Current Date

Search
Close this search box.
Search
Close this search box.

പ്രസിഡന്റ് മുര്‍സി മുമ്പത്തേക്കാള്‍ ശക്തനാണിന്ന്

അട്ടിമറിയിലൂടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട് തടവിലാക്കപ്പെട്ട തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുമായി നീണ്ട നാളുകള്‍ക്ക് ശേഷം കോടതിയില്‍ വെച്ച് അദ്ദേഹത്തിന്റെ മകന്‍ ഉസാമ മുഹമ്മദ് മുര്‍സി മെയ് 24ന് സംസാരിച്ചു. ഖബ്ദത്തുല്‍ റഈസ് എന്ന വെബ്‌പേജിനുവേണ്ടി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍:

കേസ് ഗ്രാന്റ് മുഫ്തിക്ക് വിടാനുള്ള ജഡ്ജിയുടെ അന്യായ തീരുമാനത്തെ എങ്ങനെ കാണുന്നു?
ഒരു തീരുമാനത്തിനും, വിധിക്കും തടവ്ശിക്ഷക്കും എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. വിപ്ലവത്തിലേര്‍പ്പെട്ടിരിക്കുന്ന നമ്മള്‍ അത് ശ്രദ്ധിക്കുകയേ ചെയ്യരുത്. തെരുവിലെ അട്ടിമറി വിരുദ്ധ പ്രക്ഷോഭകര്‍ക്കുനേരെ വെടിവെച്ച് അവരെ ഇല്ലാതാക്കാനും മാരകമായ പരിക്കുകളേല്‍പ്പിക്കാനും അക്രമികളെ ചട്ടംകെട്ടിയ അട്ടിമറി ഭരണകൂടത്തിന്റെ മറ്റൊരു നെറികേടെന്ന് മാത്രമേ ഈ വധശിക്ഷാവിധിയെ ഞാനും ഈജിപതിന്റെ വിമോചനത്തിനായി പൊരുതുന്ന എല്ലാ ദേശസ്‌നേഹികളും കാണുന്നുള്ളൂ.

വധശിക്ഷയെ പേടിയുണ്ടോ? വിധിയില്‍ ജനങ്ങള്‍ അത്യന്തം ക്ഷുഭിതരാണ്.
എനിക്ക് യാതൊരു ഭയവുമില്ല. വിപ്ലവത്തിലൂടെ നാമവരെ അതിജയിക്കുക തന്നെ ചെയ്യും. ന്യായമായ വിചാരണയും നടപടികളും അന്നുണ്ടാകും. പട്ടാള അട്ടിമറിയയെ നേരിടുന്നതിലും എതിര്‍ക്കുന്നതിലും തെരുവിലെ ധീരരായ പ്രതിഷേധക്കാരിലും ഒട്ടും കുറയാത്ത ധൈര്യവും നിശ്ചയദാര്‍ഢ്യവും ഞാന്‍ പുലര്‍ത്തിയിരിക്കുമെന്ന് ഉറപ്പ് നല്‍കുന്നു.

ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്താണ്?
വിട്ടുവീഴ്ചയേതുമില്ലാതെ വിപ്ലവം അതിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുക മാത്രമാണ് നമ്മുടെ മുന്നിലുള്ള പരിഹാരം. ജനങ്ങളുടെ ഇഛാശക്തിയെ തകര്‍ത്ത് വിപ്ലവത്തെ തോല്‍പിക്കാനാണ് അട്ടിമറി ഭരണകൂടം ലക്ഷ്യമിടുന്നത്. ഭയമേതുമില്ലാതെ വിപ്ലവത്തെ അതിന്റെ ലക്ഷ്യത്തിലെത്തിക്കാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു.

പ്രതിഷേധക്കാരെ കൊന്നൊടുക്കുന്ന നടപടി അട്ടിമറി ഭരണകൂടം തുടരുകയാണല്ലോ?
അട്ടിമറിശക്തികള്‍ കൊലപെടുത്തിയവരുടെ കുടുംബാംഗങ്ങളോട് അഗാധമായ അനുശോചനങ്ങള്‍ ഞാന്‍ അറിയിക്കുന്നു. തടവിലാക്കപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍. ജനങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതും കൊലയാളികളോട് നീതി നടപ്പിലാക്കുന്നതുമാണ് വിപ്ലവം. പതനത്തിന്റെ വഴിയിലാണ് ഇപ്പോള്‍ അട്ടിമറി ഭരണകൂടമുള്ളത്. വിപ്ലവത്തിന്റെ ലക്ഷ്യത്തിലും ആവശ്യങ്ങളിലുമുള്ള അതിന്റെ പ്രതിജ്ഞാബദ്ധത അട്ടിമറി ഭരണകൂടത്തെ വലിയ പരാജയത്തിലേക്കെത്തിച്ചിരിക്കും.

അന്യായമായ വധശിക്ഷാ വിധിയിലൂടെ താങ്കളുടെ ജനപിന്തുണ വര്‍ധിച്ചിട്ടുണ്ട്?
എന്നെ പിന്തുണക്കുന്ന എല്ലാവര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍. വിപ്ലവകാരികളുടെ സ്ഥൈര്യവും ധീരതയുമാണ് എന്റെ ഊര്‍ജ്ജസ്രോതസ്സ്. വിപ്ലവം ജയിക്കുകയും അതിന്റെ ലക്ഷ്യം നേടി നീതി നടപ്പാക്കും വരെ ആ ശക്തി ഞാന്‍ കൈവിടില്ല.

ജഡ്ജിമാരുടെ അസംബന്ധമായ ചെയ്തികളോടും അതിക്രമങ്ങളോടുമുള്ള താങ്കളുടെ പ്രതികരണത്തില്‍ ചില വിപ്ലവകാരികളെങ്കിലും അസന്തുഷ്ടരാണ്?
കേസിന്റെ വിശദീകരണങ്ങളൊന്നും കേള്‍ക്കാനാവത്ത രീതിയില്‍ ചില്ലുകൂട്ടില്‍ നിര്‍ത്തി എനിക്കെതിരെ വിധിപ്രസ്താവിക്കുന്നത് നേര്‍ക്കുനേരെ എന്നെ അഭിമുഖീകരിക്കാനുള്ള ജഡ്ജിമാരുടെ ഭയം കാരണമാണ്. അട്ടിമറി ശക്തികളുടെ സ്വഭാവദാരിദ്ര്യം വെളിവാക്കി അവര്‍ പ്രകടിപ്പിക്കുന്ന തരംതാഴ്ന്ന രീതിയില്‍ ഞാന്‍ പ്രതികരിക്കില്ല. എതിരാളികള്‍ അവരുടെ നേതാവ് സീസിയെ പോലെ തന്നെയാണ് പെരുമാറുന്നത്.

ഈജിപ്തിലെ ജനങ്ങളോട് താങ്കള്‍ക്ക് പറയാനുള്ളതെന്താണ്?
ഇന്ന് ഈജിപ്ത് നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും വിപ്ലവം ജയിക്കുന്നതോടെ മാറുക തന്നെ ചെയ്യും. നിങ്ങള്‍ ഭയപ്പെടാതിരിക്കുക. പ്രസിഡന്റ് മുഹമ്മദ് മുര്‍സി മുമ്പത്തേക്കാള്‍ ശക്തനാണിന്ന്. അട്ടിമറി ശക്തികള്‍ക്കെതിരായ വിപ്ലവം വിജയിക്കുകതന്നെ ചെയ്യും. കൊലയാളികള്‍ നീതിയെ നേരിടുക തന്നെ ചെയ്യും. ആര്‍ക്കും അതില്‍ നിന്ന് രക്ഷനേടുക സാധ്യമാവില്ല. വിപ്ലവത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ എല്ലാ വിപ്ലവകാരികളോടും ഞാന്‍ ആവശ്യപ്പെടുന്നു.

കടപ്പാട്: ikhwanweb
മൊഴിമാറ്റം: മുഹമ്മദ് അനീസ്‌

Related Articles