Current Date

Search
Close this search box.
Search
Close this search box.

‘ഒരു വിപ്ലവം തന്നെ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്’

തുനീഷ്യയിലെ രാഷ്ട്രീയ പുരോഗതികള്‍ ലോകതലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കുന്ന പശ്ചാത്തലത്തില്‍ മുന്‍ തുനീഷ്യന്‍ പ്രധാനമന്ത്രി അലി അരീദുമായി ‘അല്‍-മുജ്തമഅ്’ നടത്തിയ അഭിമുഖത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അദ്ദേഹം വിവരിക്കുന്നു. അന്നഹ്ദ പാര്‍ട്ടിയുടെ നേതാവുകൂടിയാ അദ്ദേഹം വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിലെ നിലപാടുകളും വ്യക്തമാക്കുന്നുണ്ട്.

* അടുത്ത പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ നിങ്ങളുടെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ടോ? അന്നഹ്ദയുടെ മുന്‍ പ്രധാനമന്ത്രി ഹമാദി ജിബാലിയുടെ രാജിയെ കുറിച്ച് നിരവധി പ്രചരണങ്ങള്‍ നടക്കുന്നുണ്ടല്ലോ, അതിലെ യാഥാര്‍ഥ്യം എന്താണ്?
– പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. രാഷ്ട്രത്തിന്റെ നന്മയാണ് ഞങ്ങളുദ്ദേശിക്കുന്നത്. എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന ഒരു വ്യക്തിയെ കണ്ടെത്തിയാല്‍ ഞങ്ങള്‍ അദ്ദേഹത്തിന് പിന്തുണ നല്‍കും. അല്ലെങ്കില്‍ ഞങ്ങള്‍ ഒരു സ്ഥാനാര്‍ഥിയെ നിശ്ചയിക്കും, അതാരായിരിക്കും എന്ന് ഇപ്പോള്‍ പറയാനാവില്ല. തുനീഷ്യയെ സമാധാന പൂര്‍ണമായ ഒരവസ്ഥയിലെത്തിക്കുന്നതിന് ജനാധിപത്യത്തെ പിന്തുണക്കുക എന്നതാണ് എന്റെ നിലപാട്. സഹോദരന്‍ ഹമാദി ജിബാലി അന്നഹ്ദയുടെ കരുത്തുറ്റ നേതാവും ജനറല്‍ സെക്രട്ടറിയുമാണ്.

* മുമ്പെത്തേതിനേക്കാള്‍ ശക്തമായ മത്സരം ഉണ്ടായേക്കാവുന്ന വരാനിരിക്കുന്ന തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വല്ല സമരതന്ത്രവും നിങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ?
– തെരെഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയങ്ങളെ കുറിച്ച് അന്നഹ്ദ പഠിക്കുന്നുണ്ട്. സര്‍വ സന്നാഹങ്ങളോടെയും ഞങ്ങളതിനെ നേരിടുകയും ചെയ്യും. വിദേശ ഇടപെടലുകളും കൈകടത്തലുകളും അകറ്റി നിര്‍ത്തുന്നതിന് വേണ്ടി ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. പരസ്പരം മനസ്സിലാക്കിയും ചര്‍ച്ചയെ പിന്തുണച്ചും താല്‍ക്കാലിക ഘട്ടത്തിന്റെ പരാജയത്തെ ഞങ്ങള്‍ രക്ഷിച്ചു. താല്‍ക്കാലിക ഘട്ടത്തിന് തടയിടുന്നതിന് നിരവധി ശ്രമങ്ങളുണ്ടായിട്ടുണ്ട്. അതില്‍ പെട്ടതാണ് ശുക്‌രി ബല്‍ഈദിന്റെയും മുഹമ്മദ് ബറാഹിമിയുടെയും കൊലപാതകങ്ങള്‍, തുനീഷ്യന്‍ സുരക്ഷാ സൈനികരുടെയും, പൗരന്മാരുടെയും കൊലപാതങ്ങള്‍. അവയെയെല്ലാം മറികടക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. താല്‍ക്കാലിക ഘട്ടത്തില്‍ പ്രതിസന്ധികളുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു.

* മഹ്ദി ജുമുഅയുടെ നേതൃത്വത്തിലുള്ള ഭരണകൂടം വന്നതിന് ശേഷം കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥ ഉണ്ടായിട്ടുണ്ടോ?
– മുമ്പ് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണിപ്പോള്‍ ഞങ്ങള്‍ അനുഭവിക്കുന്നത്. ദൈവാനുഗ്രഹത്താല്‍ ഈ ഭരണകൂടം വിജയിക്കുക തന്നെ ചെയ്യും. മനുഷ്യാവകാശങ്ങള്‍ പരിഗണിച്ചു കൊണ്ടാണ് ഞങ്ങള്‍ നിയമങ്ങള്‍ നടപ്പാക്കുന്നത്. ഏതൊരാള്‍ കൊല്ലപ്പെടുന്നതിലും ഞാന്‍ ദുഖിക്കുന്നു. ജീവന്‍ പവിത്രമാക്കപ്പെട്ടതാണ്. മനുഷ്യര്‍ക്ക് നീതി ലഭിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഒരാള്‍ പോലും കൊല്ലപ്പെടാതെ നോക്കുക എന്നത് സുരക്ഷാ വിഭാഗത്തിന് അസാധ്യമാണ്.

* കഴിഞ്ഞ ജനുവരി 26-ന് ഭരണഘടന അംഗീകരിക്കപ്പെട്ടു, അന്ന് മുതല്‍ തുനീഷ്യ ഒരു പരിവര്‍ത്തനത്തിന്റെ പാതയില്‍ പ്രവേശിച്ചിരിക്കുന്നു എന്ന് പറയാമോ?
– തുനീഷ്യയില്‍ വിപ്ലവം ആരംഭിച്ചത് മുതല്‍ അതിന്റെ ജനാധിപത്യത്തിലേക്കുള്ള മാറ്റം ആരംഭിച്ചിരിക്കുന്നു. (2010 ഡിസംബര്‍ 17 തുടക്കം കുറിച്ച വിപ്ലവം 2011 ജനുവരി 14 ന് വിജയം കണ്ടെത്തി.) അന്നുമുതല്‍ ഞങ്ങള്‍ സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. നിയമങ്ങള്‍, സംസ്‌കരണം, ധാര്‍മികഗുണങ്ങള്‍, ഭരണഘടനയോടുള്ള ആദരവ് തുടങ്ങിയ കാര്യങ്ങളില്‍ ഒരു വ്യക്തത വരുത്തുകയാണിപ്പോള്‍ ആവശ്യമായിരിക്കുന്നത്. ഞങ്ങള്‍ സ്വാതന്ത്ര്യങ്ങളെല്ലാം ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പരമാവധി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ തെരെഞ്ഞെടുക്കപ്പെട്ട സംവിധാനങ്ങള്‍ അവക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനാധിപത്യത്തിന്റെ പാതയില്‍ തുനീഷ്യ സുപ്രധാനമായ ഒരു കാല്‍വെപ്പാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

* ഭരണഘടനക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ തുനീഷ്യ വിജയിച്ചിട്ടുണ്ടോ?
– വലിയ ചര്‍ച്ചകളുടെയും യോജിപ്പുകളുടെയും ഫലമായി ഉണ്ടായ ഒന്നാണ് തുനീഷ്യന്‍ ഭരണഘടന. ഒരു കക്ഷിക്ക് പരാജയവും മറുകക്ഷിക്ക് വിജയവും നേടികൊടുക്കുന്ന ഒരു പോരാട്ടമല്ല അത്. മുഴുവന്‍ തുനീഷ്യക്കാരെയുമാണ് ഞങ്ങളതില്‍ പരിഗണിച്ചത്. മുഴുവന്‍ തുനീഷ്യക്കാര്‍ക്കും അതില്‍ ഇടം നല്‍കി. അതുകൊണ്ട് തന്നെ 93 ശതമാനം വോട്ടു നേടി അത് അംഗീകരിക്കപ്പെടുകയും ചെയ്തു. ദേശീയ അനുരഞ്ജനത്തിന് സമാനമായ ഒന്നായിരുന്നു ഭരണഘടനക്ക് മേലുള്ള വോട്ടെടുപ്പ്. ഇനി പ്രസ്തുത ഭരണഘടനയെ പ്രായോഗികമായി നടപ്പാക്കുക എന്ന ഘട്ടത്തിലാണ് ഞങ്ങളുള്ളത്. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്.

* സലഫികളോടുള്ള അനുകൂല നിലപാടുകളുടെ പേരില്‍ അന്നഹ്ദ ആരോപണ വിധേയമാകുന്നു, അതേസമയം സലഫികളെ അടിച്ചമര്‍ത്തുന്നു എന്ന ആരോപണവും അതിനെതിരെ ഉയരുന്നു. ഇതിനെ കുറിച്ച് എന്തു പറയുന്നു?
– മറ്റു സംഘടനകള്‍ക്കും സംഘങ്ങള്‍ക്കും നല്‍കിയ പോലെ അവര്‍ക്കും ഞങ്ങള്‍ സ്വാതന്ത്ര്യം നല്‍കി. നിയമാനുസൃതമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു. പലരും അത് പാലിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ അക്രമവും വിദ്വേഷവും വളര്‍ത്താന്‍ ശ്രമിക്കുന്നു, ഞങ്ങളതിനെ ഭീകരപ്രവര്‍ത്തനമായിട്ടാണ് കാണുന്നത്. തെളിവിന്റെയും പ്രമാണത്തിന്റെയും അടിസ്ഥാനത്തിലാണ് അവ ഭീകരസംഘമാണ്. ദീനീനിഷ്ഠ പുലര്‍ത്തുന്നതിനെയോ ചിന്തകളെയോ ഞങ്ങള്‍ എതിര്‍ക്കുന്നില്ല. അടിച്ചമര്‍ത്തലിലും സ്വാതന്ത്ര്യമില്ലായ്മയിലും ഞങ്ങള്‍ വളരെയധികം പ്രയാസപ്പെട്ടിരുന്നു. സ്വാതന്ത്യം സ്വയം വേണ്ടെന്നു വെച്ചവര്‍ക്കൊഴികെ അത് ലഭിച്ചിരിക്കുന്നു. രാഷ്ട്രത്തിന് നേരെ ആയുധമുയര്‍ത്തുന്നത് തടയുക തന്നെ ചെയ്യും. മനുഷ്യാവകാശങ്ങള്‍ പാലിച്ചു കൊണ്ട് നിയമം നടപ്പാക്കും. ഈ രംഗത്ത് ഏറ്റവും മികച്ച ഭരണഘടനകളില്‍ ഒന്നാണ് ഞങ്ങളുടേത്.

* സലഫികളോട് നിങ്ങള്‍ക്ക് രണ്ടുതരം സമീപനമുണ്ടെന്നാണോ?
– സലഫികള്‍ വലിയൊരു വിഭാഗമാണ്. അവരിലെ ഭൂരിപക്ഷവും മറ്റു പൗരന്‍മാരെ പോലെ കഴിയുന്നവരാണ്. അവര്‍ ദീനിനെ മനസ്സിലാക്കിയവരാണ്. അവര്‍ക്കിടിയില്‍ കക്ഷികളും ചര്‍ച്ചകളുമുണ്ട്. എന്നാല്‍ ചെറിയൊരു വിഭാഗം സലഫികള്‍ ആയുധമെടുത്തവരാണ്, അവര്‍ ആളുകളെ വധിക്കുന്നു. അവര്‍ക്ക് മേല്‍ നിയമ നടപടികള്‍ സ്വീകരിക്കുക എന്നതല്ലാതെ വേറെ മാര്‍ഗം ഞങ്ങള്‍ക്ക് മുന്നിലില്ല.

* അന്നഹ്ദ ഭരണകാലത്ത് എന്ത് നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്? അത് നേരിട്ട വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു?
– രാഷ്ട്രീയ സംഘട്ടനത്തിന് ശേഷം ഞങ്ങള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഭരണഘടനക്ക് അംഗീകാരം നേടിയെടുക്കലായിരുന്നു. 2014 ഫെബ്രുവരി 10-ന് ഭരണഘടന പ്രാബല്യത്തില്‍ വന്നിരിക്കുന്നു. അതോടൊപ്പം തന്നെ 2014 വര്‍ഷത്തില്‍ തന്നെ തെരെഞ്ഞെടുപ്പും നടക്കും. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് സ്വതന്ത്രവും ശുദ്ധവുമായ രീതിയില്‍ തെരെഞ്ഞെടുപ്പ് നടത്താനുള്ള സംവിധാനങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്.

* സാമൂഹിക ഘടനയില്‍ മാറ്റം വരുത്താന്‍ അന്നഹ്ദ ശ്രമിക്കുന്നുണ്ടെന്ന ആരോപണം ഉണ്ടല്ലോ, പ്രത്യേകിച്ചും സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എന്തെങ്കിലും അജണ്ടകളുണ്ടോ?
– സ്ത്രീകള്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ നഷ്ടപ്പെടുമെന്ന ഒരു ഭയവും ഉണ്ടാവേണ്ടതില്ല. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ആശങ്കയുണ്ടാവാം. രാഷ്ട്രം ചില നിര്‍ണിതമായ വീക്ഷണങ്ങള്‍ നിര്‍ബന്ധമായും നടപ്പാക്കും. അതില്‍ നിര്‍ബന്ധം ചെലുത്താതിരിക്കുന്നത് ചിലരെ അസ്വസ്ഥപ്പെടുത്തുന്നത് പോലെ നിര്‍ബന്ധം ചെലുത്തുന്നതും ചിലരെ അസ്വസ്ഥപ്പെടുത്തും. നിലവില്‍ വളരെ ഉയര്‍ന്ന സ്ത്രീപങ്കാളിത്തമാണുള്ളത്. പല സ്ഥാപനങ്ങളിലും സ്ത്രീ പങ്കാളിത്തം നേര്‍പകുതിയാണ്. രാഷ്ട്രത്തിലെ വിവിധ വിഭാഗങ്ങളുടെ അംഗീകാരവും അതിന് ലഭിച്ചിട്ടുണ്ട്. തുനീഷ്യക്കാരുടെ വിശ്വാസത്തോടും ലോകത്തോടുള്ള അവരുടെ ബന്ധത്തോടും ഒപ്പമാണ് ഞങ്ങള്‍. എന്നാല്‍ ചിലയിടങ്ങളില്‍ നിന്ന് ഉയരുന്ന ഭീതിയുടെ ശബ്ദങ്ങള്‍ മനുഷ്യനെ വിലകുറച്ചു കാണുന്ന വീക്ഷണത്തിന്റെ വിജയമായിട്ടേ കാണാനാവൂ. സ്വന്തം സ്വത്വത്തിലും ആധുനികതയിലും വേരൂന്നുന്നതിന് ആരെയും ആര്‍ക്കും ബലികൊടുക്കേണ്ടതില്ലെന്നാണ് ഞങ്ങളുടെ കാഴ്ച്ചപ്പാട്. ഭൂരിഭാഗം തുനീഷ്യക്കാരും പാരമ്പര്യങ്ങളെ മുറുകെ പിടിച്ച് ലോകത്തോടൊപ്പം ചലിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. തന്റെ അസ്ഥിത്വം പോലെ പ്രധാനമാണ് പുരോഗതയും എന്നവര്‍ വിശ്വസിക്കുന്നു.

* അന്നഹ്ദ സര്‍ക്കാറിന്റെ നേട്ടങ്ങളെ കുറിച്ച് ചോദിച്ചിരുന്നു, അതൊന്ന് വിവരിക്കുമല്ലോ?
– അന്നഹ്ദ ഭരണം നടത്തിയ കഴിഞ്ഞ മൂന്ന് അല്ലെങ്കില്‍ രണ്ട് വര്‍ഷത്തിനിടയില്‍ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. യുവാക്കള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പുതുതായി പല പ്രദേശങ്ങളിലും വൈദ്യുതിയും വെള്ളവും എത്തിക്കുകയും ചെയ്തു. എത്രയോ വര്‍ഷങ്ങള്‍ ഭരണം നടത്തിയിട്ടും ലഭിക്കാത്ത നേട്ടങ്ങളാണ് രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് ഞങ്ങളുണ്ടാക്കിയിരിക്കുന്നത്. നിക്ഷേപരംഗത്തും ഞങ്ങള്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. വലിയ പരിഷ്‌കരണങ്ങള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്, അവയില്‍ പലതിന്റെയും ഫലം കിട്ടാന്‍ രണ്ടോ മൂന്നോ വര്‍ഷം കാത്തിരിക്കേണ്ടി വരും. ശൈഖ് റാശിദുല്‍ ഗന്നൂശിയുടെ വാക്കുകള്‍ കടമെടുത്താല്‍ ഒരു വിപ്ലവം തന്നെ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. രാഷ്ട്രീയ സുസ്ഥിരതയും ജനാധിപത്യവും കൊണ്ടല്ലാതെ വിപ്ലവം വിജയിക്കുകയില്ല. അനുദിനം പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥയാണ് ഇവിടെയുള്ളത്. സമയത്തിന് ഇതില്‍ മുഖ്യമായ പങ്കുണ്ട്. ഞങ്ങള്‍ തുടങ്ങി വെച്ചത് നിലവിലെ ടീം മെച്ചപ്പെടുത്തുകയും ശേഷം വരുന്നവര്‍ അത് തുടരുകയും ചെയ്യും.

വിവ : അഹ്മദ് നസീഫ്‌

Related Articles