Current Date

Search
Close this search box.
Search
Close this search box.

ജനങ്ങള്‍ക്ക് എര്‍ദോഗാനെ മടുത്തിട്ടില്ല

Enbiya-Yildirim.jpg

തുര്‍ക്കിയിലെ അങ്കാറ യൂനിവേഴ്‌സിറ്റി പ്രഫസറും ഹദീസ് പണ്ഡിതനുമാണ് ഡോ. ഇന്‍ബിയ യില്‍ദ്രിം (Enbiya Yildirim). കേരളത്തില്‍ എത്തിയ അദ്ദേഹവുമായി ഇസ്‌ലാം ഓണ്‍ലൈവിന് വേണ്ടി ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയ അധ്യാപകന്‍ ഷംസീര്‍ എ.പി നടത്തിയ അഭിമുഖം:

തുര്‍ക്കിയെന്ന് കേള്‍ക്കുമ്പോള്‍ ലോകത്തെ ഇസ്‌ലാമിസ്റ്റുകളുടെ മനസ്സിലേക്ക് വരുന്ന ആദ്യ പേര് അതിന്റെ പ്രസിഡന്റ് എര്‍ദോഗാനാണ്. അദ്ദേഹത്തെ കുറിച്ച് എന്തു പറയുന്നു?
– പകരക്കാരനില്ലാത്ത നേതാവാണ് എര്‍ദോഗാന്‍. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം അത്രമേല്‍ തിളക്കമാര്‍ന്നതാണ്. കടുത്ത യാഥാസ്ഥിതിക മുസ്‌ലികളും തീവ്ര സെക്കുലരിസ്റ്റുകളും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുണ്ട്. അദ്ദേഹം വിപ്ലവവും വികസനവും പ്രസംഗിക്കുകയായിരുന്നില്ല, ചെയ്ത് കാണിക്കുകയായിരുന്നു. നമ്മെക്കാള്‍ നന്നായി അദ്ദേഹം ഖുര്‍ആന്‍ പാരായണം ചെയ്യും. പ്രസംഗങ്ങളില്‍ ഖുര്‍ആന്‍ ആയതുകള്‍ ഉദ്ധരിക്കും. ധാരാളം കവിതകള്‍ അദ്ദേഹത്തിന് മനപാഠമാണ്. യൂറോപ്പിന് അദ്ദേഹം കടുത്ത കണ്‍സര്‍വേറ്റീവ് ഇസ്‌ലാമിസ്റ്റായിരിക്കാം. എന്നാല്‍ ശക്തമായ സെക്കുലര്‍ ചായ്‌വ് ഇപ്പോഴും നിലനില്‍ക്കുന്ന തുര്‍ക്കിയില്‍ എര്‍ദോഗാന് പകരം വെക്കാവുന്ന മറ്റൊരു നേതാവില്ല. അവസാനം പ്രസിഡണ്ട് തിരഞ്ഞെടുപ്പിലും എല്ലാ പ്രതിസന്ധികളും മറികടന്ന് 51% വോട്ട് നേടി. ജനങ്ങള്‍ക്ക് മടുത്തിരുന്നുവെങ്കില്‍ അദ്ദേഹം ഒരിക്കലും പ്രസിഡണ്ടാകുമായിരുന്നില്ല. നോക്കൂ എര്‍ദോഗാന്‍ ഏകാധിപധിയാണെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ഇവിടുത്തെ ജനാധിപത്യം വളരെ സുതാര്യമാണ്. യൂറോപ്യന്‍ യൂനിയന്റെ നിരീക്ഷണത്തിലാണ് തിരഞ്ഞെടുപ്പ്. 51 % ശതമാനമാനത്തിന്റെ ജനാധിപത്യമാണ്. അല്ലാതെ സീസിയുടെയും ബശ്ശാറുല്‍ അസദിന്റെയും 99% ശതമാനത്തിന്റെ ജനാധിപത്യ പ്രഹസനമല്ല. വിശപ്പ് മാറിയാല്‍ കരടി ആരെയും ഉപദ്രവിക്കില്ല എന്ന ഒരു ചൊല്ല് നമ്മുടെ നാട്ടിലുണ്ട്. എര്‍ദോഗാനാണ് തുര്‍ക്കിയുടെ സുഭിക്ഷതക്ക് കാരണം എന്ന് ഏത് തീവ്ര സെക്കുലരിസ്റ്റിനും ഇവിടെ അറിയാം. അവര്‍ അത് അനുഭവിക്കുന്നവരാണ്. എന്നാല്‍ തുര്‍ക്കിയോടുള്ള യൂറോപ്പിന്റെ രോഗം ഇസ്‌ലാമോഫോബിയയാണ്.

അവസാനം മ്യാന്‍മാറിലും തുര്‍ക്കി ഇടപെട്ടല്ലൊ?
– അതാണ് എര്‍ദോഗാന്‍. അത് കൊണ്ടെല്ലാമാണ് ഞങ്ങള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നത്. അദ്ദേഹം ലോക മുസ്‌ലിം ഉമ്മത്തിന്റെ നായകനാണ് ഒരര്‍ത്ഥത്തില്‍. മ്യാന്‍മാര്‍ മാത്രമല്ല. നിലവില്‍ 80 മില്യന്‍ അഭയാര്‍ത്ഥികളെയാണ് തുര്‍ക്കി സംരക്ഷിക്കുന്നത്. സിറിയ മുതല്‍ ആഫ്രിക്ക വരെ. ഇന്ന് തുര്‍ക്കി ഇസ്തംബൂള്‍ എയര്‍പോര്‍ട്ടില്‍ നിന്നാല്‍ ഹജ്ജിന് ഹറമില്‍ എത്തിയ പ്രതീതിയാണ്. അത്രമേല്‍ വൈവിധ്യങ്ങളെ നാം സ്വാംശീകരിക്കുന്നുണ്ട്.

ഏതെങ്കിലും ഇന്ത്യന്‍ പണ്ഡിതന്‍മാര്‍ താങ്കളെ സ്വാധീനിച്ചിട്ടുണ്ടോ?
– സംശയമെന്ത്, സയ്യിദ് അബുല്‍ അഅdലാ മൗദൂദി. അദ്ദേഹത്തിന്റെ ഏതാണ്ടെല്ലാ കൃതികളും ടര്‍ക്കിഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തഫ്ഹീമുല്‍ ഖുര്‍ആന്‍ ഒരു വിസ്മയമാണ്. അങ്ങിനെയൊന്ന് ഇസ്‌ലാമിക ചരിത്രത്തിലുണ്ടായിട്ടില്ല. അദ്ദേഹം ഒരായത്ത് വിശദീകരിക്കുമ്പോള്‍ നമ്മുടെ ചുറ്റുപാടുകളുമായി ബന്ധപ്പെടുത്തി നടത്തുന്ന നിരീക്ഷണങ്ങള്‍ അദ്വിതീയമാണ്. എന്നാല്‍ ചില കാര്യങ്ങളിലെ അദ്ദേഹത്തിന്റെ കടും പിടുത്തത്തിന് ചില പ്രശ്‌നങ്ങളുണ്ട്. അദ്ദേഹത്തിന്റെ ‘റസാഇല്‍ വമസാഇല്‍’ എന്ന കൃതി ഞാന്‍ വായിച്ചിട്ടുണ്ട്. അതിലൊരു ചോദ്യം പട്ടാളത്തില്‍ സെലക്ഷന്‍ കിട്ടിയ ഒരു ചെറുപ്പക്കാരന്റെതായിരുന്നു. പട്ടാളത്തില്‍ ചേരണമെങ്കില്‍ താടി വടിക്കല്‍ നിര്‍ബന്ധമാണ്. ഈ സാഹചര്യത്തില്‍ എന്ത് തീരുമാനമെടുക്കണം എന്ന ചോദ്യത്തിന് മൗദൂദി സാഹിബ്  താടി വെക്കല്‍ സുന്നത് നിലനിര്‍ത്താന്‍ പട്ടാള ജോലി ഒഴിവാക്കുകയാണ് വേണ്ടത് എന്നാണ് ഉത്തരം നല്‍കിയത്. ഇത് ഒരിക്കലും ഹിക്മതല്ല. നോക്കൂ എര്‍ദോഗാന്‍ ഇത്തരം സെക്കgലര്‍ അടിച്ചേല്‍പിക്കലുകളെ എത്ര നയപരമായാണ് മറികടക്കുന്നത്.

മുസ്‌ലിം ലോകത്തെ ശിയാ-സുന്നി സംഘര്‍ഷത്തെക്കുറിച്ച്?
– ശിയാക്കള്‍ക്ക് മുസ്‌ലിം ലോകത്ത് പ്രത്യേക താല്‍പര്യങ്ങളുണ്ട്. അവര്‍ ഫിത്‌ന വിതക്കാനാണ് ശ്രമിക്കുന്നത്. തെഹ്‌റാനില്‍ ഒരു സുന്നി പള്ളി നിര്‍മ്മിക്കാന്‍ അവര്‍ അനുവദിക്കില്ല. എന്നാല്‍ മുസ്‌ലിം ലോകത്തെവിടെയും അവര്‍ക്കെന്തുമാകാം. നാം കാണിക്കുന്ന സഹിഷ്ണുത അവര്‍ക്കില്ല. എന്നാല്‍ പല ഗൂഢലക്ഷ്യങ്ങുണ്ട് താനും.

അപ്പോള്‍ ഇറാന്‍ തുര്‍ക്കി ബന്ധത്തെ എങ്ങനെയാണ് നിങ്ങള്‍ വിലയിരുത്തുന്നത്?
– തുര്‍ക്കിയുടെ വിശാല താല്‍പര്യം മുന്‍നിറുത്തി എല്ലാ രാജ്യങ്ങളോടും സ്വീകരിക്കുന്ന എര്‍ദോഗാന്റെ നയന്ത്രത്തിന്റെ ഭാഗം മാത്രമാണ് തുര്‍ക്കി – ഇറാന്‍ ബന്ധം. അല്ലാതെ ശിഈ പ്രേമമായി അതിനെ വിലയിരുത്താവതല്ല. അതുപോലെ സഊദിയും തുര്‍ക്കിയും തമ്മിലും ശക്തമായ ബന്ധം നിലനില്‍ക്കുന്നുണ്ടല്ലോ.

കേരളത്തെ എങ്ങനെയാണ് താങ്കള്‍ കാണുന്നത്?
– ഞാന്‍ ഒരു പാട് കേട്ടിട്ടുണ്ട്. ഇവിടുത്തെ പ്രകൃതി ദൃശ്യങ്ങള്‍ കാണുമ്പോള്‍ ഒറ്റ വാക്കില്‍ ഭൂമിയിലെ സ്വര്‍ഗ്ഗമെന്നേ വിശേഷിപ്പിക്കാനാകൂ. വിദ്യാഭ്യാസത്തിലും ജീവിത നിലവാരത്തിലും ഇന്ത്യയില്‍ ഏറെ പുരോഗതി കൈവരിച്ച നാടാണിതെന്നും മനസിലാക്കിയിട്ടുണ്ട്. മറ്റ് പല നാടുകളെയും അപേക്ഷിച്ച് ഇവിടുത്തെ മുസ്‌ലിംകള്‍ വളരെ പ്രതാപത്തോടെ ജീവിക്കുന്നു എന്നതും സന്തോഷകരമായ കാര്യമാണ്.

Related Articles