Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക സമൂഹം വെല്ലുവിളിയും പ്രത്യാശയും

ഇസ്‌ലാമിക ലോകത്ത് ശ്രദ്ധേയനായിരുന്നു അടുത്ത് അന്തരിച്ച പ്രമുഖ പണ്ഡിതന്‍ ശൈഖ് മുനീറുല്‍ ഖള്ബാന്‍. 1967ല്‍ ദമാസ്‌കസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ശരീഅത്തില്‍ ബിരുദം നേടിയ അദ്ദേഹം 1972ല്‍ കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. 1997ല്‍ സുഡാനിലെ ഖുര്‍ആന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബി ഭാഷയില്‍ ഡോക്ടറേറ്റും ലഭിച്ചിട്ടണ്ട്. 2000ല്‍ ബ്രൂണെ സുര്‍ത്താന്‍ അവാര്‍ഡിന് അര്‍ഹനായി. സിറിയയില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുനീറുല്‍ ഖള്ബാന്‍ ശ്രദ്ധേയനായ പണ്ഡിതനാണ്. ഇസ്‌ലാമിനെക്കുറിച്ചും ഇസ് ലാമിക ചലനങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്. പണ്ഡിത വേദിയുടെ വെബ്‌സൈറ്റിന് അദ്ദേഹം അനുവദിച്ച അഭിമുഖത്തിന്റെ ശ്രദ്ധേയമായ ഭാഗങ്ങള്‍.

ശത്രുക്കള്‍ വാസ്തവ വിരുദ്ധമായ ആരോപണങ്ങള്‍ ഇസ്‌ലാമിസ്റ്റുകളെക്കുറിച്ച് ഉന്നയിക്കാറുണ്ട്. ഇക്കാര്യത്തില്‍ താങ്കളുടെ അഭിപ്രായമെന്താണ്? മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കുറിച്ച് ഇസ്‌ലാമിന്റെ നിലപാടെന്താണ്?
ഇങ്ങനെയുള്ള ആരോപണങ്ങളെ പെരുപ്പിച്ച് കാണിക്കാനാണ് ശത്രുക്കള്‍ ശ്രമിക്കുന്നത്. നമ്മുടെ സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളെയും നമ്മള്‍ പരിഗണിക്കണം. അഹംഭാവം, വിമര്‍ശനങ്ങളെ നേരിടാതെ ഏകാധിപതികളകാന്‍ ശ്രമിക്കുക, മറ്റുള്ളവരുടെ അഭിപ്രായങ്ങളെ നിഷേധിക്കുക മുതലായവയെല്ലാം നമ്മുടെ സമൂഹം നേരിടുന്ന വെല്ലുവിളികളില്‍ പെട്ടതാണ്. നമ്മെപ്പോലെ തന്നെയാണ് മറ്റു വീക്ഷണങ്ങളുടെയും പ്രചാരകര്‍, നമ്മെ ഇസ്‌ലാമാണ് സംരക്ഷിക്കുന്നത് എന്നാല്‍ നമ്മുടെ ശത്രുക്കളെ സംരക്ഷിച്ച് നിര്‍ത്തുന്നത് സാമുദായികതയോ ദേശീയതയോ സോഷ്യലിസമോ ആണ്. അത് നമുക്കിടയിലെ ഏറ്റവും വലിയ പ്രശ്‌നവുമാണ്.

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാഗമെന്ന നിലയില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അവരെ പ്രതിരോധിക്കുന്നതിനും നമുക്ക് തടസ്സങ്ങളുണ്ട്. അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ നമ്മളില്‍ തന്നെയുള്ള ചിലരെ ജയിലിലടക്കുകയും അവരുടെ ജീവിതോപാധികള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും നാടുകടത്തുകയും ചെയ്ത കയ്‌പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്. അതിനെക്കുറിച്ചെല്ലാം പുനരാലോചനകള്‍ ഉണ്ടാകേണ്ടതാണ്. ഇസ്‌ലാം മാനവരാശിയിലെ എല്ലാവര്‍ക്കുമുള്ള ശരീഅതാണ്. തന്റെ സൃഷ്ടികളില്‍ വിശ്വാസിയും നിഷേധിയും എല്ലാം ഉണ്ടാകുമെന്നത് അല്ലാഹുവിന്റെ ഉദ്ദേശ്യത്തിലുള്ളതാണ്. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നുണ്ടല്ലോ ‘അവനാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ട് നിങ്ങളില്‍ ചിലര്‍ നിഷേധികളാകുന്നു; ചിലര്‍ വിശ്വാസികളും. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതൊക്കെയും അല്ലാഹു കണ്ടുകൊണ്ടേയിരിക്കുന്നു.’ (അത്തഗാബുന്‍ :2) ഈ ആയതിന്റെ ഉദ്ദേശ്യമിതാണ് മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ മാനിക്കുക എന്നത് അല്ലാഹുവിന്റെ വ്യവസ്ഥയുടെ ഭാഗമാണ്.  നമ്മള്‍ അത് നടപ്പിലാക്കാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു.

അറബ് ഇസ്ലാമിക സമൂഹം സങ്കീര്‍ണമായ അവസ്ഥയിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഇതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്? ഇവിടെ പ്രശ്‌നമെന്താണ്? എന്താണ് അതിനുള്ള പരിഹാരം?
സങ്കീര്‍ണമായ അവസ്ഥയിലൂടെയാണ് ഇസ്‌ലാമിക സമൂഹം കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. പക്ഷെ ഞാന്‍ അതിനെ വളരെ ശുഭപ്രതീക്ഷയോടെയാണ് ദര്‍ശിക്കുന്നത്. എല്ലാത്തിനെയും അതിജയിക്കുന്ന അല്ലാഹുവിന്റെ ഖദ്‌റില്‍ ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു. അല്ലാഹുവന്റെ ശരീഅതിനനുസരിച്ച് നിയമനിര്‍മാണം നടത്തുക എന്നത് ഇന്നത്തെ ഇസ്‌ലാമിക സമൂഹത്തിന്റെ ഏറ്റവും വലിയ പ്രശ്‌നമാണ്. ഈ കാലഘട്ടത്തിന്റെയും പ്രശ്‌നം അതുതന്നെയാണ്. അത് ഖത്തറിന്റെ പ്രശ്‌നമായി കാണാന്‍ സാധിക്കില്ല. ലോകത്തിലെ ഏത് ഭാഗത്താണെങ്കിലും റേഡിയോയിലെ വാര്‍ത്തയും അതിനെ കുറിച്ചാണ്. ഇപ്പോള്‍ നടക്കുന്ന ഈ സംഘട്ടനങ്ങള്‍ ആദ്യമായി നടക്കുന്നതല്ല.

മറ്റൊരു കാര്യം ഫലസ്തീന്‍ പ്രശ്‌നം ഇസ്‌ലാമിക സമൂഹത്തിന്റെ ഏറ്റവും വലിയ പ്രശ്‌നമാണ് എന്നിരിക്കേ ഇസ്‌ലാമിക സമൂഹ നേതൃത്വത്തോട് സമാധാനത്തെക്കുറിച്ച് വാചാലമാകുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് അല്‍ഭുതം തോന്നാറുണ്ട്. രണ്ട് വിഭാഗവും തമ്മില്‍ ഏറ്റുമുട്ടുമെന്ന് പ്രവാചകന്‍ (സ) പ്രവചിച്ചിട്ടുണ്ട്. പ്രാവാചകനില്‍ നിന്ന് ഉദ്ധരിച്ച ഹദീസനുസരിച്ച് ഇസ്‌ലാമിക സമൂഹം യഹൂദികളുമായി യുദ്ധം ചെയ്യാതെ അന്ത്യദിനം സംഭവിക്കില്ല എന്ന് കാണാം. ഇവിടെ രണ്ടാമത്തെ കക്ഷി യഹൂദകളാണെന്നത് നമ്മള്‍ കണ്ടതാണ്. അരനൂറ്റാണ്ടായി ഒന്നാമത്തെ വിഭാഗം മറഞ്ഞിരിക്കുകയാണ്. കാരണം യുദ്ധം ചെയ്തിരുന്നത് സാമുദായിക വാദികളും സോഷ്യലിസ്റ്റുകളും സെക്യുലരിസ്റ്റുകളുമായിരുന്നു. അവരുടെ കൂടെയുണ്ടായിരുന്ന മുസ്‌ലിംകള്‍ രക്തസാക്ഷികളാകാന്‍ മാത്രമുള്ളവരായിരുന്നു.

ഇനി സോഷ്യലിസവും സെക്യുലിരിസവും തകരാനായി അരനൂറ്റാണ്ട് കൂടി  കരഞ്ഞ് കൊണ്ടിരിക്കുന്ന സഹോദരങ്ങള്‍ കാത്തിരിക്കണമെന്നാണോ? വിശ്വാസികള്‍ മാത്രമായി യുദ്ധക്കളത്തിലുണ്ടാകുമ്പോഴുള്ള വിജയത്തേക്കാള്‍ വലിയ വിജയം മറ്റേതാണുള്ളത് ? മുസ് ലിംകള്‍ക്കും യഹൂദികള്‍ക്കുമിടയില്‍ നീതിയും സ്വാതന്ത്രവും ലഭിക്കാനും അല്ലാഹുവിന്റെ വാഗ്ദത്തം പുലരാനും ഇനിയും കാത്തിരിക്കണമെന്നാണോ?

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നുണ്ടല്ലോ ‘നിങ്ങള്‍ (ഭൂമിയിലുള്ള എല്ലാവരും) പ്രവാചകനെ സഹായിക്കുന്നില്ലെങ്കില്‍ സാരമില്ല, സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കിയ സന്ദര്‍ഭത്തില്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം രണ്ടിലൊരാള്‍ മാത്രമായിരുന്നപ്പോള്‍, അവര്‍ ഇരുവരും ആ ഗുഹയിലായിരുന്നപ്പോള്‍ (അത്തൗബ :40)

മാധ്യമങ്ങള്‍ മൗലിക വാദത്തിനും തീവ്രവാദത്തനും എതിരെ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്നു എന്ന് ഘോഷിക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നത് ഇസ്‌ലാമിക പ്രബോധകരെയാണ്. പുതിയ ലോകക്രമത്തില്‍ അവരുടെ സെക്യുലരിസത്തിനും മറ്റു മൂല്യങ്ങള്‍ക്കും എതിരായി നില്‍ക്കുന്ന രണ്ടാം കക്ഷി ഇസ്‌ലാമാണോ?

ഇസ്‌ലാമാണ് ലോകത്തെ തീവ്രവാദ വ്യവസ്ഥയെന്ന് ഇന്ന് ആരെങ്കിലും പറയുമോ? മയക്കത്തിലായിരുന്നവന്‍ നിദ്രയില്‍ നിന്നും ഉണര്‍ന്നിരിക്കുന്നു. സ്വന്തത്തെ വിമോചിപ്പിക്കുകയും ലോകത്തെ നയിക്കുകയും ചെയ്യുന്ന സത്യത്തിന്റെ പാതയില്‍ അവന്‍ പ്രവേശിക്കും.

ഞങ്ങളുടെ വായനക്കാരോട് താങ്കള്‍ക്കെന്താണ് പറയാനുള്ളത് ?
ഈ വഴികേടില്‍ നിന്ന് ജനങ്ങളെ രക്ഷിക്കേണ്ട ചുമതല നമുക്കെല്ലാവര്‍ക്കുമുണ്ട്. നമ്മുടെ സന്ദേശ പ്രചാരണത്തിലൂടെ അല്ലാഹുവിന്റെ വചനം മഹത്വപ്പെടുത്താനായി നമ്മള്‍ നമ്മുടെ നാടുകളിലേക്ക് മടങ്ങണം. നമ്മള്‍ നമ്മളെത്തന്നെ തിരിച്ചറിയേണ്ടതാണ് നമ്മളിപ്പോള്‍ അന്ധകാരത്തിലാണ്.  ഉപരിപ്ലവും ഭാഗികവുമായ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കില്ല. നമ്മള്‍ നമ്മുടെ പഴയ നിലപാടില്‍ തന്നെയാണുള്ളത്. ഇത് കൊണ്ട് നമുക്ക് സമയ നഷ്ടം മാത്രമാണുണ്ടാകുന്നത്.

നമ്മുടെ തുടക്കത്തിലേക്ക് മടങ്ങിപ്പോകാനുള്ള ധൈര്യം നമുക്കുണ്ടാവണം. ശൂന്യത നമ്മെ നേര്‍വഴിക്ക് നയിക്കും. യാഥാര്‍ഥ്യം തുറന്ന് പറയാനുള്ള ധൈര്യവും കാലമെത്ര പഴകിയാലും തുടങ്ങിയടത്തേക്ക് തിരിച്ച് പോകാനുള്ള ആര്‍ജവവും നമ്മുടെ നേതൃത്വത്തിനുണ്ടാകണം. എല്ലാ കാലത്തും വഴികേടിലൂടെ സഞ്ചരിച്ചാല്‍ നേര്‍മാര്‍ഗത്തില്‍ എത്താന്‍ കഴിയില്ല. അതിനാവശ്യമായ ധൈര്യം നമുക്കില്ലെങ്കില്‍ അതിന് കഴിയുന്ന യുവ നേതൃത്വത്തെ ഉണ്ടാക്കുകയും ചെയ്യണം.

ഇനി നമ്മള്‍ സമയത്തെയും മൂല്യത്തെയും വിലവെക്കുന്നുവെങ്കില്‍ നമ്മള്‍ മനസിലാക്കണം നമ്മള്‍ ഈ രംഗത്ത് പതിമൂന്ന് വര്‍ഷത്തോളം ചെലവഴിച്ചിട്ടുണ്ട് ഇക്കാലത്ത് അങ്ങനെയൊരു നേതൃത്വത്തെ രൂപപ്പെടുത്തുന്നതിനുള്ള അടിസ്ഥാനപരമായ കഴിവുകള്‍ നമ്മള്‍ ആര്‍ജിക്കുകയായിരുന്നു. നമ്മള്‍ എന്താണ് ചെയ്തത് ? അത് നമ്മുടെ സഹോദരന്മാര്‍ക്കെല്ലാം അറിയാം. അല്ലാഹു പറയുന്നത് പോലെ ‘ഇപ്പോള്‍ നിങ്ങള്‍ക്കു ക്ഷതമേറ്റിട്ടുണ്ടെങ്കില്‍ ഇതിനുമുമ്പ് ശത്രുക്കള്‍ക്കും ഇതുപോലെ ക്ഷതമേറ്റിട്ടുണ്ട്. ജനത്തിനിടയില്‍ നാം താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന വിജയപരാജയങ്ങളുടെ നാളുകളത്രെ അത്. നിങ്ങളില്‍ സത്യത്തില്‍ വിശ്വസിച്ചവരാരെന്ന് അല്ലാഹു കാണേണ്ടതിനും യഥാര്‍ഥ സന്മാര്‍ഗസാക്ഷികളെ തെരഞ്ഞെടുക്കേണ്ടതിനുമാകുന്നു, അവന്‍ ഇപ്പോള്‍ അത് നിങ്ങളില്‍ സംഭവിപ്പിച്ചിട്ടുള്ളത്. അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.’ (ആലുഇംറാന്‍ : 140)

മറ്റൊരിടത്ത് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘മനുഷ്യന്‍ ധൃതിപ്പെടുന്ന പ്രകൃതത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇതാ ഞാന്‍ നിങ്ങള്‍ക്ക് എന്റെ ദൃഷ്ടാന്തങ്ങള്‍ കാട്ടിത്തരാന്‍ പോകുന്നു; എന്നോട് ധൃതിപ്പെടേണ്ട’ (അല്‍ അമ്പിയാഅ് : 40)

വിവ : അബ്ദുല്‍മജീദ് താണിക്കല്‍

Related Articles