Current Date

Search
Close this search box.
Search
Close this search box.

ന്യൂനതകള്‍ക്കിടയിലെ നന്മകളെ കാണാന്‍ നമുക്ക് സാധിക്കണം

bukhari-thangal.jpg

കേരളീയ മതസാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമാണ് സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍. സമുദായത്തിന്റെ ആത്മീയവും വൈജ്ഞാനികവുമായ വളര്‍ച്ചക്കായി ജീവിതം സമര്‍പ്പിച്ച മഹത്‌വ്യക്തിത്വമായ ഇദ്ദേഹം മഅ്ദിന്‍ അക്കാദമിയുടെ ചെയര്‍മാനാണ്.  എഴുത്തുകാരനും പ്രഭാഷകനും കൂടിയായ അദ്ദേഹം നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 35 രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച  നല്ലൊരു സഞ്ചാരി കൂടിയായ തങ്ങള്‍ ഒടുവില്‍ നടത്തിയ യൂറോപ്യന്‍ യാത്രാ അനുഭവങ്ങള്‍ ‘ഇസ്‌ലാം ഓണ്‍ലൈവുമായി’ പങ്കുവെക്കുന്നു:

*കഴിഞ്ഞ യൂറോപ്യന്‍ യാത്രയില്‍ ഏതൊക്കെ രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്?
ലണ്ടന്‍, ജര്‍മ്മനി, നെതര്‍ലാന്‍ഡ്, ബെല്‍ജിയം, ഫ്രാന്‍സ്, ഇറ്റലി, വത്തിക്കാന്‍ തുടങ്ങിയ രാജ്യങ്ങള്‍.

*യുറോപ്പിനെക്കുറിച്ചും അവിടത്തെ മുസ്‌ലിംകളെക്കുറിച്ചും താങ്കള്‍ക്കുണ്ടായ അനുഭവങ്ങള്‍ എന്തൊക്കെയാണ്?
യൂറോപ്പ് എന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും നമ്മുടെ മനസ്സില്‍ ഓളംതള്ളി വരിക പാശ്ചാത്യര്‍, ഇസ്‌ലാമുമായി യാതൊരു ബന്ധവും ഇല്ലാത്തവര്‍,   വ്യത്യസ്തങ്ങളായ പുരോഗമന പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് സമ്മാനിച്ചവര്‍ തുടങ്ങിയ കാര്യങ്ങളായിരിക്കും. യൂറോപിനെ കുറിച്ച് പ്രത്യേകിച്ചും സ്‌പെയിനെ കുറിച്ച് കുറെ കാലമായി നാം കേള്‍ക്കുന്നുണ്ട്. എനിക്കീ സന്ദര്‍ശനത്തില്‍ നിന്നും മനസ്സിലായത്, നമ്മുടെ ഇമാമുകളായ ഇബ്‌നുമാലിക് തങ്ങള്‍, ഖാദി ഇയാദ്(റ), ഇമാം ശാത്വിബി(റ), ഇമാം ഇബ്‌നുറുഷ്ദ്(റ) തുടങ്ങിയ ലക്ഷക്കണക്കിന് മഹാന്‍മാര്‍ക്ക് ജന്മം നല്‍കിയ പ്രദേശമാണ് സ്‌പെയിനും യൂറോപ്പും. മാത്രമല്ല, ഓക്‌ഫോര്‍ഡും കാംബ്രിഡ്ജുമൊക്കെ തുടങ്ങുന്നതിനു മുമ്പ് ലോകത്തിനു മുമ്പില്‍ ഒരു യൂണിവേഴ്‌സിറ്റി എന്ന ആശയം മുമ്പില്‍ വെച്ച് ആരംഭിച്ച കൊര്‍ദോവ യൂണിവേഴ്‌സിറ്റി അവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള അക്കാലത്തെ ഭരണാധികാരികള്‍ അവിടെ സീറ്റ് കിട്ടാന്‍ വേണ്ടി വളരെയധികം പാടുപെടാറുണ്ടായിരുന്നു. അതിനുവേണ്ടി ദിവസങ്ങളോളം അവിടെ താമസിക്കാറുമുണ്ടായിരുന്നു.

1492 ജനുവരി മൂന്നിനാണ് സ്‌പെയിന്‍ പൂര്‍ണ്ണമായും മുസ്‌ലിംകളില്‍ നിന്നും നഷ്ടപ്പെടുന്നത്. അനവധി ഗ്രന്ഥാലയങ്ങളും, യൂണിവേഴ്‌സിറ്റികളും അവിടെയുണ്ടായിരുന്നു. ഓരോ യൂണിവേഴ്‌സിറ്റികളിലേയും ഗ്രന്ഥശാലകളിലെയും ഗ്രന്ഥങ്ങളൊക്കെ അവരെടുത്തു കൊണ്ടുപോയി വിവര്‍ത്തനം ചെയ്ത് ഉപയോഗപ്പെടുത്തി. പാശ്ചാത്യരുടെ സയന്‍സിന്റെ മുന്നേറ്റം എന്നൊക്കെ പറയുന്നത് ഇതിന് ശേഷമുള്ള 15, 16, 17 നൂറ്റാണ്ടുകളിലാണ്. ഇന്ന് യൂറോപ്പ് മുസ്‌ലിംകള്‍ക്കോ, ലോകത്തിനോ വല്ലതും തന്നുവെന്ന് പറഞ്ഞാല്‍ അല്ലാമാ ഇഖ്ബാല്‍ പറഞ്ഞതു പോലെ ‘കടം കൊടുത്തത് കടം വീട്ടുകയാണ് ചെയ്യുന്നത്.’ നമ്മുടെ പൂര്‍വ്വികര്‍ അവര്‍ക്ക് കൊടുത്തു. ഇന്നവരത് നമുക്ക് തിരിച്ച് തരികയാണ്. അവര്‍ സ്വയം തരുന്നതല്ല. അതുവരെ الحكمة ضالة المؤمن എന്ന് പറഞ്ഞാല്‍  നല്ലതെല്ലാം മുസ്‌ലിംകളില്‍ നിന്ന് നിന്ന് വീണുപോയത്  പോലെ എന്നായിരുന്നു ഞാന്‍ അര്‍ത്ഥം വെച്ചിരുന്നത്. എന്നാല്‍, കൊര്‍ദോവയൊക്കെ ചെന്നു കണ്ടപ്പോള്‍ ഞാന്‍ തീരുമാനിച്ചത് ഇനി ഞാന്‍ അങ്ങനെ അര്‍ത്ഥം വെക്കുകയില്ല, സത്യത്തില്‍ ഇതിന്റെയൊക്കെ പിതൃത്വം നമുക്കാണ് എന്നാണ്. നമ്മളാണിതൊക്കെ തുടങ്ങി വെച്ചത്. പക്ഷെ, ഇന്നത്തെ സമൂഹം അത് മറന്നുപോയി എന്നതാണ് പൊതുവായ അവസ്ഥ.

*യൂറോപ്പിലെ മുസ്‌ലിംകള്‍ ഇസ്‌ലാമോഫോബിയയുടെയും പലവിധത്തിലുള്ള അപരവല്‍ക്കരണങ്ങളുടെയും ദുരിതങ്ങള്‍ പേറുന്നുണ്ടെന്നാണ് മീഡിയകള്‍ പറയുന്നത്. മുന്‍കാലത്തും ഇത്തരം ദുരിതങ്ങള്‍ക്ക് അവര്‍ ഇരകളായിരുന്നു. എന്താണ് വസ്തുത?
മുസ്‌ലിംകളുടെ മതസൗഹാര്‍ദ്ദവും സാഹോദര്യവും വിട്ടുവീഴ്ചയുമൊക്കെ മനസ്സിലാകണമെങ്കില്‍ സ്‌പെയിനിലെ കൊര്‍ദോവ പരിസരത്തൊക്കെ ചെന്നു  നോക്കിയാല്‍ മതി. ഇന്ന് ഇസ്‌ലാമിന്റെ ഏറ്റവും വലിയ ശത്രുക്കളാണ് ജൂതന്മാര്‍. എന്നാല്‍, ജൂതന്മാരുടെ ചരിത്രത്തില്‍ സുവര്‍ണകാലം എന്നറിയപ്പെടുന്നത് മുസ്‌ലിംകള്‍ സ്‌പെയിന്‍ ഭരിച്ച കാലമാണ്. അവര്‍ ഏറ്റവും സുഭിക്ഷത അനുഭവിച്ച കാലഘട്ടമായിരുന്നു അത്. മുസ്‌ലിംകള്‍ ഒരാളെയും ഒരു നിലക്കും പീഡിപ്പിച്ചിട്ടില്ല. എന്നാല്‍ 1492 ല്‍ സ്‌പെയിന്‍ മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെട്ടതിനു ശേഷം 1550 ആയപ്പോഴേക്കും ഘട്ടം ഘട്ടമായി ഇസ്‌ലാമിന്റെ ശബ്ദം എവിടെയും കേള്‍ക്കാത്ത ഒരവസ്ഥയിലെത്തി ചേര്‍ന്നു. അന്നത്തെ ജയിലുകളൊക്കെ ഇന്നും നമുക്ക് കാണാം. മുസ്‌ലിംകള്‍ക്കെതിരെയുള്ള പീഡനമുറകള്‍ക്ക് വേണ്ടി ഉപയോഗിച്ച കസേരകളും മറ്റും ഇന്നവിടെയുണ്ട്. പത്ത് തരത്തിലുള്ള കസേര ഞാന്‍ കണ്ടിട്ടുണ്ട്. കസേരകളില്‍ പല വലിപ്പത്തിലള്ള കൂര്‍ത്തതും അല്ലാത്തതുമായ ആണികള്‍ തറച്ചിട്ടുണ്ട്. അതില്‍ മുസ്‌ലിംകളെ നഗ്‌നരായി ഇരുത്തിയിട്ട് ബലം പ്രയോഗിച്ച് പീഡിപ്പിക്കുന്ന വളരെ ദാരുണമായ അവസ്ഥകള്‍. ഇത്തരത്തിലുള്ള എന്തെല്ലാം വിധ പീഡനങ്ങളാണ് അവര്‍ മുസ്‌ലിംകള്‍ക്കെതിരെ പ്രയോഗിച്ചത്! ഒരുകാലത്തും ഊഹിക്കാനോ സങ്കല്‍പിക്കാനോ കഴിയാത്ത, ആലോചിക്കുമ്പോള്‍ കണ്ണ് നിറയുകയും മനസ്സ് പിളരുകയും ചെയ്യും വിധത്തിലുള്ള പീഡനങ്ങള്‍!

