Current Date

Search
Close this search box.
Search
Close this search box.

ഭര്‍ത്താവിന്റെ പെരുമാറ്റമാണ് ഇസ്‌ലാമിലേക്കെന്നെ ആകര്‍ഷിച്ചത്‌

വടക്കന്‍ കാലിഫോര്‍ണിയയിലെ ചാര്‍ലോട്ടി ഇസ്‌ലാമിക് അക്കാദമിയില്‍ അധ്യാപികയായ മിഷേല്‍ വിവാഹിതയും മൂന്ന് കുട്ടികളുടെ മാതാവുമാണ്. തന്റെ ഇസ്‌ലാം സ്വീകരണത്തെ കുറിച്ചും അതിന് പിന്നിലെ പ്രേരകങ്ങളെ കുറിച്ചും അവര്‍ ഉള്ളുതുറക്കുന്നു.

താങ്കള്‍ ഇസ്‌ലാമിനെ പരിചയപ്പെട്ടത് എങ്ങിനെയായിരുന്നു?
ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ശൈശവത്തിലേ വളരെ നിശിതമായ രീതിയിലാണ് ഇസ്‌ലാമിനെ പരിചയപ്പെടുന്നത്. കത്തോലിക്കന്‍ വിദ്യാലയത്തില്‍ പഠിക്കുമ്പോള്‍ യേശു, യൂനുസ് പോലുള്ള പ്രവാചകന്മാരുടെ കഥകളാണ് എന്നെ ആകര്‍ഷിച്ചത്. അത് മധ്യപൗരസ്ത്യ നാടുകളോട് തോന്നിയ എന്തോ മോഹം കൊണ്ടായിരിക്കാമെന്നാണ് ഞാന്‍ കരുതുന്നത്. വാസ്തവത്തില്‍ ഇസ്‌ലാമിനെകുറിച്ച് കേള്‍ക്കാനും അറിയാനുമിടയായത് എന്റെ ഭര്‍ത്താവ് വഴിയാണ്. എന്റെ മതംമാറ്റത്തിനു മുമ്പുള്ള അദ്ദേഹത്തിന്റെ സ്വഭാവവും വൃത്തിയും ഉദാഹരണങ്ങളിലൂടെ എന്നെ പെരുമാറ്റരീതികള്‍ പഠിപ്പിച്ചതും പറഞ്ഞു ധരിപ്പിച്ചതുമാണ് ശരിക്കും എന്നെ ആകര്‍ഷിച്ചത്. ഭര്‍തൃപിതാവ് പാകിസ്താനില്‍ നിന്നയച്ചുതന്ന ഗ്രന്ഥങ്ങളും എനിക്ക് ഇസ്‌ലാമിനെ അറിയാന്‍ സഹായിച്ചു.

മതം മാറ്റത്തിനുമുമ്പായി ഇസ്‌ലാമല്ലാത്ത മറ്റുവല്ല മതങ്ങളും പരിഗണിച്ചിരുന്നുവോ?
മത പരിവര്‍ത്തനത്തിനു മുമ്പ് ഞാന്‍ മാതാപിതാക്കള്‍ക്കൊപ്പം കൃത്യമായി ചര്‍ച്ചില്‍ പോയിരുന്ന ഞാന്‍ വിശാസവും പ്രാര്‍ഥനയുമുള്ള കുടുംബത്തിലാണ് വളര്‍ന്നത്. എനിക്ക് പതിനേഴോ പതിനെട്ടോ വയസ്സുള്ളപ്പോള്‍ യാദൃശ്ചികമായി കത്തോലിക്കാ ചര്‍ച്ചിനകത്ത് കടക്കരുതെന്ന് തോന്നി. ഞാന്‍ വൈകിത്തുടങ്ങി. അത് ക്രമേണ ചര്‍ച്ചില്‍ പോക്ക് നിര്‍ത്താനുള്ള കാരണമായി. പിന്തിരിഞ്ഞു നോക്കുമ്പോള്‍ എന്തോ ആശയക്കുഴപ്പം കാരണമാണ് അങ്ങിനെ സംഭവിച്ചതെന്നാണ് തോന്നുന്നു. ഇസ്‌ലാമിനെ കുറിച്ചോ, ഇതര മതങ്ങളെ കുറിച്ചോ ഒരറിവുമില്ലാത്ത നിഷ്‌കളങ്കരായിരുന്ന എന്റെ മുതിര്‍ന്നവരുടെ കൂടെ തെക്കുപടിഞ്ഞറന്‍ വിര്‍ജീനയയിലെ ഒരു കൊച്ചു പട്ടണത്തിലാണ് ഞാന്‍ വളര്‍ന്നത്. അവരുടെ കൂടെ ചര്‍ച്ചില്‍ പോയി തിരിച്ചുവരും. അതുമാത്രമേ എനിക്ക് നിശ്ചയമുള്ളൂ

വിവാഹിതയായ താങ്കള്‍ 12 വര്‍ഷമായി മുസ്‌ലിമാണ്, ഇസ്‌ലാം എന്ത് മാറ്റമാണ് താങ്കളുടെ ജീവിതത്തിലുണ്ടാക്കിയത്?
അതി ബൃഹത്തും വിവരണാതീതവുമായ മാറ്റമാണ് ഇസ്‌ലാം എന്റെ ജീവിതത്തിലുണ്ടാക്കിയത്. അപാരമായ ശാന്തിയാണ് നിങ്ങള്‍ക്ക് ഇസ്‌ലാമില്‍ അനുഭവപ്പെടുക. അല്ലാഹുവുമായുള്ള ബന്ധം കാരണമാണ് അതെന്നാണ് എനിക്ക് തോന്നുന്നത്. ഇതേക്കുറിച്ച് ഞാന്‍ ഗാഢമായി ആലോചിച്ചിരുന്നു. എങ്ങിനെയാണ് ആ അനുഭവം വാക്കുകളില്‍ വിവരിക്കുക എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഖുര്‍ആന്‍ പാരായണവും അതില്‍നിന്ന് ലഭിക്കുന്ന വിജ്ഞാനവും മാര്‍ഗദര്‍ശനവുമാണ് ഏറ്റവും ശക്തമായതെന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങള്‍ക്കൊരു ചോദ്യമുണ്ടെങ്കില്‍ ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ടിരിക്കെ ഏതെങ്കിലും ഒരു പേജില്‍ നിങ്ങള്‍ അതിന്റെ മറുപടി കണ്ടെത്തുമെന്നത് ഒരു ആശ്വാസം തന്നെയാണ്. വിശ്വാസികളുടെ ഹൃദയത്തിന് ശമനമരുളുമെന്ന് ഖുര്‍ആന്‍തന്നെ പറയുന്നുണ്ടല്ലോ. ഖുര്‍ആന്‍ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്നതാണ് വാസ്തവം.

താങ്കളുടെ ക്രൈസ്തവ ജിവിതകാലത്ത് ഇസ്‌ലാമിനെക്കുറിച്ചുള്ള ധാരണ എന്തായിരുന്നു? അതിന്റെ പ്രസക്തി എന്തെന്ന് വിവരിക്കാമോ?
ഞാന്‍ മുമ്പ് പറഞ്ഞ പോലെ മതപരിവര്‍ത്തനത്തിനു മുമ്പ്, എന്റെ ഭര്‍ത്താവിനെ പരിചയപ്പെടുകയും പുസ്തകങ്ങള്‍ വായിച്ചു തുടങ്ങുകയും ചെയ്യുന്നതു വരെ എനിക്ക് ഇസ്‌ലാമിനെകുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല.

ഇസ്‌ലാമിന് എന്ത് ആകര്‍ഷണമാണ് താങ്കള്‍ക്ക് തോന്നിയത്?
ലാളിത്യം. ഇസ്‌ലാമിന്റ ലാളിത്യമാണ് എന്നെ വാസ്തവത്തില്‍ ആകര്‍ഷിച്ചത്. ഖുര്‍ആന്‍ വായിച്ച് മനസ്സിലാക്കാമെന്നതും എളുപ്പമായിരുന്നു. ഞാന്‍ കത്തോലിക്കാ ചര്‍ച്ചില്‍ പോകുമ്പോള്‍ ഞങ്ങളെന്താണ് വായിക്കുന്നതെന്ന് അറിയാനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല പുരോഹിതന്റെ പ്രഭാഷണം മാത്രമേ ഉണ്ടായിരുന്നുള്ളു. വിശ്വാസത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹം എന്താണ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്ന് ഊഹിക്കാന്‍ മാത്രമേ ഞങ്ങള്‍ക്ക് സാധിച്ചിരുന്നുള്ളു. എപ്പോഴും എനിക്ക് പലതും ചോദിക്കാനുമുണ്ടായിരുന്നു. രണ്ട് കാര്യങ്ങള്‍ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഒന്നാമത് കത്തോലിക്കാ ചര്‍ച്ചില്‍ കുമ്പസാരിക്കേണ്ടതുണ്ട്. പോയി കുമ്പസാരിക്കൂ എന്ന് പറഞ്ഞുകൊണ്ട് അമ്മ എന്നെ നിര്‍ബന്ധിക്കുമായിരുന്നു. നിങ്ങള്‍ പുരോഹിതനെ സമീപിച്ച് നിങ്ങള്‍ ചെയ്തുപോയ പാപങ്ങള്‍ ഏറ്റുപറയേണ്ടതുണ്ട്. എനിക്ക് അതിശയമാണ് തോന്നിയത്. ഒരു പാതിരി മാത്രമായ ഇയാളോട് ഞാനെന്തിനാണ് എന്റെ പാപങ്ങള്‍ ഏറ്റു പറയുന്നതെന്ന്  ഞാന്‍ ആലോചിച്ചു. ആ ചെറുപ്രായത്തില്‍തന്നെ ഇതൊന്നും അത്ര ശരിയല്ല എന്ന ഒരു തോന്നലുണ്ടായത് വിവാദത്തിന് കാരണമയി. കുമ്പസാരിക്കാന്‍ എനിക്ക് വലിയ ഇഷ്ടം തോന്നുന്നില്ല. എന്ന് പറഞ്ഞപ്പോള്‍  അദ്ദേഹം എന്നെ വല്ലാത്ത ഒരു നോട്ടം നോക്കി. ഞാനെന്തിനാണ് നിങ്ങളോട് പറയുന്നത് എനിക്ക് ദൈവത്തോട് നേരിട്ട് പറഞ്ഞുകൂടെ എന്ന ചോദ്യത്തിന് അദ്ദേഹത്തിന് മറുപടിയില്ലായിരുന്നു. എന്റെ അടുത്ത ചോദ്യം ഞാന്‍ യേശുവിനെ രക്ഷകനായി വിശ്വസിക്കുന്നില്ലെങ്കിലോ എന്നായിരുന്നു. ഏബ്രഹാമിനെ പിന്‍പറ്റിയ ജനങ്ങളോ യേശുവിന്ന് മുമ്പ് അദ്ദേഹത്തെ വിശ്വസിച്ച കൂട്ടരോ? ഞാന്‍ വിശ്വസിച്ചില്ലെങ്കില്‍ നരകത്തിലാണെന്നാണ് നിങ്ങള്‍ പറയുന്നത് അപ്പോള്‍ മറ്റുള്ളവരോ? എബ്രഹാം ഒരു പ്രവാചകനായിരുന്നല്ലോ. ജനങ്ങള്‍ അദ്ദേഹത്തെ പിന്‍പറ്റുകയും ചെയ്തിരുന്നു. ഇതായിരുന്നു എന്റെ ചോദ്യങ്ങള്‍.

ആ കാലങ്ങള്‍ താങ്കള്‍ക്ക് നിരാശജനകമായി തോന്നിയിട്ടുണ്ടോ?   
അതെ. തീരെ നിരാശജനകമായ ദിനങ്ങളായിരുന്നു അത്. ആരാധനക്കായി എങ്ങോട്ടാണ് പോകേണ്ടതെന്നും എന്താണ് ചെയ്യേണ്ടതെന്നുമറിയാതെ ഒരു വര്‍ഷം മുഴുവന്‍ ഒഴുക്കില്‍പെട്ടപോലെ എനിക്കെന്താണ് സംഭവിക്കുന്നത് ദൈവമേ എന്ന് ചിന്തയില്‍ കഴിഞ്ഞു. ഒരിക്കല്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന ചര്‍ച്ചിലേക്ക് എനിക്ക് പോകാനായില്ല. ചെറുപ്പത്തില്‍ കന്യാസ്ത്രീകളേയും പുരോഹിതനേയുമെല്ലാം എനിക്കിഷ്ടമായിരുന്നു. ഭാവിയില്‍ ഒരു കന്യാസ്ത്രീ ആകണമെന്നുവരെ ഞാന്‍ മോഹിച്ചിരുന്നു.

ആ പ്രശ്‌നങ്ങളെല്ലാം എങ്ങിനെ പരിഹരിക്കപ്പട്ടു? ഇപ്പോള്‍ താങ്കള്‍ ഒരു മുസ്‌ലിമാണ്. താങ്കളുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി കണ്ടെത്തിയോ?
തീര്‍ച്ചയായും. ഇസ്‌ലാമിനെക്കുറിച്ച് നിങ്ങള്‍ പഠിച്ചുകഴിഞ്ഞാല്‍ ഒരു മനുഷ്യനായി ജീവിക്കാന്‍ നിങ്ങള്‍ പ്രാപ്തനായിക്കഴിഞ്ഞു. വല്ല പ്രശ്‌നങ്ങള്‍ നേരിടുകയോ ചോദ്യങ്ങള്‍ ഉയരുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് മുമ്പില്‍ നമ്മുടെ പ്രവാചകചര്യയുണ്ട് എന്നെ സംബന്ധിച്ചേടത്തോളം അനുദിനം നേരിടുന്ന പ്രശ്‌നങ്ങളെല്ലാം എങ്ങിനെ പരിഹരിക്കാമെന്ന് കാണിക്കുന്ന അത്ഭുതകരമായ വിജ്ഞാനശേഖരമാണിത്. ഇങ്ങനെ ഒന്ന് ക്രൈസ്തവതയില്‍ കാണുകയില്ല. മറ്റൊന്ന് അഞ്ചുനേരം നാം നിര്‍വഹിക്കുന്ന ഗൗരവമായ പ്രാര്‍ഥനയാണ്. ഇതിന്റ ചിന്തയില്‍ പ്രഭാതത്തില്‍ നിങ്ങള്‍ ഉണര്‍ന്നൊരുങ്ങുന്നു. അല്‍പം വിഷമകരമാണെങ്കിലും ദൈവകല്‍പനയാണ് അനുസരിക്കാന്‍ പോകുന്നത്. ദിവസം മുഴുവനുമുള്ള എന്റെ തെറ്റുകള്‍ പൊറുക്കപ്പെടേണ്ടതിനുള്ള ഈ പ്രാര്‍ഥന ഗൗരവമാറിയതാണ്. വ്രതാനുഷ്ഠാനത്തിലൂടെ വിശപ്പ് അറിയാനും പാവങ്ങളെക്കുറിച്ച് ചിന്തിക്കാനും ദൈവത്തോടുള്ള ത്യാഗസന്നദ്ധത പ്രകടപ്പിക്കാനും സാധിക്കുന്നു. സകാത്താണെങ്കില്‍ ഈ കൃത്യങ്ങളുടെയെല്ലാം പ്രാധാന്യം ശക്തമായും നിരന്തരമായും ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.

മൊഴിമാറ്റം:     മുനഫ്ഫര്‍ കൊയിലാണ്ടി

Related Articles