Current Date

Search
Close this search box.
Search
Close this search box.

‘അന്നഹ്ദയുടെ കാര്യത്തില്‍ തുനീഷ്യയാണ് തീരുമാനമെടുക്കേണ്ടത്’

ഈയ്യടുത്ത് തുനീഷ്യ സന്ദര്‍ശിച്ച സ്വീഡിഷ് വിദേശകാര്യ മന്ത്രി മാര്‍ഗോട്ട് വാള്‍സ്‌റ്റോമുമായി ക്രിസ്റ്റീന്‍ പെട്രെ നടത്തിയ അഭിമുഖ സംഭാഷണം. തുനീഷ്യയുടെ വിജയം, ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിയായ അന്നഹ്ദ, അടുത്ത കാലത്ത് ഫലസ്തീന്‍ സ്വതന്ത്രരാഷ്ട്രം അംഗീകരിച്ചു കൊണ്ടുള്ള സ്വീഡിഷ് പാര്‍ലമെന്റ് പ്രമേയം, ഇസ്രായേല്‍ വിദേശകാര്യ മന്ത്രി അവിഗ്‌ദോര്‍ ലിബര്‍മാനുമായുള്ള കൊമ്പുകോര്‍ക്കല്‍, സ്വീഡന്‍ നടപ്പാക്കി കൊണ്ടിരിക്കുന്നു ‘ഫെമിനിസ്റ്റ് വിദേശ നയം’ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് വാള്‍സ്റ്റോം സംസാരിക്കന്നു.

തുനീഷ്യയുടെ പുരോഗതിയില്‍ സ്വീഡന് എന്തൊക്കെ ചെയ്യാന്‍ കഴിയും?
പൂര്‍ണ്ണമായ അര്‍ത്ഥത്തിലുള്ള ഒരു ജനാധിപത്യ രാഷ്ട്രമാകുന്നതിനുള്ള തുനീഷ്യയുടെ നവോത്ഥാന സംരഭങ്ങള്‍ വിജയത്തിലെത്തിക്കാനുള്ള ശ്രമങ്ങളില്‍ സ്വീഡന്റെ എല്ലാ സഹായസഹകരണങ്ങളും ഉണ്ടാകും. ഒരുമിച്ച് പ്രവര്‍ത്തിച്ചു കൊണ്ടുള്ള ഒരുപാടു കാലത്തെ പ്രവര്‍ത്തനചരിത്രം ഞങ്ങള്‍ക്കിടയിലുണ്ട്. ആ ബന്ധം ഇപ്പോള്‍ കുറച്ച് കൂടി ദൃഢമാക്കാന്‍ കഴിയുമെന്നു തന്നെയാണ് ഞാന്‍ വിശ്വാസിക്കുന്നത്. തുനീഷ്യയുടെ നവോത്ഥാന സംരഭങ്ങള്‍ ജനത വളരെ ഗൗരവത്തോടെ തന്നെയാണ് കാണുന്നത് എന്ന വസ്തുത നാം അനുഭവിച്ചറിഞ്ഞതാണ്. അഴിമതിക്കെതിരെ പോരാടുന്ന, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം, ജൂഡീഷ്യറിയുടെ പരിഷ്‌കരണം എന്നിവക്കെല്ലാം വേണ്ടി പ്രവര്‍ത്തിക്കുന്ന സ്വതന്ത്രസ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ഞങ്ങള്‍ സംസാരിച്ചിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ വളരെ ആകര്‍ഷണീയമാണ്. പക്ഷെ അതൊന്നും തന്നെ തുനീഷ്യ നിലവില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെയും, വെല്ലുവിളികളെയും നിസ്സാരമായി കാണുന്നതിന് വഴിവെക്കരുത്. സുരക്ഷാ പ്രശ്‌നങ്ങളും, വിഭവങ്ങളുടെ ദൗര്‍ബല്യം, സാമ്പത്തിക പുരോഗതി, തൊഴിലില്ലായ്മ എന്നിവയെകുറിച്ചെല്ലാം ഞാന്‍ ബോധവതിയാണ്. ഇവയെല്ലാം തീര്‍ച്ചയായും പുരോഗതിക്ക് വിഘാതം സൃഷ്ടിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. പക്ഷെ ഇവയെ നേരിടാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.

ഇസ്‌ലാമിസ്റ്റ് കക്ഷിയായ അന്നഹ്ദയും മതേതര കക്ഷികളും തമ്മിലുള്ള സഖ്യത്തെ നിങ്ങള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്. മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്ക് ഇതൊരു മാതൃകയായി സ്വീകരിക്കാന്‍ കഴിയുമോ?
മുന്നോട്ടുള്ള ശരിയായ വഴിയേതാണെന്നും, ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും തീരുമാനിക്കേണ്ടത് തൂനീഷ്യയാണ്. അന്നഹ്ദയുമായി സഖ്യത്തിലേര്‍പ്പെടുന്നതു കൊണ്ട് ഗുണവും ദോഷവും ഉണ്ടാവുമെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. അതു കൂടുതല്‍ ഉത്തരവാദിത്വ ബോധം സൃഷ്ടിക്കും. മതമൗലികവാദത്തിന്റെ കടന്നുകയറ്റം തടയാന്‍ അതുകൊണ്ട് സാധിക്കും. അന്നഹ്ദയെ പുറത്ത് നിര്‍ത്തിയാല്‍ അവര്‍ മൗലികവാദത്തിലേക്ക് ചായാനുള്ള പ്രവണ ഏറാനാണ് സാധ്യത. കൂടാതെ അവര്‍ ശക്തമായ ഒരു പ്രതിപക്ഷമായി മാറുകയും ചെയ്യും. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു ശക്തമായ പ്രതിപക്ഷത്തെയാണ് തുനീഷ്യക്ക് ആവശ്യം. മിതവാദ ശക്തികളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. തീവ്രവാദത്തിന്റെ നേരിയ സൂചനയെപോലും അകലങ്ങളിലേക്ക് മാറ്റിനിര്‍ത്തല്‍ വളരെ പ്രധാനമാണ്. രാജ്യം ഒരുമിച്ച് നില്‍ക്കേണ്ടതിന്റെയും, പുരോഗതി സൃഷ്ടിക്കാന്‍ ജനതയെ ചലനാത്മകമാക്കേണ്ടതിന്റെയും അനിവാര്യത ഉയര്‍ത്തിപിടിക്കേണ്ട ഏറ്റവും അനുയോജ്യമായ സമയമാണിപ്പോള്‍. അന്നഹ്ദയുമായി സഖ്യത്തിലേര്‍പ്പെടുന്നതിനെ കുറിച്ചും, അവരെ പുറത്തുനിര്‍ത്തുന്നതിനെ കുറിച്ചും വാദപ്രതിവാദങ്ങള്‍ നടക്കുന്നുണ്ട്. മിതവാദികള്‍ക്ക് തന്നെയാണ് ഇപ്പോള്‍ മേധാവിത്വം ഉള്ളത്. അത് വളരെ പ്രധാനവുമാണ്.

അന്നഹ്ദയുടെ നേതാവ് റാശിദുല്‍ ഗന്നൂശിയുമായി സംസാരിച്ചിരുന്നോ?
തീര്‍ച്ചയായും, അദ്ദേഹവുമായുള്ള സംസാരം വളരെ നല്ലൊരു അനുഭവമായിരുന്നു.

അന്നഹ്ദയുമായുള്ള സ്വീഡന്റെ ബന്ധം എവ്വിധമാണ്?
എല്ലാവരുമായും ഞങ്ങള്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. ഞങ്ങള്‍ ഇവ്വിടെ വന്ന അവസരത്തില്‍ തന്നെ വ്യത്യസ്ത വീക്ഷണഗതികളുള്ളവരുമായി സംഭാഷണം നടത്തുകയും, അവര്‍ക്ക് പറയാനുള്ളതെല്ലാം കേള്‍ക്കുകയും ചെയ്തിരുന്നു. ചില സമയങ്ങളില്‍ വ്യത്യസ്ത ദിശകളിലേക്ക് തിരിയാന്‍ സാധ്യതയുള്ള വ്യത്യസ്ത ശക്തികളെയും, സംവാദങ്ങളെയും പൂര്‍ണ്ണമായി മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കേണ്ടതിനെയും, സ്ത്രീകള്‍ക്ക് നല്‍കേണ്ട ആദരവിനെയും കുറിച്ച് സംസാരിക്കാനുള്ള ഒരു അവസരമാണിത്. ഈ നവോത്ഥാന സംരഭങ്ങള്‍ പ്രയോഗത്തില്‍ വരേണ്ടത് ഞങ്ങളുടെ കൂടി ആവശ്യമാണെന്നതാണ് വസ്തുത. ഇക്കാര്യത്തില്‍ അവരെ അഭിനന്ദിക്കാനുള്ള ഒരു അവസരം കൂടിയാണ് ഞങ്ങള്‍ക്ക് കൈവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പുകള്‍ വളരെ ഭംഗിയായി തന്നെ നടന്നു. മികച്ചൊരു ഭരണഘടനക്കും രൂപംനല്‍കാന്‍ അവര്‍ക്ക് സാധിച്ചു. ഭരണഘടന രൂപീകരിക്കുന്നതില്‍ തുനീഷ്യയിലെ പൗര സാമൂഹ്യ സംഘടനകള്‍ വഹിച്ച പങ്കിനെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ട്.

2014 ഒക്ടോബറിലാണ് സ്വീഡന്‍ ഫലസ്തീന്‍ സ്വതന്ത്ര രാഷ്ട്രത്തെ അംഗീകരിച്ചു കൊണ്ട് മുന്നോട്ടു വന്നത്. എന്തു കൊണ്ട് ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടു, അത് വളരെ പ്രധാനമാണെന്ന് ഇപ്പോള്‍ ചിന്തിക്കാന്‍ കാരണം?

ചിലര്‍ പറയുന്നത് ഇത് വളരെ നേരത്തെ ആയിപ്പോയെന്നാണ്. പക്ഷെ ഇപ്പോള്‍ എടുത്ത തീരുമാനം വളരെ വൈകിപ്പോയോ എന്ന ഭയം എനിക്കുണ്ട്. കാരണം ഫലസ്തീനിലെയും മിഡിലീസ്റ്റിലെയും നിലവിലെ സ്ഥിതിഗതികള്‍ വളരെ നിരാശാജനകമാണ്. അക്രമത്തിനും, നിരാശക്കും ഇടയില്‍ പ്രതീക്ഷാനിര്‍ഭരമായ മറ്റൊരു വഴികൂടിയുണ്ടെന്ന് ഫലസ്തീനികളെ ബോധ്യപ്പെടുത്തുകയാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അക്രമത്തിന്റെയും നിരാശയുടെയും ബദലുകള്‍ക്ക് പകരം ഭാവിയെ കുറിച്ച് പ്രതീക്ഷകള്‍ നല്‍കുന്ന ഒരു രാഷ്ട്രീയ ബദല്‍ തീര്‍ച്ചയായും ഉണ്ട്. സമയമാവുമ്പോഴെല്ലാം ചര്‍ച്ചകളിലേക്ക് തന്നെ മടങ്ങുന്നതിനെ കുറിച്ചും, അവരുടെ ഭാഗത്തു നിന്നും നിര്‍ബന്ധമായും ഉണ്ടാകേണ്ട നവോത്ഥാന സംരഭങ്ങളെ കുറിച്ചും ബോധ്യപ്പെടുത്തുന്നതിന് വേണ്ടി അവരുമായി ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. അഴിമതിക്കെതിരെയുള്ള പോരാട്ടം, സാമ്പത്തിക പുരോഗതിക്ക് വേണ്ടി മുതല്‍ മുടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തല്‍, സാമൂഹത്തിനാവശ്യമായ പദ്ധതികള്‍ എന്നിവയും മേല്‍സൂചിപ്പിച്ച കാര്യങ്ങളില്‍ ഉള്‍പ്പെടും.

ഫലസ്തീനെ അംഗീകരിച്ചു കൊണ്ടുള്ള സ്വീഡന്റെ തീരുമാനത്തോട് ഇസ്രായേല്‍ വിദേശകാര്യമന്ത്രി അവിഗ്‌ദോര്‍ ലിബര്‍മാന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്, ‘ഇകിയയുടെ മരഉരുപ്പടികള്‍ സ്വന്തംനിലക്ക് കൂട്ടിചേര്‍ത്ത് ഫര്‍ണീച്ചര്‍ ഉണ്ടാക്കുന്നതിനേക്കാള്‍ സങ്കീര്‍ണ്ണമാണ് മീഡിലീസ്റ്റിലെ ബന്ധങ്ങളെന്ന് സ്വീഡന്‍ മനസ്സിലാക്കേണ്ടതുണ്ട്’.

അതിന് വാള്‍സ്‌ട്രോ മറുപടി കൊടുത്തത് ഇപ്രാകാരമാണ്, ‘ഇകിയയയുടെ സ്വയം അസംബ്ലിള്‍ ചെയ്യാവുന്ന ഫര്‍ണിച്ചറുകളുടെ ഒരു ഫ്‌ലാറ്റ് പാക്ക് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി അവിഗ്‌ദോര്‍ ലിബര്‍മാന് അയച്ചു കൊടുക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളു. ആ മരഉരുപ്പടികള്‍ കൂട്ടിചേര്‍ത്ത് കസേരയും മേശയും മറ്റു വസ്തുക്കളും ഉണ്ടാക്കുന്നതിന് പങ്കാളിത്തവും, സഹകരണവും, ഒരു നിര്‍മാണ സഹായരേഖയും അത്യാവശ്യമാണെന്ന് അതിലൂടെ അദ്ദേഹം മനസ്സിലാക്കും.’ ഈ മറുപടി വൈറലായി മാറാന്‍ അധികം സമയമെടുത്തില്ല. പ്രസ്തുത മറുപടിക്ക് പിന്നിലുള്ള ആശയമെന്താണ്?

നര്‍മ്മത്തില്‍ ചാലിച്ചുള്ള ഒരു പ്രസ്താവനയായിരുന്നു അത്. വിവേകത്തിന്റെ നല്ലൊരു അടയാളമാണ് നര്‍മ്മം. അതേരീതിയില്‍ നര്‍മ്മത്തിന്റെ മോമ്പൊടി ചേര്‍ത്ത് മറുപടി കൊടുക്കാന്‍ തന്നെയാണ് എനിക്കും താല്‍പര്യം. പക്ഷെ അതിനൊരു ഗൗരവപൂര്‍ണ്ണമായ വഴിത്തിരിവുണ്ടായിരിക്കണം എന്നു മാത്രം. മിഡിലീസ്റ്റില്‍ പരസ്പരസഹകരണം അനിവാര്യമാണ്. അതിന് നമുക്ക് നല്ലൊരു മാര്‍ഗരേഖ വേണം, പങ്കാളിയുമായി പരസ്പരസഹകരണത്തോടെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധാരാണെന്ന് കാണിച്ചു കൊടുക്കണം. പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കേണ്ട രണ്ട് കക്ഷികളാണ് ഇപ്പോള്‍ ഇവിടെ ഉള്ളത്.

♦കുറച്ച് മുമ്പ് ‘ഫെമിനിസ്റ്റ് വിദേശ നയം’ എന്നൊന്നിനെ കുറിച്ച് നിങ്ങള്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരുന്നല്ലോ. എന്താണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്?

ഞാന്‍ മാത്രമല്ല ആ ആവശ്യം ഉന്നയിച്ചിട്ടുണ്ട്; ഒരു ഫെമിനിസ്റ്റ് വിദേശ നയമാണ് ഞാന്‍ പ്രയോഗവല്‍കരിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍, അവരുടെ പ്രാതിനിധ്യം, വിഭവങ്ങള്‍ എന്നിവ ഉറപ്പു വരുത്തുക എന്ന മാനദണ്ഡം വെച്ചായിരിക്കും എല്ലാ പ്രശ്‌നങ്ങളെയും സാഹചര്യങ്ങളെയും ഞങ്ങള്‍ അഭിമുഖീകരിക്കുക. ഇതാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. എവ്വിധമാണ് സ്ത്രീകള്‍ പരിചരിക്കപ്പെടുന്നത്, ഈ രാജ്യത്ത് അവര്‍ എങ്ങനെയാണ് വര്‍ത്തിക്കുന്നത്, എന്താണ് അവരുടെ അവസ്ഥ എന്നിത്യാദി കാര്യങ്ങളാണ് നിങ്ങള്‍ യാഥാര്‍ത്ഥ്യ ബോധത്തോടു കൂടി പരിശോധിച്ചു തുടങ്ങേണ്ടത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, സ്ത്രീകള്‍ വിവേചനത്തിനിരയാകുന്നത് ഇന്നും നമുക്ക് കാണേണ്ടി വരുന്നു. തുല്യ അവകാശങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നില്ല. അവര്‍ക്കെതിരെ വ്യാപകമായി അതിക്രമങ്ങള്‍ അരങ്ങേറുന്നു. ഈ അവസ്ഥക്ക് നാം മാറ്റം വരുത്തേണ്ടതുണ്ട്. സ്ത്രീകളെ ഇരകള്‍ എന്ന രീതിയിലല്ല നാം കണക്കാക്കേണ്ടത്, മറിച്ച് അവര്‍ ജീവിക്കുന്ന രാജ്യങ്ങളിലെ മാറ്റത്തിന്റെ ചാലകശക്തികളായിട്ടാണ് അവരെ മനസ്സിലാക്കേണ്ടത്.

മൊഴിമാറ്റം : ഇര്‍ഷാദ് കാളാചാല്‍

Related Articles