Current Date

Search
Close this search box.
Search
Close this search box.

പ്രവാചക സ്‌നേഹിയായ മാര്‍വാഡി

RAJIV-SHARMA.jpg

ഹിന്ദിയിലും മാര്‍വാഡിയിലും എഴുതുന്ന രാജസ്ഥാനി എഴുത്തുകാരനാണ് രാജീവ് ശര്‍മ. ധാരാളം പുസ്തകങ്ങള്‍ അദ്ദേഹം മുമ്പ് എഴുതിയിട്ടുണ്ടെങ്കിലും പുതുതായി അദ്ദേഹത്തിന്റെ പേരില്‍ പുറത്തിറങ്ങിയ പുസ്തകം പ്രവാചകന്‍ മുഹമ്മദ് നബി(സ)യെ കുറിച്ചുള്ളതാണ്. സ്വന്തത്തെ കുറിച്ചും പുതിയ പുസ്തകത്തെ കുറിച്ചും രാജീവ് ‘ദ് വയറി’ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നു:

പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് ഒരു പുസ്തകമെഴുതാന്‍ കാരണമെന്താണ്? ഈ വിഷയത്തില്‍ തല്‍പരനായത് എങ്ങനെയാണ്?
15 വര്‍ഷം മുമ്പ്, ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് നാട്ടില്‍ സ്വന്തമായി ഒരു ലൈബ്രറി തുടങ്ങി. സ്‌കൂളിലെ പുസ്തകങ്ങള്‍ വായിക്കുക എന്നത് കുട്ടികള്‍ക്ക് ഭാരിച്ച ഒരു ജോലിയായി തോന്നിയിരുന്ന കാലത്ത് എനിക്കാകട്ടെ പുസ്തകങ്ങളോട് ഭയങ്കര ഇഷ്ടമായിരുന്നു. പല തരത്തിലും സ്വഭാവത്തിലുമുള്ള പുസ്തകങ്ങള്‍ ഞാന്‍ വായിക്കുമായിരുന്നു. ആയിടയ്ക്കാണ് മുഹമ്മദ് നബിയുടെ ജീവിതം പ്രതിപാദിക്കുന്ന ഒരു കൈപുസ്തകം എനിക്ക് ലഭിക്കുന്നത്. ആ പുസ്തകം വായിച്ചപ്പോഴാണ് ജീവിതകാലം മുഴുവന്‍ തിന്മയോട് പോരടിച്ചിരുന്ന ഒരു മനുഷ്യനായിരുന്നു മുഹമ്മദ് നബി എന്ന് എനിക്ക് മനസ്സിലാവുന്നത്. അദ്ദേഹത്തിന്റെ ദൈവവിശ്വാസം പാറയേക്കാള്‍ ഉറച്ചതുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മനസ്സാകട്ടെ പൂവു പോലെ നിര്‍മലവുമായിരുന്നു.

ഈ പുസ്തകത്തോടൊപ്പം തന്നെ മറ്റ് രണ്ട് സംഭവങ്ങളും പ്രവാചകനോട് എന്നെ കൂടുതല്‍ അടുപ്പിച്ചു. ഞാന്‍ ഒരു ഹിന്ദു-ബ്രാഹ്മണ കുടുംബത്തില്‍ പെട്ട ആളാണ്. എന്നാല്‍ എക്കാലവും സമുദായത്തിനിടയിലെ അനാചാരങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കുമെതിരെ പോരാടാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ഞങ്ങളുടെ നാട്ടില്‍ പലിശക്ക് കടം കൊടുത്തിരുന്ന ഒരു പൂജാരി ഉണ്ടായിരുന്നു. കഴുത്തറക്കുന്ന പലിശയാണ് അയാള്‍ ഈടാക്കിയിരുന്നത്. ജനങ്ങളെ കൊള്ളയടിക്കുന്ന ഇയാളെ കണ്ടപ്പോഴാണ് പലിശ വാങ്ങുന്നതും നല്‍കുന്നതും പാപമാണെന്നും അത് പൈശാചികമാണെന്നും പഠിപ്പിച്ച പ്രവാചകന്റെ വാക്കുകളെ കുറിച്ച് ഞാന്‍ ഓര്‍ത്തത്.  

അതുപോലെ ഞങ്ങളുടെ കുടുംബത്തില്‍ പിറന്ന ഒരു പെണ്‍കുട്ടിയുടെ കഥയും ഒരു നിമിത്തമായി. അവള്‍ക്ക് കഷ്ടിച്ച് 5 വയസ്സുള്ളപ്പോള്‍ അവളുടെ കല്ല്യാണം നിശ്ചയിക്കപ്പെട്ടു. കാരണം, 12 വയസ്സിന് മുമ്പ് അവളുടെ വിവാഹം നടത്തിയാല്‍ മാത്രമേ അത് ‘ധര്‍മ വിവാഹം’ ആവുകയുള്ളൂ എന്നത് പൂജാരികളുടെ നിര്‍ദേശമായിരുന്നു. എന്നാല്‍ അവളുടെ ഭാഗ്യത്തിന് കല്യാണ ദിവസത്തിന് മുമ്പേ വരന്‍ മരണപ്പെട്ടു. എന്നാല്‍ ഈ മനുഷ്യന്റെ വിധവയായി അവള്‍ ജീവിക്കണമെന്നാണ് പൂജാരികള്‍ അടുത്തതായി കല്‍പിച്ചത്. ഈ സംഭവം എന്നും എന്നെ ദുഃഖിപ്പിച്ചിരുന്നു. എന്നാല്‍ വിധവകളെ വിവാഹം കഴിച്ച പ്രവാചകനില്‍ ഉല്‍കൃഷ്ടമായ മാതൃകയാണ് എനിക്ക് കാണാന്‍ സാധിച്ചത്.

ഇന്ത്യയിലെ മുസ്‌ലിംകളും ഹിന്ദുക്കളും പരസ്പരം സംസ്‌കാരവും വിശ്വാസങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല എന്നു താങ്കള്‍ക്ക് തോന്നുന്നുണ്ടോ?
തീര്‍ച്ചയായും. ഇരു മതവിഭാഗങ്ങളിലും പെട്ട ചിലയാളുകള്‍ അന്യന്റെ മതഗ്രന്ഥങ്ങള്‍ തൊടാന്‍ പാടില്ല എന്നു വിശ്വസിക്കുന്നവരാണ്. സഹോദര മതങ്ങളെ കുറിച്ച് പഠിക്കുന്നതോ പ്രവാചകന്റെ ജീവിതത്തെ കുറിച്ച് പഠിക്കുന്നതോ നിങ്ങളുടെ വിശ്വാസങ്ങള്‍ക്ക് കോട്ടങ്ങള്‍ ഒന്നും ഉണ്ടാക്കില്ലല്ലോ. ഞാന്‍ പ്രവാചകന്‍ മുഹമ്മദ് നബിയില്‍ ഉറച്ചു വിശ്വസിക്കുന്നു. അദ്ദേഹം ദൈവത്താല്‍ നിയോഗിതനായ പ്രവാചകന്‍ ആണെന്നും. ജീവിതത്തിന്റെ ഒന്നാം നാള്‍ മുതല്‍ ഇന്നുവരെ ഞാന്‍ ഹിന്ദുവാണെങ്കിലും അദ്ദേഹത്തിന്റെ പല അധ്യാപനങ്ങളും പിന്തുടരാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. മറ്റ് മതങ്ങളെ കുറിച്ചും സംസ്‌കാരങ്ങളെ കുറിച്ചും പഠിക്കാന്‍ യുവസമൂഹം മുന്നോട്ടു വരണം. ഇസ്‌ലാമിക് ബാങ്കിംഗിനെ കുറിച്ച് ഒരു വാരികയില്‍ വായിച്ച എന്റെ സഹോദരനാണ് പ്രവാചകനെ കുറിച്ച് ഒരു പുസ്തകമെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

പ്രവാചകനെ കുറിച്ചുള്ള വിവരങ്ങള്‍ എങ്ങനെയാണ് താങ്കള്‍ ശേഖരിച്ചത്? പുസ്തകത്തിന് ഉപയോഗിച്ച അവലംബങ്ങള്‍ എന്താണ്?
പ്രവാചകന്റെ ജീവിതത്തെ കുറിച്ച് മനസ്സിലാക്കാന്‍ ധാരാളം പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, സൗദി അറേബ്യ, ഈജിപ്ത് പോലുള്ള വിദേശ രാജ്യങ്ങളിലെ പുസ്തങ്ങളും ഞാന്‍ വായിക്കുകയുണ്ടായി. അതുപോലെ ഇന്റര്‍നെറ്റിലെ ആധികാരിക രേഖകളും അവലംബിച്ചിട്ടുണ്ട്.

പണ്ടുമുതലേ ഇസ്‌ലാമിനെ കുറിച്ചും പ്രവാചകനെ കുറിച്ചും വായിക്കുന്ന കൂട്ടത്തിലായിരുന്നോ താങ്കള്‍? അല്ലെങ്കില്‍ അതിലേക്ക് നയിച്ച് പ്രത്യേകമായ വല്ല സംഭവവികാസങ്ങളും ഉണ്ടോ?
ഇല്ല, ഞാനും പലരെയും പോലെ ഇസ്‌ലാമിനെ കുറിച്ചും പ്രവാചകനെ കുറിച്ചും സാമാന്യമായ അറിവു മാത്രമുണ്ടായിരുന്ന ഒരാളായിരുന്നു. എന്റെ ഗ്രാമത്തില്‍ ഒരൊറ്റ മുസ്‌ലിം വീട് പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇസ്‌ലാമിക വിശ്വാസങ്ങളും രീതികളുമൊക്കെ എനിക്ക് അപരിചിതമായിരുന്നു. എന്നാല്‍ ലൈബ്രറി തുടങ്ങിയതിന് ശേഷമാണ് പ്രവാചകനെ കുറിച്ചും ഇസ്‌ലാമിനെ കുറിച്ചും കൂടുതല്‍ വായിക്കാന്‍ അവസരം കിട്ടുന്നത്. പിന്നീട് എന്റെ പല ചിന്തകളിലും പ്രവാചക സ്വാധീനമുണ്ടായിട്ടുണ്ട്. ആ മഹല്‍വ്യക്തിത്വത്തിന്റെ ജീവിതം എല്ലാവരും അറിയണമെന്ന് അതിയായ ആഗ്രഹവും എനിക്കുണ്ടായിരുന്നു.

രാജ്യത്ത് ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയിലുള്ള അശാന്തിയുടേതായ അന്തരീക്ഷത്തെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?
സ്വന്തം വിശ്വാസമാണ് ഉത്തമം എന്നു വിശ്വസിക്കുന്ന ആളുകളാണ് അശാന്തിയുടെ പിന്നില്‍. നാം എല്ലാവരും മതഗ്രന്ഥങ്ങള്‍ വായിക്കുന്നവരാണെങ്കിലും അതിന്റെ സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നവര്‍ വളരെ കുറവാണ്. ഖുര്‍ആന്‍ വായിച്ചാലും സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും വചനങ്ങള്‍ നിങ്ങള്‍ക്ക് കാണാം. ഹിന്ദു വേദങ്ങളും ഈ ലോകം ഒരൊറ്റ കുടുംബമാണെന്ന് പഠിപ്പിക്കുന്നു. തന്റെ ശത്രുക്കള്‍ക്ക് വേണ്ടി വരെ പ്രാര്‍ത്ഥിക്കുകയായിരുന്നു യേശുവും ചെയ്തത്. ഈ മത സന്ദേശങ്ങളാണ് ജനങ്ങള്‍ പ്രചരിപ്പിക്കേണ്ടതും പാലിക്കേണ്ടതും.

പുസ്തകത്തിന്റെ വിഷയത്തിന്റെ പേരില്‍ താങ്കള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ?
പുസ്തകത്തിന്റെ രചന പൂര്‍ത്തിയായതോടെ അത് ബ്ലോഗില്‍ കൂടി പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഞാന്‍. ആരെയും ഭയപ്പെടേണ്ട ആവശ്യം എനിക്കില്ലായിരുന്നു. കാരണം, ഞാന്‍ എഴുതുന്നത് സത്യമാണെന്ന ഉറച്ച ബോധ്യം എനിക്കുണ്ടായിരുന്നു. എന്റെ കുടുംബത്തിന്റെ പൂര്‍ണ പിന്തുണ എനിക്ക് ലഭിച്ചു. എന്റെ പ്രതീക്ഷകള്‍ക്കുമപ്പുറത്ത് ജനങ്ങള്‍ ഈ പുസ്തകത്തെ സ്വീകരിച്ചു.

ലോകത്താകമാനമുള്ള ഹിന്ദി, മാര്‍വാഢി വായനക്കാരില്‍ നിന്ന് പുസ്തകത്തെ പ്രശംസിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കെ തന്നെ കുറച്ച് ഭീഷണി സന്ദേശങ്ങളും മെയിലില്‍ എനിക്ക് ലഭിക്കുകയുണ്ടായി. എന്നെ വെടിവെച്ചു കൊല്ലും, തൂക്കി കൊല്ലും, ഞാന്‍ ഐ.എസ് ചാരനാണ് എന്നൊക്കെയാണ് അവര്‍ ആക്രോശിച്ചത്. പ്രവാചകന്റെ ജീവിതത്തെ കുറിച്ച് എഴുതിയതിന് ലഭിച്ച പ്രതിഫലമായിരുന്നോ ഇത്? ഈ സന്ദേശങ്ങള്‍ അയച്ചവര്‍ യഥാര്‍ത്ഥത്തില്‍ ഒരു മതത്തിലും വിശ്വസിക്കാത്തവരാണ്. അവര്‍ക്ക് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ആശയങ്ങള്‍ ഉള്‍ക്കൊള്ളാനാകില്ല.

പുസ്തകം ഇപ്പോള്‍ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാണ്. പുസ്തകം പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങളുണ്ടോ? ഇതുവരെ ലഭിച്ച പ്രതികരണങ്ങള്‍ എങ്ങനെയായിരുന്നു?
ഓണ്‍ലൈനില്‍ പുസ്തകത്തിന് വളരെ നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. എന്നാല്‍ പുസ്തകരൂപത്തില്‍ പ്രിന്റ് ചെയ്യണം എന്നാണ് ഞാനും ആഗ്രഹിക്കുന്നത്. ഒരു നല്ല പ്രസാധകരെ കിട്ടിയാല്‍ ഉടനെ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തും.

പുസ്തകമെഴുത്ത് ആരംഭിച്ചത് മുതല്‍ അത് ഓണ്‍ലൈനായി പ്രസിദ്ധീകരിക്കുന്നത് വരെ എന്ത് പ്രയാസങ്ങളാണ് താങ്കള്‍ നേരിട്ടത്?
എഴുത്തും പ്രസിദ്ധീകരണവുമൊക്കെ വളരെ അനായാസമായി നടന്നു. എന്നാല്‍ അത് ഓണ്‍ലൈന്‍ പതിപ്പായി പുറത്തു വന്ന ശേഷമാണ് ചില പ്രശ്‌നങ്ങള്‍ ഉണ്ടായത്. എന്റെ ചില ബന്ധുക്കള്‍ വിചാരിച്ചത് ഞാന്‍ മുസ്‌ലിമായെന്നാണ്. ചിലര്‍ പറഞ്ഞത് അന്യ മതങ്ങളെ കുറിച്ചുള്ള വിഷയങ്ങളില്‍ എഴുതരുത് എന്നാണ്. ഇങ്ങനെയുള്ള ചെറിയ ചെറിയ ആകുലതകള്‍ കുടുംബത്തില്‍ നിന്നും പുറത്തു നിന്നും ഉണ്ടായി.

അടുത്ത പുസ്തകം എഴുതാന്‍ പദ്ധതിയുണ്ടോ? അങ്ങനെയെങ്കില്‍ അതിലും ഇസ്‌ലാം ആയിരിക്കുമോ പ്രതിപാദ്യ വിഷയം?
തീര്‍ച്ചയായും. ഇനിയും പുസ്തകങ്ങള്‍ എഴുതണമെന്നു തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഖുര്‍ആനിന്റെ അധ്യാപനങ്ങളെ കുറിച്ച് ഒരു പുസ്തകം രചിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അത് ഏവര്‍ക്കും ഉപകാരപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രവാചക അനുയായികളെ കുറിച്ചും പുസ്തകങ്ങള്‍ രചിക്കപ്പെടേണ്ടതുണ്ട്. മാര്‍വാഢിക്ക് പുറമേ ഇംഗ്ലീഷിലും ഹിന്ദിയിലും അവ പുറത്തിറക്കണം.

വിവ: അനസ് പടന്ന

Related Articles