Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത് നവോത്ഥാനത്തിന്റെയും വളര്‍ച്ചയുടെയും ഘട്ടത്തില്‍ : മുര്‍സി

(സി എന്‍ എന്‍ വാര്‍ത്താചാനല്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുമായി നടത്തിയ അഭിമുഖം)

? ഈജിപ്തിലെ കോപ്റ്റിക്കുകളോടും ന്യൂനപക്ഷങ്ങളോടുമുള്ള സമീപനം എപ്രകാരമായിരിക്കും.
-ഈജിപ്തിലെ കോപ്റ്റിക്കുകള്‍ ഈ രാഷ്ട്രത്തിന്റെ സന്തതികളാണ്. മതപരമായ ഛിഹ്നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും അവര്‍ക്കുണ്ട്. ഏത് മത-രാഷ്ട്രീയ വിഭാഗത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണെങ്കിലും അവര്‍ക്കിടയില്‍ യാതൊരു വിവേചനവും ഗവണ്‍മെന്റ് കല്‍പിക്കുന്നില്ല.  നാമെല്ലാവരും ഈജിപ്ഷ്യരാണ്.

? പുതിയ ഭരണഘടനയില്‍ ന്യൂനപക്ഷങ്ങളുടെ പരിരക്ഷക്കായുള്ള വല്ല നിര്‍ദ്ദേശങ്ങളും ഉണ്ടോ.
-ഓരോ മത വിഭാഗങ്ങള്‍ക്കും അവരുടെ മതനിയമങ്ങളനുസരിച്ച് വിധികല്‍പിക്കാനുള്ള അവകാശം ചരിത്രത്തിലാധ്യമായി ഈജിപ്തില്‍ വകവെച്ചുകൊടുക്കുന്നതാണ് പുതിയ ഭരണഘടനയുടെ സവിശേഷത തന്നെ. ഇസ്‌ലാമിക ശരീഅത്തിനെ കുറിച്ച് ഭരണഘടന പ്രതിപാദിക്കുന്നത് പോലെ തന്നെ ഈജിപ്തിലെ ക്രൈസ്തവരുടെയും ജൂതരുടെയും മതസംഹിതകളനുസരിച്ച് അവരുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഭരണഘടന അവര്‍ക്കവകാശം നല്‍കുന്നുണ്ട്. പൊതു നിയമങ്ങളില്‍ എല്ലാവരും തുല്യരാണ്.

? പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തി നിയന്ത്രിക്കുന്നു എന്നതിനെകുറിച്ച് എന്താണ് പറയാനുള്ളത്.
– അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പക്ഷെ അത് ഭരണഘടന അനുശാസിക്കുന്ന രീതിയിലായിരിക്കണം. നാമെല്ലാം പ്രസ്തുത നിയമങ്ങളനുസരിച്ചുകൊണ്ടാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഈജിപ്തിലെ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും നാം മുഖവിലക്കെടുക്കണം. പ്രതിപക്ഷത്തിന് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നാം നല്‍കുന്നു. ക്രിയാത്മകവും നിര്‍മാണാത്മകവുമായ എല്ലാ നിരൂപണങ്ങളെയും കാഴ്ചപ്പാടുകളെയും പ്രോല്‍സാഹിപ്പിക്കുന്ന നിലപാടുകളെയാണ് ഭരണകൂടം പിന്തുടരുക. പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും ഇത്തരത്തില്‍ ജനാധിപത്യപരമായ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാനോ അഭിപ്രായ പ്രകടനങ്ങള്‍ക്കോ ഇതുവരെ ഈജിപ്തില്‍ യാതൊരു സ്വാതന്ത്ര്യവുമുണ്ടായിരുന്നില്ല. എന്നാല്‍ നാം പുതിയ സാഹചര്യത്തില്‍ ജനാതിപത്യപരമായ അഭിപ്രായ പ്രകടനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും അവസരം നല്‍കുകയാണ്. എന്നാല്‍ രാഷ്ട്രത്തിലെ സ്ഥാപനങ്ങളും പൊതുമുതലും സംരക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ്, അതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല.

? അമേരിക്കയുമായുള്ള ബന്ധം എപ്രകാരമായിരിക്കും
– ഈജിപ്ഷ്യന്‍  ജനതയുടെയും അമേരിക്കന്‍ ജനതയുടെയും ഉത്തമ താല്‍പര്യങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സാമ്പത്തികവും സാങ്കേതികവും വൈജ്ഞാനികവുമായ പുരോഗതിക്കായി എല്ലാവരുടെയും പരസ്പര സഹകരണത്തിന് നാം പരിശ്രമിക്കും. പുതിയ ഈജിപ്തിന് ക്രിയാത്മകമായ പല സംഭാവനകള്‍ നല്‍കാന്‍ അമേരിക്കന്‍ ജനതക്കും നാഗരികതക്കും സാധിക്കും. ഇരുപക്ഷത്തിനും സ്വാതന്ത്ര്യവും സന്തുലിതത്ത്വവുമുള്ള ഇടപാടുകളായിരിക്കണം നടക്കേണ്ടത്. ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാനുള്ള ബറാക് ഒബാമയുടെ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളെ ഞാന്‍ മുക്തകണ്ഡം പ്രശംസിക്കുന്നു. ഗസ്സ അധിനിവേശ സമയത്ത് ഞാന്‍ അദ്ദേഹത്തെ നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. പിന്നീട് നിരവധി മേഖലകളില്‍ യോജിച്ച പ്രവര്‍ത്തനത്തിന് ധാരണയായിട്ടുണ്ട്. പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്ക് ഒബാമയുടെ പിന്തുണയുണ്ടാകുമെന്ന് ഞാന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കാരണം മധ്യപൗരസ്ത്യദേശത്തെ സമാധാനം എന്നത് ലോകത്തിന്റെ തന്നെ സമാധാനമാണ്.

? ഇതര രാഷ്ട്രങ്ങളുമായുള്ള ബന്ധം
– എല്ലാ ജനങ്ങള്‍ക്കും നന്മ കാംക്ഷിക്കുന്ന സല്‍സംരംഭങ്ങളിലാണ് ഈജിപ്ത് ഏര്‍പ്പെടുക. അതുതന്നെയാണ് അതിന്റെ വൈദേശിക നയവും. ഈജിപ്ത് ഇപ്പോള്‍ നവോത്ഥാനത്തിന്റെയും വളര്‍ച്ചയുടെയും ഘട്ടത്തിലാണ്. സാമ്പത്തികവും രാഷ്ട്രീയവുമായ സുസ്ഥിരത കൈവരിക്കാനുള്ള പാതയിലാണ്. അതിനാല്‍ തന്നെ ഇതിനെ ബലപ്പെടുത്താന്‍ മറ്റുരാഷ്ട്രങ്ങളുടെയും സഹായ സഹകരണങ്ങള്‍ ആവശ്യമാണ്.

? അന്താരാഷ്ട്ര കടബാധ്യതകള്‍ എങ്ങനെയാണ് തീര്‍ക്കുക.
-ഐ എം എഫില്‍ നിന്നെടുത്ത കടം ഉടന്‍ അടച്ചു തീര്‍ക്കും. പരസ്പര സഹകരണവും പങ്കാളിത്തവും സ്വീകരിക്കും. പക്ഷെ, ചരടുകളുള്ളവ സ്വീകരിക്കുകയില്ല. അതിലെ സാമ്പത്തികമായ സഹകരണ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യും.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles