Current Date

Search
Close this search box.
Search
Close this search box.

അധാര്‍മികതക്കെതിരെ മുസ്‌ലിം കൂട്ടായ്മ രൂപപ്പെടണം

madani.jpg

കേരളീയ മുസ്‌ലിം നവോത്ഥാനത്തില്‍ നിര്‍ണായക പങ്ക് വഹിച്ച കേരള നദ്‌വതുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റും പ്രഗല്‍ഭ പണ്ഡിതനുമായ ജനാബ് ടി പി അബ്ദുല്ലക്കോയ മദനി ഇസ്്‌ലാം ഓണ്‍ ലൈവിന് പ്രത്യേകമായി നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ഇവിടെ ചേര്‍ക്കുന്നത്. കേരളത്തിലെ ഇസ്്‌ലാമിക ചലനത്തെക്കുറിച്ചും, മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം നമ്മോട് ഇവിടെ സംവദിക്കുന്നു.

:പരിചയപ്പെടുത്തലിന് ശേഷമാണ് സംസാരം എന്നാണല്ലോ ചൊല്ല്. താങ്കളുടെ ജനനം, കുടുംബം, വിദ്യാഭ്യാസപരമായ വളര്‍ച്ച, പ്രാസ്ഥാനിക രംഗപ്രവേശം തുടങ്ങിയവയെക്കുറിച്ച് വിശദീകരിക്കാമോ?
നാം ആരാവണം എന്ന് തീരുമാനിച്ചല്ല നാം സാധാരണ ജീവിതത്തിലേക്ക് പ്രവേശിക്കാറുള്ളതല്ലോ. എന്നെ സംബന്ധിച്ചിടത്തോളം തീര്‍ത്തും യാദൃശ്ചികമാണ് ഓരോ വഴിത്തിരിവുകളും. ഒരു ത്വരീഖത്ത് പ്രസ്ഥാനവുമായി ബന്ധമുണ്ടായിരുന്ന വളരെ യാഥാസ്ഥികമായ ഒരു കുടുംബത്തിലാണ് ജനനം. എന്നാല്‍ പോലും എന്റെ പിതാവിന്ന് മക്കളെ വളര്‍ത്തുന്നതിനെക്കുറിച്ച് നല്ല ബോധമുണ്ടായിരുന്നു. അക്കാലഘട്ടത്തിലെ സാധാരണ പിതാക്കളെക്കാള്‍ ഒരു ദീര്‍ഘദൃഷ്ടി അദ്ദേഹത്തിനുണ്ടായിരുന്നു. ഞങ്ങള്‍ എട്ട് മക്കളെയും മറ്റ് അഞ്ച് സഹോദരിമാരെയും അദ്ദേഹം വളര്‍ത്തിയെടുത്തു. ഇത്തരം ശ്രമകരമായ ഉത്തരവാദിത്തം നിര്‍വഹിക്കുമ്പോള്‍ തന്നെ മതപരമായ നിഷ്‌കര്‍ഷ പാലിക്കാന്‍ അദ്ദേഹം സദാശ്രദ്ധാലുവായിരുന്നു. എനിക്ക് മതപരമായ വിദ്യാഭ്യാസം ലഭിക്കുന്നതിന് വേണ്ടി സ്‌കൂളിന് ശേഷം എന്നെ ദര്‍സിലേക്ക് അയച്ചത്. കേരളത്തിലെ അറിയപ്പെടുന്ന പണ്ഡിതന്മാര്‍ക്ക് കീഴില്‍ പഠിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ബഹുമാന്യനായ ഇ കെ അബൂബക്കര്‍ മുസ്്‌ലിയാര്‍, കെ വി മുഹമ്മദ് മുസ്്‌ലിയാര്‍ കൂറ്റനാട് തുടങ്ങിയവര്‍ എന്റെ ഉസ്താദുമാരായിരുന്നു. കെ കെ അബൂബക്കര്‍ ഹസ്‌റത്ത് എന്ന വലിയ പണ്ഡിതനായിരുന്നു താനൂരിലെ ദര്‍സ് നടത്തിയിരുന്നത്. മുജാഹിദ് പ്രസ്ഥാനത്തെ അന്ന് വഹാബി പ്രസ്ഥാനം എന്നായിരുന്നു വിളിച്ചിരുന്നത്. അതിനെ പ്രതിരോധിക്കാന്‍ ഏറ്റവും ശക്തമായ ഒരു ടീം അന്ന് നിലവിലുണ്ടായിരുന്നു. താനൂരില്‍ വെച്ചായിരുന്നു പ്രഭാഷണങ്ങള്‍ ഏറെയും നടന്നിരുന്നത്. നിക്ഷ്പക്ഷമായി കാര്യങ്ങളെ സമീപിക്കാനുള്ള കാഴ്ചപ്പാട് എന്നില്‍ രൂപപ്പെടുന്നത് 1956-57 കാലത്താണ്. ഒരിക്കല്‍ പറവണ്ണയില്‍ വെച്ച് നടന്ന ഒരു ഖണ്ഡന പ്രസംഗത്തില്‍ പങ്കെടുക്കാന്‍ ഗുരുനാഥന്മാരോടൊപ്പം ഞാന്‍ പോവുകയും അവിടന്നുണ്ടായ അനുഭവം എന്നെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. സംഭവം ഞാന്‍ ഇവിടെ വിശദീകരിക്കുന്നില്ല. അത് യഥാര്‍ത്ഥത്തില്‍ ഒരു വഴിത്തിരിവായിരുന്നു. തിരിച്ച് പോരുമ്പോള്‍ ഈ പ്രഭാഷണങ്ങള്‍ക്ക് തെളിവ് സഹിതം ജനാബ് സൈദ് മൗലവി രണ്ടത്താണി മറുപടി പറയുന്നതാണ് എന്ന അനൗണ്‍സ്‌മെന്റ് ഞാന്‍ കേള്‍ക്കുകയും ചെയ്തു. എന്ത് പറയുന്നുവെന്ന് കേള്‍ക്കാനുള്ള മാനസികാവസ്ഥ എനിക്കുണ്ടാവുകയും ഞാന്‍ പോവുകയും ചെയ്തു. എനിക്ക് ജീവിതത്തില്‍ പുതിയ വെളിച്ചം ലഭിക്കുന്നത് ഇവിടെ നിന്നായിരുന്നു.

: മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തേക്ക് കടന്ന് വരാനുണ്ടായ സാഹചര്യം വിശദീകരിക്കാമോ?
ശേഷം പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ ചേരുകയും എം സി സി അബ്്ദുര്‍റഹ്മാന്‍ മൗലവിയുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. അക്കാലത്തും നിരന്തരമായി വായിക്കുകയും സാഹിത്യസമാജങ്ങളില്‍ പ്രസംഗിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഏതാണ്ട് രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ സംഘടനാപരമായ പ്രവര്‍ത്തനങ്ങളില്‍ പണ്ഡിതരോടൊപ്പം ചേര്‍ന്ന് ഭാഗവാക്കായി. അക്കാലത്തെ വലിയ മുജാഹിദ് പണ്ഡിതരുമായി ബന്ധമുണ്ടാക്കാനും അവരുടെ സ്വഭാവ മഹിമ നേരിട്ടനുഭവിക്കാനുമുള്ള ഭാഗ്യം എനിക്ക് ലഭിക്കുകയുണ്ടായി. 1958 മുതല്‍ 65 വരെ അവിടെ തുടരുകയും അഫ്ദലുല്‍ ഉലമാ പൂര്‍ത്തിയാക്കുകയും ചെയ്തു. ശേഷം കുറച്ച് കാലം അവിടെത്തന്നെ അദ്ധ്യാപകനായിരുന്നു. ഇതിന് ശേഷമാണ് മുജാഹിദ് പ്രസ്ഥാനത്തില്‍ സജീവമായി രംഗത്തിറങ്ങിയത്. അക്കാലഘട്ടത്തിലെ എല്ലാ പ്രസ്ഥാനങ്ങളെയും കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. മറ്റ് പ്രസ്ഥാനങ്ങളിലുള്ളവരുമായി നല്ല ബന്ധവും എനിക്കുണ്ടായിരുന്നു.

: ജമാഅത്ത് നേതാക്കളുമായുള്ള ബന്ധം?
പഴയ പണ്ഡിതരുമായി വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് വന്ന അമീറുമാര്‍ നമ്മുടെ കൂട്ടുകാരായിരുന്നു. നല്ല ബന്ധങ്ങളുണ്ടായിരുന്നു അവരോട്. അത് ജമാഅത്തിനോട് മാത്രമല്ല. എല്ലാ സംഘടനകളുടെയും നേതാക്കളോടുമുണ്ടായിരുന്നു. സുന്നീ വിഭാഗത്തിലുള്ള ഒരു പാട് പണ്ഡിതന്മാര്‍ കൂടെ പഠിച്ചവരും അല്ലാത്തവരുമായി ഉണ്ട്.

: സംസ്ഥാന നേതൃത്വത്തിലേക്ക് കടന്ന് വരുന്നത്?
എഴുപതുകളില്‍ ഐ എസ് എം രൂപീകരിക്കപ്പെട്ട കാലത്ത് തന്നെ അതിന്റെ പ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു. പിന്നീട് ഐ എസ് എമ്മിന്റെ കോഴിക്കോട് ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ശേഷം സംസ്ഥാന പ്രസിഡന്റായി മാറി. തികച്ചും അടിത്തട്ടില്‍ നിന്നും പ്രവര്‍ത്തനമാരംഭിച്ച് ഘട്ടംഘട്ടമായി എത്തിച്ചേര്‍ന്ന വ്യക്തിയാണ് ഞാന്‍. ഇവയെല്ലാം നിര്‍ബന്ധിതമായി ഏറ്റെടുക്കേണ്ടിവരികയായിരുന്നു. ശേഷം കെ എന്‍ എമ്മിന്റെ എക്‌സിക്ക്യൂട്ടീവ് മെമ്പറായിത്തീര്‍ന്നു. തുടര്‍ന്ന് കെ എന്‍ എമ്മിന്റെ പ്രത്യേക വകുപ്പ് കൈകാര്യം ചെയ്യുന്ന സെക്രട്ടറിയായി. പിന്നീട് വൈസ് പ്രസിഡന്റും ഇപ്പോള്‍ പ്രസിഡന്റുമായി സേവനം അനുഷ്ഠിക്കുന്നു. പന്ത്രണ്ടോളം വര്‍ഷമായി ഈ ഉത്തരവാദിത്തം വഹിച്ച് കൊണ്ടിരിക്കുന്നു.

: ദീര്‍ഘകാലം മുജാഹിദ് പ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിച്ച വ്യക്തി എന്ന നിലക്ക് അതിന്റെ നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കാമോ?
മുജാഹിദ് പ്രസ്ഥാനം വളരെ പുണ്യം ചെയ്ത ഒരു പ്രസ്ഥാനമാണ്. അതിനെ ഒരിക്കലും ഭൗതികമായി വിലയിരുത്തരുത്. പ്രവാചകന്‍മാര്‍ തങ്ങളുടെ സമൂഹത്തില്‍ നടത്തിയ ഇസ്്‌ലാഹ് ആണ് പ്രസ്ഥാനം നിര്‍വഹിച്ചത്. ദഅ്‌വത്ത് മുടങ്ങിപ്പോവുന്നതിനെ തുടര്‍ന്ന് സമൂഹത്തില്‍ വിശ്വാസത്തിന് വ്യതിചലനം കടന്ന് കൂടുന്നു. അതിലെ ജീര്‍ണതകള്‍ അതത് സന്ദര്‍ഭത്തില്‍ തന്നെ തുടച്ച് മാറ്റേണ്ടതുണ്ട്. അല്ലാത്ത പക്ഷം അവ വളരെ കടുത്ത തിന്മയായി ശിര്‍ക്കിലേക്ക് വഴിമാറും. ഇവയെ സംസ്‌കരിക്കേണ്ട ചുമതല പ്രവാചകന്‍മാര്‍ക്ക് ശേഷം അവരുടെ അനുയായികള്‍ക്കാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ഈ പ്രസ്ഥാനം കടന്ന് വരുന്നത്. ഇന്ത്യയില്‍ ഈ പ്രസ്ഥാനം 1906-ലാണ് അഹ്്‌ലെ ഹദീസ് പ്രസ്ഥാനത്തിന്റെ രൂപത്തില്‍ കടന്ന് വരുന്നത്. അതിന്റെ ഒരു കേരളീയ ഘടകമായിരുന്നു യഥാര്‍ത്ഥത്തില്‍ ഈ പ്രസ്ഥാനം. അഹ്്‌ലെ ഹദീസ് പ്രസ്ഥാനമാണ് ഇന്ത്യന്‍ മുസ്്‌ലിംകള്‍ക്ക് ഒരു നേര്‍രേഖ വരച്ച് കൊടുത്തത്. അഹ്്‌ലെ ഹദീസില്‍ അണിനിരന്ന പ്രഗല്‍ഭ പണ്ഡിതരുടെ ശ്രമഫലമായി വിശ്വാസ രംഗത്ത് കടന്ന് കൂടിയ വൈകല്യങ്ങളെ വലിയ ഒരളവോളം തുടച്ച് നീക്കാന്‍ സാധിക്കുകയുണ്ടായി. സമൂഹത്തിന്റെ ബാധ്യതകളെക്കുറിച്ച് അവരെ ഉല്‍ബോധിപ്പിച്ചു. സ്വാതന്ത്ര്യ സമരത്തിലടക്കം പ്രസ്തുത നേതാക്കള്‍ പങ്കെടുക്കുകയുണ്ടായി. രാഷ്ട്രീയ സംഘടനകളില്‍ പങ്കെടുത്ത് കൊണ്ട് അവക്ക് വെളിച്ചം നല്‍കി. മൗലാനാ ആസാദിന്റെ ചരിത്രം നമുക്ക് അറിയാവുന്നതാണല്ലോ. മാത്രമല്ല, അക്കാലത്ത് ലോകവ്യാപകമായുണ്ടായിരുന്ന സംസ്‌കരണശുദ്ധീകരണ പ്രവര്‍ത്തനങ്ങളുടെ അലയടികള്‍ ഇങ്ങ് കേരളത്തിലും പ്രകടമായിരുന്നു. ഈജിപ്തിലെ പണ്ഡിതരിലൂടെയാണ് യഥാര്‍ത്ഥത്തില്‍ കേരളത്തിലേക്ക് ഈ സന്ദേശം എത്തിയത്. വക്കം മൗലവിയെപ്പോലുള്ള പണ്ഡിതര്‍ അവ ഏറ്റെടുത്ത് തങ്ങളുടെ ദൗത്യം ഭംഗിയായി നിര്‍വഹിക്കുകയുണ്ടായി. മുജാഹിദ് പ്രസ്ഥാനം മുന്‍ഗണന നല്‍കുന്നത് വിശ്വാസ രംഗത്തെ പരിഷ്‌കരണങ്ങള്‍ക്കാണ്. അത് തന്നെയാണ് പരലോകമോക്ഷത്തിനുള്ള വഴിയും. ഭൗതികമായി എന്ത് നേടി എന്നത് ഇവിടെ മാത്രം വിലയിരുത്തപ്പെടുന്ന കാര്യമാണ്. ഏത് കര്‍മവും സ്വീകരിക്കപ്പെടണമെങ്കില്‍ വിശ്വാസം ശരിയാവേണ്ടതുണ്ട്. ഈ മേഖലയില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ നേട്ടങ്ങള്‍ കേരളത്തിലെ ഒട്ടുമിക്ക സംഘടനകളും അംഗീകരിക്കുന്ന കാര്യവുമാണ്. ഈ പ്രസ്ഥാനത്തോട് കടപ്പാടില്ലാത്ത ഇതിന്റെ എതിരാളികള്‍ പോലുമുണ്ടാവില്ല.

: ‘നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്’ എന്ന പ്രമേയത്തിലാണല്ലോ ഡിസംബറിലെ സംസ്ഥാന സമ്മേളനം നടക്കുന്നത്. എന്താണ് ഈ പ്രമേയം കൊണ്ട് ഉദ്ദേശിക്കുന്നത്?
വളരേയേറെ ചര്‍ച്ചക്കും കൂടിയാലോചനക്കും ശേഷമാണ് ഈ പ്രമേയം ഞങ്ങള്‍ തെരഞ്ഞെടുത്തത്. വളരെ ആകര്‍ഷകമായ പ്രമേയങ്ങളാണ് മുജാഹിദ് പ്രസ്ഥാനം സമര്‍പ്പിക്കാറുള്ളത്. ഏതൊരു പ്രസ്ഥാനവും, പ്രബോധകസംഘവും കാലങ്ങള്‍ കഴിയുന്നതിനനുസരിച്ച് അതിന്റെ ചരിത്രം വിസ്മരിക്കുകയാണ് ചെയ്യുക. മാത്രവുമല്ല, വര്‍ത്തമാനകാലത്തിന്റെ സന്തതികളാണ് ഇന്നത്തെ ചെറുപ്പക്കാര്‍. തീര്‍ത്തും അപകടകരമായ സാഹചര്യമാണിത്. കഴിഞ്ഞ കാലത്തെ വിസ്മരിച്ച് നാളെയെ സൃഷ്ടിക്കാന്‍ സാധ്യമല്ല. വിശുദ്ധ ഖുര്‍ആന്‍ മുന്നില്‍ വെച്ച് പ്രവാചകന്‍ ഒരു സമൂഹത്തെ വാര്‍ത്തെടുത്തപ്പോഴും ആ സമൂഹത്തോട് കഴിഞ്ഞകാലത്തിന്റെ ചരിത്രം വായിക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുകയുണ്ടായി. ഈ ആശയം ചരിത്രത്തിന്റെ തുടര്‍ച്ചയാണ്. പുതുതായി ആരും ഒന്നും സൃഷ്ടിക്കുന്നില്ല എന്ന സത്യം വര്‍ത്തമാന തലമുറയെ ബോധിപ്പിക്കേണ്ടതുണ്ട്.

: കേരളീയ സമൂഹത്തില്‍ ഒട്ടേറെ ഇസ്്‌ലാമിക പ്രസ്ഥാനങ്ങളുണ്ട്. മാത്രമല്ല ജനങ്ങള്‍ വിദ്യാഭ്യാസപരമായി ഉന്നതി പ്രാപിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ പോലും മുസ്്‌ലിം ഉമ്മത്ത് ധാര്‍മികമായി അധപതിച്ചിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?
വളരെ വേദനിപ്പിക്കുന്ന ഒരു സത്യമാണത്. മൂന്നാമത്തെ വയസ്സ് മുതല്‍ മതം പഠിക്കുന്ന സമുദായമാണിത്. പിച്ചവെച്ച് തുടങ്ങുന്നത് മുതല്‍ ഇടമുറിയാതെ മതവിദ്യാഭ്യാസം നടത്തുന്ന സമൂഹമാണിത്. അതിന് വേണ്ടി കോടികള്‍ ചെലവഴിക്കപ്പെടുന്നു. ഒരുപാട് പ്രസ്ഥാനങ്ങളും പണ്ഡിതന്മാരും പ്രബോധനസംഘങ്ങളും ഇവിടെയുണ്ട്. രാത്രമുഴുവന്‍ ബഹളമയമായ പ്രബോധനങ്ങള്‍. ഇവയെല്ലാം നടന്നിട്ടും എന്ത് കൊണ്ടിങ്ങനെ സംഭവിക്കുന്നു? ഒരു വലിയ ചിന്ത ഈ രംഗത്ത് ഉണ്ടാവേണ്ടതുണ്ട്. നമ്മുടെ അഭിപ്രായ ഭിന്നതകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇത്തരം ധാര്‍മികാധപതനങ്ങള്‍ക്കെതിരില്‍ ശക്തമായ കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ട്. അതില്‍ ഒരു മാറ്റിനിര്‍ത്തലും നടത്തേണ്ടതില്ല. മുസ്്്‌ലിം സമൂഹത്തിലെ നേതാക്കളും ബുദ്ധിജീവികളും യോജിക്കാന്‍ കഴിയുന്ന ഒരു അജണ്ടയുണ്ടാക്കണം. തല്‍ഫലമായി കൂട്ടായ്മ രൂപപ്പെടുത്തുകയും മഹല്ലാടിസ്ഥാനത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യേണ്ടതുണ്ട്.

: സമൂഹസംസ്‌കരണത്തില്‍ സ്ത്രീകളുടെ പങ്ക് നിസ്തുലമാണല്ലോ. ഈ മേഖലയില്‍ മുജാഹിദ് പ്രസ്ഥാനം പുതിയ വല്ല പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ടോ?
കേരളത്തിലെ മുസ്്‌ലിം സ്ത്രീകളുടെ അമ്പത് വര്‍ഷം മുമ്പത്തെ അവസ്ഥ നാം മനസ്സിലാക്കേണ്ടതുണ്ട്. അത് കണ്ടതിന് ശേഷമാണ് ഇന്നുണ്ടായ ഈ മാറ്റങ്ങള്‍ക്ക് പിന്നില്‍ ആരായിരുന്നുവെന്ന് ചിന്തിക്കേണ്ടത്. വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് ആ രംഗത്ത് മുജാഹിദ് പ്രസ്ഥാനം പ്രവര്‍ത്തിച്ചിട്ടുള്ളത്. അവരുടെ അവകാശങ്ങളെക്കുറിച്ചും, അവര്‍ക്ക് നേരെയുള്ള ചൂഷണങ്ങളെക്കുറിച്ചും ശക്തമായ ബോധവല്‍ക്കരണം നടത്തി. മുസ്്‌ലിം പെണ്‍കുട്ടി വിദ്യഅഭ്യസിക്കുകയെന്നത് അത്ഭുതമായി കണക്കാക്കിയിരുന്ന സമൂഹത്തെ ഇന്നുള്ള നിലയിലേക്ക് പരിവര്‍ത്തിപ്പിച്ചത് ചില്ലറകാര്യമല്ല.

: സംസ്‌കരണത്തിന്റെ പാതയില്‍ മുസ്്‌ലിം സംഘടനകളെ ഒന്നിച്ച് നിര്‍ത്താനുള്ള ശ്രമമാണ് ഇസ്്‌ലാം ഓണ്‍ലൈവ് നിര്‍വഹിച്ച് കൊണ്ടിരിക്കുന്നത്. എന്താണ് ഇസ്്‌ലാം ഓണ്‍ലൈവിനെക്കുറിച്ച് താങ്കള്‍ക്ക് പറയാനുള്ളത്?
എന്തായിരുന്നാലും ഒരു നല്ല തുടക്കവും, നല്ല ആശയവുമാണ്. തുടങ്ങിയിട്ടല്ലേ ഉള്ളൂ. നമുക്ക് അതിനെ കാത്ത് കാണാം. നല്ലത് വരട്ടെ.

 

Related Articles