*ഒരു കാലത്ത് യൂറോപ്പില്‍ കൂട്ടക്കശാപ്പ് ചെയ്യപ്പെടുകയും അവിടെ നിന്ന് തുടച്ചു നീക്കപ്പെടുകയും ചെയ്ത മതവിഭാഗമാണ് മുസ്‌ലിംകള്‍. എന്നാല്‍ ഇന്ന് പല യൂറോപ്യന്‍ രാജ്യങ്ങളിലും മുസ്‌ലിംകള്‍ ധാരാളമുണ്ട്. ഇസ്‌ലാം ദിനേന വളരുകയും ചെയ്യുന്നു. മുസ്‌ലിംകളുടെ ജനസംഖ്യാ വര്‍ധനവിനുണ്ടായ കാരണങ്ങള്‍ എന്തൊക്കെയാണ്?
അമേരിക്കയും ഇംഗ്ലണ്ടുമൊക്കെ ഒരു ഭാഗത്തും ജര്‍മ്മനിയും ജപ്പാനുമൊക്കെ മറു ഭാഗത്തുമായി നടന്ന രണ്ടാം ലോകമഹായുദ്ധത്തില്‍ 21 മില്യണ്‍ സൈനികരും 27 മില്യണ്‍ സാധാരണക്കാരും കൊല്ലപ്പെട്ടു. ആ രാഷ്ട്രങ്ങളുടെ ജനസംഖ്യ വളരെയധികം കുറയാന്‍ ഇത് കാരണമായി. അതിനെത്തുടര്‍ന്ന് തുര്‍ക്കി, മൊറോക്കോ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇത്തരം നാടുകളിലേക്ക് കുറെ മുസ്‌ലിംകള്‍ കുടിയേറിപ്പാര്‍ത്തു. 50 മില്യണോളം ആളുകള്‍ കൊല്ലപ്പെട്ടതും, അതില്‍ ബഹുഭൂരിപക്ഷവും പുരുഷന്മാരുമായതും സ്തംഭിപ്പിക്കുന്ന അവസ്ഥയിലെത്തിച്ചു. ജനസംഖ്യ വര്‍ധിപ്പിക്കല്‍ അവര്‍ക്ക് അനിവാര്യമായിത്തീര്‍ന്നു. അതിനായി അവര്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ധാരാളമായി വിസ കൊടുക്കാന്‍ തുടങ്ങി.

ഇപ്പോള്‍ മുസ്‌ലിംകള്‍ക്ക് നല്ല വളര്‍ച്ചയുള്ള സമയമാണ്. അതിന് പ്രധാനകാരണം അവര്‍ ചരിത്രങ്ങള്‍ സൂക്ഷിക്കുന്നുവെന്നതാണ്. കാംബ്രിഡ്ജിലും ഓക്‌സ്‌ഫോര്‍ഡിലുമടക്കം ഇംഗ്ലണ്ടിലുടനീളം ധാരാളം ലൈബ്രറികളും ചരിത്രസ്മാരകങ്ങളും നമുക്ക് കാണാന്‍ സാധിക്കും. പ്രത്യേകിച്ച് വിശുദ്ധ ഖുര്‍ആന്റെ ഓരോ കാലത്തും, ഓരോ നൂറ്റാണ്ടിലുള്ളതുമായ കോപ്പികള്‍. ഇന്ന് ബൈബിളിന്റെ കേരളത്തിലുള്ള കോപ്പിയാവില്ല കര്‍ണാടകയിലുള്ളത്. ഈ നൂറ്റാണ്ടിലുള്ളതാവില്ല കഴിഞ്ഞ നൂറ്റാണ്ടിലുള്ളത്. ഇവിടുത്തെതാകില്ല മറ്റൊരു രാഷ്ട്രത്തിലുണ്ടാവുക. സൂക്ഷ്മമായി പരിശോധിച്ചു നോക്കുകയാണെങ്കില്‍ ധാരാളം വൈരുധ്യങ്ങള്‍ ഇവയില്‍ നമുക്ക് കാണാന്‍ സാധിക്കും. എന്നാല്‍, ഇന്ന് ലോകത്ത് 196 രാജ്യങ്ങളിലുള്ള ഖുര്‍ആനും ഒരേ കോപ്പിയാണ്. അവ തമ്മില്‍ യാതൊരു വൈരുദ്ധ്യവുമില്ല. എന്നാല്‍, 1400 കൊല്ലം മുമ്പ് ഉഥ്മാനുബ്‌നു അഫ്ഫാന്‍(റ)ന്റെ രക്തക്കറ തട്ടിയ ആ കോപ്പി (ഉസ്‌ബെക്കിസ്ഥാനില്‍ വെച്ച് ആ കോപ്പി ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്) തൊട്ട് ഇന്നേവരെയുള്ള എല്ലാ ഖുര്‍ആന്‍ കോപ്പികളും ഒന്നാണ്. ഇത് നേരിട്ട് അനുഭനവിച്ചറിയുമ്പോള്‍ ഇസ്‌ലാമിന്റെ ഇസ്‌ലാമിന്റെ പാരമ്പര്യവും ഇസ്‌ലാമിന്റെ ആദര്‍ശത്തനിമയും, ഖുര്‍ആന്റെ ഏകീകരണവും അവര്‍ക്ക് ബോധ്യമാവും. ദൈവികഗ്രന്ഥമെന്നവകാശപ്പെടുന്ന മറ്റുള്ളവയിലുണ്ടാവുന്ന വൈരുധ്യങ്ങളും അതിലെ മാറ്റത്തിരുത്തലുകളും കൂടി ബോധ്യപ്പെടുമ്പോള്‍ അവര്‍ സ്വാഭാവികമായും ഇസ്‌ലാമിലേക്ക് കടന്നു വരുന്നു.

എന്നാല്‍ ഇന്ന് അറേബ്യന്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ സിറിയയിലും ഇറാഖിലും മറ്റും നടക്കുന്ന പ്രശ്‌നങ്ങള്‍ കാരണം കുറേ ആളുകള്‍ ഇസ്‌ലാം എന്നു പറഞ്ഞാല്‍ പരസ്പരം സംഘര്‍ഷങ്ങളുടെയും ഭിന്നിപ്പുകളുടെയും മതമാണെന്ന് തെറ്റിദ്ധരിക്കുന്ന അവസ്ഥയുമുണ്ട്. അതുകൂടി ഇല്ലായിരുന്നുവെങ്കില്‍ ഇസ്‌ലാമിലേക്ക് ഇനിയും ധാരാളം ആളുകള്‍ കടന്നുവരികയും ഇസ്‌ലാം അല്ലാത്ത മറ്റൊന്നും ഇല്ലാത്ത സാഹചര്യം സംജാതമാവുകയും ചെയ്യുമായിരുന്നു. ഇത്തരം സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ മുസ്‌ലിംകളെ തമ്മില്‍ ഭിന്നിപ്പിക്കുക എന്ന ആസൂത്രിതമായ അജണ്ടയുണ്ട്. മുസ്‌ലിംകളുടെ ശത്രുക്കള്‍ക്ക്, പ്രധാനമായും അമേരിക്കക്ക് അതില്‍ മുഖ്യമായ പങ്കുണ്ട്. ‘അറേബ്യന്‍ ഉപദ്വീപില്‍ ഒരു കാരണവശാലും ശൈത്വാന് അവനെ ആരാധിക്കുന്നവരെകിട്ടില്ലെന്നും (ബഹുദൈവാരാധന അവിടെ ഉണ്ടാകില്ല) എന്നാല്‍ അവരെ പരസ്പരം ഭിന്നിപ്പിക്കലാണ് അവന്റെ പണിയെന്നും’ എന്ന അശ്‌റഫുല്‍ ഖല്‍ഖ്(സ)യുടെ വചനമാണ് എനിക്ക് ഓര്‍മ വരുന്നത്. ഇങ്ങനെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളില്‍ അവന്‍ വിജയിച്ചു കൊണ്ടിരിക്കുകയാണ്.  

