Current Date

Search
Close this search box.
Search
Close this search box.

അസദ് തന്നെയാണ് അമേരിക്കയെ സിറിയയിലേക്ക് വിളിച്ചു വരുത്തിയത്‌

സിറിയയിലെ ബശ്ശാറുല്‍ അസദിനെതിരെ സൈനിക നടപടിക്ക് ഒരുക്കങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ് പാശ്ചാത്യ രാഷ്ട്രങ്ങള്‍. ആക്രമണത്തിന്റെ ശൈലി, വിപ്ലവം നയിക്കുന്ന പ്രതിപക്ഷത്തിന്റെ നിലപാട്, ശേഷം വരുന്ന പുതിയ ഭരണകൂടത്തിന്റെ സ്വഭാവം തുടങ്ങിയ അനേകം ചോദ്യങ്ങള്‍ അതുയര്‍ത്തുന്നുണ്ട്. പ്രസ്തുത വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ‘അല്‍-മുജ്തമഅ്’ സിറിയയിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ വക്താവ് സുഹൈര്‍ സാലിമുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസ്ക്ത ഭാഗങ്ങള്‍.

-രണ്ടു വര്‍ഷം മൗനം പാലിച്ച ശേഷം ഇപ്പോള്‍ ആക്രമണത്തിന് തയ്യാറെടുക്കുന്ന അമേരിക്കയുടെ നീക്കത്തെ നിങ്ങളെങ്ങനെയാണ് വിലയിരുത്തുന്നത്?

ഡോക്ടര്‍ ഒരു അവയവം മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട രോഗിയുടെ അവസ്ഥയിലാണ് സിറിയക്കാരുള്ളത്. സുഖം പ്രാപിക്കുന്നതിന് ഒരു അവയവം മുറിച്ചുമാറ്റുകയെന്നത് അയാളെ സംബന്ധിച്ച് നിര്‍ബന്ധമാണ്. എന്നാല്‍ മുറിച്ചു മാറ്റുന്ന പ്രക്രിയയെ അവന്‍ സന്തോഷത്തോടെയും പുഞ്ചിരിച്ചും സ്വീകരിക്കുമെന്ന് നിങ്ങള്‍ക്കഭിപ്രായമുണ്ടോ? കടുത്ത പരീക്ഷണങ്ങളിലൂടെ കടന്ന് പോകുന്ന ഒരു മനുഷ്യന്‍ നലതല്ലാത്ത കാര്യത്തെയും നല്ലതായി കാണുമെന്ന് ഒരു കവി മുമ്പ് പറഞ്ഞിട്ടുണ്ട്. അക്രമത്തിന്റെയും കൊലപാതകത്തിന്റെയും കയ്പ്പുനീര്‍ സിറിയന്‍ ജനതയെയും അത്തരത്തിലാക്കിയിട്ടുണ്ട്. ബശ്ശാറിനെ നാടുകടത്തുന്നതിലോ വധിക്കുന്നതിലോ ആണ് തങ്ങളുടെ രക്ഷയെന്ന് അവര്‍ മനസിലാക്കുന്നു.
നിലവില്‍ സിറിയ എത്തിയിരിക്കുന്ന അവസ്ഥക്ക് കാരണം ബശ്ശാറും അയാളുടെ ആളുകളും തന്നെയാണ്. ബശ്ശാറിന്റെ വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാരണമുണ്ടാകുന്ന ഏത് ആക്രമണത്തിനും അയാളെ പിന്തുണക്കുന്നവരും ഉത്തരവാദികള്‍ തന്നെയാണ്. ബശ്ശാറിനെ അയാളുടെ തെറ്റുകളുടെ പേരില്‍ ശിക്ഷിക്കാന്‍ – ശിക്ഷിക്കുന്നവര്‍ ആരായാലും- അവകാശമില്ലെന്ന് പറഞ്ഞ് പ്രതിഷേധിക്കുന്നവര്‍ കൂടുതല്‍ സിറിയന്‍ കുട്ടികളെ കൊല്ലാന്‍ ബശ്ശാറിന് അവസരം നല്‍കുകയാണ് ചെയ്യുന്നത്. ദമസ്‌കസിലെ ഗൗത്തയിലുണ്ടായ ദുരന്തം ഏത് നിമിഷവും ഇനിയും ആവര്‍ത്തിച്ചേക്കാം. കുറ്റവാളിയുടെ കൈക്ക് കടന്ന് പിടിക്കുന്നതിനെ എതിര്‍ക്കുകയും അവരെ അതിനായി സ്വതന്ത്രമായി വിട്ടുകൊടുക്കണമെന്ന് പറയുന്നതും ഞങ്ങളെ വളരെയധികം വേദനിപ്പിക്കുന്നുണ്ട്. ഓരോരുത്തരും പറയുന്നത് അല്ലാഹു അറിയുന്നുണ്ട്, അതുകൊണ്ട് അവര്‍ സ്വന്തത്തിലും ഇത് നിഷിദ്ധം മറ്റേത് അനുവദനീയം എന്നു പറയുന്ന വാക്കുകളിലും അവനെ സൂക്ഷിക്കട്ടെ.

– അസദ് ഭരണകൂടത്തിനെതിരെ പരിമിതമായ രൂപത്തില്‍ വളരെ പെട്ടന്നുള്ള ഒരു ആക്രമണത്തിനാണ് അമേരിക്ക ഉദ്ദേശിക്കുന്നതെന്ന് പറയുന്നു. ഇത്തരത്തിലുള്ള ഒരു ആക്രമണം അസദിന്റെ പതനം സാധ്യമാക്കുമോ?

ഈ സാഹചര്യത്തില്‍ അമേരിക്കയുടെ നീക്കം രാസായുധം അവരുടെ താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാകുമെന്ന വിശ്വാസത്തില്‍ നിന്നാണ്. ഈ ആയുധം പ്രദേശത്ത് വ്യാപിച്ചാല്‍ ജനങ്ങളുടെയും കൃഷിയുടെയും നാശത്തിനത് കാരണമാകും. അമേരിക്ക പ്രത്യേകം പരിഗണക്കുന്ന ചില രാഷ്ട്രങ്ങളിലും അതിന്റെ ദോഷങ്ങളുണ്ടായേക്കും. രാസായുധത്തിന്റെ ആദ്യ ഇരകളായ സിറിയന്‍ ജനതക്ക് ഈ ആക്രമണങ്ങള്‍ കൊണ്ട് നേട്ടങ്ങളുണ്ടാകും. ജനങ്ങളില്‍ ചിലരെ മറ്റു ചിലരെ ഉപയോഗിച്ച് പ്രതിരോധിക്കുകയെന്ന ദൈവിക നടപടിയുടെ ഭാഗമാണത്.

-സിറിയയില്‍ മുന്നേറി കൊണ്ടിരിക്കുന്ന ജബ്ഹത്തുന്നുസ്‌റ ബറ്റാലിയനുകളെ ലക്ഷ്യമാക്കിയായിരിക്കും അമേരിക്കയുടെ ആക്രമണം എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതിനെ നിങ്ങളെങ്ങനെയാണ് വിലയിരുത്തുന്നത്?

അമേരിക്കന്‍ ആക്രമണത്തിന്റെ ഉദ്ദേശ്യം എന്തു തന്നെയാണെങ്കിലും രാസായുധം ഉപയോഗിക്കാന്‍ അല്ലെങ്കില്‍ മാരകമായ അത്തരത്തിലുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ യാതൊരു നിയന്ത്രണവുമില്ലാതെ തന്നെ വിടുകയില്ലെന്ന ഒരു സന്ദേശം അസദിനത് നല്‍കും. പ്രദേശത്തിന്റെ ഭൂമിശാസ്ത്ര പരമായ കിടപ്പ് കാരണം ജബ്ഹത്തു നുസ്‌റക്കെതിരെ ഇത്തരം ഒരു മിസൈല്‍ ആക്രമണം കൊണ്ട് ഒന്നും സാധ്യമാവില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ബശ്ശാറുല്‍ അസദിന്റെ സംവിധാനം പോലെ സവിശേഷമായ ഒരു ഘടനയുള്ള ഒന്നല്ല അത് എന്നത് തന്നെയാണതിന് കാരണം.

– ബശ്ശാറുല്‍ അസദിനെയും പ്രതിപക്ഷത്തെയും ഒരു രാഷ്ട്രീയ പരിഹാരത്തില്‍ എത്തുന്നതിന് നിര്‍ബന്ധിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും അമേരിക്കന്‍ സൈനിക നടപടിയെന്ന് നിങ്ങള്‍ക്ക് അഭിപ്രായമുണ്ടോ?

രാഷ്ട്രീയ പരിഹാരമെന്നത് അമേരിക്കന്‍ ആക്രമണത്തിന്റെ ലക്ഷ്യമായിരിക്കാം, എന്നാല്‍ അവരത് പറഞ്ഞിട്ടില്ല. ഒരു കണ്‍ചിമ്മി തുറക്കുന്ന സമയം കൊണ്ട് അല്ലാഹു മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം എന്നാണ് നാം പറയുന്നത്.

– വിപ്ലവം ആരംഭിച്ചത് മുതല്‍ ഇറാന്‍ ബശ്ശാറിന് നല്‍കുന്ന പിന്തുണ വളരെ വ്യക്തമാണ്. അമേരിക്ക നടത്താന്‍ ഉദ്ദേശിക്കുന്ന ആക്രമണം പ്രസ്തുത നിലപാടില്‍ വല്ല പുരോഗതിയും ഉണ്ടാക്കുമോ?

യാതൊരു പരിധിയും വെക്കാതെ ബശ്ശാറിന് പിന്തുണ നല്‍കികൊണ്ടിരിക്കുകയാണ് ഇറാന്‍. ഒരു പക്ഷേ ആക്രമണം ഇറാന്റെ നിലപാടിലും മാറ്റം ഉണ്ടാക്കിയേക്കാം. രാസായുധം പ്രയോഗിച്ചതില്‍ ബശ്ശാറുല്‍ അസദിനെ അപലപിച്ചു കൊണ്ടുള്ള മുന്‍ ഇറാന്‍ പ്രസിഡന്റ് ഹാശിം റഫ്‌സഞ്ചാനിയുടെ അദ്ദേഹം തിരുത്തിയിട്ടില്ലെങ്കില്‍ മാറ്റത്തിന്റെ സൂചനായി വിലയിരുത്താവുന്നതാണ്.

– ഗൗത്തയിലെ രാസായുധാക്രമണത്തിന് പിന്നില്‍ സയണിസ്റ്റുകളാണെന്ന ചില വിലയിരുത്തലുകളെ എങ്ങനെ കാണുന്നു?

ഗൗത്തയില്‍ രാസായുധം ഉപയോഗിച്ചത് സയണിസ്റ്റുകളാണെന്ന് പറയാന്‍ സാധിക്കുകയില്ല. സയണിസ്റ്റ് – അറബ് സംഘട്ടനം തുടങ്ങിയിട്ട് ഏഴ് പതിറ്റാണ്ടായിട്ടുണ്ട്. ഇത്തരം ഒരു ആയുധം ഉപയോഗിക്കുന്നതിനെ കുറിച്ച് ഇസ്രയേലികള്‍ ഇതുവരെ ചിന്തിച്ചിട്ടില്ല. സയണിസ്റ്റുകള്‍ പോലും ചെയ്യാത്ത കാര്യങ്ങളാണ് ബശ്ശാറുല്‍ അസദും അയാളുടെ പിതാവും സിറിയക്കാരോടും ഫലസ്തീനികളോടും ലബനാനികളോടും ചെയ്തിട്ടുള്ളത്.

– അമേരിക്കയുടം പരിമിതമായ തോതിലുള്ള ആക്രമണം അമേരിക്കന്‍ സാമ്രാജ്യത്വത്തെയും ആഗോള ഗൂഢാലോചനയെയും സായുധ പോരാട്ടഗ്രൂപ്പുകളെയും നേരിടുകയും എതിര്‍ക്കുകയും ചെയ്യുന്നു എന്ന് പറയുന്ന അസദ് ഭരണകൂടത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുകയില്ലേ?

ബശ്ശാര്‍ പറയുന്ന പ്രതിരോധവും വിരോധവുമെല്ലാം ബുദ്ധിയുള്ളവരെ ചിരിപ്പിക്കുന്ന പദങ്ങളാണ്. ഏത് വൈദേശാക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് അയാളിന്ന് പറയുന്നത്. ജൂലാനില്‍ നടന്നത് വൈദേശികാക്രമണമായിരുന്നില്ലേ? എന്നിട്ട് എന്തുകൊണ്ട് തിരിച്ചടിച്ചില്ല? സിറിയയുടെ വ്യോമ പരിധിയും അതിര്‍ത്തിയും പലതവണ ഇസ്രയേല്‍ ലംഘിച്ചിട്ടിട്ടും അതിന് എന്തുകൊണ്ട് മറുപടി നല്‍കിയില്ല?

– സിറിയയിലെ സെക്യുലറിസ്റ്റുകള്‍ ഇസ്‌ലാമികാടിത്തറയെ അംഗീകരിക്കുന്നില്ല. പുതിയ ഭരണകൂടം രൂപീകരിക്കുമ്പോള്‍ അതിനെ ചൊല്ലി ഒരു സംഘട്ടനം ഉണ്ടാകുമോ?

സിറിയയിലെ ഇസ്‌ലാമിസ്റ്റുകള്‍ക്കും സെക്യുലറിസ്റ്റുകള്‍ക്കും ഇടയില്‍ ജനാധിപത്യവും ദേശീയവുമായ സംഘട്ടനം ഉണ്ടാകണമെന്നാണ് നാം ആഗ്രഹിക്കുന്നത്. സിറിയന്‍ ജനതയുടെ ആവശ്യങ്ങള്‍ക്കുത്തരം നല്‍കാന്‍ സാധിക്കുന്നതും അതിന്റെ അടിസ്ഥാനങ്ങളെ സംരക്ഷിക്കുന്നതുമായിരിക്കണം അത്. നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ ആവശ്യങ്ങളെയും അതിലൂടെ പൂര്‍ത്തീകരിക്കാന്‍ സാധിക്കണം.

– സിറിയന്‍ സൈന്യവും ഹിസ്ബുല്ലയും ഖുസൈര്‍  പിടിച്ചെടുത്തതിന് ശേഷം ഭരണകൂടത്തിനുണ്ടായ വിജയങ്ങളെ പെരുപ്പിച്ച് കാണിക്കുന്നുണ്ട്. അതിനെ കുറിച്ച് നിങ്ങളുടെ സൂക്ഷമയായ വിലയിരുത്തല്‍ എന്താണ്?

ആഗോള അജണ്ടയുടെ ഭാഗമായിട്ടാണ് അസദിന്റെ ഗ്രൂപ്പുകളുടെ വിജയത്തെ പെരുപ്പിച്ച് കാണിക്കുന്നത്. വിപ്ലവകാരികളെ അടിച്ചമര്‍ത്തുന്നതിന് പോരാടുന്നവരുടെ നിലപാടിനോട് പരോക്ഷമായ ഒരു ചായ്‌വ് ഉണ്ടാക്കിയെടുക്കുന്നതിന് കൂടിയാണത്. ഖുസൈര്‍ വളരെ ചെറിയ ഒരു പ്രദേശമാണ്. അതിന്റെ എല്ലാ വശങ്ങളില്‍ നിന്നും ഉപരോധിച്ച് കീഴ്‌പ്പെടുത്തുക എന്നത് അത്രവലിയ സംഭവവുമല്ല. എന്നിട്ടും ശക്തമായ പോരാട്ടം കാഴ്ച്ച വെച്ചിട്ടാണ് അവിടെ നിന്നും വിപ്ലകാരികള്‍ പിന്‍വാങ്ങിയത്.

– അസദിന്റെ പതനത്തിന് ശേഷമുള്ള കാര്യത്തെ കുറിച്ച് പ്രതിപക്ഷം വല്ല ധാരണയിലും എത്തിയിട്ടുണ്ടോ?

സേച്ഛാധിപത്യത്തില്‍ നിന്നുള്ള ഒരു ജനകീയ വിപ്ലവമാണ് ഞങ്ങളുടേത്. മനുഷ്യര്‍ക്ക് വാദിക്കാന്‍ വളരെ എളുപ്പമാണ്, എന്നാല്‍ വിപ്ലവങ്ങളുടെ പോക്ക് വളരെയധികം തര്‍ക്കങ്ങളിലൂടെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വിപ്ലവം അതിന്റെ ലക്ഷ്യങ്ങള്‍ ഒരു നൂറ്റാണ്ടില്‍ കുറഞ്ഞ കാലം കൊണ്ട് പൂര്‍ണമായി നേടില്ല. പ്രസിഡന്റിനെയോ ഭരണഘടനയെയോ മാറ്റിയാല്‍ വിപ്ലവം ലക്ഷ്യം നേടി എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്, അത് തെറ്റിധാരണ മാത്രമാണ്.

– സിറിയന്‍ ദേശീയ സഖ്യത്തെ കുറിച്ച് ധാരാളം ആക്ഷേപങ്ങളുണ്ട്. ധാരാളം പ്രതിപക്ഷ നേതാക്കള്‍ അതിന്റെ പങ്കിനെ വിമര്‍ശിക്കുന്നു. അതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?

സിറിയന്‍ ദേശീയ സഖ്യം വഹിക്കുന്നത് ഭാരിച്ച ഉത്തരവാദിത്വമാണ്. എന്നാല്‍ അതിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ളവരുടെ എണ്ണം വളരെ കുറവുമാണ്. അതുകൊണ്ട് പ്രതീക്ഷിക്കൊത്ത് പ്രവര്‍ത്തിക്കാന്‍ അതിന് സാധിക്കുന്നില്ല, അതിന്റെ പേരില്‍ ആക്ഷേപിക്കപ്പെടുന്നു. എപ്പോഴും സത്യസന്ധവും ആത്മാര്‍ഥവുമായ ഉപദേശങ്ങള്‍ നല്‍കുകയാണ് നാം ചെയ്യേണ്ടത്.

– കൊല ചെയ്യുന്നത് ഏത് മാര്‍ഗത്തിലും അനുവദിക്കാം, എന്നാല്‍ രാസായുധം ഉപയോഗിച്ച് പാടില്ല എന്ന പാശ്ചാത്യ സമവാക്യത്തെ എങ്ങനെ കാണുന്നു?

രാസായുധം ഉപയോഗിച്ച് വധിക്കുന്നതിനെ വലിയ കുറ്റമായി കാണുമ്പോള്‍ അതല്ലാത്ത മാര്‍ഗത്തില്‍ കൊല്ലുന്നതിനെ അനുവദിക്കുന്ന നിലപാടായി മാറുന്നത് പരിഹാസ്യം തന്നെയാണ്. എന്നാല്‍ 1600 പേര്‍ അതില്‍ തന്നെ 400 കുട്ടികള്‍ നിമിഷ നേരം കൊണ്ട് കൊല്ലപ്പെട്ടു. തികച്ചും ഭയാനകമായ കാര്യം തന്നെയാണത്.

– അവസാനമായി വല്ല കാര്യവും നിങ്ങള്‍ക്ക് ഓര്‍മപ്പെടുത്താനുണ്ടോ?

അറബികളോടും മുസ്‌ലിംകളോടുമാണെനിക്ക് പറയാനുള്ളത്. വിശ്വാസി മറ്റൊരു വിശ്വാസിയുടെ സഹോദരനാണ്, അവന്‍ അവനോട് അക്രമം ചെയ്യില്ല, ഒറ്റിക്കൊടുക്കില്ല, വഞ്ചിക്കുകയുമില്ല. ഗൗത്തയിലെ ദുരന്തത്തിന്റെ വീഡിയോ ചിത്രങ്ങള്‍ എല്ലാ അറബികളും മുസ്‌ലിംകളും കാണണം. ഭീതി ഉണ്ടാക്കുന്ന പിഞ്ചു ശരീരങ്ങളിലേക്കൊന്ന് നോക്കണം. ആ കുട്ടികള്‍ ഉറങ്ങുകയല്ല, ശരീരത്തിന് പരിക്കുകളേല്‍ക്കാതെ വിഷവാതകം ശ്വസിച്ച് മരിച്ചു കിടക്കുകയാണവര്‍.

വിവ : നസീഫ് തിരുവമ്പാടി

Related Articles