Current Date

Search
Close this search box.
Search
Close this search box.

‘ഇഖ്‌വാന്റെ മാത്രം മാര്‍ഗദര്‍ശിയാകാനല്ല ഞാന്‍ ആഗ്രഹിക്കുന്നത്‌ ‘

അറബ് വസന്തത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ ഡോ. യൂസുഫുല്‍ ഖറദാവിയുമായി ഈജിപ്തിലെ മുബാറക് അനുകൂല-പൗരാണിക ദിനപത്രമായ ‘അല്‍ അഹ്‌റാം’ ലേഖകന്‍ ഹസനാ അല്‍ ജരീസി നടത്തിയ അഭിമുഖം:
 
? അറബ് വസന്തത്തിന്റെ വിപ്ലവകാരികളില്‍ ഒരു പോരാളിയായി താങ്കള്‍ സ്വയം പരിചയപ്പെടുത്തുന്നു. ഈ വിപ്ലവവുമായി താങ്കള്‍ക്കുള്ള ബന്ധം എന്താണ്?
– എല്ലാ അറബ്-ഇസ്‌ലാമിക വിപ്ലവങ്ങളുടെയും പോരാളിയായിട്ടാണ് ഞാന്‍ എന്നെ കാണുന്നത്. ചരിത്രത്തിന്റെ ഇടനാഴികകളില്‍ സംഭവിച്ചിട്ടുളള വീഴ്ചകളില്‍ നിന്നും പുരോഗനാത്മക സമൂഹത്തിന്റെ മുന്‍നിരയിലേക്ക് ഉണര്‍ന്നെണീക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് അറബ്-ഇസ്‌ലാമിക സമൂഹം താല്‍പര്യപ്പെടുന്നത്. അത് ഇന്നു നാം കാണുന്ന ഒരവസ്ഥയിലേക്ക് ഇപ്പോള്‍ എത്തിയിരിക്കുന്നു. ഈ വിപ്ലവങ്ങളില്‍ ഒരു പോരാളിയാകാന്‍ മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മറിച്ച് ഇതിന്റെ ധ്വജവാഹകനോ ആദര്‍ശനായകനോ മറ്റോ ഒന്നും ആകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. കൂടുതല്‍ സമര്‍പ്പണവും അധ്വാനപരിശ്രമങ്ങളും ഇസ്‌ലാമിക സമൂഹം അതിന്റെ അണികളില്‍ നിന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്നുണ്ട്. ഇസ്‌ലാമിക സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ കൂടുതല്‍ ധീരതയോടും ശക്തിയോടും കൂടി നിര്‍വഹിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
അറബ്-ഇസ്‌ലാമിക രാജ്യങ്ങളില്‍ നടന്ന വിപ്ലവങ്ങളെല്ലാം എന്റെ വിപ്ലവം തന്നെയാണ്. ഇതില്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍ വേര്‍തിരിവൊന്നുമില്ല. ചില രാഷ്ട്രങ്ങളിലെ പോരാട്ടങ്ങള്‍ മറ്റുളളവയെ സ്വാധീനിച്ചിട്ടുണ്ട് എന്നത് ശരിയാണ്. തുണീഷ്യന്‍ വിപ്ലവത്തിന്റെ ഒന്നാം തിയ്യതി മുതല്‍ ചിലര്‍ എന്നോട് താങ്കള്‍ തുനീഷ്യക്കാരനാണോ എന്നു ചോദിക്കുകയുണ്ടായി. അതെ, ഞാന്‍ തുനീഷ്യക്കാരനാണ്, ഖത്വരിയാണ്, ഈജിപ്ഷ്യനാണ്, അറബിയാണ്, മുസ്‌ലിമാണ്, ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ എല്ലാ വിഭാഗങ്ങളെയും ഞാന്‍ ഉള്‍ക്കൊള്ളുന്നു. അവിടെയുള്ളവരെ എന്റെ നിവാസികളായിട്ടാണ് ഞാന്‍ കാണുന്നത്. എന്റെ രാജ്യം ഇസ്‌ലാം മാത്രമാണ്. അല്ലാഹുവിന്റെ ദീനിന് വേണ്ടി നിലകൊള്ളുന്ന രാജ്യങ്ങളെല്ലാം എന്റെ രാജ്യമാണ്. ഈ രാഷ്ട്രങ്ങളിലെയെല്ലാം വിപ്ലവത്തിന് സേവനമനുഷ്ടിക്കാന്‍ ഞാന്‍ തയ്യാറാണ്. ഈ ജനതകള്‍ക്കെല്ലാം പ്രചോദനമായി വര്‍ത്തിച്ചിട്ടുള്ളത് ഇസ്‌ലാമിക ചിന്തയും വികാരവുമാണ്. വര്‍ഷങ്ങളായി പതിത്വവും അവഗണനയും പേറേണ്ടിവന്നവരായിരുന്നു അവര്‍. അവിടെയുള്ള ഭരണത്തില്‍ ഭൂരിപക്ഷത്തിന് പ്രത്യേക പങ്കാളിത്തമൊന്നുമുണ്ടായിരുന്നില്ല. ഒരു ചെറിയ ന്യൂനപക്ഷം അവരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഭരണം നടത്തുകയും എല്ലാം കയ്യടക്കിവെച്ചിരിക്കുകയുമായിരുന്നു. മറ്റൊരു സമൂഹത്തിന്റെ അടിമകളായിട്ടാണ് അവര്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. പ്രതികരിക്കാന്‍ പോലും അവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. എന്നാല്‍ അവരുടെ അന്തരാളങ്ങളില്‍ വിപ്ലവം തിളക്കുന്നുണ്ടായിരുന്നു. ഇതിന് ആര് തീ കൊളുത്തും എന്നായിരുന്നു അവര്‍ കാത്തിരുന്നത്.  ആ വിപ്ലവത്തിന് ആദ്യമായി പന്തം കൊളുത്തിയത് തുണീഷ്യയിലായിരുന്നു. പിന്നീട് അത് ഈജിപ്തിലേക്കും മറ്റു രാഷ്ട്രങ്ങളിലേക്കും പടരുകയായിരുന്നു.

? അറബ് വസന്തത്തിന് പ്രേരകശക്തിയായി വര്‍ത്തിച്ചത് ‘ഫെയ്‌സ് ബുക്കാണ്’ എന്ന് ലോകം സാക്ഷ്യം വഹിച്ചതാണ്. അതേ സമയം ഇസ്‌ലാമിക ചിന്തയാണ് ഇതിന് അന്തര്‍ധാരയായി വര്‍ത്തിച്ചതെന്നാണ് താങ്കള്‍ പറഞ്ഞത്.
– മുന്‍കഴിഞ്ഞ സമൂഹങ്ങളില്‍ പരിവര്‍ത്തനം സൃഷ്ടിച്ചത് യഥാര്‍ഥ ഇസ്‌ലാമിക ചിന്തയായിരുന്നു. അല്ലാതെ ഇസ്‌ലാമിന്റെ വ്യാജ ലേബലുകളായിരുന്നില്ല. ഇവിടെ ചിലര്‍ ഞങ്ങള്‍ ഇസ്‌ലാമിസ്റ്റുകളാണെന്ന് വാദിക്കുന്നു, തങ്ങളുടെ ചിന്തകള്‍ ഇസ്‌ലാമിനെയും സുന്നത്തിനെയുമാണ് പ്രതിനിധീകരിക്കുന്നതെന്നും അവര്‍ അവകാശപ്പെടുന്നു. ആ അവകാശവാദം ശരിയല്ല. ഖുര്‍ആനിന്റെയും സുന്നത്തിന്റയും അടിസ്ഥാനത്തില്‍ സഹാബിമാരും താബിഇകളും രൂപപ്പെടുത്തിയ ഇസ്‌ലാമിക ചിന്തയാണ് ഇതിന് ആധാരമായി വര്‍ത്തിച്ചത്. നവമാധ്യമങ്ങള്‍ അതിന് സഹായകമായിട്ടുണ്ട് എന്നത് ഒരു സത്യമാണ്. ഉത്തമ നൂറ്റാണ്ടുകളിലെ ചിന്താധാരയാണ് നാം പ്രതിനിധീകരിക്കേണ്ടത്. അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ടുള്ള ഈ മുന്നേറ്റം മാത്രമാണ് വിജയം കാണുക.

? താങ്കള്‍ ഇപ്പോള്‍ ഖത്തര്‍ പൗരത്വം വഹിക്കുന്നു. അല്‍ജസീറ ചാനലിലൂടെ ഖത്തര്‍ നടത്തിയ ഇടപെടല്‍ അറബ് വിപ്ലവങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ടാക്കി എന്ന് ചിലര്‍ വിലയിരുത്തുന്നു. ഈ പശ്ചാത്തലത്തില്‍ അറബ് വസന്തത്തോടുള്ള ഖത്തറിന്റെ വീക്ഷണം വിശദീകരിക്കാമോ?
– ഞാന്‍ ഖത്തര്‍ പൗരത്വമുള്ളവനാണ് എന്നത് ശരിയാണ്, പക്ഷെ അതിനര്‍ഥം ഞാന്‍ ഈജിപ്തിനോ മറ്റു അറബ് രാജ്യങ്ങള്‍ക്കോ എതിരാണ് എന്നല്ല. എനിക്ക് ഖത്തര്‍ പൗരത്വം ഏറ്റെടുക്കേണ്ട നിര്‍ബന്ധിതാവസ്ഥയില്ല. പക്ഷെ ഞാന്‍ സ്വമേധയാ ഏറ്റെടുത്തതാണ്. ഈജിപ്താണ് എന്നെ അതിന് നിര്‍ബന്ധിച്ചത്. ഖത്തറിലെ നാല് വര്‍ഷത്തെ താമസത്തിന് ശേഷം ഈജിപ്തില്‍ എനിക്ക് അപകടം മണത്തു. ഖത്തറില്‍ നിന്ന് ഈജിപ്തിലിറങ്ങുന്നവര്‍ക്ക് നിരവധി ചോദ്യങ്ങളും അന്വേഷണങ്ങളും നേരിടേണ്ടി വന്നു. ഈജിപ്ഷ്യന്‍ ഏകാധിപത്യ ഭരണത്തിന് കീഴില്‍ ഇഖ്‌വാനികളെ ക്രൂരമായി പീഢിപ്പിച്ച ആ നാളുകളില്‍ ഞാന്‍ ഈജിപ്തിലേക്ക് മടങ്ങിയില്ല. അതിനാല്‍ തന്നെ ഖത്തറില്‍ നിന്നും ഈജിപ്തിലേക്ക് മടങ്ങിയ നിരവധി ഇഖ്‌വാനികള്‍ക്കേല്‍ക്കേണ്ടിവന്ന ആ പരീക്ഷണത്തില്‍ നിന്ന് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഞാന്‍ രക്ഷപ്പെട്ടു. വീട്ടില്‍ നിന്നും നരകത്തിലേക്കുള്ള പ്രയാണമായിരുന്നു അവര്‍ നടത്തിയത്.അപ്രകാരം 1965-ലെ കടുത്ത പരീക്ഷണങ്ങളില്‍ നിന്ന് ഞങ്ങള്‍ രക്ഷപ്പെടുകയുണ്ടായി. ഇത്തരം പരീക്ഷണ ഘട്ടങ്ങളില്‍ നിന്ന് ഇഹപര രക്ഷ പ്രാപിച്ചാല്‍ അല്ലാഹുവിനെ സ്തുതിക്കുകയും ആയുരാരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുക എന്നത് മനുഷ്യന്റെ ബാധ്യതയാണ്.  ഇസ്‌ലാമിക ആശയങ്ങളും ഇഖ്‌വാനി ബന്ധവും നിലനിര്‍ത്താനായി ഖത്തറില്‍ ഞങ്ങള്‍ വെള്ളിയാഴ്ചകളില്‍ ദീനി സദസ്സുകള്‍ സംഘടിപ്പിച്ചിരുന്നു.

? ഇഖ്‌വാനുല്‍ മുസ്‌ലിമൂനുമായുള്ള ബന്ധത്തിന്റെ പേരില്‍ താങ്കള്‍ക്ക് മൂന്ന് പ്രാവശ്യം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് ഇഖ്‌വാനുല്‍ മുസ്‌ലിമൂനിന്റെ നേതൃസ്ഥാനം (അല്‍ മുര്‍ശിദുല്‍ ആം) താങ്കള്‍ നിരസിച്ചത്. സംഘടനയുടെ ഭാരവാഹിത്വത്തില്‍ നിന്ന് താങ്കള്‍ പുറത്ത് കടന്നത് എന്തുകൊണ്ട്.
– ഞാന്‍ ഖത്തറിലേക്ക് പോയത് നിര്‍ബന്ധിതനായിക്കൊണ്ടല്ല ; അല്‍ അസ്ഹറില്‍ നിന്ന് ബിദുധം നേടിയവര്‍ക്ക് മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം രാജ്യത്തിന് പുറത്ത് പോകാന്‍ അവകാശം ഉണ്ടായിരുന്നു. മൂന്ന് വര്‍ഷം ഞാന്‍ പൂര്‍ത്തീകരിച്ചപ്പോള്‍ ഞാന്‍ ഒരു പരീക്ഷക്ക് ഹാജരായി. പണ്ഡിതന്മാര്‍ അഭിമുഖ രീതിയില്‍ നടത്തിയ ആ പരീക്ഷയില്‍ എനിക്ക് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. അതിനാല്‍ ഏത് രാഷ്ട്രത്തില്‍ സേവനം ചെയ്യണമെന്ന് എനിക്ക് തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുകയുണ്ടായി. കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ജോലിക്കായി കുവൈത്തിലേക്ക് പോകാനാണ് ഞാന്‍ ആഗ്രഹിച്ചത്. പക്ഷെ, ഖത്തറിന്റെ ആവശ്യപ്രകാരം ഞാന്‍ അത് തെരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് ദീര്‍ഘകാലം ഞാന്‍ ഖത്തറിലാണ് കഴിച്ചുകൂട്ടിയത്. അതിന് ശേഷം ഒന്നിലധികം തവണ അല്‍ മുര്‍ഷിദുല്‍ ആം എന്ന ഇഖ്‌വാന്റെ പരമോന്നത സ്ഥാനം ഞാന്‍ ഏറ്റെടുക്കണമെന്ന് ഉസ്താദ് ഹുളൈബി, മുസ്തഫാ മശ്ഹൂര്‍, മഅ്മൂന്‍ ഹുദൈബി എന്നിവര്‍ താല്‍പര്യപ്പെടുകയുണ്ടായി. എനിക്ക് വേണ്ടി ആ സ്ഥാനം ഒഴിയാന്‍ അവര്‍ തീരുമാനിച്ചു. പക്ഷെ, കൂടുതല്‍ പഠന ഗവേഷണങ്ങള്‍ക്കും പ്രബേധന പ്രവര്‍ത്തനങ്ങള്‍ക്കുമായി മുഴുകുന്നതാണ് അറബ് -ഇസ്‌ലാമിക സമൂഹത്തിന് കൂടുതല്‍ പ്രയോജനം ലഭിക്കുകയെന്ന് ഞാന്‍ മനസ്സിലാക്കി. നിങ്ങള്‍ മനസ്സിലാക്കിയതു പോലെ എന്റെ ആ തീരുമാനം അറബ്-ഇസ്‌ലാമിക സമൂഹങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുകയുണ്ടായി. ഇഖ്‌വാനുല്‍ മുസ്‌ലിമൂനിന്റെ മാര്‍ഗദര്‍ശിയാകാനല്ല ഞാന്‍ ആഗ്രഹിക്കുന്നത്, മുസ്‌ലിം ഉമ്മത്തിന്റെ മുര്‍ശിദാകാനാണ് ഞാന്‍ ഉദ്ദേശിച്ചത്. ഇഖ്‌വാനുല്‍ മുസ്‌ലിമൂനിന്റെ പരിമിത വൃത്തങ്ങളില്‍ കഴിയുന്നതിനേക്കാള്‍ ലോകത്തിന്റെ നാനാ ഭാഗത്തുളള മുസ്‌ലിം സമൂഹത്തിന് മാര്‍ഗദര്‍ശനം നല്‍കാനാണ് ഞാന്‍ ആഗ്രഹിച്ചത്. ഇഖ്‌വാനുല്‍ മുസ്‌ലിമൂനിന് അവര്‍ തെരഞ്ഞെടുത്ത കരുത്തുറ്റ നേതാക്കനമാരുണ്ടായിരുന്നു. ഈ പരിതസ്ഥിതിയില്‍ എനിക്ക് സ്വന്തമായി തെരഞ്ഞെടുക്കാനുള്ള അവകാശം നല്‍കണം; അല്ലാഹു നിങ്ങള്‍ക്ക് ഉത്തമ പകരക്കാരെ നല്‍കുമെന്ന് ഞാന്‍ അവരോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്.

? ഇഖ്‌വാനുല്‍ മുസ്‌ലിമൂനിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് പുറത്ത് പോകാനുണ്ടായ കാരണം വിശദീകരിക്കാമോ?
-എന്റെ അധ്വാന പരിശ്രമങ്ങളും വൈജ്ഞാനിക സംഭാവനകളും ഒരു സംഘടനയില്‍ മാത്രം പരിമിതമാകാതെ എല്ലാ മുസ്‌ലിംകള്‍ക്കും സേവനം ചെയ്യാനാണ് ഞാന്‍ ആഗ്രഹിച്ചത്.

? അറബ് വസന്തത്തെ തുടര്‍ന്ന് രൂപപ്പെട്ട വ്യവസ്ഥകളെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?
– ഭരണം കുടുംബ സ്വത്തും അനന്തര സ്വത്തുമായി കയ്യടക്കിവെച്ചിരിക്കുന്ന സ്വേഛാധിപതികളില്‍ നിന്നും ജനതയെ രക്ഷപ്പെടുത്തി എന്നതാണ് വിപ്ലവത്തിന്റെ പ്രധാന നേട്ടം. ഈജിപ്തില്‍ ഹുസ്‌നി മുബാറക്, ലിബിയയില്‍ ഖദ്ദാഫി, യമനില്‍ അലി സ്വാലിഹ്, തുണീഷ്യയില്‍ സൈനുല്‍ ആബിദീന്‍ ബിന്‍ അലി, സിറിയയില്‍ ബശ്ശാറുല്‍ അസദ്.. തുടങ്ങിയവരുടെ കുടുംബവും മക്കളും പേരക്കുട്ടികളുമായി ഏകാധിപത്യ ഭരണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കുന്നതില്‍ വിപ്ലവം വിജയം കാണുകയുണ്ടായി. ഈ വിപ്ലവമെല്ലാം അവിടത്തെ ജനതക്ക് വേണ്ടിയുള്ളതായിരുന്നു. ജനാധിപത്യരാഷ്ട്രം എന്ന് സ്വയം അവകാശപ്പെടുന്ന രാജ്യങ്ങളില്‍ ഒരു കുടുംബം ഇരുപതും മുപ്പതും വര്‍ഷം ജനതയെ അടിമകളാക്കി ഭരിച്ചുകൊണ്ടിരിക്കുക എന്നു പറയുന്നത് മഹാ പാതകമാണ്.

? അറബ് വസന്താനന്തരം അധികാരത്തിലേറിയ ഭരണകൂടങ്ങള്‍ ഈ രാഷ്ട്രത്തെ ശക്തിപ്പെടുത്തുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യുക?
– കുടുംബ ഭരണം എന്ന അവസ്ഥയില്‍ നിന്ന് ജനങ്ങളുടെ ഭരണം എന്ന അവസ്ഥയിലേക്കുള്ള ഒരു പരിവര്‍ത്തനമാണിത്. അത് സ്വാതന്ത്ര്യത്തെയും കൂടിയാലോചനയെയും ജനാധപത്യത്തെയും ശക്തിപ്പെടുത്തും. ഈജിപ്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂനല്ല ഭരിക്കുന്നത്, ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണ്. അപ്രകാരം വിപ്ലവം നടന്ന രാഷ്ട്രങ്ങളിലെല്ലാം ജനങ്ങള്‍ സ്വതന്ത്രമായി തെരഞ്ഞെടുത്ത ഭരണകൂടങ്ങളാണ് ഭരിക്കുന്നത്. മറ്റുള്ള രാഷ്ട്രങ്ങളെല്ലാം അതിന് വേണ്ടിയാണ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരാളെയും മരണം വരെ ഭരിച്ചുമുടിക്കാന്‍ അനുവദിക്കരുത്. സ്വതന്ത്രമായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്നവരാണ് ഭരിക്കേണ്ടത്. അതിന് വേണ്ടിയാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്. ഒരു ചെറിയ സംഘം അടിച്ചേല്‍പിക്കുന്ന ഭരണവ്യവസ്ഥയായി നമ്മുടെ രാഷ്ട്രത്തെ നാം ഉപേക്ഷിക്കരുത്. അതിനാല്‍ തന്നെ നാം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന യഥാര്‍ഥ ജനാധിപത്യം പുലരാത്തതില്‍ ഞാന്‍ വളരെ ദുഖിതനാണ്. ഇന്ന് പല സ്ഥലങ്ങളിലും ഭരണം നടത്തുന്നത് വിപ്ലവകാരികളോ ജനാധിപത്യ വ്യവസ്ഥയോ അല്ല, മറിച്ച് തെരുവുകളില്‍ കഴിഞ്ഞുകൂടുന്ന ഒരു പറ്റം അരാചകവാദികളാണ്. അരാഷ്ട്രീയരും തെമ്മാടികളുമായ ചില പ്രക്ഷോഭകരുമൊത്ത് അവര്‍ തോന്നിയത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ഇത്തരം അരാചവാദികളെ രാഷ്ട്രത്തിന്റെ ഭരണം കയ്യാളാന്‍ നാം അനുവദിക്കരുത്. ഈ രാഷ്ട്രത്തെ സംരക്ഷകരാകാനാണ് എല്ലാ ഈജിപ്ഷ്യരോടും എനിക്ക് ആഹ്വാനം ചെയ്യാനുള്ളത്. ഈജിപ്തില്‍ ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവങ്ങളില്‍ ഞാന്‍ അതീവ ദുഖിതനാണ്.. (തുടര്‍ന്ന് ശൈഖ് ഖറദാവി അല്‍പനേരം കരഞ്ഞു).
അല്ലാഹുവാണെ, വിപ്ലവം നടന്ന ഈജിപ്തില്‍ ഇത്തരമൊരവസ്ഥ ഒരിക്കലും നാം ആഗ്രഹിച്ചതല്ല. ലോകചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തപ്പെട്ട ഒരു മഹത്തായ വിപ്ലവത്തിന് സാക്ഷ്യം വഹിച്ചവരാണ് നാം. ലോക വിപ്ലവങ്ങള്‍ക്കുളള അധ്യാപനമായിരുന്നു നമ്മുടേത്. തഹ്‌രീര്‍ സ്‌ക്വയര്‍ ലോകത്തിന് എത്ര മഹിതമായ മാതൃകയാണ് പകര്‍ന്നു നല്‍കിയത്! പരസ്പരം സഹകരിച്ചുകൊണ്ട് നാം സഹവസിച്ചു. തന്റെ സഹോദരന്റെ പട്ടിണി മാറ്റാനായി നാം പട്ടിണി കിടന്നു. തന്റെ സഹോദരന് ഉറങ്ങാന്‍ വേണ്ടി നാം ഉറക്കമൊഴിച്ചു. തന്റെ സഹോദരന്റെ രക്ഷക്കുവേണ്ടി നാം വെടിയുണ്ടകള്‍ ഏറ്റുവാങ്ങി, മുസ്‌ലിം സഹോദരന് വുളൂ എടുക്കാനായി ക്രൈസ്തവ സഹോദരങ്ങള്‍ വെള്ളമൊഴിച്ചുകൊടുക്കുന്നു, സ്ത്രീകളും കുട്ടികളും യുവാക്കളുമടങ്ങുന്ന ജനപഥം ഒരൊറ്റ ലക്ഷ്യത്തിനായി ഒരുമിച്ചുകൂടുകയുണ്ടായി. പിന്നെ എന്തുകൊണ്ട് ഈജിപ്ഷ്യന്‍ ജനതയില്‍ ചിലര്‍ ചിലര്‍ക്കെതിരായി നിലകൊള്ളുന്നു. തങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുകയും സമ്പത്ത് കൊള്ളയടിക്കുകയും ചെയ്തവര്‍ക്കെതിരെ ലക്ഷക്കണക്കിനാളുകള്‍ ഒരു പട്ടണമായി നിലകൊണ്ട ഈജിപ്തില്‍ ഇപ്പോള്‍ എന്തുകൊണ്ട് നാം ഭിന്നിച്ചുനില്‍ക്കുന്നു? ഇതാണ് എന്നെ കരയിപ്പിക്കുന്നത്!
അതിനാല്‍ തന്നെ ഈജിപ്ഷ്യരോട് എനിക്ക് ആഹ്വാനം ചെയ്യാനുള്ളത് നാം ഒറ്റമനസ്സോടെ ഒറ്റക്കെട്ടായി നിലകൊളളണം. പരസ്പരം കൊലനടത്തുകയോ തെറ്റായ ഊഹങ്ങള്‍ വെച്ച് പുലര്‍ത്തുകയോ ചെയ്യരുത്. പരസ്പരം തെറ്റിദ്ധാരണ വെച്ചുപുലര്‍ത്താനല്ല; ശരിയാക്കിക്കൊണ്ട് മുന്നോട്ട് പോകുകയാണ് നാം ചെയ്യേണ്ടത്. പരസ്പരമുള്ള തെറ്റായ ധാരണകള്‍ നാം ഉപേക്ഷിക്കണം. രാഷ്ട്രത്തിന് അതിന്റെ സ്ഥാനം നാം നഷ്ട്‌പ്പെടുത്തരുത്. ലോകത്ത് വലിയ സാധ്യതകളുള്ള രാഷ്ട്രമാണ് ഈജിപ്ത്. ജനതക്കും ഭരണകൂടത്തിനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുകയാണെങ്കില്‍ അതിന്റെ മെച്ചപ്പെട്ട ഫലം നമുക്ക് അനുഭവിക്കാം. പക്ഷെ, ചിലര്‍ പ്രവര്‍ത്തിക്കുന്നു, മറ്റു ചിലര്‍ പ്രശ്‌നങ്ങളും കുഴപ്പങ്ങളും സൃഷ്ടിക്കാനായി മാത്രം ശ്രമിക്കുന്നു. ഇത് ഈജിപ്തിന്റെ ഭാവിയുടെ പ്രശ്‌നമായിട്ട് എല്ലാവരും മനസ്സിലാക്കണം. ഇവിടെ ആര്‍ക്കും ആരേക്കാളും സ്ഥാനമില്ല. ഈ രാഷ്ട്രത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുക എന്നതാണ് എല്ലാവരുടെയും ബാധ്യത. നമ്മുടെ കാര്യം മറ്റൊരാളുടെ കരങ്ങളില്‍ നാം ഏല്‍പിക്കരുത്. ഈജിപ്തില്‍ അസ്ഥിരതയുണ്ടാക്കാനായി കോടികള്‍ ചിലവഴിക്കുന്ന ദുശ്ശക്തികളെ നാം തിരിച്ചറിയണം.  അത് മാന്യന്മാര്‍ക്കും വിജ്ഞന്മാര്‍്ക്കും ചേര്‍ന്നതല്ല.

? അറബ് വസന്തത്തെ തുടര്‍ന്നു ഇസ്‌ലാമിസ്‌ററുകള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഭരണം മധ്യനൂറ്റാണ്ടുകളില്‍ ക്രൈസ്തവര്‍ നടപ്പിലാക്കിയ ദൈവിക ഭരണം തന്നെയല്ലേ? അതായത് അക്കാദമീഷ്യന്മാരോടും രാഷ്ട്രതന്ത്രജ്ഞരോടുമൊന്നും കൂടിയാലോചനയില്ലാതെ ഭരണാധികാരിക്ക് സ്വയം  തീരുമാനങ്ങളെടുക്കാന്‍ കഴിയുന്ന വ്യവസ്ഥ.
– നിങ്ങള്‍ പറഞ്ഞ ‘ദൈവിക ഭരണം’ എന്ന കാഴ്ചപ്പാട് പശ്ചാത്യന്‍ ചര്‍ച്ചിന്റെ ഒരു കണ്ടുപിടുത്തമായിരുന്നു. ഇതിന്റെ മറയിലാണ് മതമൂല്യങ്ങളില്‍ നിന്ന് മുക്തമായ രാഷ്ട്രം എന്ന ആശയവുമായി മതേതരത്വം രംഗപ്രവേശനം ചെയ്തത്. ചര്‍ച്ചിന്റെ ഭരണത്തില്‍ മതവും വിജ്ഞാനവും നിരന്തരം ഏറ്റുമുട്ടുകയുണ്ടായി. എന്നാല്‍ ഇസ് ലാമിക നാഗരികത വൈജ്ഞാനിക നവോഥാനത്തിന്റെ സുവര്‍ണദശയായിരുന്നു. ചര്‍ച്ച് ജനതെക്കെതിരെ മര്‍ദ്ധകഭരണകൂടത്തോടൊപ്പവും വിജ്ഞാനത്തിനെതിരെ അന്തവിശ്വാസത്തോടൊപ്പവും കര്‍ഷകര്‍ക്കെതിരെ ഫ്യൂഡല്‍ പ്രഭുക്കന്മാരോടൊപ്പമാണ് നിലകൊണ്ടത്. യഥാര്‍ഥത്തില്‍ ഇസ്‌ലാം ഇത് ഒരിക്കലും അംഗീകരിക്കുന്നില്ല.

? ലിബറലിസ്റ്റുകളെയും മതേതരവാദികളെയും ഇസ്‌ലാമിക ശരീഅത്തിന്റെ പ്രായോഗിക വല്‍കരണത്തെയും യോജിപ്പിച്ചുകൊണ്ടുള്ള മലേഷ്യന്‍ മോഡലിനെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?
– മലേഷ്യന്‍ മാതൃകക്ക് പ്രത്യേക സാഹചര്യമുണ്ട്. വ്യത്യസ്തമായ വംശജരും വിഭാഗങ്ങളുമാണ് ആ രാജ്യത്തുള്ളത്. മലേഷ്യയിലെ അടിസ്ഥാന ജനവിഭാഗമായ മലായികളാണ് അവിടെ 55 ശതമാനമുള്ളത്. ചൈനീസ് വംശജരും ഇന്ത്യന്‍ വംശജരും മറ്റു ന്യൂനപക്ഷങ്ങളുമാണ് അവശേഷിക്കുന്നവര്‍. മതേതര വ്യവസ്ഥയാണ് അവിടെ നിലനില്‍ക്കുന്നത്. എന്നാല്‍ ഇസ്‌ലാമിന് എതിര് നില്‍ക്കുന്ന തീവ്രമതേതരമല്ല അത്. മലേഷ്യയുടെ പുരോഗതിയും വളര്‍ച്ചയും അംഗീകരിക്കുന്നതോടൊപ്പം തന്നെ രാഷ്ട്രസമ്പത്തിന്റെ സിംഹഭാഗത്തിലും സ്വാധീനമുള്ളത് ചൈനീസ് വംശജര്‍ക്കാണ്. യഥാര്‍ഥത്തില്‍ മലായികളില്‍ പെട്ട മുസ്‌ലിംകളാണ് തദ്ദേശീയരില്‍ ഭൂരിഭാഗവും. ബാങ്കുകള്‍, വലിയ ഹോട്ടലുകള്‍, മാളുകള്‍ തുടങ്ങിയവയെല്ലാം ചൈനീസ് വംശജരുടെ ആധിപത്യത്തിലാണ് ഉള്ളത്. അതിനാല്‍ തന്നെ മലേഷ്യന്‍ മോഡലിനെ കുറിച്ച് നാം ജാഗ്രതയുള്ളവരാണ്. നാം ഉദ്ദേശിക്കുന്ന മികച്ച മോഡല്‍ അതല്ലെങ്കിലും അതിലെ നന്മകള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാനാണ് നാം പരിശ്രമിക്കുന്നത്.

? ഈജിപ്ഷ്യന്‍ മാധ്യമങ്ങളെ പറ്റി എന്താണ് വിലയിരുത്തല്‍?
– സത്യത്തെ പ്രതിനിധീകരിക്കാത്തതും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതുമാണ് അവയില്‍ ഭൂരിഭാഗവും. ചില മാധ്യമപ്രവര്‍ത്തകരുടെ അവതരണങ്ങള്‍ കേട്ടപ്പോള്‍ എങ്ങനെയാണ് ഇപ്രകാരമെല്ലാം പറയാന്‍ അവര്‍ക്കു കഴിയുന്നതെന്ന് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles