Current Date

Search
Close this search box.
Search
Close this search box.

ഒബാമ നൊബേല്‍ ഏറ്റുവാങ്ങുമ്പോള്‍ ഞങ്ങള്‍ പീഢിപ്പിക്കപ്പെടുകയായിരുന്നു

guantanamo.jpg

ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടുമെന്ന വാഗ്ദാനം ഇതുവരെ പാലിക്കാന്‍ കഴിയാത്തത് അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയിലുള്ള ബറാക് ഒബാമയുടെ ഔദ്യോഗിക ജീവിതത്തിലെ ഒരിക്കലും മായ്ക്കാന്‍ കഴിയാത്ത പാപക്കറയാണെന്നാണ് 14 വര്‍ഷത്തോളം യാതൊരു വിചാരണയും കൂടാതെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറയില്‍ കഴിയേണ്ടി വന്ന സൗദിയില്‍ ജനിച്ച് ബ്രിട്ടനില്‍ താമസിക്കുന്ന ശാകിര്‍ ആമിര്‍ പറയുന്നത്.

2001-ല്‍ അഫ്ഗാനിസ്ഥാനില്‍ വെച്ചാണ് ആമിര്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. പക്ഷെ അദ്ദേഹത്തിന്റെ മേല്‍ ഒരു കുറ്റവും ചാര്‍ത്തപ്പെട്ടിരുന്നില്ല. 2015 ഒക്ടോബറില്‍ ക്യൂബ ആസ്ഥാനമായ ഗ്വാണ്ടനാമോയില്‍ നിന്നും അദ്ദേഹം മോചിപ്പിക്കപ്പെട്ടു. ശേഷം ഭാര്യക്കും നാലു മക്കളോടുമൊപ്പം ബ്രിട്ടനില്‍ താമസിച്ച് വരുന്നു.

2009 ജനുവരിയില്‍ ഗ്വാണ്ടനാമോ അടച്ചു പൂട്ടുമെന്ന് ഒബാമ പറഞ്ഞിരുന്നെങ്കിലും, എട്ട് വര്‍ഷത്തെ പ്രസിഡന്റ് കാലയളവില്‍ അത് നടപ്പില്‍ വരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. 2009-ല്‍ ഒബാമ അധികാരത്തിലേറുമ്പോള്‍ ഗ്വാണ്ടനാമോയില്‍ ഉണ്ടായിരുന്ന 240 പേരില്‍ 55 പേര്‍ ഇപ്പോഴും അവിടെ തന്നെയുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൊത്തം 780 പേരാണ് ഗ്വാണ്ടനാമോയില്‍ തടവില്‍ പാര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.

ഗ്വാണ്ടനാമോ അടച്ചു പൂട്ടില്ലെന്നും, ‘കൂടുതല്‍ ചീത്ത പിള്ളേരെ’ പൂട്ടിയിടാന്‍ അത് എപ്പോഴും തുറന്ന് വെക്കുമെന്നുമാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്.

ഒബാമയുടെ ഭരണത്തെ സംബന്ധിച്ചും, ഗ്വാണ്ടനാമോ ജീവിതകാലത്ത് നടത്തിയ നിരാഹാര സമരത്തെ കുറിച്ചും, മോചിപ്പിക്കപ്പെട്ടതിന് ശേഷമുള്ള ജീവിതവുമെല്ലാം ആമിര്‍ അല്‍ജസീറയുമായി പങ്കുവെക്കുകയാണ് ഇവിടെ.

അമേരിക്കന്‍ സര്‍ക്കാര്‍ ഗ്വാണ്ടനാമോ തടവറ അടച്ചു പൂട്ടുമോ?

ഗ്വാണ്ടനാമോ അടച്ചു പൂട്ടാന്‍ അവര്‍ക്ക് കഴിയുമോ? കഴിയും. പക്ഷെ ആദ്യം ജനങ്ങള്‍ മനസ്സിലാക്കേണ്ടത് എന്തിനാണ് അവര്‍ ഗ്വാണ്ടനാമോ ഒരിക്കലും അടക്കാതെ തുറന്ന് തന്നെ വെച്ചിരിക്കുന്നത് എന്നതിനെ സംബന്ധിച്ചാണ്. കേവലം രാഷ്ട്രീയപരവും, സുരക്ഷാപരവുമായ കാരണങ്ങളല്ല അതിന് പിന്നിലുള്ളത്. ഗ്വാണ്ടനാമോ അടച്ചു പൂട്ടുകയാണെങ്കില്‍, 15 വര്‍ഷത്തോളം ഇക്കണ്ടയാളുകളെയെല്ലാം അവിടെ തടവിലിട്ടതിന് അവര്‍ ഉത്തരം പറയേണ്ടി വരുമല്ലോ?

ജനങ്ങള്‍ എല്ലാം അറിയണം. ലോകത്തിലെ ഏറ്റവും അത്യാധുനികമായ രഹസ്യാന്വേഷണ സംവിധാനത്തെ കുറിച്ചാണ് നാം സംസാരിക്കുന്നത്. അമേരിക്കന്‍ സര്‍ക്കാറിന്റെ ഭരണകേന്ദ്രത്തിന് പുറത്ത് സി.ഐ.എ-യാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് ഗ്വാണ്ടനാമോ ലോകത്തിന് മുന്നില്‍ തെളിയിച്ചു. ഭരണകൂടത്തിന് ഉള്ളിലുള്ള ഒരു ഭരണകൂടമാണത്. നിയമത്തിന് അധീതരാണ് അവര്‍. ആ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയാന്‍ ആരാണ് തയ്യാറാവുക? ഉത്തരം നല്‍കാന്‍ അവര്‍ തയ്യാറാണോ? ഇല്ല. അവര്‍ ഒരിക്കലും അതിന് തയ്യാറാവില്ല.

എന്തുകൊണ്ടാണ് ഗ്വാണ്ടനാമോ അടച്ചു പൂട്ടാത്തതെന്ന് ജനങ്ങള്‍ ചോദിക്കണം. ലോകത്തോട് ഉത്തരം പറയേണ്ട ഉത്തരവാദിത്തം അവര്‍ക്കുണ്ട്.

ആദ്യമായി, അവര്‍ അമേരിക്കന്‍ പൗരന്‍മാരോടാണ് ഉത്തരം പറയേണ്ടത്. ‘ദേശീയ സുരക്ഷയുടെ’ പേരിലാണ് ഞങ്ങള്‍ ഈ ദുരിതങ്ങളെല്ലാം അനുഭവിച്ചത്. ‘ദേശീയ സുരക്ഷ’യുടെ പേരില്‍ എന്റെ സ്വന്തം മക്കള്‍ എനിക്കയച്ച കത്തുകള്‍ പോലും എനിക്ക് ലഭിച്ചിരുന്നില്ല. ‘ദേശീയ സുരക്ഷ’യുടെ പേരില്‍ എനിക്ക് എന്റെ വക്കീലിനോട് സ്വതന്ത്രമായി സംസാരിക്കാനും സാധിക്കുകയില്ല.

ഇതിനെല്ലാം ശേഷം, ഗ്വാണ്ടനാമോ അടച്ചു പൂട്ടാന്‍ പോകുകയാണെന്നും, കുറച്ച് ആളുകളെ മാത്രമാണ് പിടികൂടാന്‍ കഴിഞ്ഞതെന്നും, കഴിഞ്ഞ പത്ത് വര്‍ഷമായി അവരെ വിചാരണ ചെയ്യാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും പക്ഷെ ഞങ്ങള്‍ പരാജയപ്പെട്ടുവെന്നും അവര്‍ ലോകത്തോട് വിളിച്ചു പറയുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ലോകം അത് അംഗീകരിക്കുമോ? ഒരിക്കലുമില്ല. അതുകൊണ്ടാണ് അവര്‍ക്ക് ഗ്വാണ്ടനാമോ അടച്ചു പൂട്ടാന്‍ കഴിയാത്തത്.

ഗ്വാണ്ടനാമോ അടച്ച് പൂട്ടാന്‍ വേണ്ടിയുള്ള സമരവുമായി താങ്കള്‍ മുന്നോട്ട് തന്നെ പോകുമോ?

ഞങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ട് കിടക്കുന്ന പോരാട്ടമാണിത്. ഞങ്ങളിന്നും ദുരിതമനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഗവണ്‍മെന്റ് ഇതിനെ കുറിച്ച് സംസാരിക്കാന്‍ തയ്യാറല്ല. ഗവണ്‍മെന്റുകള്‍ക്ക് ഇതൊന്നും ഒരു വിഷയമേയല്ല, കാരണം അവര്‍ക്കൊന്നും നഷ്ടപ്പെട്ടിട്ടില്ലല്ലോ. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എന്റെ 14 വര്‍ഷങ്ങളാണ് നഷ്ടപ്പെട്ടത്. ഇതങ്ങനെ വെറുതെ വിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്ക് കിട്ടേണ്ട നഷ്ടപരിഹാരത്തെ കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്. നഷ്ടപരിഹാരം അവര്‍ തന്നു കഴിഞ്ഞു, പക്ഷെ അവര്‍ ഇന്നേ വരെ എന്നോട് ഒരു ‘സോറി’ പോലും പറഞ്ഞിട്ടില്ല.

തടവുകാരെ ഓര്‍ത്ത് മാത്രമല്ല ഇതുമായി മുന്നോട്ട് പോകുന്നത്. ഒരു ഗവണ്‍മെന്റിനെ കുറിച്ചാണ്, ഒരു വ്യവസ്ഥയെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ഞങ്ങളെ പീഢിപ്പിക്കാന്‍ പട്ടാളക്കാര്‍ക്ക് സമ്മതം കൊടുക്കുന്നതിന് വേണ്ടി സ്വന്തം ജനതയോട് അമേരിക്കന്‍ ഭരണകൂടം നുണകള്‍ പറഞ്ഞു. ഞങ്ങളെ എങ്ങനെയൊക്കെ പീഢിപ്പിക്കാം, മര്‍ദ്ദിക്കാം എന്നതിനെ കുറിച്ചുള്ള ക്ലാസുകളില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ സൈനികര്‍ പോകുന്നത് സങ്കല്‍പ്പിക്കാന്‍ കഴിയുന്നുണ്ടോ നിങ്ങള്‍ക്ക്? ഞങ്ങളെ പീഢിപ്പിക്കുന്നതിലൂടെ സ്വാതന്ത്ര്യത്തെയാണ് സംരക്ഷിക്കുന്നതെന്ന് ഭരണകൂടത്തിന് സൈനികരെ വിശ്വസിപ്പിക്കേണ്ടതുണ്ടായിരുന്നു. ഒരു സൈനികര്‍ ഇതെല്ലാം അംഗീകരിക്കണമെന്നുണ്ടെങ്കില്‍ അവരെ മസ്തിഷ്‌കപ്രക്ഷാളനം നടത്തേണ്ടതുണ്ടായിരുന്നു. ഞങ്ങളും മനുഷ്യരാണെന്നും, ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഞങ്ങള്‍ക്ക് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

ഗ്വാണ്ടനാമോയിലെ പ്രതിഷേധങ്ങള്‍ക്ക് മുഖ്യനേതൃത്വം നല്‍കിയ ആളാണ് താങ്കള്‍. ജയില്‍ മതിലുകള്‍ക്കുള്ളില്‍ നിരാഹാര സമരത്തിനും, മറ്റു പ്രതിഷേധങ്ങള്‍ക്കും എത്രത്തോളം പ്രാധാന്യമുണ്ട്?

ഒരാള്‍ നിരാഹാര സമരത്തിന് തയ്യാറായാല്‍, ലക്ഷ്യം നേടുന്നതിന് വേണ്ടി അയാള്‍ സ്വന്തം ജീവിതം ബലിയര്‍പ്പിക്കാന്‍ തയ്യാറായെന്നാണ് അതിനര്‍ത്ഥം. തികച്ചും സമാധാനപരമായ ഒരു മാര്‍ഗമാണത്. അല്‍ഖാഇദക്ക് വേണ്ടി സ്വയം ചാവാന്‍ ശ്രമിക്കുകയാണ് ഞങ്ങളെന്നാണ് അവര്‍ ലോകത്തോട് പറഞ്ഞത്. സത്യത്തെ സമര്‍ത്ഥമായി അവര്‍ വളച്ചൊടിച്ചു.

നിരാഹാര സമരത്തെ വളരെ ക്രൂരമായാണ് അവര്‍ നേരിട്ടത്. ‘ശ്രദ്ധിച്ച് കേള്‍ക്കുക, ഞാന്‍ കുറ്റക്കാരനാണെങ്കില്‍, എന്നെ കോടതിയില്‍ വിചാരണക്ക് ഹാജറാക്കുക. ഇനി ഞാന്‍ നിരപരാധിയാണെങ്കില്‍, എന്നെ വീട്ടിലേക്ക് പറഞ്ഞയക്കുക’ എന്ന് ലോകത്തോട് വിളിച്ച് പറയാനുള്ള സമാധാനപരമായ മാര്‍ഗമായിരുന്നു ഞങ്ങള്‍ക്ക് നിരാഹാര സമരം. ഏതാനും ചില മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയാണ് ഞങ്ങള്‍ നിരാഹാര സമരം കിടന്നത്. ദൈവത്തെ പിടിച്ച് ഞാന്‍ സത്യം ചെയ്യുന്നു, മനുഷ്യരോട് പെരുമാറുന്നത് പോലെയല്ല അവര്‍ ഞങ്ങളോട് പെരുമാറിയത്. അവരുടെ കണ്ണില്‍ ഞങ്ങള്‍ മനുഷ്യരല്ലെന്നാണ് ഞങ്ങളോടുള്ള അവരുടെ പെരുമാറ്റത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചത്.

ചില ജയില്‍ ഗാര്‍ഡുകള്‍ മനസാക്ഷിക്കുത്തു കൊണ്ട് പൊട്ടികരയാറുണ്ട്. ഒന്നും രണ്ടും വട്ടമല്ല, പത്തും ഇരുപതും മുപ്പതും തവണ പൊട്ടിക്കരഞ്ഞവരുണ്ട്. ഈ സൈനികര്‍ നിങ്ങളുടെ സുഹൃത്തുക്കളായി മാറുന്ന കാഴ്ച്ച അതിമനോഹരമാണ്. നിങ്ങള്‍ക്ക് വേണ്ടി ഈ നശിച്ച ജോലി തന്നെ ഉപേക്ഷിക്കുന്നവരുണ്ട്. തടവുകാരെ മര്‍ദ്ദിക്കാനും, പീഢിപ്പിക്കാനും വിസമ്മതിക്കുന്ന സൈനികരുണ്ട്, അവരെ നാട്ടിലേക്ക് തന്നെ തിരിച്ചയക്കുകയാണ് പതിവ്.

അമേരിക്കന്‍ സര്‍ക്കാര്‍ നിഷേധിക്കുമെങ്കിലും, നിരാഹാര സമരം കൊണ്ട് ഫലമുണ്ടായി. ഞങ്ങള്‍ക്ക് ചിലതെല്ലാം നേടാന്‍ സാധിച്ചു.

മോചിപ്പിക്കപ്പെട്ടതിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് എന്ത് പറയുന്നു?

രേഖയില്‍ എനിക്ക് മേല്‍ യാതൊരു വിധത്തിലുമുള്ള നിയന്ത്രണങ്ങളുമുണ്ടായിരുന്നില്ല. പക്ഷെ എന്റെ ഫോണ്‍ ചോര്‍ത്തപ്പെടുന്നുണ്ട്, എന്റെ വീട് നിരീക്ഷണത്തിലാണ്; എല്ലാ സമയത്തും പ്രവര്‍ത്തിക്കുന്ന കാമറകള്‍ അവര്‍ വീടിന് മുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്.

വിദേശങ്ങളില്‍ നിന്ന് വരുന്ന ഫോണ്‍ കോളുകളില്‍ നിന്നും പരമാവധി അകന്ന് നില്‍ക്കാനാണ് അഡ്വേക്കറ്റിന്റെ ഉപദേശം. ആരോടും സംസാരിക്കാന്‍ ഞാന്‍ കൂട്ടാക്കിയില്ല, കാരണം എന്റെ കുടുംബത്തിന്റെയും, കുട്ടികളുടെയും കാര്യമോര്‍ത്ത് എനിക്ക് ഭയമുണ്ട്. എന്നോടിതൊക്കെ ചെയ്തവരോട് പോയി ചോദിക്കാനും ഞാന്‍ മുതിര്‍ന്നില്ല. ഇനിയും സമ്മര്‍ദ്ദം താങ്ങാന്‍ എന്റെ ഭാര്യ ഒരുക്കമല്ല.

ഏത് സമയത്തും ആരെങ്കിലും വന്ന് വാതിലില്‍ മുട്ടുമെന്ന ഭയത്തിലാണ് ഭാര്യ ജീവിക്കുന്നത്. സിറിയയില്‍ ജീവിക്കുന്ന ആരെയെങ്കിലും അറിയുമെന്ന് പറഞ്ഞാല്‍ ജയിലിലടക്കപ്പെടുന്ന അവസ്ഥയാണ് ഇന്ന് ബ്രിട്ടനില്‍ ഉള്ളത്. ഗ്വാണ്ടനാമോയില്‍ ഉണ്ടായിരുന്ന ആരുടേയെങ്കിലും ഒരു ഫോണ്‍ കോള്‍ എടുത്താല്‍ മതി, അത് എന്റെ ജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തീര്‍ച്ചയായും, അവര്‍ വീണ്ടും എന്റെ വാതിലില്‍ വന്ന് മുട്ടും.

അതുകൊണ്ടാണ് ഞാന്‍ സ്വതന്ത്രനാണ്, പക്ഷെ സ്വതന്ത്രനല്ല എന്ന് പറയുന്നത്. ഞാന്‍ സദാ നിരീക്ഷിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഗ്വാണ്ടനാമോയില്‍ നിന്നും തിരിച്ച് വന്നപ്പോള്‍ കുടുംബമൊക്കെ ആകെ മാറിയിരുന്നു. ജീവിതവും, കുട്ടികളും ആകെ മാറി. എന്റെ മക്കള്‍ വളര്‍ന്നിരുന്നു. അവരുമായൊരു ശക്തമായ ബന്ധം സ്ഥാപിക്കുക അത്ര എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ല. അവരെന്റെ കുട്ടികളാണെങ്കിലും, പക്ഷെ എന്റെ കുട്ടികളല്ലാത്തത് പോലെയാണ് കാര്യങ്ങള്‍. സല്‍സ്വഭാവത്തിനും, ഉന്നത വിദ്യാഭ്യാസത്തിനും ഉടമകളാണ് എന്റെ മക്കള്‍. പക്ഷെ ഞാനുമായുള്ള പെരുമാറ്റത്തില്‍ ഒരു അപരിചിതത്വം ഇപ്പോഴും നിഴലിച്ചു നില്‍ക്കുന്നുണ്ട് എന്നത് ഒരു സത്യമാണ്.

ഗ്വാണ്ടനാമോ അടച്ച് പൂട്ടുമെന്ന പ്രഖ്യാപനം പാലിക്കാതെ ഒബാമ പ്രസിഡന്റ് സ്ഥാനമൊഴിയുമെന്നാണ് തോന്നുന്നത്. ഒബാമ യുഗത്തെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം?

ഒബാമക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച അവസരം (2009) ഞാന്‍ ഓര്‍ക്കുന്നു. ഒബാമയെ പോലെയുള്ള ആളുകള്‍ക്കാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്നതെങ്കില്‍, ആ പുരസ്‌കാരത്തിന് വലിയ അര്‍ത്ഥമൊന്നുമില്ലെന്ന് ഞാന്‍ എന്റെ വക്കീലിനോട് പറയുകയുണ്ടായി. ഒബാമ എവിടെയാണ് സമാധാനം സ്ഥാപിച്ചത്? ഒബാമ നൊബേല്‍ സമ്മാനം ഏറ്റുവാങ്ങുന്ന സമയത്ത് ഞങ്ങള്‍ 300-ഓളം പേര്‍ ഗ്വാണ്ടനാമോ തടവറയില്‍ അമേരിക്കന്‍ സൈനികരുടെ ക്രൂരമായ പീഢനം ഏറ്റുവാങ്ങുന്നുണ്ടായിരുന്നു.

എന്ത് സമാധാനമാണ് അദ്ദേഹം ലോകത്തിന് നല്‍കിയത്? ജോര്‍ജ്ജ് ബുഷ് വരുത്തി വെച്ച് നാശങ്ങളേക്കാള്‍ കഠിനമായിരുന്നു ഒബാമയുടെ ചെയ്തികള്‍. ഒബാമക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനിച്ചത് ആ മഹത്തായ പുരസ്‌കാരത്തെ അപമാനിക്കുന്നതിന് തുല്ല്യമാണ്. അതൊരു അലങ്കാരം മാത്രമാണ്.

ഒബാമയെ സംബന്ധിച്ചിടത്തോളം ഗ്വാണ്ടനാമോ അടച്ച് പൂട്ടണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. എനിക്കതില്‍ യാതൊരു സംശയവുമില്ല, പക്ഷെ അദ്ദേഹമൊരു ഭീരുവാണെന്നാണ് ഞാന്‍ കരുതുന്നത്. ത്യാഗ സമര്‍പ്പണത്തിന് തയ്യാറാവുന്നവര്‍ മാത്രമാണ് ധീരന്‍മാര്‍. ഒരു പെരുംനുണയനാണ് താനെന്ന് അദ്ദേഹം തെളിയിച്ചു; താനൊരു നേതാവല്ലെന്നും അദ്ദേഹം തെളിയിച്ചു. അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുമായിരുന്ന ഏറ്റഴും വലിയ കാര്യം ഗ്വാണ്ടനാമോ അടച്ച് പൂട്ടുക എന്നതായിരുന്നു. നഷ്ടപ്പെട്ട അമേരിക്കയുടെ പ്രതിച്ഛായ തിരിച്ച് പിടിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു.

കടപ്പാട്: aljazeera
മൊഴിമാറ്റം: irshad shariathi

Related Articles