Current Date

Search
Close this search box.
Search
Close this search box.

ഫിന്‍ലാന്റില്‍ ഇസ്‌ലാമിന് സ്വീകാര്യതയേറുന്നു

യൂറോപ്പിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കിടയില്‍ വലിയ സമാനതകളുണ്ട്. അറബ് ഇസ്‌ലാമിക സംഘടനകളുടെ സഹായങ്ങള്‍ ലഭിക്കുന്നതും ലഭിക്കാത്തതുമെന്ന വേര്‍തിരിവ് അവക്കിടയില്‍ പ്രകടമാണ്. രാഷ്ട്രത്തിന്റെ വലുപ്പവും ന്യൂനപക്ഷത്തിന്റെ തോതുമെല്ലാം ഒരു പക്ഷേ അവഗണനക്ക് കാരണമാകുന്നുണ്ടാകാം. ഇത്തരത്തില്‍ അറബ് ഇസ്‌ലാമിക സംഘടനകളാല്‍ അവഗണിക്കപ്പെട്ട മുസ്‌ലിം ന്യൂനപക്ഷമാണ് ഫിന്‍ലാന്റിലുള്ളത്. പ്രതീക്ഷ പകരുന്ന ഇസ്‌ലാമിക് സെന്ററുകളോ യുവാക്കള്‍ക്ക് ശരിയായ ഇസ്‌ലാമിനെ കുറിച്ച് ബോധവല്‍കരണം നല്‍കാനുള്ള സംവിധാനങ്ങളോ നമുക്കവിടെ കാണാനാവില്ല. ഫിന്‍ലാന്റിലെ മുസ്‌ലിം യൂത്ത് ഫോറം പ്രസിഡന്റ് ബിലാല്‍ സെഹ്‌ലി ജിദ്ദയിലെ ‘വമി’ ( World Assembly of Muslim Youth) ഓഫീസ് സന്ദശിച്ച വേളയില്‍ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് ചുവടെ.

 മുസ്‌ലിം യൂത്ത് ഫോറത്തെ പരിചയപ്പെടുത്തി നമുക്ക് തുടങ്ങാം?
– ഫിന്‍ലാന്റിലെ മുസ്‌ലിം യുവാക്കളെ പ്രത്യേകമായി ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ഒന്നാണ് മുസ്‌ലിം യൂത്ത് ഫോറം. ഒമ്പത് വര്‍ഷം മുമ്പാണത് സ്ഥാപിക്കപ്പെട്ടത്.  യുവാക്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വെളിച്ചം വീശുന്നതിനും യുവാക്കളെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അണിനിരത്തുന്നതിനും വേണ്ടിയാണത് രൂപീകരിച്ചത്. ദീനിനിഷ്ടയുള്ള ജീവിതത്തിന്റെ പൊതുമേഖലകളില്‍ ഇടപെടുന്ന യുവാക്കള്‍ തന്നെയാണ് അതിന്റെ മേല്‍നോട്ടം വഹിക്കുന്നതും.

 ‘ഞാന്‍ മുസ്‌ലിം’ എന്ന പേരില്‍ നിങ്ങളൊരു മാസിക തുടങ്ങാനുദ്ദേശിക്കുന്നുണ്ടല്ലോ, എന്തായിരിക്കും അതിന്റെ ഉള്ളടക്കം? അതുകൊണ്ട് എന്താണ് ലക്ഷ്യമാക്കുന്നത്?
– ഭൗതികമായ കാരണങ്ങളുടെ പേരില്‍ വര്‍ഷങ്ങളായി നീണ്ടുപോയി കൊണ്ടിരിക്കുന്ന ഒന്നാണ് ഈ മാസിക. ഫിന്‍ലാന്റിലെ ശ്രദ്ധേയരായ മുസ്‌ലിംകളെ പരിചയപ്പെടുത്തുകയും പുതുമുസ്‌ലിംകളെന്ന നിലക്ക് അവരുടെ ജീവിതരീതി മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയുമാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. ഇസ്‌ലാം സ്വീകരിച്ച പ്രസിദ്ധരായ നിരവധി മുസ്‌ലിംകളുണ്ട്. ഇസ്‌ലാമിന്റെ മധ്യമ നിലപാടുകളുടെ പ്രതീകമായി അവരെ അവതരിപ്പിക്കുന്നത് യുവാക്കള്‍ക്കിടയില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നതില്‍ സഹായകമായിരിക്കും. ഫലവത്തായ ഒരു പ്രബോധന സംരംഭം എന്ന നിലക്കാണിത് ആരംഭിക്കുന്നത്.

 മാധ്യമ രംഗത്തിന് നിങ്ങള്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്നു. എന്താണ് അതിന് കാരണം? അതിലൂടെ എന്ത് ഫലമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്?
– കഴിവുള്ള ആളുകളുടെ കുറവും ഭാരിച്ച ചെലവും കാരണം യൂറോപില്‍ ഇസ്‌ലാമിക മാധ്യമം ഇല്ലെന്ന് തന്നെ പറയാം. അതാണ് അതിന് പ്രത്യേക ഊന്നലും പ്രാധാന്യവും നല്‍കാന്‍ ഞങ്ങളെ പ്രേരപ്പിച്ചത്. ഈ മേഖലയിലേക്ക് കടക്കുന്നതിലൂടെ നല്ല അനുഭവാണ് ഞങ്ങള്‍ക്ക് കൈവന്നത്. ഇസ്‌ലാമിന്റെ യഥാര്‍ത്ഥ ചിത്രം അതിന്റെ സ്രോതസ്സുകളില്‍ നിന്ന് മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ അതിലൂടെ ഞങ്ങള്‍ക്ക് സാധിക്കുന്നു. യൂറോപിനെ സംബന്ധിച്ച് ഇത് പുതിയൊരു കാല്‍വെപ്പായിരിക്കുമെന്നതില്‍ സംശയമില്ല.

 ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നതില്‍ ഒരു കുതിച്ചു ചാട്ടത്തിനാണ് ഫിന്‍ലാന്റ് സാക്ഷ്യം വഹിക്കുന്നതെന്ന് താങ്കള്‍ സൂചിപ്പിച്ചു. എങ്ങനെയാണത്?
– മുസ്‌ലിം ജനസംഖ്യ അറുപതിനായിരത്തോളം മാത്രമാണെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഫിന്‍ലാന്റില്‍ ഇസ്‌ലാമിന് കൂടുതല്‍ പ്രചാരം ലഭിച്ചിട്ടുണ്ട്. ഫിന്‍ലാന്റുകാര്‍ക്കിടയില്‍ ഇസ്‌ലാമിന്റെ സ്വീകാര്യതയും വര്‍ധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും യുവാക്കള്‍ക്കിടയില്‍. ഓരോ അഞ്ച് വര്‍ഷത്തിനുള്ളിലും രണ്ടായിരത്തോളം ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നു വരുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഫിന്‍ലാന്റിലെ സാംസ്‌കാരിക പ്രേരകവും അതിന് പിന്നിലുണ്ട്. ലോകതലത്തില്‍ തന്നെ സാംസ്‌കാരിക സംവാദത്തിന് – പ്രത്യേകിച്ചും മതപര വിഷയങ്ങളില്‍ – പ്രാധാന്യം കല്‍പിക്കുന്നവരാണ് അവിടത്തുകാര്‍. കാര്യങ്ങളുടെ പശ്ചാത്തലവും യാഥാര്‍ത്ഥ്യവും മനസ്സിലാക്കാന്‍ താല്‍പര്യപ്പെടുന്ന നിരവധി പേരെ ആകര്‍ഷിച്ച ഒന്നാണ് ഇസ്‌ലാം. ഫിന്‍ലാന്റിലെ വാര്‍ഷിക രജിസ്റ്ററില്‍ മുഹമ്മദ് എന്ന പേര്‍ ചേര്‍ക്കുന്നതിനെ ചൊല്ലി ഈയടുത്ത് വിവാദം ഉയര്‍ന്നിരുന്നു. ഫിന്‍ലാന്റിലെ മുസ്‌ലിംകള്‍ക്കിടയില്‍ അതിന് ലഭിച്ച വ്യാപകമായ പ്രചാരമായിരുന്നു അതിന് കാരണം. ഒരേ സമയം ക്രിയാത്മകവും നിഷേധാത്മകവുമായി പ്രതിഫലനങ്ങള്‍ അതുണ്ടാക്കി. അപ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നിരവധി ഇസ്‌ലാമിക കേന്ദ്രങ്ങളുടെ എണ്ണത്തിലുമുണ്ടായി. ഇസ്‌ലാമിക സമ്മേനങ്ങള്‍ നടക്കുകയും ചെയ്തു. ചില ലോക ഇസ്‌ലാമിക സംഘങ്ങളുടെ ശ്രദ്ധ പതിയുകയും സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും വേണ്ട സഹായം ലഭിക്കുകയും ചെയ്തു. ടെലിവിഷന്‍ രംഗത്തും ഫിന്‍ലാന്റിലെ മുസ്‌ലിംകള്‍ക്ക് അനുഭവങ്ങളുണ്ട്. മുസ്‌ലിംകളുടെ ജീവിതവും ഫിന്‍ലാന്റുകാര്‍ അതെങ്ങനെ സ്വീകരിക്കുന്നു എന്നും വിശദീകരിക്കുന്ന 30 ഭാഗങ്ങളായി സംപ്രേഷണം ചെയ്യുന്ന പരിപാടിയിലൂടെയാണത്. അതിനും പുറമെ ഫിന്‍ലാന്റ് പ്രസിഡന്റ് നിരവധി ഇസ്‌ലാമിക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഈ വിശാലമനസ്‌കത സാംസ്‌കാരികമായി ഏറെ ഗുണം ചെയ്യുന്നുണ്ട്.

 ഫിന്‍ലാന്റിലെ ഇസ്‌ലാമോഫോബിയയെ കുറിച്ച് എന്തുപറയുന്നു?
– മറ്റ് യൂറോപ്യന്‍ നാടുകളെ അപേക്ഷിച്ച് ഏറെ വ്യത്യസ്തമാണ് ഇവിടത്തെ ഇസ്‌ലാമോഫോബിയ. ഫിന്‍ലാന്റുകാരുടെ പൊതുബോധത്തെ ഇളക്കുക എന്ന ലക്ഷ്യത്തോടെ ലേഖനങ്ങളിലും ടെലിവിഷന്‍ ചര്‍ച്ചകളിലും ഉയര്‍ത്തപ്പെടുന്ന ചോദ്യങ്ങളാണ് ഒരു വശത്തുള്ളത്. ഇസ്‌ലാമിന്റെ ഭാഗത്ത് നിന്നും അതിനൊരു മറുപടി നല്‍കേണ്ടത് അനിവാര്യമാണ്. ആ മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും ഇസ്‌ലാം വിലയിരുത്തപ്പെടുക. മറ്റ് യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ ഇസ്‌ലാമോഫോബിയയില്‍ നിന്ന് ഫിന്‍ലാന്റിനെ വേര്‍തിരിക്കുന്നതില്‍ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിനാണ് പ്രധാന പങ്ക്. വിദ്യാഭ്യാസം നേടിയ ഫിന്‍ലാന്റ് ജനത മാധ്യമങ്ങളുടെ പ്രചാരണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം കാര്യങ്ങളെ വിലയിരുത്തുന്നവരല്ല. അതിന് പകരം നേരിട്ട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരാണവര്‍. ഇസ്‌ലാമിനെ കുറിച്ച് ആഴത്തില്‍ പഠിച്ച് മനസ്സിലാക്കിയ ഫിന്‍ലാന്റുകാര്‍ തന്നെ എഴുതിയ നിരവധി പുസ്തങ്ങളുണ്ട്. ചിലതെല്ലാം ഉപരിപ്ലവമായ വായനകളാണെങ്കില്‍ പോലും യൂറോപ്യന്‍ നാടുകളിലേത് പോലെ ഇസ്‌ലാമിന്റെ ചിത്രം വികൃതമാക്കുന്നവയല്ല അവ. ഫിന്‍ലാന്റിലെ ഇസ്‌ലാമോഫോബിയ അവിടത്തെ ഇസ്‌ലാമിക കൂട്ടായ്മകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള പ്രേരണ നല്‍കുകയാണെന്നത് ശ്രദ്ധേയമാണ്.

 ഫിന്‍ലാന്റിലെ ജനതയുടെ പ്രധാന സവിശേഷതകള്‍ എന്തെല്ലാമാണ്?
– ജല, പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ നാടാണ് ഫിന്‍ലാന്റ്. വാര്‍ത്താവിനിമയ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യയുടെയും തലസ്ഥാനമായിട്ടത് മാറിയിരിക്കുന്നു. വന്‍ വ്യവസായങ്ങളുടെ പേരില്‍ ലോകം അതിനെ അംഗീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നല്‍കുന്ന രാജ്യത്ത് അതിനായി ബജറ്റില്‍ 17 ദശലക്ഷം ഡോളറാണ് വിലയിരുത്തുന്നത്. അതേസമയം സാമൂഹിക കാര്യങ്ങളില്‍ ഫിന്‍ലാന്റ് ജനത വേണ്ടത്ര ഉയര്‍ന്നിട്ടില്ല എന്ന് കാണാം. സാമൂഹിക കാര്യങ്ങളില്‍ പലപ്പോഴും ഒരു തണുപ്പന്‍ പ്രകൃതം അവിടെ കാണാം.

 ഫിന്‍ലാന്റിലെ മുസ്‌ലിം ന്യൂനപക്ഷം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?
– ഫിന്‍ലാന്റിലെ മുസ്‌ലിംകള്‍ അനുഭവിക്കുന്ന വലിയ പ്രശ്‌നം മാതൃഭാഷയില്‍ ഇസ്‌ലാമിക ഗ്രന്ഥങ്ങളില്ലെന്നുള്ളതാണ്. ഇസ്‌ലാമിനെ കുറിച്ച് പഠിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് മുന്നില്‍ വളറെ വിരളമായ പുസ്തകങ്ങള്‍ മാത്രമേ ഉള്ളൂ. അപ്രകാരം ഫിന്‍ലാന്റിലെ മുസ്‌ലിം ന്യൂനപക്ഷത്തിന് പുറമെ നിന്നുള്ള സഹായം ലഭിക്കുന്നില്ല. ലോകതലത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക പ്രബോധന സംഘടനകളുടെ ശ്രദ്ധയും ഇവിടെ പതിഞ്ഞിട്ടില്ല. ഫ്രാന്‍സ്, അമേരിക്ക, ബ്രിട്ടന്‍ പോലുള്ള വന്‍ രാഷ്ട്രങ്ങളിലാണ് അവയെല്ലാം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടത്തെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വിഷയങ്ങളെ കുറിച്ച് അവര്‍ക്ക് അറിയില്ലെന്നതും കാരണമാണ്. ഫിന്‍ലാന്റില്‍ ഇസ്‌ലാമിന് വലിയ സ്വീകാര്യതയാണിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. രാജ്യത്തെ ഔദ്യോഗിക മതങ്ങളുടെ കൂട്ടത്തിലേക്ക് ചേര്‍ക്കപ്പെടാവുന്നിടത്തോളം അത് എത്തിയിട്ടുണ്ട്. അതിന് ഇനിയും വലിയ കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഇസ്‌ലാമിക കൂട്ടായ്മകള്‍ കാര്യമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ചാല്‍ മാത്രമേ അത് നടക്കുകയുള്ളൂ.

 ഫിന്‍ലാന്റിലെ മുസ്‌ലിം യുവാക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളി എന്താണ്?
– ഇസ്‌ലാമിനെ കുറിച്ച് ശരിയായ ബോധവല്‍കരണം നല്‍കാനുള്ള സംവിധാനങ്ങളില്ലാത്തതാണ് ഇവിടത്തെ യുവാക്കള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നം. അവരുടെ ഇസ്‌ലാമിക അസ്ഥിത്വത്തെയാണത് ബാധിക്കുന്നത്. മുസ്‌ലിംകളല്ലാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നത് യുവാക്കള്‍ അനുഭവിക്കുന്ന മറ്റൊരു പ്രശ്‌നമാണിവിടെ. പല പ്രശ്‌നങ്ങള്‍ക്കും അത് കാരണമാകുന്നു. എന്നാല്‍ നല്ല പ്രതിഫലനങ്ങളും അതുണ്ടാക്കാറുണ്ട്. പൊതുവെ മുസ്‌ലിംകള്‍ വിവാഹം ചെയ്യുന്ന പെണ്‍കുട്ടികള്‍ ഇസ്‌ലാമിലേക്ക് കടന്നു വരികയാണ് ചെയ്യാറുള്ളത്.

 മുസ്‌ലിം യുവാക്കള്‍ വിദ്യാഭ്യാസത്തിന് എത്രത്തോളം പ്രധാന്യം കല്‍പിക്കുന്നുണ്ട്?
– വിദ്യാഭ്യാസത്തിന്‍ ഫിന്‍ലാന്റ് സമൂഹത്തില്‍ വലിയ പ്രധാന്യമാണുള്ളതെന്ന് നേരത്തെ സൂചിപ്പിച്ചു. നാടിന്റെ ആവശ്യം പരിഗണിച്ചുള്ള വിദ്യാഭ്യാസ സംവിധാനമായതിനാല്‍ തൊഴിലില്ലായ്മ എന്ന പ്രശ്‌നം ഇവിടെ ഇല്ല. ഓരോരുത്തര്‍ക്കും അവരുടെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് ജോലി ലഭിക്കുന്നതിനാല്‍ വിദ്യാഭ്യാസമാണ് ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിയും ജീവിത നിലവാരവും സൂചിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ വിദ്യാഭ്യാസം നേടുന്നതിന് യുവാക്കള്‍ മത്സരിച്ചിരുന്നു. വിവിധ മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന നിരവധി അറബ് യുവാക്കളെ നമുക്കിവിടെ കാണാം. വിദ്യാഭ്യാസ രംഗത്തെ അവരുടെ മുന്നേറ്റത്തെയാണത് കുറിക്കുന്നത്.

മൊഴിമാറ്റം: നസീഫ്‌

Related Articles