Current Date

Search
Close this search box.
Search
Close this search box.

പ്രബോധകരെയാണ് സൈപ്രസ് തേടുന്നത്

bassam-jahoosh.jpg

യൂറോപ്യന്‍ സമൂഹത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന അവസ്ഥയാണ് അവിടത്തെ മുസ്‌ലിം യുവാക്കള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. ഇസ്‌ലാമിന്റേതായ സവിശേഷതകള്‍ നഷ്ടപ്പെടുന്നതിന് അത് കാരണമായിരുന്നു. പൊതുവെ യൂറോപിന്റെ അവസ്ഥ ഇതാണെങ്കിലും സൈപ്രസില്‍ ഒന്നു കൂടി ശക്തമാണിത്. സൈപ്രസിലെ മുസ്‌ലിം യുവാക്കള്‍ അഭിമുഖീകരിക്കുന്ന കൂടുതല്‍ പ്രശ്‌നങ്ങളെ കുറിച്ച് വിവരിക്കുകയാണ് അവിടത്തെ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് ബസ്സാം അല്‍ജാഹൂശുമായുള്ള അഭിമുഖം.

സൈപ്രസിലെ ഇസ്‌ലാമിന്റെ ആഗമനത്തെ കുറിച്ച്?
ഖലീഫ് ഉഥ്മാന്‍ ബിന്‍ അഫ്ഫാന്റെ കാലത്താണ് സൈപ്രസില്‍ ഇസ്‌ലാം എത്തുന്നത്. അക്കാലത്തെ ശാമിലെ ഗവര്‍ണറായിരുന്ന മുആവിയ(റ) കടല്‍ കടന്ന് യുദ്ധം ചെയ്യാന്‍ അനുമതി തേടി. കടല്‍ കടന്നുള്ള യുദ്ധത്തിന് ആരെയും നിര്‍ബന്ധിക്കരുതെന്നും ജനങ്ങള്‍ക്ക് അക്കാര്യത്തില്‍ സ്വാതന്ത്ര്യം നല്‍കണമെന്നും ഖലീഫ അദ്ദേഹത്തോട് കല്‍പിച്ചു. അബ്ദുല്ലാ ബിന്‍ ഖൈസ് അല്‍ഫസാരിയെ മുആവിയ തെരെഞ്ഞെടുത്തു. ഹിജ്‌റ 28-ാം വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കപ്പല്‍പട പുറപ്പെട്ടു. ഈജിപ്തില്‍ നിന്നും അബ്ദുല്ലാഹ് ബിന്‍ സഅ്ദിന്റെ നേതൃത്വത്തിലുള്ള മറ്റൊരു കപ്പല്‍പടയും പുറപ്പെട്ടിരുന്നു. സൈപ്രസിലെത്തിയ മുസ്‌ലിംകള്‍ അവിടത്തുകാരുമായി സന്ധിയുണ്ടാക്കി. അന്‍സാരി സഹാബി വനിതയായ ഉമ്മു ഹറാം ബിന്‍ മല്‍ഹാന്റെ ഖബ്ര്‍ ഇന്നും അവിടെയുണ്ട്. മുസ്‌ലിംകള്‍ സൈപ്രസില്‍ എത്തിയതിന്റെ തെളിവായി ആ ഖബ്ര്‍ ഇന്നും നിലനില്‍ക്കുന്നു. ഉഥ്മാനികളുെട കാലം മുതല്‍ ആ ഖബ്‌റിന്റെയരികില്‍ ഒരു മസ്ജിദും ഉണ്ട്. ‘മസ്ജിദ് ഉമ്മു ഹറാം’ എന്ന പേരിലാണ് ആ മസ്ജിദ് അറിയപ്പെടുന്നത്. ഇന്ന് ടൂറിസ്റ്റുകള്‍ സന്ദര്‍ശിക്കുന്ന കേന്ദ്രങ്ങളിലൊന്നാണത്.

സൈപ്രസ് ഇസ്‌ലാമിക് സെന്റര്‍ ആരംഭിച്ചത് എന്നാണ്? അതിന്റെ ലക്ഷ്യവും പ്രവര്‍ത്തന രീതിയും ഒന്ന് വിശദമാക്കാമോ?
ആദ്യമായി 2007ലാണ് ഇങ്ങനെ ഒരു സെന്റര്‍ ആരംഭിക്കുന്നതിന് ഔദ്യോഗികമായി ഭരണകൂടത്തിന് അപേക്ഷ നല്‍കിയത്. പല പേരുകള്‍ ഉയന്നു വന്നെങ്കിലും അവസാനം ഇസ്‌ലാമിക് കള്‍ചറല്‍ സെന്റര്‍ എന്ന പേരില്‍ ഉറപ്പിക്കുകയായിരുന്നു. 2010ല്‍ അതിന് ലൈസന്‍സ് കിട്ടി. സൈപ്രസിലെ മുസ്‌ലിംകളെ ഒരു കുടക്കീഴില്‍ ഒരുമിച്ചു കൂട്ടലും അവരുടെ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഫലപ്രദമായ രീതിയില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തലുമായിരുന്നു സെന്ററിന്റെ ലക്ഷ്യം. പരിമിതമായ പ്രവര്‍ത്തനങ്ങളാണ് സെന്റര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അറബി ഭാഷാ പഠന കോഴ്‌സുകള്‍, കുട്ടികള്‍ക്കുള്ള ഖുര്‍ആന്‍ മനപാഠ പരിപാടികളുമാണ് അതില്‍ പ്രധാനം. സൈപ്രസില്‍ ജനിക്കുന്ന മിക്ക കുട്ടികള്‍ക്കും ഇസ്‌ലാമിക വ്യക്തിത്വം തങ്ങളില്‍ രൂപീകരിക്കുന്നതിന് സഹായകമാകുന്ന പ്രവര്‍ത്തനങ്ങളൊന്നും ലഭിക്കുന്നില്ല. മനുഷ്യ വിഭവങ്ങളിലെ കമ്മിയും മറ്റ് സൗകര്യങ്ങളുടെ അഭാവവുമാണ് അനുഭവിക്കുന്ന പ്രധാന വെല്ലുവിളി.

സെന്ററിന്റെ പ്രധാനം നേട്ടം എന്താണ്?
ഈ സെന്ററിന്റെ ഏറ്റവും വലിയ നേട്ടം സര്‍ക്കാര്‍ ലൈസന്‍സ് കരസ്ഥാമാക്കാന്‍ സാധിച്ചതാണെന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല. ചെറിയ തോതിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെങ്കില്‍ പോലും സൈപ്രസിലെ ലൈസന്‍സുള്ള ഏക സെന്ററാണിത്. പ്രായോഗികമായി ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത് രണ്ട് വര്‍ഷം മുമ്പാണ്. വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഏഴ് ജുസ്അ് മനപാഠമാക്കിയവര്‍ വരെ ഇപ്പോള്‍ സെന്ററിലുണ്ട്. 2012ല്‍ റാബിത്വത്തുല്‍ ആലമുല്‍ ഇസ്‌ലാമി റമദാനില്‍ ഇമാമത്ത് നിര്‍വഹിക്കുന്നതിന് പ്രതിനിധിയെ അയച്ചു തന്നു എന്നുള്ളതാണ് മറ്റൊരു നേട്ടം.

സൈപ്രസ് മുസ്‌ലിം ന്യൂനപക്ഷം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?
ടര്‍ക്കിഷ് സൈപ്രസ് നിവാസികളെയാണ് നിങ്ങളുദ്ദേശിക്കുന്നതെങ്കില്‍ അവര്‍ ന്യൂനപക്ഷമല്ല. സൈപ്രസിന്റെ വടക്കു ഭാഗത്താണ് അവര്‍. എന്നാല്‍ സൈപ്രസിന്റെ യൂറോപ്യന്‍ ഗ്രീക്ക് ഭാഗത്തെ കുറിച്ചാണ് നാം പറയുന്നത്. ഗ്രീക്ക് സൈപ്രസിനും ടര്‍ക്കിഷ് സൈപ്രസിനും ഇടയില്‍ നല്ല സഹകരണമാണ് നിലനില്‍ക്കുന്നത്. ഇസ്‌ലാമിക് ഔഖാഫിന്റെ കാര്യത്തിലെല്ലാം വളരെ പ്രകടമായി അത് കാണാം. ഗ്രീക്ക് സൈപ്രസില്‍ ടര്‍ക്കിഷ് സൈപ്രസിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന നിരവധി മസ്ജിദുകളുണ്ട്. അവയില്‍ ചിലതെല്ലാം ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. അത്തരത്തിലുള്ള ഒന്നാണ് സഹാബി വനിതയായ ഉമ്മു ഹറാമിനെ മറമാടിയിരിക്കുന്ന മസ്ജിദ്. ടര്‍ക്കിഷുകാര്‍ക്ക് മാത്രമായ ചില മസ്ജിദുകളുമുണ്ട്.

എന്റെ കാഴ്ച്ചപ്പാടില്‍ മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് അവിടത്തെ മുസ്‌ലിംകള്‍ അനുഭവിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും ഇവിടത്തെ മുസ്‌ലിംകള്‍ക്കില്ല. സിറിയ, ഈജിപ്ത്, പാകിസ്താന്‍, ബംഗ്ലാദേശ്, ഇറാഖ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് വന്നവരാണ് ഇവിടത്തെ മുസ്‌ലിംകള്‍. സമൂഹത്തിന് മതിയായ അളവില്‍ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുന്നില്ലെന്നതാണ് ഇവിടത്തെ പ്രശ്‌നം. ഇവിടത്തെ മുസ്‌ലിം സമൂഹത്തിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിന് അറിവും പാടവവുമുള്ള പ്രബോധകരെയാണ് ഞങ്ങള്‍ തേടുന്നത്.

സൈപ്രസിലെ മുസ്‌ലിം യുവാക്കളുടെ അവസ്ഥ എന്താണ്? അവരനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?
സൈപ്രസിലെ മുസ്‌ലിം സമൂഹത്തിന്റെ വലിയൊരു ഭാഗം യുവാക്കളാണ്. മെച്ചപ്പെട്ട തൊഴില്‍ തേടിയും വിദ്യാഭ്യാസത്തിനുമായി എത്തിപ്പെട്ടവരാണ് അവരിലേറെയും. സദാചാര തകര്‍ച്ചയില്‍ അകപ്പെടാന്‍ ഏറെ സാധ്യതയുള്ള ജീവിത സാഹചര്യത്തിലും ചുറ്റുപാടിലും ജീവിക്കുന്ന അവരനുഭവിക്കുന്ന പ്രയാസങ്ങള്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ല. പ്രബോധന പ്രവര്‍ത്തനങ്ങള്‍ തീരെ ഇല്ലെന്ന് തന്നെ പറയാവുന്ന അവസ്ഥയിലാണ് അവര്‍ ജീവിക്കുന്നത്, പ്രത്യേകിച്ചും യുവാക്കള്‍. എന്നാല്‍ ഈ യുവാക്കള്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് പറ്റിയ ഫലഭൂയിഷ്ടമായ വിശാല ഭൂമിയാണെന്നത് പ്രത്യാശ നല്‍കുന്ന കാര്യമാണ്. അതിന് വ്യവസ്ഥാപിതവും കഠിനവുമായ ശ്രമങ്ങള്‍ നടക്കേണ്ടതുണ്ടെന്ന് മാത്രം.

യൂറോപ്യന്‍ സമൂഹത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന അവസ്ഥയാണ് അവിടത്തെ മുസ്‌ലിം യുവാക്കള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. ഇസ്‌ലാമികമായ സവിശേഷതകള്‍ നഷ്ടപ്പെടുന്നതിന് അത് കാരണമായിരുന്നു. പൊതുവെ യൂറോപിന്റെ അവസ്ഥ ഇതാണെങ്കിലും സൈപ്രസില്‍ ഒന്നു കൂടി ശക്തമാണിത്. തന്നെ പ്രശ്‌നങ്ങള്‍ പരിഹാരം തേടാനുള്ള ഒരു അഭയ കേന്ദ്രമില്ലാത്തതാണ് അവരുടെ പ്രശ്‌നം. കള്‍ചറല്‍ സെന്റര്‍ മറ്റ് കൂട്ടായ്മകളുമായി സഹകരിച്ച് അതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സൈപ്രസിലെയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുമായ മാതാക്കള്‍ക്ക് ജനിച്ചവരുടെ ഒരു തലമുറ ഇവിടെ വളര്‍ന്നു വരുന്നുണ്ട്. ജന്മനാ ഇവിടത്തുകാരായ അവരെ ഉള്‍ക്കൊള്ളാനും വിദ്യാഭ്യാസം നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങളൊന്നും ഇവിടെയില്ല.

സൈപ്രസിന്റെ വിഭജനം അടിസ്ഥാനപരമായ വല്ല പ്രശ്‌നങ്ങള്‍ക്കും കാരണമായിട്ടുണ്ടോ?
പിളര്‍പ്പ് രണ്ട് ഭാഗത്തും പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ പിളര്‍പ്പിന്റെ ഫലമായിട്ടുള്ള പ്രശ്‌നങ്ങളൊന്നും മുസ്‌ലിം സമൂഹം അനുഭവിക്കുന്നില്ല. ഞങ്ങളില്‍ ഭൂരിഭാഗവും സൈപ്രസിലുണ്ടായ യുദ്ധമോ വിഭജനമോ അറിഞ്ഞിട്ടില്ലാത്തവരാണ്.

മറ്റ് നാടുകളില്‍ നിന്നും സൈപ്രസിലേക്ക് പലായനം നടക്കുന്നുണ്ടോ?
സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പ് അഭയാര്‍ഥികളുടെ എണ്ണത്തില്‍ അനുദിനം വര്‍ധനവുണ്ടായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയോടു കൂടി അഭയാര്‍ഥികളുടെ എണ്ണത്തിലും കുറവ് വന്നു. ഫലസ്തീനില്‍ നിന്നും ഇറാഖില്‍ നിന്നുമായിരുന്നു ഏറ്റവുമധികം അഭയാര്‍ഥികള്‍ എത്തിയിരുന്നത്. 2009-2010 കാലയളവില്‍ ചുരുങ്ങിയത് അഞ്ച് അംഗങ്ങളെങ്കിലുമുള്ള ആയിരത്തി ഇരുന്നൂറോളം കുടുംബങ്ങള്‍ ഇവിടെ എത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളും ഇവിടെ എത്തുന്നുണ്ട്.

അന്താരാഷ്ട്ര ഇസ്‌ലാമിക കൂട്ടായ്മകളുമായി നിങ്ങള്‍ സഹകരിക്കുന്നുണ്ടോ?
സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ഞങ്ങള്‍ ഇസ്‌ലാമിക കൂട്ടായ്മകളുമായി സഹകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. അവരുടെ അനുഭവ സമ്പത്ത് പ്രബോധന രംഗത്ത് ഉപയോഗപ്പെടുത്തുന്നതിനത് സഹായകമാകുക എന്ന ഉദ്ദേശ്യത്തോടെയാണത്. എന്നാല്‍ ശക്തമായ പ്രവര്‍ത്തനങ്ങളില്ലാത്തതിനാലും സെന്ററിന് ആസ്ഥാനമില്ലാത്തതിനാലും നേരത്തെ പറഞ്ഞ റാബിത്വയുടെ പ്രവര്‍ത്തനമല്ലാതെ കാര്യമായിട്ടൊന്നും സാധ്യമായിട്ടില്ല.

അവിടത്തെ യുവാക്കള്‍ക്കിടയില്‍ തീവ്രനിലപാട് പ്രകടമാണോ?
തീവ്രനിലപാട് എല്ലായിടത്തുമുള്ളതാണ്. അതിനനുകൂലമായ സാഹചര്യങ്ങളും ഘടകങ്ങളും ഒത്തുവരുമ്പാള്‍ അതുണ്ടാകും. അതിന്റെ കാരണങ്ങളില്‍ പ്രധാനം അജ്ഞതയും സൈപ്രസ് മുസ്‌ലിംകളെ ഒന്നിപ്പിക്കുന്ന പ്രബോധന പ്രവര്‍ത്തനങ്ങളുടെ അഭാവവുമാണ്. എന്നാല്‍ അതുണ്ടാക്കുന്ന അപകടം എത്രത്തോളമാണെന്ന് കൃത്യമായി പറയാനാവില്ല.

അവിടെ പുതുതായി ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നു വരുന്നുണ്ടോ?
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നിരവധി ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നു വരുന്നുണ്ട്. അവരില്‍ അധികവും സ്ത്രീകളാണ്. എന്നാല്‍ അവര്‍ക്ക് വേണ്ട ശ്രദ്ധയും സഹായങ്ങളും ചെയ്തു കൊടുക്കാന്‍ പ്രാപ്തരായ സ്ത്രീകളില്ലെന്നതാണ് അപകടം. ഒരു സ്ത്രീ മരണപ്പെട്ടാല്‍ മയ്യിത്ത് കുളിപ്പിക്കുന്നതിനും കഫന്‍ ചെയ്യുന്നതിനും ഒരാളെ കിട്ടുന്നതിന് ഏറെ കാത്തിരിക്കേണ്ട ഒരു അവസ്ഥ ഇവിടെ നിലനില്‍ക്കുന്നുണ്ട്. പുതുതായി ഇസ്‌ലാമിലേക്ക് കടന്നു വരുന്നവര്‍ക്ക് മതിയായ അറിവ് പകര്‍ന്നു നല്‍കുന്നതിനുള്ള പരിപാടികളൊന്നും തന്നെയില്ല.

മതപഠനത്തിന്റെ അവസ്ഥ എന്താണ്?
മുസ്‌ലിം കുട്ടികള്‍ എത്രയോ ഉണ്ടെങ്കിലും ദീന്‍ പഠിപ്പിക്കുന്നതിനുള്ള മദ്‌റസകളൊന്നും സൈപ്രസില്‍ ഇല്ല. ഇതിനായി കള്‍ചറല്‍ സെന്റര്‍ കോഴ്‌സ് നടത്തുന്നുണ്ടെങ്കിലും നഗരത്തിലെ 25 ശതമാനം കുട്ടികള്‍ക്ക് മാത്രമേ അതിന്റെ ഫലം നല്‍കാന്‍ സാധിക്കുന്നുള്ളൂ. സെന്റര്‍ ആരംഭിച്ചപ്പോള്‍ കുട്ടികള്‍ക്കുള്ള കോഴ്‌സിനെ കുറിച്ച് ഞങ്ങള്‍ പരസ്യം ചെയ്തിരുന്നു. 250 കുട്ടികളാണ് ഞങ്ങളുടെ അടുത്ത് എത്തിയത്. എന്നാല്‍ മുപ്പതിലേറെ കുട്ടികളെ സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല.

സൈപ്രസ് മുസ്‌ലിംകളുടെ ഭാവിയെ എങ്ങനെ വിലയിരുത്തുന്നു?
സൈപ്രസ് മുസ്‌ലിംകള്‍ വിശിഷ്യാ ടര്‍ക്കിഷ് സൈപ്രസ് മുസ്‌ലിംകള്‍ എന്നു വിളിക്കപ്പെടുന്നവര്‍ പതിറ്റാണ്ടുകളായി പാശ്ചാത്യ വല്‍കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. പ്രബോധന പ്രവര്‍ത്തനങ്ങളൊന്നും നടത്താക്കത്തിനാല്‍ ഇസ്‌ലാമിനെ കുറിച്ച് ഒന്നും അറിയാത്ത മുസ്‌ലിംകള്‍ വരെ അക്കൂട്ടത്തിലുണ്ട്. ഖുര്‍ആനെ കുറിച്ച് ചോദിച്ചാല്‍ അതെന്താണ് പോലും അറിയാത്ത, അല്ലെങ്കില്‍ ചെറുപ്പത്തില്‍ തന്റെ പിതാമഹന്‍മാരില്‍ നിന്ന് അതിനെ കുറിച്ച് എന്തൊക്കെയോ കേട്ടിട്ടുണ്ട് എന്ന ഓര്‍മ മാത്രമുള്ളവര്‍ അവരിലുണ്ട്. ഒട്ടും അതിശയോക്തിയില്ലാതെ പറയുന്ന കാര്യമാണിത്. അറബ് നാടുകള്‍ക്ക് അടുത്ത പ്രദേശമാണെങ്കിലും വിസ്മരിക്കപ്പെട്ട ഇടമാണ് സൈപ്രസ്.

അതേസമയം ഗ്രീക്ക് സൈപ്രസിലുള്ള മുസ്‌ലിംകള്‍ അനുദിനം വര്‍ധിക്കുകയാണ്. അവിടെ തന്നെ ജനിച്ചു വളര്‍ന്നവരായ ഒരു തലമുറയും അവിടേക്ക് പലായനം ചെയ്ത് എത്തിയവരുടെ തലമുറയും അവിടെയുണ്ട്. ഇസ്‌ലാമിക പ്രബോധനത്തിനും പഠനത്തിനും വലിയ സ്വീകാര്യതയാണ് അവര്‍ക്കിടയില്‍ ലഭിക്കുന്നത്. പടിഞ്ഞാറന്‍ മുസ്‌ലികളുടെ കാര്യത്തില്‍ ശ്രദ്ധവെക്കുന്ന കൂട്ടായ്മകളുമായി ബന്ധം സ്ഥാപിക്കാന്‍ ഞങ്ങള്‍ അതിയായി ആഗ്രഹിക്കുന്നു.

വിവ: നസീഫ് തിരുവമ്പാടി

Related Articles