Current Date

Search
Close this search box.
Search
Close this search box.

ജനാധിപത്യം തിരിച്ചു പിടിക്കാന്‍ ഞങ്ങള്‍ പൊരുതും

ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ സര്‍ക്കാരിനെതിരെ സൈന്യത്തിന്റെ അട്ടിമറി നടന്ന പശ്ചാത്തലത്തില്‍ പ്രമുഖ ബ്രദര്‍ഹുഡ് നേതാവും മുര്‍സി സര്‍ക്കാരില്‍ പ്ലാനിംഗ് വകുപ്പ് മന്ത്രിയുമായിരുന്ന അംറ് ദറ്‌റാജ് സംസാരിക്കുന്നു..
1.    സൈന്യവും ബ്രദര്‍ഹുഡും തമ്മില്‍ ഏതു രീതിയിലുള്ള സമവായ ശ്രമങ്ങളാണ് നടക്കുന്നത് ?

    സൈനിക അട്ടിമറിയുടെ കുടക്കീഴില്‍ ഒരു തരത്തിലുമുള്ള സമവായശ്രമവും നടക്കുമെന്ന് എനിക്കു തോന്നുന്നില്ല. സമവായം നടക്കേണ്ടത്  തുല്യ സംഘങ്ങള്‍ തമ്മിലാകണം. പൂര്‍ണ്ണമായും സ്വതന്ത്രരാവണം അവര്‍. അതേ സമയം ഞങ്ങളുടെ നേതാക്കള്‍ ജയിലിലാണ്. ഞങ്ങള്‍ അറസ്റ്റ് വാറന്റ് പ്രതീക്ഷിച്ചിരിക്കുന്നു. പല നേതാക്കളുടെയും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. ഞങ്ങളുടെ ടി വി ചാനലുകള്‍ പൂട്ടിയിരിക്കുകയാണ്. എന്തു തരം സമവായമാണ് ഇത്തരമൊരവസരത്തില്‍ സാധ്യമാകുക? നിങ്ങള്‍ ഒരാളുടെ തലക്കു മുകളില്‍ തോക്കു ചൂണ്ടിയിട്ട് സമവായത്തിനു തയ്യാറുണ്ടോ എന്നു ചോദിക്കുന്നതു പോലെയാണിത്.
2.    അപ്പോള്‍ ഒരു തരത്തിലുമുള്ള സമവായവും നടക്കുന്നില്ലെങ്കില്‍, പ്രതിഷേധം ഇങ്ങനെ അനിയന്ത്രിതമായി തുടര്‍ന്നു പോയാല്‍, രാജ്യവും ബ്രദര്‍ഹുഡും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുകയില്ലേ?
    അങ്ങനെയെങ്കില്‍ ഇപ്പോള്‍ നടക്കുന്നതിനെ നിങ്ങള്‍ എന്താണ് വിളിക്കുക? ഇപ്പോള്‍ തന്നെ സംഘര്‍ഷമുണ്ടല്ലോ? അവര്‍ ഞങ്ങളെ വെടിവക്കുന്നു, ജയിലിലടക്കുന്നു, കൊല്ലുന്നു, ഇതൊക്കെയും കണ്ടില്ലെന്ന് നടിക്കാനാകുമോ? ജനുവരി 25 വിപ്ലവത്തിന്റെ സമയം ആരും തന്നെ ഇങ്ങനെ കരുതിക്കാണുകയില്ല. എന്നാല്‍ അന്നത്തെ പ്രധാന സവിശേഷത ചില പ്രത്യേ ലക്ഷ്യത്തിനു വേണ്ടി ഈജിപ്ഷ്യന്‍ ജനത ഒറ്റക്കെട്ടായി നിലകൊണ്ടു എന്നതാണ്. മുബാറക്കിനെയും അയാളുടെ അധികാര വ്യവസ്ഥയെയും പുറത്താക്കുകയെന്ന ലക്ഷ്യം. എന്നാല്‍ അത് പൂര്‍ണ്ണമായും നടന്നില്ല. മുബാറക്ക് താല്‍ക്കാലികമായി പോയി, പക്ഷെ പഴയ വ്യവസ്ഥ നിലനിന്നു. രഹസ്യമായി അവര്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്തു, പ്രവര്‍ത്തിച്ചു, അങ്ങനെ ഈ സന്ദര്‍ഭത്തിനായി പ്രവര്‍ത്തിച്ചു. ഈജിപ്ഷ്യരിലധികപേര്‍ക്കും ഇതു വരെ അത് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പതിയെ അവര്‍ അത് മനസ്സിലാക്കും.
3.    മുര്‍സി തിരിച്ചുവരുമെന്ന് യാഥാര്‍ഥ്യബോധമുള്ള ആരെങ്കിലും കരുതുമോ?
    ഇവിടെ പ്രശ്‌നം അതല്ല. ഞങ്ങള്‍ക്ക് നിയമപ്രാബല്യമുണ്ട്. അത് പ്രസിഡന്റിന്റെ മാത്രം കാര്യമല്ല. ഞങ്ങള്‍ക്ക് പ്രസിഡന്റുണ്ട്, ഭരണഘടനയുണ്ട്, ശൂറാ കൗണ്‍സിലുണ്ട്, പാര്‍ലിമെന്റുണ്ട്. ഇതൊക്കെയും തെരഞ്ഞെടുക്കപ്പെട്ട സംവിധാനങ്ങളാണ്. ജനങ്ങള്‍ അംഗീകരിച്ചത്. ജനാധിപത്യ രീതിയില്‍ ജനങ്ങള്‍ തെരഞ്ഞെടുത്തത്. അപ്പോള്‍ ഇത് പ്രസിഡന്റിന്റെ മാത്രം കാര്യമല്ല. ജനാധിപത്യ രീതിയിലുള്ള മൊത്തം സംവിധാനത്തിന്റെ പ്രശ്‌നമാണ്.വാദത്തിനു വേണ്ടി പ്രസിഡന്റ് തിരിച്ചു വരില്ല എന്നു സമ്മതിച്ചാല്‍ തന്നെയും ഇതാണ് സ്ഥിതി. ഭരണഘടന സസ്‌പെന്റ് ചെയ്തതിനെ എങ്ങനെ ഞങ്ങള്‍ സ്വാഗതം ചെയ്യും. ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണഘടനയും ശൂറാ കൗണ്‍സിലും പിരുച്ചുവിടാന്‍ ആര്‍ക്കാണ് അധികാരമുള്ളത്?
തീര്‍ച്ചയായും പ്രസിഡന്റും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടത് തന്നെയാണ്. എന്നാല്‍ ചിലയാളുകള്‍ പ്രസിഡന്റ് പരാജയമാണെന്നും അദ്ദേഹത്തെ മാറ്റണമെന്നും ആവശ്യപ്പെട്ടാല്‍ സൈനിക അട്ടിമറിക്ക് അതൊരു ന്യായമാകാന്‍ പാടില്ലല്ലോ? അങ്ങനെയെങ്കില്‍ ലോകത്ത് എല്ലാ നേതാക്കന്‍മാരെയും ഇഷ്ടമില്ലാത്ത ജനതയുടെ അഭിപ്രായത്തെ മാനിച്ച് അനുദിനം അട്ടിമറികള്‍ സംഭവിച്ചു കൊണ്ടേയിരിക്കും.എല്ലായിടത്തും എന്നും സൈനിക അട്ടിമറി. എന്നാല്‍ വളരെ യാഥാര്‍ഥ്യ ബോധത്തോടെ പറയട്ടെ, ചിലപ്പോള്‍ പ്രസിഡന്റിനു തുടരാന്‍ പ്രയാസമുണ്ടാകുമായിരിക്കും. അതുകൊണ്ടുതന്നെ ഞങ്ങള്‍ ഏതു തരത്തിലുളള നിര്‍ദേശങ്ങള്‍ക്കും ഒരുക്കമാണ്. അദ്ദേഹം തിരിച്ചു വന്നാല്‍ രാജിവക്കുമായിരിക്കും, അതല്ലെങ്കില്‍ ഒരു ഹിതപരിശോധന നടത്തുമായിരിക്കും, അതുമല്ലെങ്കില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നേരത്തെയാക്കുമായിരിക്കും. പക്ഷെ ഇവിടെ പ്രശ്‌നം പ്രസിഡന്റല്ല. സൈനിക സഹായത്തോടു കൂടിയുള്ള പഴയ വ്യവസ്ഥ തന്നെയാണ് പ്രശ്‌നം. അവര്‍ തിരിച്ചു വരാന്‍ ശ്രമിക്കുകയാണ്. അതിനു വേണ്ടി അവര്‍ എല്ലാം തകര്‍ക്കുകയാണ്.
4.    മുര്‍സി തിരിച്ചു വരേണ്ടതില്ലെന്നാണോ താങ്കള്‍ നിര്‍ദേശിക്കുന്നത്?
    ഇപ്പോള്‍ ഞങ്ങള്‍ പ്രസിഡന്റിന്റെയോ എഫ.് ജെ. പിയുടെയോ കാര്യമല്ല പറയുന്നത്. ഞങ്ങള്‍ പറയുന്നു, ഞങ്ങള്‍ക്ക് നിയമപ്രാബല്യമുണ്ട് എന്ന്. അദ്ദേഹം തിരിച്ചു വരുമായിരിക്കും. അല്ല അദ്ദേഹം തിരിച്ചു വരുക തന്നെ വേണം. പക്ഷെ അതിനുശേഷം എന്തും സംഭവിക്കാം. ചിലപ്പോള്‍ അദ്ദേഹം ഒരു മിനുട്ട് നേരത്തേക്ക് വേണ്ടി മാത്രമായിരിക്കും തിരിച്ചു വരുക. അദ്ദേഹം തിരിച്ചു വന്നാല്‍ ആദ്യമായി രാജിവക്കും, അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും, അതുമല്ലെങ്കില്‍ ഹിതപരിശോധന നടത്തും എന്നു തുടങ്ങി ചില ധാരണകളില്‍ വേണമെങ്കില്‍ നമുക്ക് എത്തിച്ചേരുകയുമാകാം. അതൊരിക്കലും പ്രസിഡന്റ് എന്ന വ്യക്തിയുമായി ബന്ധപ്പെട്ട കാര്യമല്ല. തീര്‍ച്ചയായും അത് ചിത്രത്തിനു പുറത്തുള്ള കാര്യമാണ്. ഞങ്ങളുടെ മുഖ്യ പരിഗണയിലുള്ള ആദ്യ വിഷയം ജനാധിപത്യത്തെ തിരിച്ചു കൊണ്ടുവരുക എന്നതാണ്. അപ്പോള്‍ മാത്രമേ ജനങ്ങള്‍ക്ക് അവരുടെ താല്‍പര്യങ്ങള്‍ പ്രകടിപ്പിക്കാന്‍ സാധിക്കൂ. പ്രസിഡന്റ്, ശൂറാ കൗണ്‍സില്‍, ഭരണഘടന തുടങ്ങിയവയുടെ വെളിച്ചത്തില്‍ ഞങ്ങള്‍ക്ക് എന്തിനും ഉറപ്പു നല്‍കാനാകും. എന്നാല്‍ ഞങ്ങള്‍ക്ക് അത് തീരുമാനിക്കാന്‍ ഒരു പാര്‍ലിമെന്റാവശ്യമാണ്. ഭരണഘടനാപരമായ ഒരു വേദിയില്‍ ഞങ്ങള്‍ക്കത് ചര്‍ച്ച ചെയ്യണം. അതിനൊരു ദിവസമെങ്കിലും ആവശ്യമാണ്.
5.    രാജ്യം മുന്നോട്ട് സഞ്ചരിക്കുക തന്നെയല്ലേ? ഇവിടെ ഒരു താല്‍ക്കാലിക പ്രസിഡന്റുണ്ടല്ലോ? തെരഞ്ഞെടുപ്പിനായൊരു ടൈം ടേബിളും?
    പലകാരണങ്ങളാലും ഇത് യാഥാര്‍ഥ്യമല്ല എന്നു ഞങ്ങള്‍ കരുതുന്നു. അവര്‍ എപ്പോഴും ആറു മാസത്തെ താല്‍ക്കാലിക പരിധി പ്രഖ്യാപിക്കും. എന്നാല്‍ അത് നടക്കാറില്ല. രാജ്യം തയ്യാറായിട്ടില്ല, നമ്മുടെ സാമ്പത്തികാവസ്ഥ മോശമാണ് തുടങ്ങി ഇളവുകള്‍ പറഞ്ഞും ചിലപ്പോള്‍ അക്രമങ്ങള്‍ സംഘടിപ്പിച്ചും അവര്‍ അത് നീട്ടിക്കൊണ്ടുപോകും.
    തുടച്ചു നീക്കപ്പെട്ട നിലയില്‍ ഞങ്ങള്‍ക്കെങ്ങനെയാണ് സംഭാവനകളര്‍പ്പിക്കാനാവുക? ഞങ്ങളുടെ നേതാക്കള്‍ ജയിലിലാണ്. പാര്‍ട്ടിയുടെ ചെയര്‍മാനെ ഒരു കുറ്റവും ചുമത്താതെ മോശമായ രീതിയില്‍ ജയിലിലടച്ചു. ഇതിനി എവിടെ വരെ എത്തുമെന്ന് എനിക്കറിയില്ല. കുറെ പേര്‍ അറസ്റ്റ് പ്രതീക്ഷിച്ചിരിക്കുന്നു, കുറെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടു കിടക്കുന്നു. ഇതിനിയും വര്‍ദ്ധിക്കാനാണ് സാധ്യത. കാരണം പുറത്താക്കപ്പെട്ടവര്‍ തിരുച്ചു വരാതിരിക്കാന്‍ അവരെക്കൊണ്ടാവുന്നതൊക്കെ അവര്‍ ചെയ്യും. അപ്പോള്‍ അവരുടെ താല്‍പര്യം വളരെ വ്യക്തമാണ്. ഞങ്ങളെ എങ്ങനെയെങ്കിലും തിരിച്ചു വരാന്‍ പറ്റാത്ത രീതിയില്‍ പുറത്താക്കണം. പക്ഷെ ഞങ്ങള്‍ അതിനനുവദിക്കില്ല.
6.    കഴിഞ്ഞ ഒരു വര്‍ഷമായി മുര്‍സി സൈന്യത്തിന്റെ അധികാരം ഇല്ലാതാക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പൊതു ധാരണ. എന്നാല്‍ കുറച്ചു ആഴ്ചകളായി അത് സത്യമാണെന്നാണോ പറയുന്നത്?
    ഞങ്ങള്‍ ജനങ്ങളോട് നിരന്തരമായി പറഞ്ഞിരുന്നതാണ് ഞങ്ങളുടെ കയ്യില്‍ അധികാരമില്ല എന്നത്. എന്നാല്‍ ജനങ്ങള്‍ അത് വിശ്വസിച്ചില്ല. രാജ്യത്തെ ബ്രദര്‍ഹുഡ് വല്‍ക്കരിക്കുന്നു എന്ന പഴി ഞങ്ങള്‍ നിരന്തരം കേട്ടുകൊണ്ടിരുന്നു. എല്ലായിടത്തും ഞങ്ങളുടെ ആളുകളെ നിയമിച്ച് എല്ലാ മേഖലകളും നിയന്ത്രിക്കുന്നു എന്ന്. പക്ഷെ ഒന്നും തകര്‍ന്നില്ല. തകര്‍ക്കാനായി ഒരു അധികാരവുമുണ്ടായിരുന്നില്ല. ഞങ്ങള്‍ ആവുന്ന പോലെ പരിശ്രമിച്ചു. ഇവിടെ മന്ത്രിമാരുണ്ടായിരുന്നു, ഗവര്‍ണറുണ്ടായിരുന്നു, ജോലിക്കാരുണ്ടായിരുന്നു, മാത്രമല്ല; വളരെ വലിയ ഒരു ശക്തി ഞങ്ങളെ എതിര്‍ത്തിട്ടും ചിലതൊക്കെ നേടാന്‍ ഞങ്ങള്‍ക്കായി. ഞങ്ങളുടെ പരിശ്രമങ്ങളെ തടയാന്‍ രാജ്യം ഒന്നിച്ച് പരിശ്രമിക്കുന്നതു പോലെയായിരുന്നു. പക്ഷെ പതിയെപതിയെ ഞങ്ങള്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കുകയായിരുന്നു. ഒറ്റയടിക്ക് കാര്യങ്ങള്‍ മാറ്റുകയെന്നത് പരാജയമാകുമെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടു തന്നെ പതിയെ പതിയെ ഒരു മാറ്റമായിരുന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ മൊത്തം നിയന്ത്രണം ഞങ്ങളുടെ കയ്യിലായിരുന്നില്ല. പ്രസിഡന്റിന് ആകെയുണ്ടായിരുന്നത് 25 ശതമാനം നിയന്ത്രണമായിരുന്നു. അതു തന്നെ അദ്ദേഹത്തിന്റെ നിയമപരമായ അധികാരം മാത്രമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥ വൃന്ദം പോലീസും സൈന്യവും മൊത്തത്തില്‍ അദ്ദേഹത്തിനെ സംരക്ഷിക്കുന്നതിനു പകരം എതിര്‍ക്കുകയായിരുന്നു. തങ്ങള്‍ എന്താണോ ചെയ്യേണ്ടത് അത് ചെയ്യുന്നതിനു പകരം സൈന്യം തങ്ങളുടെതായ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. പുറത്ത് ഒരു കാര്യത്തിലും ഇടപെട്ടിരുന്നില്ലെങ്കിലും ജുഡീഷ്യറി മൊത്തത്തില്‍ ഞങ്ങള്‍ക്കെതിരിലായിരുന്നു. പലപ്പോഴും മാധ്യമങ്ങളും അല്ല; രാജ്യം മൊത്തത്തിലും ഞങ്ങള്‍ക്കെതിരില്‍ നിന്നു. അതുകൊണ്ടു തന്നെ അദ്ദേഹം എപ്പോഴും പ്രശ്‌നത്തിലായിരുന്നു. ഞങ്ങള്‍ക്ക് അത്രമാത്രം അധികാരം ഇല്ലാതിരുന്നതിനാല്‍ അവരുടെ അട്ടിമറി എളുപ്പമായി.
7.    നിലവില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനെ താങ്കള്‍ എതിര്‍ക്കുന്നു. എന്നാല്‍ 2011 ല്‍ സൈനിക നേതൃത്വം തെരഞ്ഞെടുപ്പ് എന്ന ആശയം മുന്നോട്ട് വച്ചപ്പോള്‍ ബ്രദര്‍ഹുഡ് അവരെ പിന്തുണച്ചിരുന്നല്ലോ?
    അന്ന് സൈന്യം മുന്നോട്ട് വച്ച രൂപരേഖ മൊത്തം ഈജിപ്ഷ്യന്‍ ജനതക്ക് സ്വീകാര്യമായിരുന്നു. അത് ബ്രദര്‍ഹുഡ് മാത്രം സ്വീകരിച്ചു എന്ന രീതിയില്‍ വിലയിരുത്തേണ്ടുന്ന വിഷയമല്ല. മറിച്ച് മാര്‍ച്ചില്‍ നടത്തിയ ഹിതപരിശോധനയിലൂടെ രാജ്യത്തെ മൊത്തം ജനതയും സ്വീകരിച്ചതാണ്. 78 ശതമാനും പേരും അതിനെ അനുകൂലിച്ചു.    തെരഞ്ഞെടുപ്പ് നടത്തുകയാണ് ജനാധിപത്യം തിരിച്ചുപിടിക്കാന്‍ ഒരേയൊരു മാര്‍ഗമെന്ന് എന്നും ഞങ്ങള്‍ പറയുന്നു. പക്ഷെ അത് ഞങ്ങളുടെ കടമയാണ്. കാരണം ഞങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയാണ്. ഞങ്ങളെ അതില്‍ നിന്നും തടഞ്ഞാല്‍ പിന്നെ ഞങ്ങള്‍ എന്തു ചെയ്യും? ജനങ്ങള്‍ക്ക്് അവര്‍ ആഗ്രഹിക്കുന്നവരെ അധികാരത്തില്‍ കൊണ്ടുവരാനും ഇഷ്ടമില്ലെങ്കില്‍ അവരെ മാറ്റാനും സാധിക്കുന്നത് തെരഞ്ഞെടുപ്പിലൂടെയാണ്. അത് അതിന്റെ മുറപ്രകാരം നടക്കുമ്പോഴാണ് ജനാധിപത്യം നിലനില്‍ക്കുക.
 വിവ : അത്തീഖുറഹ്മാന്‍

Related Articles