Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിസ്റ്റുകള്‍ മീഡിയകള്‍ ഉപയോഗപ്പെടുത്തണം /തൗറാന്‍ കിസ്‌ലാകിജി

അറബ് വസന്തത്തിന്റെ ആവിര്‍ഭാവത്തോടെ ഇസ്‌ലാമിസ്റ്റുകള്‍ക്കും മതേതര-ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയിലും ശക്തമായ സംവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മീഡിയ ഉപയോഗിച്ച് മുസ്‌ലിങ്ങള്‍ക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും അവരെ നിരന്തരം സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയുമാണ് മതേതര ശക്തികള്‍. അതിനെ മീഡിയ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇസ്‌ലാമിക ലോകത്ത് ജനാധിപത്യപരീക്ഷണങ്ങള്‍ വിജയകരമായി പരീക്ഷിച്ച പ്രഥമരാഷ്ട്രം തുര്‍ക്കിയാണ്. ആധുനിക തുര്‍ക്കിയുടെ നവോത്ഥാനത്തില്‍ ഇസ്‌ലാമിസ്റ്റുകളായിരുന്നു മുഖ്യ പങ്കുവഹിച്ചത്. ഈ പരീക്ഷണങ്ങള്‍ മറ്റു ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്കും അനുകരണീയമാണ്. ഈ പശ്ചാത്തലത്തില്‍ തുര്‍ക്കിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും ടൈംതുര്‍ക്ക് വെബ്‌സൈറ്റിന്റെ എഡിറ്ററും ആഗോള ഇസ്‌ലാമികചലനങ്ങളുടെ നിരീക്ഷകനുമായ ഉസ്താദ് തൗറാന്‍ കിസ്‌ലാകിയുമായി നടത്തിയ അഭിമുഖം.

? ഈജിപ്തിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്‌ലാമിസ്റ്റുകളുടെ നിലവിലെ അവസ്ഥയും അവര്‍ക്കെതിരെയുള്ള ആക്രമണങ്ങളെയും എങ്ങനെ വിലയിരുത്തുന്നു?
ഇടതുപക്ഷക്കാരും മതേതര-ലിബറല്‍വാദികളും യോജിച്ച് ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന രൂക്ഷമായ ആക്രമണങ്ങളില്‍ യാതൊരു അതിശയോക്തിയുമില്ല. അത് സ്വാഭാവികം മാത്രമാണ്. ഈ അവസരത്തില്‍ ഇസ്‌ലാമിസ്റ്റുകള്‍ പ്രധാനമായും രണ്ട് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അതില്‍ പ്രഥമമായത് ഈജിപ്തിലെ വിവിധഭാഗങ്ങളിലെ സലഫികളും സൂഫികളും ഇഖ്‌വാനികളുമടങ്ങുന്ന മുസ്‌ലിങ്ങളുടെ ഏകീകരണവും ഐക്യപ്പെടലുമാണ്. എല്ലാ വിഭാഗങ്ങളുടെയും പ്രതിനിധാനമുളള കൂടിയാലോചനാ സമിതി രൂപപ്പെടണം. ഇല്ലെങ്കില്‍ പശ്ചാത്യരുടെ സഹായത്തോടെ മതേതരശക്തികള്‍ നിങ്ങള്‍ക്കെതിരില്‍ ഗൂഢാലോചനകള്‍ നെയ്‌തെടുക്കുകയും പ്രതിസന്ധികള്‍ തീര്‍ക്കുകയും ചെയ്യും. രണ്ടാമത്തേത് ശക്തമായ മീഡിയ സംരംഭങ്ങള്‍ കൈവശപ്പെടുത്തലാണ്. ഉദാഹരണമായി ഉര്‍ദുഗാന്‍ ഇന്നും അധികാരത്തിലിരിക്കുന്നതിന് പ്രധാനകാരണം അദ്ദേഹത്തിന്റെയടുക്കലുള്ള ശക്തമായ മാധ്യമങ്ങളാണ്. എല്ലാ മീഡിയകളിലും ആധിപത്യം പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. 96-ല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അര്‍ബാകാന് പെട്ടെന്നുതന്നെ അധികാരം നഷ്ടമായതിന് കാരണം അന്നത്തെ മീഡിയയെ സ്വാധീനിക്കാന്‍ കഴിയാത്തതായിരുന്നു. ഇന്റര്‍നെറ്റ്, പത്രങ്ങള്‍, റേഡിയോ, ടെലിവിഷന്‍ തുടങ്ങിയ എല്ലാ മാധ്യമങ്ങളും ക്രിയാത്മകമായും സാങ്കേതികമികവോടും കൂടി ഉപയോഗിക്കുവാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.

? തുര്‍ക്കിയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തെക്കുറിച്ചും അതിന്റെ മീഡിയാ സംരംഭങ്ങളുടെ പുരോഗതിയെക്കുറിച്ചും ചെറിയ വിശദാംശങ്ങള്‍ നല്‍കാമോ?
നിഷ്ഠൂരമായ ഭരണത്തിന്റെയും പശ്ചാത്യവല്‍ക്കരണത്തിന്റെയും ഭാഗമായി തുര്‍ക്കിയിലെ ഇസ്‌ലാമികപ്രസ്ഥാനം ദശകങ്ങളോളം നിര്‍ജീവമായ അവസ്ഥയിലായിരുന്നു. നാല്‍പതുകളുടെ തുടക്കത്തില്‍ ഈ അവസ്ഥക്ക് ചെറിയ മാറ്റങ്ങള്‍ സംഭവിച്ചു. അന്ന് ഇസ്‌ലാമിസ്റ്റുകള്‍പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് മാധ്യമങ്ങളിലായിരുന്നു. തുടക്കം വ്യക്തി കേന്ദ്രീകൃതമായിട്ടുള്ള ഇസ്‌ലാമിക മാഗസിനുകള്‍ പുറത്തിറക്കിക്കൊണ്ടായിരുന്നു. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ഭരണകൂടം ഈ പ്രസിദ്ധീകരണങ്ങള്‍ക്ക് നിരോധനങ്ങള്‍ ഏര്‍പ്പെടുത്തി. സബീലുറശാദ്, ആലമുല്‍ ഇസ്‌ലാം, അല്‍ ഹിലാല്‍, അത്തുര്‍ക്കുല്‍ ഇസ്‌ലാം തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. അപ്രകാരം പ്രൊഫസര്‍ നജ്മുദ്ദീന്‍ അര്‍ബകാന്‍ രംഗത്ത് വരുന്നതിന് മുമ്പ് പതിനഞ്ചിലധികം ഇസ്‌ലാമിക സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. കേവലം മാസങ്ങള്‍ മാത്രമാണ് അവ നിലനിന്നതും. ഇവയെയെല്ലാം ഏകീകരിക്കുന്ന ഒരു ധിഷണാശാലിയായ നേതൃത്വത്തിന്റെ അഭാവം അവിടെ പ്രകടമായിരുന്നു.

അമ്പതുകള്‍ക്ക് ശേഷം നജീബ് ഫാസില്‍, നൂറുദ്ദീന്‍ ത്വോബ്‌ജോ തുടങ്ങി തുര്‍ക്കിസമൂഹത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയവ്യക്തികളും ചിന്താ പ്രസ്ഥാനവും (ഹര്‍കതുശ്ശര്‍ഖില്‍ കബീര്‍) രംഗത്തുവരുകയുണ്ടായി. ദീര്‍ഘകാലം സഈദ് നൂര്‍സിയുടെ പ്രസ്ഥാനവും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയുണ്ടായി. രാഷ്ട്രീയത്തില്‍ വഞ്ചിക്കപ്പെടുകയാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ അദ്ദേഹം അതുപേക്ഷിച്ചു ഇങ്ങനെ പ്രതിവചിച്ചു. ‘പിശാചില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും ഞാന്‍ അല്ലാഹുവിനോട് അഭയം തേടുന്നു.’ പ്രത്യേകമായ രാഷ്ട്രീയ ഇടപെടലുകളൊന്നും നടത്താത്ത സുലൈമാനികളുമുണ്ടായിരുന്നു. സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തിയ സൂഫി പ്രസ്ഥാനങ്ങളും തുര്‍ക്കിയിലുണ്ടായിരുന്നു. ഇതില്‍ നിന്നാണ് തുര്‍ക്കിയിലെ ഇസ്‌ലാമികരാഷ്ട്രീയ കാഴ്ചപ്പാടിന് അടിത്തറ പാകിയ അര്‍ബകാന്‍ രാഗത്തുവന്നത്.
അറുപതുകളില്‍ തികച്ചും ഇസ്‌ലാമികമായ അല്‍ഹിലാല്‍ മാഗസിന്‍ പുറത്തിറങ്ങുകയുണ്ടായി. അതിന്റെ പ്രാഥമിക ലക്കങ്ങളില്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെയും സയ്യിദ് ഖുതുബിന്റെയും ഇമാം ഹസനുല്‍ബന്നയുടെയും പുസ്തകങ്ങളുടെ വിവര്‍ത്തനം ലേഖനരൂപത്തില്‍ തയ്യാറാക്കുകയായിരുന്നു അവര്‍ ചെയ്തിരുന്നത്. പിന്നീട് അവ പുസ്തകങ്ങളുടെ രൂപത്തില്‍ പുറത്തിറക്കി. ലോകത്തുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ സ്വാധീന ഫലമായി ഒരു ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനം തുര്‍ക്കിയില്‍ രൂപംകൊള്ളുകയുണ്ടായി. അര്‍ബകാന്റെ രംഗപ്രവേശത്തോടെ സമൂഹത്തില്‍ സ്വാധീനം ചെലുത്തിയിരുന്ന യുവസംഘടനകള്‍ ഉണ്ടായിരുന്നതോടൊപ്പം എല്ലാവരും അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രസ്ഥാനത്തിനു കീഴില്‍ സംഘടിക്കുകയുണ്ടായി. തുര്‍ക്കിയുടെ എല്ലാ ഭാഗങ്ങളിലും സംഘടന വേരുറപ്പിക്കുകയുണ്ടായി.
പിന്നീടുണ്ടായ ഇറാന്‍ വിപ്ലവം തുര്‍ക്കിയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ സ്വാധീനം ചെലുത്തുകയുണ്ടായി. പിന്നീട് തൊണ്ണൂറുകളില്‍ അര്‍ബകാന്റെ നേതൃത്വത്വത്തില്‍ തുര്‍ക്കിയില്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് ഭരണം ലഭിക്കുകയുണ്ടായി. പക്ഷെ മീഡിയരംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭത്തിന് ഇത് വളരെ സഹായകമാവുകയുണ്ടായി. എന്നാല്‍ ഉര്‍ദുഗാന്‍ ഭരണത്തില്‍ വന്നതോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പൂര്‍ണസുരക്ഷിതത്വം നല്‍കുകയും അവരെ സ്വാധീനിക്കുകയും ചെയ്യുകയുണ്ടായി. ഇന്നും അദ്ദേഹം ഭരണത്തിലിരിക്കുന്നതിന് പ്രധാനകാരണം ഈ സ്വാധീനം തന്നെയാണ്.

? അറേബ്യന്‍ സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ തുര്‍ക്കിയിലെ ഇസ്‌ലാമിസ്റ്റുകളുടെ വിജയത്തിനുള്ള പ്രധാനകാരണം എന്താണ്?
തുര്‍ക്കിയിലെ ഇസ്‌ലാമിസ്റ്റുകളുടെ വിജയത്തിന് പ്രധാനകാരണം രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ മാത്രമായിരുന്നില്ല, മറിച്ച് സമൂഹത്തിന്റെ അടിത്തട്ടിലുള്ള സേവനപ്രവര്‍ത്തനങ്ങളും സാമൂഹ്യസംരംഭങ്ങളുമായിരുന്നു. ഇസ്‌ലാമിസ്റ്റുകള്‍ ദരിദ്രരും അവശതയുമനുഭവിക്കുന്നരുമായവരെ സഹായിക്കുന്നു. വിദൂര ഭാഗങ്ങളില്‍നിന്ന് വരുന്ന തദ്ദേശീയരെ ഇസ്‌ലാമിക കേന്ദ്രങ്ങളില്‍ താമസിപ്പിക്കുന്നു. അവര്‍ക്ക് അവിടത്തെ വൈവിധ്യമാര്‍ന്ന ശിക്ഷണ-സംസ്‌കരണരീതികള്‍ അനുഭവഭേദ്യമാകുന്നു. മറിച്ച് മതേതരവാദികള്‍ അടിസ്ഥാനവിഭാഗങ്ങളെ അവഗണിക്കുകയും അവരില്‍നിന്ന് അകന്നു കഴിയുകയും ചെയ്തിരുന്നു. ഇതില്‍ നിന്നും തികച്ചും ഭിന്നമായ ഇസ്‌ലാമിസ്റ്റുകളുടെ പെരുമാറ്റരീതി സമൂഹത്തില്‍ വലിയസ്വാധീനമുളവാക്കി.

? താങ്കളുടെ വീക്ഷണത്തില്‍, നിലവിലെ അവസ്ഥയില്‍ ഇസ്‌ലാമിസ്റ്റുകളുടെ മുന്നേറ്റത്തിന് പാലിക്കേണ്ട മുന്‍ഗണനകള്‍ എന്തെല്ലാം?
പലപ്രദേശങ്ങളിലും ഇസ്‌ലാമിനെ ഭീതിയോടെ കാണുന്ന അവസ്ഥയുണ്ട്. ഇതിന് പ്രധാനമായും രണ്ട്കാരണങ്ങളാണുള്ളത്. ഒന്ന്, മുസ്‌ലിങ്ങള്‍ക്ക് തങ്ങളുടെ ലോകത്തെക്കുറിച്ച് യാതൊരു ആസൂത്രണമോ പദ്ധതിയോ ഇല്ല. രണ്ട്, മുസ്‌ലിങ്ങളെ ഭീകരരും എല്ലാ ഭീകരപ്രവര്‍ത്തനങ്ങളുടെ കേന്ദ്രവുമാക്കി ചിത്രീകരിച്ച് പശ്ചാത്യന്‍ മീഡിയകളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നിരന്തര പ്രചാരണങ്ങള്‍. അതിനാല്‍ ഇസ്‌ലാമിസ്റ്റുകള്‍ മറ്റുള്ളവരുമായി ഹൃദ്യമായ ബന്ധം കാത്തുസൂക്ഷിക്കുകയും വിശ്വാസ്യത നിലനിര്‍ത്തുകയും ചെയ്യേണ്ടതുണ്ട്. ഇതരസമൂഹവുമായി ഇടപഴകുമ്പോള്‍ ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്ക് കഴിയണം. ഹിജ്‌റ പോകുന്ന അവസ്ഥയില്‍ നബി(സ)യുടെ വീട് ശത്രുക്കളുടെ സൂക്ഷിപ്പ് മുതല്‍ കൊണ്ട് നിറഞ്ഞിരുന്നതുപോലെ മറ്റുള്ളവരുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ നമുക്ക് കഴിയണം. കച്ചവടക്കാര്‍, ജോലിക്കാര്‍, സ്ത്രീകള്‍ തുടങ്ങിയ
എല്ലാവര്‍ക്കും നമ്മില്‍ വിശ്വാസ്യത കാണാന്‍ സാധിക്കണം. ആദ്യമായി ശിക്ഷാവിധികള്‍ നടപ്പിലാക്കുന്നതിലല്ല, ധാര്‍മികമൂല്യങ്ങളുടെ പ്രസരണത്തിനായിരിക്കണം നാം മുന്‍ഗണന നല്‍കേണ്ടത്.
വരുന്ന കാലയളവില്‍ ഇസ്‌ലാമിസ്റ്റുകള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് പ്രാദേശികതലങ്ങളിലാണ്. പ്രാദേശികവ്യവസ്ഥതയിലുള്ള സുസ്ഥിരത കൈവരിക്കാന്‍ നമുക്കാകണം. അവിടെ നിന്ന് കൂടുതല്‍ പുരോഗമനാത്മകവും വിശാലവുമായ തലങ്ങളിലേക്ക് സഞ്ചരിക്കാനും ശ്രമിക്കേണ്ടതുണ്ട്. ഭാവിയില്‍ ശക്തമായ ഗൂഢാലോചനകളും ആരോപണങ്ങളും ഇസ്‌ലാമിന്ന് നേരെയുണ്ടാകുമ്പോള്‍ ഈ അടിത്തട്ടിലുള്ള പിന്തുണ നമുക്ക് കരുത്തുപകരും.
‘ഞങ്ങള്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കും’ എല്ലാവര്‍ക്കും നീതി സാധ്യമാക്കും’ തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ ജനമനസ്സുകളില്‍ ആത്മവിശ്വാസവും സമാധാനവും പകര്‍ന്നുനല്‍കേണ്ടതുണ്ട്. ഇസ്‌ലാമിസ്റ്റുകള്‍ എന്ന നിലക്ക് ഏതെങ്കിലും രാഷ്ട്രത്തിനുവേണ്ടിയുള്ളവര്‍ എന്ന അര്‍ത്ഥത്തിലല്ല, മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയാണ് സംസാരിക്കേണ്ടത്. പൊതുമേഖലകളിലെ ഇടപെടലിനും ആഭ്യന്തരസംസ്‌കരണ രംഗത്തും ശ്രദ്ധപതിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

? വിപ്ലവാനന്തരം ഇസ്‌ലാമിസ്റ്റുകള്‍ ഏതുതരം വിഷയങ്ങളാണ് ഉയര്‍ത്തേണ്ടത്?
പൊതുജനാഭിപ്രായം രൂപീകരിക്കുകയും അവര്‍ പരിഹാരം തേടിക്കൊണ്ടിരിക്കുന്ന വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടാനുമാണ് നാം ശ്രമിക്കേണ്ടത്. ശരീഅത്ത് പ്രയോഗവല്‍ക്കരണത്തെക്കുറിച്ച ചര്‍ച്ചകള്‍ക്കപ്പുറം ദാരിദ്ര്യം, വിദ്യാഭ്യാസം, യുവാക്കള്‍, കുടുംബ-സ്ത്രീ പ്രശ്‌നങ്ങള്‍..തുടങ്ങി സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാരങ്ങളെക്കുറിച്ച് സംസാരിക്കാന്‍ നമുക്ക് കഴിയണം. ഇസ്‌ലാമിക ലോകത്തെ മീഡിയകളും പ്രത്യേകിച്ചു തുര്‍ക്കിയില്‍ ഞങ്ങളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം മതപ്രഭാഷണങ്ങള്‍ക്കപ്പുറം കാലഘട്ടത്തിന്റെ ഭാഷയില്‍ സംസാരിക്കാന്‍ കഴിവുളള കഴിവുറ്റ കലാ-സംസ്‌കാരിക പ്രവര്‍ത്തകരുടെയും ചിന്തകരുടെയും അപര്യാപ്തയാണ്. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ മതേതര-ഇടതുപക്ഷചിന്തകര്‍ ആധിപത്യം ചെലുത്തിയതായും കാണാം. അവരാണ് ടെലിവിഷനില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നത്. അപ്രകാരം തുര്‍ക്കിയിലെ മിക്ക ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളിലെയും എഴുത്തുകാര്‍ മതേതര ലിബറല്‍വാദികളാണ്. കാലഘട്ടത്തിന്റെ ഭാഷയില്‍ പടിഞ്ഞാറിനെയും ലോകത്തെയും അഭിമുഖീകരിക്കാന്‍ കഴിയുന്ന, ഇസ്‌ലാമിക ലോകത്തെ സൂക്ഷ്മാപഗ്രഥനം ചെയ്യുന്ന പൊതുസ്വീകാര്യരായ ചിന്തകരെയും എഴുത്തുകാരെയും വളര്‍ത്തിയെടുക്കാന്‍ ഇസ്‌ലാമികസംഘടനകള്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ കൂടുതല്‍ ഫഹ്മി ഹുവൈദിമാരെ ഇസ്‌ലാമികരാജ്യങ്ങള്‍ക്ക് ആവശ്യമുണ്ട്. ഇതിനു പുറമെ രാഷ്ട്രത്തിലെ തന്ത്രപ്രധാനമായ ചുമതലകള്‍ വഹിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍മാരും വ്യക്തിത്വങ്ങളും നമുക്കാവശ്യമുണ്ട്.

? പൊതുസ്വീകാര്യമായ മീഡിയാ സംരംഭം എങ്ങനെ എങ്ങനെ രൂപപ്പെടുത്താം?
ആഗോളതലത്തില്‍ ക്രിയാത്മകമായ ഒരു മീഡിയാ സംരംഭം ആവിഷ്‌കരിക്കാന്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് സാധിച്ചിട്ടില്ല. നാം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ നമ്മുടെ ആശയങ്ങള്‍ അതില്‍ നിറക്കേണ്ടതില്ല. മറിച്ച് വാര്‍ത്തയില്‍ ധാര്‍മ്മികതയും മൂല്യവും കാത്ത് സുക്ഷിച്ചാല്‍ അതുമുഖേന വായനക്കാരില്‍ സ്വാധീനം ചെലുത്താന്‍ നമുക്ക് സാധിക്കും. ആയത്തുകളും ഹദീസുകളും മറ്റു ടെക്സ്റ്റുകളും അതിനോട് ചേര്‍ത്തു വായിക്കാന്‍ ശ്രമിക്കും. മുസ്‌ലിങ്ങളെ മാത്രം ഉദ്ദേശിച്ചുള്ളവയില്‍ മാത്രമാണ് അത്തരം വാര്‍ത്തകള്‍ അഭികാമ്യമാവുക. അതിനുള്ള മികച്ച ഉദാഹരണമാണ് അല്‍ജസീറ.

? ഭാവിയില്‍ രാഷ്ട്രീയഅവബോധം ഏത് രീതിയിലായിരിക്കണം?
ജനതയെ ആഴത്തില്‍ സ്വാധീനം ചെലുത്തുന്ന ഇന്റര്‍നെറ്റ് പോലുള്ള മേഖലയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അതിലൂടെ ഉയര്‍ത്തിക്കൊണ്ടു വരണം. തദ്ദേശീയരുടെ ആവശ്യങ്ങള്‍ അവരുടെ ഭാഷയില്‍ അവതരിപ്പിക്കാനാകണം. കര്‍ഷകര്‍ക്കും നാടോടികള്‍ക്കും അതില്‍ ഇടമുണ്ടാകണം.

? തുര്‍ക്കിയിലെ പരീക്ഷണങ്ങള്‍ എത്രത്തോളം അറേബ്യന്‍സാഹചര്യത്തില്‍ പ്രയോഗവല്‍കരിക്കാം?
രാഷ്ട്രീയ പരീക്ഷണത്തില്‍ തുര്‍ക്കിയെ മാതൃകയാക്കാവുന്ന സമാനമായ പല മേഖലകളുമുണ്ട് അറബ് ലോകത്ത്. കാരണം ഇസ്‌ലാമിക ലോകത്ത് രാഷ്ട്രീയമേഖലയില്‍ ആദ്യമായി ജനാധിപത്യപരീക്ഷണങ്ങള്‍ വിജയകരമായി നടപ്പില്‍വരുത്തിയ രാഷ്ട്രം തുര്‍ക്കിയാണല്ലോ. വിജയനിദാനം, എപ്രകാരം ജനതയെ അഭിസംബോധന ചെയ്തു തുടങ്ങിയവയെല്ലാം ഉപയോഗപ്പെടുത്താം. തുര്‍ക്കിയിലെ ഇസ്‌ലാമിസ്റ്റുകള്‍ ഈ രാഷ്ട്രത്തിന്റെ പുരോഗതിയാണ് ലക്ഷ്യം വെക്കുന്നതെന്ന് പ്രഖ്യാപിക്കുകയും ജനങ്ങളെ സേവിക്കാനുള്ള അവസരം ലഭ്യമായപ്പോള്‍ അവ പ്രായോഗികമായി തെളിയിക്കുകയും ചെയ്തു. ഈജിപ്തിന് പുതിയഭരണഘടന നിര്‍മിക്കാനുള്ള അവസരമുണ്ട്. ആര്‍ മാതൃകപരമായ ഭരണഘടന മുന്നോട്ട് വെക്കുന്നുവോ വരും കാലയളവില്‍ തദനുസൃതമായിരിക്കും കാര്യങ്ങളുടെ ഗതി. മറ്റുള്ളവര്‍ക്ക് മാതൃകയായ ഭരണഘടന മുന്നോട്ട് വെക്കുവാന്‍ ഈജിപ്തിന് സാധിക്കുമെന്നാണ് എന്റെ പ്രതീക്ഷ. കാരണം തുര്‍ക്കിഭരണഘടന ജനാധിപത്യാന്തരീക്ഷത്തിന് പൂര്‍ണമായി യോജിച്ചതല്ല.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്

 

Related Articles