Current Date

Search
Close this search box.
Search
Close this search box.

ആളുകള്‍ മറന്നതിനെ ഓര്‍മപ്പെടുത്തുകയാണ് ഈ ചിത്രം

1983 ഫെബ്രുവരി 18ന് പുലര്‍ച്ചെ വടിയും വാളുകളുമായി അക്രമികള്‍ ഗ്രാമത്തിലെ മുസ്‌ലിം കുടുംബങ്ങള്‍ക്കുനേരെ പാഞ്ഞെത്തി. കിഴക്കന്‍ ബംഗാളില്‍ നിന്നും 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കുടിയേറിയ കുടംബങ്ങളോട് കുടിപ്പക സൂക്ഷിക്കുന്നവരായിരുന്നു അക്രമികള്‍. ബംഗ്ലാദേശ് രൂപീകരണത്തിന് ശേഷം ഇന്ത്യയിലേക്ക് കുടിയേറിയ നാല്‍പതു ലക്ഷം ജനങ്ങള്‍ക്ക് വോട്ടവകാശം കൊടുക്കാനുള്ള ഇന്ദിരാ ഗാന്ധിയുടെ തീരുമാനത്തോടെ ആ വിദ്വേഷം വര്‍ധിച്ചു. കോപിലി നദിക്കരയിലെ പച്ചവിരിച്ച നെല്‍പാടങ്ങളില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവരെ കൊന്നുതള്ളി അവിടെ രക്തക്കളമായി. രണ്ടായിരത്തിലധികം പേര്‍ മരിച്ചു എന്നാണ് ഔദ്യോഗിക കണക്കുകള്‍. യഥാര്‍ഥത്തില്‍ ആറായിരത്തോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് പലരും പറയുന്നത്.

അതെ, ഈ സംഭവം നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ നിന്നും ഏതാണ്ട് മറന്ന് പോയിരിക്കുന്നു. വംശീയ ഉന്മൂലനത്തിലേക്ക് നയിച്ച പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാനുള്ള അസ്സാം കരാറില്‍ രാജീവ് ഗാന്ധി ഒപ്പുവെക്കുമ്പോള്‍ ക്രൂരകൊലപാതകികളുടെ സംരക്ഷണവും അലിഖിതമായി അംഗീകരിക്കപ്പെട്ടിരുന്നു. ഇരകള്‍ക്ക് തുഛമായ നഷ്ടപരിഹാരം നല്‍കി. സംഭവത്തിന്റെ പേരില്‍ ഇന്നേവരെ ഒരാളും പ്രതിചേര്‍ക്കപ്പെട്ടിട്ടില്ല. സംഭവത്തെ കുറിച്ചുള്ള തിവാരി കമീഷന്‍ റിപ്പോര്‍ട്ട് പോലുള്ള ഔദ്യോഗിക സര്‍ക്കാര്‍ രേഖകള്‍ ജനങ്ങളില്‍ നിന്നും മറച്ചുവെച്ചു. മീഡിയകളൊന്നും സംഭവം ശ്രദ്ധിച്ചതേയില്ല. ആകെ അവശേഷിച്ചത് ഇരകളുടെ രോദനങ്ങളും ഭീതിജനകമായ സ്മരണകളും മാത്രമാണ്.

രാജ്യത്തിന്റെ മനസാക്ഷിയിലേക്ക് ആ സ്മരണകളെ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ്, വാട്ട് ദ ഫീല്‍ഡ്‌സ് റിമമ്പര്‍ എന്ന ഡോക്യുമെന്ററിയിലൂടെ പ്രശസ്ത ഡോക്യുമെന്റേറിയന്‍ സുബശ്രീ കൃഷ്ണന്‍ നടത്തുന്നത്.

വംശീയ ഉന്മൂലനത്തില്‍ കുട്ടികളെ നഷ്ടപ്പെട്ട രണ്ട് ഉപ്പമാരുടെ വേദനകളിലൂടെയാണ് വാട് ദ ഫീല്‍ഡ്‌സ് റിമമ്പര്‍ ചലിക്കുന്നത്. പ്രേക്ഷക ഹൃദയത്തില്‍ അഘാതമായ വേദനയുണ്ടാക്കാന്‍ സിനിമക്ക് കഴിയുന്നുണ്ട്. ഒരു കൂട്ടം ആളുകളെ തങ്ങളുടെ സ്വാഭാവികപൗരന്മാരായും മറ്റൊരു കൂട്ടരെ അന്യരുമായി കാണുന്ന രാജ്യത്ത് സ്വന്തം പൗരത്വം തെളിയിക്കാന്‍ നിരന്തരം നിര്‍ബന്ധിപ്പിക്കപ്പെടുന്ന ആളുകളുടെ കഥയാണിത്. വംശീയ ഉന്മൂലനത്തിനെതിരെ നമ്മുടെ സര്‍ക്കാരും നീതിവ്യവസ്ഥയും എത്ര ലാഘവത്തോടെയാണ് സമീപിച്ചതെന്നതിനുള്ള തെളിവാണിത്. അതു സംബന്ധിച്ച് യൂത്ത് കി ആവാസ് എന്ന വെബ്‌സൈറ്റുമായി ശുഭശ്രീ കൃഷ്ണന്‍ സംസാരിക്കുന്നു:

കാര്‍ത്തിക് ശങ്കര്‍:  ഇന്ത്യാ ചരിത്രത്തിലെ അങ്ങേയറ്റം മോശമായ ഒരു ഏടായിരുന്നു നെല്ലി കൂട്ടക്കൊല. എന്നാല്‍ ഗുജറാത്ത് കലാപത്തില്‍ നിന്നും സിഖ് കലാപത്തില്‍ വിഭിന്നമായി അത് മറഞ്ഞുതന്നെ കിടക്കുന്നു. എന്തുകൊണ്ടങ്ങനെയായി?
ശുഭശ്രീ: അതിന് പല കാരണങ്ങളുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അന്ന് ആസാമിലുണ്ടായിരുന്ന വലിയൊരു രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമായി നടന്ന ആസൂത്രിതമായ അടിച്ചമര്‍ത്തലാണ് ഒരു കാരണം. അനധികൃത കുടിയേറ്റക്കാര്‍ എന്നു മുദ്രകുത്തപ്പെട്ടവര്‍ക്കെതിരെ അവിടെ വിദേശിവിരുദ്ധ പ്രക്ഷോഭം നടന്നിരുന്നു. പ്രക്ഷോഭം നയിച്ചിരുന്ന ആള്‍ ആസാം സ്റ്റുഡന്റ്‌സ് യൂണിയനും അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാരും തമ്മില്‍ 1985ല്‍ ഉണ്ടാക്കിയ കലാപവും ഒരു കാരണമാകാം. കൂടാതെ, കലാപം നടന്നത് ബംഗ്ലാദേശികള്‍ എന്ന് മുദ്രകുത്തപ്പെട്ടവര്‍ക്കെതിരായിരുന്നല്ലോ. അതിനും പുറമെ, ഒരു രാജ്യമെന്ന നിലക്ക് അരികുവത്കരണ പ്രക്രിയയിലെ ഇത്തരം അനേകം സംഭവങ്ങള്‍ക്കിടയില്‍ ഇത് അമുങ്ങി പോയതും ആകാം. അങ്ങനെ പലകാരണങ്ങള്‍ കൊണ്ടും ഇന്ത്യയുടെ മുഖ്യധാരാ ചരിത്രത്തിന്റെയും സ്മരണയുടെയും ഓരങ്ങളിലെവിടെയോ അവശേഷിക്കുന്നതാണ് നെല്ലി കൂട്ടക്കൊല.

ശങ്കര്‍: വംശീയഉന്മൂലനത്തിന്റെ ഉള്ളറകിലേക്ക് വെളിച്ചം വീശുന്ന തിവാരി കമീഷന്‍ റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ജനകീയ ആക്ടിവസത്തിന് ഈ ഡോക്യുമെന്ററി സഹായകമാകുമെന്ന് കരുതുന്നുണ്ടോ?
ശുഭശ്രീ: അത്തരം വലിയ അവകാശവാദങ്ങളൊന്നുമില്ല. നെല്ലിയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നറിയാന്‍ ജനങ്ങളെ ഈ ഡോക്യുമെന്ററി കുറച്ചുകൂടി ഉത്സുകരാക്കുമെന്ന് കരുതുന്നു. ഇതിലെ പ്രധാന കഥാപാത്രങ്ങളായ സിറാജുദ്ധീന്‍ അഹ്മദിന്റെയും അബ്ദുല്‍ ഖയറിന്റെ സംഭവദിവസത്തെ ഓര്‍മകളിലൂടെ സഞ്ചരിക്കുന്നതിലൂടെ ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് ആ ദിവസത്തിന്റെ ഓര്‍മയില്‍ ഇന്നും ജീവിക്കുകയെന്നാല്‍ എന്താണെന്നാണ്. നെല്ലികൂട്ടക്കൊല മാത്രമല്ല, നമുക്ക് ചുറ്റും ഒരുപാട് അക്രമങ്ങള്‍ നടക്കുന്നു. അക്രമങ്ങളുടെ അനന്തരഫലമെന്താണ്? അത് ഒരാളെ എങ്ങനെയാണ് പരിവര്‍ത്തപ്പിക്കുന്നത്? അതുമായി സമരസപ്പെടാന്‍ നമ്മള്‍ പഠിക്കുന്നതെങ്ങനെ? ഓര്‍മകളുമായി സമരസപ്പെടുകയെന്നാല്‍ എന്താണ് നാം അര്‍ത്ഥമാക്കുന്നത്? ഇത്തരത്തില്‍ എന്റെ അന്വേഷണങ്ങളാണിത്. പ്രേക്ഷകന്‍ ഏത് പശ്ചാതലത്തിലൂടെയും ഈ ചിത്രത്തെ സമീപിച്ചാലും അത്തരം ചോദ്യങ്ങളുമായി ഏതെങ്കിലും നിലക്ക് സംവദിക്കുന്നുണ്ടെങ്കില്‍ ഞാന്‍ സന്തുഷ്ടയായി. ഏതൊരു ഫിലിമും നിങ്ങള്‍ക്ക് പരിചയമില്ലാത്ത ഒരു ലോകത്തിന്റെ അനുഭവങ്ങളെ കുറിച്ച് ചില ഉള്‍ക്കാഴ്ചകള്‍ തരുമെന്നാണ് ഞാന്‍ കരുതുന്നത്. നിങ്ങളെ അലട്ടുന്ന തരത്തില്‍ എന്തെങ്കിലും ചോദ്യം ഈ ചിത്രം അവശേഷിപ്പിക്കുന്നതില്‍ എന്റെ ജോലി വിജയിച്ചു.

ശങ്കര്‍:  സിഖ് കലാപത്തെ തുടര്‍ന്ന് സിഖുകാരുമായുള്ള കോണ്‍ഗ്രസ് ബാന്ധവം അവസാനിച്ചുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ നെല്ലി കൂട്ടക്കൊലയെ തുടര്‍ന്ന് അങ്ങിനെയൊന്നുണ്ടായില്ലെന്ന് പറഞ്ഞാല്‍ അംഗീകരിക്കുമോ? എന്തുകൊണ്ട്?
ശുഭശ്രീ: നെല്ലിയില്‍ സംഭവിച്ചതും 1984ല്‍ ഉണ്ടായ സിഖ് കൂട്ടക്കൊലയും വേറിട്ട രണ്ട് സംഭവങ്ങളാണ്. ആപ്പിളും ഓറഞ്ചും തമ്മില്‍ താരതമ്യം ചെയ്യുന്ന പോലെയാവുമത്. പലപ്പോഴും അത്തരം താരതമ്യം ആളുകള്‍ നടത്താറുണ്ട്. പക്ഷെ അത്തരം താരതമ്യങ്ങള്‍ ഇത്തരം അക്രമ സംഭവങ്ങളോട് അനീതിയാണ് ചെയ്യുന്നതെന്നാണ് തോന്നുന്നത്. നെല്ലി സംഭവത്തിനും സിഖ് കൂട്ടക്കൊലക്കും രണ്ട് ചരിത്രമുണ്ട് നാള്‍വഴികളുണ്ട്. രണ്ട് സംഭവങ്ങളും തമ്മില്‍ എളുപ്പത്തിലുള്ള താരതമ്യങ്ങളുണ്ടാക്കുന്നത് ശരിയല്ല. 1984ലെ സംഭവത്തില്‍ കോണ്‍ഗ്രസ് നേര്‍ക്കുനേരെ ഉത്തരവാദികളായിരുന്നെന്ന് കാണാം. എന്നാല്‍ നെല്ലി കൂട്ടക്കൊലയില്‍ അതല്ല സംഭവിച്ചത്. അതില്‍ വേറെയും രാഷ്ട്രീയ കക്ഷികളുണ്ടായിരുന്നു. രണ്ട് സംഭവങ്ങള്‍ക്കു നേരെയും വ്യത്യസ്തമായ പ്രതികരണത്തിന് കാരണം അതാവാമെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

ശങ്കര്‍: സിനിമയിലെ ഒരു രംഗം വളരെയധികം പ്രതിധ്വനിയുണ്ടാക്കുന്നതാണ്. താന്‍ ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാന്‍ രേഖകള്‍ കാണിക്കുന്ന രംഗമാണത്. രാജ്യത്തുടനീളം ന്യൂനപക്ഷങ്ങളുടെ അവസ്ഥ ഇതാണെന്ന് തോന്നുന്നു. ജന്മം കൊണ്ടല്ല അവര്‍ പൗരത്വം നേടുന്നത്. വാങ്ങിയെടുക്കുകയാണ്. ഇതിനെ കുറിച്ച് നിങ്ങളുടെ ചിന്തകളെന്താണ്?
ശുഭശ്രീ: അതെ, യോജിക്കുന്നു. രാജ്യത്ത്, വിശേഷിച്ചും വലതുപക്ഷ ഹിന്ദുത്വ ഭരണകൂടത്തിന് കീഴില്‍, തങ്ങളുടെ പൗരത്വം നിരന്തരം തെളിയിക്കേണ്ട അവസ്ഥയിലാണ് നിങ്ങളുള്ളത്. നിങ്ങളൊരു നല്ല പൗരനാണെന്നും ദേശസ്‌നേഹിയാണെന്നും നിരന്തരം തെളിയിച്ചേ മതിയാവൂ.

മൊഴിമാറ്റം: മുഹമ്മദ് അനീസ്‌

Related Articles