ഖുര്‍ആനിക അധ്യാപനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി എങ്ങനെ നല്ലൊരു മനുഷ്യനായി മാറാം തുടങ്ങിയ കാര്യങ്ങളാണ് ഞാന്‍ പ്രബോധനം ചെയ്തത്. ദശലക്ഷകണക്കിന് വരുന്ന എന്റെ കേള്‍വിക്കാരില്‍, ഏതാനും ചില സാമൂഹിക വിരുദ്ധര്‍ വഴി തെറ്റി പോയി അക്രമപാത സ്വീകരിച്ചിട്ടുണ്ടാകാം. ഞാന്‍ പറഞ്ഞ കാര്യങ്ങളല്ല അവര്‍ പിന്തുടരുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. അക്രമപാത സ്വീകരിക്കുന്ന നിമിഷം മുതല്‍ക്ക് മുസ്‌ലിം എന്ന ഗുണം അവര്‍ക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു, അവര്‍ക്കൊരിക്കലും എന്റെ പിന്തുണയുണ്ടാവുകയില്ല.

ബ്രിട്ടിന്റെ ആഭ്യന്തരമന്ത്രിയായിരിക്കെ തെരേസ മേയ് ആയിരുന്നു ഡോ. സാക്കിര്‍ നായിക്കിന് ആദ്യമായി നിരോധനമേര്‍പ്പെടുത്തിയത്. നിങ്ങളെന്തിനാണ് മോദി സര്‍ക്കാറിനെ പഴി പറയുന്നത്?
യു.കെ-യില്‍ എനിക്ക് നിരോധനമൊന്നുമില്ല. ഞാന്‍ ‘പുറത്താക്കപ്പെടുകയാണ്’ ഉണ്ടായത്. അതായത് എനിക്ക് ബ്രിട്ടനില്‍ പ്രവേശിക്കാന്‍ കഴിയില്ല. എന്റെ ടെലിവിഷന്‍ പ്രഭാഷണങ്ങളും, എന്റെ എന്‍.ജി.ഓ-യെയും, എന്റെ പുസ്തകങ്ങളും, ഓഡിയോ വീഡിയോ സീ.ഡികളും നിരോധിച്ചാലാണ് എന്നെ നിരോധിച്ചു എന്ന് പറയാന്‍ കഴിയുക. എന്റെ സംഘടന ഇപ്പോഴും യു.കെയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്റെ പ്രസിദ്ധീകരണങ്ങള്‍ യു.കെയില്‍ പ്രചാരത്തിലുണ്ട്. കൂടാതെ ഇസ്‌ലാമിന്റെ സമാധാന സന്ദേശം വ്യാപിപ്പിക്കാനുള്ള ശ്രദ്ധേയമായ ചില കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്. മുന്‍ സര്‍ക്കാറിന്റെ കാലത്ത്, തെറ്റായ പാത സ്വീകരിച്ചുവെന്ന് കരുതപ്പെടുന്ന മുസ്‌ലിംകളുടെ അടുക്കലേക്ക് എത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അവരുടെ കൗണ്ടര്‍ ടെററിസം ഹെഡ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ എന്റെ അടുത്തേക്ക് അയക്കുകയുണ്ടായി. തികച്ചും രാഷ്ട്രീയ പ്രേരിതമായ ഘടകങ്ങളാണ് എന്നെ പുറത്താക്കിയതിന് പിന്നിലുള്ളത്.

2010-ല്‍ ബ്രിട്ടനില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷവും, രണ്ട് ദശാബ്ദക്കാലമായുള്ള എന്റെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരുപാട് രാജ്യങ്ങളുടെ പരമോന്നത സിവിലിയന്‍ അവാര്‍ഡുകള്‍ എന്നെ തേടി വന്നു. സമാധാനത്തിലുള്ള നൊബേല്‍ പ്രൈസിന് സമാനമായ ഇസ്‌ലാമിക ലോകത്തെ പരമോന്നത ബഹുമതിയായ കിംഗ് ഫൈസല്‍ അവാര്‍ഡും എനിക്ക് സമ്മാനിക്കപ്പെട്ടു.

