Current Date

Search
Close this search box.
Search
Close this search box.

പ്രശ്‌നം ഭൂമിയിലാണ്, ആകാശത്ത് നിന്നത് പരിഹരിക്കാനാവില്ല

മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയനേതാവുമായ മഹാതീര്‍ മുഹമ്മദ് ഐ.എസിനെ കുറിച്ചും പശ്ചിമേഷ്യയിലെ പാശ്ചാത്യ ശക്തികളുടെ ഇടപെടലുകളെ കുറിച്ചും സംസാരിക്കുന്നു. ഇസ്രായേലിന്റെയും പാശ്ചാത്യ ശക്തികളുടെയും കടുത്ത വിമര്‍ശകനായ മഹാതീര്‍ ഐ.എസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള വ്യോമാക്രമണങ്ങള്‍ സ്ഥിതി കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ എന്നും ആശങ്കപ്പെടുന്നു. ഐ.എസിന്റെ വളര്‍ച്ചയില്‍ പശ്ചിമേഷ്യയിലെ പാശ്ചാത്യന്‍ ഇടപെടലിന്റെ പങ്ക് വലുതാണെന്നും 90-കാരനായ മഹാതീര്‍ മുഹമ്മദ് ചൂണ്ടിക്കാട്ടുന്നു. അല്‍-ജസീറ മഹാതീര്‍ മുഹമ്മദുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ :-

കഴിഞ്ഞ മാസം നടന്ന പാരീസ് ആക്രമണത്തെ തുടര്‍ന്ന് സിറിയയില്‍ ഐ.എസിനെതിരെ പാശ്ചാത്യ ശക്തികള്‍ വ്യോമാക്രമണങ്ങള്‍ കനപ്പിച്ചിരിക്കുകയാണ്. ഈ നീക്കത്തെ താങ്കള്‍ എങ്ങനെ കാണുന്നു?
ഇത്തരം നീക്കങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ. നിരപരാധികളായ അറബികളാണ് ഈ ആക്രമണങ്ങള്‍ക്കൊക്കെ ഇരയാവുന്നത്. ഐ.എസ് നടത്തുന്ന രക്തരൂക്ഷിതമായ കളികള്‍ അവരുടെ പകയാണ്. ഇന്ന് ഐ.എസ് ആണെങ്കില്‍ നാളെ മറ്റൊരു ഗ്രൂപ്പ് ആയിരിക്കും അതു ചെയ്യുന്നത്. അവര്‍ ഇതിനേക്കാള്‍ ഭീകരമായ കൃത്യങ്ങള്‍ കാണിക്കും. അവര്‍ ചെയ്യുന്നതിനെയൊക്കെ നമ്മള്‍ തീവ്രവാദം എന്ന് വിളിക്കുകയും ചെയ്യും. ഒരര്‍ഥത്തില്‍ ബോംബുകള്‍ വര്‍ഷിക്കുന്നതും ഭീകരവാദമാണ്. ബോംബുകള്‍ വീഴുന്നത് കാണുന്ന ആളുകളും കടുത്തി ഭീതിയിലാണ് ജീവിക്കുന്നത്.

ഇത് ഒരു ആഗോള യുദ്ധമായി മാറാന്‍ സാധ്യതയുണ്ടോ?
സംഘര്‍ഷാവസ്ഥകള്‍ പടരുന്നതാണ് നാം ഇപ്പോള്‍ കാണുന്നത്. ഫലസ്തീന്‍ ഭൂമി പിടിച്ചടക്കി ജൂതന്മാര്‍ക്ക് ഇസ്രായേല്‍ രാഷ്ട്രത്തിനായി നല്‍കിയതാണ് ഇതിന്റെയൊക്കെ മൂലകാരണം എന്ന് ഞാന്‍ പലപ്പോഴും പറയാറുണ്ട്. ജൂതന്മാര്‍ ഫലസ്തീനില്‍ അനധികൃതമായി കുടിയേറി കോളനികള്‍ സൃഷ്ടിച്ച് തദ്ദേശവാസികളെ ഭരിച്ചുകൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും അറബ് രാഷ്ട്രങ്ങള്‍ ഇതിനെതിരെ ഒറ്റക്കെട്ടായി അണിനിരന്നു. എന്നാല്‍ അമേരിക്കയുടെയും യൂറോപ്പ്യന്‍ ശക്തികളുടെയും പിന്തുണയുള്ള ഇസ്രായേലിനെ പരാജയപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചില്ല. പാശ്ചാത്യന്‍ ശക്തികളുടെ പിന്‍ബലത്തില്‍ ഇസ്രായേല്‍ ഒരു കുറ്റവാളി രാഷ്ട്രമായി മാറിക്കഴിഞ്ഞു.

അമേരിക്കയും യൂറോപ്പും നിഷ്പക്ഷമായി നിന്നുകൊണ്ട് ഇരുവിഭാഗങ്ങളേയും കേള്‍ക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. ഇസ്രായേല്‍ അന്യായമായി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നു, സഹായവുമായി പോകുന്ന കപ്പലുകളെ തടയുന്നു. എന്നാല്‍ പാശ്ചാത്യന്‍ ശക്തികള്‍ ഇത് കണ്ട ഭാവം നടിക്കുന്നില്ല. അവര്‍ തീവ്രവാദത്തെ കുറിച്ചാണ് വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ തീവ്രവാദികളെ ഒഴിപ്പിക്കൂ എന്നാണ് ഇസ്രായേലികള്‍  പറഞ്ഞുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ ഒരു ഇസ്രായേലിയെ കൊന്നാല്‍ നിങ്ങളുടെ പത്ത് ആളുകളെ ഞങ്ങള്‍ കൊല്ലും. നിങ്ങള്‍ ഞങ്ങളുടെ പത്ത് ആളുകളെ കൊന്നാല്‍ നിങ്ങളുടെ നൂറാളുകളെ ഞങ്ങള്‍ കൊല്ലും. ഇതാണ് ഇസ്രയേലിന്റെ രീതി. ലോകം ഇത് അറിഞ്ഞുകൊണ്ട് തന്നെ അതില്‍ മൗനം പാലിക്കുന്നു.

ഇസ്രായേലിന്റെ പിറവിയേക്കാള്‍ പ്രധാനമല്ലേ ഐ.എസിന്റെ ആവിര്‍ഭാവം?
തീര്‍ച്ചയായും, അത് തന്നെയാണ് പ്രാധാന്യമര്‍ഹിക്കുന്നത്. എന്നാല്‍ ഇന്ന് അതൊരു മോശമായ അവസ്ഥയിലെത്തിയിരിക്കുന്നു. ഒളിപ്പോരുകള്‍ക്ക് ഒരുപരിധി വരെ മാത്രമേ സാമ്പ്രദായിക യുദ്ധരീതിയുമായി പിടിച്ചുനില്‍ക്കാനാവൂ. വ്യോമാക്രമണങ്ങള്‍ അതില്‍ സാധ്യവുമല്ല. മലേഷ്യയില്‍ ഞങ്ങള്‍ക്ക് അനുഭവമുണ്ട്. ഒളിപ്പോരാളികളെ തുരത്താന്‍ ഞങ്ങള്‍ സ്വീകരിച്ച വഴി എന്നത് ജനങ്ങളുടെ മനസ്സില്‍ പോരാളികള്‍ക്കെതിരായ ഒരു വികാരം ഉയര്‍ത്തിക്കൊണ്ടുവരിക എന്നതായിരുന്നു. ഞങ്ങള്‍ക്ക് അറബികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നില്ല. അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാനാവത്തില്‍ വലിയ ദേഷ്യവും നിരാശയും ഞങ്ങള്‍ക്കുണ്ട്.

പാശ്ചാത്യന്‍ രാഷ്ട്രീയക്കാര്‍ അവരുടെ തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ് എന്നാണോ?
അതെ, സിറിയയില്‍ ഒരു ഐ.എസിനെ നിങ്ങള്‍ ഉന്മൂലനം ചെയ്താല്‍ ലോകത്ത് മറ്റെവിടെയെങ്കിലും അടുത്ത ഐ.എസ് ഉയര്‍ന്നുവരും. അങ്ങനെ ഐ.എസിനെതിരെയുള്ള യുദ്ധം ഒരു ആഗോളയുദ്ധമാകും. മലേഷ്യയില്‍ പോലും ഐ.എസ് അനുകൂലികളുണ്ട്. തീവ്രത എന്നത് ഞങ്ങളുടെ സംസ്‌കാരത്തില്‍ പെട്ടതായിരുന്നില്ല. പക്ഷേ, കുടുംബസമേതം ജനങ്ങള്‍ ഐ.എസിലേക്ക് ചേരുന്നത് സങ്കടകരമായ ഒരു വസ്തുതയാണ്. ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ അവര്‍ ഏര്‍പെടുന്നു.

ഈയൊരു സാഹചര്യത്തില്‍ മെച്ചപ്പെട്ട നയം എന്തായിരിക്കും?
നീ എന്റെ ആളുകളെ കൊന്നു, ഞാന്‍ നിന്റെ ആളുകളെ കൊല്ലും എന്ന പ്രതികാരമനസ്സിനെയാണ് ചികിത്സിക്കേണ്ടത്. അതൊരിക്കലും ഒന്നിനും പോംവഴിയല്ല. എന്തുകൊണ്ട് ജനങ്ങള്‍ ഇത്തരം ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്ന് പഠിക്കപ്പെടണം. തീവ്രവാദത്തിന്റെ പുതിയ വഴികള്‍ കണ്ടെത്തപ്പെടുന്നു. ചെറുപ്പക്കാര്‍ അത്തരം കാര്യങ്ങള്‍ പഠിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിന്റെ ഭാഗമായാണ് തങ്ങളുടെ ഭീകരതയെ അവര്‍ കാമറക്ക് മുന്നില്‍ പകര്‍ത്തുന്നത്. അതവരുടെ പുതിയ ആയുധമാണ്. അതിലൂടെ ലോകത്തെ ഭീതിയിലാഴ്ത്തുക, മുസ്‌ലിം ലോകത്തെ ഭീതിയിലാഴ്ത്തുക എന്നതാണ് അവരുടെ ലക്ഷ്യം. സൈനികരെ മാത്രമല്ല അവര്‍ വധിക്കുന്നത്, തങ്ങളുടെ കണ്ണില്‍ പെടുന്ന നിരപരാധികളെയെല്ലാം അവര്‍ നിഷ്ഠൂരം വധിച്ചുകളയുന്നു.

ആഴമേറിയ ഈ സംഘര്‍ഷാവസ്ഥയുടെ മാനുഷിക പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ്?
യുദ്ധത്തിനിരയാകുന്ന ജനങ്ങളെ സഹായിക്കേണ്ട ഉത്തരവാദിത്വം എല്ലാവരിലും നിക്ഷിപ്തമാണ്. എല്ലാ രാജ്യങ്ങള്‍ക്കും അഭയാര്‍ത്ഥികളെ വിഭജിച്ചു നല്‍കിയാല്‍ ഏതെങ്കിലും ഒരു രാജ്യം മാത്രം ബാധ്യതയെടുക്കേണ്ട അവസ്ഥ ഒഴിവാക്കാം. ഏകദേശം നാല്‍പതു ലക്ഷത്തോളം ജനങ്ങളാണ് നാടുവിട്ടിറങ്ങിയത്. സിറിയയുടെ ജനസംഖ്യയുടെ പകുതിയോളം വരുമിത്. എല്ലാ രാജ്യങ്ങളും അവരെ സഹായിക്കാന്‍ തയ്യാറാകേണ്ടതുണ്ട്. ഈ ജനങ്ങള്‍ എക്കാലവും ഇവിടെ താമസിക്കാന്‍ വരുന്നവരല്ല. അവര്‍ക്ക് തങ്ങളുടെ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകേണ്ടതുണ്ട്.

സിറിയന്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കേണ്ടത്  പ്രധാനപ്പെട്ട കാര്യമാണ്. അവരുടെ മേല്‍ വ്യോമാക്രമണങ്ങള്‍ നടത്തേണ്ടതിയതു കൊണ്ട് കാര്യമില്ല. പ്രശ്‌നം ഭൂമിയിലാണ്, ആകാശത്തല്ല. ഇതു തുടരുന്നതു കൊണ്ട് നിരപരാധികളായ കുറേ സിവിലിയന്മാര്‍ മരിച്ചുവീഴും എന്നല്ലാതെ ഐ.എസിനെ തകര്‍ക്കാന്‍ ഒരിക്കലും സാധിക്കുകയില്ല. രാജ്യം നശിക്കുന്നത് മാത്രമായിരിക്കും അതിന്റെ അനന്തരഫലം.

വിവ: അനസ് പടന്ന

Related Articles