Current Date

Search
Close this search box.
Search
Close this search box.

അപലപിക്കല്‍ കൊണ്ട് അവസാനിക്കുന്നതല്ല റോഹിങ്ക്യന്‍ പ്രശ്‌നം

atha-allah-noor-arakani.jpg

റോഹിങ്ക്യന്‍ ആക്റ്റിവിസ്റ്റും ആര്‍വിഷന്‍ (Rvision TV) ചാനലിന്റെ ഡയറക്ടറുമായ അത്വാ അല്ലാ നൂറുല്‍ ഇസ്‌ലാം അല്‍അറാകാനി ‘അറബി-21’ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ ചരിത്രവും അവര്‍ അനുഭവിക്കുന്ന ദുരിതങ്ങളും വിവരിക്കുകയാണ്. പ്രസ്തുത അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍:

അടിച്ചമര്‍ത്തലില്‍ നിന്നും വംശഹത്യയില്‍ നിന്നും മാറി തങ്ങള്‍ ഭീകരവാദത്തെ നേരിടുന്നു എന്നതാണ് മ്യാന്മര്‍ ഭരണകൂടത്തിന്റെ പുതിയ വാദം. അറാകാന്‍ നിവാസികളെ ഏറ്റുമുട്ടലിലേക്ക് എത്തിച്ച ഘടകം എന്താണ്?
സമ്മര്‍ദം സ്‌ഫോടനങ്ങളുണ്ടാക്കുമെന്നാണല്ലോ പറയാറുള്ളത്. വര്‍ഷങ്ങളായി ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നതും അതാണ്. മ്യാന്മര്‍ സൈന്യത്തിന്റെ ആയുധങ്ങളുടെ അധീനതയില്‍ അവരുടെ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരായി പതിറ്റാണ്ടുകളായി റോഹിങ്ക്യന്‍ ജനത ജീവിച്ചുകൊണ്ടിരിക്കുകയാണ്. 2012ന് ശേഷം ഈ അടിച്ചമര്‍ത്തല്‍ വര്‍ദ്ധിക്കുകയായിരുന്നു. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അവര്‍ പീഡിതരാവുകയാണ്. കുടുംബത്തിലെ അംഗങ്ങള്‍ കുറഞ്ഞുവരികയാണ്. യുവാക്കളെ തട്ടിക്കൊണ്ട് പോകുന്നു. സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നു. സമാനതകളില്ലാത്ത അനീതിയിലും അടിച്ചമര്‍ത്തലുകളിലുമാണ് അവര്‍ ജീവിക്കുന്നത്. അനിവാര്യമായും ഒരു ഏറ്റുമുട്ടലിലേക്കെത്തുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് വ്യക്തമാണ്.

മുസ്‌ലിംകള്‍ക്കെതിരിലുള്ള മ്യാന്മര്‍ ഭരണകൂടത്തിന്റെ ഈ നടപടിക്രമങ്ങളില്‍ അന്താരാഷ്ട്ര സമൂഹം അശ്രദ്ധരാണോ?
അന്താരഷ്ട്ര സമൂഹം അശ്രദ്ധരും യാതൊരുവിധ ചലനങ്ങളുമുണ്ടാക്കാതെ മൗനം പാലിക്കുന്നവരുമാണെന്നതില്‍ സംശയമില്ല. അപലപിക്കല്‍ പ്രസ്താവനയിറക്കുക മാത്രമാണ് അവര്‍ ചെയ്തത്. അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുണ്ടാവുന്ന ഇത്തരം ഉദ്യമങ്ങള്‍ യാതൊരു പ്രയോജനവും ഉണ്ടാക്കില്ല. അത് മ്യാന്മറിന് മുമ്പുണ്ടായിരുന്ന ഫാസിസ്റ്റ് സൈനിക ഭരണകൂടമായാലും സൈന്യത്തിന് അടിയറവു വെച്ച ഓങ് സാന്‍ സൂകിയുടെ ഇന്നത്തെ ഭരണകൂടമായാലും ഒരുപോലെയാണ്.
 
റോഹിങ്ക്യകളെ പിന്തുണക്കുന്നതില്‍ ലോക രാഷ്ട്രങ്ങളുടെ പങ്കെന്താണ്?
നിര്‍ഭാഗ്യമെന്ന് പറയട്ടെ, ലോക രാഷ്ട്രങ്ങളിലധികവും റോഹിങ്ക്യക്കുള്ള സഹായമെത്തിക്കുന്നത് റാഖൈനിലേക്ക് മാത്രമാണ്. മ്യാന്മറിലെ മറ്റു പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവുരിലേക്കും അയല്‍ രാജ്യങ്ങളിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്കും ഈ സഹായങ്ങള്‍ എത്തുന്നില്ല. റോഹിങ്ക്യകള്‍ക്ക് പൗരത്വവും എല്ലാ പൗരത്വ അവകാശങ്ങളും വകവെച്ച് കൊടുക്കാനും അവര്‍ക്കെതിരില്‍ നടമാടിക്കൊണ്ടിരിക്കുന്ന സൈന്യത്തിന്റെ അക്രമങ്ങള്‍ അവസാനിപ്പിക്കാനും മ്യാന്മര്‍ ഭരണകൂടത്തെ നിര്‍ബന്ധിക്കുന്ന ശക്തമായ രാഷ്ട്രീയ സമ്മര്‍ദം ആവശ്യമുള്ള സന്ദര്‍ഭമാണിത്.

റോഹിങ്ക്യകള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കാന്‍ ഐക്യരാഷ്ട്രസഭ എന്താണ് നിര്‍വഹിക്കേണ്ടത്?
മ്യാന്മര്‍ ഭരണകൂടം റോഹിങ്ക്യകളുടെ സംരക്ഷണം ഏറ്റെടുക്കാത്തിടത്തോളം കാലം റാഖൈനില്‍ സമാധാനമുണ്ടാക്കാനും റോഹിങ്ക്യകള്‍ ഭയക്കുന്ന വംശഹത്യയില്‍നിന്ന് അവരെ സംരക്ഷിക്കാനും അന്താരാഷ്ട്ര സംരക്ഷണ സേനയെ അവിടേക്ക് അയക്കാന്‍ രക്ഷാസമിതിയുമായി തീരുമാനമുണ്ടാക്കേണ്ടത് ഐക്യ രാഷ്ട്രസഭയുടെ ബാധ്യതയാണ്. അതിലുപരി തങ്ങള്‍ക്കെതിരെയുള്ള വംശഹത്യ പ്രചരണങ്ങളെ അതിജയിക്കല്‍ അവരുടെ അവകാശമാണ്. അവരുടെ സംരക്ഷണം അന്താരാഷ്ട്ര സമൂഹത്തിന്റെയും യു.എന്‍ നേതൃത്വത്തിന്റെയും ഉത്തരവാദിത്വമാണ്. അപ്രകാരം അറബ് ഇസ്‌ലാമിക രാജ്യങ്ങളോടും സമാധാന സംരക്ഷണ സേനയെ അയക്കുന്നതില്‍ ഐക്യരാഷ്ട്രസഭക്ക് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും ഞാന്‍ ആവശ്യപ്പെടുകയാണ്.

റാഖൈനില്‍നിന്ന് ഇപ്പോള്‍ പാലായനം ചെയ്യുന്ന മുസ്‌ലിംകളുടെ അവസ്ഥയെന്താണ്?
ദുരന്തപൂര്‍ണമാണ് അവരുടെ ഇപ്പോഴത്തെ സാഹചര്യം. പ്രദേശത്ത് തുടര്‍ച്ചയായ മഴയും തണുത്ത കാറ്റും നിലനില്‍ക്കെയാണ്  സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമടങ്ങിയ കുടുംബങ്ങള്‍ മലമുകളിലേക്കും കാട്ടിലേക്കും ഓടിയൊളിക്കുന്നത്. അവരുടെ കൈവശം വെള്ളമോ ഭക്ഷണമോ ഇല്ല. അവരെ ബാധിച്ച ദുരന്തത്തിന്റെ വലുപ്പം വ്യക്തമാക്കുന്ന വീഡിയോ ക്ലിപ്പുകളും ചിത്രങ്ങളും ചെറിയ രൂപത്തിലെങ്കിലും നമുക്ക് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച വംശീയ ഉന്മൂലനത്തിനിരയായവരുടെ കണക്കുകള്‍ ?
കഴിഞ്ഞ ആഴ്ചയില്‍ ഇവിടെ മുവ്വായിരത്തിലധികം ആളുകളാണ് രക്തസാക്ഷികളായത്. ചില കണക്ക് പ്രകാരം അമ്പതിനായിരത്തിലധികം ആളുകള്‍ പാലായനം ചെയ്തുകഴിഞ്ഞു. അവരിപ്പോള്‍ മലമുകളിലോ കാടുകളിലോ ബംഗ്ലാദേശിന്റെ അതിര്‍ത്ഥി പ്രദേശങ്ങളിലോ ആണ്. അതിന് പുറമേ ഡസന്‍ കണക്കിന് ഗ്രാമങ്ങള്‍ പൂര്‍ണമായും അഗ്നിക്കിരയാക്കിയിട്ടുമുണ്ട്. ഒക്ടോബര്‍ മുതല്‍ക്ക് പതിനായിരക്കണക്കിന് രക്തസാക്ഷികളെ കണക്കാക്കാം. ആയിരം സ്ത്രീകളെങ്കിലും ബലാത്സംഗത്തിനിരയായിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം ആളുകള്‍ നാടും വീടും വിട്ട് പാലായനം ചെയ്തുകഴിഞ്ഞു.
 
1962ല്‍ നടന്ന സൈനിക വിപ്ലവം മുതല്‍ക്കുള്ള വംശഹത്യയുടെയും വംശീയ ഉന്മൂലനത്തിന്റെയും റെക്കോഡ് നിങ്ങളുടെ കൈവശമുണ്ടോ?
ഉണ്ട്, ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കാനും സംഭവങ്ങള്‍ രേഖപ്പെടുത്തുവാനും ‘റോഹിങ്ക്യ സെന്റര്‍ ഫോര്‍ സ്റ്റഡീസ് ആന്റ് ഡെവലപ്‌മെന്റ്’ എന്നപേരില്‍ ഒരു സെന്റര്‍ ഞങ്ങള്‍ക്കുണ്ട്. ഒരുപാട് സ്ഥിതിവിവര പട്ടികകള്‍ സെന്ററിന്റെ കൈവശമുണ്ട്. 1942 മുതല്‍ക്ക് റാഖൈനിലെ റോഹിങ്ക്യകള്‍ക്കെതിരില്‍ നടന്ന്‌വരുന്ന പ്രധാന സംഭവങ്ങളുടെ റെക്കോഡ് അക്കൂട്ടത്തിലുണ്ട്. 1942നും 1980നുമിടയില്‍ നമ്മുടെ ജനങ്ങള്‍ക്കെതിരിലുണ്ടായ കുറ്റകൃത്യങ്ങളുടെയും അവകാശ ലംഘനങ്ങളുടെയും കണക്കുകളും അതിലുണ്ട്. ഈ പട്ടികയില്‍ ചില സംഭവങ്ങള്‍ വിവരിക്കുന്നു:
895 മുസ്‌ലിം ഗ്രാമങ്ങള്‍ നശിപ്പിക്കപ്പെട്ടു. 700ലധികം ആളുകള്‍ കുടിയിറക്കപ്പെട്ടു. 7000ത്തിലധികം സ്ഥലങ്ങള്‍ അഗ്നിക്കിരയാക്കി. 170000ത്തിലധികം ആളുകളുടെ തൊഴില്‍ നഷ്ടപ്പെട്ടു. 2000ത്തിലധികം സ്ത്രീകളുടെ അഭിമാനം പിച്ചിച്ചീന്തപ്പെട്ടു. 5500ലധികം മുസ്‌ലിംകള്‍ ബുദ്ധ തീവ്രവാദികളുടെ കൈകളാല്‍ കൊലചെയ്യപ്പെട്ടു. 4000ത്തിലധികം മുസ്‌ലിംകള്‍ വിചാരണത്തടവുകാരാണ്. 900ത്തിലധികം പള്ളികളും മദ്‌റസകളും നശിപ്പിച്ചു. 250000ത്തിലേറെ മുസ്ഹഫുകളും മതഗ്രന്ഥങ്ങളും തീവെച്ചു. 12500ലധികം വഖ്ഫ് ഭൂമികളും സ്വകാര്യ ഭൂമികളും പിടിച്ചെടുത്തു. ലക്ഷക്കണക്കിന് റിയാലുകള്‍ വിലവരുന്ന കൃഷി ഭൂമികളും വസ്തുവകകളും പിടിച്ചെടുത്തു. 10000ത്തിലധികം മുസ്‌ലിംകളെ അവരുടെ തൊഴിലുകളില്‍നിന്ന് ഇറക്കിവിട്ടു. 25000ത്തിലധികം ആളുകളെ കാണാതായി. അത്രതന്നെ ആളുകള്‍ പട്ടിണി കാരണം മരിച്ചു. 1942ല്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു. 1962ലെ സൈനിക വിപ്ലവത്തോടുകൂടി റോഹിങ്ക്യകളോടുള്ള അവകാശ ലംഘനങ്ങളും നാടും വീടും വിട്ടുകൊണ്ടുള്ള പാലായനവും വര്‍ദ്ധിച്ചു. ആ വര്‍ഷം ഏകദേശം മൂന്ന് ലക്ഷം പേരെ ബംഗ്ലാദേശിലേക്ക് ആട്ടിയോടിച്ചു. 1978ല്‍ ഏകദേശം അഞ്ച് ലക്ഷത്തോളം ആളുകള്‍ രാജ്യത്തിന് പുറത്തേക്ക് പാലായനം ചെയ്തു. 1988ല്‍ ബുദ്ധ ഗ്രാമം നിര്‍മിക്കാന്‍ ഏകദേശം ഒന്നര ലക്ഷം പേര്‍ ആട്ടിയോടിക്കപ്പെട്ടു. 1991ല്‍ അഞ്ച് ലക്ഷത്തോളം ആളുകള്‍ പാലായനം ചെയ്തു. 2012 മുതല്‍ ആരംഭിച്ച സംഭവങ്ങളിലും 2016 ഒക്ടോബര്‍ മുതല്‍ക്ക് ഇന്ന് വരെയുള്ള പ്രശ്‌നങ്ങളിലും പതിനായിരക്കണക്കിന് ആളുകളാണ് പാലായനം ചെയ്തിട്ടുള്ളത്.

റാഖൈനിലെ മുസ്‌ലിം പ്രതിസന്ധി തുടങ്ങിയതെപ്പോഴാണ് ? പത്തൊമ്പതാം നൂറ്റാണ്ടില്‍ മ്യാന്മര്‍ രാജാവ് റാഖൈനിനെ പിടിച്ചെടുത്തത് മുതല്‍ക്ക് ഇന്ന് വരെ തുടര്‍ന്ന്‌കൊണ്ടിരിക്കുന്ന മുസ്‌ലിം പീഡന പരമ്പരക്ക് വല്ല ചരിത്ര പശ്ചാത്തലവുമുണ്ടോ?
റോഹിങ്ക്യകള്‍ റാഖൈന്‍ എന്ന പ്രദേശത്തെ തദ്ദേശീയരായ ജനതയാണ്. അതൊരു സ്വതന്ത്ര ഇസ്‌ലാമിക രാജ്യമായിരുന്നു. എ.ഡി. 788ല്‍ ഖലീഫ ഹാറൂന്‍ റശീദിന്റെ കാലത്താണ് ഇവിടെ ഇസ്‌ലാമെത്തിയത്. 48 മുസ്‌ലിം ഭരണാധികാരികള്‍ അവിടെ ഭരിച്ചു. 1430 മുതല്‍ 1784 വരെയുള്ള കാലഘട്ടത്തിലെ റോഹിങ്ക്യന്‍ ഇസ്‌ലാമിക ഭരണത്തെ സാധൂകരിക്കുന്ന ഇസ്‌ലാമിക ശേഷിപ്പുകള്‍ അവിടെയുണ്ട്. പിന്നീട് 1784ല്‍ അയല്‍ രാജ്യമായ മ്യാന്മര്‍ റാഖൈന്‍ പിടിച്ചടക്കി. അന്ന് മുതല്‍ റാഖൈന്‍ മ്യാന്മറിന്റെ അധീനതയിലാണ്. മ്യാന്മര്‍ പിടിച്ചടക്കിയ ശേഷം റോഹിങ്ക്യകള്‍ മുസ്‌ലിംകളാണെന്ന നിലക്കുള്ള ഉപദ്രവങ്ങളുണ്ടായിരുന്നെങ്കിലും പൂര്‍ണ പൗരാവകാശമുള്ള പൗരന്മാരായിരുന്നു അവര്‍. 1962ലെ സൈനിക വിപ്ലവം വരേക്കും ഈ അവസ്ഥ തുടര്‍ന്നു. പിന്നീടങ്ങോട്ട് 1982 വരെ റോഹിങ്ക്യകളുടെ അവസ്ഥ വളരെ മോശമായിരുന്നു. അവരുടെ പൗരത്വം റദ്ദ് ചെയ്തുകൊണ്ടുള്ള നിയമം നടപ്പിലാക്കുകയും ബംഗ്ലാദേശില്‍നിന്ന് കുടിയേറിയവര്‍ എന്നാരോപിക്കുകയും ചെയ്ത്‌കൊണ്ടായിരുന്നു ഇത്. അതിന് ശേഷമാണ് റോഹിങ്ക്യകളോടുള്ള അവകാശ ലംഘനവും മ്യാന്മറിന് പുറത്തേക്കുള്ള നിര്‍ബന്ധിത പാലായനവും വര്‍ദ്ധിച്ചത്. ലക്ഷക്കണക്കിന് അളുകള്‍ മ്യാന്മറിനകത്ത് കുടിയൊഴിപ്പിക്കപ്പെട്ടവരുമായി. 1978ല്‍ അര ദശലക്ഷം മുസ്‌ലിംകള്‍ പാലായനം ചെയ്തു. 1988ല്‍ ഒന്നര ലക്ഷവും 1991ല്‍ ഏകദേശം അര ദശലക്ഷം റോഹിങ്ക്യകളും പാലയനം ചെയ്തു. 2012 മുതല്‍ ആരംഭിച്ച സംഭവങ്ങളിലും 2016 ഒക്ടോബര്‍ മുതല്‍ക്ക് ഇന്ന് വരെയുള്ള പ്രശ്‌നങ്ങളിലും പതിനായിരക്കണക്കിന് ആളുകളാണ് പാലായനം ചെയ്തിട്ടുള്ളത്.

2012 ജൂണിലാണ് റോഹിങ്ക്യകള്‍ക്കെതിരിലുള്ള പുതിയ കൂട്ടക്കുരുതികളുടെ പരമ്പരകള്‍ക്ക് തുടക്കം കുറിച്ചത്. ജനങ്ങളെ മതവിധികള്‍ പഠിപ്പിക്കാന്‍ റാഖൈനിലേക്ക് വന്ന മ്യാന്മറിലെ പത്ത് പ്രബോധകരെ വധിച്ചത് മുതല്‍ക്കാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. തലസ്ഥാന നഗരിയായ യാങ്കൂണിലേക്ക് മടങ്ങുന്ന വഴിയില്‍ ഒരു ബുദ്ധ സംഘം അവര്‍ സഞ്ചരിച്ചിരുന്ന ബസ് തടയുകയായിരുന്നു. അവരെ മുഴുവന്‍ കൊല ചെയ്യുകയും മൃതശരീരങ്ങള്‍ വികൃതമാക്കി റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തു. മുസ്‌ലിംകളെ കൊന്നൊടുക്കലിന്റെ തുടക്കമായിരുന്നു അത്.

രാജ്യത്തിന് പുറത്തുള്ള റോഹിങ്ക്യന്‍ സംഘടനകള്‍ അന്താരാഷ്ട്ര സമൂഹത്തോടൊപ്പം നിര്‍വഹിക്കാവുന്നതെന്തൊക്കെയാണ്?
സാമ്പത്തിക പിന്നോക്കാവസ്ഥയിലും കാര്യനിര്‍വ്വഹണ സൗകര്യങ്ങളുടെയും മാധ്യമ പിന്തുണയുടെയും അഭാവത്തിലും റോഹിങ്ക്യന്‍ ജനതയുടെ ശബ്ദം ലോകത്തെത്തിക്കാനും ഉറച്ച നിലപാടുകളെടുക്കാന്‍ അന്താരാഷ്ട്ര സമൂഹത്തെ അണിനിരത്താനും റോഹിങ്ക്യന്‍ സംഘടനകള്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ട്. എന്നാല്‍ അന്താരാഷ്ട്ര സംഘടനകള്‍ അപലപിച്ചും കുറ്റപ്പെടുത്തിയും പ്രസ്താവനകള്‍ നടത്തി എന്നല്ലാതെ റോഹിങ്ക്യകളുടെ നിലവിലെ സാഹചര്യങ്ങളില്‍ മാറ്റം വരുത്തുന്ന യാതൊരു പരിഹാരവും അവര്‍ മുന്നോട്ടുവെച്ചില്ല. റോഹിങ്ക്യകളുടെ പൗരാവകാശങ്ങള്‍ വീണ്ടെടുക്കാനും റാഖൈനില്‍ നടന്നകൊണ്ടിരിക്കുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കാനും മ്യാന്മര്‍ ഭരണകൂടത്തെ നിര്‍ബന്ധിക്കുന്ന ക്രിയാത്മകമായ നടപടികളും അവരുടെ ഭാഗത്ത് നിന്നുണ്ടായില്ല. റോഹിങ്ക്യകള്‍ക്കെതിരെയുള്ള കൂട്ടക്കൊല തുടര്‍ന്നുകൊണ്ടിരിക്കെ റാഖൈനിലേക്ക് അന്താരാഷ്ട്ര സംരക്ഷണ സേനയെ അയക്കേണ്ടത് അവരുടെ ചുമതലയായിരുന്നു. ഒരുപാട് കാലമായി ഞങ്ങളിത് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

കോഫി അന്നാന്‍ ഓങ് സാന്‍ സൂകിക്ക് സമര്‍പ്പിച്ച റിപോര്‍ട്ട് കൈകാര്യം ചെയ്യുന്ന സുപ്രധാന വിഷയങ്ങള്‍ എന്തൊക്കെയാണ്? എന്തൊക്കെ നിര്‍ദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചിട്ടുള്ളത്?
കോഫി അന്നാന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സമിതിക്ക് രൂപം നല്‍കിയത് നിലവിലെ മ്യാന്‍മര്‍ സര്‍ക്കാര്‍ തന്നെയാണ്. റോഹിങ്ക്യകളുടെ കവര്‍ന്നെടുക്കപ്പെട്ട അവകാശങ്ങള്‍ തിരിച്ചുനല്‍കണമെന്നാണ് പ്രസ്തുത സമിതിയുടെ റിപോര്‍ട്ട് ആവശ്യപ്പെടുന്നത്. അവര്‍ക്ക് പൗരത്വം നല്‍കുക, അവരെ പ്രദേശത്തെ തദ്ദേശീയരായി പരിഗണിക്കുക, സൈന്യം അവര്‍ക്ക് മേല്‍ അതിക്രമം കാണിക്കാതിരിക്കുക തുടങ്ങിയവയാണ് അതില്‍ പ്രധാനം. സന്നദ്ധ സഹായവുമായി വരുന്ന സംഘടനകള്‍ക്ക് മുമ്പില്‍ അറാകാന്‍ അതിര്‍ത്തി തുറന്നു കൊടുക്കുക, അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് അവിടെ അനുമതി നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. അപ്രകാരം മ്യാന്‍മറില്‍ റോഹിങ്ക്യകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണം എടുത്തുനീക്കാനും 1982ലെ പൗരത്വ നിയമത്തില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പരിഗണിച്ച് പുനരാലോചന നടത്താനും റിപോര്‍ട്ട് ആവശ്യപ്പെട്ടു. റോഹിങ്ക്യകളുടെ പൗരത്വം റദ്ദാക്കിയ നടപടികള്‍ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന സൂചനയോടെയായിരുന്നു അത്.

അറാകാന്‍ ജനതയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സമാധാനത്തിന് നോബല്‍ സമ്മാനം നേടിയ സൂകി എന്ത് പങ്കാണ് വഹിക്കുന്നത്?
1991ല്‍ സമാധാനത്തിന് നോബല്‍ പുരസ്‌കാരം നേടിയ ഓങ് സാന്‍ സൂകിയാണ് മ്യാന്‍മര്‍ സ്‌റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യ മന്ത്രിയും. എന്നാല്‍ റോഹിങ്ക്യകള്‍ക്ക് വേണ്ടി ഒരു നീക്കവും അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. മ്യാന്‍മര്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് നേരെ അവര്‍ തിരിഞ്ഞു നോക്കുക പോലും ചെയ്തിട്ടില്ല. അവരുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോലും അറാകാനിലെ ജനങ്ങളുടെ ദുരിതങ്ങള്‍ വിഷയമായില്ല. എന്ന് മാത്രമല്ല, മര്‍ദിതരെ സഹായിക്കുന്നതിന് പകരം റോഹിങ്ക്യകള്‍ എന്ന വംശത്തിന്റെ പേരിനെ തന്നെ നിരാകരിക്കാനാണ് അവര്‍ ശ്രമിച്ചത്.

വിവ: ഉമര്‍ ഫാറൂഖ്

Related Articles