Current Date

Search
Close this search box.
Search
Close this search box.

ഇശ്‌റത്ത് വീണ്ടും കൊല്ലപ്പെടുന്നു

ishrath.jpg

2004 ജൂണിലാണ് ഇശ്‌റത്ത് ജഹാന്‍ എന്ന 19-കാരി ഗുജറാത്ത് പോലീസുമായുള്ള ‘ഏറ്റുമുട്ടലില്‍’ കൊല്ലപ്പെടുന്നത്. എന്നാല്‍ സി.ബി.ഐ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ഇത് ഒരു വ്യാജ ഏറ്റുമുട്ടലായിരുന്നു എന്ന് സമ്മതിച്ചു കഴിഞ്ഞു. 2013 ജൂലായില്‍ ഗുജറാത്തിലെ ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും നാല് ഐ.ബി ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്യായമായ കൊല, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഗുജറാത്ത് സര്‍ക്കാറും പല ദേശീയ മാധ്യമങ്ങളും ഇശ്‌റത്തിനെ ലശ്കര്‍ ഏജന്റായാണ് ചിത്രീകരിച്ചത്. കേസിലെ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇശ്‌റത്തിന്റെ കുടുംബ അഭിഭാഷക വൃന്ദ ഗ്രോവര്‍ ‘ദ് വയറി’ന് നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:  

ഇശ്‌റത്തിന്റെ കുടുംബ അഭിഭാഷക എന്ന നിലക്ക് ആരാണ് ഇശ്‌റത്ത് എന്ന് പരിചയപ്പെടുത്താമോ?
മുംബൈക്ക് അടുത്തുള്ള താനെയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മുമ്പ്രയിലാണ് ഇശ്‌റത്തിന്റെ കുടുംബം. നിര്‍മ്മാണ ജോലിക്കാരനായിരുന്നു ഇശ്‌റത്തിന്റെ പിതാവ്. മാതാവ് ശമീമാ കൗസര്‍ വീട്ടമ്മ. 2002-ല്‍ ഭര്‍ത്താവ് മരിച്ചതോടെ മാതാവ് ശമീമയിലായി കുടംബഭാരം മുഴുവന്‍. ശമീമയുടെ രണ്ടാമത്തെ മകളാണ് ഇശ്‌റത്ത്. പഠനത്തില്‍ വളരെ മിടുക്കിയായിരുന്നു അവള്‍. കൊല്ലപ്പെടുന്ന സമയത്ത് ബി.എസ്.സി കോഴ്‌സ് ചെയ്യുകയായിരുന്നു. കുട്ടികള്‍ക്ക് ട്യൂഷനെടുത്ത് കിട്ടുന്ന പണത്തിലൂടെ അവള്‍ കുടുംബത്തിന് താങ്ങുമായിരുന്നു. 2004 മെയ് മാസത്തില്‍ ജാവേദ് എന്നയാളുടെ കൂടെ ഇശ്‌റത്ത് ജോലി ചെയ്യാന്‍ തുടങ്ങി. ഇശ്‌റത്തിന്റെ പിതാവിനെ പരിചയമുള്ള ഒരു യുവാവായിരുന്നു ജാവേദ്. അയാള്‍ക്ക് കള്ളക്കടത്തും വ്യാജ ഇടപാടുകളുമൊക്കെ ഉണ്ടായിരുന്നതായി ഇശ്‌റത്തിന്റെ മരണശേഷം കേസ് ഫയല്‍ പുറത്തുവന്നിരുന്നു. എന്നാല്‍ മെയ് 1-നു ജാവേദിന്റെ കൂടെ ജോലിക്ക് ചേര്‍ന്ന ശേഷം ജൂണ്‍ 15-ന് കൊല്ലപ്പെടുന്നത് വരെ വെറും പത്ത് ദിവസങ്ങളാണ് ആകെ ഇശ്‌റത്ത് ജാവേദിന്റെ കൂടെ ജോലിയാവശ്യാര്‍ത്ഥം യാത്ര ചെയ്തിട്ടുള്ളത്. ബാക്കി ദിവസങ്ങളില്‍ സാധാരണ പോലെ അവള്‍ കോളേജില്‍ ഹാജരായിരുന്നു എന്ന് അറ്റന്‍ഡന്‍സ് രേഖകള്‍ തെളിയിക്കുന്നു. പിന്നെ എങ്ങനെ അവള്‍ ഒരു ലശ്കര്‍ തീവ്രവാദിയാകും?

ചെറിയ പ്രായത്തില്‍ സ്വന്തം കുടുംബ ഭാരം വഹിക്കേണ്ടി വന്ന തന്റെ മകള്‍ ഒരിക്കലും തീവ്രവാദിയാകില്ല എന്ന് ശമീമയും ആണയിടുന്നു. ഇത്രയും കാലമായി ഇശ്‌റത്തിന് വേണ്ടി നിയമപോരാട്ടം നടത്താനുള്ള അവരുടെ ഊര്‍ജവും സ്വന്തം മകളുടെ നിരപരാധിത്വത്തെ കുറിച്ചുള്ള ഉറച്ച വിശ്വാസമാണ്.

സി.ബി.ഐയും പ്രത്യേക അന്വേഷണ ഏജന്‍സിയുമൊക്കെ ഇത് ഒരു വ്യാജ ഏറ്റുമുട്ടലായിരുന്നു എന്ന് പ്രസ്താവിച്ചതാണ്. ഇപ്പോള്‍ കേസ് എവിടെ എത്തിനില്‍ക്കുന്നു?
2013-ല്‍ തന്നെ ചില പോലീസ്, ഐ.ബി ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ മിര്‍സാപൂര്‍ സി.ബി.ഐ സ്‌പെഷ്യല്‍ കോടതിയില്‍ ആ കേസ് വിധി കാത്തുകിടക്കുകയാണ്. കേസ് ഫയല്‍ ചെയ്യപ്പെട്ടിട്ട് മൂന്ന് വര്‍ഷത്തോളമായിട്ടും എന്തുകൊണ്ട് ആ ഉദ്യോഗസ്ഥന്മാരുടെ കാര്യത്തില്‍ വിധി പുറപ്പെടുവിക്കുന്നില്ലെന്നാണ് ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത്. ഇശ്‌റത്തിന്റെ കൊല തികച്ചും രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്ന് ഇതൊക്കെ തെളിയിക്കുന്നു. ഇശ്‌റത്ത് തീവ്രവാദിയാണോ അല്ലയോ എന്ന് അറിയാന്‍ തിടുക്കമുള്ളത് ബി.ജെ.പിക്കാണ്. കാരണം, ബി.ജെ.പിയെ ഈ കേസ് അലോസരപ്പെടുത്തുന്നു എന്നതു തന്നെ. അശോക് സിംഘാള്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്ക് ഇശ്‌റത്തിന് ലശ്കര്‍ ബന്ധമില്ലെന്ന് അറിയാമായിരുന്നു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി പി.ചിദംബരത്തിനും ഇശ്‌റത്ത് കൊല്ലപ്പെടട്ടെ എന്നായിരുന്നു ആഗ്രഹം.  

2009-ല്‍ ഇശ്‌റത്ത് ജഹാനിനേയും മറ്റു മൂന്നു പേരെയും ലശ്കര്‍ ഓപ്പറേറ്റര്‍മാര്‍ എന്ന് പരിചയപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും പിന്നീട് അത് തിരുത്തി അതിന് തെളിവുകളില്ലെന്ന് പറഞ്ഞ് സമര്‍പ്പിച്ച സത്യവാങ്മൂലവും എങ്ങനെ വൈരുദ്ധ്യമാകുന്നു?
ശമീമാ കൗസറും ജാവേദിന്റെ പിതാവ് ഗോപിനാഥ പിള്ളയും സമര്‍പ്പിച്ച ഹരജികള്‍ക്കെതിരെയാണ് സര്‍ക്കാര്‍ ഈ രണ്ട് സത്യവാങ്മൂലങ്ങളും സമര്‍പ്പിച്ചത്. ജാവേദിന്റെ യഥാര്‍ത്ഥ നാമം പ്രാണേഷ് കുമാര്‍ എന്നായിരുന്നു. കേരളത്തില്‍ നിന്നുള്ള ഹിന്ദുവായ പ്രാണേഷ് സാജിദ എന്ന മുസ്‌ലിം യുവതിയുമായി പ്രണയത്തിലാവുകയും പിന്നീട് ഇസ്‌ലാം സ്വീകരിച്ച് പേര് ജാവേദ് ഗുലാം മുഹമ്മദ് ശൈഖ് എന്നാക്കുകയുമായിരുന്നു. ഇയാള്‍ ഒരു ക്രിമിനല്‍ സ്വഭാവമുള്ളയാളായിരുന്നു എന്നാണ് ആദ്യത്തെ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നത്. ഇയാള്‍ ദുബൈയും ഒമാനും ഒക്കെ സന്ദര്‍ശിച്ചിട്ടുണ്ട് എന്നതുകൂടി ചേര്‍ത്തുവെച്ച് സര്‍ക്കാര്‍ ജാവേദിനെ ലശ്കര്‍ ഓപ്പറേറ്ററാക്കി. ചിലപ്പോള്‍ ജാവേദിന് അവിഹിതമായ മറ്റ് ഇടപാടുകള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഇശ്‌റത്തിനെ കുറിച്ച് സത്യവാങ്മൂലത്തില്‍ പറയുന്നത്, ലശ്കര്‍ പ്രവര്‍ത്തകയായ ഇശ്‌റത്തിന്റെയും മറ്റ് രണ്ടുപേരുടെയും മൃതദേഹം പോലീസ് റോഡില്‍ കിടത്തി എന്ന് ലശ്കര്‍ പത്രമായ ഗസ്‌വ ടൈംസ് വാര്‍ത്ത പ്രസിദ്ധീകരിച്ചതു ഉദ്ധരിച്ചുകൊണ്ടാണ്.

അപ്പോള്‍ വെറും പത്രവാര്‍ത്തകളെ അടിസ്ഥാനമാക്കിയാണ് സര്‍ക്കാറിന്റെ സത്യവാങ്മൂലം. 2009 സെപ്റ്റംബറില്‍ സമര്‍പ്പിച്ച രണ്ടാമത്തെ സത്യവാങ്മൂലത്തില്‍ തെളിവുകളില്ലെന്ന് വിലപിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. അപ്പോഴും ഇശ്‌റത്ത് നിരപരാധിയാണെന്നോ ഇത് ഒരു വ്യാജ ഏറ്റുമുട്ടല്‍ ആയിരുന്നുവെന്നോ സമ്മതിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സര്‍ക്കാര്‍ ആദ്യം സമര്‍പ്പിച്ച സത്യവാങ്മൂലം പിറന്ന വഴി അന്വേഷിക്കുകയാണെങ്കില്‍ എന്തുകൊണ്ട് ഈ കേസില്‍ ഒരു അന്തിമ തീരുമാനം ഉണ്ടാകുന്നില്ലെന്നതിന് ധാരാളം തെളിവുകള്‍ ലഭിക്കും. സാധാരണ ഈ നാട്ടിലെ രാഷ്ട്രീയക്കാര്‍ പറയുന്ന ഒരു ചൊല്ലുണ്ട്, നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ എന്ന്. എന്നാല്‍ നിയമത്തെ അതിന്റെ വഴിക്ക് പോകാന്‍ പലരും അനുവദിക്കുന്നില്ല എന്നത് തന്നെയാണ് ഈ കേസ് അനിശ്ചിതമായി തുടരാന്‍ കാരണം. എന്നാല്‍ ബി.ജെ.പി എന്തുകൊണ്ട് ഈ കേസിനെ ലശ്കറുമായി ബന്ധിപ്പിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ വ്യക്തമാണ്.  

ഞാന്‍ ഒരു തീവ്രവാദിയാണെന്നോ, ഭീകരവാദിയാണെന്നോ, ദേശ-വിരുദ്ധയാണെന്നോ നിങ്ങള്‍ക്ക് പറയാം എന്നല്ലാതെ എന്നെ കോടതിയില്‍ ഹാജരാക്കി, എനിക്കെതിരെയുള്ള തെളിവുകള്‍ ഹാജരാക്കുകയും അത് കോടതിക്ക് ബോധ്യപ്പെടുകയും ചെയ്താല്‍ മാത്രമേ ഞാന്‍ കുറ്റക്കാരിയാവുകയുള്ളൂ. അജ്മല്‍ കസബിനെ അറസ്റ്റ് ചെയ്തപ്പോള്‍ അയാള്‍ ധാരാളം പേരെ വധിച്ചെന്ന തെളിവുണ്ടായിരുന്നു. എന്നാല്‍ ഒരു ജീവനെ പോലും നോവിക്കാത്ത, ആയുധം കൈകൊണ്ട് തൊട്ടിട്ടില്ലാത്ത ഇശ്‌റത്തിനെ എന്തു പാതകത്തിന്റെ പേരിലാണ് തീവ്രവാദിയാക്കുന്നത്?

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കേസില്‍ ഉള്‍പെടുത്താന്‍ തനിക്ക് സമ്മര്‍ദമുണ്ടായതായി മുന്‍ ഇന്‍ലിജന്‍സ് ഡയറക്ടര്‍ രജീന്ദര്‍ കുമാര്‍ വെളിപ്പെടുത്തിയിരുന്നു. കുമാറിന്റെ പ്രസ്താവനക്ക് പിന്നാലെ ഡേവിഡ് ഹെഡ്‌ലിയും ജി.കെ പിള്ളയും ഇശ്‌റത്ത് ലശ്കര്‍ ഓപ്പറേറ്റീവ് ആയിരുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തുകയുണ്ടായി. ഈ പ്രസ്താവനകള്‍ എത്രത്തോളം വിശ്വസനീയമാണ്?
തങ്ങള്‍ കേസില്‍ കുരുങ്ങുമോ എന്ന ഭയമാണ് പല പ്രസ്താവനകളും ഉയര്‍ന്നുവരുന്നതിന് പിന്നില്‍. ഡേവിഡ് ഹെഡ്‌ലി നിരവധി ഇന്ത്യക്കാരുടെ ജീവനെടുത്ത മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയാണ്. വധശിക്ഷയില്‍ നിന്ന് ഇളവു ലഭിച്ചാണ് അയാള്‍ ജയിലില്‍ കഴിയുന്നത്. അതുകൊണ്ട് അയാളെ വിശ്വസിക്കേണ്ട കാര്യമുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. മുംബൈ ഭീകരാക്രമണ കേസിന് സാക്ഷി പറയാന്‍ വന്നയാള്‍ക്ക് ഇശ്‌റത്ത് ജഹാന്‍ കേസുമായി ഒരു ബന്ധവുമില്ല. കേസുമായി ബന്ധമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കാനും അതിന് മറുപടി പറയാനും കോടതി എങ്ങനെ അനുവദിച്ചു? പത്മശ്രീ ശ്രേഷ്ഠനായ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗം എന്തുകൊണ്ട് അത്തരം ചോദ്യങ്ങള്‍ ചോദിച്ചു? ഇശ്‌റത്തിന്റെ പേരും ഉള്‍പ്പെടുത്തി ഓപ്ഷനുകള്‍ നല്‍കിയാണ് അയാള്‍ ഹെഡ്‌ലിയോട് ലശ്കര്‍ ഭീകരവാദികള്‍ ആരൊക്കെയെന്ന് ചോദിച്ചത്. ‘നിങ്ങള്‍ക്കുമാകാം തീവ്രവാദി’ ഗെയിം ഷോ ആണോ കോടതിയില്‍ അരങ്ങേറുന്നത്?

പിന്നെ ജി.കെ പിള്ള. അയാള്‍ ഇപ്പോള്‍ അദാനി പോര്‍ട്ട്‌സിന്റെ ബോര്‍ഡ് അംഗമാണ്. അദാനി ആരാണെന്ന് ഞാന്‍ പറയേണ്ട ആവശ്യമില്ല. പിള്ള ആദ്യമായല്ല ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. അയാള്‍ കൃത്യമായ ഇടവേളകളില്‍ ഇശ്‌റത്ത് കേസുമായി ബന്ധപ്പെട്ടും ബന്ധപ്പെടാതെയും പലതും പറയാറുണ്ട്. അത് പൊതുശ്രദ്ധ കിട്ടാതെ അന്തരീക്ഷത്തില്‍ ലയിച്ചുപോകാറാണ് പതിവ്.

ഇത്തരം ‘വെളിപാടുകളു’ടെ സമയത്തെ കുറിച്ച് നിങ്ങള്‍ക്കെന്ത് തോന്നുന്നു?
ഇവര്‍ക്കൊക്കെ വളരെ കൃത്യമായ സന്ദര്‍ഭങ്ങളില്‍ തന്നെ വെളിപാടുണ്ടാകുന്നുണ്ട്. കേസ് ഒരു വഴിത്തിരവിലേക്ക് നീങ്ങുന്നുവെന്ന് കണ്ടാലുടന്‍ ഇവര്‍ ജല്‍പനങ്ങളുമായി രംഗത്തെത്തും. അധികാരത്തില്‍ ഇരിക്കുന്നവനും അധികാരത്തില്‍ ഇല്ലാത്തവനുമൊക്കെ ഈ കേസില്‍ കുടുങ്ങുമെന്ന് ഉറപ്പാണ്. ബി.ജെ.പിയെ പോലുള്ള പാര്‍ട്ടികള്‍ കൊടുങ്കാറ്റിനെ തങ്ങളുടെ കൈകള്‍ കൊണ്ട് വഴിതിരിച്ചുവിടാന്‍ നോക്കുകയാണ്. ഒരുനാള്‍ ഈ വിധി എല്ലാ അപരാധികളെയും നിഗ്രഹിക്കും. അതുവരെ അവര്‍ വൃഥാ ശ്രമങ്ങള്‍ നടത്തിക്കൊള്ളട്ടെ. തങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെയൊക്കെ തീവ്രവാദികളും രാജ്യദ്രോഹികളുമാക്കാന്‍ മിടുക്കുള്ള ഒരു സര്‍ക്കാറിന് കാര്യങ്ങള്‍ എളുപ്പമാണല്ലോ. ഞാന്‍ വാദിക്കുന്നത് ഒരു മാതാവിനു വേണ്ടിയാണ്. തന്റെ മകളെ നഷ്ടപ്പെട്ട ഒരു മാതാവിന്റെ വേദന ഇവര്‍ക്ക് മനസ്സിലാവില്ല. ശമീമ കൗസര്‍ പോരാടുന്നത് നിരപരാധിയായ തന്റെ മകളുടെ നീതിക്കുവേണ്ടിയാണ്.

ഇശ്‌റത്ത് ജഹാന്‍ ലശ്കര്‍ ഭീകരയായിരുന്നുവെന്ന വാദത്തിന് വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ഒരു ബന്ധവുമില്ലെന്ന് താങ്കള്‍ പറയുകയുണ്ടായി. എന്നാല്‍ കേസിന്റെ വിധിയെ ഇത് എത്തരത്തില്‍ ബാധിക്കും?
ഏത് പോലീസുകാരനും ഇന്റലിജന്‍സ് ഉദ്യോഗസ്ഥനും രാഷ്ട്രീയക്കാരനും അഭിഭാഷകനും പറയാം, ഇശ്‌റത്ത് ഭീകരവാദിയായിരുന്നുവെന്ന്. എന്നാല്‍ കോടതിക്കും ജഡ്ജിക്കും അത് അഭികാമ്യമല്ല. വ്യാജ ജല്‍പനങ്ങളെ അവഗണിച്ച് രാജ്യത്തിന്റെ നീതിവ്യവസ്ഥയെ സംരക്ഷിക്കുകയാണ് അവര്‍ ചെയ്യേണ്ടത്. ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിന് മുന്നില്‍ ഇശ്‌റത്തിന്റെ മരണത്തെ ഒരൊറ്റ വാക്കു കൊണ്ടേ വിശേഷിപ്പിക്കാനാകൂ – കൊല. ഇത് ഒരു നിഗൂഢമായ കേസല്ല. വളരെ വ്യക്തമായ കേസാണ്. രാഷ്ട്രീയക്കാരും പോലീസ് ഉദ്യോഗസ്ഥന്മാരും ചേര്‍ന്നാണ് അതിനെ നിഗൂഢമാക്കുന്നത്. ഗുജറാത്ത് പോലീസ് വളരെ കൃത്യമായി പറഞ്ഞതാണ് തങ്ങള്‍ ഇശ്‌റത്തിനെ വെടിവെച്ചു കൊന്നു എന്ന്. അതിലാണ് കേസ് പുരോഗമിക്കേണ്ടത്. എത്ര പാര്‍ലമെന്ററി ഭൂരിപക്ഷമുളള പാര്‍ട്ടിയായാലും ഇന്ത്യന്‍ നീതിപീഠത്തെ നോക്കുകുത്തിയാക്കാനും വിഡ്ഢിവേഷം കെട്ടിക്കാനുമാവില്ല.

അവലംബം: The Wire

മൊഴിമാറ്റം: അനസ് പടന്ന

Related Articles