എന്റെ മാതൃരാജ്യമായ ഇന്ത്യയില്‍ മാത്രമാണ് എനിക്കെതിരെ നിരോധാജ്ഞയുള്ളത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് വേണ്ടി ഹൈദരാബാദിലെ ദേശീയ പോലിസ് അക്കാദമിയിലേക്ക് ഞാന്‍ രണ്ട് തവണ ക്ഷണിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച പോലിസ് അക്കാദമികളില്‍ ഒന്നാണത്.

ഞാനന്ന് അഭിസംബോധന ചെയ്ത് സംസാരിച്ച ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും ഇപ്പോഴും സര്‍വ്വീസിലുണ്ടാകാം. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരാളെയാണ് ഐ.പി.എസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ ക്ഷണിച്ചത് എന്നാണോ നിങ്ങള്‍ പറയുന്നത്. ഈ നിരോധനം ദൗര്‍ഭാഗ്യകരവും, രാഷ്ട്രീയ പ്രേരിതവുമാണെന്ന കാര്യത്തില്‍ സംശയമില്ല. യു.കെ-യില്‍ നിന്ന് എന്നെ പുറത്താക്കിയതിനോട് അവിടുത്തെ കൗണ്ടര്‍ ടെററിസം തലവന് യോജിപ്പുണ്ടായിരുന്നില്ല. പക്ഷെ അന്നത്തെ ആഭ്യന്തര സെക്രട്ടറിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുകയല്ലാതെ അദ്ദേഹത്തിന് വേറെ നിവൃത്തിയുണ്ടായിരുന്നില്ല. ഇതു തന്നെയാണ് ഇന്ത്യയിലും സംഭവിച്ചത്. നാല് മാസത്തോളം നടത്തിയ സൂക്ഷ്മമായ ഗവേഷണത്തിലൂടെ ഞാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ആളല്ലായെന്ന് എന്‍.ഐ.എക്കും മറ്റു ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. പക്ഷെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങുകയല്ലാതെ അവര്‍ക്ക് വേറെ വഴിയില്ല.

എന്തുകൊണ്ടാണ് താങ്കള്‍ ഇന്ത്യയിലേക്ക് മടങ്ങി വരാത്തത്?
ഞാനൊരു എന്‍.ആര്‍.ഐ-യാണ്. എന്റെ ജോലിയാണ് വര്‍ഷത്തില്‍ കൂടുതല്‍ സമയവും എന്നെ ഇവിടെ നിന്നും അകറ്റി നിര്‍ത്തുന്നത്. 2016 മെയ് മാസം മുതല്‍ക്ക് ഞാന്‍ പുറത്താണ്. എങ്കിലും നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് എന്റെ പൂര്‍ണ്ണമായ സഹകരണം ഞാന്‍ ആവര്‍ത്തിച്ച് ഉറപ്പ് നല്‍കിയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വരെ, ഒരു ഏജന്‍സിയും എന്നെ ബന്ധപ്പെട്ടിരുന്നില്ല, ചോദ്യം ചെയ്യുകയുണ്ടായിട്ടില്ല, എനിക്കെതിരെ നോട്ടീസ് അയക്കുകയോ എന്തിനധികം ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയോ ഉണ്ടായിട്ടില്ല. നിരോധനമേര്‍പ്പെടുത്തിയതിന് ശേഷം മാത്രമാണ് എനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഐ.ആര്‍.എഫിനെയും ഐ.എസ്.ഐ.എസ്സിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തെളിവുകള്‍ എന്‍.ഐ.എ കണ്ടെത്തി കഴിഞ്ഞു. ഇതിനെ കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?
അതെല്ലാം കെട്ടിച്ചമച്ചത് മാത്രമാണ്. കഴിഞ്ഞ മൂന്ന് കാലമായി, എനിക്കെതിരെ ഒരു വൈകാരിക അന്തരീക്ഷം സൃഷ്ടിക്കാനും, വെറുപ്പിന്റെ പ്രചാരകന്‍ എന്ന മുദ്ര എന്റെ മേല്‍ പതിക്കാനും വേണ്ടി സര്‍ക്കാറിന്റെയും അതിന്റെ ഏജന്‍സികളുടെയും ഭാഗത്ത് നിന്ന് കൂട്ടായ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഇന്നു വരെ അവരുടെ വാദങ്ങളെ ശരിവെക്കുന്ന ഒരു തെളിവ് പോലും കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഏജന്‍സികളുടെ അവകാശവാദങ്ങളെല്ലാം വെറും വിടുവായത്തങ്ങള്‍ മാത്രമാണ്.

