Current Date

Search
Close this search box.
Search
Close this search box.

കണ്ണീരിലും പുഞ്ചിരി വിരിയിക്കുന്ന സിറിയന്‍ ജീവിതങ്ങള്‍

ഈ നൂറ്റാണ്ടിന്റെ ദുരന്തം നാലാം വര്‍ഷത്തോടടുക്കുകയാണ്. മനുഷ്യകുലത്തിന് അപരിചിതവും നിന്ദ്യവുമായ തരത്തിലുള്ള അതിക്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന സിറിയന്‍ പ്രതിസന്ധിയാണത്. വര്‍ഷങ്ങള്‍ മിന്നല്‍ വേഗത്തില്‍ കടന്നു പോയി. എന്നാലത് വേദനകളും മുറിവുകളും നിറഞ്ഞതായിരുന്നു. അതിന്റെ പാരുഷ്യതയില്‍ നിന്ന് ആരും രക്ഷപ്പെട്ടിട്ടില്ല. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും കൊല്ലപ്പെട്ടു. ഇന്നവിടെ ശേഷിക്കുന്നത് ജീവന്റെ അടയാളങ്ങളല്ല. പുരോഗതി പ്രാപിച്ച പട്ടണങ്ങള്‍ കബറുകളും അവശിഷ്ടങ്ങളുമായി മാറിയ കാഴ്ച്ചയാണ് അവിടെ കണുന്നത്. പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തില്‍ സിറിയന്‍ ജനതക്ക് സഹായം ചെയ്യുന്ന കുവൈത്തി സന്നദ്ധ സംഘടനയായ ‘അര്‍റഹ്മത്തുല്‍ ആലമിയ്യ’യുടെ കോര്‍ഡിനേറ്റര്‍ വലീദ് അല്‍-അന്‍ജരിയുമായി ‘അല്‍-മുജ്തമഅ്’ നടത്തിയ അഭിമുഖത്തിലെ പ്രസ്‌ക്ത ഭാഗങ്ങളാണ് ചുവടെ:

* ക്യാമ്പുകളില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?
– അഭയാര്‍ഥികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അഭയ കേന്ദ്രത്തിന്റെ അഭാവമാണ്. സ്വന്തം നാട്ടില്‍ നിന്നും ജീവനും കൊണ്ട് രക്ഷപെട്ട് സിറിയയുടെ അയല്‍ നാടുകളിലേക്ക് അതിര്‍ത്തി കടന്നെത്തുന്ന കുടുംബങ്ങള്‍ക്ക് മുന്നില്‍ വലിയ ശൂന്യതയാണ് തുറന്നു കിടക്കുന്നത്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ വിവിധ സംഘടനകളുടെ സഹായങ്ങള്‍ കൊണ്ട് ഇത്തരം കുടുംബങ്ങള്‍ക്ക് ചെറിയ തോതിലെങ്കിലും അഭയം നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. തുടക്കത്തില്‍ മസ്ജിദുകളിലായിരുന്നു സഹായം നല്‍കിയിരുന്നത്. ചിലര്‍ ബന്ധുക്കളുടെ അടുത്തേക്ക് പോയി. നേരത്തെ ഒരു ടെന്റില്‍ രണ്ടു കുടുംബങ്ങള്‍ കഴിഞ്ഞിരുന്ന അവസ്ഥയില്‍ നിന്ന് ഒരു കുടുംബത്തിന് ഒരു ടെന്റ് എന്ന രൂപത്തില്‍ സൗകര്യപ്പെടുത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.

* ദുരന്തത്തിന്റെ ഇരകള്‍ അധികരിച്ചു കൊണ്ടിരിക്കുകയും അവര്‍ വ്യത്യസ്ത നാടുകളിലായിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ ‘അര്‍റഹ്മത്തുല്‍ ആലമിയ്യ’ക്ക് എങ്ങനെ സഹായങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കുന്നു?
– അഫ്ഗാനിസ്താന്‍, ബോസ്‌നിയ, കൊസോവ തുടങ്ങിയ നാടുകളിലെ ദുരന്ത മേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയം നേടിയിട്ടുള്ള സംഘടനയാണ് ‘അര്‍റഹ്മത്തുല്‍ ആലമിയ്യ’. ആഴവും വ്യാപ്തിയും ഏറെയാണെങ്കിലും സിറിയയില്‍ സംഘടനക്ക് തങ്ങളുടെ സേവനം കാഴ്ച്ച വെക്കാന്‍ സാധിച്ചിട്ടുണ്ട്. ഉയര്‍ന്ന സംഘാടന ശേഷിയും ദുരന്തത്തിന്റെ ആഴത്തിനനുസരിച്ചുള്ള സഹായം ഒരുക്കാനുമുള്ള കഴിവുമുള്ള ഉയര്‍ന്ന ശേഷിയുള്ള സന്നദ്ധ സംഘടനകള്‍ക്ക് മാത്രമേ ഇത്തരം മേഖലകളില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുകയുള്ളൂ. ‘അര്‍റഹ്മത്തുല്‍ ആലമിയ്യ’ക്കും മറ്റ് ചില സംഘടനകള്‍ക്കും അതില്‍ വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്. പൊതുജനം ഞങ്ങളിലര്‍പ്പിച്ച വിശ്വാസമാണ് ഞങ്ങളെയതിന് സഹായിച്ചത്. വന്നു കൊണ്ടിരിക്കുന്ന സംഭാവനകളിലൂടെ ഞങ്ങളത് തിരിച്ചറിയുന്നുണ്ട്. അപ്രകാരം തന്നെ മുപ്പത് വര്‍ഷമായി ഈ രംഗത്തുള്ള ഞങ്ങളുടെ പ്രവര്‍ത്തന പരിചയവും വളരെയധികം സഹായിച്ചിട്ടുണ്ട്. അഭയാര്‍ഥികളെത്തുന്ന നാടുകളായ ജോര്‍ദാനിലും ലബനാനിലും ഞങ്ങളുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതും ഞങ്ങളുടെ പ്രവര്‍ത്തനത്തെ എളുപ്പമാക്കുന്നു.

* ‘ഖവാഫിലു റഹ്മ’യെ കുറിച്ച് ചെറിയ വിവരണം നല്‍കുമോ?
– സന്നദ്ധ സേവനവും സഹായവും ശക്തിപ്പെടുത്തുക എന്ന ചിന്തയില്‍ നിന്നാണ് ‘ഖവാഫിലു റഹ്മ’ (കാരുണ്യത്തിന്റെ യാത്രാസംഘങ്ങള്‍) രൂപപ്പെടുന്നത്. സിറിയന്‍ ജനതയെ തങ്ങളുടെ സംഭാവനകളിലൂടെ സഹായിക്കാന്‍ പൊതുജനങ്ങള്‍ക്ക് തുറന്ന അവസരം നല്‍കുകയാണിത് ചെയ്യുന്നത്. സിറിയന്‍ കുടുംബങ്ങള്‍ അഭയാര്‍ഥികളായി ചെന്നെത്തിയ ഒരു രാജ്യത്ത് അവരെ സഹായിക്കാനുള്ള പരിപാടി എന്നതാണ് അടിസ്ഥാനപരമായി ഇതുകൊണ്ടുദ്ദേശിക്കുന്നത്. സന്നദ്ധ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും പങ്കാളിത്വത്തോടെയുള്ള യാത്രാ സംഘത്തിലൂടെയായിരുന്നു ഇത്. വലിയ സംഖ്യ തന്നെ ഇതിലൂടെ ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക, സിറിയയിലെ നമ്മുടെ സഹോദരങ്ങളെ സഹായിക്കാന്‍ താല്‍പര്യമുള്ളവരെയെല്ലാം കൂടെ കൂട്ടുക, പ്രാദേശിക സമൂഹങ്ങളില്‍ നിന്നും ക്രിയാത്മക സഹകരണം ഉണ്ടാക്കിയെടുക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. സംഭാവനകള്‍ നല്‍കുന്ന ജനങ്ങള്‍ക്കും സംഘടനക്കും ഇടയിലെ വിശ്വാസം ഉറപ്പിക്കുകയും നേരിട്ടു കാണുന്നതിലൂടെ പ്രവര്‍ത്തനങ്ങളുടെ സുതാര്യത വെളിപ്പെടുത്തുകയും ചെയ്യുക എന്നതും ഇതുകൊണ്ടുദ്ദേശിക്കുന്നുണ്ട്. മാധ്യമങ്ങളും ഈ പ്രവര്‍ത്തനത്തെ വിജയിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ‘ഖവാഫിലു റഹ്മ’ക്ക് തുടക്കം കുറിച്ചത് 2012 ഫെബ്രുവരിയിലായിരുന്നു. വ്യത്യസ്ത സംഭാവനകളര്‍പ്പിച്ചു കൊണ്ട് ഇതുവരെ 120 സംഘങ്ങള്‍ (ഖാഫില) ഉണ്ടായിട്ടുണ്ട്.

* വ്യക്തിപരമായി നിങ്ങള്‍ തൊട്ടറിഞ്ഞ എന്തെങ്കിലും അനുഭവം?
– സിറിയയിലെ പരിക്കേറ്റ കുട്ടികള്‍ ഒരിക്കലും മറക്കാനാവാത്ത കാഴ്ച്ച തന്നെയാണ്. യാതൊരു കുറ്റവും ചെയ്യാത്ത അവരുടെ അവയവങ്ങള്‍ വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ഏങ്ങലിടുച്ചു കരയുന്ന സ്ത്രീകളെ അവിടെ കാണാന്‍ കഴിഞ്ഞു. അവരെ കുറിച്ച് ഒരാള്‍ എന്നോട് പറഞ്ഞു : ‘ഇവരുടെ മൂന്നോ നാലോ കുട്ടികള്‍ കൊല്ലപ്പെട്ടിരിക്കുന്നു.’ അതു കേട്ട് കണ്ണീര്‍ പൊഴിക്കാനല്ലാതെ മറ്റൊന്നിനും എനിക്കു കഴിയുമായിരുന്നില്ല. ഇത്തരത്തിലുള്ള നിരവധി കേസുകളുണ്ട്. ഓരോ യാത്രയിലും ഞങ്ങളത് കണ്ടു. കണ്ണീര്‍ അവരെ വേര്‍പിരിയുന്നേയില്ല. പരിക്കേറ്റവരെ സന്ദര്‍ശിച്ച ഞങ്ങളെ എതിരേറ്റത് കരളലിയിപ്പിക്കുന്ന കാഴ്ചകളായിരുന്നു. പ്രത്യേകിച്ചും ശരീരത്തിന്റെ പല ഭാഗങ്ങളും നഷ്ടപ്പെട്ടവര്‍, ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ യുവത്വത്തില്‍ കണ്ണും കൈ കാലുകളും നഷ്ടപ്പെട്ട യുവാക്കള്‍. എന്നാല്‍ എത്രയോ ഉന്നതമായ മനസ്സുകളുടെ ഉടമകളാണ് അവരെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാകുമായിരുന്നു. ചുണ്ടില്‍ പുഞ്ചിരിയുമായിട്ടാണ് നിങ്ങളെയവര്‍ സ്വീകരിക്കുക. ‘എന്റെ രണ്ട് കാലുകള്‍ നേരത്തെ സ്വര്‍ഗത്തിലേക്ക് പോയിരിക്കുന്നു, അല്ലെങ്കില്‍ എന്റെ കണ്ണ് എന്നേക്കാള്‍ മുമ്പ് സ്വര്‍ഗത്തിലേക്ക് പോയിരിക്കുന്നു എന്ന് കണ്ണീര്‍ കലര്‍പ്പുള്ള പുഞ്ചിരിയോടെ അവര്‍ പറഞ്ഞു.

* ബോസ്‌നിയയിലെയും ഹെര്‍സഗോവിനയിലെയും മുസ്‌ലിംകള്‍ നേരിട്ട ദുരന്തവും സിറിയന്‍ ദുരന്തവും തമ്മിലുള്ള വ്യത്യാസം എന്താണ്?
– ബോസ്‌നിയയിലെയും ഹെര്‍സഗോവിനയിലെയും ദുരന്തവും സിറിയയുടെ ദുരന്തവും തമ്മില്‍ അടിസ്ഥാനപരമായി തന്നെ വ്യത്യാസമുണ്ട്. സിറിയയില്‍ നടക്കുന്നത് പോലെയുള്ള യുദ്ധകുറ്റങ്ങളും കൊലപാതകങ്ങളുമാണ് ബോസ്‌നിയയിലും ഹെര്‍സഗോവിനയിലും നടന്നതെന്നത് ശരിയാണ്. എന്നാല്‍ അവിടെ അന്താരാഷ്ട്ര സമൂഹം പെട്ടന്ന് തന്നെ ഇടപെട്ടിട്ടുണ്ടെന്നതാണ് പ്രധാന വ്യത്യാസം. യുദ്ധ കുറ്റം ചെയ്തവരെ പിടികൂടി അന്താരാഷ്ട്ര കോടതിക്ക് മുന്നില്‍ ഹാജരാക്കുകയും ചെയ്തു. എന്നാല്‍ സിറിയന്‍ പ്രതിസന്ധി മൂന്ന് വര്‍ഷത്തിലേറെയായി തുടര്‍ന്നു കൊണ്ടിരിക്കുമ്പോഴും ലോകത്തിന് മുമ്പിലത് ഒരു വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. എന്തുകൊണ്ടാണ് ആഗോളതലത്തില്‍ തന്നെ ഇങ്ങനെ ഒരു മൗനം? കുറ്റവാളി ഭരണകൂടം ഓരോ ദിവസവും നടത്തി കൊണ്ടിരിക്കുന്ന യുദ്ധ കുറ്റങ്ങള്‍ കണ്‍മുന്നില്‍ കണ്ടിട്ടും അവര്‍ക്കെതിരെ ചെറിയൊരു നീക്കം പോലും എന്തു കൊണ്ട് നടത്തുന്നില്ല?

* മതവും വിശ്വാസവും പരിഗണിക്കാതെ മുഴുവന്‍ സിറിയക്കാര്‍ക്കുമാണോ നിങ്ങള്‍ സഹായം ചെയ്യുന്നത്?
– സഹായങ്ങള്‍ ചെയ്യുമ്പോള്‍ ഞങ്ങളൊരിക്കലും മനുഷ്യരുടെ മതമോ മദ്ഹബോ ചോദിക്കാറില്ല. സഹായത്തിന് അയാള്‍ അര്‍ഹനാണോ എന്നത് മാത്രമാണ് ഞങ്ങള്‍ ഉറപ്പു വരുത്തുന്നത്. സഹായങ്ങള്‍ അര്‍ഹമായ കൈകളില്‍ തന്നെ എത്തുന്നതിലാണ് ഞങ്ങള്‍ക്ക് സംതൃപ്തി. ലബനാനിലും ജോര്‍ദാനിലും സിറിയക്കകത്ത് തന്നെയുമുള്ള ഞങ്ങളുടെ കേന്ദ്രങ്ങളിലെത്തുന്നവരുടെ വിവരങ്ങള്‍ ഞങ്ങള്‍ രേഖപ്പെടുത്താറുണ്ട്. കുടുബത്തിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും എണ്ണം എത്രയാണ്? അവരില്‍ ആരെങ്കിലും പ്രഷര്‍ ഷുഗര്‍ പോലുള്ള വിട്ടുമാറാത്ത രോഗങ്ങള്‍ ബാധിച്ച മരുന്ന് ആവശ്യമുള്ളവരുണ്ടോ? വിഗലാംഗരായിട്ടുള്ള ആരെങ്കിലും ഉണ്ടോ? ഇത്തരം വിവരങ്ങളാണ് ഞങ്ങളുടെ കേന്ദ്രങ്ങള്‍ ശേഖരിക്കുന്നത്.

* ശൈത്യം അതിശക്തമായ ഈ വര്‍ഷത്തില്‍ നിങ്ങള്‍ നടത്തിയ സേവനങ്ങള്‍ എന്തൊക്കെയായിരുന്നു?
– അതിശൈത്യം ബാധിച്ച പ്രദേശത്തെ പ്രവര്‍ത്തനത്തിന് ഞങ്ങള്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. തണുപ്പിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി ഞങ്ങള്‍ കാമ്പയിന്‍ നടത്തി. തണുപ്പിനെ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഞങ്ങളുടെ ഓഫീസുകള്‍ മുഖാന്തിരം ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ സിറിയക്കകത്ത് മാത്രം 10,775 പുതപ്പുകള്‍ സംഘടനയിലൂടെ മാത്രം വിതരണം ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. സിറിയക്ക് പുറത്ത് അഭയാര്‍ഥികള്‍ക്കിടയില്‍ 5429 പുതപ്പുകളും നല്‍കി. അതിന് പുറമെ 6686 കുടുംബങ്ങള്‍ക്ക് ചൂട് നിലനിര്‍ത്തുന്നതിനാവശ്യമായ ഇന്ധനം നല്‍കിയും സഹായിച്ചു. അഭയാര്‍ഥികള്‍ക്ക് കഴിയുന്നതിന് സൗകര്യപ്രദമായ റൂമുകള്‍ സജ്ജീകരിക്കാനും സാധിച്ചിട്ടുണ്ട്. ഉദാരമതികളുടെ അകമഴിഞ്ഞ സഹായം കൊണ്ടു മാത്രമാണ് ഇതെല്ലാം സാധിച്ചത്.

വിവ : അഹ്മദ് നസീഫ്‌

Related Articles