Current Date

Search
Close this search box.
Search
Close this search box.

കത്തോലിക്കാ മതാധ്യാപനം എന്നെ ഇസ്‌ലാമിലെത്തിച്ചു

(സിസ്റ്റര്‍ ലിയാ റോജസുമായി ‘ഓണ്‍ ഇസ്‌ലാം’ നടത്തിയ ഇന്റര്‍വ്യൂ)

ഓണ്‍ ഇസ്‌ലാം : അസ്സലാമു അലൈകും! നിങ്ങളെ കുറിച്ച് ചെറിയ ഒരു വിവരണം നല്‍കുമോ?
ലിയാ: വ അലൈകുമുസ്സലാം, പേരി ലിയാ റോജസ്. അമേരിക്കയിലെ ടെക്‌സാസിലുള്ള ഡെല്ലാസാണ് നാട്.

ഓണ്‍ ഇസ്‌ലാം : മുസ്‌ലിമാകുന്നതിന്നു മുമ്പ് ഏത് മതവിശ്വാസിയായിരുന്നു?
ലിയാ: മുസ്‌ലിമാകുന്നതിന്നു മുമ്പ് കത്തോലിക്കാ വിശ്വാസിയായിരുന്നു.

ഓണ്‍ ഇസ്‌ലാം : ഇസ്‌ലാം സ്വീകരിച്ചത് എത്ര കാലം മുമ്പാണ്?
ലിയാ: ഏകദേശം ഒരു വര്‍ഷത്തോളം ഇസ്‌ലാം പഠിച്ചു. ആറു മാസം മുമ്പാണ് ശഹാദ ചൊല്ലിയത്.

ഓണ്‍ ഇസ്‌ലാം : എങ്ങനെയാണത് സംഭവിച്ചത്? ഇസ്‌ലാമിനെ പഠിക്കാന്‍ പ്രചോദനമെന്തായിരുന്നു?
ലിയാ: ഞാനൊരു കത്തോലിക്കാ മതാധ്യാപികയാകാന്‍ പോവുകയായിരുന്നു. ‘എന്തു കൊണ്ട് കത്തോലിക്കാ മതം?’ എന്ന വിഷയത്തിലായിരുന്നു ഞാന്‍  ക്ലാസ്സെടുക്കേണ്ടിയിരുന്നത്. ഈ ക്ലാസ്സിന്നു വേണ്ടി ഏകദേശം 8 മാസത്തോളം ഞാന്‍ തയ്യാറെടുക്കേണ്ടി വന്നു. ഞാന്‍ പഠനം തുടങ്ങി. പക്ഷെ, ഇസ്‌ലാമിന്റെ കാര്യത്തില്‍, എന്നെ സംഭ്രമം പിടികൂടി. അതിനാല്‍ അതേ കുറിച്ചു ഗവേഷണം തുടങ്ങി.
എനിക്ക് രണ്ട് മുസ്‌ലിം സുഹൃത്തുക്കളുണ്ടായിരുന്നു. പക്ഷെ, അവര്‍ മുസ്‌ലിംകളാണെന്ന് എനിക്കറിയുമായിരുന്നില്ല. ക്ലാസ്സിനെ കുറിച്ച് അവരോട് സംസാരിക്കവെ, ഇസ്‌ലാമിനെ കുറിച്ച് അല്പം മനസ്സിലാക്കാന്‍ എന്താണ് മാര്‍ഗമെന്നന്വോഷിച്ചു. അവരാകട്ടെ, എനിക്കൊരു ഖുര്‍ആന്‍ തരികയാണ് ചെയ്തത്. അങ്ങനെയാണ് ഞാന്‍ ഖുര്‍ആന്‍ പഠനം തുടങ്ങിയത്. രണ്ടാം അധ്യായം വായിച്ചിട്ടില്ല, അപ്പോഴെക്കും, ഇനി മുന്നോട്ട് പോകാനാകില്ലെന്ന് എനിക്ക് മനസ്സിലായി. പിന്നെ, ഞാനൊരിക്കലും ചര്‍ച്ചില്‍ പോയിട്ടില്ല; ക്ലാസ്സ് നടത്തിയിട്ടുമില്ല.

ഓണ്‍ ഇസ്‌ലാം : ഞാന്‍ ചോദിക്കാനിരിക്കുകയായിരുന്നു, ഈ ഖുര്‍ആന്‍ ഇംഗ്ലീഷിലായിരുന്നുവോ?
ലിയാ: അതെ, ഇംഗ്ലീഷ് അര്‍ത്ഥവും പരിഭാഷയും. രണ്ടാമത്തെ അദ്ധ്യായം ഞാന്‍ പൂര്‍ത്തിയാക്കിയിരുന്നില്ല …….

ഓണ്‍ ഇസ്‌ലാം : ഖുര്‍ആനും ഇസ്‌ലാമും ഈ കാര്യങ്ങളുമെല്ലാം പഠിക്കാന്‍ തുടങ്ങിയത് ‘ഓണ്‍ ലൈനായാ’യിരുന്നുവോ? അതോ സുഹൃ ബന്ധത്തിലൂടെയോ? നിങ്ങള്‍ പിന്തുടര്‍ന്ന രീതി ഏതാരുന്നു?
ലിയാ: തുടക്കത്തില്‍ ഓണ്‍ ലൈനായിരുന്നു. പിന്നെ, ഇവിടെ പള്ളിയില്‍ വന്നപ്പോഴും ശേഷവും കുറെ സുഹൃത്തുക്കളുമായി കണ്ടു. പക്ഷെ, ഞാന്‍ വിചാരിച്ചത് സത്യമായിരുന്നുവെന്നത്, തികച്ചും സത്യമായിരുന്നുവെന്നത്, എന്നെ സംബന്ധിച്ചിടത്തോളം, തികച്ചും ഒരു ഷോക്കായിരുന്നു.

ഓണ്‍ ഇസ്‌ലാം : സത്യത്തെ കുറിച്ച് എന്തായിരുന്നു വിചാരിച്ചിരുന്നതെന്നും, ഇപ്പോള്‍ നിങ്ങളുടെ വീക്ഷണത്തില്‍ സത്യമെന്താണെന്നും പറയാമോ?
ലിയാ: മുമ്പ് ഞാനൊരു കത്തോലിക്കാ വിശ്വാസിയായിരുന്നപ്പോള്‍, ഞങ്ങളെ സഹായിക്കാനും വിഷമങ്ങളില്‍ നിന്നും രക്ഷിക്കാനും ഞങ്ങള്‍ പ്രാര്‍ത്ഥിച്ചിരുന്നത്, കന്യകാ മറിയത്തോടൊ, യേശുവിനൊടൊ ആയിരുന്നുവെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഞാനൊരു അന്ധയെ പോലെയായിരുന്നുവെന്ന് അന്ന് മനസ്സിലാക്കിയിരുന്നില്ല. എന്നെ പഠിപ്പിച്ചതും പഠിപ്പിച്ചു കൊണ്ടിരിക്കുന്നതും അങ്ങനെയായിരുന്നുവെന്നത് കൊണ്ട് മാത്രമായിരുന്നു അങ്ങനെ പ്രാര്‍ത്ഥിച്ചത്. എനിക്ക് വയസ്സ് നാല്പതായിട്ടുണ്ടെന്നു പോലും ഞാന്‍ മനസ്സിലാക്കിയിരുന്നില്ല. എനിക്ക് നാല്പത് ആയെന്നു നിങ്ങള്‍ക്ക് വിശ്വസിക്കാമോ? ഞാനത് കഷ്ടിച്ചു മനസ്സിലാക്കുകയായിരുന്നു.
ഖുര്‍ആന്‍ പാരായണം തുടങ്ങിയപ്പോള്‍, എന്നിലുണ്ടായിരുന്ന ചില കാര്യങ്ങള്‍ അത് വെളിപ്പെടുത്തുകയുണ്ടായി. സത്യം അവിടെയുണ്ടായിരുന്നു. ഹൃദയത്തില്‍ എനിക്കത് ബോധിച്ചു. എന്നിട്ടും ഞാന്‍ ശഹാദ ചൊല്ലിയിരുന്നില്ല.  വീണ്ടും ക്രിസ്തുമതത്തിലേക്ക് – കത്തോലിക്കാ മതം – ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍, അതിലൊരു പ്രാര്‍ത്ഥനയുണ്ട്. മേരീ വന്ദനം എന്നാണതിന്റെ പേര്‍. ‘അനുഗ്രഹീത മേരീ, നമ്മുടെ കര്‍ത്താവ് താങ്കളൊടൊപ്പമാണ്. താങ്കള്‍ സ്ത്രീകള്‍ക്കിടയില്‍ അനുഗ്രഹീതയാണ്’; താങ്കളുടെ ഗര്‍ഭപാത്ര ഫലവും – യേശു – അനുഗ്രഹീതം; വിശുദ്ധ മേരീ, ദൈവ മാതാവെ, ഇപ്പോഴും മരണ വേളയിലും, പാപികളായ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണമേ.’
യഥാര്‍ത്ഥത്തില്‍, അവര്‍ യേശു ക്രിസ്തുവിന്റെ മാതാവാണ്, ദൈവത്തിന്റെ മാതാവല്ല. മുമ്പ് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നത് എനിക്ക് ഇപ്പോള്‍ വിശ്വസിക്കാനാവുന്നില്ല. ഞാന്‍ അത്രമാത്രം അന്ധയായിരുന്നുവോ എന്നെനിക്ക് വിശ്വാസം വരുനില്ല.

ഓണ്‍ ഇസ്‌ലാംഅങ്ങനെ, ആറു മാസം മുമ്പ്, നിങ്ങള്‍ പള്ളിയില്‍ വന്നു ശഹാദ ചൊല്ലി. പിന്നെ, ഇസ്‌ലാം സ്വീകരിച്ചതിന്നു ശേഷം നിങ്ങളുടെ ജീവിതം എങ്ങനെയായിരുന്നു? നിങ്ങളുടെ ആദ്യാനുഭവം എങ്ങനെയായിരുന്നു?
ലിയ: ശഹാദ ചൊല്ലിയപ്പോള്‍, ഒരു അനുഗ്രഹീതയായി എനിക്ക് സ്വയം തോന്നി. അത് നിങ്ങള്‍ക്ക് വര്‍ണ്ണിച്ചു തരാനെനിക്കാവുന്നില്ല. അത്രമാത്രം വിപുലമായിരുന്നു അത്. എന്നാല്‍, വളരെ പ്രയാസകരവുമായിരുന്നു. എന്റെ ഭാഗത്ത് നിന്ന് നോക്കൂ, മുമ്പ് ഒരു കത്തോലിക്കാ വിശ്വാസക്കാരി. ഇപ്പോള്‍ ഒരു മുസ്‌ലിം. എന്താണ് ഞാന്‍ കുടുംബത്തോട് പറയുക? തുടക്കത്തില്‍ എനിക്ക് പ്രശ്‌നമായി.
ഇപ്പോള്‍, എല്ലാം സാധാരണ നിലയിലായി. പക്ഷെ, പരിവര്‍ത്തനം! അത് വളരെ പ്രയാസകരം തന്നെ. കത്തോലിക്കാ മതത്തിലേക്ക് തിരിച്ചു പോകാനെനിക്കാവുകയില്ലെന്ന്, ചര്‍ച്ചിലേക്ക് മടങ്ങി പോകാനാവുകയില്ലെന്ന്, ക്ലാസ്സ് നത്താനാവുകയില്ലെന്ന്, എനിക്ക് ബൊധ്യപ്പെട്ടു. തികച്ചും അമ്പരപ്പുളവാക്കുന്നതായിരുന്നു അത്.

ഓണ്‍ ഇസ്‌ലാം: സുബ്ഹാനല്ലാഹ്! നിങ്ങള്‍ മുസ്‌ലിമായിരിക്കുന്നുവെന്നറിഞ്ഞപ്പോള്‍, കുടുംബത്തിന്റെ പ്രതികരണമെന്തായിരുന്നു?
ലിയാ: അവര്‍ ഞെട്ടിപ്പോയി. അവരില്‍ വലിയൊരു വിഭാഗം ഞെട്ടിത്തെറിച്ചു. പലരും ഞാനുമായുള്ള സ്‌നേഹ ബന്ധം നിറുത്തികളഞ്ഞു. എന്നാല്‍ എന്നെ പിന്തുണക്കുന്നവരും സന്തോഷിക്കുന്നുവരുമുണ്ടായിരുന്നു.

ഓണ്‍ ഇസ്‌ലാം: ആ സമയത്ത് നിങ്ങള്‍ വിവാഹിതയായിരുന്നുവൊ?
ലിയാ: അല്ല, ഒരു യഥാര്‍ത്ഥ സംഭവം ഞാന്‍ വിവരിക്കട്ടെ. അപ്പോഴും ഞാന്‍ ശഹാദ ചൊല്ലിയിരുന്നില്ല. ഷോര്‍ട്‌സ് ആയിരുന്നു ഞാന്‍ ധരിച്ചിരുന്നത്. ഷോര്‍ട്‌സും ഒരു ടാങ്ക് ടോപ്പും! സ്‌റ്റോറില്‍ പോവുകയായിരുന്നു. ഏകദേശം രണ്ടു മാസത്തോളമായി, ഞാന്‍ ഖുര്‍ആന്‍ വായിക്കുകയായിരുന്നു. ഷോപ്പിംഗ് സെന്ററിന്നടുത്തെത്തി ചില സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്നു. കാറില്‍ നിന്നും ചാവിയെടുത്തു, ഡോര്‍ തുറന്നു. താഴെ നോക്കിയപ്പോള്‍ എന്റെ കാലുകള്‍ കണ്ടു. എനിക്ക് ലജ്ജ തോന്നി. കാറില്‍ നിന്നും പുറത്തിറങ്ങാനെനിക്കു കഴിഞ്ഞില്ല. രണ്ടൊ മൂന്നോ പ്രാവശ്യം ഡോര്‍ തുറന്നു. പക്ഷെ, അനങ്ങാനാകുന്നില്ല. എനിക്കെന്താണ് സംഭവിക്കുന്നത്? ഞാന്‍ അമ്പരന്നു പോയി. നിങ്ങള്‍ക്കറിയാമോ, ഏകദേശം, പത്തുമിനിറ്റോളം സ്ഥിതി തുടര്‍ന്നു. അതേ നിലയില്‍ പുറത്തുവരാന്‍ എനിക്കു കഴിഞ്ഞില്ല. കരഞ്ഞു കൊണ്ട് വീട്ടിലേക്കു പോവുകയാണുണ്ടായത്. അങ്ങനെയാണത് സംഭവിച്ചത്. മനസാ, ഞാന്‍ മുസ്‌ലിമായി കഴിഞ്ഞിരുന്നു. എന്നിട്ടും ഞാന്‍ തിരിച്ചറിഞ്ഞില്ലെന്നു മാത്രം.

ഓണ്‍ ഇസ്‌ലാം: മുസ്‌ലിമായി കഴിഞ്ഞ ശേഷം, ലോകത്തോട് നിങ്ങള്‍ക്ക് നല്‍കാനുള്ള സന്ദേശമെന്താണ്?
ലിയാ: ലോകത്തോട്, അമുസ്‌ലിംകലോട് എനിക്ക് പറായാനുള്ളതിതാണ്: ദയവായി, നിങ്ങള്‍ നിലകൊള്ളുന്ന മതം നിങ്ങള്‍ പരിശോധനാ വിധേയമാക്കുക. നിങ്ങള്‍ ഒരു ക്രിസ്ത്യാനിയാണെങ്കില്‍, ‘ഞാനല്ലാതെ ഒരു ദൈവം നിനക്കുണ്ടാവരുതെന്ന ബൈബിള്‍ വാക്യം വായിക്കുക. അവനില്‍ പങ്കാളികളെ ആരോപിക്കരുത്. നിങ്ങള്‍ക്ക് പഠിപ്പിക്കപ്പെട്ട കാര്യങ്ങള്‍ ചര്‍വിതചര്‍വണം നടത്തരുത്.
നിങ്ങള്‍ ആത്മ പരിശൊധന നടത്തുക. പഠിക്കുക. കമ്പ്യൂട്ടറുണ്ടെങ്കില്‍, ‘ഇസ്‌ലാം’ എന്നു ടൈപ്പു ചെയ്യുക മാത്രമേ വേണ്ടു. Infoislam.com പോലുള്ള ധാരാളം സൈറ്റുകള്‍ കിട്ടും. അല്ലെങ്കില്‍, watchislam.com പോലുള്ളവ നിരവധി. കാണുകയും പഠിക്കുകയും ചെയ്യാം. യൂസുഫ് എസ്‌റ്റേറ്റ് വളരെ നല്ലൊരു മനുഷ്യനാണ്. നിങ്ങളുടെ മതത്തെ കുറിച്ച് പഠനം നടത്തുക. നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും.

ഓണ്‍ ഇസ്‌ലാം: നിങ്ങള്‍ക്ക് വളരെ പറയാനുണ്ടെന്നാണ് തോന്നുന്നത്. എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ പറയാം.
ലിയാ: ശരി. ഞാന്‍ അനുഗ്രഹീതയാണെന്ന് എനിക്ക് തോന്നുന്നു. എന്റെ കണ്ണു തുറപ്പിച്ചതിന്നു അല്ലാഹുനോട് ഞാന്‍ കൃതജ്ഞത രേഖപ്പെടുത്തുന്നു. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള സത്യസന്ധവും ആത്മാര്‍ത്ഥവുമായ കൃതജ്ഞത. ഇപ്പോള്‍ ഞാന്‍ മരണപ്പെടുകയാണെങ്കില്‍, മുസ്‌ലിമായായിരിക്കും ഞാന്‍ മരിക്കുക.

വിവ : കെ.എ. ഖാദര്‍ ഫൈസി

Related Articles