Current Date

Search
Close this search box.
Search
Close this search box.

‘പാശ്ചാത്യന്റെ സ്ത്രീ സ്വാതന്ത്ര്യം വ്യാജമായ അവകാശവാദം മാത്രം’

ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗവും ശഹീദ് എഞ്ചിനീയര്‍ ഇസ്മാഈല്‍ അബൂ ശനബിന്റെ ഭാര്യയുമാണ് ആഇശ അബൂ ശനബ്. അറബ് ലോകത്തെ ‘ഉമ്മുല്‍ മിസാലിയ’ അഥവാ മാതൃക വനിതക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായ ആഇശ അബൂ ശനബുമായി അല്‍മുജ്തമഅ് ലേഖകന്‍ മുഹമ്മദ് സവാഫിരി നടത്തിയ അഭിമുഖം:

2008-ലെ ഫുര്‍ഖാന്‍ പോരാട്ടത്തില്‍ ശഹീദായ ഹസന്‍ ഇസ്മാഈല്‍ അബൂ ശനബിന്റെ മകളാണ് ആഇശ അബൂശനബ്. അഞ്ച് പെണ്‍മക്കളും മൂന്ന് ആണ്‍മക്കളും ഉള്ള മഹതിയുടെ ഒരു മകന്‍ രക്തസാക്ഷിയാണ്.  മുഖയ്യം ശാത്വിഇലെ അഭയാര്‍ഥി ക്യാമ്പിലാണ് ജനിച്ചതും പ്രാഥമിക വിദ്യാഭ്യാസം നേടിയതും. 1977-ല്‍ ഇസ്മാഈല്‍ അബൂശനബുമായി വിവാഹം. തുടര്‍ന്ന് ഭര്‍ത്താവിനോടൊപ്പം ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പുറപ്പെട്ടു. 1986-ല്‍ ഫലസ്തീനിലേക്ക് മടങ്ങി, 1983 മുതല്‍ 1988 വരെ അന്നജാഹ് വത്വനിയ്യ സര്‍വകലാശാലയില്‍ സേവനമനുഷ്ടിച്ച അബൂശനബിനെ 1997-വരെ എട്ട് വര്‍ഷം തുടര്‍ച്ചയായി ഇസ്രായേല്‍ ജയിലിലടച്ചു. പ്രസ്തുത സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന് ആറ് മക്കളുണ്ടായിരുന്നു. ഏഴാമത്തെ മകന്‍ മുഹമ്മദിനെ  ഗര്‍ഭം ധരിച്ച സന്ദര്‍ഭത്തിലായിരുന്നു അബൂ ഹസനെ അറസ്‌ററ് ചെയ്തത്. ഈ കടുത്ത പരീക്ഷണങ്ങള്‍ക്കിടയിലും ഏറ്റവും മാതൃകാപരമായ നിലയില്‍ മക്കളെ ശിക്ഷണം നല്‍കി വളര്‍ത്തിയ ആഇശ അബൂ ഹസന്‍ അറബ് ലോകത്തെ മാതൃക വനിത പുരസ്‌കാരത്തിന് അര്‍ഹയായി.  2004-ല്‍ ഗസ്സ തെരുവിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇസ്മാഈല്‍ ശനബ് ഇസ്രായേല്‍ ആക്രമണത്തിലൂടെ രക്തസാക്ഷിത്വം വരിക്കുകയുണ്ടായി.

? നിങ്ങളുടെ വൈവാഹിക ജീവിതത്തിന്റെ തുടക്കത്തെ കുറിച്ച് എന്ത് പറയുന്നു?

– ഇസ്‌ലാമിക അധ്യാപനങ്ങള്‍ മുറുകെ പിടിക്കുന്ന ഒരു മാതൃക കുടുംബം വേണമെന്ന യോജിച്ച നിലപാടുകാരായിരുന്നു ഞാനും അബൂ ഹസനും. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഞങ്ങള്‍ക്കിടയില്‍ അത്തരമൊരു ബന്ധം വളര്‍ത്തിയെടുക്കുന്നതില്‍ വിജയിക്കുകയുണ്ടായി. ഇത് ദൃഢനിശ്ചയവും സമര്‍പ്പണവും ഉണ്ടെങ്കില്‍ മാത്രമേ നേടിയെടുക്കാന്‍ കഴിയുകയുളളൂ.

? തികച്ചും ദുരിതപൂര്‍ണമായിരുന്നു നിങ്ങളുടെ ജീവിതം എന്നു കേള്‍ക്കുന്നു. അതിനെ കുറിച്ച് വിവരിക്കാമോ?

– അധിനിവേശ ജയിലില്‍ നിന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അബൂ ഹസന്‍ മോചിതനായപ്പോള്‍ ഹമാസിനെ ലക്ഷ്യം വെച്ചുള്ള ഓസ്‌ലോ അതോറിറ്റിയില്‍ നിന്നും നിരവധി പ്രയാസങ്ങള്‍ ഞങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നു. കുറ്റവിചാരണ, അറസ്റ്റ് , വീട് പരിശോധന തുടങ്ങിയവയെല്ലാം നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ ഞാന്‍ പറയുന്നു. അബൂ ഹസന്‍ എല്ലാ വിമതവിഭാഗങ്ങള്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. പക്ഷെ, ഒരിക്കല്‍ പോലും തന്റെ നിലപാടില്‍ ചെറിയ ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറായിരുന്നില്ല. അതുപോലെ തന്നെ ദൈവമാര്‍ഗത്തിലെ പോരാളിയായ യുവാവിനെ വിവാഹം ചെയ്യുന്നവര്‍ നിരവധി പ്രയാസങ്ങള്‍ വഹിക്കേണ്ടിവരും. അതിനാല്‍ തന്നെ വിവാഹനാളുമുതല്‍ ഞങ്ങള്‍ എല്ലാം പരസ്പര ധാരണയിലൂടെ കൈകാര്യം ചെയ്തു. അദ്ദേഹത്തിന്റെ മേല്‍ നോട്ടത്തില്‍ വീടും മക്കളുടെ ശിക്ഷണവുമെല്ലാം ഞാന്‍ നിര്‍വഹിച്ചു. അദ്ദേഹം പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തു.

? ‘ഉമ്മുല്‍ മിസാലിയ്യ’ അഥവാ മാതൃക വനിത എന്ന പേരിന് ഉമ്മു ഹസനെ അര്‍ഹയാക്കിയതെന്തെല്ലാമായിരുന്നു?

– മനുഷ്യന്‍ ജീവിതത്തിന് ചില ലക്ഷ്യങ്ങളും അടിസ്ഥാനങ്ങളും നിര്‍ണയിക്കുമ്പോള്‍ അവ സാക്ഷാല്‍കരിക്കാന്‍ വേണ്ടി നാം നിരന്തരം പ്രവര്‍ത്തിക്കുന്നു. അതില്‍ പെട്ടതാണ് ഇസ്‌ലാമിക ശിക്ഷണത്തിലും ധാര്‍മിക മൂല്യങ്ങളിലും മക്കളെ വളര്‍ത്തിയെടുക്കല്‍, രാഷ്ട്രത്തിന്റെ ഉത്തമ താല്‍പര്യങ്ങള്‍ അവരെ പഠിപ്പിക്കല്‍ തുടങ്ങിയവ.  ഞങ്ങള്‍ അധിനിവിഷ്ട ഫലസ്തീനിലാണ് ജീവിക്കുന്നത്. അതിന് നിരവധി സവിശേഷതകളുണ്ട്. രാഷ്ട്രത്തിന്റെ മോചനത്തിന് വേണ്ടി പോരാടുന്ന മുജാഹിദുകളാക്കി മക്കളെ വളര്‍ത്തണമെങ്കില്‍ അവരില്‍ ചില മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുകയും അവരെ മികച്ച ശിക്ഷണത്തോടെ വളര്‍ത്തുകയും വേണം. എന്റെ മക്കളെ വളര്‍ത്തുന്ന ഘട്ടത്തില്‍ മാതൃക വനിത എന്ന രീതിയില്‍ അവരെ വളര്‍ത്താനല്ല, മറിച്ച് അല്ലാഹുവിന്റെ പ്രീതിയിലും തൃപ്തിയിലും വളര്‍ത്തിക്കൊണ്ട് ഇസ്‌ലാമിനും രാഷ്ട്രത്തിനും അവര്‍ക്കും തന്നെ പ്രയോജനപ്പെടുന്ന രീതിയില്‍ സച്ചരിതരായി വളരണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഇതിന് എന്നെ തെരഞ്ഞെടുത്തത്.

