Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ഷ്യന്‍ വനിതകള്‍ സൈനിക അട്ടിമറിക്കെതിരെ

ഈജിപ്തില്‍ സ്ത്രീകള്‍ക്ക് നേരെ വിവിധ തരത്തിലുള്ള പീഢനങ്ങള്‍ നടക്കുന്നുണ്ട്. ജയിലുകളിലും ഡിറ്റേഷന്‍ സെന്ററുകളിലുമുള്ള പീഡനങ്ങളില്‍ പലപ്പോഴും അവള്‍ കൊല്ലപ്പെടുക വരെ ചെയ്യുന്നു. എന്നാലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ സ്ത്രീകള്‍ ശക്തമായ സാന്നിധ്യമാണ്. 2011 ജനുവരി 25 ലെ വിപ്ലവം നയിക്കുന്നതിലും അതില്‍ ശക്തമായി നിലകൊള്ളുന്നതിലും സ്ത്രീകള്‍ നിര്‍വഹിച്ച പങ്ക് രാഷ്ട്രീയ നിരീക്ഷകര്‍ അംഗീകരിച്ചിട്ടുള്ളതാണ്. വിപ്ലവാനന്തരം നടന്ന തെരെഞ്ഞടുപ്പിലും ഹിത പരിശോധനയിലും സ്ത്രീകള്‍ ശക്തമായി പങ്കു കൊള്ളുകയുണ്ടായി. 2013 ജൂലൈ മൂന്നിന് നടന്ന സൈനിക അട്ടിമറി അവരുടെ ഉണര്‍ച്ചയിലേക്കാണ് നയിച്ചത്. സൈനിക അട്ടിമറിയെ ചെറുത്തു കൊണ്ട് മുര്‍സിയുടെ നിയമസാധുത തിരികെ കൊണ്ട് വരാനായി അവര്‍ ശക്തിയോടും ധീരതയോടും അര്‍പ്പണ മനോഭാവത്തോടും കൂടി തെരുവിലിറങ്ങി. റാബിഅ അദവിയ്യ ചത്വരത്തിലും നഹ്ദ ചത്വരത്തിലും അവര്‍ പങ്കെടുത്തത് അതിന്റെ തുടക്കമായിരുന്നു. അവരില്‍ ചിലരെ അല്ലാഹു രക്തസാക്ഷികളായി തെരെഞ്ഞടുക്കുയുണ്ടായി, പലരെയും കാണാതായി, പരിക്കേറ്റവരും തടവുകാരായി പിടച്ചവരും ആട്ടിയോടിക്കപ്പെട്ടവരും അവരിലുണ്ടായിരുന്നു. സൈനിക നടപടി ഉണ്ടായതിന് ഉടനെ ‘വനിതകള്‍ അട്ടിമറിക്കെതിരെ’ എന്ന പേരില്‍ റാബിഅ അദവിയ്യയില്‍ ഒരു കൂട്ടായ്മ രൂപീകരിച്ചു. ജൂലൈ 14-നായിരുന്നു സംഘടനയുടെ പ്രഖ്യാപനം. ‘വനിതകള്‍ അട്ടിമറിക്കെതിരെ’ എന്ന ഈ സംഘടനയെ കുറിച്ച് സംഘടനയുടെ വക്താവും മാധ്യമപ്രവര്‍ത്തകയുമായ ആയത് അലാഅ് ഹുസൈനിയുമായി ‘അല്‍ മുജ്തമഅ്’ നടത്തിയ അഭിമുഖം:

– എന്താണ് സംഘടനയുടെ ലക്ഷ്യം ?
2011 ജനുവരി പതിനൊന്നിലെ വിപ്ലവത്തിന് ശേഷം മുമ്പില്ലാത്തവിധം സ്വാതന്ത്ര ബോധവും രാഷ്ട്രീയ ബോധവും വര്‍ധിച്ചിട്ടുണ്ടായിരുന്നു. ഭാവിയെക്കുറിച്ചുള്ള നല്ല പ്രതീക്ഷയിലുമാണ് ഈജിപ്ത് കടന്ന് പോയത്. പ്രയാസങ്ങളുണ്ടായിട്ടും ആദ്യ സ്വതന്ത്ര പാര്‍ലമെന്റുണ്ടാക്കാനും പ്രസിഡണ്ടിനെ തെരെഞ്ഞെടുക്കാനും മുഴുവന്‍ ജനതയുടെയും പങ്കാളിത്തത്തോടെ ഭരണഘടനയുണ്ടാക്കാനും ഈജിപ്തിന് കഴിഞ്ഞു. എന്നാല്‍ ഈ മുന്നേറ്റങ്ങളെയെല്ലാം നിഷ്ഫലമാക്കി വളരെ പെട്ടന്നായിരുന്നു വിപ്ലവത്തിന്റെ എല്ലാ നേട്ടങ്ങളെയും ഇല്ലാതാക്കി കൊണ്ട് രക്ത രൂക്ഷിത സൈനിക അട്ടിമറി നടന്നത്. ഈജിപ്ഷ്യന്‍ ജനതക്കെതിരെയുള്ള വന്യമായ അക്രമമാണ് പിന്നീട് അരങ്ങേറിയത്.  കഴിഞ്ഞ ജൂലൈ പതിനാലിന് തന്നെ സൈനിക അട്ടിമറിക്കെതിരെയും മുര്‍സിയുടെ നിയമ സാധുത പിന്തുണച്ചു കൊണ്ടുള്ള റാബിഅയിലെ ദേശീയ സഖ്യത്തിന് കീഴില്‍  ‘വനിതകള്‍ അട്ടിമറിക്കെതിരെ’ എന്ന സംഘടനയുടെ പ്രഖ്യാപനവുമുണ്ടായി. വിപ്ലവത്തില്‍ ഈജിപ്ത്യന്‍ സ്ത്രീകളുടെ പങ്കിലേക്ക് വെളിച്ചം വീശുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു.

– സൈനിക അട്ടിമറിനടന്നത് മുതല്‍ ഇതുവരെ പീഡനങ്ങള്‍ക്കിരയായ സ്ത്രീകളെ കുറ്ച്ച് സംഘടന വല്ല കണക്കെടുപ്പും നടത്തിയിട്ടുണ്ടോ?

കണക്കെടുപ്പുകള്‍ നടത്തിയിട്ടുണ്ടെങ്കിലും അട്ടിമറി നടന്നതിന് ശേഷം ഈജിപ്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും അറസ്റ്റുകളും നിരന്തരം നടന്നു കൊണ്ടിരിക്കുന്നതിനാല്‍ അവയുടെ കൃത്യമായ കണക്കുകള്‍ കണ്ടെത്തുക പ്രയാസമാണ്. അട്ടിമറി നടന്നത് മുതല്‍ 1500 ല്‍ പരം പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതില്‍ 500-ല്‍ പരം പേര്‍ സ്ത്രീകളും യുവതികളുമാണെന്നും പറയാന്‍ ഞങ്ങള്‍ക്ക് സാധിക്കും.  സൂക്ഷമമായി കണക്കാക്കിയാല്‍ എണ്ണം ഇനിയും ഉയരുമെന്നത് ദുഖകരമാണ്. മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള, നിയമത്തിനും ധാര്‍മികതക്കും പാരമ്പര്യത്തിനും നിരക്കാത്ത ദുഖകരമായ കാര്യങ്ങളാണ് സ്ത്രീകള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. പ്രകടനങ്ങളിലും മറ്റും പങ്കെടുക്കുമ്പോള്‍ സുരക്ഷാ വിഭാഗത്തിന്റെ ഭാഗത്തു നിന്നും സ്ത്രീകള്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങള്‍ നിരന്തരം നടക്കുന്നുണ്ട്.

– ഇത്തരം അവസ്ഥകളെ നേരിടാന്‍ സംഘടന എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്?
പീഡനങ്ങളുടെ കണക്കുകള്‍ ശേഖരിക്കുക മാത്രമല്ല സംഘടന ചെയ്യുന്നത്. നിയമവിദഗ്ദര്‍ മുഖേനെ അവയില്‍ അപ്പീലുകള്‍ നല്‍കുകയും പരാതിപ്പെടുകയും ചെയ്യുന്നുണ്ട്. സ്ത്രീകളുടെ കുടുംബങ്ങള്‍ക്ക്  അഭിഭാഷകരും നിയമസംഘടനളുമായി ബന്ധപ്പെടുന്നതിനുള്ള നെറ്റ്‌വര്‍ക്കുകളും ഞങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. അതിന് പുറമെ മാധ്യമങ്ങളിലും ചാനലുകളിലും അവരുടെ വിഷയം കൊണ്ടു വരുന്നതിനും സംഘടന ശ്രമിക്കുന്നുണ്ട്. നിയമസാധുതക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖ്യത്തോടൊപ്പം ചേര്‍ന്ന് പൊതുപരിപാടികളിലും ഞങ്ങള്‍ പങ്കെടുക്കുന്നുണ്ട്.

-സംഘടന നിരീക്ഷണത്തില്‍ സൈനിക അട്ടിമറിക്ക് ശേഷം സ്ത്രീ പീഡനങ്ങളുടെ വ്യാപ്തിയും രൂപവും എങ്ങനെയാണ്?
സ്ത്രീകള്‍ക്ക് നേരെ വിവിധ തരത്തിലുള്ള കയ്യേറ്റങ്ങളാണ് അട്ടിമറിക്ക് ശേഷം നടക്കുന്നത്. വാക്കുകള്‍ കൊണ്ടുള്ള ആക്ഷേപങ്ങളും ശകാരങ്ങളും മുതല്‍ അറസ്റ്റ്, മര്‍ദനം, റോഡിലൂടെ വലിച്ചിഴക്കല്‍, വസ്ത്രവും നിഖാബും വലിച്ചു കീറല്‍ തുടങ്ങിയ കയ്യേറ്റങ്ങള്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്നുണ്ട്. ലൈംഗികാതിക്രമങ്ങള്‍ക്കുംം ബലാല്‍സംഗത്തിനും ഇരയാക്കപ്പെടുന്നു. പലപ്പോഴും മൃഗീയമായ കൊലപാതകത്തിലാണ് അത് അവസാനിക്കുന്നത്.

– അട്ടിമറി വിരുദ്ധരായ സ്ത്രീകളെ പിന്തുണക്കുന്ന സംഘടന എന്ന നിലയില്‍ നിങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്താണ്?
സ്ത്രീകളുടെ പരാതികള്‍ പൊതുസമൂഹവുമായി പങ്കുവെക്കാന്‍ പറ്റിയ പറ്റിയ ഒരു ചാനലിന്റെ അഭാവമാണ് ഞങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. അതുകൊണ്ട് തന്നെ സ്ത്രീകളുടെ കുടുംബങ്ങള്‍ക്ക് സഹായം ലഭിക്കുന്ന കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തി കൊടുക്കാനും സാധിക്കുന്നില്ല. അട്ടിമറിക്ക് ശേഷം കര്‍ശനമായ സുരക്ഷാ നിബന്ധനകള്‍ കാരണം വളന്റിയര്‍മാരെ പങ്കെടുപ്പിച്ചു കൊണ്ട് സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുന്നില്ല എന്നാണ് മറ്റൊരു പ്രശ്‌നം.

-നിങ്ങളുടെ പ്രശ്‌നങ്ങളില്‍ സഹായം ലഭിക്കുന്നതിന് പ്രാദേശികമായോ അന്ത്രാഷ്ട്ര തലത്തിലോ മറ്റേതെങ്കിലും സംഘടനകളുമായി സഹകരിക്കുന്നുണ്ടോ?
നിരവധി സംഘടനകളുമായി ഞങ്ങള്‍ ബന്ധം പുലര്‍ത്തുകയും പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും ചെയ്യുന്നുണ്ട്. വളരെ പരിമിതമായ തോതില്‍ മാത്രമേ അത് നടക്കുന്നുള്ളൂ. ഒരു പരിധി വരെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ കാണിക്കുന്ന അശ്രദ്ധയും അവഗണനയുമാണ് അതിന്റെ കാരണം. നിലവിലെ അവിടത്തെ സാഹചര്യമോ സാമൂഹിക പ്രതിബന്ധങ്ങളോ ആയിരിക്കാം അതിന് തടസ്സം.

വിവ : അബ്ദുല്‍ മജീദ് കോഡൂര്‍

Related Articles