*വിശുദ്ധ ഖുര്‍ആന്റെ വ്യത്യസ്ത കാലങ്ങളിലുള്ള കോപ്പികളുള്‍പ്പെടേയുള്ള ചരിത്ര വസ്തുക്കള്‍ ആരാണ് സൂക്ഷിച്ചു വെച്ചത്? മുസ്‌ലിംകളാണോ?
അല്ല, യൂറോപ്യന്മാരാണ്. ചരിത്രം നിലനിര്‍ത്തുന്നതില്‍ യൂറോപ്യന്മാര്‍ വളരെ മുന്‍പന്തിയിലാണ്. ഫ്രാന്‍സിലും ഇംഗ്ലണ്ടിലുമൊക്കെ ചെന്നാല്‍ മതഭേദമില്ലാതെ ചരിത്രത്തിന് പരമപ്രാധാന്യം നല്‍കുന്നവരെ നമുക്ക് കാണാന്‍ സാധിക്കും. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കെട്ടിടങ്ങള്‍ ഇന്നും അവര്‍ തനിമയോടെ കൂടി അവിടെ നിലനിര്‍ത്തുന്നുണ്ട്. അക്കാര്യത്തില്‍ അവര്‍ മുസ്‌ലിം ചരിത്രങ്ങളോട് വിവേചനം കാണിക്കുകയോ, മറ്റുള്ളവയോട് പക്ഷപാതസമീപനം പുലര്‍ത്തുകയോ ചെയ്യുന്നില്ല. പഠിക്കാനാവശ്യമുള്ളവര്‍ക്ക് അത് നേരിട്ടു ചെന്ന് പഠിക്കാവുന്നതാണ്.

കാംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ ബുഖാരി, മുസ്‌ലിം പോലെയുള്ള നമ്മുടെ പ്രാമാണിക ഗ്രന്ഥങ്ങളുടെയൊക്ക ശേഖരണം 500 കൊല്ലം മുമ്പ് തന്നെ അവര്‍ തുടങ്ങിയെന്നത് നമ്മെ ഞെട്ടിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കാര്യമാണ്. അന്നൊന്നും ആ ഭാഗത്ത് ഒരു മുസ്‌ലിമും ഉണ്ടായിക്കൊള്ളമെന്നില്ല. എല്ലാ മതങ്ങളുടെയും ചരിത്രത്തിന് അവര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ചരിത്രത്തെക്കുറിച്ച ഉത്തമ ബോധമാണ് അവരെ ഈ മേഖലയിലേക്കെത്തിച്ചത്.

*ബുര്‍ഖനിരോധനം, പള്ളി മിനാരങ്ങള്‍ പാടില്ല,  തുടങ്ങിയ മുസ്‌ലിം ചിഹ്നങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നുവെന്ന വാര്‍ത്തകളുടെ വസ്തുതയെന്താണ്?
ഞങ്ങളുടെ യാത്രയില്‍ അതൊന്നും ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഞങ്ങള്‍ അനവധി പള്ളികള്‍ സന്ദര്‍ശിച്ചു. അവിടെയൊക്കെ മിനാരങ്ങള്‍ കണ്ടു. എന്നാല്‍ അവിടെയെല്ലാം ശബ്ദമലിനീകരണത്തിന്റെ പേരില്‍ ചില നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അതില്‍ എല്ലാ വിഭാക്കാരും ഉള്‍പ്പെടും. മുസ്‌ലിംകളെ മാത്രം ഉന്നം വെക്കുന്ന നടപടികളല്ല.

*പാശ്ചാത്യന്‍ സംസ്‌കാരത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളും വീക്ഷണങ്ങളും നിലനില്‍ക്കുന്നുണ്ട്. എന്താണ് താങ്കളുടെ അനുഭവം?
പാശ്ചാത്യന്‍ സംസ്‌കാരത്തില്‍ പെണ്ണും മദ്യവും മുഖ്യമാണ്. ഇത് നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധ്യമല്ല. എന്നാല്‍ അവരുടെ വൃത്തി, വിദ്യാഭ്യാസ മുന്നേറ്റം, അച്ചടക്കബോധം, സമയക്രമീകരണം തുടങ്ങിയ കുറേ കാര്യങ്ങളില്‍ നമ്മള്‍ അവരെ കണ്ടു പഠിക്കേണ്ടതുണ്ട്. യഥാര്‍ത്ഥത്തില്‍ ഖുര്‍ആനാണല്ലോ ഇതിനൊക്കെ പ്രധാന്യം കല്‍പിച്ചത്. ഖുര്‍ആനിലെ പ്രഥമ വചനങ്ങള്‍ വായനയെക്കുറിച്ചും(സൂറ: അല്‍ അലഖ്,15) രണ്ടാമത് അവതരിച്ച വചനങ്ങള്‍ വൃത്തിയെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്(സൂറ: മുദ്ദസ്സിര്‍,17). പക്ഷെ, ഇന്ന് അവരാണിതൊക്കെ ചെയ്യുന്നത്.

*അടുത്ത കാലത്തായി പാശ്ചാത്യന്‍ നാടുകളില്‍ ഇസ്‌ലാമിലേക്ക് ധാരാളമാളുകള്‍ കടന്നുവരുന്നുണ്ട്. 9/11 ന് ശേഷം പ്രത്രേകിച്ചും. ബുദ്ധിജീവികളും പൊതുരംഗത്ത് പ്രവര്‍ത്തക്കുന്നവരുമെല്ലാം ഇവര്‍ക്കിടയിലുണ്ട്. എന്താണ് താങ്കള്‍ക്കുണ്ടായ അനുഭവം?
ഞങ്ങള്‍ ജര്‍മ്മനിയില്‍ പോകാനുണ്ടായ കാരണം ആദ്യമായി മലയാള നിഘണ്ടുവും വ്യാകരണ ഗ്രന്ഥവുമൊക്കെ എഴുതിയ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പേരമകളുടെ ഭര്‍ത്താവ് ഫ്രന്‍സിന്റെ ക്ഷണപ്രകാരമാണ്. ഹെര്‍മന്‍ഗുണ്ടര്‍ട്ടും വില്യം ലോഗനുമൊക്കെ കേരളത്തിലെ മേധാവികളും ഭരണാധികാരികളുമായ കാലത്ത് ഇവിടെ ദീനീ നേതൃത്വം നല്‍കിയിരുന്നത് ബുഖാരി തങ്ങന്മാരായിരുന്നു. ബുഖാരി തങ്ങന്മാരെക്കുറിച്ച കേട്ടുകേള്‍വി ഇവര്‍ക്കുണ്ട്. ബുഖാരി തങ്ങന്മാരെക്കുറിച്ച് പഠിക്കണം എന്ന് കരുതി ആറു മാസം മുമ്പ് ഇവിടെ അവര്‍ വന്നിരുന്നു. ഞാന്‍ വീട്ടില്‍ അവര്‍ക്ക് നല്ല സ്വീകരണം നല്‍കുകയും എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കൊടുക്കുകയും ചെയ്തിരുന്നു. അങ്ങനെ അവര്‍ ഞങ്ങളെ അങ്ങോട്ട് ക്ഷണിച്ചു. ഞങ്ങള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും അവര്‍ ഒരുക്കിത്തന്നു.  അവരുടെ വീട്ടിലെ സ്വീകരണം ഒരു വിജ്ഞാന വിരുന്നായിരുന്നു. അവിടെയുള്ള ലൈബ്രറിയില്‍ നിന്ന് കുറെ ഗ്രന്ഥങ്ങള്‍ ഞങ്ങള്‍ക്ക് എടുത്തു തന്നു. പോരുമ്പോള്‍ ഒരു വിസിറ്റിങ്ങ് ബുക്ക് ഞങ്ങള്‍ക്ക് എടുത്തു തന്നു. അതിന്റെ ഓരോ പേജിലും നാലോ അഞ്ചോ ആളുകള്‍ അഭിപ്രായം രേഖപ്പെടുത്തിയത് കാണാം. വളരെ വ്യവസ്ഥാപിതമായാണ് അവര്‍ ഓരോ കാര്യവും ചെയ്യുന്നത്.

ഹെര്‍മന്‍ഗുണ്ടര്‍ട്ടിന്റെ കുടുംബം എന്റെ വീട്ടില്‍ വന്നപ്പോള്‍, ‘അവിടെ വല്ല മഖ്ബറയും ഉണ്ടോ എന്ന് എന്റെ മകന്‍ ചോദിച്ചു’ അപ്പോള്‍ അവര്‍പറഞ്ഞു: ‘ ഞങ്ങളുടെ ചെറുപ്പത്തില്‍ അവിടെ(ജര്‍മ്മനിയില്‍) ഒരൊറ്റ മുസ്‌ലിംകളും ഇല്ലായിരുന്നു. ഇപ്പോള്‍ പത്ത് ശതമാനം മുസ്‌ലിംകള്‍ ആണ്. ഇങ്ങനെയാണെങ്കില്‍ ഒരമ്പത് കൊല്ലം കൂടി കഴിഞ്ഞാല്‍ 50 ശതമാനവും മുസ്‌ലിംകള്‍ ആകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. സത്യത്തില്‍ അത് ഞങ്ങളെ സന്തോഷിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാണോ എന്ന് ഞാന്‍ കരുതിയിരുന്നു. പക്ഷെ അവിടെ ചെന്നു നോക്കുമ്പോള്‍ എത്രയോ ചര്‍ച്ചുകള്‍ പള്ളികളാക്കി മാറ്റിയതായി കാണാന്‍ കഴിഞ്ഞു. അതിന്റെ അര്‍ത്ഥം, മുസ്‌ലിംകള്‍ അവ പിടിച്ചടക്കി എന്നല്ല. മറിച്ച്, ചര്‍ച്ചുകളിലുള്ളവരും പരിസരവാസികളും ഒന്നിച്ച് ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത് വരികയായിരുന്നു. അല്ലെങ്കില്‍, അവരാരും അത് ഉപയോഗിക്കാത്ത സ്ഥിതിക്ക് അവരത് വില്‍ക്കുകയായിരുന്നു. ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ രണ്ടും മൂന്നും നാലും തവണ ജുമുഅ നടക്കുന്ന എത്രയോ ചര്‍ച്ചുകള്‍ അവിടെയുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം ഇതാണവസ്ഥ.

*ഇസ്‌ലാമിനെ ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കുന്ന മുസ്‌ലിംകളാണോ അവിടെയുള്ളത്?
നല്ല തികഞ്ഞ വളരെ ആത്മാര്‍ത്ഥതയുള്ള മുസ്‌ലിംകളാണ് അവിടെയുള്ളത്. യഥാര്‍ത്ഥ ഇസ്‌ലാമിനെയാണ് അവര്‍ പ്രതിനിധീകരിക്കുന്നത്.

*യൂറോപ്പില്‍ ബഹുഭൂരിപക്ഷവും ക്രിസ്ത്യാനികളാണ്. എന്നാല്‍ മതത്തെ തങ്ങളുടെ ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്താണ് അവരുടെ ഇന്നത്തെ അവസ്ഥ? കാത്തോലിക്കാസഭയുടെ ആസ്ഥാനമായ വത്തിക്കാനിലെ അവസ്ഥയെന്താണ്?
മതവുമായി യാതൊരു ബന്ധവുമില്ലാത്ത ജീവിതമാണ് അവര്‍ നയിക്കുന്നത്. അവര്‍ ചര്‍ച്ചുകളിലേക്ക് പോകുന്നില്ല. മതപരമായ സ്പിരിറ്റ് അവര്‍ക്ക് നഷ്ടപ്പെട്ടിരുന്നു. മതകാര്യങ്ങളില്‍ ആര്‍ക്കും താല്‍പര്യമില്ലാതായിരിക്കുന്നു. ആകെ 44 ഹെക്ടര്‍ മാത്രം വിസ്തൃതിയുള്ള വത്തിക്കാന്‍ ലോകത്തിലെ ഏറ്റവും ചെറിയ രാഷ്ട്രമാണ്. ഇപ്പോഴത്തെ പോപ്പ് കുറച്ചുകൂടി വിശാലമനസ്‌കതയോടെയാണ് മുമ്പോട്ടു നീങ്ങുന്നത്. ഒരു മാറ്റം അനിവാര്യമാണെന്ന് അവര്‍ക്ക് തന്നെ ബോധ്യപ്പെട്ടിരിക്കുകയാണ്. പക്ഷെ, അവര്‍ സ്വയം നിര്‍മിക്കുന്ന ആശയങ്ങളല്ലാതെ ദൈവിക നിര്‍ദേശമെന്ന് പ്രഖ്യാപിക്കാന്‍ പറ്റാവുന്ന ഒന്നും അവര്‍ക്ക് കിട്ടാനില്ല. അവര്‍ കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുകയാണ്.

*എന്താണ് മുസ്‌ലിം സ്‌പെയിനിന്റെ ഇപ്പോഴത്തെ അവസ്ഥ?
മുസ്‌ലിംകള്‍ വളരെ ന്യൂനപക്ഷമാണ് അവിടെ. ഞാന്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ ‘അല്‍ റുഅ്‌യാ’ എന്ന ഗ്രന്ഥം വായിച്ചിരുന്നു. ആ ഗ്രന്ഥത്തില്‍ ശൈഖ് മുഹമ്മദ് കൊര്‍ദോവ മസ്ജിദിനെക്കുറിച്ച് ലോകത്തെ ഏറ്റവും വലിയ പള്ളി എന്നെഴുതിയപ്പോള്‍ എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അവിടെച്ചെന്നപ്പോള്‍ അത് ബോധ്യപ്പെട്ടു. അതിന്റെ ഓരോ ഇഷ്ടികകളിലും ഇസ്‌ലാമിക് ആര്‍കിടെക് കാണാന്‍ സാധിക്കും. ഓരോന്നിലും ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന് കൊത്തിവെച്ചത് കാണാം. എങ്കിലും അവിടെ നമസ്‌കരിക്കാന്‍ സന്ദര്‍ശകരെ അനുവദിക്കാറില്ല.

*പഴയ സ്‌പെയിനിലേക്കുള്ള മടക്കം സാധ്യമാണോ?
ഇപ്പോള്‍ അവിടെ മുസ്‌ലിംകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരുന്നുണ്ട്. അതിലൊന്ന് പതിനഞ്ച് ഹെക്ടറിലാണ് ഉണ്ടാക്കുന്നത്. വളരെ ശാസ്ത്രീയമായിട്ടാണ് അവര്‍ കാര്യങ്ങള്‍ ചെയ്യുന്നത്. ആ പഴയ പ്രതാപം തിരിച്ചു പിടിക്കണം എന്ന ലക്ഷ്യത്തോടെയാണ് മുസ്‌ലിംകള്‍ മുമ്പോട്ടു നീങ്ങുന്നത്. പഴയ എതിര്‍പ്പുകളൊന്നും ഇപ്പോഴില്ല. യൂറോപ്യന്‍മാര്‍ക്ക് ആദര്‍ശ സ്പിരിറ്റില്ലാത്തതു കൊണ്ടു തന്നെ അവര്‍ മുസ്‌ലിംകള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കുന്നുമുണ്ട്.

*മുസ്‌ലിം സ്‌പെയിനിന്റെ തകര്‍ച്ചക്ക് മുഖ്യകാരണം എന്തായിരുന്നു?
ഭരണാധികാരികള്‍ തമ്മിലുണ്ടായ അനൈക്യങ്ങളും വഴക്കുകളും ചേരിപ്പോരുകളും അവര്‍ക്ക് ആത്മാര്‍ത്ഥത നഷ്ടപ്പെട്ടതും, ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി അവരുടെ  ശ്രദ്ധ മുഴുവന്‍ സുഖാഡംബരങ്ങളില്‍ കേന്ദ്രീകരിച്ചതും തകര്‍ച്ചയുടെ മുഖ്യകാരണങ്ങളായിരുന്നു. അവസാനം സ്‌പെയിനിന്റെ താക്കോല്‍ കൈമാറി പോകുമ്പോള്‍ ഭരണാധികാരിയായിരുന്ന മുഹമ്മദിനോട് ‘ആണ്‍കുട്ടിയായി പൊരുതേണ്ട സമയത്ത് പൊരുതിയില്ലെങ്കില്‍ പെണ്‍കുട്ടിയെപ്പോലെ കരയുന്നതില്‍ ഒരര്‍ത്ഥവും ഇല്ല’ എന്ന് അദ്ദേഹത്തിന്റെ ഉമ്മ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. പൊരുതേണ്ട സമയത്ത് പൊരുതിയില്ല എന്നതും, സിംഹമായി നില്‍ക്കേണ്ട സമയത്ത് സിംഹമായി നിന്നില്ല എന്നതുമാണ് തകര്‍ച്ചയുടെ മറ്റു കാരണങ്ങള്‍. ഇതൊക്കെ നമുക്ക് പാഠമാണ്. നമുക്കിടയിലുള്ള പരസ്പരം അനൈക്യവും, ഭിന്നിപ്പുകളും, പകപോക്കലും, വിദ്വോഷങ്ങളുമൊക്കെ നമുക്കൊരു നേട്ടവും ഉണ്ടാക്കിയിട്ടില്ല. എല്ലാ പക്ഷത്തെയും ശക്തി ക്ഷയിപ്പിക്കുകയാണ് അത് ചെയ്യുന്നത്.

*പാശ്ചാത്യന്‍ യൂണിവേഴ്‌സിറ്റികള്‍ ഇസ്‌ലാമിക വിജ്ഞാനങ്ങളോട് പുലര്‍ത്തുന്ന സമീപനം എങ്ങനെയാണ്?
ഇപ്പോള്‍ എല്ലാ യൂണിവേഴ്‌സിറ്റികളും ഇസ്‌ലാമിക വിഷയങ്ങളെക്കൂടി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റികള്‍ അതിന് സ്റ്റൈപന്റ് കൊടുക്കുകയും മറ്റു സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ജര്‍മ്മനിയിലാകട്ടെ, ഇംഗ്ലണ്ടിലാകട്ടെ മറ്റു രാജ്യങ്ങളിലാകട്ടെ ഇപ്പോള്‍ എല്ലായിടത്തും യൂണിവേഴ്‌സിറ്റികള്‍ ഇസ്‌ലാമിന്റെ മുന്നേറ്റം ഉള്‍കൊള്ളുന്നുണ്ട്.

*യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നമ്മുടെ നാടുകളിലുള്ളതു  പോലെ മുസ്‌ലിം ഗ്രൂപ്പുകളുണ്ടോ? അവിടെ സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ?
സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, വേണ്ടത്ര നല്ല നേതൃത്വമൊന്നും അവര്‍ക്കില്ല. മൊറോക്കക്കാര്‍, പാക്കിസ്ഥാനികള്‍, തുര്‍ക്കികള്‍, ബംഗ്ലാദേശികള്‍ തുടങ്ങി വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരായതിനാല്‍ അവരുടേതായ ഗ്രൂപ്പുകളും അവിടെയുണ്ട്.  ഇവരെയെല്ലാം ഒരുമിച്ചു നിര്‍ത്താന്‍ പറ്റിയ നേതൃത്വം അവിടെയില്ല.

*കേരളീയ മുസ്‌ലിംകള്‍ക്ക് പ്രയോജനകരമായ വല്ല മാതൃകയും അവരിലുണ്ടോ?
വിദ്യാഭ്യാസ മേഖലയില്‍ കേരളം ഇന്ന് അവരുടെ നാലയലത്തു പോലും എത്തിയിട്ടില്ല എന്നതാണ് വസ്തുത. കേരളം ഇനിയും ബഹുദൂരം മുന്നേറാനുണ്ട്. അവിടെയുള്ള ഓരോ യൂണിവേഴ്‌സിറ്റികളും, ലൈബ്രറികളും, പഠനനിലവാരങ്ങളും അവരുടെ മുന്നേറ്റങ്ങളും കാണുമ്പോള്‍ ലോക യൂണിവേഴ്‌സിറ്റി സ്റ്റാറ്റസില്‍ നമ്മുടെ യൂണിവേഴ്‌സിറ്റികളുടെ സ്ഥാനം വളരെ പിന്നിലായതിന്റെ കാരണം നമുക്ക് ബോധ്യമാകും. അവിടുത്തെ വൃത്തിയും, സമയക്രമീകരണവുമൊക്കെ നമുക്ക് പാഠമാകേണ്ടതുണ്ട്.

*വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണം എന്ന സംജ്ഞ അടുത്ത കാലത്തായി മുസ്‌ലിം വൈജ്ഞാനിക ലോകത്ത് സജീവ ചര്‍ച്ചാ വിഷയമാണ്. പാശ്ചാത്യ ലോകത്ത് അതിന്റെ സാധ്യതകള്‍ എത്രത്തോളമാണ്?
വിജ്ഞാനത്തിന്റെ ഇസ്‌ലാമികവല്‍ക്കരണം എന്നതിന് സാമ്പത്തികമേഖലയിലാണെങ്കിലും കാര്‍ഷികമേഖലയിലായാലും മറ്റേത് മേഖലയിലാണെങ്കിലും വലിയ സാധ്യതകളുണ്ട്. ഓക്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന സെമിനാറില്‍ ചാള്‍സ് രാജകുമാരന്‍ പോലു പറഞ്ഞത് Follow Islamic way എന്നാണ്. എല്ലാത്തിനും പരിഹാരം ഇസ്‌ലാമാണ്. സാമ്പത്തിക പ്രതിസന്ധി ഉണ്ടായ സമയത്ത് ഇസ്‌ലാമിക് ബാങ്കിങ്ങായിരുന്നു എല്ലാവരും പരിഹാര മാര്‍ഗമായി കണ്ടത്.  ഇസ്‌ലാമിനെക്കുറിച്ച് വസ്തുനിഷ്ഠമായി അതിന്റെ ആ പഴമയും തനിമയും നിലനിര്‍ത്തി പുതുമയെ ഉള്‍ക്കൊണ്ടുകൊണ്ട് പഠിപ്പിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അത് തന്നെയാണ് നല്ലതെന്ന് എല്ലാവര്‍ക്കും ബോധ്യമാകും.

*കേരള മുസ്‌ലിംകളുടെ അനൈക്യത്തിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്?
കുടിലുകള്‍ തൊട്ട് കൊട്ടാരം വരെ മനസ്സുകള്‍ യോജിക്കുന്നില്ല എന്നത് കേരളത്തിനുള്ള ഒരു ശാപമാണ്. എല്ലാവരും മറ്റുള്ളവരുടെ ന്യൂനതകളിലേക്കാണ് നോക്കുന്നത്. നന്മകള്‍ ആരും കാണുന്നില്ല. 99% നന്മയും 1% തിന്മയും കണ്ടാല്‍ ആ തിന്മക്കെ നമ്മള്‍ പ്രാമുഖ്യം നല്‍കാറുള്ളൂ. അത് മുമ്പില്‍ വെച്ചിട്ട് വേണ്ടാത്ത കുറെ കാര്യങ്ങളില്‍ നമ്മള്‍ കലഹിക്കുന്നു. അതേ സമയം, ഒരു ശതമാനം നന്മ മാത്രമേ ഉള്ളൂവെങ്കിലും ആ നന്മയെ ഉയര്‍ത്തിക്കാട്ടി തിന്മ ചുരുക്കി കൊണ്ടുവരാന്‍ നമ്മള്‍ പരിശ്രമിക്കണം. ഈസാനബി(അ)യും അനുചരന്മാരും ഒരിക്കല്‍ നടന്നു പോകുമ്പോള്‍ വഴിയില്‍ ഒരു പട്ടി ചത്തു കിടക്കുന്നത് കണ്ടു. ജീര്‍ണിച്ച് കാണാന്‍ പറ്റാത്ത അവസ്ഥയിലാണ് പട്ടിയുള്ളത്. പലരും അതിന്റെ ദുര്‍ഗന്ധത്തെക്കുറിച്ചും വീകൃത രൂപത്തെക്കുറിച്ചുമൊക്കെ പറഞ്ഞപ്പോള്‍ ഈസാനബി(അ) പറഞ്ഞത് ما أبيض أسنانه ‘അതിന്റെ പല്ല് എത്ര വെളുത്തതാണ്’ എന്നാണ്. അതുപോലെ നമ്മള്‍ ന്യൂനതകളിലേക്ക് നോക്കുന്നതിനു പകരം നന്മകളിലേക്ക് നോക്കുകയും, അവയെ പ്രശംസിച്ച് അതിലൂടെ തിന്മകള്‍ ഇല്ലാതെയാക്കാനും നന്മകള്‍ വളര്‍ത്താനുമാണ് ശ്രമിക്കേണ്ടത്. പരസ്പരമുള്ള ഈ ചേരിപ്പോരുകളും ആക്ഷേപങ്ങളുമൊക്കെ നിര്‍ത്തുക. എന്നിട്ട് ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുക. എങ്കില്‍ ഈ യൂറോപ്പിനെക്കാള്‍ വളരാനുള്ള സാധ്യത കേരള മുസ്‌ലിംകള്‍ക്ക് മുന്നിലുണ്ട്. സമൂഹത്തിന്റെ ഊര്‍ജ്ജം മുഴുവനും സമൂഹത്തിന്റെയും കുടുംബത്തിന്റെയും വ്യക്തിയുടെയും നന്മക്കും സംസ്‌കരണത്തിനും വേണ്ടി ചെലവഴിക്കണം.

*പുതുതലമുറക്ക് ഇന്ന് ബുദ്ധിപരമായും വൈജ്ഞാനികമായും വളരെയേറെ വൈകല്യങ്ങള്‍ സംഭവിച്ചിരിക്കുന്നു. എന്താണ് അവര്‍ക്ക് നല്‍കാനുള്ള ഉപദേശമെന്താണ്?
അമ്പത് വര്‍ഷം മുമ്പ് നമ്മുടെ നാട്ടിലുണ്ടായിരുന്ന മതസൗഹാര്‍ദ്ദവും സാഹോദര്യവും ഒത്തൊരുമയും തിരിച്ച് പിടിക്കുക. അമ്പത് വര്‍ഷം പിന്നിടുമ്പോള്‍ ആവശ്യമാകുന്ന സാങ്കേതവിദ്യയും, ആധുനികവിദ്യാഭ്യാസവും കരഗതമാക്കി നമ്മുടെ പൂര്‍വ്വികരുടെ പാതയില്‍ ഭിന്നിപ്പില്ലാതെ നമ്മള്‍ മുന്നേറണം. എന്നാല്‍ നമുക്കിന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്താന്‍ കഴിയും. ഗ്ലോബലിയായി നമ്മള്‍ ചിന്തിക്കണം. പത്രങ്ങളിലെ ചരമകോളങ്ങളും പ്രാദേശിക വാര്‍ത്തകളുമൊക്കെ വായിക്കുന്നതിനു പകരം അന്താരാഷ്ട്ര നിലവാരത്തിലുള്ള കാര്യങ്ങള്‍ വായിക്കുകയും ചര്‍ച്ച ചെയ്യുകയും വലിയ സ്വപ്‌നങ്ങള്‍ ഉണ്ടാക്കുകയും വേണം. നമ്മെ ലോകം കാത്തിരിക്കുന്നുണ്ട്. ലോകത്തില്‍ പലതും നമുക്ക് ചെയ്യാനുണ്ട്. അതിനാവശ്യമായ ബഹുഭാഷാ പാണ്ഡിത്യം നമുക്ക് വേണം. അവരോട് മത്സരിക്കാന്‍ പറ്റുന്ന കഴിവുകള്‍ നമുക്ക് വേണം. എന്നിട്ട് ലോകതലത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നമ്മള്‍ സന്നദ്ധരാകണം.

തയ്യാറാക്കിയത് : മുബശ്ശിര്‍.എം

Related Articles