? താങ്കളുടെ അഭിപ്രായത്തില്‍ ഒരു വനിത എപ്പോഴാണ് മാതൃകയായിത്തീരുന്നത്?

– ചെറുപ്പത്തില്‍ തന്നെ വീട്ടുകാര്‍ മതബോധവും മൂല്യങ്ങളും നല്‍കിക്കൊണ്ട് വളര്‍ത്തുക, വലുതാകുമ്പോള്‍ മതബോധമുള്ള ഉത്തമനായ ഭര്‍ത്താവിനെ കണ്ടെത്തുക..അത് ജീവിതത്തെ അര്‍ഥപൂര്‍ണമാക്കുന്നതിന് സഹായിക്കും. മനുഷ്യന്‍ സ്വന്തത്തെ പൂര്‍ണാര്‍ഥത്തില്‍ മാറ്റിപ്പണിയാന്‍ പരിശ്രമിക്കുന്നു. അവരിരുവരിലും ദീനിന് വിപരീതമായ വല്ല പ്രവര്‍ത്തനങ്ങളുമുണ്ടെങ്കില്‍ പരസ്പരം തിരുത്തിക്കൊണ്ട് മുന്നോട്ട് പോകും. അപ്രകാരം പരസ്പരം പൂരിപ്പിച്ചുകൊണ്ട് ഉന്നത ജീവിതം നയിക്കുന്നതിലൂടെ മാതൃക വനിതയായി ഉയരാന്‍ സാധിക്കും.

? സമൂഹത്തില്‍ ഇത്തരത്തിലുള്ള മാതൃക വനിതകള്‍ കാണുന്നുണ്ടോ.

– അതെ, പക്ഷെ, ചില സങ്കല്‍പങ്ങള്‍ കൂടി മാറാനുണ്ട്. ഫലസ്തീന്‍ ജനതയില്‍ ഉന്നത മാതൃക വനിതകളെ നമുക്ക് ദര്‍ശിക്കാം. അവരാണ് പോരാട്ടത്തിന് കരുത്തു പകരുന്നത്. മാതൃകാ ഭാര്യമാരും ഉമ്മമാരും സഹോദരികളും നിരവധിയുണ്ട്. ഞങ്ങള്‍ ജീവിക്കുന്ന സാഹചര്യവും പരിതസ്ഥിതിയും ഇത് ആവശ്യപ്പെടുന്നു.

? ഈ അവാര്‍ഡിന് നിങ്ങളെ അര്‍ഹയാക്കിയ ഘടകങ്ങള്‍ എന്തൊക്കെയായിരുന്നു?

– ഒന്നാമതായി ഞാന്‍ ഫലസ്തീന്‍ വനിതയാണ്. ശഹീദിന്റെ ഭാര്യയും ഉമ്മയും മകളുമാണ് ഞാന്‍. മുമ്പ് ഗസ്സയിലെ പോരാട്ട വിഭാഗം ഇത്തരത്തില്‍ എന്റെ പേര് നിര്‍ദ്ദേശിച്ചിരുന്നു. പിന്നെ എന്റെ മക്കള്‍ സര്‍വകലാശാല ബിരുദധാരികളാണ്. അവര്‍ സമൂഹത്തില്‍ വ്യക്തിമുദ്ര തെളിയിച്ചവരാണ്.

