Current Date

Search
Close this search box.
Search
Close this search box.

ദലിത്-ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യം വ്യാജം ആരോപിക്കുന്നു

മംഗലാപുരം നഗരത്തില്‍ തീവ്ര ഹിന്ദു വിഭാഗം ഒരു ചെറുപ്പക്കാരനെയും യുവതിയെയും ആക്രമിക്കുന്നതിന്റെ വീഡിയോ പകര്‍ത്തിയ നവീന്‍ സൂരിഞ്ചെ എന്ന യുവ പത്രപ്രവര്‍ത്തകന്‍ ആ കേസില്‍ത്തന്നെ പ്രതിചേര്‍ക്കപ്പെട്ട് ജയിലിലടക്കപ്പെടുകയായിരുന്നു. രാജ്യത്ത് നടമാടുന്ന സാമുദായിക, വര്‍ഗീയ കലാപങ്ങളെക്കുറിച്ചും പോലീസിന്റെ അതിക്രമങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്തിരുന്ന സൂരിഞ്ചെ അതുകൊണ്ടു തന്നെ തന്റെ പത്തു വര്‍ഷം നീണ്ട കരിയറില്‍ പലപ്പോഴും പീഡിപ്പിക്കപ്പെട്ടിരുന്നു. നാലരമാസത്തെ ജയില്‍ വാസത്തിനു ശേഷം മോചിതനായ സൂരിഞ്ചെ എന്ന യുവ പത്രപ്രവര്‍ത്തകന്‍ സംസാരിക്കുന്നു.

1. ഏകദേശം അഞ്ച് മാസത്തോളം ജയിലില്‍ കിടന്ന താങ്കള്‍ക്ക് ഇപ്പോള്‍ എന്ത് തോന്നുന്നു ?

എന്റെ ജയില്‍ വാസം പോലീസിന്റെ ഭാഗത്തുനിന്നും എനിക്കു ലഭിച്ച ഒരു അവസരമായാണ് ഞാന്‍ കാണുന്നത്, ഒരു സമ്മാനം. അവരുടെ മറ്റൊരു മുഖം മനസ്സിലാക്കാന്‍ അതിലൂടെ എനിക്കു സാധിച്ചു. ഒരു പത്രപ്രവര്‍ത്തകന് പെട്ടെന്ന് ലഭിക്കുന്ന ഒരു ഭാഗ്യമല്ലിത്. വര്‍ഗീയ ശക്തികള്‍ എത്ര ആഴത്തിലാണ് നമ്മുടെ ഭരണകൂടത്തെ സ്വാധീനിച്ചിരിക്കുന്നതെന്ന് ഞാന്‍ കണ്ടു.

2. എന്താണ് ജയിലില്‍ താങ്കള്‍ക്കുണ്ടായ അനുഭവം ?

തടവുകാരില്‍ നാല്‍പതു ശതമാനവും മുസ്‌ലിംകളാണ്  എന്ന തിരിച്ചറിവാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഭവം. ചിലയാളുകള്‍ വര്‍ഷങ്ങളായി തടവനുഭവിക്കുന്നു. ഭൂരിഭാഗവും വര്‍ഗീയ കലാപങ്ങളുടെ പേരില്‍ തടവനുഭവിക്കുന്നവര്‍. എന്നാല്‍ ഒരൊറ്റ ഹിന്ദുവിനെയോ ക്രിസ്ത്യാനിയെയോ വര്‍ഗീയ ലഹളയുടെ പേരില്‍ തടവനുഭവിക്കുന്നവരായിട്ട് എനിക്ക് കാണാന്‍ കഴിഞ്ഞില്ല. അമുസ്‌ലിം വര്‍ഗീയ വാദികളുടെ ഒരേയൊരു വിഭാഗം എന്നത് സദാചാര പോലീസിംഗിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ മാത്രം. മാത്രമല്ല അവരുടെ ആക്രമണം എന്നത് മംഗലാപുരത്ത് ഒരു സ്ഥിരം പരിപാടിയുമാണ്.

3. എന്തുകൊണ്ടാണ് താങ്കളുടെ ജാമ്യം ഇത്ര വൈകിയത് ?

പ്രാദേശിക ഭരണകൂടവും ആര്‍. എസ്സ്. എസ്സും എന്റെ കേസില്‍ സഹപ്രതികളാണ്. അവര്‍ എന്നെക്കുറിച്ച് കളളം പറഞ്ഞു. മത്രമല്ല സംഭവ സ്ഥലത്ത് ഞാനുണ്ടായിരുന്നിട്ടും പോലീസ് ഞാനവിടുണ്ടായിരുന്നില്ല എന്ന് വാദിച്ചു.

4. താങ്കളുടെ ജയിലനുഭവം പത്രപ്രവര്‍ത്തകര്‍ക്കു നല്‍കുന്ന ഗുണപാഠം ?

തീര്‍ച്ചയായും പത്രപ്രവര്‍ത്തകര്‍ പോലീസ് നല്‍കുന്ന വിവരങ്ങള്‍ക്ക് പുറമെ ആരോപണ വിധേയനായവരെക്കൂടി കേള്‍ക്കാന്‍ തയ്യാറാകണം. നമ്മുടെ ധാര്‍മിക ബാധ്യതയും പ്രാഥമിക ജോലിയുമാണ് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാകുക എന്നത്. പോലീസ് എന്നും ഭരണത്തിലിരിക്കുന്ന അവരുടെ ഏമാന്‍മാര്‍ക്കു വേണ്ടിയാണ് നിലകൊളളുക എന്ന് പത്രപ്രവര്‍ത്തകര്‍ തിരിച്ചറിയണം.

കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ മതേതരമായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ 2008 -ല്‍ ബി. ജെ. പി അധികാരത്തില്‍ വന്നപ്പോള്‍ വര്‍ഗീയമായി. ന്യൂനപക്ഷങ്ങളോടും ദലിതുകളോടും ആദിവാസികളോടും രാജ്യം എത്രമാത്രം ക്രൂരത കാട്ടുന്നു എന്ന് ജയില്‍ എനിക്കു കാട്ടിത്തന്നു. മംഗലാപുരം ജയിലിലെ ഏകദേശം 500 പേര്‍ സംശയത്തിന്റെ പേരിലാണ് തടവനുഭവിക്കുന്നത്. എല്ലാവരും മുസ്‌ലിംകള്‍. ഒരു 15 വയസ്സുകാരന്‍ തെരുവില്‍ നിന്നും പിടിക്കപ്പെട്ടു. കാരണം ഒരു പോലീസുദ്യോഗസ്ഥന് അവനെ കണ്ടപ്പോള്‍ സംശയം തോന്നി എന്നത്. മാസങ്ങളായി അവന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. സ്വന്തമായി നടക്കാന്‍ പോലുമാകാത്ത 80 വയസ്സുകാരന്‍ ഖവാലി ഗായകന്‍ റഹ്മാന്‍ രണ്ട് സിം കാര്‍ഡിനുടമയായി എന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു ബ്രാമണന്റെ 75 രൂപ വിലയുളള ബക്കറ്റ് മോഷ്ടിച്ചു എന്ന പേരില്‍ ഒരു ദലിത് പൗരന്‍ മൂന്നു മാസമായി ജയിലിലാണ്. പോലീസ് സ്‌റ്റേഷനില്‍ തീര്‍ക്കേണ്ടുന്ന കേസുകളാണല്ലോ ഇതെല്ലാം. പലപ്പോഴും പത്രപ്രവര്‍ത്തകര്‍ പോലീസിന്റെ വാക്കു കേട്ട് വാര്‍ത്ത പ്രസിദ്ധീകരിക്കുന്നു. പ്രതികള്‍ക്കെതിരെ ശിക്ഷ വിധിക്കുന്നു.

5.  വാര്‍ത്താ മാധ്യമങ്ങളുടെ ഭാഗത്തുനിന്നും താങ്കള്‍ക്കു ലഭിച്ച പിന്തുണയില്‍ താങ്കള്‍ സന്തുഷ്ടനാണോ?

എന്റെ ചില സുഹൃത്തുക്കളില്‍ നിന്നല്ലാതെ ഞാന്‍ സഹായം പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ എനിക്ക് നിരവധി പേരുടെ സഹായം ലഭിക്കുകയുണ്ടായി. എല്ലാവരോടും ഞാന്‍ നന്ദി അറിയിക്കുന്നു. എന്നാല്‍ തീര്‍ച്ചയായും ഞാന്‍ പറയും മംഗലാപുരത്തുളള പത്രപ്രവര്‍ത്തകരിലധികവും അവര്‍ക്കെന്നോട് ആശയപരമായ വിയോജിപ്പുകൊണ്ടോ എന്തോ എന്നെ സഹായിക്കാന്‍ വന്നില്ല.

6. എന്താണ് അടുത്ത പരിപാടി?

പത്രപ്രവര്‍ത്തനത്തില്‍ തുടരും. എന്റെ ജയിലനുഭവം മുന്‍നിര്‍ത്തി ഒരു പുസ്തകം എഴുതുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എനിക്ക് എന്റേതായ കഥ പറയാനുണ്ട്.
(അവലംബം : തെഹല്‍ക)

വിവ : അത്തീഖുറഹ്മാന്‍

Related Articles