Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ എനിക്ക് ആശ്വാസം നല്‍കി

മുപ്പത്തിനാലുകാരനായ യുവാന്‍ ശങ്കര്‍ രാജയെ വീട്ടുകാര്‍ സ്‌നേഹത്തോടെ യുവി എന്നു വിളിക്കുന്നു. സംഗീതലോകത്തെ ഇതിഹാസം ഇളയരാജയുടെ മകന്‍ മാത്രമല്ല, പതിനാറാം വയസ്സില്‍ ഒരു തമിഴ് സിനിമക്ക് വേണ്ടി സംഗീതം ചെയ്ത ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകന്‍ കൂടിയാണ് യുവി. പേരിലെ യുവാന്‍ യുവത്വത്തെ പ്രതിനിധീകരിക്കുന്നു. ശങ്കര്‍ എന്നത് അദ്ദേഹത്തിന്റെ ഗുരു ചേര്‍ത്തതാണ്. രാജ എന്നത് കുടുംബ നാമവുമാണ്. നൂറ് തമിഴ് സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച ശേഷം ‘രാജാ നട്ട്‌വര്‍ലാല്‍’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണിപ്പോള്‍. ഇവിടെ അദ്ദേഹം മനസ്സു തുറക്കുകയാണ്.

ഏ.ആര്‍ റഹ്മാനുമായുള്ള ബന്ധം എങ്ങനെയാണ്?
അദ്ദേഹം വളരെ ചെറുപ്പത്തിലേ എന്റെ അച്ഛനു വേണ്ടി കീബോര്‍ഡ് വായിക്കാറുണ്ടായിരുന്നു. അതു കൊണ്ടു തന്നെ അദ്ദേഹത്തിന് എന്നെ അറിയാം. പക്ഷെ വളരെ അടുത്ത ബന്ധമൊന്നും അദ്ദേഹവും ഞാനും തമ്മില്‍ ഇല്ല. രണ്ട് തവണ അദ്ദേഹത്തിന് വേണ്ടി ഞാന്‍ പാടിയിട്ടുണ്ട്.

അച്ഛനെ പറ്റി പറയാമോ?
സംഗീതം മാത്രമാണ് അച്ഛന്റെ മനസ്സു നിറയെ. വീട്ടിലായിരിക്കുമ്പോള്‍ പോലും അച്ഛന്‍ എഴുതിക്കൊണ്ടിരിക്കുകയാവും. അദ്ദേഹം ഇപ്പോഴും സംഗീത ശില്‍പശാലകളില്‍ പങ്കെടുക്കാന്‍ പോകാറുണ്ട്. ജോലിയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ ഞാന്‍ ബഹുമാനിക്കുന്നു. വയസ്സ് ഇത്രയായിട്ടും വര്‍ഷത്തില്‍ ഇപ്പോള്‍ അഞ്ചും ആറും സിനിമകള്‍ക്ക് സംഗീതം ചെയ്യാറുണ്ട്. ഈയടുത്താണ് ആയിരം ചിത്രങ്ങള്‍ പൂര്‍ത്തീകരിച്ചത്. രോഗം മൂലം അവശനായപ്പോള്‍ പോലും ജോലി മുടക്കിയിട്ടില്ല. സംഗീതത്തിന് ചുറ്റും കറങ്ങുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം. വികാരങ്ങള്‍ ഒന്നും തന്നെ തുറന്ന് പ്രകടിപ്പിക്കാറില്ല. ചെറുപ്പത്തില്‍ ഞാന്‍ ഏതെങ്കിലും സംഗീതം വായിച്ചാല്‍ പ്രത്യേകിച്ച് ഒന്നും പറയാറില്ല. ഏറിപ്പോയാല്‍ ഒന്നു ചിരിക്കും. എനിക്ക് അമ്മയോടായിരുന്നു കൂടുതല്‍ അടുപ്പം. സഹോദരന്‍ കാര്‍ത്തികായിരുന്നു അച്ഛനോട് കൂടുതല്‍ അടുത്തിരുന്നത്. ആരോടും ഒന്നും ചോദിക്കാതെ സ്വന്തമായി തീരുമാനങ്ങള്‍ എടുത്തിരുന്ന എന്റെ സ്വഭാവം അദ്ദേഹത്തിന് ബോധിക്കില്ലെന്നായിരുന്നു വിചാരിച്ചത്. കാരണം ഞാന്‍ ഒമ്പതാം ക്ലാസില്‍ വെച്ച് പഠനം അവസാനിപ്പിച്ചിരുന്നു.

ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് ആരെയാണ്?
എന്റെ അമ്മയെ. 2011 ലാണ് ഹൃദയാഘാതം മൂലം അവര്‍ മരണപ്പെട്ടത്. വീട്ടിലെ കാര്യങ്ങളെല്ലം നോക്കിയിരുന്നത് അമ്മയായിരുന്നു. ഞങ്ങളുടേത് ഒരു വലിയ കുടുംബമാണ്. എല്ലാം അവര്‍ ഒറ്റക്ക് നോക്കി നടത്തി. മരണവുമായി പൊരുത്തപ്പെടാന്‍ ഒരുപാട് സമയമെടുത്തു. ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ടായിരുന്നു. പക്ഷെ ഒന്നിലും ശ്രദ്ധ കേന്ദീകരിക്കാന്‍ സാധിച്ചില്ല. എപ്പോഴും സങ്കടപ്പെട്ടിരുന്നു. ആളുകള്‍ ഞാന്‍ ചെയ്ത സംഗീതത്തെ പറ്റി മോശം പറയാന്‍ തുടങ്ങി. അതൊരു വല്ലാത്ത കാലം തന്നെയായിരുന്നു. അമ്മയായിരുന്നു എന്റെ ശക്തിയും, പ്രചോദനവും. അവര്‍ പോയതോടു കൂടി ആകെ ഒരു ശൂന്യതയായിരുന്നു ജീവിതത്തില്‍. അമ്മ എനിക്കു വേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കുമായിരുന്നു. റാം എന്ന സിനിമക്കു വേണ്ടി ഞാന്‍ ചെയ്ത ആരാരിരോ എന്ന ഗാനമായിരുന്നു അമ്മക്ക് ഏറ്റവും പ്രിയപ്പെട്ടത്. അതൊരു താരാട്ടു പാട്ടായിരുന്നു.

വിവാഹ ജീവിതം എങ്ങനെ പോകുന്നു?
ഇരുപത്തിയഞ്ചാം വയസ്സിലാണ് ഞാല്‍ ആദ്യമായി വിവാഹിതനാകുന്നത്. ആ ബന്ധം വെറും മൂന്ന് മാസം മാത്രമാണ് നിലനിന്നത്. പിന്നീട് മുപ്പതാം വയസ്സില്‍ വീണ്ടും വിവാഹിതനായെങ്കിലും അതു വിവാഹമോചനത്തില്‍ കലാശിച്ചു. ബന്ധം നിലനിര്‍ത്തി കൊണ്ടു പോകാന്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടിയിരുന്നു. ചുരുങ്ങിയത് പത്ത് സിനിമയെങ്കിലും ഒരു വര്‍ഷം ഞാന്‍ ചെയ്യുന്നുണ്ട്. മനസ്സ് മുഴുവന്‍ അത് മാത്രമാണ്. ഇപ്പോള്‍ വളരെ ഏകാന്തത അനുഭവിക്കുകയാണ്. കല്ല്യാണം കഴിച്ച് ഒരു കുടുബമൊക്കെയായി ജീവിക്കാന്‍ ആഗ്രഹമുണ്ട്.

എന്താണ് ഇസ്‌ലാമിലേക്ക് കടന്നു വരാനുണ്ടായ സാഹചര്യം?
എന്റെ അച്ഛന്‍ കടുത്ത ഹിന്ദുമത വിശ്വാസിയായിരുന്നു. അന്ധമായ വിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തുന്ന ആളുമായിരുന്നു. ഒരു ഗ്ലാസ് വീണുടഞ്ഞാല്‍ പോവും ജോത്സ്യനെ വിളിച്ച് പ്രശ്‌നങ്ങള്‍ ആരായും. മാതാപിതാക്കള്‍ മതപരമായി വളരെ ശ്രദ്ധയുള്ളവരായിരുന്നു. കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയ കാലം മുതലേ പ്രപഞ്ചം നിയന്ത്രിക്കുന്നത് ഒരു അഭൗതിക ശക്തിയാണെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. പല രൂപത്തില്‍ എങ്ങനെയാണ് ദൈവം ഉണ്ടാവുക എന്ന ചിന്ത എന്നെ എപ്പോഴും അലട്ടി കൊണ്ടിരുന്നു. അമ്മയുടെ പെട്ടെന്നുള്ള വിയോഗമായിരുന്നു എന്റെ മതം മാറ്റത്തിലേക്ക് നയിച്ചത്. ജോലിയാവശ്യാര്‍ത്ഥം മുംബൈയിലേക്ക് പോയി മടങ്ങി വന്നപ്പോള്‍ അമ്മയുടെ ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നു. ഞാനും സഹോദരിയും കൂടി അമ്മയേയും കൊണ്ട് ആശുപത്രിയിലേക്ക് കുതിച്ചു. ഞാനായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ആശുപത്രിയില്‍ എന്റെ അടുത്തിരിക്കുമ്പോഴാണ് അവരെ മരണം വന്ന് മാടി വിളിച്ചത്. മരണത്തെ കുറിച്ചുള്ള ചിന്തകള്‍ ചോദ്യചിഹ്നങ്ങളായി എന്റെ അന്വേഷണ ത്വരയെ ഉണര്‍ത്താന്‍ തുടങ്ങി. കുറച്ച് മുമ്പ് എന്റെ അടുത്തുണ്ടായിരുന്ന അമ്മയുടെ ആത്മാവ് എങ്ങോട്ടാണ് പോയത് എന്ന് ഞാന്‍ അന്വേഷിക്കാന്‍ തുടങ്ങി. അല്ലാഹുവില്‍ നിന്നുള്ള നേരിട്ടുള്ള വിളിപോലെയാണ് എനിക്ക് ആ സന്ദര്‍ഭം അനുഭവപ്പെട്ടത്. അതൊരു ആത്മീയാനുഭൂതിയായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാനും അതിന്റെ അര്‍ത്ഥ തലങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങി ചെല്ലാനും സാധിച്ചു. ഖുര്‍ആനുമായി വളരെ വേഗത്തില്‍ തന്നെ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. അല്ലാഹുവിനോട് പാപങ്ങള്‍ പൊറുത്തു തരാന്‍ വേണ്ടി മനമുരുകി പ്രാര്‍ത്ഥിച്ചു. 2014 ജനുവരിയോടെ ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ തുടങ്ങി. അച്ഛനോട് ഞാന്‍ ഖുര്‍ആന്‍ വായിക്കാന്‍ തുടങ്ങിയെന്നും, അതെനിക്ക് ഒരുപാട് സമാധാനം പ്രധാനം ചെയ്യുന്നുണ്ടെന്നും പറഞ്ഞിരുന്നു. ഞാന്‍ മുസ്‌ലിമാവുന്നതില്‍ അച്ഛന് വിയോജിപ്പുണ്ടായിരുന്നു. സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയും പിന്തുണച്ചു. ചിലപ്പോഴൊക്കെ അമ്മ എന്റെ കൈപിടിച്ച് ഇങ്ങനെ പറയുന്നതായി എനിക്ക് തോന്നാറുണ്ട് ‘യുവാന്‍, നീ ഇപ്പോള്‍ ഒറ്റക്കാണല്ലെ, ഇസ്‌ലാം എന്ന ഈ മരത്തിന് കീഴില്‍ നീ നില്‍ക്കുന്നത് കാണാനാണ് എന്റെ ആഗ്രഹം’.

COURTESY : THE TIMES OF INDIA

Related Articles