Current Date

Search
Close this search box.
Search
Close this search box.

അല്‍ അസ്ഹര്‍ സിരാകേന്ദ്രമാണ്, അത് ആരുടെയും വാലാകാന്‍ പാടില്ല : ഖറദാവി

(ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ ആനുകാലിക നിലപാടുകളെ കുറിച്ച് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ അഹ്മദ് അലി അദ്ദേഹവുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്)
? അല്‍ അസ്ഹര്‍ പണ്ഡിത സഭയില്‍ നിന്നും താങ്കള്‍ രാജിവെച്ചതിന് കാരണമെന്താണ്.
– നിലവിലെ അവസ്ഥയില്‍ അല്‍അസ്ഹറിന് മുസ്‌ലിം സമൂഹത്തോടുള്ള ബാധ്യത നിര്‍വഹിക്കാന്‍ സാധിക്കുകയില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു. സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കാലം മുതല്‍ മുസ്‌ലിംകളുടെ ഉന്നത വൈജ്ഞാനിക കേന്ദ്രമായിട്ടാണ് അല്‍അസ്ഹര്‍ അറിയപ്പെടുന്നത്. ഖുര്‍ആനും സുന്നത്തും മറ്റു ഇസ്‌ലാമിക വിജ്ഞാനീയങ്ങളും പ്രചരിപ്പിക്കുന്ന സ്ഥാപനം കൂടിയാണത്. ലോകം ഉറ്റുനോക്കുന്ന ഒരു കേന്ദ്രമായി അസ്ഹര്‍ മാറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അത് സിരാകേന്ദ്രമാകണം, ആരുടെയും വാലാകാന്‍ പാടില്ല എന്നതാണ് അസ്ഹറില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഈജിപ്ഷ്യന്‍ അട്ടിമറി ഭരണകൂടത്തിന്റെ വലം കയ്യായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമായി അത് അധപതിക്കുന്നത് ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. കോപ്റ്റിക് ബാബയാണ് അതിന്റെ മറ്റൊരു സഹയാത്രികന്‍. ഭരണകൂടത്തിന്റെ കളിപ്പാവയായി അസ്ഹര്‍ മാറരുതെന്ന ഉദ്ദേശ്യം കാരണമാണ് ഞാന്‍ അതില്‍ നിന്നും രാജിവെച്ചത്. ഞാന്‍ അസ്ഹറിലുള്ളവരെ തൃപ്തിപ്പെടുത്താനല്ല രാജി സമര്‍പ്പിച്ചത്, സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ഈജിപ്ഷ്യര്‍ക്ക് വേണ്ടിയാണ്. മാത്രമല്ല, അസ്ഹറിലെ പുതിയ തലമുറക്ക് ശൈഖുല്‍ അസ്ഹറിന്റെ നിലപാടിനെതിരെ രംഗത്തുവരുകയും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ രക്തസാക്ഷിത്വവും ജയില്‍ വാസവും പീഡനവുമെല്ലാം നേരിടേണ്ടി വന്നിട്ടുണ്ട് എന്നതും ഒരു യാഥാര്‍ഥ്യമാണ്. നാഥന്‍ അവന്റെയടുക്കല്‍ സ്വീകരിക്കപ്പെടുന്ന നന്മയില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ.

? സീസിയെ ഈജിപ്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്നതിനോട് താങ്കളുടെ നിലപാട് എന്താണ്.
– സീസി യഥാര്‍ഥത്തില്‍ കത്തിക്കരിഞ്ഞ പേപ്പര്‍ പോലെയായിത്തീര്‍ന്നിരിക്കുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കോ പ്രതിരോധമന്ത്രി സ്ഥാനത്തേക്കോ ഒന്നിനും പറ്റാത്ത ഒരവസ്ഥയിലാണുള്ളത്. അദ്ദേഹത്തിന്റെതെന്ന് പറയപ്പെടുന്ന ചോര്‍ന്നുകിട്ടിയ രേഖകള്‍ നിങ്ങളൊന്നു നോക്കൂ! അത് പ്രസിഡന്റിന് പോയിട്ട് പ്രതിരോധമന്ത്രിക്ക് ചേര്‍ന്നതാണോ! ഇതുവരെ സീസി ഈജിപ്തിന്റെ പ്രസിഡന്റ് ആയിട്ടില്ല. അദ്ദേഹം അതാഗ്രഹിച്ചിരുന്നുവെങ്കിലും. മുമ്പ് ഹുസ്‌നി മുബാറക് പ്രസിഡന്റ് പദം സ്വപ്‌നം കണ്ടതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ കഥയും. ഈജിപ്ഷ്യന്‍ ജനത ഇപ്പോഴും അദ്ദേഹത്തോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്.

? ബ്രദര്‍ഹുഡിനെ നിരോധിച്ചിരിക്കെ അതിന്റെ ഭാവിയെ കുറിച്ച് എന്താണ് നിങ്ങളുടെ വിലയിരുത്തല്‍.
– മുബാറക്കിന്റെയും ജമാല്‍ അബ്ദുന്നാസറിന്റെയും കാലത്തെല്ലാം ബ്രദര്‍ഹുഡിനെ നിരോധിച്ചിട്ടുണ്ടല്ലോ. പിന്നെ അതിനെയെല്ലാം ബ്രദര്‍ഹുഡ് അതിജയിച്ചല്ലോ. ഭാവിയിലും അതുതന്നെയാണുണ്ടാകുക. എഴുപത് രാഷ്ട്രങ്ങളില്‍ വേരുള്ള സംഘടനയാണത്. ദീര്‍ഘകാലം രഹസ്യമായി പ്രവര്‍ത്തിച്ച ശേഷം ഇന്ന് പരസ്യമായി തന്നെ എല്ലായിടത്തും അത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

? ജനുവരി 25 വിപ്ലവത്തിന്റെ ലക്ഷ്യം സാക്ഷാല്‍കരിക്കുന്നതില്‍ മുര്‍സി പരാജയപ്പെട്ടെന്ന് അദ്ദേഹത്തെ പിന്തുണക്കുന്ന ചിലര്‍ തന്നെ സമ്മതിക്കുമ്പോള്‍ താങ്കള്‍ ഇത്ര വൈകാരികമായി അദ്ദേഹത്തെ പിന്തുണക്കാന്‍ കാരണമെന്താണ്.
-മുഹമ്മദ് മുര്‍സി ജനാധിപത്യത്തിന്റെ മേല്‍വിലാസമാണ്. അതേ സമയം സീസി സേഛ്വാധിപത്യത്തിന്റെ കൊടിയടയാളവുമാണ്. മുര്‍സി പരായയപ്പെട്ടിട്ടില്ല, അദ്ദേഹത്തെ പരാജയപ്പെടുത്തുകയായിരുന്നു. അന്താരാഷ്ട്ര തലത്തിലും ദേശീയതലത്തിലും നടന്ന കുത്സിത ശ്രമങ്ങളുടെയും ആസൂത്രണത്തിന്റെയും ഫലമായാണ് അട്ടിമറി അരങ്ങേറിയത്. ഈജിപ്ഷ്യന്‍ ജനത യാഥാര്‍ഥ്യം മനസ്സിലാക്കിയിരിക്കുന്നു. മുര്‍സിയുടെ കാലഘട്ടത്തില്‍ ഓഹരി സൂചികയും കയറ്റുമതിയും ഉയരുകയാണ് ചെയ്തത്. എന്നാല്‍ നിലവില്‍ അതെല്ലാം ദിനേന പിന്നോക്കം പോയിക്കൊണ്ടിരിക്കുകയാണ്. പ്രതിവിപ്ലത്തിന് ഒരുങ്ങിയ റിബലുകള്‍ തന്നെ സൈന്യത്തിന്റെ കയ്യില്‍ നിന്ന് ഭരണം മോചിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
അറബികളും മുഴുവന്‍ മുസ്‌ലിംകളും ലോകത്തെ സ്വാതന്ത്ര്യ കാംക്ഷികളും ഈ പരീക്ഷണ ഘട്ടത്തില്‍ ഈജിപ്ഷ്യന്‍ ജനതയോടൊപ്പം നിലകൊള്ളാന്‍ തയ്യാറാകണം. അതേ പോലെ ദുരിതമനുഭവിക്കുന്ന സിറിയയിലെയും ഇറാഖിലെയും മറ്റും ദുര്‍ബല ജനവിഭാഗത്തോടൊപ്പം നിലകൊള്ളാന്‍ തയ്യാറാകണം. അപ്രകാരം മര്‍ദ്ധകരുടെ ആക്രമണത്തില്‍നിന്നും അവര്‍ക്ക് ഉയര്‍ന്നുവരാന്‍  സാധിക്കേണ്ടതുണ്ട്. അല്ലാഹു പറഞ്ഞു: ‘എന്നാല്‍ ഭൂമിയില്‍ മര്‍ദിച്ചൊതുക്കപ്പെട്ടവരോട് ഔദാര്യം കാണിക്കണമെന്ന് നാം ആഗ്രഹിച്ചു. അവരെ നേതാക്കളും ഭൂമിയുടെ അവകാശികളുമാക്കണമെന്നും. അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കണമെന്നും അങ്ങനെ ഫറവോന്നും ഹാമാന്നും അവരുടെ സൈന്യത്തിനും അവര്‍ ആശങ്കിച്ചുകൊണ്ടിരുന്നതെന്തോ അതു കാണിച്ചുകൊടുക്കണമെന്നും.'(അല്‍ഖസസ് 5,6).

?നിങ്ങളുടെ ജന്മദേശമായ ഈജിപ്തില്‍ നിര്‍വഹിക്കേണ്ട ദൗത്യം വിസ്മരിച്ചുകൊണ്ട് ഖത്തറില്‍ കഴിയുകയാണെന്ന് ചിലര്‍ ആരോപിക്കുന്നുണ്ടല്ലോ….
– ഞാന്‍ എന്റെ ജന്മദേശമായ ഈജിപ്തിന്റെ ഉത്തമ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു. അപ്രകാരം തന്നെ മുഴുവന്‍ അറബ്- ഇസ്‌ലാമിക രാഷ്ട്രങ്ങളുടെയും നന്മക്ക് വേണ്ടി നിലകൊള്ളുന്നു. ഒരു ദിനം പോലും ഞാന്‍ ഈജിപ്തിനെതിരായി പ്രവര്‍ത്തിച്ചിട്ടില്ല, ഇനി ഒരിക്കലും അപ്രകാരം നിലകൊള്ളുകയുമില്ല. എന്നാല്‍ ഞാന്‍ നിലകൊള്ളുക ധിക്കാരികളായ ഭരണാധികാരികളോടൊപ്പമല്ല, ഈജിപ്ഷ്യന്‍ ജനതയോടൊപ്പമാണ്. ഖത്തര്‍ പൗരത്വത്തോടെ അവിടെ ജീവിക്കുവാന്‍ എന്നെ അനുവദിക്കുക. അതിന്റെ അര്‍ഥം ഞാന്‍ ഈജിപ്തിനോ സിറിയക്കോ യമനിനോ ലിബിയക്കോ തുനീഷ്യക്കോ എതിരാണ് എന്നല്ല. ഞാന്‍ ഈ രാഷ്ട്രങ്ങള്‍ക്കെല്ലാം വേണ്ടി നിലകൊള്ളുന്നു. എന്റെ ഖത്തര്‍ പൗരത്വം എല്ലാവരോടും നിസ്സ്വാര്‍ഥമായി പെരുമാറാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ഖത്തറില്‍ വന്നതുമുതല്‍ നീതിമാന്മാരായ എല്ലാ ഭരണാധികാരികളോടൊപ്പവും ഞാന്‍ നിലകൊണ്ടിട്ടുണ്ട്. അക്രമിയായ ഒരു ഭരണാധികാരിയോടൊപ്പവും ഞാന്‍ നിലകൊണ്ടിട്ടുമില്ല. ശരിയായ നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുന്നു. അതേ സമയം എന്നെ ആക്രമിക്കുന്നവരാണ് യഥാര്‍ഥത്തില്‍ ഈജിപ്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത്. ഇത്തരക്കാര്‍ അവരുടെ വ്യക്തിപരവും സംഘടനപരവുമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്.

? ദേഹയിലെ ഉമറുബ്‌നുല്‍ ഖത്താബ് മസ്ജിദിലെ മിമ്പര്‍ ബ്രദര്‍ഹുഡിന് അനുകൂലമായും ഈജിപ്തിനു വേണ്ടിയും മാത്രമാണ് ഉപയോഗപ്പെടുത്തുന്നത് എന്ന വിമര്‍ശനത്തെക്കുറിച്ച് എന്തു പറയുന്നു….
-ഉമറു ബ്‌നുല്‍ ഖത്താബ് പള്ളി ഇസ്‌ലാമിക മസ്ജിദാണ്. വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും ഇജ്മാഉം സഹാബത്തിന്റെയും താബികളുടെയും പ്രഗല്‍ഭരായ മുസ്‌ലിം പണ്ഡിതന്മാരുടെയും അഭിപ്രായങ്ങളും അവലംബിച്ച് ഇസ്‌ലാമിനെ കുറിച്ച് സ്വതന്ത്രമായി സംസാരിക്കുന്ന ഇടമാണത്. ഞാന്‍ ഖത്തറില്‍ വന്നതു മുതല്‍ ലോകത്തുള്ള എല്ലാ മുസ്‌ലിംകളുടെ വിഷയവും കൈകാര്യം ചെയ്യാന്‍ പ്രസ്തുത മിമ്പര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പതിനേഴാമത്തെ വയസ്സ് മുതല്‍ ഞാന്‍ ഖുതുബ നടത്തിവരുന്നു. ഇപ്പോള്‍ എനിക്ക് 88 വയസ്സായി. കഴിഞ്ഞ 70 വര്‍ഷത്തെ ഖുതുബക്കിടയില്‍ സത്യത്തിനൊപ്പം നിലകൊള്ളുകയും തിന്മയെ പ്രതിരോധിക്കുക എന്നതുമായിരുന്നു ഞാന്‍ സ്വീകരിച്ച ശൈലി. ധിക്കാരികളായ ഭരണാധികാരികള്‍ക്കെതിരെ മര്‍ദ്ധിതരോടൊപ്പവും അക്രമികളായ ഭരണാധികാരികള്‍ക്കെതിരെ നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ചവരോടും സേഛ്വാധിപത്യത്തിനെതിരെ സ്വാതന്ത്ര്യത്തിന് വേണ്ടിയുമാണ് ഞാന്‍ നിലകൊള്ളുന്നത്. ഇത് വിട്ടുവീഴ്ചയില്ലാത്ത എന്റെ സമീപനമാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ പുറത്താക്കുകയും ഭരണഘടന ഇല്ലാതാക്കുകയും സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുകയും ചെയ്തപ്പോള്‍ അതിനെതിരെ ഞാന്‍ നിലകൊണ്ടു. മുര്‍സിയെ പുറത്താക്കപ്പെട്ടതു മുതല്‍ ഈജിപ്തില്‍ സ്വാതന്ത്ര്യം നഷ്ടപ്പെടുകയുണ്ടായി. അടിയന്തരാവസ്ഥയും കര്‍ഫ്യൂവും നിലവില്‍ വന്നു. നിരപരാധികളായ മനുഷ്യരെ കൂട്ടക്കൊല ചെയ്യുകയും അന്യായമായി തടവിലിടുകയും ചെയ്തുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നിലവിലുള്ളത്.

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles