Current Date

Search
Close this search box.
Search
Close this search box.

ഏറെ തെറ്റിദ്ധരിക്കപ്പെട്ട ചരിത്രപുരുഷനാണ് ഔറംഗസീബ്

സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ മതപഠന വിഭാഗത്തില്‍  Mellon postdoctoral fellow ആയ Audrey Truschke-യുമായി അനുരാധ രാമന്‍ നടത്തിയ ഇമെയില്‍ അഭിമുഖം. 2016 ഫെബ്രുവരിയില്‍ പുറത്തിറങ്ങാനിരിക്കുന്ന തന്റെ Culture of Encounters: Sanskrit at the Mughal Court എന്ന പുസ്തകവുമായി ബന്ധപ്പെട്ട അനുഭവങ്ങളും, ഇന്ത്യയുടെ നാനാത്വത്തെ സംബന്ധിച്ച തന്റെ കാഴ്ച്ചപ്പാടുകളും Audrey Truschke പങ്കുവെക്കുന്നു.

മുഗള്‍ രാജവംശം ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമല്ലെന്നാണ് ഇപ്പോഴത്തെ ഭാരതീയ ജനതാ പാര്‍ട്ടി ഗവണ്‍മെന്റ് വിശ്വസിക്കുന്നത്. മുഗള്‍ രാജവംശത്തിന്റെ ഭരണത്തിന് കീഴില്‍ എങ്ങനെയാണ് സംസ്‌കൃത ഭാഷാ അഭിവൃദ്ധിപ്പെട്ടത് എന്നതിനെ കുറിച്ചാണ് നിങ്ങളുടെ പുസ്തകം. ഈ രണ്ടിനെയും എങ്ങനെ നാം കൂട്ടിയോജിപ്പിക്കും?
പ്രസ്തുത രണ്ട് വീക്ഷണങ്ങളെയും നാം കൂട്ടിയോജിപ്പിക്കുന്നില്ല. പകരം, നമുക്ക് രണ്ട് സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിക്കാം. ഒന്ന്, അവരുടെ വാദങ്ങളില്‍ ആര്‍ക്കാണ് ചരിത്രത്തിന്റെ ഉറച്ച പിന്‍ബലമുള്ളത്? രണ്ട്, ഇന്ത്യയുടെ ഭൂതകാലത്തില്‍ നിന്നും മുഗളന്‍മാരെ മായ്ച്ചു കളയണമെന്ന ബി.ജെ.പിയുടെ ആവശ്യത്തിന് പിന്നിലെ രാഷ്ട്രീയ കാരണങ്ങള്‍ എന്തൊക്കെയാണ്? ചരിത്രത്തെ സത്യസന്ധമായി ഖനനംചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് എന്റെ മുഴുരചനയും. ഇന്ത്യന്‍ ചരിത്രത്തിന്റെ ഒരു സുപ്രധാന ഭാഗമാണ് മുഗള്‍ രാജവംശം, മുഗള്‍ രാജവംശത്തിന്റെ ചരിത്രത്തില്‍ നിന്നും ഒഴിച്ചു നിര്‍ത്താന്‍ കഴിയാത്ത ഒന്നാണ് സംസ്‌കൃത ഭാഷ. ഈ വസ്തുതകള്‍ ചിലപ്പോള്‍ ബി.ജെ.പിയെയും മറ്റുള്ളവരെയും അസ്വസ്ഥപ്പെടുത്തിയേക്കാം. പക്ഷെ ഒരു ചരിത്രഗവേഷക എന്ന നിലയില്‍, വര്‍ത്തമാന കാലത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി കൊടുത്തു കൊണ്ട് ഭൂതകാലത്തെ കുറിച്ചുള്ള എന്റെ അന്വേഷണങ്ങളെ ലഘൂകരിക്കാന്‍ എനിക്ക് കഴിയില്ല. ചരിത്രത്തിന് വര്‍ത്തമാന കാലത്ത് പ്രസക്തിയുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നു, പ്രത്യേകിച്ച് ആധുനിക ദക്ഷിണേഷ്യയില്‍. ഇന്ത്യയുടെ ഭൂതകാലത്തെ കുറിച്ചുള്ള ബി.ജെ.പി പതിപ്പിന്റെ അങ്ങേയറ്റം ദുര്‍ബലമായ അടിത്തറയെ ചൂണ്ടികാണിക്കുന്നു എന്നതാണ് എന്റെ രചനയെ കാലിക പ്രസക്തമാക്കുന്ന ഒരു ഘടകം.

വിരോധാഭാസമെന്ന് പറയട്ടെ, സംസ്‌കൃത ഭാഷയെ മുഖ്യധാരാ വ്യവഹാരങ്ങളിലേക്ക് കൊണ്ടുവരാനുള്ള പോരാട്ടത്തിലാണ് ഇപ്പോഴത്തെ ഗവണ്‍മെന്റ്, അതേസമയം ഈ ഗവണ്‍മെന്റ് അങ്ങേയറ്റം വെറുക്കുന്ന മുഗള്‍ വംശത്തെ കുറിച്ചും അവരുടെ സംസ്‌കൃത ഭാഷയിലെ ഇടപെടലുകളെ കുറിച്ചുമാണ് നിങ്ങളുടെ രചന ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.
സംസ്‌കൃത ഭാഷയുടെ ഒരു പ്രത്യേക പാഠഭേദം മുഖ്യധാരയിലെത്തിക്കുക എന്നത് മാത്രമാണ് ബി.ജെ.പിയുടെ ആവശ്യം. അവര്‍ കാളിദാസനെ ഇഷ്ടപ്പെടുന്നുണ്ടെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പക്ഷെ, 16, 17 നൂറ്റാണ്ടുകളില്‍ ജൈന മതക്കാര്‍ മുഗള്‍ രാജവംശത്തെ കുറിച്ച് സംസ്‌കൃത ഭാഷയില്‍ എഴുതിയ രചനകള്‍ വിദ്യാര്‍ത്ഥികള്‍ വായിക്കുന്നത് ബി.ജെ.പി അംഗീകരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. സംസ്‌കൃത പാരമ്പര്യത്തില്‍ ഇന്ത്യക്ക് അമൂല്യമായ നിധിശേഖരം തന്നെയുണ്ട്. പക്ഷെ, ആ നിധിശേഖരത്തില്‍ കവിതയും, മഹാകാവ്യങ്ങളും മാത്രമല്ല ഉള്ളത്, മറിച്ച് സംസ്‌കൃത സാഹിത്യത്തിന്റെ അതിബൃഹത്തായ വൈവിധ്യങ്ങളും അത് ഉള്‍വഹിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായത്തില്‍, ഏതൊക്കെ മുഗള്‍ ഭരണാധികാരികളുടെ കാലത്താണ് സംസ്‌കൃത-പേര്‍ഷ്യന്‍ വിജ്ഞാനീയങ്ങള്‍ പരസ്പരം വളരെ സജീവമായി കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്?
പ്രധാനമായി അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍ എന്നീ മുഗള്‍ ഭരണാധികാരികളുടെ രാജസദസ്സിലാണ് സംസ്‌കൃത ഭാഷ വളരെയധികം പുഷ്ടിപ്പെട്ടത്. ഔറംഗസീബിന്റെ സംസ്‌കൃത ഭാഷയോടുള്ള താല്‍പ്പര്യക്കുറവിന് കാരണം അദ്ദേഹത്തിന്റെ മതഭ്രാന്താണെന്ന തെറ്റായ കൂട്ടിവായന നാം ഒരിക്കലും നടത്തരുത്. വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ചരിത്രപുരുഷനാണ് ഔറംഗസീബ്. ഔറംഗസീബായിരിക്കും ഒരുപക്ഷെ മറ്റു മുഗള്‍ ഭരണാധികാരികളേക്കാള്‍ ഏറ്റവും കൂടുതല്‍ വര്‍ത്തമാനകാലത്തിന്റെ മുന്‍വിധിയോടെയുള്ള ഭര്‍ത്സനങ്ങള്‍ക്ക് വിധേയനായത്. ഔറംഗസീബിന്റെ ഭരണകാലത്ത് മുഗള്‍ സാമ്രാജ്യത്തില്‍ സംസ്‌കൃത ഭാഷ എങ്ങനെ അപ്രധാന ഘടകമായി മാറി എന്നതിന് രണ്ട് പ്രധാന കാരണങ്ങളാണുള്ളത്. ഒന്ന്, 17-ാം നൂറ്റാണ്ടില്‍, സംസ്‌കൃതം പതുക്കെ ഹിന്ദി ഭാഷക്ക് വഴിമാറി കൊടുക്കാന്‍ തുടങ്ങി. ഉപഭൂഖണ്ഡത്തിലെ സാഹിത്യരംഗത്തുണ്ടായ ഒരു സുപ്രധാനമാറ്റമായിരുന്നു അത്. സംസ്‌കൃതത്തിന്റെ ചെലവില്‍ ഹിന്ദി ഭാഷാ ബുദ്ധിജീവികളിലേക്ക് മുഗള്‍ സാമ്രാജ്യത്തിന്റെ ശ്രദ്ധ തിരിയുന്നതായി ഷാജഹാന്റെ ഭരണകാലത്തും നമുക്ക് കാണാന്‍ കഴിയും. സംസ്‌കൃത ഭാഷ ക്ഷയിച്ചു തുടങ്ങുകയും, ഹിന്ദി സാഹിത്യം ഉയര്‍ന്നു വരികയും ചെയ്യുന്ന അവസരത്തിലാണ് ഔറംഗസീബ് ഭരണമേല്‍ക്കുന്നത്.

രണ്ട്, ഒട്ടുമിക്ക ഇന്ത്യക്കാര്‍ക്കും അറിയാവുന്നത് പോലെ, മുഗള്‍ സിംഹാസനത്തിന് വേണ്ടിയാണ് ധാരാ ശിക്കോഹിനെ ഔറംഗസേബ് കീഴടക്കിയത്. 1640-1650 കാലഘട്ടത്തില്‍ ധാരാ ശിക്കോഹ് സംസ്‌കാരങ്ങള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളില്‍ ഏര്‍പ്പെട്ടിരുന്നു. സംസ്‌കൃതവും ധാരാ ശിക്കോഹിന്റെ കൈകാര്യവൃത്തത്തില്‍ ഉണ്ടായിരുന്നു. ഔറംഗസേബിന്റെ വീക്ഷണത്തില്‍, തന്റെ മുന്‍ഗാമികളില്‍ നിന്നും സ്വന്തം ഭരണശൈലിയെ വ്യത്യസ്തമാക്കുന്നതിനുള്ള ഒരു വഴിയായിരുന്നു സംസ്‌കൃത സാംസ്‌കാരിക ലോകവുമായുള്ള മുഗള്‍ രാജവംശത്തിന്റെ ബന്ധങ്ങള്‍ വിച്ഛേദിക്കുക എന്നത്. ചുരുക്കി പറഞ്ഞാല്‍, സാംസ്‌കാരികം അല്ലെങ്കില്‍ മതപരമായ ഒരു തീരുമാനം എന്നതിനേക്കാളുപരി, തികച്ചും രാഷ്ട്രീയപരമായിരുന്നു സംസ്‌കൃത ഭാഷയോട് മുഗള്‍ രാജവംശത്തിനുണ്ടായിരുന്ന താല്‍പ്പര്യം ഉപേക്ഷിക്കാനുള്ള ഔറംഗസീബിന്റെ തീരുമാനം.

സംസ്‌കൃതവുമായുള്ള മുഗള്‍ ഇടപെടലുകള്‍ക്ക് അക്ബര്‍ തുടക്കം കുറിച്ചതിന് പിന്നില്‍ ആളുകള്‍ കരുതുന്നതില്‍ നിന്നും വ്യത്യസ്തമായ മറ്റു ചില കാരണങ്ങളാണുള്ളത്. തുറന്ന മനസ്സ്, സഹിഷ്ണുത, മതേതരന്‍ എന്നിവയാണ് അക്ബറിനെ കുറിച്ച ഖ്യാതികള്‍. ഈ സ്വഭാവവര്‍ണ്ണന വഴിതെറ്റിപ്പിക്കുന്നതാണ്. തന്റെ സാമ്രാജ്യത്തിലെ വ്യത്യസ്ത രാഷ്ട്രീയ ഘടകങ്ങളെ ഒരുമിച്ചു നിര്‍ത്താനുള്ള സംസ്‌കൃതത്തിന്റെ ശക്തി കാരണമാണ് അക്ബറിന് സംസ്‌കൃത ഭാഷയില്‍ താല്‍പര്യം ജനിച്ചത്. അല്ലാതെ അദ്ദേഹത്തിന്റെ ചില വൈയക്തിക മതകീയാന്വേഷണമല്ല അതിന് കാരണം. തനിക്ക് അംഗീകരിക്കാന്‍ കഴിയാത്ത അപരവീക്ഷണങ്ങളോട് കര്‍ക്കശ നിലപാട് സ്വീകരിക്കുന്നതില്‍ അക്ബറിന് യാതൊരു മനസ്താപവുമുണ്ടായിരുന്നില്ല. ഇതിന് ഒരു നല്ല ഉദാഹരണമാണ്, ഒരിക്കല്‍ ജൈന ചിന്തകരോട് അവര്‍ ഏകദൈവവിശ്വാസികള്‍ തന്നെയാണോ എന്ന് അക്ബര്‍ ചോദിച്ചു. കാരണം, മറിച്ചാണെങ്കില്‍ അവരെ മുഗള്‍ രാജസദസ്സില്‍ നിന്നും പുറത്താക്കുമായിരുന്നു. (തങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ തന്നെയാണെന്ന് ജൈനര്‍ അക്ബറിന് മുമ്പാകെ ബോധിപ്പിച്ചു)

മുഗള്‍ രാജവംശവും, ബ്രാഹ്മണ ഹിന്ദുക്കളും, ജൈന മതവിഭാഗങ്ങളും തമ്മിലുളള പരസ്പരവ്യവഹാരങ്ങള്‍ എവ്വിധമുള്ളതായിരുന്നു?
ഉദാഹരണമായി, സംസ്‌കൃത രചനകള്‍ പേര്‍ഷ്യനിലേക്ക് വിവര്‍ത്തനം ചെയ്യുന്നതില്‍ മുഗളന്‍മാരെ സഹായിച്ചത് ബ്രാഹ്മണന്‍മാരായിരുന്നു. ബ്രാഹ്മണന്‍മാര്‍ ആദ്യം സംസ്‌കൃതപാഠം വായിക്കും, അപ്പോള്‍ തന്നെ വാചികമായി അത് ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്യും (രണ്ടു കൂട്ടര്‍ക്കും ഒരുപോലെ മനസ്സിലാവുന്ന ഭാഷയായിരുന്നു ഹിന്ദി), ശേഷം മുഗളന്‍മാര്‍ അത് പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതിയെടുക്കും, ഇതായിരുന്നു രീതി. ജ്യോതിഷത്തില്‍ ജൈനന്മാരും ബ്രാഹ്മണന്‍മാരും ഒരുപോലെ മുഗളന്‍മാരെ സഹായിച്ചിരുന്നു. മുഗള്‍ രാജകുടുംബത്തിന് വേണ്ടി സംസ്‌കൃതം ആധാരമാക്കിയുള്ള ജാതകം ബ്രാഹ്മണര്‍ കുറിച്ചുകൊടുത്തിരുന്നു. ഒരവസരത്തില്‍, ജഹാംഗീറിന് പിറന്ന പെണ്‍കുട്ടിയുടെ ജാതകദോഷം പരിഹരിക്കാനായി ജൈനന്‍മാര്‍ പ്രത്യേക ചടങ്ങുകള്‍ നടത്തുകയുണ്ടായി. എന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ പുസ്തകമായ Culture of Encounters-ല്‍ ഒരു അദ്ധ്യായം മുഴുവന്‍, മുഗള്‍ രാജവംശവും ബ്രാഹ്മണ/ജൈനന്‍മാരും തമ്മിലുള്ള സാമൂഹിക ചരിത്രബന്ധങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനായാണ് മാറ്റിവെച്ചിട്ടുള്ളത്.

ഹിംസയെ അസ്ഥിവാരമിട്ടുറപ്പിക്കുന്ന പ്രത്യയശാസ്ത്രം മുഗള്‍ ചരിത്രത്തെ മായ്ച്ചുകളയുകയാണെന്നും, ഇല്ലാത്ത മതസംഘട്ടനങ്ങള്‍ ഇന്ത്യന്‍ ചരിത്രത്തിലേക്ക് എഴുതിചേര്‍ത്ത് ആധുനിക മതഅസഹിഷ്ണുതക്ക് ന്യായീകരണങ്ങല്‍ കണ്ടെത്തുകയാണെന്നും നിങ്ങള്‍ വാദിക്കുന്നു. മുഗള്‍ രാജസദസ്സില്‍ ഒരുവിധത്തിലുള്ള മതസംഘട്ടനങ്ങളും നടന്നിരുന്നില്ലെന്ന് അനുമാനിക്കുന്നത് ശരിയാണോ?
അല്ല. ആദ്യമായി മനസ്സിലാക്കേണ്ടത്, മുഗള്‍ ഇന്ത്യയില്‍ നിരവധി ആക്രമണ പരമ്പരകള്‍ അരങ്ങേറിയിട്ടുണ്ട്. മനുഷ്യന്റെ അനുഭവപരിസരത്തില്‍ എന്നെന്നും നില്‍ക്കുന്നതാണ് കലാപങ്ങളും സംഘട്ടനങ്ങളും. അക്ബറിന്റെ ഭരണകാലത്ത് പോലും കലാപങ്ങളും ആക്രമണങ്ങളും സ്ഥിരസംഭവങ്ങളായിരുന്നു. എന്നാല്‍, മതത്തിന്റെ അടിസ്ഥാനത്തില്‍ അഥവാ മതസംഘട്ടനങ്ങളാല്‍ പ്രേരിതമായി എത്ര ആക്രമണങ്ങള്‍ മുഗളന്‍മാര്‍ നടത്തിയിട്ടുണ്ട്? പൊതുവായി പറഞ്ഞാല്‍, രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ മുഗളന്‍മാര്‍ ഹിംസാത്മകമായി പെരുമാറിയിരുന്നു. അവര്‍ രജപുത്രന്മാരാണോ, മുസ്‌ലിംകളാണോ, ഹിന്ദുക്കളാണോ എന്നൊന്നും മുഗളന്‍മാര്‍ നോക്കിയിരുന്നില്ല. ആധുനികപൂര്‍വ്വ ഇന്ത്യയിലെ കലാപങ്ങളും ആക്രമണങ്ങളും വളരെ അപൂര്‍വ്വമായി മാത്രമേ മതപ്രേരിതമായിരുന്നുള്ളു എന്ന വസ്തുത ആധുനിക ലോകത്തിലെ ഒട്ടുമിക്ക ആളുകളെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാന്‍ പ്രയാസമുള്ള കാര്യമാണ്. പക്ഷെ, മുഗളന്‍മാര്‍ മതശത്രുക്കളെ ആക്രമിച്ചിരുന്നു എന്നതിന് നമ്മുടെ പക്കല്‍ ചരിത്രപരമായ തെളിവുകളൊന്നുമില്ല. നേരെമറിച്ച്, മുന്‍കാല യൂറോപ്യന്‍ സഞ്ചാരികള്‍ മുഗള്‍ സാമ്രാജ്യത്തില്‍ ദര്‍ശിച്ച കാര്യങ്ങളാണ് പിന്നീട് മതസൗഹാര്‍ദ്ദത്തെ കുറിച്ച ആധുനിക ‘പാശ്ചാത്യന്‍’ ആശയങ്ങള്‍ക്ക് പ്രചോദനമായി വര്‍ത്തിച്ചതെന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

മതപരമായ വ്യത്യാസത്തിന്റെ പേരില്‍ ചില പ്രത്യേക ആളുകളെ മുഗളന്‍മാര്‍ ഉന്മൂലനം ചെയ്തതിനും ചില ഉദാഹരണങ്ങളുണ്ട്. രാജസദസ്സില്‍ നിന്നും മാന്യമായി പുറത്താക്കുന്നതിന്റെ ഭാഗമായി അക്ബര്‍ ചക്രവര്‍ത്തി ചുരുക്കം ചില മുസ്‌ലിം പണ്ഡിതന്‍മാരെ മക്കയിലേക്ക് ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിനായി അയച്ചിരുന്നു. ഈ പണ്ഡിതന്‍മാരില്‍ ചിലര്‍ ഇന്ത്യക്ക് പുറത്ത് വെച്ച് യാത്രമധ്യേ വധിക്കപ്പെട്ടിരുന്നു.

ബി.ജെ.പി സര്‍ക്കാര്‍ വാദിക്കുന്നത് പോലെ ചരിത്രത്തിന്റെ മാര്‍ക്‌സിയന്‍ വ്യാഖ്യാനത്തിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ?
എന്റെ അഭിപ്രായത്തില്‍ പരിമിതികളുള്ളതാണ് മാര്‍ക്‌സിസ്റ്റ് ചരിത്രവീക്ഷണം. ചരിത്രത്തിന്റെ സഞ്ചാരപഥങ്ങള്‍ നിര്‍ണയിക്കുന്നത് സാമ്പത്തിക ഘടകങ്ങളും, സാമൂഹിക വര്‍ഗവുമാണെന്ന് ഉറപ്പിക്കാനുള്ള പ്രവണത അത് വെച്ചുപുലര്‍ത്തുന്നു. ഭൂത കാലത്തിന്റെ മറ്റു വശങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്ന കൂടുതല്‍ വിപുലമായ സമീപനങ്ങള്‍ ആധുനിക ചരിത്രകാരന്മാരുടെ പക്കലുണ്ട്.

ഹിന്ദു ദേശീയവാദ സങ്കല്‍പ്പത്തില്‍ ചരിത്രത്തിന്റെ വിവാദപ്പൂര്‍ണ്ണമായ ഒരു ഭാഗമാണ് മുഗള്‍ ചരിത്രം. അതിലേക്ക് വെളിച്ചം വീശാനും, ഇക്കാലഘട്ടത്തില്‍ പണ്ഡിതോചിതമായി ഇടപെടാന്‍ ഒരു ഇടം സൃഷ്ടിക്കാനും നിങ്ങള്‍ എങ്ങനെയാണ് ഉദ്ദേശിക്കുന്നത്? ഇന്ത്യയില്‍ തിരുത്തല്‍വാദ തരംഗം ശക്തിപ്പെടുന്ന ഈ അവസരത്തിലാണ് നിങ്ങള്‍ ഇതിന് മുതിരുന്നത്.
എന്റെ സമീപനം ഒരു ചരിത്രകാരിയുടേതാണ്. നിരവധി ഭാഷകളിലും ഗ്രന്ഥപ്പുരകളിലുമുള്ള പ്രാഥമിക സോത്രസ്സുകള്‍ ഞാന്‍ അന്വേഷിക്കുന്നു, രണ്ടാംകിട പണ്ഡിതരചനകളും ആഴത്തില്‍ വായിക്കുന്നു, എന്നിട്ട് സാധ്യമായ വിധത്തില്‍ കോളോണിയല്‍പൂര്‍വ ഇന്ത്യയുടെ ഏറ്റവും കൃത്യമായ കാഴ്ച്ച പുനഃസൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. എന്റെ രചനയില്‍ നിരവധി കാലികപ്രസക്തമായ കാര്യങ്ങള്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. പക്ഷെ ഗൗരവപ്പെട്ട ചരിത്രരചനക്ക് ശേഷമാണ് വിശദമായതും, രണ്ടാകിടമായതുമായ കാര്യങ്ങള്‍ വരുന്നത്. ഈ സമീപനം ആധുനിക ഇന്ത്യയിലെ നിരവധിപേരെ സംബന്ധിച്ചിടത്തോളം അനാകര്‍ഷണീയമാണ്. കാരണം അതിന് അധികശ്രമവും, പ്രസ്തുത വിജ്ഞാനശാഖയില്‍ പ്രത്യേക അറിവും അനിവാര്യമാണ്. വളരെ പതുക്കെ മാത്രമേ പഠനം മുന്നോട്ട് പോവുകയുള്ളു, മാത്രമല്ല, എല്ലായ്‌പ്പോഴും സൂക്ഷ്മവ്യത്യാസങ്ങളുള്ള തീരുമാനങ്ങളിലേക്ക് അത് നമ്മെ നയിക്കുകയും ചെയ്യും. പക്ഷെ അക്കാദമിക്കുകളല്ലാത്ത ഒരുപാട് ആളുകള്‍ ആധുനിക ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളെ സംശയദൃഷ്ടിയോടെയാണ് നോക്കികാണുന്നത്. ഭൂതകാലത്തെ തിരുത്തിയെഴുതാനുള്ള ആധുനിക രാഷ്ട്രീയ ശ്രമങ്ങളെ വെല്ലുവിളിക്കാന്‍ തുനിയുന്നവര്‍ക്ക്, എന്റെ രചന ചരിത്രപരമായ ഉറച്ച അടിത്തറ വാഗ്ദാനം ചെയ്യുന്നുണ്ട്.

ചരിത്രം പുതുക്കിയെഴുതുന്നതിലെ അപകടങ്ങള്‍ എന്തൊക്കെയാണ്?
ഒരുപാട് അപകടങ്ങളുണ്ട്. വളര്‍ന്നു വരുന്ന അസഹിഷ്ണുത മുന്നോട്ട് തന്നെ പോകും. 21-ാം നൂറ്റാണ്ടിലെ ഇന്ത്യയില്‍ ജനകീയ-വരേണ്യതലങ്ങള്‍ ഇതിന് ഇപ്പോള്‍ തന്നെ സാക്ഷികളാണ്. ഭൂതകാലത്തെ നാം വിലകുറഞ്ഞതായി കാണുമെന്നതാണ് മറ്റൊരു അപകടം. ഇന്ത്യക്ക് മഹത്തായ ഒരു ചരിത്രമുണ്ട്. സമ്പന്നമായ സാഹിത്യ മുതല്‍ക്കൂട്ടുള്ള ലോകത്തിലെ ഒരിടം കൂടിയാണ് ഇന്ത്യ.

‘1757 മുതല്‍ 1947 വരെയുള്ള കോളോണിയല്‍ കാലഘട്ടത്തിലാണ് മുഗളന്‍മാരും ഹിന്ദുക്കളും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച കൂടുതല്‍ വിഭാഗീയമായ വ്യാഖ്യാനങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്’ എന്ന് നിങ്ങള്‍ വാദിക്കുന്നു. ഈ പൈതൃകം തന്നെയാണ് ഇപ്പോഴത്തെ മോദി സര്‍ക്കാറും അനന്തരമെടുത്തിരിക്കുന്നത്. പക്ഷെ നിക്ഷ്പക്ഷ രക്ഷകരെന്ന നിലക്കാണ് ബ്രിട്ടീഷുകാര്‍ അന്ന് സ്വയം പ്രതിഷ്ഠിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ നിക്ഷ്പക്ഷ രക്ഷകരായി ആരാണ് ഉയര്‍ന്നുവരിക?
ബി.ജെ.പിയുടെ വീക്ഷണത്തില്‍, ബി.ജെ.പി തന്നെയാണ് പുതിയ രക്ഷകരെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഹിന്ദുദേശീയവാദ സംഘടനകള്‍ ഇന്ത്യയെ അതിന്റെ യഥാര്‍ത്ഥ പ്രകൃതത്തില്‍ അഥവാ ഹിന്ദുരാഷ്ട്രമായി പുനര്‍നിര്‍മിക്കും. ഒരുപാട് ആളുകളെ സംബന്ധിച്ചിടത്തോളം സ്വീകാര്യവും, ഹൃദയസ്പര്‍ശിയുമായ പ്രത്യയശാസ്ത്രമാണിത്. അതാണ് ഇതിനെ കൂടുതല്‍ അപകടകരമാക്കുന്നത്. അമ്പരപ്പിക്കുന്ന വൈവിധ്യപൂര്‍ണ്ണമായ നാനാത്വമാണ് ഇന്ത്യയുടെ മഹത്വം എന്നതാണ് ഞാന്‍ വെച്ചുപുലര്‍ത്തുന്ന കാഴ്ച്ചപ്പാട്. അല്ലാതെ പിന്നീട് കണ്ടുപിടിക്കപ്പെട്ട, കാലത്തിന് അനുയോജ്യമല്ലാത്ത, ഏകശിലാത്മകമായ ഹിന്ദു ഭൂതകാലമല്ല ഇന്ത്യയുടെ മഹത്തത്തിന് ആധാരം. എല്ലാവരാലും മനപ്പൂര്‍വ്വം അവഗണിക്കപ്പെട്ട് കിടക്കുന്ന മതിപ്പുളവാക്കുന്നതും ആഴമേറിയതുമായ ഒരു ചരിത്രം ഇന്ത്യക്കുണ്ട്.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം: ദ ഹിന്ദു

Related Articles