Current Date

Search
Close this search box.
Search
Close this search box.

ഇറാഖിലേത് അനീതിക്കും വിഭാഗീയതക്കുമെതിരായ പോരാട്ടം

ഇറാഖിലെ പ്രമുഖ സലഫി നേതാവും സലഫി പ്രബോധന കൂട്ടായ്മയുടെ ജനറല്‍ സെക്രട്ടറിയുമാണ് ഡോ.ഫഖ്‌രി ഖൈസീ. 2005 ലെ ഭരണഘടനാ രൂപീകരണ കമ്മിറ്റിയില്‍ അംഗമായിരുന്ന ഇദ്ദേഹം ഇറാഖിലെ ഡയലോഗ് സെന്ററിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളുമാണ്. ഡോ.ഫഖ്‌രി ഖൈസിയുമായി ‘അല്‍ ജസീറ’ നടത്തിയ അഭിമുഖത്തില്‍ ഇറാഖിലെ ആനുകാലിക സംഭവവികാസങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം നിലവിലെ പ്രധാനമന്ത്രി നൂരീ മാലികിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പുതിയ തീവ്രവാദ ഗ്രൂപ്പുകളുടെ രൂപീകരണത്തിനും അവയുടെ വളര്‍ച്ചക്കും കാരണമായത് നൂരീ മാലികീ സര്‍ക്കാര്‍ കൈകൊണ്ട വംശീയ നിലാപാടാണെന്നും ഡോ.ഫഖ്‌രീ ഖൈസി വ്യക്തമാക്കുന്നു. നൂരീ മാലികിയുടെ വിഭാഗീയ പ്രവര്‍ത്തനങ്ങളെയും സായുധ ഗ്രൂപ്പുകളുടെ അക്രമണങ്ങളെയും ഒരേസമയം അപലപിക്കുന്ന സലഫി നേതാവ് ജനകീയ വിപ്ലവത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ കരുതി ഇരിക്കണമെന്നും ആവശ്യപ്പെടുന്നു. അഭിമുഖത്തിന്റെ പൂര്‍ണ രൂപം താഴെ:

ചോ : ഇറാഖിലെ പുതിയ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ എന്തെല്ലാമാണ്?

ഖൈസി : പക്ഷപാതിത്വവും വംശീയതയും ഭൂരിപക്ഷ ജനങ്ങളുടെയും ചിന്തയെ വക്രീകരിക്കുകയും ഓരോരുത്തരെയും അവരുടെ ചിന്തകളില്‍ തളിച്ചിടുകയും ചെയ്തു. ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തിന് ശേഷം അധികാരം ലഭിച്ച ശിയാക്കള്‍ ഇതര വിഭാഗങ്ങളോട് കൊടും ക്രൂരതയാണ് കാണിച്ചത്. ഇതാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിട്ട പ്രധാന കാരണം.

അമേരിക്കയുടെ ആശീര്‍വാദത്തോടെ ഭരണം നടത്തിയ ഇവര്‍ ജനങ്ങള്‍ക്കിടയില്‍ ഇതര വിഭാഗങ്ങള്‍ക്കെതിരെ പകയും വിദ്വേഷവും പടര്‍ത്തി. വംശീയത ആളിക്കത്തിയതോടെ ശിയാക്കളും സുന്നികളും മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാതെയായി. അതോടെ നമുക്കൊരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കൊലപാതകങ്ങളും ബോംബ് സ്‌ഫോടനങ്ങളും ന്യായീകരിക്കപ്പെടുന്ന അവസ്ഥ സംജാതമായി. കൊലപാതകങ്ങളും ബോംബ് സ്‌ഫോടനങ്ങള്‍ നടത്തുന്നതിലും ഇരു കൂട്ടരും മത്സരിക്കുന്ന ഖേദകരമായ അവസ്ഥ. തെരുവില്‍ സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നതിനെ നമുക്ക് എങ്ങനെ ന്യായീകരിക്കാനാകും?

ചോ : പ്രശ്‌നങ്ങളെ ഇത്ര സങ്കീര്‍ണമാക്കിയതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്?

ഖൈസി : ഇറാഖില്‍ ഇടക്കാല സര്‍ക്കാര്‍ നിലവില്‍ വന്നതു മുതല്‍ ആരംഭിച്ച സ്വേഛാധിപത്യ-മര്‍ദ്ദക ഭരണമാണ് ഈയൊരവസ്ഥക്ക് തുടക്കം കുറിച്ചത്. ഫലൂജ പോലുള്ള പട്ടണങ്ങളില്‍ പ്രവാചക പത്‌നി ആയിശ(റ)ക്കെതിരെ അടക്കം വംശീയ മുദ്രവാക്യങ്ങള്‍ ആദ്യമായി ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ഇയാദ് അലാവിയെ പോലുള്ള മതേതര നേതാക്കള്‍ പോലും അതിനെതിരെ പ്രതികരിക്കാന്‍ രംഗത്ത് വന്നില്ലെന്നത് ഖേദകരമാണ്. ഇത് വിഭാഗീയതയെ പ്രോത്സാഹിക്കുന്ന നടപടിയാണ്. വിമത പോരാളികളുടെ വളര്‍ച്ചക്ക് വഴിവെച്ചതും ഇതു തന്നെയാണ്.

ഈ അന്യായവും നിഷ്ഠൂരവാഴ്ച്ചയും അമേരിക്കയുടെ പിന്തുണയോടെയും കൃത്യമായ ആസൂത്രണത്തോടെയും അരങ്ങേറിയതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സ്വേഛാധിപതികളായ ആളുകളെ രാഷ്ട്രത്തിന്റെയും പ്രവിശ്യകളുടെയും ഭരണത്തില്‍ കുടിയിരുത്തി ഇറാഖില്‍ അക്രമവും അനീതിയും വര്‍ധിപ്പിക്കുകയും അതുവഴി രാജ്യത്ത് കലാപം സൃഷ്ടിച്ച് മേഖലയുടെ ഭൂപടം തന്നെ മാറ്റിവരക്കുക എന്നതാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്.

ചോ : നിങ്ങള്‍ പറഞ്ഞ അനീതിക്കും നിഷ്ഠൂരഭരണത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെല്ലാമാണ്?

ഖൈസി : അമേരിക്കക്കും ഇറാനും ഇറാഖ് സര്‍ക്കാറിനും ഇതില്‍ പങ്കുണ്ട്. ചാരന്മാരായി ഒരു ലക്ഷത്തോളം പേരെയാണ് ഇറാന്‍ ബഗ്ദാദിലേക്ക് നിയോഗിച്ചത്. ഇവര്‍ ഇറാഖിലെ സ്വേഛാധിപത്യ സര്‍ക്കാറിന് പൂര്‍ണ പിന്തുണയും സഹായവും നല്‍കി. ഇറാഖില്‍ മനുഷ്യ ജീവന് വിലയില്ലാതായി, കൊലപാതകങ്ങളും പ്രതികാര നടപടിയും വ്യാപകമായി, പൊതു ഇടങ്ങളിലും അങ്ങാടികളിലും വെച്ച് സ്ത്രീകളെയും കുട്ടികളെയും കൊലചെയ്യുന്നത് ന്യായീകരിക്കപ്പെട്ടു.

ഇറാഖില്‍ ചോരപ്പുഴ ഒഴുക്കുന്നതിന് ഇപ്പറഞ്ഞവയെല്ലാം കാരണമായിട്ടുണ്ട്. ഏറ്റവും വലിയ വംശീയ വാദി പ്രധാനമന്ത്രി നൂരീ മാലികി ആണ് എന്നതാണ് അങ്ങേയറ്റം ഖേദകരം. ശീഇസം ലോകത്താകെ വ്യാപിപ്പിക്കുന്നതിലും അതിനുവേണ്ടിയുള്ള പോരാട്ടത്തിലും അടിയുറച്ച് വിശ്വസിക്കുന്ന വ്യക്തിയാണദ്ദേഹം. ഭരണഘടനാ രൂപീകരണ വേളയില്‍ വഹാബിസവും ബാത്തിസവും ഉഛാടനം ചെയ്യണമെന്ന നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട് ഞാന്‍ അദ്ദേഹവുമായി വ്യക്തിപരമായി വാദപ്രതിവാദം നടത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ ഞാന്‍ എതിര്‍വാദമുന്നയിച്ച ഉടന്‍ നൂരീ മാലികി നടത്തിയ അഭിപ്രായ പ്രകടനം എന്നെ ഞെട്ടിച്ചു കളയുകയുണ്ടായി. ‘എനിക്ക് അധികാരമുണ്ടായിരുന്നെങ്കില്‍ ഇസ്രയേലിനെയും ഫലസ്തീനിനെയും വേര്‍തിരിച്ച് ഇസ്രയേല്‍ മതില്‍ നിര്‍മ്മിച്ചതു പോലെ എനിക്കും സുന്നികള്‍ക്കും ഇടയില്‍ ഞാന്‍ മതില്‍ നിര്‍മ്മിക്കുമായിരുന്നു’ എന്നായിരുന്നു നൂരീ മാലികി അഭിപ്രായപ്പെട്ടത്.

ചോ : ഇറാഖികളുടെ ജീവനെടുത്ത ബോംബ് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച രഹസ്യ കരങ്ങള്‍ ആരുടേതാണ്?

ഖൈസി : പ്രാദേശിക ശക്തികളെ കൂട്ടുപിടിച്ചുള്ള രാഷ്ട്രീയ പരീക്ഷണം പരാജയപ്പെട്ടതോടെ രാജ്യത്ത് പ്രശ്‌നങ്ങള്‍ പെരുകി, അതോടൊപ്പം ജനങ്ങള്‍ക്കിടയില്‍ ഭിന്നത വ്യാപിപ്പിക്കാന്‍ അമേരിക്കന്‍ സൈനിക വിഭാഗങ്ങള്‍ ആസൂത്രിതമായ ബോംബ് സ്‌ഫോടനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. തീവ്രചിന്താഗതി വെച്ചു പുലര്‍ത്തുന്ന രണ്ട് രാജ്യങ്ങളെയാണ് മേഖലയില്‍ അമേരിക്ക ആശ്രയിക്കുന്നത്, ഇറാനെയും ഇസ്രയേലിനെയും. ഈ രണ്ട് രാജ്യങ്ങളുമാണ് ഇന്ന് മധ്യപൗരസ്ത്യ ദേശത്തെ ക്രമസമാധാന പാലകര്‍, ഇറാഖിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നിലും ഇവരുടെ കരങ്ങളുണ്ട്.

ചോ : ഇറാഖിലും സിറിയയിലും പ്രവര്‍ത്തിക്കുന്ന വിമത വിഭാഗമായ ‘ഇസ്‌ലാമിക് സ്റ്റേറ്റ്’ ആരാണ്?

ഖൈസി : ചിലര്‍ അവരെ ‘ഖവാരിജ്’ എന്ന് വിളിക്കുന്നുണ്ട്. എന്നാല്‍ എനിക്കതിനോട് യോജിപ്പില്ല, അടിസ്ഥാനപരമായി ഖവാരിജുകളും അവരും വ്യത്യസ്തരാണ് എന്നതു തന്നെ കാരണം. അടിസ്ഥാനപരമായി ജനങ്ങളിലുള്ളത് ‘കുഫ്‌റ്’ ആണെന്നാണ് ‘ഇസ്‌ലാമിക് സ്റ്റേറ്റ്’ വാദിക്കുന്നത്, എന്നാല്‍ ഖവാരിജുകള്‍ ഇപ്രകാരം അഭിപ്രായപ്പെട്ടിട്ടില്ല. അതേസമയം, ബൗദ്ധിക വ്യതിചലനത്തില്‍ നിന്നുമാണ് ശിയാക്കളിലെയും സുന്നികളിലെയും എല്ലാ തീവ്രചിന്താഗതികളും രൂപം കൊണ്ടിട്ടുള്ളത്. തീവ്രചിന്താഗതി ഏറ്റവും പാരമ്യത്തിലെത്തുമ്പോഴാണ് അനീതിയും സ്വേഛാധിപത്യവും കൊടികുത്തി വാഴുന്നതും മനുഷ്യ രക്തത്തിന്ന് വിലയില്ലാതാകുന്നതും.

തീവ്രതയെ വിലക്കുന്ന ശരീഅത്തിന്റെ മഹത്തായ മൂല്യങ്ങള്‍ ഓര്‍മ്മിക്കാതെയും പഠിപ്പിക്കപ്പെടാതെയും പോകുമ്പോഴാണ് പിതാക്കളില്‍ നിന്നും പ്രപിതാക്കളില്‍ നിന്നും മനുഷ്യര്‍ വിശ്വാസപരമായ വിഭാഗീയത അനന്തരമെടുക്കുന്നത്. തീവ്രചിന്താഗതിക്കാര്‍ അടിസ്ഥാനങ്ങള്‍ക്ക് പകരം ശാഖാപരമായ കാര്യങ്ങളിലായിരിക്കും കണിശത പുലര്‍ത്തുക.

ചോ : ‘ഇസ്‌ലാമിക് സ്‌റ്റേറ്റ്’ രാജ്യത്തെ വീണ്ടും ഒരു യുദ്ധത്തിലേക്ക് നയിക്കുകയാണോ?

ഖൈസി : ഇസ്‌ലാമിക് സ്‌റ്റേറ്റിന് അത് സാധ്യമല്ല. എന്നാല്‍ ഇപ്പോഴത്തെ മര്‍ദ്ദക ഭരണത്തില്‍ നിന്നും തങ്ങളെ മോചിപ്പിക്കുന്ന ആരേയും അംഗീകരിക്കുന്ന അവസ്ഥയിലേക്ക് ജനങ്ങളെത്തിയിരിക്കുന്നു. വിമതരോടൊപ്പം നിരവധി പോരാളികളുണ്ട്. 15,000 ത്തിലധികം മിതവാദികളായ മുസ്‌ലിം പോരാളികളും പ്രതിരോധ രംഗത്തുണ്ട്, ജനങ്ങള്‍ക്കിടയില്‍ ഇവര്‍ക്ക് നല്ല സ്വാധീനമാണുള്ളത്. അതിനുപുറമെ, അത്രതന്നെ ‘നഖ്ശബന്ധി’ വിഭാഗക്കാരും യുദ്ധ സജ്ജരായി നില്‍ക്കുന്നുണ്ട്.

വിശ്വാസ ചിന്താധാരകള്‍ക്കനുസരിച്ച് സൈന്യത്തെ രൂപീകരിച്ചത് കൊണ്ടാണ് വിമതര്‍ ഇത്രവേഗത്തില്‍ മുന്നേറിയതും സൈന്യം തോറ്റോടിയതും, ജനങ്ങള്‍ വിപ്ലവ വീര്യവുമായി രംഗത്തിറങ്ങിയ പ്രദേശങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ നാല് ലക്ഷത്തോളം വരുന്ന സൈന്യത്തിന് കഴിയില്ല. അമേരിക്കക്ക് അത് സാധിച്ചത് അവര്‍ക്ക് കൃത്യമായ സൈനിക ചിട്ട ഉള്ളതുകൊണ്ടായിരുന്നു, എന്നാല്‍ പോലും എല്ലായിടത്തും ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ക്കായിരുന്നില്ല.

ചോ : ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദത്തിനിടയിലും പിടിച്ചു നില്‍ക്കാന്‍ നൂരീ മാലികിയെ സഹായിക്കുന്ന രഹസ്യ ഘടകം എന്താണ്?

ഖൈസി : തെക്കന്‍ ഇറാഖില്‍ അമേരിക്കക്ക് വന്‍ എണ്ണ നിക്ഷേപമുണ്ട്. ഇത് സംരക്ഷിക്കുന്നത് നൂരീ മാലികിയും അദ്ദേഹത്തിന്റെ സൈന്യവുമാണ്. ശിയാ സായുധ ഗ്രൂപ്പുകളുടെ അക്രമണങ്ങള്‍ പാശ്ചാത്യ താല്‍പര്യമാണ് സംരക്ഷിക്കുന്നത് എന്നതുകൊണ്ടാണ് അവരെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്താത്തത്. അതിനുപകരം ശീഇസം പ്രചരിപ്പിക്കാനുള്ള അവസരം അമേരിക്ക നൂരീ മാലികിക്ക് നല്‍കുകയും ചെയ്യുന്നു. അഥവാ, വൈദേശിക നിക്ഷേപങ്ങളുടെ സംരക്ഷണത്തിന് വേണ്ടി അമേരിക്ക നൂരീ മാലികിയെ സംരക്ഷിക്കുന്നു, അതേസമയം ശീഇസത്തിന്റെ പ്രചരണവും സ്വന്തം ജനതയുടെ സംരക്ഷണവും ഉറപ്പുവരുത്താന്‍ ഇറാനും നൂരീ മാലികിയെ ഉപയോഗപ്പെടുത്തുന്നു. അമേരിക്കയുടെയും യൂറോപ്പിന്റെയും ഇറാന്റെയും ചങ്ങലക്കെട്ടുകളിലാണ് ഇപ്പോള്‍ നൂരീ മാലികി. ഇറാന്റെ പക്ഷം ചേര്‍ന്ന ആദ്യത്തെയാള്‍ ഇയാദ് അലാവിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ചോ : ഇറാഖിന്റെ ഭാവി എന്താകും?

ഖൈസി : നിലവിലെ സര്‍ക്കാറിനെതിരായ സൈനിക പ്രവര്‍ത്തനം വിപ്ലവവും ജനകീയ പ്രതിരോധവുമാണ്. എന്നാല്‍ ഒടുക്കം ആര്‍ക്കും വിജയം ലഭിക്കാതെ സിറിയയിലേതു പോലുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുമോ എന്ന ഭീതിയുമുണ്ട്. ഇരു രാഷ്ട്രങ്ങളിലും നടക്കുന്ന വിപ്ലവ പ്രവര്‍ത്തനങ്ങളെ തകിടം മറിക്കാന്‍ അന്താരാഷ്ട്ര ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ ഐക്യത്തോടെ നീങ്ങേണ്ടത് അനിവാര്യമാണ്.

വിവ : ജലീസ് കോഡൂര്‍

Related Articles