Current Date

Search
Close this search box.
Search
Close this search box.

ഗുജറാത്ത് പൊലീസ് ഭയപ്പെടുന്ന എഴുത്തുകാരന്‍

2002 സെപ്റ്റംബര്‍ 24 ഉച്ചതിരിഞ്ഞ് തോക്കുധാരികളായ മുര്‍തസ ഹാഫിസ് യാസീന്‍, അഷ്‌റഫ് അലി മുഹമ്മദ് ഫാറൂഖ് എന്നിവര്‍ ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രത്തിനകത്ത് കടക്കുകയും അവിടെയുണ്ടായിരുന്ന ഭക്തജനങ്ങള്‍ക്കു നേരെ നിറയൊഴിക്കുകയും ചെയ്തു. മുപ്പത് പേര്‍ കൊല്ലപ്പെട്ടു, 86 പേര്‍ക്ക് പരിക്കേറ്റു. അധികം വൈകാതെ ദേശീയ സുരക്ഷാ സേനാംഗങ്ങള്‍ ഇടപെടുകയും പാകിസ്ഥാനില്‍ നിന്നുള്ള ലശ്കറെ ത്വയിബയുമായി ബന്ധമുള്ളവരെന്ന് ആരോപിക്കപ്പെട്ട രണ്ട് പേരെ വെടിവെച്ച് കൊല്ലുകയും ചെയ്തു.

ഉടനെ കേസ് ഗുജറാത്തിലെ ഭീകരവിരുദ്ധ സ്‌ക്വാഡിന് കൈമാറുകയും ഒരു വര്‍ഷം മുഴുവന്‍ അന്വേഷണം നടത്തി. ആക്രമണത്തിന് ഗുജറാത്തില്‍ നിന്നും പിന്തുണയുണ്ടായിരുന്നുവെന്നതിന് യാതൊരു തെളിവും കണ്ടെത്താനുമായില്ല. 2003 ആഗസ്റ്റ് 28ന് ജി.എസ്. സിംഗാള്‍ നേതൃത്വം നല്‍കുന്ന ഗുജറാത്ത് ക്രൈം ബ്രാഞ്ചിന് കേസ് കൈമാറി. കേസ് ഏറ്റെടുത്ത് മണിക്കൂറുകള്‍ക്കകം ഗുജറാത്തിന്റെ മുന്‍ ഡി.ഐ.ജിയും മുന്‍ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ തലവനുമായിരുന്ന ഡി.ജി. വന്‍സാരയില്‍ നിന്നും സിംഗാളിന് ഒരു ഉപായം കിട്ടി. എ.ടി.എസ് തലവനായിരിക്കെ നിരവധി ഏറ്റുമുട്ടല്‍ കൊലകള്‍ക്ക് പേരെടുത്തയാളും അതിന്റെ പേരില്‍ 2007 മുതല്‍ 2015 വരെ ജയില്‍ശിക്ഷ അനുഭവിച്ചയാളുമാണ് വന്‍സാര.

തൊട്ടടുത്ത ദിവസം, കേസിന്റെ ചുരുളഴിച്ചെന്നും അക്ഷര്‍ധാം ആക്രമണം അന്താരാഷ്ട്രപദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്യപ്പെട്ടതാണെന്നും അവകാശപ്പെട്ടു കൊണ്ട് വന്‍സാര രംഗത്ത് വന്നു. ജയിഷെ മുഹമ്മദ്, ലശ്കറെ ത്വയിബ, പാകിസ്ഥാന്റെ ഐഎസ്‌ഐ, സൗദിയിലെ റിയാദില്‍ നിന്നും അഹ്മദാബാദിലെ ഒരു മുസ്‌ലിം സംഘത്തിന്റെയും പിന്തുണയോടെയാണ് ആക്രമണം നടത്തിയത് എന്നായിരുന്ന വന്‍സാരയുടെ വാദം.

2003 ആഗസ്റ്റ് 29ന് അഹ്മദാബാദിലെ അഞ്ച് മുസ്‌ലിംകള്‍ ഗുജറാത്തിലെ പോട്ട എന്ന കരിനിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടു. അവരിലൊരാളായിരുന്ന മുഫ്തി അബ്ദുല്‍ ഖയ്യൂം. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ആക്രമണത്തില്‍ പങ്കുണ്ടെന്നാരോപിച്ച് കാശ്മീരില്‍ നിന്നും ഒരാളെ അറസ്റ്റ് ചെയ്തു. 2006ല്‍ ആറു പ്രതികളില്‍ അബ്ദുല്‍ ഖയ്യൂം ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ ഗുജറാത്തിലെ പോട്ട കോടതി വധശിക്ഷ വിധിച്ചു. മറ്റു മൂന്ന് പേര്‍ക്കെതിരെ ജീവപര്യന്തവും. 2010ല്‍ ഗുജറാത്ത് ഹൈകോടതി ആ വിധി ശരിവെച്ചു. എന്നാല്‍ 2014 മെയ് 16ന് നരേന്ദ്ര മോദി അധികാരത്തിലേറിയ ദിവസം തന്നെ ആറു പേരെയും സുപ്രീം കോടതി വെറുതെ വിട്ടു. ഗുജറാത്ത് പൊലീസിനെയും അക്ഷര്‍ധാം കേസിലെ അന്വേഷണത്തെയും കോടതി വിമര്‍ശിച്ചു. ഒരു വര്‍ഷം മുഴുവന്‍ ഗുജറാത്ത് ഭീകരവിരുദ്ധ സംഘം ഇരുട്ടിലേക്ക് നിറയൊഴിക്കുകയായിരുന്നെന്നും അക്ഷര്‍ധാം ക്ഷേത്രാക്രമണവുമായി ബന്ധപ്പെട്ട ഒരാളെയും കണ്ടെത്താന്‍ ഗുജറാത്ത് പൊലീസിനായിട്ടില്ലെന്നും കോടതി പറഞ്ഞു.

44 കാരനായ അബ്ദുല്‍ ഖയ്യൂം തന്റെ അനുഭവങ്ങളെ ഗ്യാരഹ് സാല്‍ സലാഖോന്‍ കെ പീചെ (അഴികള്‍ക്ക് പുറകിലെ പതിനൊന്ന് വര്‍ഷങ്ങള്‍) എന്ന പേരില്‍ ഒരു പുസ്തകമാക്കാന്‍ തീരുമാനിച്ചു. പക്ഷപാതപരവും നീതിരഹിതവുമായ അന്വേഷണങ്ങളുടെയും അതിന്റെ പേരില്‍ താന്‍ അനുഭവിച്ച പീഢനങ്ങളുടെയും അക്ഷരരൂപമാണ് പുസ്തകം. കഴിഞ്ഞ വ്യാഴാഴ്ച പുസ്തകം പ്രകാശനം ചെയ്‌തെങ്കിലും ഗുജറാത്ത് പൊലീസ് അദ്ദേഹത്തോട് പുസ്തകം പുറത്തിറക്കരുതെന്നും അക്ഷര്‍ധാം ആക്രമണവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുണ്ടാവരുതെന്നും ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സംഭവിച്ചേക്കാവുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് താന്‍ ഉത്തരവാദിയായിരിക്കുമെന്നും പൊലീസ് അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കി.
അഹ്മദാബാദിലെ ധരിയാപൂരില്‍ വെച്ച് സഹീര്‍ ജാന്‍ മുഹമ്മദ് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് അദ്ദേഹവുമായി സംസാരിച്ചു.

സഹീര്‍ ജാന്‍ മുഹമ്മദ്: 2003ല്‍ താങ്കളുടെ അറസ്റ്റിനുണ്ടായ സാഹചര്യങ്ങളെന്തായിരുന്നു?
ഖയ്യൂം: 2002ലെ ഗുജറാത്ത് കലാപത്തെ തുടര്‍ന്നുണ്ടായ എന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആദ്യം പറയാം. എന്റെ അറസ്റ്റിനുണ്ടായ കാരണങ്ങളെ കുറിച്ച് അപ്പോള്‍ മനസിലാവും. അഹ്മദാബാദ് ദരിയാപൂരില്‍ ആദ്യമായി ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയവരില്‍ ഒരാളായിരുന്നു ഞാന്‍. നരോദ പാടിയയില്‍ നിന്നും ഗുല്‍ബര്‍ഗില്‍ നിന്നും വീടുകള്‍ വിട്ടു പലായനം ചെയ്ത 600നും 700നുമിടയിലുള്ള മുസ്‌ലിംകള്‍ അവിടെയുണ്ടായിരുന്നു. ക്യാമ്പ് തുടങ്ങുമ്പോള്‍ എനിക്ക് 31 വയസ്സായിരുന്നു.

മൂന്ന് വരുമാന സ്രോതസ്സുകളാണ് ക്യാമ്പ് പ്രവര്‍ത്തിപ്പിക്കാന്‍ ഞങ്ങള്‍ക്കുണ്ടായിരുന്നത്: ഒരാള്‍ക്ക് ഒരു ദിവസത്തെ ചെലവിന് 7 രൂപ നിരക്കില്‍ തന്നിരുന്ന സര്‍ക്കാര്‍ കളക്ടറുടെ ഫണ്ട്, എന്‍.ജി.ഒകളുടെ ഫണ്ട്, ജമാഅത്തെ ഇസ്‌ലാമി പോലുള്ള ഇസ്‌ലാമിക സംഘടനകളുടെ ഫണ്ട്. ക്യാമ്പില്‍ പൊലീസ് ഇടക്കിടെ വന്ന് ഞങ്ങളെ ദ്രോഹിക്കുമായിരുന്നു. മുസ്‌ലിങ്ങളെ എന്തിനാണ് സഹായിക്കുന്നതെന്നും അതിന്റെ ഭവിഷ്യത്തുകളെന്തായിരിക്കുമെന്ന നിങ്ങള്‍ക്കറിയില്ലെന്നുമൊക്കെ പൊലീസ് പറഞ്ഞു. സര്‍ക്കാരിന്റെ കളക്ടറുടെ ഓഫീസില്‍ നിന്ന് എന്തിനാണ് ഞങ്ങള്‍ക്ക് പണം തന്ന് സഹായിക്കുന്നത്? കളക്ടര്‍ ചെയ്യാനാവശ്യപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനാണോ പൊലീസ് ഞങ്ങളെ ഉപദ്രവിക്കുന്നത്?

ആഗസ്റ്റ് 2002ല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ അടച്ചുപൂട്ടാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി ഡോ.അബ്ദുല്‍ കലാം അഹ്മദാബാദില്‍ വരുന്നുണ്ടെന്നും ക്യാമ്പുകള്‍ അദ്ദേഹം കാണുന്നതില്‍ ഗുജറാത്ത് സര്‍ക്കാരിന് ഇഷ്ടക്കേടുണ്ടെന്നും അറിയിച്ചു. അതോടെ സാധ്യമാകുന്നിടത്തൊക്കെ മുസ്‌ലിംകള്‍ക്ക് താമസം സംഘടിപ്പിക്കേണ്ടതുണ്ടായി. അത് വളരെ പ്രയാസം പിടിച്ചതായിരുന്നു. ആരും മുസ്‌ലിംകള്‍ക്ക് സ്ഥലം നല്‍കിയിരുന്നില്ല.

2003 ജനുവരി, ഫെബ്രുവരി മാസങ്ങള്‍ മുതല്‍ തബ്‌ലീഗ് ജമാഅത്ത്, ജമാഅത്തെ ഇസ്‌ലാമി പോലുള്ള സംഘടനയില്‍ പെട്ടവരെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യാനാരംഭിച്ചു. ക്യാമ്പുകള്‍ നടത്തുന്നവരെയാണ് സര്‍ക്കാര്‍ ഉന്നമിട്ടത്. ഞാന്‍ ഭയപ്പെട്ടു. പക്ഷെ ഇങ്ങനെയും ചിന്ത എനിക്കുണ്ടായി: ഇതൊക്കെ മുസ്‌ലിംകള്‍ക്ക് എല്ലായ്‌പോഴും സംഭവിക്കുന്നതാണല്ലോ, ഇതിലെന്താണ് പുതുമയുള്ളത്? മറ്റെന്ത് വഴിയാണ് ഞങ്ങളുടെ മുന്നിലുള്ളത്?

2003 ആഗസ്റ്റ് 17ന് മൂന്നോ നാലോ മുസ്‌ലിം പൊലീസ് ഓഫീസര്‍മാര്‍ വീട്ടിലേക്ക് വന്നു. 2002ലെ ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്താന്‍ ലഭിച്ച ഫണ്ടിനെ കുറിച്ച് ചില വിവരങ്ങളാരായാനുണ്ടെന്നും അവരോടൊപ്പം വരണമെന്നും ആവശ്യപ്പെട്ടു.

♦പൊലീസ് നിങ്ങളെ മുമ്പും ഉപദ്രവിച്ചിരിന്നു. എന്നിട്ടും അവരോടൊപ്പം പോകാന്‍ നിങ്ങള്‍ വഴങ്ങിയതെന്തിന്?
വളരെ മാന്യമായിട്ടാണ് അവര്‍ സംസാരിച്ചത്. ഇത് കേവലമൊരു കണക്കെടുപ്പായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. മറച്ചുവെക്കാന്‍ എനിക്കൊന്നുമില്ല താനും. കളക്ടറുടെ കൂടി ധനസഹായത്താല്‍ നടത്തിയിരുന്ന ക്യാമ്പായിരുന്നു അത്. ആയിരക്കണക്കിന് മുസ്‌ലിംകളെ പാര്‍പ്പിച്ചിരുന്ന ശാഹ് ആലമിലേത് പോലെ വലിയ ക്യാമ്പൊന്നുമല്ലല്ലോ ഞങ്ങളുടേത്.

പൊലീസ് സ്റ്റേഷനില്‍ എത്തിയശേഷം എന്താണ് സംഭവിച്ചത്?
2002ല്‍ അക്ഷര്‍ധാം ആക്രമിക്കാന്‍ രണ്ട് ഫിദായീന്‍ ഭീകരവാദികളെ ഹൈദരബാദില്‍ നിന്ന് ഞാന്‍ റിക്രൂട്ട് ചെയ്‌തെന്ന് അവരെന്നോട് പറഞ്ഞു. മറ്റൊരു ഉദ്യോഗസ്ഥന്‍ ഞാന്‍ പാകിസ്ഥാനില്‍ നിന്നും ഭീകരവാദികളെ എത്തിച്ചെന്ന് പറഞ്ഞു. മറ്റൊരാള്‍ കാശ്മീരില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ഞാന്‍ ഭീകരവാദികളെ എത്തിച്ചെന്ന് പറഞ്ഞു. കഥ മെനയാനാണ് അവരുടെ പുറപ്പാടെന്ന് അതോടെ മനസിലായി. എന്നെയും മറ്റു ചിലരെയും ആഗസ്റ്റ് 17 മുതല്‍ ആഗ്‌സ്റ്റ് 29 വരെ അനധികൃത തടവറയില്‍ പാര്‍പ്പിച്ചു. അവരെന്നെ എല്ലാ ദിവസവും പീഢിപ്പിച്ചു.

താങ്കള്‍ അനുഭവിച്ച ഏറെ പീഡനങ്ങള്‍ പുസ്തകത്തില്‍ പറയുന്നുണ്ട്. ഒരു ഉദാഹരണം പങ്കുവെക്കാമോ?
എന്റെ വിരല്‍ത്തുമ്പിലും നഖത്തിനടിയിലും ഇലക്ട്രിക് ഷോക്കേല്‍പിക്കും. ചിലപ്പോള്‍ കാലുകള്‍ കൂട്ടിക്കെട്ടി പുറംഭാഗത്ത് ഷോക്കടിക്കും. തെറിവിളിയും അപമാനിക്കലും. ഭാര്യമാരെയും ഉമ്മമാരെയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. അവരുടെ മര്‍ദ്ദനമേറ്റ് ചില സന്ദര്‍ഭങ്ങളില്‍ ഞാന്‍ അല്ലാഹു അക്ബര്‍ എന്നുച്ചത്തില്‍ വിളിക്കുമ്പോള്‍, നിന്റെ അല്ലാഹുവും ഇപ്പോള്‍ ഞങ്ങളുടെ ഭാഗത്താണെന്ന് അവര്‍ കളിയാക്കും.

കുറ്റസമ്മത മൊഴിയില്‍ ഒപ്പിട്ടില്ലെങ്കില്‍ അഹ്മദാബാദിന് പുറത്ത് കൊണ്ട് ഏറ്റുമുട്ടലുണ്ടാക്കി കൊല്ലുമെന്ന് അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തി. ശരി, നിങ്ങള്‍ക്കെന്നെ കൊല്ലാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍, ഞങ്ങള്‍ നിന്നെയും നിന്റെ ഭാര്യയെയും മക്കളെയും, മാതാപിതാക്കളെയും സുഹൃത്തുക്കളെയും കൊന്നുകളയുമെന്നായി അവര്‍.

ആഗസ്റ്റ് 29ന് എന്താണ് സംഭവിച്ചത്?
ആദ്യം പറയട്ടെ, ആഗ്സ്റ്റ് 25ന് മുസ്‌ലിം സ്ത്രീകളുടെ ഒരു വലിയ പ്രതിഷേധം സംഘടിപ്പിച്ചു. ആ പീഡനമുറിയില്‍ നിന്ന് ഞാന്‍ രക്ഷപ്പെടാന്‍ കാരണം അവരാണ്. സമ്മര്‍ദ്ദം ശക്തമാവുന്നുണ്ടെന്ന് സര്‍ക്കാരിന് ബോധ്യമായപ്പോള്‍ പീഡിപ്പിച്ച് കുറ്റസമ്മത മൊഴിയില്‍ നിര്‍ബന്ധിച്ച് ഒപ്പീടിച്ച് ആഗ്‌സ്റ്റ് 29ന് അവരെന്റെ മേല്‍ കുറ്റം ചാര്‍ത്തി. ഭീകരവാദികള്‍ക്ക് താമസവും, ഭക്ഷണവും യാത്രാസൗകര്യങ്ങളും ചെയ്ത് നല്‍കിയത് ഞാനായിരുന്നു എന്നാണവര്‍ പറഞ്ഞത്. മറ്റ് അഞ്ച് പേരുടെ മേലും അവര്‍ കുറ്റം ചാര്‍ത്തി. അതില്‍ ഒരാളെ മാത്രമേ എനിക്ക് നേരത്തെ പരിചയമുണ്ടായിരുന്നുള്ളൂ. മറ്റുള്ളവരെ ഞാനതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല. കാശ്മീരില്‍ നിന്നുള്ള മറ്റൊരാള്‍ക്കെതിരെയും പിന്നീട് കുറ്റം ചാര്‍ത്തി.

പക്ഷെ, ആക്രമണത്തിന് ആസൂത്രണം ചെയ്തവരില്‍ താങ്കളുണ്ടായിരുന്നു എന്നതിന് സാക്ഷികളുണ്ടായിരുന്നു? ചില സാമൂഹികവിരുദ്ധ സംഘങ്ങളുമായി താങ്കള്‍ക്ക് നേരത്തെ ബന്ധമുണ്ടായിരുന്നതായും സര്‍ക്കാര്‍ ആരോപിച്ചിരുന്നു?
ഖയ്യൂം:  നോക്കൂ, ഞാനൊരു വക്കീലല്ല. പക്ഷെ ജയിലില്‍ നിന്നും കുറേ വക്കീലുകളെ കണ്ട് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചു. തെളിവ് നിരത്തുന്ന സാക്ഷിയുടെ ഭാഗം പരിശോധിക്കണമെന്നതാണ് അതിലൊരു പാഠം. ഞങ്ങള്‍ ആറുപേര്‍ ചേര്‍ന്ന് ആക്രമണത്തില്‍ പങ്കെടുത്തെന്നാണ് സാക്ഷികള്‍ നല്‍കിയ മൊഴി. എന്നാല്‍ ഞങ്ങളുടെ കുറ്റസമ്മത മൊഴിയും അതും തമ്മില്‍ പൊരുത്തക്കേടുകളുണ്ടായിരുന്നു.

ഞങ്ങളെല്ലാം ഒരുമിച്ചാണ് ആസൂത്രണത്തില്‍ പങ്കെടുത്തതെങ്കില്‍ ഗുജറാത്ത് പൊലീസിന്റെ വിശദീകരണവും ജമ്മു കാശ്മീര്‍ പൊലീസിന്റെ പ്രതികരണവും തമ്മില്‍ പൊരുത്തക്കേടുകളെങ്ങനെ സംഭവിച്ചു? ഇനിയുമുണ്ട് ചോദ്യങ്ങള്‍. ഒറ്റ ദിവസം കൊണ്ട് ഈ കേസ് പരിഹരിച്ചയാളാണ് വന്‍സാരയെങ്കില്‍ പോട്ട കോടതിയില്‍ എന്തുകൊണ്ട് അദ്ദേഹം സാക്ഷിയായി ഹാജരായില്ല? ദേശീയ സുരക്ഷാ സേനയുടെ കമാന്‍ഡോ ബ്രിഗേഡിയര്‍ രാജ് സീതാപതി എന്തുകൊണ്ട് സത്യവാങ്മൂലം നല്‍കിയില്ല?

പിന്നെ എനിക്കെതിരെയുണ്ടായിരുന്ന പ്രധാന ആരോപണം ഭീകരവാദികളുടെ പോക്കറ്റില്‍ നിന്നും കണ്ടെടുത്ത ഉര്‍ദു കത്തുകള്‍ ഞാനെഴുതിയതാണെന്നാണ്. ആക്രണത്തിനുള്ള നിര്‍ദ്ദേശമായിരുന്നേ്രത അതിലെ ഉള്ളടക്കം. പക്ഷെ മാധ്യമങ്ങള്‍ പറഞ്ഞതനുസരിച്ച് ഭീകരവാദികളുടെ നെഞ്ചത്താണ് വെടിയേറ്റതെങ്കില്‍ ആ കത്തില്‍ രക്തത്തിന്റെ പാടുകളോ കേടുപാടുകളോ സംഭവിക്കാതിരുന്നതെങ്ങനെ? അത് സാധ്യമല്ലല്ലോ. ഉര്‍ദു കത്തിലെ കൈയ്യെഴുത്ത് എന്റേതാണെന്നായിരുന്നു മറ്റൊരു വാദം. എന്നാല്‍ എന്റെ വക്കീല്‍ ആര്‍.കെ. ശാഹ് കോടതിയുടെ കൈയ്യെഴുത്ത് വിദഗ്ദന്‍ ജെ.ജെ.പാടീലിനോട് അയാള്‍ക്ക് ഉര്‍ദു അറിയാമോ എന്ന് ചോദിച്ചു. അറിയില്ലെന്നായിരുന്ന പാട്ടീലിന്റെ മറുപടി. ഉര്‍ദു അറിയാത്ത ഒരാള്‍ക്കെങ്ങനെ അത് എന്റെ കൈയ്യെഴുത്താണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു? ഉര്‍ദു എഴുതാന്‍ അറിയുന്ന ഒരാളെ എന്തുകൊണ്ട് കൊണ്ടുവരുന്നില്ല. സര്‍ക്കാരിനെതിരൊയോ, മുസ്‌ലിംകള്‍ക്കനുകൂലമായോ ആരെങ്കിലും സംസാരിച്ചാല്‍, അവന്‍ ദേശവിരുദ്ധനായും സാമൂഹ്യവിരുദ്ധനായും ചിത്രീകരിക്കപ്പെടും. അതാണ് എന്റെ കാര്യത്തിലും സംഭവിച്ചത്.

ജയിലിലെ താങ്കളുടെ നാളുകളെ കുറിച്ച് പറയാമോ? പതിനൊന്ന് വര്‍ഷങ്ങള്‍ക്കിടെ ഭാര്യയെയും രണ്ട് കുട്ടികളെയും കാണാന്‍ കഴിഞ്ഞിരുന്നോ?
ഖയ്യൂം: ആദ്യം അവര്‍ എന്നെ അതീവ സുരക്ഷ മുറിയിലാണ് പാര്‍പ്പിച്ചിത്. 15 അടി നീളവും 50 അടിവീതിയുമുള്ള മുറിയായിരുന്നു അത്. അതില്‍ 50ഓളം പേരുണ്ടായിരുന്നു. എല്ലാവര്‍ക്കുമായി രണ്ട് ടോയ്‌ലറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്. പക്ഷെ ജയിലിലായിരിക്കെ അവരെന്നെ പീഡിപ്പിക്കുകയുണ്ടായില്ല. മാത്രമല്ല നമസ്‌കരിക്കാനും ഖുര്‍ആന്‍ പാരായണം ചെയ്യാനും അനുവദിച്ചിരുന്നു. പിന്നീട് അവിടെ നിന്നും മാറ്റിപാര്‍പ്പിച്ചു. 2008-ലായിരുന്നെന്ന് തോന്നുന്നു, ജനറല്‍ ജയിലിലേക്കായിരുന്നു അത്. ആഴ്ചയില്‍ 30 മിനുറ്റ് സമയം എന്നെ കാണാന്‍ ഭാര്യക്കും കുട്ടികള്‍ക്കും അവസരം നല്‍കി. ചില കാവല്‍ക്കാര്‍ എന്നോട് വളരെ മാന്യമായാണ് പെരുമാറിയത്. അക്കാര്യം പുസ്തകത്തില്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്. അവര്‍ ആ അംഗീകാരം അര്‍ഹിക്കുന്നുണ്ട്.

ബിപിന്‍ ഭായ് എന്ന ബുദ്ധിമാന്ദ്യം സംഭവിച്ചയാളുമായി എനിക്കുണ്ടായിരുന്ന സൗഹൃദത്തെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഞാന്‍ മോചിതനാകുമെന്ന് അയാള്‍ എന്നോട് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു.

പുസ്തകം പ്രകാശനം ചെയ്യുന്നതില്‍ നിന്നും ഗുജറാത്ത് പൊലീസ് താങ്കളെ തടയാന്‍ കാരണം?
എന്റെ പുസ്തകം ഗുജറാത്തില്‍ നിരോധിച്ചെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ അതല്ല കാര്യം. കഴിഞ്ഞ ദിവസം പുസ്തകം പ്രകാശനം ചെയ്തു. പുസ്തകം പ്രസിദ്ധീകരിച്ചാല്‍ ജനങ്ങള്‍ക്കിടയില്‍ കുഴപ്പങ്ങളുണ്ടാവുമെന്നും വിതരണം ചെയ്യരുതെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നത്. ഞങ്ങളത് ചെവികൊണ്ടു. അങ്ങനെയൊരു പുതിയ നിയമവുമുണ്ട്. സര്‍ക്കാര്‍ ഇപ്പോഴും ഞങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് നന്നായറിയാം. അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിനെകുറിച്ച് ഞങ്ങള്‍ക്ക് നല്ല ധാരണയുണ്ട്. പക്ഷെ, എന്റെ ഫോണ്‍ ശ്രദ്ധിച്ചോ. നമ്മള്‍ ഇന്റര്‍വ്യൂവിലായിരിക്കെ മുഴുസമയവും ഫോണ്‍ ബെല്ലടിക്കുകയായിരുന്നു. എന്റെ പുസ്തകം വായിക്കാനും അത് വിവര്‍ത്തനം ചെയ്യാനും താല്‍പര്യമുള്ള ആളുകളാണ് വിളിച്ചുകൊണ്ടിരിക്കുന്നത്. ഇന്റര്‍നെറ്റിന്റെ കാലത്ത് അത് ജനങ്ങളിലേക്കെത്തുമെന്നു തന്നെ കരുതുന്നു. (ദീര്‍ഘനിശ്വാസത്തിനു ശേഷം) ഗുജറാത്ത് പൊലീസിനെ കുറിച്ച് കൂടുതലൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

പിന്നെയെന്തുകൊണ്ട് ഗുജറാത്ത് പൊലീസിനെയും ഗുജറാത്ത് സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന ഈ പുസ്തകമെഴുതി?
ഖയ്യൂം: ഞാനടക്കം ഒരുപാട് പേര്‍ കുറേ അനുഭവിച്ചു എന്നത് തന്നെ കാരണം. ജയിലിലാകുമ്പോള്‍ എന്റെ ഒരു മകന്‍ കൈകുഞ്ഞും മറ്റൊരാള്‍ക്ക് അഞ്ച് വയസ്സും. ഞാന്‍ കടന്നുപോയ കാര്യങ്ങള്‍ അവരറിയണമെന്ന് ഞാനാഗ്രഹിക്കുന്നു. എന്റെ ഭാര്യയും ഒരുപാട് അനുഭവിച്ചു. തീര്‍ച്ചയായും കുറേപേര്‍ ഞങ്ങള്‍ക്ക് സഹായമായി നിന്നു. പ്രത്യേകിച്ചും ജയിലിലായിരിക്കെ എന്റെ പിതാവ് മരണപ്പെട്ടതിന് ശേഷം. പക്ഷെ, അപ്പോഴും ചില മുസ്‌ലിംകള്‍ പോലും പറഞ്ഞു, ഒരു തീവ്രവാദിയുടെ ഭാര്യയുമായി സൗഹൃദം വേണ്ട, അത് അപകടമാണെന്ന്. അതും ജനങ്ങള്‍ അറിയട്ടെ.

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നോക്കുമ്പോള്‍ അഹ്മദാബാദിലെ മാറ്റങ്ങള്‍ എന്തൊക്കെയാണ്? താങ്കള്‍ മാറിയിട്ടുണ്ടോ?
ഒരുപാട് മാറ്റങ്ങള്‍. മുസ്‌ലിംകള്‍ കൂടുതല്‍ മതബോധമുള്ളവരായി. പള്ളിയില്‍ പോകുന്നവരുടെ എണ്ണം കൂടുന്നു. ബുര്‍ഖ ധരിക്കുന്നവരുടെ എണ്ണം കൂടുന്നു. മുസ്ിംകള്‍ക്കിടയിലെ വിഭാഗീയത കുറഞ്ഞിരിക്കുന്നു. ഇതെല്ലാം നല്ല കാര്യങ്ങളാണ്. മറ്റൊന്ന്, പല ചെറുകക്ഷികളും വളരെ വലുതായിരിക്കുന്നു, അവരെല്ലാം മുഖ്യധാരയിലുണ്ട്. എന്നെ സംബന്ധിച്ചടത്തോളം, മാനസികാവസ്ഥ പൂര്‍ണ്ണമായും മാറിയിരിക്കുന്നു. ജനങ്ങളുടെ എത്രയോ മുന്നിലാണ് ഞാന്‍ നടക്കുന്നുതെന്ന് ചിലപ്പോള്‍ തോന്നും. മറ്റു ചിലപ്പോള്‍, അവരെത്രയോ മുന്നിലാണെന്നും ഞാനെത്രയോ പുറകിലാണെന്നും തോന്നിപോകും.

മൊഴിമാറ്റം: മുഹമ്മദ് അനീസ്‌

Related Articles