Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമോഫോബിയ; മുസ്‌ലിംകള്‍ മാത്രമല്ല പ്രതിരോധിക്കേണ്ടത്

കത്തോലിക് പുരോഹിതനാവാന്‍ കൊതിച്ച് പിന്നീട് ഇസ്‌ലാമിക പണ്ഡിതനായാളാണ് ജോണ്‍ എല്‍.എസ്‌പോസിറ്റൊ. ഇസ്‌ലാമിനെ അമേരിക്കന്‍ സമൂഹത്തിനു പരിചയപ്പെടുത്തുന്നതിലും ക്രിസ്ത്യന്‍, ജൂത മതസ്ഥരുമായുള്ള ബന്ധത്തെ ഊഷ്മളമാക്കുന്നതിലും സജീവമായ പങ്ക് വഹിച്ചു. ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ റിലീജിയണ്‍ ആന്‍് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് ആന്റ് ഇസ്‌ലാമിക് സ്റ്റ്ഡീസില്‍ പ്രൊഫസറാണ് അദ്ദേഹം.

* താങ്കളുടെ മതപശ്ചാത്തലത്തെ കുറിച്ച് പറയാമോ..?
– ഞാനൊരു റോമന്‍ കത്തോലിക്കനായിട്ടാണ് ജനിച്ചത്. 14 വയസ്സായപ്പോള്‍ ഞാന്‍ സലേഷ്യന്‍ വൈദികനാവാന്‍ വീടുവിട്ടു. എന്നാല്‍ വൈദികപട്ടം സ്വീകരിക്കുന്നതിനു മുമ്പ് 24ാം വയസില്‍ ഞാന്‍ അവിടെ നിന്നും പിരിഞ്ഞു. എനിക്ക് വൈദികനാവണമായിരുന്നു. പക്ഷേ, അതല്ലാതെ മറ്റെന്തൊ ആയിത്തീരനാണ് എന്റെ ശേഷജീവിതം നയിക്കേണ്ടതെന്ന് എന്റെയുള്ളില്‍ തന്നെയുള്ള എന്തോ ഒന്ന് പറയുന്നുണ്ടായിരുന്നു. എന്താണതെന്ന് എനിക്ക് വ്യക്തമായിരുന്നില്ല. വനിതാ കത്തോലിക് സ്‌കൂളിലെ കത്തോലിക് ദൈവശാസ്ത്ര അധ്യാപനം ഞാന്‍ അവസാനിപ്പിച്ചു. പിന്നീട് ഞാന്‍ പി.എച്ച്ഡിക്ക് ചേര്‍ന്നു. ഇസ്‌ലാമായിരുന്നു എന്റെ മുഖ്യവിഷയം. ഹിന്ദൂയിസവും ബുദ്ധിസവും ഉപവിഷയങ്ങളും.

* എങ്ങനെയാണ് താങ്കള്‍ ഇസ്‌ലാമില്‍ തല്‍പരനാവുന്നത്..
– ഞാനൊരു കത്തോലിക്ക് കോളേജില്‍ പഠിപ്പിക്കുകയായിരുന്നു. അപ്പോഴൊരു പിഎച്ച്ഡി ആവശ്യമായിരുന്നു. 60കളിലെയും 70കളുടെ തുടക്കത്തിലുമുണ്ടായിരുന്ന രീതിയനുസരിച്ച് ഒരു കത്തോലിക്ക് സര്‍വ്വകലാശാലയില്‍ ചേര്‍ന്ന് കത്തോലിക്ക് സ്റ്റ്ഡീസില്‍ പിഎച്ച്ഡി ചെയ്യുക എന്നതായിരുന്നു രീതി. ഞാന്‍ പഠിച്ചിരുന്ന സ്ഥാപനത്തില്‍ ഒരു വിഷയത്തില്‍ മേജറും രണ്ടു വിഷയങ്ങളില്‍ മൈനറുമായി പഠിച്ച് പിഎച്ച്ഡി ചെയ്യാനുള്ള സംവിധാനമുണ്ടായിരുന്നു. ഇസ്‌ലാമിക് സ്റ്റഡീസ് മേജറായും ഹിന്ദൂയിസവും ബുദ്ധിസവും മൈനറായും പഠിക്കാന്‍ അവിടത്തെ ഒരു പ്രഫസര്‍ എന്നെ പ്രചോദിപ്പിച്ചു. മറ്റു ഗ്രാജുവേറ്റ് വിദ്യാര്‍ഥികളേക്കാള്‍ മുതിര്‍ന്നയാളും വിവാഹിതനുമായിരുന്നു ഞാന്‍. കോഴ്‌സ് പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന ധൃതിയുണ്ടായിരുന്ന എനിക്ക് ആ നിര്‍ദ്ദേശം സ്വീകരിക്കാന്‍ തീരെ താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷേ ഇസ്‌ലാമിക് സ്റ്റഡീസില്‍ പഠനം തുടരാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഞാന്‍ അത്ഭുതപ്പെട്ടു. കാരണം അന്നൊക്കെ, ക്രിസ്ത്യാനിറ്റിയും ജൂതായിസവും ലോകമതങ്ങളെന്ന വകുപ്പിലും ഹിന്ദുയിസത്തിനും ബുദ്ധിസത്തിനുമൊപ്പം ഇസ്‌ലാമിനെ ഒരു പൗരസ്ത്യ മതമായിട്ടുമായിരുന്നു വേര്‍തിരിച്ചിരുന്നത്. എന്നാല്‍ ഇസ്‌ലാമിനെ കുറിച്ചുള്ള പഠനമാരംഭിച്ചപ്പോള്‍ ഇസ്‌ലാമിനെ ശരിയായ വിഭാഗത്തിലല്ല ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് മനസിലായി. യഥാര്‍ഥത്തില്‍ ജൂത-ക്രിസ്ത്യന്‍-ഇസ്‌ലാം വിഭാഗത്തിലായിരുന്നു പെടേണ്ടിയിരുന്നത്. അത്തരമൊരു തിരിച്ചറിവ് അതുവരെ ഞാനറിഞ്ഞിട്ടില്ലാത്തതും ഞങ്ങളുടെ സ്‌കൂളില്‍ പഠിപ്പിക്കപ്പെട്ടിരുന്നില്ലാത്തതുമായ വലിയൊരു ചരിത്രം പഠിക്കാന്‍ തുടങ്ങി. ഇസ്‌ലാം ലോകത്തെ രണ്ടാമത്തെ വലിയമതമാണെന്നോ, മതസ്വഭാവത്തിലും ചരിത്രപരമായും ഇസ്‌ലാമുമായുള്ള ബന്ധമോ അന്ന് അമേരിക്കയിലുണ്ടായിരുന്ന മിക്കയാളുകള്‍ക്കുമറിയില്ലായിരുന്നു.

* എങ്ങനെയാണ് ഇസ്‌ലാമിനെയും പശ്ചിമേഷ്യയെയും കുറിച്ചുള്ള താങ്കളുടെ അറിവ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്..?
– പഠനം കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായത് മറ്റാരും ഈ വിഷയത്തില്‍ ഞാന്‍ വെച്ചുപുലര്‍ത്തുന്ന താല്‍പര്യം മറ്റാര്‍ക്കുമില്ലെന്നാണ്. ഇസ്‌ലാം പഠിപ്പിക്കാന്‍ തൊഴിലവസരമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, എനിക്കുണ്ടായിരുന്ന സവിശേഷത മൂന്ന് മതങ്ങളിലുമുള്ള അറിവായിരുന്നു. ആ കാലത്താണ് യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും മതവിഭാഗങ്ങള്‍ ആരംഭിക്കുന്നതും ലോകമതങ്ങളെ കുറിച്ച് കോഴ്‌സുകള്‍ അനുവദിക്കുന്നതും. ആയിടക്കാണ് ഇറാനിയന്‍ വിപ്ലവം സംഭവിക്കുന്നതും മാറ്റങ്ങളുടെ കൊടുങ്കാറ്റുതന്നെയുണ്ടാവുന്നതും. ഞാനെപ്പോഴും തമാശയായി പറയാറുണ്ട്, എന്റെ കരിയറും എന്റെ ആദ്യത്തെ പുസ്തകവും കടപ്പെട്ടിരിക്കുന്നത് ഇറാനിയന്‍ വിപ്ലവത്തോടാണ്. ഇസ്‌ലാം, പശ്ചിമേഷ്യ, മുസ്‌ലിം-പാശ്ചാത്യബന്ധം ഇത്തരം വിഷയങ്ങളെല്ലാം ചര്‍ച്ചാവിഷയമാവുന്നത് അപ്പോഴാണ്. അതിനുമുമ്പ് ചര്‍ച്ചാ വിഷയമാവുന്നത് പോയിട്ട് വിഷയമേയല്ലായിരുന്നു. 1974 മുതല്‍ 1979 വരെയുള്ള ആറു വര്‍ഷങ്ങള്‍ക്കിടയില്‍ ഇസ്‌ലാമിനെ കുറിച്ച് ഞാനെഴുതിയത് 4 ലേഖനങ്ങളായിരുന്നു. എന്നാലിന്ന് 35 ഭാഷകളിലായി 45 പുസ്തകങ്ങള്‍ എന്റേതായുണ്ട്. തുടക്കത്തിലുണ്ടായിരുന്ന ഗതിയിലായിരുന്നെങ്കില്‍ ഇതു സംഭവ്യമല്ലായിരുന്നു.

* ഇസ്‌ലാം ക്രിസ്ത്യന്‍ ബന്ധത്തില്‍ താങ്കള്‍ക്ക് താല്‍പര്യമുണ്ടായതെങ്ങനെയാണ്…?
– തീര്‍ച്ചചയായും ഉറച്ച ക്രിസ്ത്യന്‍ പശ്ചാത്തലമാണെനിക്കുള്ളത്. ജൂത ക്രിസ്ത്യന്‍ പാരമ്പര്യത്തെ കുറിച്ചാണ് നമ്മള്‍ പഠിക്കുന്നതെങ്കില്‍ ജൂത ക്രിസ്ത്യന്‍ ഇസ്‌ലാം പാരമ്പര്യത്തെ കുറിച്ചാണ് നമ്മള്‍ പഠിക്കേണ്ടത്. ഇവ തമ്മില്‍ വളരെ ബന്ധമുണ്ട്. ഉദാഹരണത്തിന്, പഴയനിയമത്തിലെ വെളിപാടുകളെയും വേദപ്രവാചകന്മാരെയും അംഗീകരിക്കുമ്പോള്‍ തന്നെ യേശുവിന്റെ പുതിയ പ്രമാണത്തെ അംഗീകരിക്കുന്നു. അതുപോലെ തന്നെ, തോറ മൂസാ നബിക്കും, ഈസ നബിക്കും വേദങ്ങള്‍ ഇറങ്ങിയെന്ന് മുസ്‌ലിംകളും അംഗീകരിക്കുന്നുണ്ട്. എത്രതവണ യേശുവിനെ പരാമര്‍ശിക്കുന്നുണ്ടെന്ന് ഖുര്‍ആന്‍ വായിക്കുമ്പോള്‍ നമുക്ക് മനസിലാവും. അതുപോലെ, പുതിയവേദത്തില്‍ പരാമര്‍ശിക്കുന്നതിനേക്കാള്‍ അധികം തവണ കന്യാമറിയത്തെ പറ്റി ഖുര്‍ആന്‍ പറയുന്നുണ്ട്. സഹവര്‍ത്തിത്തിന്റെയും പരസ്പര കൈമാറ്റത്തിന്റെയും സംഘര്‍ഷത്തിന്റെയും വഴിയില്‍ ചരിത്രപരമായും ബൗദ്ധികമായും ഇസ്‌ലാമുമായി ജൂതര്‍ക്കും ക്രിസ്ത്യാനികള്‍ക്കുമുള്ള ബന്ധവും ഖുര്‍ആനില്‍ കാണാം.

* അമേരിക്കയിലുടനീളം ചില സമൂഹങ്ങളിലുള്ള മുസ്‌ലിം വിരുദ്ധ സമീപനത്തെ കുറിച്ച് താങ്കള്‍ക്കെന്താണ് തോന്നുന്നത്..?
– വസ്തുതപരമായി ഇസ്‌ലാമിനെ വിമര്‍ശിക്കുന്നതിനെയല്ല ഇസ്‌ലാമോഫോബിയയെന്ന് ഞാന്‍ വിളിക്കുന്നത്. അതില്‍ തെറ്റായൊന്നുമില്ല. അത്തരം വിമര്‍ശനങ്ങള്‍ക്ക് ആളുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. വിദ്വേഷ പ്രചാരണങ്ങള്‍ക്കും ക്രൂരതകള്‍ക്കും വിവേചനങ്ങള്‍ക്കും നിങ്ങളെ പ്രേരിപ്പിക്കുന്ന തരത്തില്‍ യുക്തിരഹിതമായ ഭീതി നിങ്ങളിലുണ്ടാവുന്നതിനെയാണ് ഇസ്‌ലാമോഫോബിയ എന്ന് വിളിക്കുന്നത്. അതിന് യാതൊരടിസ്ഥാനവുമില്ല. എന്തുകൊണ്ടാണ് ഞാന്‍ അങ്ങനെ പറയുന്നത്..? മുസ്‌ലിം തീവ്രവാദത്തെ ഒരാള്‍ക്ക ഭയമുണ്ടായിരിക്കാം. ഭൂരിപക്ഷം മുസ്‌ലിങ്ങളും മുസ്‌ലിം തീവ്രവാദത്തെ ഭയക്കുന്നു. മുസ്‌ലിം പ്രദേശങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിങ്ങള്‍ തന്നെയാണ് മുസ്‌ലിം തീവ്രവാദത്തിന്റെ ആദ്യത്തെ ഇരകള്‍. മുസ്‌ലിങ്ങളുടെ ഭയം ന്യായമാണ്. അപ്പോഴാണ് നിങ്ങള്‍ മുസ്‌ലിം സമുദായത്തില്‍ ജനിച്ച ചിലര്‍- അവര്‍ ഇസ്‌ലാമിനെ ഹൈജാക്ക് ചെയ്യുകയാണെന്ന് ഞാന്‍ പറയും- ചെയ്യുന്ന പ്രവര്‍ത്തികളുടെ പേരില്‍ ഒരു മതത്തെയും അതിന്റെ വലിയ വിഭാഗം അനുയായികളെയും കുറ്റക്കാരായി ചിത്രീകരിക്കുന്നത്. അത്തരമൊരു പ്രവര്‍ത്തി, പക്ഷേ, നമ്മള്‍ മറ്റു മുഖ്യധാരാ മതങ്ങളുടെമേല്‍ നടത്തുന്നില്ല. മതത്തെ നേരായി ഉപയോഗിക്കുന്നവരുണ്ടെന്നും തെറ്റായി ഉപയോഗിക്കുന്നവരുണ്ടെന്നും നമ്മള്‍ മനസിലാക്കുന്നു. അക്രമത്തില്‍ ഭാഗമാകുന്ന ആളുകള്‍ എല്ലാ മതവിഭാഗങ്ങളിലുമുണ്ട്.

* എങ്ങനെയാണ് ആളുകള്‍ ഇസ്‌ലാമോഫോബിയയെ നേരിടുക..?
– ആദ്യമായി ഇരകളെ നിങ്ങള്‍ അക്രമങ്ങളുടെ ഉത്തരവാദികളാക്കാതിരിക്കുക. ഉദാഹരണത്തിന്, ആളുകളധികപേരും എന്നോട് പറയുന്നത്, സെപ്തംബര്‍ 11ന് ശേഷം വിശേഷിച്ചും, മുസ്‌ലിങ്ങള്‍ ഇത്തരം പ്രവൃത്തികള്‍ക്കെതിരെ സംസാരിക്കുന്നില്ലെന്നാണ്. അക്രമങ്ങള്‍ക്കെതിരെ സംസാരിക്കുന്ന വെബ്‌സൈറ്റുകള്‍ ഞാന്‍ കാണുന്നുണ്ട്. പക്ഷേ, മുഖ്യധാരാ മാധ്യമങ്ങള്‍ അതു എടുത്തുകാട്ടുന്നില്ല. അതിലുപരി, ഏതൊരാക്രമുണ്ടാവുമ്പോഴും മുസ്‌ലിങ്ങള്‍ അതിനെതിരെ രംഗത്തു വരാന്‍ ബാധ്യസ്ഥരാണെന്ന് നമ്മള്‍ വിചാരിച്ചുപോകരുത്, മുസ്‌ലിങ്ങളത് ചെയ്യാറുണ്ടെങ്കിലും. അതെ, ജനങ്ങളാണ് ജനങ്ങള്‍ക്ക് വേണ്ടി എഴുന്നേറ്റ് നില്‍ക്കേണ്ടത്, സമരം ചെയ്യേണ്ടത്. പക്ഷേ, ഇതു ചെയ്യേണ്ടത് ഇതര സമൂഹങ്ങളാണ്. ഈ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നവരും, മറ്റൊരു സന്ദര്‍ഭത്തില്‍ വിവേചനം അനുഭവിച്ചവരുമാണ് ഇക്കാര്യത്തില്‍ ഇടപെടേണ്ടത്.

വിവ : മുഹമ്മദ് അനീസ്‌

Related Articles