Current Date

Search
Close this search box.
Search
Close this search box.

തീര്‍ത്തും വ്യത്യസ്തമാണ് സിറിയന്‍ വിപ്ലവം

usama-rifaee.jpg

സിറിയന്‍ ഇസ്‌ലാമിക് കൗണ്‍സില്‍ അധ്യക്ഷന്‍ ശൈഖ് ഉസാമ രിഫാഇയുമായി ‘അല്‍മുജ്തമഅ്’ മാസിക നടത്തിയ അഭിമുഖം:
അലപ്പോയില്‍ നടക്കുന്ന ഭീതിദമായ കൂട്ടകശാപ്പുകളെ എങ്ങനെയാണ് നിങ്ങള്‍ നോക്കികാണുന്നത്?
– അലപ്പോയില്‍ നടക്കുന്ന ഭീകരമായ ഓരോ കൂട്ടകശാപ്പും അന്താരാഷ്ട്ര സമൂഹത്തിനും അതിന്റെ പ്രതീകങ്ങള്‍ക്കും മേല്‍ ചരിത്രപരമായ ഒരു അടയാളമാണ് ചര്‍ത്തുന്നത്. മനുഷ്യത്വത്തോടും മാനുഷിക മൂല്യങ്ങളോടും അവര്‍ ചെയ്ത കടുത്ത വഞ്ചനയുടെ അടയാളമാണത്. വടക്കന്‍ സിറിയയില്‍ കുര്‍ദ് രാഷ്ട്രം സ്ഥാപിക്കാനും പുരോഗതിയിലേക്ക് കുതിക്കുന്നതില്‍ നിന്ന് തുര്‍ക്കിയെ പിടിച്ചുവെക്കാനുമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ വ്യാമോഹത്തിന് മുന്നില്‍ മൂല്യങ്ങള്‍ കാറ്റില്‍പറത്തപ്പെടുകയായിരുന്നു. യാതൊരു മാനുഷിക മൂല്യങ്ങളെയും പരിഗണിക്കാത്ത അവസ്ഥയിലേക്കത് അവരെ എത്തിച്ചു.

ബശ്ശാറുല്‍ അസദ് ഭരണകൂടവുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടത്തുന്നതില്‍ വല്ല പ്രതീക്ഷയും താങ്കള്‍ വെച്ചു പുലര്‍ത്തുന്നുണ്ടോ?
ബശ്ശാറുല്‍ അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ നടത്തുന്നതിന്റെ മുന്നോടിയായി ഉന്നതതല ചര്‍ച്ചാ സമിതിയും അന്താരാഷ്ട്ര ശക്തികളും ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ ഇപ്പോഴും വ്യക്തമായ ഒരു തലത്തില്‍ എത്തിയിട്ടില്ല. സിറിയക്കാര്‍ തന്നെ തങ്ങളെ ഭരിക്കേണ്ടവരെ തെരെഞ്ഞെടുക്കുന്ന, ഒരു ഭാവി സിറിയക്കുണ്ടാവണമെന്ന് വന്‍രാഷ്ട്രങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. സിറിയക്കാര്‍ തങ്ങളുടെ പ്രശ്‌നം ഉയര്‍ത്തിപ്പിടിക്കുന്ന എല്ലായിടത്തും വന്‍രാഷ്ട്രങ്ങള്‍ക്ക് അവര്‍ക്ക് മേല്‍ സമ്മര്‍ദങ്ങള്‍ ചെലുത്തുകയാണ്. തങ്ങളുടെ അവകാശങ്ങളിലും വിപ്ലവത്തിലൂടെ കൈവരിച്ച നേട്ടങ്ങളിലും വിട്ടുവീഴ്ച്ച ചെയ്യുന്നതിനാണ് സമ്മര്‍ദം ചെലുത്തല്‍. വിപ്ലവകാരികള്‍ ഇപ്പോഴും മണ്ണില്‍ സജീവമാണെന്നതില്‍ അല്ലാഹുവിനെ സ്തുതിക്കുകയാണ്. തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി അടിയുറച്ച് നിലകൊള്ളുകയാണവര്‍. സത്യത്തിനും അതിന്റെ ആളുകള്‍ക്കും ദൈവാനുഗ്രഹമുണ്ടാവട്ടെ എന്ന പ്രാര്‍ഥന മാത്രമാണ് എനിക്കുള്ളത്.

സിറിയയില്‍ ഫെഡറല്‍ സംവിധാനം ഉണ്ടാക്കുന്നത് സംബന്ധിച്ച അമേരിക്കയുടെയും റഷ്യയുടെയും പ്രസ്താവനകളെ കുറിച്ച് എന്താണ് അഭിപ്രായം?
– അമേരിക്കയുടെയും റഷ്യയുടെയും മറ്റ് വന്‍ശക്തികളുടെയും ഔദ്യോഗിക വക്താക്കളുടെ പ്രഖ്യാപനങ്ങളെ വിശ്വാസത്തിലെടുക്കാനാവില്ല. അവര്‍ പറയുന്നത് ഒന്നും ഉദ്ദേശിക്കുന്നത് മറ്റൊന്നുമായിരിക്കും. സിറിയന്‍ ജനതയുടെ ചെലവില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പലതും മറച്ചുവെക്കുന്നു. സിറിയയില്‍ ഒരു ഫെഡറല്‍ ഭരണ സംവിധാനം ഉണ്ടാവുന്നത് യഥാര്‍ഥത്തില്‍ അവരാഗ്രഹിക്കുന്നില്ല. സിറിയ വിഭജിക്കപ്പെടുന്നതിലാണ് അവര്‍ക്ക് താല്‍പര്യം. വിഭജനത്തിന്റെ കാര്യത്തില്‍ അവര്‍ നിരാശപ്പെടുമ്പോഴാണ് ഫെഡറല്‍ സംവിധാനത്തില്‍ അഭയം പ്രാപിക്കുന്നത്. എങ്കിലും അവരിപ്പോഴും ആഗ്രഹിക്കുന്നതും താല്‍പര്യപ്പെടുന്നതും സിറിയ വിഭജിക്കപ്പെടണമെന്നാണ്. അതിലൂടെ തങ്ങളിച്ഛിക്കും പോലെ സിറിയന്‍ ജനതയെ തങ്ങളുടെ വരുതിയിലാക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ആ മോഹങ്ങള്‍ ഇപ്പോഴും അവരുടെ തലക്കുള്ളില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണ്. അതൊരിക്കലും സാക്ഷാല്‍കരിക്കപ്പെടാതിരിക്കട്ടേ എന്ന പ്രാര്‍ഥനയാണ് എനിക്കുള്ളത്.

വടക്കുഭാഗത്ത് ഒരു സ്വതന്ത്ര രാഷ്ട്രമുണ്ടാക്കന്‍ കുര്‍ദുകള്‍ ശ്രമിക്കുന്നുണ്ടല്ലോ, അത് വിപ്ലവത്തിന്റെ ഭാവിയെ സ്വാധീനിക്കുമോ?
– സിറിയയുടെ വടക്കു ഭാഗത്ത് പ്രത്യേക രാഷ്ട്രമുണ്ടാക്കാന്‍ ശ്രമിക്കുന്ന കുര്‍ദുകള്‍ കുര്‍ദ് ജനതയെ പ്രതിനിധീകരിക്കുന്നവരല്ല എന്നതാണ് ഒന്നാമതായി പറയാനുള്ളത്. കുര്‍ദ് ജനത തങ്ങളുടെയും സിറിയന്‍ ജനതയുടെ മറ്റ് ഘടകങ്ങളുടെയും നന്മയിലും സാഹോദര്യ ബന്ധം കാത്തുസൂക്ഷിക്കുന്നതിലും താല്‍പര്യമുള്ള മുസ്‌ലിംകളാണ്. തങ്ങള്‍ ജീവിക്കുന്ന രാഷ്ട്രം അതിലെ മുഴുവന്‍ ജനങ്ങളോടും അതിന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കണമെന്നാണ് അവരാഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ മേല്‍പറയപ്പെട്ട ശ്രമങ്ങളില്‍ കുര്‍ദ് ജനത നിരപരാധികളാണ്. അവര്‍ കുര്‍ദിസ്താന്‍ വര്‍കേഴ്‌സ് പാര്‍ട്ടിക്കോ (PKK) പാശ്ചാത്യ അജണ്ടകള്‍ക്ക് വഴങ്ങി കുര്‍ദ് രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന മറ്റേതെങ്കിലും ഭീകരസംഘടനകള്‍ക്കോ ഒപ്പമല്ല.

യഥാര്‍ഥത്തില്‍ ഈ ഭീകരസംഘടനകള്‍ വലിയ വഞ്ചനയിലകപ്പെട്ടിരിക്കുകയാണ്. വന്‍രാഷ്ട്രങ്ങള്‍ തങ്ങളുടെ നന്മയാണ് ആഗ്രഹിക്കുന്നതെന്ന് അവ ധരിച്ചിരിക്കുന്നു. പ്രദേശത്തെ തങ്ങളുടെ ചൊല്‍പടിക്ക് നില്‍ക്കാത്തവരെ അടിക്കാനുള്ള ഒരു വടിയായിട്ട് മാത്രമേ വന്‍ശക്തികള്‍ അവയെ കാണുന്നുള്ളൂ എന്നതാണ് യാഥാര്‍ഥ്യം.

വടക്കന്‍ സിറിയയില്‍ അവര്‍ രാഷ്ട്രം സ്ഥാപിച്ചു എന്നിരിക്കട്ടെ – അങ്ങനം സംഭവിക്കാതെ അല്ലാഹു കാത്തുരക്ഷിക്കട്ടെ- അതൊരു സ്വതന്ത്ര രാജ്യമായിരിക്കില്ല. അപ്പോഴായിരിക്കും സിറിയന്‍ ജനതയുമായും തുര്‍ക്കി ജനതയുമായും അവിടത്തെ ഭരണകൂടവുമായുള്ള ബന്ധങ്ങള്‍ തകര്‍ത്ത ഗൂഢാലോചനയെ സംബന്ധിച്ച് കുര്‍ദ് ജനത ബോധവാന്‍മാരാവുക.

ദമസ്‌കസിലും പരിസര പ്രദേശങ്ങളിലുമുള്ള ഇറാന്‍ കുടിയേറ്റങ്ങളെ പ്രതിരോധിക്കുന്നതെങ്ങനെയാണ്?
– സിറിയിയില്‍ വിശിഷ്യാ ദമസ്‌കസിലും പരിസര പ്രദേശങ്ങളിലും ഇറാന്‍ നടത്തുന്ന കുടിയേറ്റ ശ്രമങ്ങള്‍ ഞങ്ങളെ സംബന്ധിച്ചടത്തോളം പുതിയ കാര്യമല്ല. ഏറെ പഴക്കമുള്ള ഒന്നാണത്. സിറിയയില്‍ കുടിയേറ്റത്തിന് ഇറാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ട്. സൈനബ്(റ)യുടെ മഖാമിന് സമീപത്തായി ധാരാളം ഭൂപ്രദേശങ്ങളും കച്ചവട സ്ഥാപനങ്ങളും കെട്ടിടങ്ങളും വാങ്ങാനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തുന്നുണ്ട്. യഥാര്‍ഥത്തില്‍ സൈനബ്(റ)വിന്റെ പേരില്‍ അറിയപ്പെടുന്ന ഗ്രാമനിവാസികള്‍ മുഴുവന്‍ സുന്നികളാണ്.

എന്നാല്‍ സിറിയന്‍ വിപ്ലവത്തിന് ശേഷമുള്ള സങ്കീര്‍ണമായ നിലവിലെ സാഹചര്യത്തില്‍ എത്തിപ്പെട്ടതിന് ശേഷം ഭരണകൂടത്തിന് അതിന്റെ ആധിപത്യം അവിടെ നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. സൈനബ്(റ)ന്റെ മഖാമിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ ശിയാക്കള്‍ വാങ്ങിക്കൂട്ടിയതിലൂടെയാണത് സാധിച്ചത്. അവിടെ ഇറാനില്‍ നിന്നും ഇറാഖില്‍ നിന്നും ലബനാനില്‍ നിന്നുമുള്ളവരുടെ സാന്നിധ്യം വര്‍ധിച്ചപ്പോള്‍ തദ്ദേശീയരായ സുന്നികളുടെ എണ്ണം കുറഞ്ഞു.

അങ്ങേയറ്റം അപകടകരമായ ഒരു കാര്യം ഞാന്‍ ഉണര്‍ത്താനാഗ്രഹിക്കുകയാണ്. ഇറാന് അവരെത്തിപ്പെടുന്ന എല്ലായിടത്തും നീചമായ രാഷ്ട്രീയമാണുള്ളത്. യാതൊരു അടിസ്ഥാനവുമില്ലാതെ സിറിയയുടെ പല പ്രദേശങ്ങളിലും വ്യാജ ഖബറുകള്‍ അവര്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഖബര്‍ പോലുമില്ലാത്ത പ്രതന്ത്രപ്രധാന പ്രദേശങ്ങളില്‍ ഇത്തരത്തില്‍ അവര്‍ ഖബറുകളിലൂടെ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കുകയാണവര്‍.

ഇറാന്റെ കുടിയേറ്റ ശ്രമങ്ങള്‍, പ്രത്യേകിച്ചും ദമസ്‌കസില്‍ പൂര്‍ണാര്‍ഥത്തില്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ചില കാര്യങ്ങള്‍ കൂടി അതിനോടൊപ്പം മനസ്സിലാക്കേണ്ടതുണ്ട്:
ഒന്ന്, ദമസ്‌കസുകാരില്‍ അധികവും തങ്ങളുടെ വസ്തുവകകള്‍ ഇറാനികള്‍ക്ക് വില്‍ക്കാന്‍ വിസമ്മതിച്ചിരിക്കുകയാണ്. പലരും അതിന്റെ പേരില്‍ ഇന്റലിജന്‍സിന്റെ ഭാഗത്തും നിന്നും പീഢനങ്ങള്‍ക്ക് വിധേയരാക്കപ്പെടുക വരെ ചെയ്യുന്നുണ്ട്. വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഏറെ ചരിത്ര പ്രസിദ്ധമായ അല്‍അസ്‌റൂനിയ മാര്‍ക്കറ്റ് കത്തിക്കപ്പെടുക വരെയുണ്ടായി. എണ്‍പതോളം കച്ചവട സ്ഥാപനങ്ങളാണ് അതില്‍ അഗ്നിക്കിരയാക്കപ്പെട്ടത്. ആത്മാഭിമാനമുള്ള ദമസ്‌കസിലെ ആ കച്ചവടക്കാര്‍ തങ്ങളുടെ കച്ചവട സ്ഥാപനങ്ങള്‍ വില്‍ക്കില്ലെന്ന് കരാറുണ്ടാക്കിയതായിരുന്നു അതിന്റെ കാരണം. അവര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നപ്പോള്‍ മാര്‍ക്കറ്റിന് തന്നെ ഇറാനികള്‍ തീ വെച്ചു.
രണ്ട്, ഞങ്ങളുടെ നാട്ടില്‍ ഇറാന്‍ നടത്തുന്ന ഈ കുടിയേറ്റം യാതൊരു ഫലവും ചെയ്യാത്ത പരാജയപ്പെട്ട കുടിയേറ്റമായി മാറുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. സിറിയന്‍ ജനത അവരെ സ്വീകരിക്കില്ലെന്നതാണ് കാരണം. ഞങ്ങളുടെ ദമസ്‌കസില്‍ ശിയാക്കള്‍ അധിവസിക്കുന്ന ജൗറ സ്ട്രീറ്റെന്ന ചെറിയൊരു പ്രദേശമുണ്ട്. അതിനോട് ചേര്‍ന്ന് ഒരു ജൂത തെരുവും ഉണ്ടായിരുന്നു. ജൂതന്‍മാര്‍ അവിടെ ഉപേക്ഷിച്ച് ഇസ്രയേലിലേക്കും അമേരിക്കയിലേക്കും പോയി. ശിയാക്കള്‍ അവിടെ എതിര്‍പ്പുകളൊന്നും നേരിടാതെ തുടര്‍ന്നു. എന്നാല്‍ വിപ്ലവം ആരംഭിക്കുകയും മര്‍ദക ഭരണകൂടവും ശിയാ സായുധ ഗ്രൂപ്പുകളും പിടിമുറുക്കിയപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ശിയാക്കളുടെ ആധിക്യമുണ്ടായി, ജൗറയില്‍ മാത്രമല്ല ദമസ്‌കസിന്റെ മുഴുവന്‍ പ്രദേശങ്ങളിലും. ഇപ്പോഴും അവര്‍ പെരുകുകയും സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടുകയുമാണ്.

അള്‍ജീരിയന്‍ സിവില്‍ യുദ്ധം എത്തിപ്പെട്ട അവസ്ഥയിലേക്ക് സിറിയന്‍ വിപ്ലവം എത്തിപ്പെടുമെന്ന് കരുതുന്നുണ്ടോ?
– സിറിയന്‍ വിപ്ലവത്തിന്റെ പര്യവസാനം നന്മയായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അള്‍ജീരിയയില്‍ നിന്നും മറ്റേത് പ്രദേശത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് സിറിയ. സിറിയന്‍ വിപ്ലവം തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും ജനങ്ങള്‍ ഇപ്പോഴും അതിനൊപ്പമുണ്ട്. വിപ്ലവകാരികളെയും അവരുടെ കുടുംബങ്ങളെയും ചേര്‍ത്തുപിടിക്കുകയാണ് സിറിയന്‍ ജനത. സിറിയക്കകത്തും പുറത്തുമുള്ള ആളുകള്‍ വിപ്ലവത്തോടും അതിന്റെ കരുത്തിനോടും അനുതാപം പുലര്‍ത്തുന്നു. ജനങ്ങളുടെ ശക്തമായ ഈ പിന്തുണയില്ലായിരുന്നുവെങ്കില്‍ വിപ്ലവത്തിന് ഇത്രത്തോളം നീണ്ടുനില്‍ക്കാനാവുമായിരുന്നില്ല.

സിറിയക്ക് പുറത്തുള്ള സിറിയക്കാര്‍ പോലും എതെങ്കിലും തരത്തില്‍ വിപ്ലവത്തെ സഹായിക്കുന്നുണ്ട്. വിപ്ലത്തെ വിജയിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി അവര്‍ മുന്നോട്ടു പോവുകയാണ്. അതുകൊണ്ട് തന്നെ അള്‍ജീരിയയിലോ മറ്റേതെങ്കിലും നാട്ടിലോ സംഭവിച്ച പോലുള്ള പര്യവസാനം സിറിയന്‍ വിപ്ലവത്തിനുണ്ടാവില്ല എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. വിപ്ലവത്തെ വിജയിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഒരു ജനത അതിന് പിന്നിലുണ്ട്.

സിറിയന്‍ ജനതക്കുള്ള താങ്കളുടെ സന്ദേശം എന്താണ്?
– ക്ഷമയോടെയും സ്ഥൈര്യത്തോടെയും നിലകൊള്ളണമെന്ന സന്ദേശമാണ് സിറിയയിലെ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കും നല്‍കാനുള്ളത്. മനസ്സിനെ നിരാശ ബാധിക്കാന്‍ ഒരിക്കലും നിങ്ങള്‍ അനുവദിക്കരുത്. നിരാശയെ അല്ലാഹു നിഷേധത്തിന്റെ നിറങ്ങളിലൊന്നായിട്ടാണ് എണ്ണിയിട്ടുള്ളത്. നാം പ്രതീക്ഷയര്‍പിക്കുന്നത് ആയുധങ്ങളിലോ ഏതെങ്കിലും രാഷ്ട്രങ്ങളിലോ ഭൗതിക ശക്തിയിലോ അല്ല. യഥാര്‍ഥ വിജയം അല്ലാഹുവിന്റെ പക്കലാണുള്ളത്. ഒരു മനുഷ്യനും അതില്‍ ഇടപെടാനാവില്ല. അല്ലാഹുവിലും സിറിയന്‍ ജനതയിലുമാണ് നാം വിശ്വാസമര്‍പിക്കുന്നത്.

മനുഷ്യനെ നിരാശയിലേക്ക് തള്ളിവിടുന്നതിന് പിശാച് പരാജയപ്പെട്ട ബോധം ഉണ്ടാക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുമെന്നത് നാം കരുതിയിരിക്കുക. വലിയ പ്രതീക്ഷയാണ് നമുക്കുള്ളത്. നമ്മുടെ ജനത ഇത്തരത്തില്‍ ഉണര്‍ന്നിരിക്കുകയാണ്. മനസ്സുകളില്‍ ഭീതിയും നിരാശയുമുണ്ടാക്കലാണ് പിശാചിന്റെ ജോലി. എന്നാല്‍ തങ്ങളുടെ വിശ്വാസം കൊണ്ട് അതിനെ നേരിടേണ്ടവരാണ് മുഅ്മിനുകള്‍. തൗഹീദിന്റെ വചനം ഉയര്‍ത്തിപ്പിട്ട് അല്ലാഹുവിന്റെ ഗ്രന്ഥത്തെയും ദൂതനെയും മുറുകെ പിടിക്കുന്നിടത്തോളം കാലം പിശാചിന് അവരില്‍ നിരാശയുണ്ടാക്കാന്‍ സാധിക്കുകയില്ല.

വിവ: നസീഫ്‌

Related Articles