25 വര്‍ഷക്കാലമായി ഞാന്‍ ചെയ്തു കൊണ്ടിരുന്ന അതേ കാര്യം തന്നെയാണ് ഞാനിപ്പോഴും ചെയ്യുന്നത്. ‘ഭീകരപ്രവര്‍ത്തനങ്ങള്‍’ എന്ന് പറയപ്പെടുന്ന എന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ ഒന്നിലധികം വരുന്ന രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ നിന്നും ഇത്രയും കാലം മറച്ച് വെക്കാന്‍ കഴിയുമെന്നാണോ നിങ്ങള്‍ കരുതുന്നത്? പത്ത് പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ നടത്തിയ പ്രസ്താവനകളാണ് എന്നെ വിലക്കുന്നതിന് വേണ്ടി ഉദ്ദരിക്കപ്പെട്ടവയില്‍ ഭൂരിഭാഗവും. ഈ ആരോപണങ്ങളെ രാഷ്ട്രീയ വീക്ഷണകോണില്‍ നിന്നാണ് നോക്കിക്കാണേണ്ടത്. നിലവിലെ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമാണ് പ്രസ്തുത ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ചത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഇത് ഒരുപാട് കാര്യങ്ങള്‍ പറയാതെ പറയുന്നുണ്ട്.

മോദി സര്‍ക്കാര്‍ മുസ്‌ലിം വിരുദ്ധമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
കരുതുകയല്ല, അത് മുസ്‌ലിം വിരുദ്ധമാണെന്ന് എനിക്കറിയാം. മോദിയുടെ മുസ്‌ലിം വിരുദ്ധ സ്വഭാവത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും കഴിഞ്ഞ ഒന്നര ദശാബ്ദകാലത്ത് നിന്നും ഒരുപാട് തെളിവുകള്‍ ലഭിക്കും. ഐ.ആര്‍.എഫിന് ഏര്‍പ്പെടുത്തിയ വിലക്കാണ് അതില്‍ ഏറ്റവും പുതിയത്. അതേസമയം രാജേശ്വര്‍ സിംഗ്, യോഗി ആദിത്യനാഥ്, സാധ്വി പ്രാച്ചി തുടങ്ങിയവരെ പോലുള്ളവര്‍ മോദിക്ക് കീഴില്‍ തഴച്ച് വളരുകയും ചെയ്യുന്നു. എന്നോടെന്തിനാണ് ചോദിക്കുന്നത്, ദശലക്ഷകണക്കിന് വരുന്ന ഇന്ത്യന്‍ മുസ്‌ലിംകളോട് ചോദിച്ച് നോക്ക്, മോദി മുസ്‌ലിം വിരുദ്ധനാണെന്ന് അവര്‍ ഒന്നടങ്കം പറയും. ഇതുതന്നെയാണ് അദ്ദേഹത്തെ ഇന്ത്യന്‍ ജനാധിപത്യത്തിനെതിരെയുള്ള മുഖ്യ ഭീഷണിയാക്കി തീര്‍ക്കുന്നതും.

ഐ.എസ്.ഐ.എസ്സില്‍ ചേര്‍ന്ന രാജസ്ഥാനില്‍ നിന്നുള്ള അനസ് എന്ന യുവാവിന് ഐ.ആര്‍.എഫ് സാമ്പത്തികസഹായം നല്‍കി എന്ന് എന്‍.ഐ.എ അവകാശപ്പെടുന്നുണ്ട്. എന്താണ് താങ്കളുടെ പ്രതികരണം?
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഐ.ആര്‍.എഫ് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. വര്‍ഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന ഒരു കാര്യമാണത്. ഓരോ വര്‍ഷവും ഒരു കോടിയിലധികം രൂപ സ്‌കോളര്‍ഷിപ്പായി നല്‍കുന്നുണ്ട്. മെഡിസിന്‍, എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് സ്റ്റഡീസ് തുടങ്ങിയ മേഖലകളിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. ഓരോ വര്‍ഷവും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അതിന്റെ ഗുണഭോക്താക്കളാകുന്നുണ്ട്.

അനസ് എന്ന് പറയുന്ന വ്യക്തിക്ക് ഐ.ആര്‍.എഫ് സാമ്പത്തിക സഹായം നല്‍കി എന്നതിനെ ശരിവെക്കാനോ നിഷേധിക്കാനോ കഴിയുന്ന ഒരു സാഹചര്യത്തിലല്ല ഞാനിപ്പോള്‍ ഉള്ളത്. കാരണം നിരോധനാജ്ഞ വന്നതിന് ശേഷം ഐ.ആര്‍.എഫിന്റെ എല്ലാ രേഖകളും അധികൃതര്‍ കണ്ടുകെട്ടി. ഐ.ആര്‍.എഫിന്റെ സ്‌കോളര്‍ഷിപ്പ് പണം ‘ഭീകരവാദ ഫണ്ടിംഗിന്’ ഉപയോഗിച്ചു എന്ന ആരോപണം തികഞ്ഞ അസംബന്ധമാണെന്ന് മാത്രമേ എനിക്ക് പറയാന്‍ കഴിയൂ. അതൊരിക്കലും സാധ്യമല്ല, കാരണം സ്‌കോളര്‍ഷിപ്പ് തുക വിദ്യാര്‍ത്ഥികള്‍ക്കല്ല നല്‍കുക, മറിച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കാണ് നല്‍കുക. പഠിക്കുന്ന സ്ഥാപനത്തിന്റെ ഫീസ് ഘടന വിദ്യാര്‍ത്ഥി സമര്‍പ്പിച്ച് കഴിഞ്ഞാല്‍, പ്രസ്തുത സ്ഥാപനത്തിന്റെ പേരില്‍ ഒരു ചെക്ക് ഒപ്പിട്ട് നല്‍കി സ്ഥാപനത്തിന് നേരിട്ട് അയക്കുകയാണ് ഐ.ആര്‍.എഫിന്റെ രീതി. ചില സന്ദര്‍ഭങ്ങളില്‍, ഫീസ് അടക്കേണ്ട അവസാന തിയ്യതി കാരണം വിദ്യാര്‍ത്ഥികള്‍ ലോണ്‍ എടുക്കുകയോ പണം കടം വാങ്ങുകയോ ചെയ്തിട്ടുണ്ടാകാം. ഇത്തരം അവസരങ്ങളില്‍ ഐ.ആര്‍.എഫ് വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് പണം കൈമാറുകയാണ് ചെയ്യുക. ഐ.ആര്‍.എഫ് ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കിയെന്നും, കഴിഞ്ഞ 25 വര്‍ഷം ഐ.ആര്‍.എഫിന് ലഭിച്ച 64 കോടി രൂപയില്‍ ആകെ 80000 രൂപ മാത്രമാണ് ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തികസഹായമായി നല്‍കിയത് എന്നൊക്കെയുള്ള വാദം ആരെങ്കിലും വിശ്വസിക്കുമോ?

വിദേശത്ത് നിന്ന് സാമ്പത്തിക സഹായമായി ലഭിച്ച കള്ളപ്പണം ഐ.ആര്‍.എഫ് വെളുപ്പിച്ചു എന്ന ആരോപണം ഉയര്‍ന്നിരുന്നു. പ്രതികരണം.?
എന്നെ എവ്വിധേനയും കുറ്റക്കാരനാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള വേട്ടയാടലാണ് നടക്കുന്നത്. ദുബൈയിലെ എന്റെ പേഴ്‌സണല്‍ അക്കൗണ്ടില്‍ നിന്നും മുംബൈയിലെ എന്റെ പേഴ്‌സണല്‍ അക്കൗണ്ടിലേക്ക് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കൈമാറ്റം ചെയ്യപ്പെട്ട 47 കോടി രൂപയെ സംബന്ധിച്ചാണ് പ്രസ്തുത ആരോപണം. അതാത് സമയത്ത് തന്നെ റിട്ടേണുകള്‍ സമര്‍പ്പിച്ചതും, ബന്ധുക്കള്‍ക്ക് വായ്പയായും സമ്മാനമായും നല്‍കിയതും, നിയമവിധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചതുമായ പണമാണത്. ഇതില്‍ എവിടെയാണ് പ്രശ്‌നമെന്ന് എനിക്കറിയില്ല. ഡോ. സാക്കിര്‍ നായിക്കിന്റെ കുടുംബം മിഡിലീസ്റ്റ് രാഷ്ട്രങ്ങളില്‍ നിന്നും പണം സ്വീകരിച്ചതായി സര്‍ക്കാര്‍ അധികൃതര്‍ വെളിപ്പെടുത്തി എന്ന് മാധ്യങ്ങള്‍ അവകാശപ്പെടുകയുണ്ടായി. അവര്‍ അവകാശപ്പെടുന്നത് പോലെ എന്റെ അടുത്ത കുടുംബാംഗങ്ങളില്‍ ആരെങ്കിലും 47 കോടിയില്‍ ചെറിയൊരംശമെങ്കിലും കൈപറ്റിയിട്ടുണ്ടെന്ന് തെളിയിക്കാന്‍ ഞാന്‍ അധികൃതരെ വെല്ലുവിളിക്കുന്നു.

മറ്റൊരു കാര്യമുണ്ട്. ഓരോ വര്‍ഷവും 12 ബില്ല്യണ്‍ യു.എസ് ഡോളറാണ് (80000 കോടി രൂപ) നിയമപരമായ മാര്‍ഗങ്ങളിലൂടെ യു.എ.ഇയിലെ എന്‍.ആര്‍.ഐ ഇന്ത്യക്കാര്‍ ഇന്ത്യയിലേക്ക് അയക്കുന്നത്. ഈ തുകയില്‍ ഭൂരിഭാഗവും അയക്കുന്നത് അമുസ്‌ലിംകളാണെന്നതാണ് വസ്തുത. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഓരോ വര്‍ഷവും ഏകദേശം 7.8 കോടി രൂപ ഞാന്‍ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട് (മൊത്തം 47 കോടി രൂപ). ഇതെല്ലാം നിയമപരമായ മാര്‍ഗങ്ങളിലൂടെയാണ്. ഇതിലെന്താണ് നിയമവിരുദ്ധമായിട്ടുള്ളത്? ഓരോ വര്‍ഷവും നൂറ് കോടിയിലധികം രൂപയാണ് യു.എ.ഇ-യില്‍ നിന്നും ഇന്ത്യയിലേക്ക് അമുസ്‌ലിം സഹോദരങ്ങള്‍ അയക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുന്ന 100 സമ്പന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ 80 ശതമാനവും അമുസ്‌ലിംകളാണെന്ന വസ്തുത ഈ അവസരത്തില്‍ ഞാന്‍ ഓര്‍മപ്പെടുത്തുകയാണ്.

ഐ.ആര്‍.എഫ് നിയമവിരുദ്ധമായി 64 കോടി രൂപ സമ്പാദിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് അവകാശപ്പെടുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെയും സത്യാവസ്ഥ എന്താണെന്ന് പറയാന്‍ എനിക്കിപ്പോള്‍ കഴിയില്ല. കാരണം രേഖകളൊന്നും തന്നെ ഇപ്പോള്‍ ഞങ്ങളുടെ കൈവശമില്ല. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഞങ്ങള്‍ക്ക് സംഭാവനയായി ലഭിച്ച പണം തന്നെയാണത് എന്ന കാര്യത്തില്‍ ഉറപ്പുണ്ട്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, മൊത്തം സംഖ്യയില്‍ 50 കോടിയിലധികം രൂപയും ഇന്ത്യയില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ നല്‍കിയ സംഭാവനയാണ് എന്ന സത്യം എന്‍.ഐ.എ പുറത്ത് പറയുന്നില്ലെന്നതാണ്. കഴിഞ്ഞ 15 വര്‍ഷക്കാലം എഫ്.സി.ആര്‍.എ അക്കൗണ്ടില്‍ 14 കോടി രൂപ ഐ.ആര്‍.എഫ് സ്വീകരിച്ചു. ഇതില്‍ 4 കോടി രൂപ വിദേശത്ത് ജീവിക്കുന്ന എന്‍.ആര്‍.ഐ-കളില്‍ നിന്നാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ആകെ 10 കോടിയില്‍ പരം രൂപ മാത്രമാണ് വിദേശികളില്‍ നിന്ന് ഐ.ആര്‍.എഫ് സംഭാവനയായി സ്വീകരിച്ചിട്ടുള്ളത്.

സംഭാവന നല്‍കുന്ന ആളുകളുടെ പേര്, വിലാസം, തുക തുടങ്ങിയ എല്ലാ വിവരങ്ങളും ആഭ്യന്തര മന്ത്രാലയത്തിന് മുമ്പാകെ അതാത് സമയങ്ങളില്‍ സമര്‍പ്പിച്ചിട്ടുമുണ്ട്. അപ്പോള്‍ പിന്നെ, എവിടെ നിന്നാണ് ഈ കള്ളപ്പണം വെളുപ്പിക്കലിനെ കുറിച്ചുള്ള ചോദ്യം വരുന്നത്? ഐ.ആര്‍.എഫ് കള്ളപ്പണം വെളുപ്പിക്കുന്നതായി സര്‍ക്കാര്‍ ശരിക്കും കരുതുന്നുണ്ടെങ്കില്‍, പിന്നെന്തു കൊണ്ടാണ് ഞങ്ങള്‍ സാമ്പത്തിക സഹായം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും നിരോധിക്കുകയും പൂട്ടിക്കുകയും ചെയ്യാത്തത്? പ്രസ്തുത സ്ഥാപനങ്ങളുടെ പേരുവിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നുവല്ലോ. നിയമവിധേയമായ മാര്‍ഗങ്ങളിലൂടെയല്ലാതെ ഞങ്ങള്‍ ഒരു സ്ഥാപനത്തിനും സാമ്പത്തിക സഹായം നല്‍കിയിട്ടില്ല.

എന്തു കൊണ്ടാണവര്‍ രാജീവ് ഗാന്ധി ട്രസ്റ്റിനെ കുറിച്ച് മാത്രം സംസാരിക്കുന്നത്? എന്തുകൊണ്ടാണവര്‍ സിയോണ്‍ മുംബൈയിലെ കീര്‍ത്തി സൗമ്യ ട്രസ്റ്റ്, മുംബൈ സെന്‍ട്രലിലെ നായര്‍ ഹോസ്പിറ്റല്‍, ദേവീലാല്‍ മെമ്മോറിയല്‍ ട്രസ്റ്റ്, അസോസിയേഷന്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് തുടങ്ങി കുറച്ച് ദിവസം മുമ്പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റനേകം സ്ഥാപനങ്ങളും പൂട്ടിക്കാത്തത്? എന്തു കൊണ്ടാണവര്‍ ഇസ്‌ലാമിക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ നടത്തുന്ന ഐ.ആര്‍.എഫ് എഡുക്കേഷണല്‍ ട്രസ്റ്റിന്റെ പിന്നാലെ മാത്രം കൂടുന്നത്? ന്യൂനപക്ഷങ്ങള്‍ക്ക് മേലുള്ള അധികാര ദുര്‍വിനിയോഗമാണ് ഇതെന്നാണ് അതിന്റെ ഉത്തരം. അത്രക്ക് ധൈര്യമുണ്ടെങ്കില്‍ എന്തു കൊണ്ടാണ് അവര്‍ ഞങ്ങള്‍ സാമ്പത്തിക സഹായം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളെയും സംഘടനകളെയും നിരോധിക്കാത്തത്.

ആരെങ്കിലും താങ്കള്‍ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടോ?
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍, എന്റെ പ്രവര്‍ത്തനങ്ങളും പ്രവര്‍ത്തകരും ലോകം മുഴുവന്‍ വ്യാപിക്കുകയാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ നല്ല രീതിയിലാണ് ഒരുപാട് മുസ്‌ലിം രാഷ്ട്രങ്ങള്‍ പ്രതികരിച്ചത്. വേണ്ടി വന്നാല്‍, അല്ലാഹു അനുഗ്രഹിച്ചാല്‍ ഈ വിനീതനായ അല്ലാഹുവിന്റെ ദാസന് മുമ്പില്‍ ഒരുപാട് മുസ്‌ലിം രാഷ്ട്രങ്ങള്‍ ചുവന്ന പരവതാനി വിരിക്കുക തന്നെ ചെയ്യും.

താങ്കള്‍ക്ക് മലേഷ്യന്‍ പാസ്‌പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ?
മലേഷ്യന്‍ സര്‍ക്കാര്‍ എനിക്ക് വിലക്കേര്‍പ്പെടുത്തിയതായി കഴിഞ്ഞ നാല് മാസത്തിനിടെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഒരുപാട് തവണ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇപ്പോള്‍ അവര്‍ ഒരു മലക്കംമറിഞ്ഞ്, മലേഷ്യന്‍ സര്‍ക്കാര്‍ എനിക്ക് പാസ്‌പോര്‍ട്ട് നല്‍കി എന്നാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. വിലക്കുള്ള ഒരു രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് ഒരാള്‍ക്ക് എങ്ങനെയാണ് ലഭിക്കുക. ഈ രണ്ട് റിപ്പോര്‍ട്ടുകളും തീര്‍ത്തും വ്യാജമാണ്.

ഐ.ആര്‍.എഫിന് ലഭിച്ചിരുന്ന സക്കാത്ത് വിഹിതം ഇസ്‌ലാമിക നിയമമനുസരിച്ചല്ല ചെലവഴിക്കുന്നത് എന്ന് ചിലര്‍ ആരോപണമുന്നയിച്ചിരുന്നുവല്ലോ?
ഐ.ആര്‍.എഫിന് ലഭിക്കുന്ന എല്ലാ പണവും സക്കാത്ത് വിഹിതത്തില്‍ നിന്നല്ല. സക്കാത്ത് വിഹിതമായി ലഭിച്ച ഓരോ രൂപയും ഇസ്‌ലാമിക നിയമം അനുസരിച്ച് തന്നെയാണ് ചെലവഴിച്ചിട്ടുള്ളത്.

അവലംബം: caravandaily.com
വിവര്‍ത്തനം: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles