Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ ഭരണത്തിന് കീഴില്‍ മുസ്‌ലിംകള്‍ പ്രയാസപ്പെടും

kifah-muthapha.jpg

കടുത്ത വംശീയവാദിയായ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തില്‍ അമേരിക്കന്‍ മുസ്‌ലിംകള്‍ക്ക് മുമ്പിലുള്ള ആശങ്കകളും വെല്ലുവിളികളും പങ്കുവെക്കുകയാണ് ശൈഖ് കിഫാഹ് മുസ്തഫ. ഓര്‍ലാന്‍ഡ് പാര്‍ക് പ്രയര്‍ സെന്റര്‍ ഡയറക്ടറും ഇമാമുമായ അദ്ദേഹം ലബനാന്‍ മതകാര്യ വകുപ്പിന്റെ പ്രതിനിധി കൂടിയാണ്. ഇല്ലിനോയ്‌സ് കൗണ്‍സില്‍ ഓഫ് ഇമാംസ് ആന്റെ സ്‌കോളേഴ്‌സിന്റെ അധ്യക്ഷന്‍, ചിക്കാഗോ മുസ്‌ലിം അമേരിക്കന്‍ സൊസൈറ്റി അധ്യക്ഷന്‍ തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിക്കുന്നുണ്ട്. അല്‍മുജ്തമഅ് മാസിക അദ്ദേഹവുമായി നടത്തിയ അഭിമുഖം:

അമേരിക്കന്‍ സമൂഹത്തില്‍ വംശീയ വിദ്വേഷം നിറച്ചു കൊണ്ടുള്ള ഒരു തെരെഞ്ഞെടുപ്പ് പ്രചാരണമായിരുന്നല്ലോ ഇത്തവണ നടന്നത്. അമേരിക്കയിലെ മുസ്‌ലിംകള്‍ക്കോ അമേരിക്കന്‍ സമൂഹത്തിന് പൊതുവെയോ ദോഷകരമായ പ്രതികരണങ്ങള്‍ക്ക് അത് കാരണമാകുമെന്ന അഭിപ്രായം താങ്കള്‍ക്കുണ്ടോ?
യഥാര്‍ഥത്തില്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പ് അമേരിക്കയിലെ രണ്ട് നിലപാടുകള്‍ക്കിടയിലെ വ്യക്തമായ വേര്‍തിരിവ് എടുത്തു കാണിക്കുന്നതായിരുന്നു. അധികാരത്തിലെത്തിയ ആഫ്രിക്കന്‍ വംശജനായ ബറാക് ഒബാമയെ പ്രതിനിധീകരിക്കുന്നതാണ് അതിലൊന്നാമത്തേത്. ആഭ്യന്തരമായ ചില സാമൂഹ്യ പരിഷ്‌കരണങ്ങള്‍ അദ്ദേഹം കൊണ്ടുവന്നിട്ടുണ്ട്. വെള്ളക്കാരായ ലിബറലിസ്റ്റുകളും ന്യൂനപക്ഷങ്ങളുമാണ് അദ്ദേഹത്തോടൊപ്പം നിലകൊള്ളുന്നത്. പ്രസ്തുത പദ്ധതിയുടെ ഭാഗമായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഹിലരി ക്ലിന്റണ്‍.

തെരെഞ്ഞെടുപ്പില്‍ ജയിച്ച ട്രംപ് നേതൃത്വം നല്‍കുന്ന ധാരയാണ് രണ്ടാമത്തേത്. മക്കൈന്റെ കാലത്തെ ടീപാര്‍ട്ടി കാമ്പയിനോടെയായിരുന്നു അതിന്റെ തുടക്കം. ഒന്നാമത്തെ ധാരക്കൊപ്പമാണ് മുസ്‌ലിംകള്‍ നിലയുറപ്പിച്ചത്. നിയമപരവും സാമൂഹികവുമായ തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കൂടുതല്‍ സഹായകമാകുക അതാണെന് അവര്‍ മനസ്സിലാക്കി. എന്നാല്‍ തങ്ങളുടെ ഭാഗമല്ലാത്ത ന്യൂനപക്ഷങ്ങള്‍ക്കെതിരെ കടുത്ത ആക്രമണത്തിന്റെ സ്വരം അവര്‍ പുറത്തെടുത്തു. വെള്ളക്കാരായ അമേരിക്കക്കാര്‍ക്ക് വിദേശികളായ മുഴുവന്‍ ആളുകള്‍ക്കും എതിരെ വിദ്വേഷ പ്രചാരണം നടത്തുന്നതിന് അത് കൂടുതല്‍ കരുത്ത് പകര്‍ന്നു.

രണ്ട് തരത്തില്‍ മുസ്‌ലിംകളെയത് ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നതാണ് ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം. അമേരിക്കന്‍ സമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ പൊതുസമൂഹത്തില്‍ നിന്നുള്ള അനുഭവങ്ങളാണ് അതില്‍ ഒന്നാമത്തേത്. തീവ്രവലതുപക്ഷം നടപ്പാക്കാന്‍ ശ്രമിക്കുന്ന നിയമങ്ങളുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ വശം. മുസ്‌ലിംകള്‍ക്ക് പ്രവേശന വിലക്ക്, നിരീക്ഷണത്തിനായി പൗരന്‍മാര്‍ക്ക് രെജിസ്‌ട്രേഷന്‍ നടപ്പാക്കുക തുടങ്ങിയവ അത്തരത്തിലുള്ളതാണ്.

മുസ്‌ലിംകള്‍ക്ക് നേരെ ട്രംപ് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത്? അതിനോടുള്ള നിങ്ങളുടെ സമീപനം എന്തായിരിക്കും?
ട്രംപിന്റെ വാഗ്ദാനങ്ങള്‍ ഭരണകാലഘട്ടത്തിന്റെ അവസാനത്തിലേക്ക് നീട്ടികൊണ്ടു പോകുമെന്നാണ് എന്റെ വ്യക്തിപരമായ കണക്കുകൂട്ടല്‍. അദ്ദേഹത്തിന് ശേഷം വരുന്ന പ്രസിഡന്റ് അത് തുടരുകയോ നിര്‍ത്തലാക്കുകയോ ചെയ്‌തേക്കും. കാരണം, തന്റെ വിദ്വേഷ പ്രസ്താവനകളിലുള്ള ജനരോഷം ശമിപ്പിക്കാനായിരിക്കും ആദ്യവര്‍ഷം ട്രംപ് ശ്രമിക്കുക. മാത്രമല്ല ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിന് സമയവും ആവശ്യമാണ്.

തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഡെമോക്രാറ്റുകളുടെ ഭാഗത്തു നിന്നും വെള്ളക്കാരായ ഭൂരിപക്ഷത്തെ കൂടെ നിര്‍ത്തുന്നതിന് ന്യൂനപക്ഷങ്ങള്‍ക്കെതിരെ കടുത്ത നിലപാടുണ്ടായേക്കുമെന്ന് ഭയക്കുന്നുണ്ടോ?
അങ്ങനെ ഞാന്‍ കരുതുന്നില്ല. ഡെമോക്രാറ്റുകള്‍ക്ക് തങ്ങളുടെ നിലപാട് മാറ്റാനാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ അഭിപ്രായത്തില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന ഭാഷ ഉപയോഗിക്കുന്നതിലാണ് അവരുടെ പരാജയം. അതേസമയം റിപബ്ലിക്കുകള്‍ അപരനെതിരെയുള്ള ഭയം വളര്‍ത്തി വെള്ളക്കാരായ യുവാക്കളെ തങ്ങളോടൊപ്പം നിര്‍ത്തുന്നതില്‍ വിജയിച്ചു. ക്ലിന്റണ്‍ ഉപയോഗിച്ച യുക്തിയുടെ ശൈലിക്ക് മേല്‍ ട്രംപിന്റെ വൈകാരികതയുടെയും ഭീതിപ്പെടുത്തലിന്റെയും ശൈലി വിജയിച്ചു എന്നാണ് ഞാന്‍ പറയുക.

ഭാവി അമേരിക്കയെ സംബന്ധിച്ച വീക്ഷണത്തില്‍ റിപബ്ലിക്കുകളും ഡെമോക്രാറ്റുകളും വ്യത്യസ്തരാവുന്നത് എവിടെയാണ്?
2050ഓടെ കറുത്തവരും ലാറ്റിന്‍ വിഭാഗക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ വെള്ളക്കാര്‍ ന്യൂനപക്ഷമാവുന്ന അമേരിക്കയാണ് ഡെമോക്രാറ്റുകള്‍ കാണുന്നത്. അതേസമയം ന്യൂനപക്ഷങ്ങളുടെ ഉയര്‍ച്ച തടയാനാണ് റിപബ്ലിക്കുകള്‍ ആഗ്രഹിക്കുന്നത്. വെള്ളക്കാര്‍ ന്യൂനപക്ഷമായാലും അധികാര കേന്ദ്രങ്ങളിലും സാമ്പത്തിക രംഗത്തും മേല്‍ക്കൈ അവര്‍ക്കായിരിക്കണം എന്ന നിലപാടാണ് അവര്‍ വെച്ചുപുലര്‍ത്തുന്നത്.

മുസ്‌ലിം നിലപാടുകള്‍ ഒന്നിപ്പിക്കുന്നതിനുള്ള വല്ല നീക്കങ്ങളും നടക്കുന്നുണ്ടോ? രാജ്യത്തിനകത്തെ തീവ്രനിലപാടിനെ നേരിടുന്നതിന് മറ്റ് വിഭാഗങ്ങളുമായി കൈകോര്‍ക്കാന്‍ അവര്‍ക്ക് സാധിക്കില്ലേ?
വിയോജിപ്പുകള്‍ കൈവെടിയാന്‍ നിര്‍ബന്ധിതരാക്കുന്ന കടുത്ത പരീക്ഷണം നേരിട്ടാലല്ലാതെ മുസ്‌ലിംകള്‍ ഒന്നിക്കുകയില്ല. ട്രംപിന്റെ ഭരണത്തില്‍ മുസ്‌ലിംകളെന്ന നിലയില്‍ ഞങ്ങള്‍ പ്രയാസങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ മുസ്‌ലിംകളെന്ന നിലയില്‍ നല്ല അനന്തരഫലം അതുണ്ടാക്കും. വംശത്തിന്റെയും ചിന്തയുടെയും സംസ്‌കാരത്തിന്റെയുമെല്ലാം അടിസ്ഥാനത്തില്‍ പല തട്ടുകളിലാണ് ഇവിടത്തെ മുസ്‌ലിംകളെന്നത് മറക്കരുത്. ട്രംപിന്റെ നാല് പ്രധാന വാഗ്ദാനങ്ങളാണ് മതില്‍ നിര്‍മാണം, NAFTA കരാറില്‍ നിന്നുള്ള പിന്‍മാറ്റം, മുസ്‌ലിം വിലക്ക്, രെജിസ്റ്റര്‍ ചെയ്യാത്ത ലാറ്റിനോകളെ പുറത്താക്കല്‍ എന്നിവ. ഞങ്ങളും നിങ്ങള്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കാനുള്ള ഒരവസരമാണ് മുസ്‌ലിംകള്‍ക്ക് അതിലൂടെ കൈവന്നിരിക്കുന്നത് എന്നാണ് എന്റെ അഭിപ്രായം.

ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെ അടിസ്ഥാനങ്ങള്‍ ലോകത്തിന് മുമ്പില്‍ വിളംബരം ചെയ്ത ഒരു വലിയ രാഷ്ട്രത്തില്‍ കഴിയുന്നവരെന്ന നിലയില്‍ തങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന് അമേരിക്കന്‍ മുസ്‌ലിംകള്‍ എന്തെങ്കിലും കാല്‍വെപ്പുകള്‍ നടത്തുന്നുണ്ടോ?
പ്രാദേശിക തലങ്ങളിലേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പുകളിലെ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഒന്നാമത്തെ പടിയാണത്. മുസ്‌ലിംകളെ സംബന്ധിച്ച് മെച്ചപ്പെട്ട ചിത്രം പൊതുസമൂഹത്തില്‍ ഉണ്ടാക്കിയെടുക്കുന്നതിന് മതാന്തര സംവാദങ്ങള്‍ ശക്തിപ്പെടുത്തുക. പൊതുജനത്തിന് ഉപകാരപ്രദമായ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുക എന്നതാണ് മറ്റൊരു കാര്യം.

മൊഴിമാറ്റം: നസീഫ്‌

Related Articles