Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന്‍ വിധവകളും അധിനിവേശ സംരക്ഷകരും

ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ആന്ത്രോപോളജിയില്‍ ‘വൈധവ്യത്തിന്റെ വംശശാസ്ത്രവും കാബൂളിലെ സംരക്ഷണവും’ എന്ന വിഷയത്തില്‍ ഗവേഷകയാണ് അനില ദൗ്‌ലത്‌സായി. യുദ്ധവും ശേഷിക്കുന്നതും: സമകാലീന അഫ്ഗാനിസ്ഥാനിലെ, കാബൂളിലെ നിത്യജീവിതം എന്ന പുസ്തകത്തിന്റെ പണിപുരയിലാണ് അവര്‍. മീനാ മേനോന്‍ ‘ദ ഹിന്ദു’വിന് വേണ്ടി ദൗലത്‌സായിയുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളുടെ വിവര്‍ത്തനം:

* ഗവേഷണത്തിനു അഫ്ഗാനിസ്താന്‍ തെരഞ്ഞെടുക്കാന്‍ കാരണം?
-യുദ്ധപരമ്പരകള്‍ അഫ്ഗാനിനോട് ചെയ്തതെന്തെന്ന് മനസിലാക്കണമെന്നും, സൂക്ഷ്മമായി രേഖപ്പെടുത്തണമെന്നും എനിക്കുണ്ടായിരുന്നു. ആ ജോലിക്ക് യോജിച്ച പഠനവിഭാഗം ആന്ത്രോപ്പോളജിയാണെന്നും എനിക്കു തോന്നി. അമേരിക്കയിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. എന്റെ മാതാപിതാക്കള്‍ പാകിസ്താനില്‍ നിന്നും. നിലവിലെ അഫ്ഗാനിസ്താനെ നശിപ്പിക്കുന്നതിന് ഈ രണ്ടു രാജ്യങ്ങളാണ് വ്യവസ്ഥാപിതമായി പണിയെടുത്തത്. യുദ്ധത്തെയും യുദ്ധം എന്ന പ്രക്രിയയും വ്യവസ്ഥാപിതമായി തന്നെ പഠിക്കണമെന്നുണ്ടായിരുന്നു. 2003ലാണ് ഞാന്‍ ആദ്യമായി അഫ്ഗാനിസ്താനില്‍ ആന്ത്രോപ്പോളജിക്കല്‍ റിസര്‍ച്ചിനായി പോകുന്നത്. 2006ല്‍ വീണ്ടും അഫ്ഗാനില്‍, ഞാന്‍ 2011 വരെയും വന്നുംപോയും കൊണ്ടിരുന്നു. അതെന്റെ ജീവിതത്തെ ശരിക്കും മാറ്റി മറിച്ചു.

* എങ്ങനെയായിരുന്നു നിങ്ങളുടെ ഗവേഷണം, കാബൂളിലെ അനുഭവങ്ങള്‍?
-അഫ്ഗാന്‍ ജനതയുടെ ജീവിതത്തെ കുറിച്ചാണ് ആദ്യം ഞാന്‍ പഠിച്ചത്. അവരെന്തു ചെയ്യുന്നു, എവിടേക്കു പോകുന്നു എന്നെല്ലാം. അങ്ങിനെയാണ് ഞാന്‍ ഒരുപാട് വിധവകളുടെ കൂട്ടങ്ങളെ കണ്ടു. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ഭാഗമായി വിധവകള്‍ മാത്രമായി നടത്തുന്ന ഒരു ബേക്കറിയെ കുറിച്ച് ഞാനറിഞ്ഞു. എനിക്കവിടെ ജോലി വേണമെന്നായി. ആറുമാസമെടുത്തു അവിടെ ജോലി ചെയ്യാന്‍ അനുവാദത്തിനു മാത്രം. സൈനിക റിപ്പോര്‍ട്ടര്‍മാരെ പോലെയാകാനാണോ നിങ്ങള്‍ വിചാരിക്കുന്നത് എന്നായിരുന്നു പലരും എന്നോട് ചോദിച്ചത്. ഒരു ആന്ത്രോപോളജിസ്റ്റ് എന്താണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. അവര്‍ക്ക് സന്നദ്ധപ്രവര്‍ത്തകരെയും പത്രപ്രവര്‍ത്തകരെ കുറിച്ചും മാത്രമേ അവര്‍ക്ക് അറിവുണ്ടായിരുന്നുള്ളൂ. അന്താരാഷ്ട്ര സഹായസംഘങ്ങളുടെ ഭാഗമായല്ല ഞാന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബേക്കറിയില്‍ എന്റെ കൂടെയുള്ളവരെ ബോധ്യപ്പെടുത്താന്‍ തന്നെ എനിക്കു കുറച്ചുകാലമെടുക്കേണ്ടി വന്നു.

ബേക്കറി കൂടാതെ വിധവകളെ കണ്ടുമുട്ടിയ സ്ഥലങ്ങള്‍ വേറെയും ഒരുപാടുണ്ടായിരുന്നു. തെരുവുകളില്‍ വിധവയാണെന്നും സഹായിക്കണമെന്നും അപേക്ഷിക്കുന്ന യാചകര്‍. അവരെ സഹായിക്കുന്നവരെ പിന്തുടര്‍ന്ന് സഹായിക്കാനുള്ള കാരണത്തെ പറ്റി അന്വേഷിച്ചു. അവള്‍ വിധവയാണ്, അവള്‍ ശരിക്കു വിധവയാണോ എന്ന് അന്വേഷിക്കേണ്ട കാര്യമെനിക്കില്ല. അവള്‍ അങ്ങനെ അവകാശപ്പെടുന്നുവെങ്കില്‍ അവളെ സഹായിക്കുക എന്നത് ഇസ്‌ലാമികമായി ഞങ്ങളുടെ ബാധ്യതയാണ്. വൈധവ്യത്തിനു കാബൂളില്‍ ഒരു തരത്തിലുള്ള സാമൂഹ്യ സ്വീകാര്യതയുണ്ടെന്നെനിക്കു തോന്നി. വിധവകള്‍ ഒരുപാടുണ്ടെന്നും, അവരെ സഹായിക്കാന്‍ ഭരണകൂടത്തിനും കഴിയുന്നില്ലെന്നും ജനങ്ങള്‍ മനസിലാക്കി. വിധവകളല്ലാത്ത സ്ത്രീകള്‍ പോലും വിധവകളായി ചമഞ്ഞു. വിധവകള്‍ക്കായുള്ള റേഷനുകള്‍ നല്‍കുന്ന സ്ഥലങ്ങളില്‍ ഞാന്‍ നിരീക്ഷിച്ചു.

* വിധവകളെ ഫോക്കസ് ചെയ്യാന്‍ കാരണം? യുദ്ധത്തിന്റെ അനുഭവങ്ങളെ എങ്ങനെയാണ് അത് പ്രതിനിധീകരിക്കുന്നത്?
-വിധവകളെ കുറിച്ച് പഠിക്കുന്നത് വഴി, അഫ്ഗാന്‍ കുടുംബങ്ങളെ യുദ്ധം എങ്ങനെ ബാധിച്ചു എന്നറിയാനാണ് ഞാന്‍ ശ്രമിച്ചത്. സാമ്പ്രദായിക രീതിയില്‍ ഭര്‍ത്താവിന്റെ സഹോദരന്‍ അവരെ വിവാഹം ചെയ്യും. എന്നാല്‍ ഇപ്പോള്‍ ആ പ്രവണത കുറവാണ്. അത്തരം ബാധ്യതകള്‍ നിറവേറ്റാനുള്ള ശേഷി ഇന്ന് കുടുംബങ്ങളിലില്ല. സ്വന്തമായി ജീവിക്കുന്ന വിധവകളെയും, അത്തരം വിധവകള്‍ ഒരുമിച്ച് താമസിക്കുന്ന ഒരുപാടു വീടുകളും ഞാന്‍ കണ്ടു. സ്ത്രീകള്‍ എന്നര്‍ഥം വരുന്ന പേരുള്ള സ്ഥലം പോലും കാബൂളിലുണ്ട്. അവിടെ ഭൂരിപക്ഷവും വിധവകളാണ്.

അഫ്ഗാനിസ്താനിലെ സഹായപ്രവര്‍ത്തനങ്ങളെ കുറിച്ചു പറയാതെ യുദ്ധത്തെ കുറിച്ചു സംസാരിക്കുക സാധ്യമല്ല. ഒരു രാജ്യത്ത് ബോംബാക്രമണം നടത്തുക, ഒരുപാടു വിധവകളെ സൃഷ്ടിക്കുക, എന്നിട്ടവരെ സംരക്ഷിക്കുക. ലിബറല്‍ ഭരണകൂടത്തിന്റെ ക്രൂരതയെയും അനുകമ്പയേയും ഇങ്ങനെയാണ് തലാല്‍ അസദ് വിശേഷിപ്പിച്ചത്.

* ഗവേഷണത്തില്‍ നിങ്ങളെ അമ്പരപ്പെടുത്തിയതെന്താണ്?
-2001 ഒക്ടോബറില്‍ ബോംബുകളോടൊപ്പം ഭക്ഷണപ്പൊതികളും സൈന്യം വര്‍ഷിക്കാന്‍ തുടങ്ങി. സഹായവും സൈന്യവും തമ്മിലെ മല്‍പിടുത്തത്തില്‍ മനുഷ്യസ്‌നേഹവാദമെന്ന (humanitarianism) ആശയം തന്നെ കൊല്ലപ്പെട്ടു. മനുഷ്യസ്‌നേഹികളെന്ന് തോന്നിക്കാന്‍ സൈന്യം സ്‌കൂളുകള്‍ നിര്‍മ്മിക്കുന്നു. അതേ സമയം, ചില അപവാദങ്ങളൊഴിച്ചു നിര്‍ത്തിയാല്‍ മിക്ക മനുഷ്യാവകാശ സംഘടനകള്‍ക്കും താല്‍പര്യം സഹായമായി പ്രവഹിക്കുന്ന പണത്തിലായിരുന്നു.

സഹായവിപണിയും അഫ്ഗാനിസ്താന്റെ പുനനിര്‍മാണവും എത്രയളവില്‍ നവലിബറല്‍ അജണ്ടകളുടെ ഭാഗമാണെന്നു തിരിച്ചറിയാനെനിക്കായി. വിധവ എന്നതിനെ മൗലികമായി തന്നെ അട്ടിമറിക്കുകയായിരുന്നു നവലിബറല്‍ അജണ്ടകള്‍ ചെയ്തിരുന്നത്. അഫ്ഗാനികള്‍ വിധവകളോട് പറയാന്‍ തുടങ്ങി, അവര്‍ക്ക് ജോലിക്ക് പോയാലെന്ത്? അത്തരമൊരവസ്ഥ ഞാന്‍ മുമ്പ് അഫ്ഗാനിസ്താനില്‍ കണ്ടിട്ടില്ലായിരുന്നു. ലിംഗവിവേചനത്തിനെതിരായ പദ്ധതികളെല്ലാം തന്നെ ജോലിയിലായിരുന്നു ഊന്നല്‍ നല്‍കിയിരുന്നത്. വിധവകള്‍ക്കുള്ള ഏകസഹായ മാര്‍ഗം ജോലി നല്‍കലായി. സമയം പോകുമെന്നതിനാല്‍ ഒരു ജോലി ആഗ്രഹിക്കന്ന സ്ത്രീകള്‍ അഫ്ഗാനിസ്താനില്‍ ഉണ്ടായിരുന്നു എന്നത് ശരി തന്നെയാണ്. പക്ഷേ, അതു മാത്രമാണ് നിങ്ങള്‍ക്കുളള സംരക്ഷണമായി മാറുന്നതെങ്കില്‍, അവിടെ ഒരു ആശയത്തിന് മൗലികമായ ഭംഗം സംഭവിക്കുകയാണ്. ഇതൊരു നവലിബറല്‍, നിയോകണ്‍സര്‍വേറ്റീവ് അജണ്ടയാണ്. ഇസ്‌ലാമിക സഹായസംരംഭങ്ങളെ അപ്രസക്തമാക്കുകയോ, സംശയത്തിന്റെ നിഴലിലാക്കുകയോ ചെയ്യുന്നതും ശ്രദ്ധിക്കുക. അമേരിക്കയിലും മറ്റിടങ്ങളിലുമെല്ലാം, ഇതൊക്കെ ചര്‍ച്ചയാണ്. പക്ഷേ, ഇവിടെ തുടര്‍ച്ചയായ യുദ്ധങ്ങള്‍ക്ക് ഇരയായ ഒരു രാജ്യമാണുള്ളത്. യുദ്ധപരമ്പരകള്‍ക്കിരയായ, സ്വയം മുസ്‌ലിംകളെന്ന് അവകാശപ്പെടുന്ന ഒരു ജനതയുടെ മനോഗതങ്ങളെ തിരിച്ചറിഞ്ഞ തരത്തില്‍ വളരെ ചുരുക്കം പദ്ധതികളേ ആസൂത്രണം ചെയ്യപ്പെടുന്നുള്ളൂ.

അഫ്ഗാനികള്‍ വിപണിയില്‍ ക്രിയാത്മകമായി ഇടപെടണമെന്ന് സഹായം പ്രഖ്യാപിക്കുന്നവര്‍ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, യുദ്ധം തന്നെ നടന്നില്ലായിരുന്നെങ്കില്‍ ഇതിലേറെ സമൃദ്ധിയുണ്ടാകുമായിരുന്നില്ലേ.. അഫ്ഗാനികള്‍ക്ക് സ്വയം ഉല്‍പാദനം അറിയാത്ത മട്ടിലാണ് നിങ്ങള്‍ അഫ്ഗാനികളെ ഉപദേശിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു എന്നതു തന്നെ അവരുടെ സൃഷ്ടിവൈഭവമായി ഞാന്‍ കണക്കാക്കുന്നു. (ലോകത്ത് മറ്റേതെങ്കിലും ഭാഗത്തുള്ള ജനങ്ങളെ ഇവരോട് താരതമ്യപ്പെടുത്താനാവില്ല).

അഞ്ചു മില്ല്യണ്‍ ഡോളര്‍ ചിലവഴിച്ചു ലിംഗ സമത്വ പരിപാടി നടപ്പിലാക്കുന്ന സന്നദ്ധ സംഘങ്ങള്‍ക്ക് മിക്കപ്പോഴും സുരക്ഷാ കാരണങ്ങളാല്‍ അഫ്ഗാന്‍ സ്ത്രീകളെ കണ്ടുമുട്ടാന്‍ പോലും സാധിക്കുന്നില്ല. മിക്ക അന്താരാഷ്ട്ര സഹായസംഘങ്ങള്‍ക്കും യോഗ്യത കുറഞ്ഞാലും, ലിംഗ സമത്വം പ്രോത്സാഹിപ്പിക്കാന്‍ ജോലികള്‍ക്ക് സ്ത്രീകളെ നിയോഗിക്കാനാണ് താല്‍പര്യം. ഇപ്പോഴും, പുരുഷന്മാരോടൊത്ത് ജോലി ചെയ്യുകയെന്നാല്‍ അഫ്ഗാന്‍ സ്ത്രീയെ സംബന്ധിച്ചേടത്തോളം, പരസ്പര സംശയത്തിനും, കുടുംബങ്ങളില്‍ അസ്വാരസ്യങ്ങള്‍ക്കും കാരണമാവുന്നു. അഫ്ഗാന്‍ കുടുംബങ്ങളിലെ പരിവര്‍ത്തനങ്ങളെ സംബന്ധിച്ച് ഈ സഹായസംഘങ്ങള്‍ക്ക് യാതൊരു പിടുത്തവുമില്ല. കുറേ സഹോദരന്മാര്‍ സംശയിക്കുന്നു, ജോലിക്ക് തങ്ങളുടെ സഹോദരിമാരെ മാത്രം ലക്ഷ്യം വെക്കുന്നതില്‍. എത്രതന്നെ ചുരുക്കമായാലും, ജോലിക്ക് നിയോഗിച്ച സ്ത്രീകളുടെ എണ്ണത്തിലാണ് സഹായസംഘങ്ങള്‍ക്കു താല്‍പര്യം.

* അഫ്ഗാന്‍ യുദ്ധം സമൂഹത്തെ എങ്ങിനെയാണ് ബാധിച്ചത്?
-യുദ്ധപരമ്പര സംശയം സൃഷ്ടിച്ചു. എല്ലാവരും പരസ്പരം സംശയിക്കുന്നു. കുറേ ആക്ടവിസ്റ്റുകള്‍ മോഹിപ്പിക്കുന്ന സാലറി വാഗ്ദാനം ചെയ്യപ്പെട്ടു. അധിനിവേശ അജണ്ടകള്‍ക്കൊത്ത് ജോലിയും. ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. പക്ഷേ, തദ്ദേശീയരായ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ അവിടെയില്ല. ചില അക്കാദമീഷ്യന്മാരും, ആന്ത്രോപോളജിസ്റ്റുകളുടേയും കാര്യവും ഇതുപോലെ തന്നെയാണ്. പോളിസിമേക്കഴ്‌സിനെ പോലെ, അമേരിക്കന്‍ ഭരണകൂടത്തിനുവേണ്ടി അവര്‍ പ്രവര്‍ത്തിക്കുന്നു. പണം ഒരുപാട് കിട്ടുന്നുണ്ടെന്നതു ശരിതന്നെ. പക്ഷേ, അഫ്ഗാനിസ്താനു അതിന്റെ തനതായ പണ്ഡിതന്മാരെ നഷ്ടപെട്ടിരിക്കുന്നു. കൂടുതല്‍ പണ്ഡിതന്മാരെ വാര്‍ത്തെടുക്കാനുള്ള പണികളും അവിടെയില്ല. ഇതു തീര്‍ച്ചയായും അസ്വസ്ഥതയുണ്ടാക്കുന്നു. കഴിവുള്ള അഫ്ഗാന്‍ വിദ്യാര്‍ഥികള്‍ക്കുള്‌ല ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പിന്റെയും അമേരിക്കയില്‍ പഠിക്കാനുള്ള സാമ്പത്തിക സഹായത്തിന്റെയും രൂപത്തിലാണ് ലിബറല്‍ മാനവസ്‌നേഹവാദം അഫാഗാനിസ്താനില്‍ നില്‍ക്കുന്നത്. അതുവഴി അവിടെ ഒരുപാടു നവലിബറല്‍ ബ്യൂറോക്രാറ്റുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അവര്‍ അഫ്ഗാന്‍ ബുദ്ധിജീവികളല്ല, അവര്‍ നിയോ ലിബറല്‍ ബ്യൂറോക്രാറ്റുകളാണ്.

വിവ : മുഹമ്മദ് അനീസ്‌

കടപ്പാട് : ദ ഹിന്ദു

Related Articles