? സമൂഹത്തില്‍ താങ്കള്‍ വല്ല ആക്ടീവിസത്തിലുമേര്‍പ്പെട്ടിട്ടുണ്ടോ?

– 2004-ല്‍ അബുല്‍ ഹസന്റെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് ശുഹദാക്കളുടെ ഭാര്യമാരുടെയും ഉമ്മമാരുടെയും സംരക്ഷണത്തിനായുള്ള വേദി ഞങ്ങള്‍ രൂപീകരിക്കുകയുണ്ടായി. അതിന് ‘അശ്ശുമൂഉല്‍ മുളീഅ’ എന്നാണ് ഞങ്ങള്‍ നാമകരണം ചെയ്തത്. ഈ വേദിയുടെ പ്രഥമ അധ്യക്ഷ ഈയിടെ മരണപ്പെട്ട ഉമ്മു നിദാല്‍ ഫര്‍ഹാത് ആയിരുന്നു. രക്തസാക്ഷി മഹ്മൂദ് ആബിദിന്റെയും നഈമിന്റയും മാതാക്കള്‍, മുന്‍ ആരോഗ്യമന്ത്രി നഈമിന്റെ ഭാര്യ തുടങ്ങിയവര്‍ ഇതില്‍ പ്രമുഖരായിരുന്നു.

? ഈ വേദിക്ക് നിങ്ങള്‍ നല്‍കിയ സംഭാവനകള്‍ എന്തായിരുന്നു?

–  സാമ്പത്തിക സഹായവും സാന്ത്വനവും മാര്‍ഗദര്‍നവും നല്‍കി രക്തസാക്ഷികളുടെ ഭാര്യമാര്‍ക്കും മാതാക്കള്‍ക്കും ആത്മവിശ്വാസം നല്‍കുക, നിരന്തരമായ ബോധവ്ല്‍ക്കരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക  എന്നത് വളരെ പ്രധാനമായിരുന്നു. പ്രത്യേകിച്ച് മിക്ക ശുഹദാക്കളുടെയും ഭാര്യമാര്‍ യുവതികളായിരുന്നു. അവരില്‍ മിക്കവര്‍ക്കും സ്വന്തമായി ഒരു തീരുമാനത്തിലെത്തുക എന്നത് വളരെ പ്രധാനമായിരുന്നു. വ്യത്യസ്ത കാരണത്താല്‍ അവരിലെ ചിലര്‍ക്കും ഭര്‍തൃവീട്ടുകാര്‍ക്കുമിടയില്‍ സ്വാഭാവികമായ ചില പ്രശനങ്ങള്‍ ഉണ്ടാകും. അതിനാല്‍ തന്നെ നിയമപരമായും മനശ്ശാസ്ത്രപരമായും ഇത്തരം പ്രശ്‌നങ്ങളെ ഞങ്ങള്‍ അഭിമുഖീകരിച്ചു. വിധവകളായ സ്ത്രീകളുടെ സംരക്ഷണാര്‍ഥം ഞങ്ങള്‍ ‘മാന്യമായ ജീവിതത്തിനുള്ള വിധവകളുടെ അവകാശം’  എന്ന പേരില്‍ 2009-ല്‍ ഒരു സമ്മേളനം സംഘടിപ്പിച്ചു.

? അറേബ്യന്‍ സ്ത്രീകള്‍ക്ക് നല്‍കാനുള്ള ഉപദേശമെന്താണ്?

– മുസ്‌ലിംകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് തികഞ്ഞ ബോധ്യം അവള്‍ക്കുണ്ടായിരിക്കണം. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ജീവിതം മുറുകെ പിടിക്കാന്‍ പരമാവധി ശ്രമിക്കണം. പാശ്ചാത്യന്റെ സ്ത്രീ സ്വാതന്ത്ര്യം വ്യാജമായ അവകാശവാദം മാത്രമാണ്. അവര്‍ സ്വാതന്ത്ര്യം എന്നുപറയുന്നത് കുത്തഴിഞ്ഞ ജീവിതത്തിനാണ്. ഏതൊരു ദര്‍ശനത്തെക്കാളും സ്ത്രീകള്‍ക്ക് അവകാശങ്ങളും ആദരവും നല്‍കിയിട്ടുള്ളത് ഇസ്‌ലാമാണ്. ഭൂരിഭാഗം പേരും ബാധ്യതകളെ കുറിച്ച് അറിയാതെ കേവലം അവകാശങ്ങളെ കുറിച്ചു മാത്രം സംസാരിക്കുന്നു എന്നതാണ് പ്രധാന പ്രശ്‌നം.

? ഉമ്മുനിദാലുമായുളള നിങ്ങളുടെ ബന്ധത്തെ കുറിച്ച് ചെറിയ വിവരണം നല്‍കുമല്ലോ?

– 1994-ല്‍ അല്‍ മുജ്ദല്‍ ജയിലില്‍ വെച്ചാണ് ഞാന്‍ അവരെ ആദ്യമായി പരിചയപ്പെട്ടത്. ഞാന്‍ ഭര്‍ത്താവിനെ സന്ദര്‍ശിക്കാനും അവര്‍ മക്കളെ സന്ദര്‍ശിക്കാനുമായിരുന്നു അവിടെ എത്തിയത്. അപ്രകാരം മൂന്നര വര്‍ഷത്തോളം ഞങ്ങള്‍ അവിടെ നിത്യ സന്ദര്‍ശകരായിരുന്നു. മുസ്‌ലിം സ്ത്രീക്കുള്ള മികച്ച മാതൃകയായിരുന്നു ഉമ്മു നിദാലിന്റെ ജീവിതം. അവരെ കാണുമ്പോള്‍ തന്നെ പ്രതാപകാലത്തെ മുസ്‌ലിം സ്ത്രീകളുടെയും ഖന്‍സായുടെയും ഖൗല ബിന്‍തുല്‍ അസൂറിന്റെയും ചിത്രം നമ്മുടെ മുമ്പില്‍ തെളിയുമായിരുന്നു. അവരുടെ വീട് എന്നത് ഫലസ്തീന്‍ മുജാഹിദുകളുടെ സന്ദര്‍ശന കേന്ദ്രമായിരുന്നു. ആ ഉമ്മ തന്റെ മക്കളെ അങ്ങേയറ്റം ഇഷ്ടപ്പെടുകയും അവരുടെ കാര്യത്തില്‍ ആശങ്കകളും വെച്ചുപുലര്‍ത്തിയിരുന്നു. പക്ഷെ, അല്ലാഹുവിന് അവരെ നല്‍കുന്നതില്‍ അവര്‍ ഒരു പിശുക്കും കാണിച്ചില്ല. അവരുമായി ഒത്തുചേരുമ്പോള്‍ നമ്മുടെ ഈമാന്‍ വര്‍ധിക്കുന്നതായി അനുഭവപ്പെടും. അവര്‍ യഥാര്‍ഥത്തില്‍ സഹാബികളുടെ കാലത്തെ വനിത തന്നെയാണ്. അവസാന കാലത്ത് അവരെ ഞാന്‍ സന്ദര്‍ശിച്ചിരുന്നു. ശക്തമായ രോഗമായിരുന്നിട്ടും സന്ദര്‍ശകരെ കാണാനും സംസാരിക്കാനും അവര്‍ അതീവ താല്‍പര്യം പ്രകടിപ്പിക്കുകയുണ്ടായി.

? ഇസ്‌ലാമിക സമൂഹത്തോടും അറബ് സമൂഹത്തോടും എന്താണ് പറയാനുള്ളത്?

– എല്ലാ മുസ്‌ലിമും ഇസ്‌ലാമിക മാര്‍ഗത്തിലെ പോരാളികളാണ്. അതിനാല്‍ തന്നെ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആത്മവിചാരണ നടത്തിക്കൊണ്ട് കൂടുതല്‍ ആവേശത്തോടെ പ്രവര്‍ത്തിക്കുക.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles