Current Date

Search
Close this search box.
Search
Close this search box.

ബ്രസീല്‍ : മുസ്‌ലിം – കത്തോലിക്കാ ബന്ധത്തിന് മാതൃക

(ബ്രസീലിലെ, സുപ്രിം കൗണ്‍സില്‍ ഓഫ് ഇമാംസ് ആന്റ് ഇസ്‌ലാമിക് അഫേഴ്‌സ് പ്രസിഡണ്ട് ഇമാം ഖാലിദ് തഖിയുദ്ദീനുമായി നടത്തിയ അഭിമുഖത്തിന്റെ തുടര്‍ച്ച)

ഓണ്‍ ഇസ്‌ലാം: ബ്രസീലില്‍, ഇസലാമിലേക്കുള്ള പരിവര്‍ത്തനം വളരെ കുറവാണല്ലോ. (10,000 പേരാണെന്നാണ് കണക്ക്) ഇതെ കുറിച്ച് എന്തു പറയുന്നു?

തഖിയ്യുദ്ദീന്‍: സംഖ്യ ഏകദേശം കൃത്യം തന്നെയാണ്. ബ്രസീലിയന്‍ സമൂഹത്തില്‍, നവ മുസ്‌ലിംകളുടെ ചില ശ്രമങ്ങളൊഴിച്ചു നിറുത്തിയാല്‍, ഇസ്‌ലാമിക പ്രചാരണത്തിന്നാവശ്യമായ ഭൗതികോപാധികളുടെ അപര്യപ്തതയാണിതിന്നു കാരണം.
8.5 മില്യനിലധികം കിലോ മീറ്ററുകള്‍ വ്യാപിച്ചു കിടക്കുന്ന വലിയൊരു പ്രദേശമാണ് ബ്രസീല്‍. 200 മില്യനിലധികം ജനങ്ങള്‍ അവിടെ വസിക്കുന്നു. അനൗദ്യോഗിക കണക്ക് പ്രകാരം, മുസ്‌ലിം ജനസംഖ്യ 1.5 മില്യനാണ്. ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ പോലും കുറവാണ് മുസ്‌ലിംകളെന്നര്‍ത്ഥം.
മാത്രമല്ല, രാജ്യത്തൊട്ടാകെയുള്ള പള്ളികളുടെ എണ്ണം 100 ആണ്. അനുമതി പത്രമുള്ള ഇമാമുകളുടെ എണ്ണം വെറും 60 മാത്രം. ഇവരില്‍, കേവലം മുപ്പത് പേര്‍ക്ക് മാത്രമേ പോര്‍ത്തുഗീസ് ഭാഷ അറിയുകയുള്ളു. ഒരു ഇമാം മാത്രമാണ് നാട്ടുകാരനായിട്ടുള്ളത്.
അതിനും പുറമെ, പോര്‍ത്തുഗീസ് ഭാഷയില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികളും വളരെ വിരളമാണ്. വിശുദ്ധ ഖുര്‍ആനും രിയാദുസ്സ്വാലിഹീനും മാത്രമാണ്, ഇപ്പോള്‍, പൊതുവെ കൂടുതല്‍, വിവര്‍ത്തനം ചെയ്യപ്പെട്ടത്.
പുതുതായി മതത്തില്‍ വരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം, സംരക്ഷണവും പരിപോഷണവും അയാളുടെ അവകാശമാണ്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, അതിന്നു മതിയായ ത്രാണി അവിടെ ഇല്ല.
മറ്റൊരു കാര്യം കൂടി. ഇസ്‌ലാമിക സെന്ററുകള്‍ സ്ഥാപിച്ച ആദ്യ തലമുറ, വെറും കര്‍ഷകരോ വ്യാപാരികളോ ആയിരുന്നു. യൂറോപ്പിലും അമേരിക്കയിലും ഇസ്‌ലാമിക സെന്ററുകള്‍ സ്ഥാപിച്ചവരില്‍ നിന്നും തികച്ചും ഭിന്നരായിരുന്നു ഇവര്‍. അവര്‍ ഉന്നത വിദ്യാഭ്യാസമുള്ളവരായിരുന്നു. ഡോക്ടറേറ്റ് വരെയുള്ളവരായിരുന്നു, അവരില്‍ പലരും. മാത്രമല്ല, ചിലര്‍ മുമ്പ് തന്നെ, ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ അംഗങ്ങളായിരുന്നു. അതിനാല്‍, പ്രസ്തുത രാജ്യങ്ങളില്‍, ഇസ്‌ലാമിക പ്രചാരണത്തിന്ന്, ഒരുറച്ച ശാസ്ത്രീയാടിത്തറ നിങ്ങള്‍ക്ക് കാണാനാകും.  എന്നാല്‍, ബ്രസീല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു.  
ബ്രസീലിയന്‍ മുസ്‌ലിംകളുടെ ‘ഇസ്‌ലാം’ നിലനിറുത്തുന്നതിന്ന് ആഹ്വാനം നടത്തപ്പെട്ടിരുന്ന ഒരു കാലം, ബ്രസീലിലുണ്ടായിട്ടുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും തലമുറയോടെ, സ്ഥിതി മാറി. ഉയര്‍ന്നു കൊണ്ടിരിക്കുന്ന അവബോധവും വിദ്യാഭ്യാസ നിലവാരവുമായിരുന്നു കാരണം. ഇസ്‌ലാമില്‍ വരുന്ന ബ്രസീലിയര്‍ക്ക്, തങ്ങളെ ഉള്‍ക്കൊള്ളാനും തങ്ങളുടെ പ്രതീക്ഷകള്‍ നിര്‍വഹിക്കാനും പറ്റിയ സ്ഥാപനങ്ങള്‍, പൊതുവെ കാണാന്‍ കഴിയുന്നില്ല.

ഓണ്‍ ഇസ്‌ലാം: ലോകത്തെ ഏറ്റവും വലിയ കത്തോലിക്കാ രാജ്യമാണല്ലോ, ബ്രസീല്‍. അവിടത്തെ മുസ്‌ലിം – കത്തോലിക്കാ ബാന്ധവത്തെ കുറിച്ച് എന്തു പറയുന്നു? പ്രത്യേകിച്ചും, ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ തുടക്കത്തോടെ?

തഖിയ്യുദ്ദീന്‍: നല്ല ബന്ധമാണവിടെയുള്ളത്. ഇസലാമിനെതിരായ, ചില അനഭിലഷണീയ നിലപാടെടുത്ത മുന്‍ മാര്‍പ്പാപ്പയുടെ കീഴില്‍ പോലും മെച്ചപ്പെട്ട ബന്ധമായിരുന്നു. ബ്രസീലിലെ, കത്തോലിക്കാ നേതാക്കള്‍ ഞങ്ങളെ സന്ദര്‍ശിക്കുകയും, ഞങ്ങളുടെ വിഷയങ്ങളില്‍ ആശീര്‍വദിക്കുകയും ചെയ്യാറുണ്ട്.
വലിയ തോതിലുള്ള പരസ്പര ബഹുമാനമാണിവിടെയുള്ളത്. സ്‌റ്റേറ്റിന്റെ പ്രോത്സാഹനത്തോടെയുള്ള സംവാദത്തില്‍, ചിലപ്പോള്‍, അവര്‍ ഞങ്ങളോടൊപ്പം പങ്കെടുക്കുന്നു. അവരും ചില വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിക്കുന്നു. ആഗോള മുസ്‌ലിം – കത്തോലിക്കാ സംവാദങ്ങളില്‍, അവരും ഞങ്ങളോടൊപ്പം സംവദിക്കുന്നു.
 
ഓണ്‍ ഇസ്‌ലാം: ബ്രസീലിലെ, മുഖ്യ ധാരാ – പ്രതിപക്ഷ മാധ്യമങ്ങള്‍, ബ്രസീലിന്നകത്തും പുറത്തും, ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നതെങ്ങനെയാണ്?

തഖിയ്യുദ്ദീന്‍: മുസ്‌ലിം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍, ബ്രസീലിയന്‍ മാധ്യമങ്ങള്‍ വളരെ തല്പരരാണ്. ഞങ്ങളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന, പ്രകടനം പോലുള്ള കാര്യങ്ങളിലേക്ക് ക്ഷണിക്കപ്പെട്ടാല്‍, അവര്‍ പൂര്‍ണമായി റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രസിലിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ടി. വി. ചാനലാണ് ‘ഗ്ലോബൊ’. ‘സ്ത്രീകള്‍ ഇസ്‌ലാമില്‍’, ‘ശൈശവം ഇസ്‌ലാമില്‍’ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് സംസാരിക്കാന്‍, ആഴ്ചയില്‍ അരമണിക്കൂര്‍ വീതം, അവര്‍ മുസ്‌ലിംകള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ഇസ്‌ലാമിക വിരുദ്ധ പ്രചാരണങ്ങളാല്‍, ചിലപ്പൊള്‍, മാധ്യമങ്ങള്‍ സ്വാധീനിക്കപ്പെടുമ്പോള്‍, ഞങ്ങള്‍, പ്രതികരിക്കാനുള്ള അവകാശം ചോദിക്കുന്നു, അല്ലെങ്കില്‍, മാപ്പു പറയാനാവശ്യപ്പെടുന്നു.
ഒരിക്കല്‍, ഒരു കോമിക്, തിരുമേനി(സ)യെ പരിഹസിക്കുകയുണ്ടായി. ഞങ്ങള്‍ പ്രതിഷേധിച്ചു. അപ്പോള്‍, അതേ ‘ഷോ’ യുടെ സ്ഥാനത്ത്, ഇസ്‌ലാമിനെ കുറിച്ച ഒരു പ്രോഗ്രാം പ്രക്ഷേപണം നടത്താനുള്ള സൗകര്യം ചെയ്തു തരികയാണവര്‍ ചെയ്തത്.
ചില വര്‍ത്തമാന പത്രങ്ങളിലും മാഗസിനുകളിലും ഇത് സംഭവിക്കാറുണ്ട്. അത്തരം സംഭവങ്ങളില്‍, ഞങ്ങള്‍ക്ക് പ്രതികരിക്കാന്‍ സ്ഥലമനുവദിക്കുകയോ, പ്രസിദ്ധീകരണാലയം മാപ്പുപറയുകയോ ചെയ്യുകയാണ് പതിവ്.
മുസ്‌ലിംകളോടുള്ള പെരുമാറ്റത്തില്‍, ഇതര രാജ്യങ്ങളെയപേക്ഷിച്ച്, വളരെ മെച്ചപ്പെട്ട ഒരു രാജ്യമായാണ് ബ്രസീല്‍ നിലകൊള്ളുന്നത്. പൊതുവെ, അങ്ങിങ്ങായി, അപൂര്‍വം ചില മൗലിക വാദികളുടെ സാന്നിധ്യമുണ്ടെങ്കിലും, ഒരു ന്യൂനപക്ഷമെന്ന നിലക്ക്, മുസ്‌ലിംകളോടുള്ള പെരുമാറ്റത്തില്‍, ബ്രസീലിയന്‍ മീഡിയ വസ്തുനിഷ്ടമാണ്.  

ഓണ്‍ ഇസ്‌ലാം: ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്ന്, മുസ്‌ലിംകളെ സഹായിക്കുന്നതിന്ന്, ധാര്‍മികവും സാമ്പത്തികവുമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ? സഹായം കൂടുതല്‍ ആവശ്യമാണെന്നു കരുതുന്നുണ്ടൊ?

തഖിയ്യുദ്ദീന്‍: ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇപ്പോഴത്തെ പിന്തുണ വേണ്ടത്ര പര്യപ്തമല്ല. ധാരാളം സമ്മേളനങ്ങളും വര്‍ക് ഷോപ്പുകളും നടന്നു കൊണ്ടിരിക്കുന്നുവെങ്കിലും, മുസ്‌ലിം ന്യൂനപക്ഷത്തെ കുറിച്ച്, മുസ്‌ലിം ഭരണകൂടങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നതാണ് കാരണം. ലോകത്തെമ്പാടുമുള്ള മുസ്‌ലിം ന്യൂനപക്ഷത്തെ ഗൗരവത്തൊടെ കണക്കിലെടുക്കുന്നതിന്ന്, ഓരോ മുസ്‌ലിം നാടുകളിലും, അവരുടെ അവകാശം സംരക്ഷിക്കുകയും ആവശ്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്ന, ഓരോ മുസ്‌ലിം ന്യൂനപക്ഷ വിഭാഗം സ്ഥാപിക്കേണ്ടിയിരിക്കുന്നു.
ഒരു കാലത്ത്,  പള്ളി നിര്‍മാണത്തിന്ന് ഫണ്ട് അനുവദിക്കുന്നതില്‍ സൗദി അറേബ്യ അതീവ താല്പര്യമെടുത്തിരുന്നു. വാമി, റാബിത്വതില്‍ ആലമില്‍ ഇസ്‌ലാമി പോലുള്ള സംഘടനകള്‍, പ്രബോധകരെ അയച്ചു തന്നു സഹായിച്ചിരുന്നു. എന്നാല്‍, കുറേ കാലമായി ഫണ്ട് അനുവദിക്കുന്നതും പള്ളി നിര്‍മിക്കുന്നതും അവര്‍ നിറുത്തിയിരിക്കുകയാണ്. പ്രബോധകരെ ഇപ്പോഴും അയച്ചു കൊണ്ടിരിക്കുന്നു. അല്‍ അസ്ഹറും പ്രബോധകരെയും ഇമാമുമാരെയും അയച്ചു കൊണ്ടിരിക്കുന്നു. ഈ വര്‍ഷം 10 പ്രബോധകരെ ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പൂര്‍ണമായ ചെലവുകള്‍ അറിയിച്ചു കൊണ്ടുള്ള റിപോര്‍ട്ടോടെയായിരുന്നു അവര്‍ ഇമാമുമാരെ അയച്ചു തന്നത്.
ഈ വര്‍ഷം 24 പ്രബോധകരെ അയക്കാമെന്ന്, ഈജിപ്ധ്യന്‍ ഔഖാഫ് കാര്യാലയം വാഗ്ദത്തം ചെയ്തിട്ടുണ്ട്.
ഇങ്ങനെ, പ്രബോധകരെ അയക്കുന്നത്, ധാര്‍മികവും സാമ്പത്തികവുമായ സഹായമായാണ് ഞങ്ങള്‍ കാണുന്നത്.  കാരണം, പല ബ്രസീലിയന്‍ സ്‌റ്റേറ്റുകള്‍ക്കും, പ്രബോധകരുടെ ചെലവുകള്‍ വഹിക്കാനുള്ള ശേഷിയില്ല.
പൊതുവെ പറഞ്ഞാല്‍, മുസ്‌ലിംകളുടെ ആവശ്യാഭിലാഷങ്ങള്‍ക്ക് തികയുന്നതല്ല, ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന സഹായങ്ങള്‍. പല പ്രാദേശിക എന്‍.ജി.ഓകളും സഹായിക്കാന്‍ ശ്രമിച്ചു കൊണ്ടീരിക്കുന്നുണ്ട്. അവര്‍ പുസ്തകങ്ങള്‍ അച്ചടിക്കുന്നു; ധര്‍മപദ്ധതികളില്‍ സഹായിക്കുന്നു. പക്ഷെ, വ്യക്തമായ ഒരു കാഴ്ചപ്പാടൊ തന്ത്ര നൈപുണ്യമോ അവര്‍ക്കില്ല. ഏകോപിക്കുവാനോ നെറ്റ് വര്‍ക്ക് നടത്താനൊ അവര്‍ക്ക് കഴിയുന്നില്ല. ഉദാഹരണമായി, ഒ.ഐ.സി ഒരു വലിയ സംഘടനയാണ്. മുസ്‌ലിം ന്യൂനപക്ഷാവകാശങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരാന്‍ സമര്‍പ്പിതമായൊരു കമ്മിറ്റി അതിന്നുണ്ടായിരിക്കണം. വ്യക്തമായൊരു ഘടനയോടെ ഈ കമ്മിറ്റി പ്രവര്‍ത്തിക്കുകയും രാഷ്ട്രങ്ങളെ ഏകോപിക്കുകയും വേണം.
ഇപ്പോള്‍, വൈയക്തിക രാഷ്ട്രങ്ങളുടെ വാതിലില്‍ മുട്ടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഉദാഹരണമായി, പുതുവിശ്വാസികളുടെ ഹജ്ജ് യാത്രക്ക് വേണ്ടി, എമിറേറ്റ്‌സിനോട് ഞങ്ങള്‍ സഹായ മഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. അവര്‍ അത് നിര്‍വഹിക്കുകയും ചെയ്യുന്നു.
(തുടരും)

വിവ : കെ.എ. ഖാദര്‍ ഫൈസി

Related Articles